Wednesday, 27 March 2024

അച്ചാണി രവി; മലയാള സിനിമയെ ലോക ഭൂപടത്തിലെത്തിച്ച നിര്‍മ്മാതാവ്


ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമയുടെ പെരുമ ഉയര്‍ത്തിയ നിര്‍മ്മാതാവാണ് അച്ചാണി രവി എന്ന കെ. രവീന്ദ്രന്‍ നായര്‍. മലയാളത്തിന് എക്കാലവും അഭിമാനിക്കാവുന്ന മികച്ച സിനിമകള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മാണ രംഗത്തേക്കു കടന്നുവന്ന രവീന്ദ്രന്‍ നായരെ സര്‍വോത്തമനായ നിര്‍മ്മാതാവ് എന്ന നിലയിലാണ് മലയാള സിനിമ ആദരിച്ചത്. ലാഭേച്ഛയില്ലാതെ സിനിമകള്‍ നിര്‍മ്മിച്ചതു കൊണ്ടു മാത്രമല്ല, നിര്‍മ്മാതാവെന്ന നിലയില്‍ സ്വന്തം കര്‍മ്മവും ധര്‍മ്മവും അദ്ദേഹം വ്യക്തമായി നിര്‍ണയിച്ചെടുത്തിരുന്നു എന്നതിനു കൂടിയാണ് ഈ അംഗീകാരം.

കൊല്ലത്ത് അറിയപ്പെടുന്ന വ്യവസായിയായിരുന്ന രവീന്ദ്രന്‍ നായര്‍ കശുവണ്ടി വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ സിനിമയിലും സാഹിത്യത്തിലും വലിയ താത്പര്യമുണ്ടായിരുന്ന ആളായിരുന്നു. ഈ താത്പര്യമാണ് സിനിമാ നിര്‍മ്മാണ കമ്പനിയായ ജനറല്‍ പിക്‌ചേഴ്‌സിന്റെയും വിതരണ കമ്പനിയായ പ്രതാപ് ഫിലിംസിന്റെയും രൂപീകരണത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. 


1967 ല്‍ പാറപ്പുറത്തിന്റെ 'അന്വേഷിച്ചു കണ്ടെത്തിയില്ല' എന്ന നോവലിന് അതേ പേരില്‍ ഒരുക്കിയ ചലച്ചിത്ര ഭാഷ്യമാണ് രവീന്ദ്രന്‍ നായരുടെ ആദ്യത്തെ നിര്‍മ്മാണ സംരംഭം. മദ്രാസില്‍ വാടകക്കെട്ടിടത്തിലാണ് ജനറല്‍ പിക്‌ചേഴ്‌സിന്റെ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. പി. ഭാസ്‌ക്കരനെ സംവിധാനച്ചുമതല ഏല്‍പ്പിച്ചു. കെ. ആര്‍. വിജയയും സത്യനുമായിരുന്നു പ്രധാന താരങ്ങള്‍. അങ്ങനെ ജനറല്‍ പിക്‌ചേഴ്‌സ്, രവി എന്നീ പേരുകള്‍ ആദ്യമായി മലയാള സിനിമയുടെ വെള്ളിത്തിരയില്‍ തെളിഞ്ഞു. തുടര്‍ന്നും തന്റെ എല്ലാ സിനിമകളുടെയും ടൈറ്റില്‍ കാര്‍ഡില്‍ രവി എന്നാണ് നിര്‍മ്മാതാവിന് പേര് നല്‍കിയത്. ആദ്യചിത്രം റിലീസായതോടെ രവി, രവി മുതലാളി, രവീന്ദ്രന്‍ നായര്‍ എന്നീ വിളിപ്പേരുകള്‍ക്കു പുറമേ ജനറല്‍ പിക്‌ചേഴ്‌സ് രവി എന്ന പുതിയൊരു വിശേഷണം കൂടി അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. 'അന്വേഷിച്ചു കണ്ടെത്തിയില്ല' മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിനു പിന്നാലെ രവീന്ദ്രന്‍ നായര്‍ നിര്‍മ്മിച്ച രണ്ട് ചിത്രങ്ങളുടെ സംവിധാനവും പി. ഭാസ്‌ക്കരന്‍ ആയിരുന്നു. 1968 ല്‍ ലക്ഷപ്രഭുവും 1969 ല്‍ കാട്ടുകുരങ്ങും. ലക്ഷപ്രഭുവില്‍ പ്രേംനസീറും ഷീലയും കാട്ടുകുരങ്ങില്‍ സത്യനും ശാരദയും പ്രധാന താരങ്ങളായി.


