Monday, 25 March 2024

മാമുക്കോയ.. നിറഞ്ഞ ചിരിയുടെ കോഴിക്കോടന്‍ തനിമ


നിറഞ്ഞ ചിരിയും കോഴിക്കോടന്‍ ഭാഷയുടെ നാട്ടുവഴക്കവും കൊണ്ട് നാലു പതിറ്റാണ്ടു കാലം മലയാള സിനിമയെ പ്രകാശിപ്പിച്ച മാമുക്കോയ വെള്ളിത്തിരയ്ക്ക് പിറകിലേക്ക് മാഞ്ഞു. മലയാള സിനിമയെ സ്വാഭാവികാഭിനയത്താല്‍ സമ്പന്നമാക്കിയ ഒരു കാലഘട്ടത്തിന്റെ അവസാന പേരുകാരില്‍ ഒരാള്‍ കൂടിയാണ് ഇതോടെ ഇല്ലാതാകുന്നത്. ഒരു അഭിനേതാവിന് ക്യാമറയ്ക്കു മുന്നില്‍ ഇത്ര സ്വാഭാവികമായി അഭിനയിക്കാനാകുമോ എന്ന സംശയം ജനിപ്പിക്കും വിധം ലളിതമായിരുന്നു മാമുക്കോയയുടെ ശൈലി. മറ്റാര്‍ക്കും അനുകരിക്കാനാകാത്ത വിധം അനായാസമായ അഭിനയ, സംഭാഷണ ശൈലി കൊണ്ട് അഞ്ഞൂറോളം കഥാപാത്രങ്ങളെയാണ് മാമുക്കോയ അനശ്വരമാക്കിയത്.


തിക്കോടിയനും കെ.ടി മുഹമ്മദും വാസു പ്രദീപുമടങ്ങുന്ന പ്രതിഭാധനന്മാരുടെ ശിക്ഷണത്തില്‍ കോഴിക്കോടന്‍ നാടകക്കളരിയില്‍ നിന്ന് അഭിനയ പാഠങ്ങള്‍ പരിശീലിച്ചതിന്റെ അനുഭവക്കരുത്തുമായാണ് മാമുക്കോയ സിനിമയിലെത്തുന്നത്. സിനിമാ നടനാകാന്‍ ആകാരസൗഷ്ടവം വേണമെന്ന ചിന്ത പ്രബലമായിരുന്ന കാലത്ത് അതിനെ തകിടം മറിച്ചുകൊണ്ടാണ് മാമു തൊണ്ടിക്കാട് എന്ന മാമുക്കോയ മുഖ്യധാരാ സിനിമയുടെ ഭാഗമാകുന്നത്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയ മാമുക്കോയയുടെ രൂപം കണ്ട് ഇയാള്‍ ശരിയാകുമോ എന്ന് സന്ദേഹിച്ചതായി സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറയുന്നുണ്ട്. എന്നാല്‍ രൂപം കണ്ട് ആളുകളെ വിലയിരുത്തരുത് എന്ന ശ്രീനിവാസന്റെ അഭിപ്രായമാണ് മാമുക്കോയയ്ക്ക് ആ സിനിമയില്‍ അവസരം നല്‍കാന്‍ സത്യന്‍ അന്തിക്കാടിനെ പ്രേരിപ്പിച്ചത്. ക്യാമറയ്ക്കു മുന്നില്‍ ആദ്യ ഷോട്ടില്‍ തന്നെ അതിശയിപ്പിച്ചതോടെ മാമുക്കോയയ്ക്ക് ആ സിനിമയില്‍ കൂടുതല്‍ സീനുകളും സംഭാഷണങ്ങളും നല്‍കാന്‍ സത്യന്‍ അന്തിക്കാട് തയ്യാറായി. മാമുക്കോയയിലെ സ്വാഭാവിക നടന്റെ ജൈത്രയാത്രയുടെ തുടക്കം കൂടിയായിരുന്നു അത്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിനെ തുടര്‍ന്ന് സത്യന്‍ അന്തിക്കാടിന്റെ ഒട്ടുമിക്ക സിനിമകളിലും മാമുക്കോയ ഭാഗമായി. 1986 ല്‍ പുറത്തിറങ്ങിയ സിബി മലയിലിന്റെ ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന സിനിമയിലെ മാമു എന്ന അറബി മാഷിന്റെ കഥാപാത്രമാണ് മാമുക്കോയയിലെ ശരീരഭാഷയും സംഭാഷണ ശൈലിയും അടയാളപ്പെടുത്തിയ ആദ്യകാല ചിത്രങ്ങളിലൊന്ന്. 