1973 ലാണ് എ. വിന്‍സന്റിന്റെ സംവിധാനത്തില്‍ അച്ചാണി പുറത്തിറങ്ങുന്നത്. മദ്രാസില്‍ വച്ച് കണ്ട, തന്നെ വൈയക്തികമായി ഏറെ സ്വാധീനിച്ച നാടകമായിരുന്നു ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തിലേക്ക് രവീന്ദ്രന്‍ നായരെ നയിച്ചത്. കാരൈക്കുടി നാരായണന്റെ തമിഴ് നാടകത്തെ ആധാരമാക്കി തോപ്പില്‍ ഭാസി തിരക്കഥയും എ. വിന്‍സെന്റ് സംവിധാനവും നിര്‍വഹിച്ച ഈ ചിത്രമായിരുന്നു രവീന്ദ്രന്‍ നായര്‍ എന്ന നിര്‍മ്മാതാവിന്റെ കരിയറിലെ ഏറ്റവും വലിയ വാണിജ്യ വിജയം. ഈ ചിത്രത്തിന്റെ ലാഭം കൊണ്ടാണ് അദ്ദേഹം കൊല്ലം പബ്ലിക്ക് ലൈബ്രറി കെട്ടിടം സ്ഥാപിക്കുന്നത്. ഈ ചിത്രത്തിന്റെ വന്‍വിജയത്തോടെയാണ് അച്ചാണി രവി എന്ന ഏറെ പ്രസിദ്ധമായ വിളിപ്പേരും രവീന്ദ്രന്‍ നായര്‍ക്ക് സ്വന്തമായി.

1977 ല്‍ കാഞ്ചനസീതയിലൂടെയാണ് അരവിന്ദനുമൊത്തുള്ള രവീന്ദ്രന്‍ നായരുടെ കൂട്ടുകെട്ടിന്റെ തുടക്കം. ഈ ചിത്രം തിയേറ്ററില്‍ പ്രദര്‍ശന വിജയം നേടിയില്ലെങ്കിലും മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം അരവിന്ദനെ തേടിയെത്തിയതുള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ നേടി. തിയേറ്ററില്‍ വന്‍വിജയം നേടിയ അച്ചാണിയുടെ നിര്‍മ്മാതാവ് എന്ന തിളക്കത്തില്‍ നില്‍ക്കവേ കാഞ്ചനസീത പോലെ ഒരു പരീക്ഷണ ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുക്കാന്‍ തയ്യാറായതിലൂടെയാണ് രവീന്ദ്രന്‍ നായര്‍ മലയാള സിനിമാ മേഖലയില്‍ വ്യത്യസ്തനായത്. അരവിന്ദനെ പോലെ ഗൗരവതരമായ സിനിമകളെടുക്കുന്ന സംവിധായകര്‍ക്ക് നിര്‍മ്മാതാക്കളെ കണ്ടെത്തല്‍ പ്രയാസകരമായിരുന്ന സാഹചര്യത്തിലാണ് രവീന്ദ്രന്‍ നായര്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാകുന്നത്. തുടര്‍ന്ന് തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, പോക്കുവെയില്‍ എന്നീ അരവിന്ദന്‍ ചിത്രങ്ങളും അദ്ദേഹം നിര്‍മ്മിച്ചു. ഈ ചിത്രങ്ങളൊന്നും വാണിജ്യവിജയം ലക്ഷ്യമിട്ടല്ല രവീന്ദ്രന്‍ നായര്‍ നിര്‍മ്മിച്ചത്. എന്നാല്‍ ഇവയെല്ലാം സംസ്ഥാന, ദേശീയ അംഗീകാരങ്ങള്‍ നേടുകയും അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും പതിറ്റാണ്ടുകള്‍ക്കു ശേഷവും ആസ്വാദകരെ സൃഷ്ടിക്കുകയും ചെയ്യുമ്പോഴാണ് കലാഭിനിവേശവും ദീര്‍ഘദര്‍ശിത്വവുമുള്ള രവീന്ദ്രന്‍ നായരിലെ നിര്‍മ്മാതാവിന്റെ മഹത്വമേറുന്നത്. നൂതന ശബ്ദ, സാങ്കേതിക സഹായത്തോടെ കുമ്മാട്ടിയുടെ നവീകരിച്ച 4 കെ പതിപ്പ് കഴിഞ്ഞ കാന്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുകയും ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകരുടെയും വിഖ്യാത ചലച്ചിത്ര പ്രവര്‍ത്തകരുടെയും അഭിനന്ദനം നേടുകയും ചെയ്തിരുന്നു.


1981 ല്‍ എലിപ്പത്തായത്തിലൂടെയാണ് അടൂര്‍ ഗോപാലകൃഷ്ണനൊപ്പം രവീന്ദ്രന്‍ നായര്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. ഈ കൂട്ടുകെട്ടിലെ ആദ്യസിനിമ തന്നെ ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റേതുള്‍പ്പെടെ അന്തര്‍ദേശീയ, ദേശീയ തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയെടുത്തു. സ്വയംവരം, കൊടിയേറ്റം എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടും നിര്‍മ്മാതാവിനെ കണ്ടെത്തല്‍ എളുപ്പമല്ലാതിരുന്ന ഘട്ടത്തിലാണ് അടൂരിന് രവീന്ദ്രന്‍ നായര്‍ ആശ്വാസമാകുന്നത്. തുടര്‍ന്ന് മുഖാമുഖം, അനന്തരം, വിധേയന്‍ എന്നീ അടൂര്‍ ചിത്രങ്ങളും രവീന്ദ്രന്‍ നായര്‍ നിര്‍മ്മിച്ചു. 'ഞാനേറ്റവും സര്‍ഗസ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ടാണ് അവയോരോന്നും സൃഷ്ടിച്ചത്. ഒരിക്കല്‍പോലും മുതല്‍മുടക്കിന്റെ പരിമിതിയെപ്പറ്റിയോ ലാഭമുണ്ടാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയോ അദ്ദേഹത്തില്‍ നിന്ന് ഒരു വാക്കും ഉണ്ടായിട്ടില്ല.' എന്നാണ് തന്റെ ചിത്രങ്ങളുടെ നിര്‍മ്മാതാവായ രവീന്ദ്രന്‍ നായരെ അടൂര്‍ സ്മരിക്കുന്നത്. ലാഭേച്ഛയില്ലാതെ കലയെ മാത്രം സ്‌നേഹിച്ച നിര്‍മ്മാതാവ് അര്‍ഹിക്കുന്ന ആദരമാണ് വിഖ്യാത സംവിധായകന്റെ ഇൗ വാക്കുകള്‍.


അരവിന്ദന്‍, അടൂര്‍ ചിത്രങ്ങളുടെ നിര്‍മ്മാണം ഏറ്റെടുക്കുന്നതിലൂടെ കേരളത്തിനും രാജ്യത്തിനും പുറത്തേക്ക് മലയാള സിനിമയ്ക്ക് മുഖം നല്‍കുകയെന്ന മഹത്തായ പ്രവൃത്തിയാണ് രവീന്ദ്രന്‍ നായര്‍ നിര്‍വ്വഹിച്ചത്. രവീന്ദ്രന്‍ നായര്‍ എന്ന നിര്‍മ്മാതാവില്ലായിരുന്നെങ്കില്‍ ഒരു ഘട്ടത്തില്‍ മലയാള സിനിമയുടെ കലാപരമായ മുന്നോട്ടുപോക്ക് സാധ്യമാകില്ലായിരുന്നു. മലയാള സിനിമ നിലവാരമില്ലാത്ത വാണിജ്യ വാര്‍പ്പുമാതൃകാ പ്രമേയ പരിസരത്ത് പെട്ട് ഉഴലുന്ന ഘട്ടത്തിലാണ് രവീന്ദ്രന്‍ നായര്‍ നിര്‍മ്മാണ രംഗത്തേക്ക് പ്രവേശിക്കുന്നത്. അരവിന്ദനും അടൂരുമടക്കമുള്ള പ്രതിഭാധനര്‍ക്ക് രവീന്ദ്രന്‍ നായരുടെ സാന്നിധ്യം നല്‍കിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു. വാണിജ്യ വിജയം മാത്രം ലക്ഷ്യമിട്ട് മറ്റ് നിര്‍മ്മാതാക്കള്‍ സിനിമകള്‍ തെരഞ്ഞെടുത്തപ്പോള്‍ രവീന്ദ്രന്‍ നായര്‍ അതില്‍നിന്ന് വഴി മാറി നടന്നു. ഇത് മലയാള സിനിമയുടെ തലവര തന്നെ മാറ്റി. മലയാളത്തിന് എക്കാലവും അഭിമാനിക്കാവുന്ന സിനിമകളാണ് അതുവഴി സൃഷ്ടിക്കപ്പെട്ടത്. ആകെ 14 സിനിമകളാണ് രവീന്ദ്രന്‍ നായര്‍ നിര്‍മ്മിച്ചത്. ഇവയില്‍ വാണിജ്യ വിജയം നേടിയവ ചുരുക്കമാണ്. ആദ്യം നിര്‍മ്മിച്ച നാല് സിനിമകള്‍ ഒഴികെ ബാക്കിയെല്ലാം മുഖ്യധാരാ വിപണി സമവാക്യങ്ങള്‍ വിട്ട് സമാന്തര വഴി സഞ്ചരിച്ചവയാണ്. ഇവയ്‌ക്കെല്ലാം തന്നെ അന്താരാഷ്ട്ര മേളകളില്‍ ഉള്‍പ്പെടെ ആദരവും അംഗീകാരവും നേടാന്‍ കഴിഞ്ഞു.