1979 ല്‍ നിലമ്പൂര്‍ ബാലന്റെ അന്യരുടെ ഭൂമി എന്ന സിനിമയിലൂടെ അരങ്ങേറിയ മാമുക്കോയയ്ക്ക് 1980 കളുടെ രണ്ടാം പകുതിയോടെ മലയാളത്തില്‍ രൂപപ്പെട്ട ഗ്രാമീണത്തനിമയുള്ള സിനിമകളാണ് കരിയറില്‍ ഗുണം ചെയ്തത്. നാട്ടിന്‍പുറത്തെ സാധാരണക്കാരുടെ ജീവിതം പറഞ്ഞ ഈ സിനിമകളിലെല്ലാം മാമുക്കോയയ്ക്ക് മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചു. ചായക്കടക്കാരന്‍, ബ്രോക്കര്‍, സഹായി, കാര്യസ്ഥന്‍, കള്ളന്‍, രാഷ്ട്രീയക്കാരന്‍, കേഡി തുടങ്ങി ഏതു കഥാപാത്രങ്ങളിലും തന്റേതായ കൈമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനായി. തനി നാട്ടിന്‍പുറത്തുകാരന്റെ പ്രതിനിധികളായ ഈ കഥാപാത്രങ്ങളെല്ലാം തന്നെ അതിവേഗം ജനപ്രിയങ്ങളുമായി. ഏതു കഥാപാത്രത്തിലും തനത് കോഴിക്കോടന്‍ ഭാഷാവഴക്കത്തിലാണ് മാമുക്കോയ സംസാരിച്ചത്. കുതിരവട്ടം പപ്പുവിനു ശേഷം കോഴിക്കോടന്‍ ഭാഷയുടെ മറ്റൊരു ശൈലി ജനകീയമാക്കിയ നടന്‍ കൂടിയാണ് മാമുക്കോയ. 


'സംസാരിക്കുന്ന ഭാഷയാണ് ഞാന്‍' എന്ന് മാമുക്കോയ സ്വയം വിശേഷിപ്പിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തിന്റെ അഭിനയത്തിനു കൂടി പാകപ്പെടുന്ന വാചകമാണ്. സവിശേഷമായ ഗ്രാമ്യ ഭാഷാശൈലി കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടനാണ് മാമുക്കോയ. തന്റെ ആദ്യ സിനിമ തൊട്ട് നാലു പതിറ്റാണ്ടു കാലവും ഈ ശൈലിയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ സംസാരിച്ചത്. കഥ നടക്കുന്ന പശ്ചാത്തലം എവിടെയാണെങ്കിലും, പുരാണ, ചരിത്ര, ഉന്നതകുല കഥാപാത്രങ്ങളാണെങ്കിലും മാമുക്കോയ കോഴിക്കോടന്‍ ഭാഷാ വഴക്കം തന്നെ പ്രയോഗിച്ചു പോന്നു. ഇത് അപൂര്‍വ്വം അഭിനേതാക്കള്‍ക്കു മാത്രം മലയാള സിനിമ നല്‍കിയിട്ടുള്ള സ്വാതന്ത്ര്യമാണ്. അതുകൊണ്ടുതന്നെ മാമുക്കോയയെന്നാല്‍ മലയാളിക്ക് നിറഞ്ഞ ചിരിക്കൊപ്പം നാട്ടുഭാഷയുടെ നിറവ് കൂടിയാണ്.


താരശരീരത്തിന്റെ ഗാംഭീര്യവും പ്രൗഢിയും അവകാശപ്പെടാനില്ലാതെ, നമ്മുടെ തൊട്ടയല്‍പക്കത്ത് നിരന്തരം കാണുന്ന മനുഷ്യരുടെ പ്രതിനിധികളായ കുറേ നടീനടന്മാര്‍ 1980 കളിലെ നാട്ടിന്‍പുറ സിനിമയുടെ ഭാഗമായിരുന്നു. പറവൂര്‍ ഭരതന്‍, ശങ്കരാടി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഫിലോമിന, മീന, കെ പി എ സി ലളിത, കൃഷ്ണന്‍കുട്ടി നായര്‍, ഇന്നസെന്റ് തുടങ്ങി ഈ ഗണത്തില്‍ വരുന്ന അഭിനേതാക്കള്‍ക്കിടയിലായിരുന്നു മാമുക്കോയയുടെയും സ്ഥാനം. മാമുക്കോയയുടെ ജനപ്രിയ കഥാപാത്രങ്ങളില്‍ ഭൂരിഭാഗവും രൂപപ്പെടുന്നത് ഈ കാലത്താണ്. സത്യന്‍ അന്തിക്കാട്, കമല്‍, സിബി മലയില്‍, സിദ്ധിഖ് ലാല്‍, പ്രിയദര്‍ശന്‍ തുടങ്ങിയവരുടെ സിനിമകളിലെല്ലാം മാമുക്കോയ സ്ഥിര സാന്നിധ്യമായി. 