എം.ടി വാസുദേവന്‍ നായരുടെ ഏറെ ശ്രദ്ധേയമായ മഞ്ഞ് എന്ന നോവലിന് അദ്ദേഹം തന്നെ ചലച്ചിത്രാവിഷ്‌കാരം നല്‍കിയപ്പോള്‍ അത് മലയാളത്തിലും ഹിന്ദിയിലും നിര്‍മ്മിച്ചത് രവീന്ദ്രന്‍ നായരായിരുന്നു. മലയാളത്തിലും ഹിന്ദിയിലും ഒരേസമയം ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദ്യത്തെ മലയാള സിനിമ എന്ന പ്രത്യേകതയും മഞ്ഞിന് ഉണ്ടായിരുന്നു. 'ശരത് സന്ധ്യ' എന്നായിരുന്നു ഹിന്ദിയില്‍ ഈ സിനിമയുടെ പേര്.

സംവിധായകരുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്താതെ, ലാഭം പ്രതീക്ഷിക്കാതെ നല്ല ചിത്രങ്ങള്‍ക്കൊപ്പം നില്‍ക്കുക എന്ന സമീപനമാണ് സിനിമാ മേഖലയില്‍ രവീന്ദ്രന്‍ നായരിലെ വ്യക്തിത്വത്തെ വേറിട്ടു നിര്‍ത്തിയത്. സംവിധായകന്റെ പ്രവൃത്തിയില്‍ ഇടപെടുകയോ ഭിന്നാഭിപ്രായം പറയുകയോ ചെയ്യുന്നത് തെറ്റാണെന്ന് അദ്ദേഹത്തിന് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. സിനിമ നിര്‍മ്മിച്ച് വാണിജ്യതലത്തിലോ പുരസ്‌ക്കാര വേദികളിലോ നേട്ടം കൊയ്യുമ്പോള്‍ അതിന്റെ പേരില്‍ ആഘോഷിക്കുന്നതിലും രവീന്ദ്രന്‍ നായര്‍ വലിയ താത്പര്യം കാണിച്ചിരുന്നില്ല. 

സിനിമാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ  ജെ.സി ഡാനിയേല്‍ പുരസ്‌കാരം നേടിയ രവീന്ദ്രന്‍ നായര്‍ ദേശീയ ചലച്ചിത്ര പുരസ്‌കാര കമ്മിറ്റി അംഗമായും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗമായും ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 


കൊല്ലത്തെ ആദ്യകാല കശുവണ്ടി വ്യവസായികളില്‍ ഒരാളായ പി. കൃഷ്ണപിള്ളയുടെയും നാണിയമ്മയുടെയും മകനായി ജനിച്ച രവീന്ദ്രന്‍ നായര്‍ വ്യവസായ പ്രമുഖന്‍ എന്ന നിലയിലും പേരെടുത്തയാളാണ്. ഒരേസമയം പതിന്നാലോളം ഫാക്ടറികളുടെ ചുമതല വഹിച്ച രവീന്ദ്രന്‍ നായര്‍ വരുമാനത്തിന്റെ നല്ലൊരു പങ്കും കലാസാംസ്‌കാരിക മേഖലയ്ക്കും ജീവകാരുണ്യ പ്രവര്‍ത്തനത്തിനും വേണ്ടിയാണ് ചെലവഴിച്ചത്. സിനിമയിലും വ്യവസായ രംഗത്തും പ്രവര്‍ത്തിച്ച രവീന്ദ്രന്‍ നായര്‍ക്ക് ഇരുമേഖലകളിലും വലിയ ബന്ധങ്ങള്‍ സൃഷ്ടിക്കാനായി. എഴുത്തുകാരും ചിത്രകാരന്മാരും കലാകാരന്മാരുമായിരുന്നു അതില്‍ വലിയൊരു പങ്കും.

https://www.youtube.com/watch?v=wNMJdAF24lA

ആകാശവാണി, വാര്‍ത്താവീക്ഷണം 2023 ജൂലായ് 12

No comments:

Post a Comment