മഴവില്‍ക്കാവടിയിലെ കുഞ്ഞിക്കാദര്‍, നാടോടിക്കാറ്റിലെ ഗഫൂര്‍ക്ക, തലയണമന്ത്രത്തിലെ കുഞ്ഞനന്തന്‍ മേസ്തിരി, റാംജിറാവ് സ്പീക്കിങ്ങിലെ ഹംസക്കോയ, പൊന്മുട്ടയിടുന്ന താറാവിലെ അബൂബക്കര്‍, സന്ദേശത്തിലെ കെ ജി പൊതുവാള്‍, വടക്കുനോക്കിയന്ത്രത്തിലെ ഫോട്ടോഗ്രാഫര്‍, കണ്‍കെട്ടിലെ കീലേരി അച്ചു, ആമിനാ ടെയ്‌ലേഴ്‌സിലെ മലപ്പുറം മൊയ്തീന്‍, പ്രവാചകനിലെ ജാഫര്‍ ഷെരീഫ്, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ പി സി പെരുവണ്ണാപുരം, വരവേല്‍പ്പിലെ ഹംസ, ഗജകേസരിയോഗത്തിലെ രാഘവന്‍ നായര്‍, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, മന്ത്രമോതിരത്തിലെ അബ്ദു, ചന്ദ്രലേഖയിലെ ബീരാന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ മാമുക്കോയയുടെ ജനപ്രീതി ഏറെ വര്‍ധിപ്പിച്ചവയാണ്. ഇക്കൂട്ടത്തില്‍ മഴവില്‍ക്കാവടി, തലയണമന്ത്രം, റാംജിറാവ് സ്പീക്കിങ്, നാടോടിക്കാറ്റ്, സന്ദേശം, കണ്‍കെട്ട്, വടക്കുനോക്കിയന്ത്രം തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ തലമുറകള്‍ ആഘോഷിച്ചു പോരുന്നവയാണ്. ഈ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ പലതും മലയാളികള്‍ നിത്യജീവിതത്തില്‍ നിരന്തരം ഉപയോഗിക്കുന്നു. സോഷ്യല്‍ മീഡിയ കാലത്തെ മീമുകളിലെ ജനപ്രിയ മുഖങ്ങളാണ് ഈ കഥാപാത്രങ്ങളില്‍ മിക്കതും. 


തിക്കോടിയന്‍, കെ ടി മുഹമ്മദ്, വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങിയ മഹാരഥന്മാരോടുള്ള അടുപ്പം മാമുക്കോയയിലെ നടനൊപ്പം മനുഷ്യനെ കൂടി രൂപപ്പെടുത്താന്‍ സഹായിച്ചു. ലളിതമായ അഭിനയ ശൈലി പോലെ ലാളിത്യമാര്‍ന്ന പെരുമാറ്റമുള്ള മനുഷ്യന്‍ കൂടിയായിരുന്നു മാമുക്കോയ. ക്യാമറയ്ക്കു മുന്നിലെ അതേ സ്വാഭാവികതയോടെ മനുഷ്യരോട് ഇടപഴകാനുള്ള കഴിവ് നാട്ടിന്‍പുറത്തെ സാധാരണക്കാര്‍ക്കുമൊപ്പവും വലിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും ഒപ്പമുള്ള ജീവിതത്തിലൂടെ മാമുക്കോയ ആര്‍ജ്ജിച്ചു. അറിയപ്പെടുന്ന നടനായിരിക്കുമ്പോഴും ഏറ്റവും സാധാരണക്കാരനായി ജീവിക്കാനും ചുറ്റുപാടിലെ എല്ലാ മനുഷ്യരോടും ഒരുപോലെ ഇടപഴകാനും അദ്ദേഹത്തിനായി. തൊട്ടയല്‍പക്കത്തുള്ള ഒരാള്‍ എന്ന നിലയിലാണ് മാമുക്കോയയെ മലയാളികള്‍ കണ്ടത്. തികഞ്ഞ മനുഷ്യസ്‌നേഹിയാകുകയും മതേതര നിലപാട് പുലര്‍ത്തുകയും ചെയ്ത മാമുക്കോയ സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ മടിച്ചില്ല. ആരെയും പിണക്കാതെ ആരോടും പരിഭവമില്ലാതെ എന്നാല്‍ എതിര്‍ക്കപ്പെടേണ്ട പ്രവണതകളോട് ശക്തമായി വിയോജിച്ചും അദ്ദേഹം കലാകാരന്മാര്‍ക്കിടയില്‍ വേറിട്ടുനിന്നു.


ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ വിദ്യാഭ്യാസ ജീവിതം അധികം മുന്നോട്ടു കൊണ്ടുപോകാനാകാതെ കൗമാര പ്രായത്തില്‍ തന്നെ കല്ലായിപ്പുഴയോരത്തെ മരമില്ലുകളില്‍ തൊഴിലാളിയാകേണ്ടി വന്ന മാമുക്കോയ നാടകത്തിലൂടെ അഭിനയ മോഹം കൈമോശം വരാതെ സൂക്ഷിച്ചു. ജീവിതാനുഭവങ്ങളും നിരീക്ഷണ പാടവവും അദ്ദേഹത്തിലെ നടനെ പരുവപ്പെടുത്തി. കോഴിക്കോട്ടെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമായതോടെ ആഴത്തിലുള്ള വായനാശീലം കൂടി മാമുക്കോയയ്ക്ക് പകര്‍ന്നു കിട്ടി. ഇത് ജീവിതം മുഴുവന്‍ നിലനിര്‍ത്താന്‍ അദ്ദേഹത്തിനായി. സിനിമയിലെ തിരക്കിനിടയിലും പുസ്തകവായന ഒരു ശീലമായി നിലനിര്‍ത്തിയിരുന്നു മാമുക്കോയ. കഥാപാത്രങ്ങള്‍ക്ക് ഉള്‍ക്കനം നല്‍കാന്‍ ഈ വായന മാമുക്കോയയെ സഹായിച്ചിട്ടുണ്ട്.


ഹാസ്യ നടന്‍ എന്ന മേല്‍വിലാസത്തിലാണ് അഭിനയ ജീവിതത്തിലുടനീളം അറിയപ്പെട്ടതെങ്കിലും ഗൗരവതരമായ വേഷങ്ങളിലുള്ള കൈയൊതുക്കത്തിലേക്ക് എളുപ്പത്തില്‍ മാറാന്‍ മാമുക്കോയയ്ക്ക് സാധിച്ചിരുന്നു. കമലിന്റെ പെരുമഴക്കാലത്തിലെ അബ്ദു എന്ന കഥാപാത്രം ഇത്തരത്തില്‍ ഏറെ പ്രശംസ നേടിയ ഒന്നാണ്. മാമുക്കോയയുടെ ആദ്യത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഈ കഥാപാത്രത്തിനായിരുന്നു. ബ്യാരി, ഇന്ത്യന്‍ റുപ്പീ, ഉസ്താദ് ഹോട്ടല്‍, സൂഫിയും സുജാതയും, എന്റെ ഉമ്മാന്റെ പേര്, കുരുതി, തീര്‍പ്പ് തുടങ്ങി നിരവധി സിനിമകളില്‍ ഹാസ്യനടനല്ലാത്ത മാമുക്കോയയെ പ്രേക്ഷകര്‍ കണ്ടു. ഈ കഥാപാത്രങ്ങളിലെല്ലാം തഴക്കം ചെന്ന അഭിനേതാവിലെ സ്വാഭാവികത കൊണ്ടാണ് മാമുക്കോയ വിസ്മയിപ്പിക്കുന്നത്.


മാമുക്കോയയുടെ വിടവാങ്ങലിലൂടെ ചിരിയും സ്വാഭാവികതയും ഇടകലര്‍ന്ന അഭിനയ ശൈലിയിലെ പ്രബലമായ ഒരു കണ്ണി കൂടിയാണ് മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത്. നീണ്ട കാലം മലയാളത്തിന്റെ വെള്ളിത്തിരയെ ആസ്വാദ്യകരമാക്കിയ അനശ്വര കലാകാരന് ആകാശവാണിയുടെ പ്രണാമം.

https://www.youtube.com/watch?v=qwBfBtw64gM&t=127s

ആകാശവാണി, വാര്‍ത്താവീക്ഷണം, 2023 ഏപ്രില്‍ 28

No comments:

Post a Comment