വയലും വീടും പരിപാടിക്ക് 25
മലയാളിയുടെ റേഡിയോ ഗൃഹാതുരതയുടെ മുന്‍വരിയിലുള്ള പേരുകളിലൊന്നാണ് വയലും വീടും. തിരുവനന്തപുരം ആകാശവാണിയുടെ വയലും വീടും പരിപാടി 25 വര്‍ഷം പിന്നിടുകയാണ്. കൃഷിയിലേക്ക് അടുപ്പിച്ചും നാട്ടറിവുകളെ ഓര്‍മ്മപ്പെടുത്തിയും വയലും വീടും കേരളത്തിലെ വീട്ടുവൈകുന്നേരങ്ങളെ അര്‍ഥവത്താക്കി. ഈ പരിപാടിയുടെ തുടക്കത്തിലേയും ഒടുക്കത്തിലേയും ശബ്ദതാളം തലമുറകളെ കൈമാറി അടയാളപ്പെടുത്തിപ്പോന്നു. മലയാളി ഗൃഹാതുരതയുടെ സൂചക ശബ്ദങ്ങളിലൊന്നായി ഇതിന്റെ ശീര്‍ഷകഗാനത്തെ കാണാം.
ഗ്രാമീണജീവിതവും ഗ്രാമവികസനവും പ്രതിഫലിപ്പിക്കുന്ന'ഗ്രാമീണ പരിപാടി' എന്ന പേരിലാണ് ഇന്നത്തെ വയലും വീടും പരിപാടിയുടെ പിറവി. കൃഷി, മൃഗസംരക്ഷണം, കോഴിവളര്‍ത്തല്‍, മത്സ്യകൃഷി, കുടില്‍ വ്യവസായങ്ങള്‍, ആരോഗ്യ കുടുംബക്ഷേമം, സമ്പാദ്യ പദ്ധതികള്‍ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെട്ട നൂറുകണക്കിന് വിഷയങ്ങളെക്കുറിച്ചുള്ള അറിവ് പകരുവാന്‍ ഗ്രാമീണ പരിപാടിക്ക് കഴിഞ്ഞിട്ടുണ്ട്.
തൊണ്ണൂറുകള്‍ക്കുശേഷം കൃഷിയിടങ്ങള്‍ വന്‍തോതില്‍ നികന്ന് മറ്റു കച്ചവടങ്ങള്‍ നാടുനീളെ വളര്‍ന്നുകയറി യപ്പോള്‍ കൃഷിയേയും പച്ചപ്പിനേയും സ്‌നേഹിക്കുന്ന മനസ്സുകള്‍ കുറച്ചെങ്കിലും അവശേഷിക്കുന്നുണ്ടെന്ന ഉറപ്പും പ്രതിക്ഷയുമാണ് വയലും വീടും പോലൊരു പരിപാടിയെ കഴിഞ്ഞ 25 വര്‍ഷമായി നിലനിര്‍ത്തിയത്. ഇതേ കാലയളവില്‍ തന്നെ പിറവികൊണ്ട സ്വകാര്യ ചാനല്‍ വിപ്ലവത്തിന്റെ കൂടി ഇടയില്‍ പിടിച്ചു നില്‍ക്കേണ്ടതായിവന്നു റേഡിയോക്കും ഇത്തരം പരിപാടികള്‍ക്കും. പക്ഷേ ഐഡന്റിറ്റി എന്ന വലിയ ഗുണം- കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുക- വയലും വീടും പോലെയുള്ള പരിപാടികളെ നിലനിര്‍ത്തുകയും നിലനിന്ന് ജനപ്രിയത ആകര്‍ഷിക്കുകയും ചെയ്‌തു. ഇതിന്റെ തെളിവാണ് ഈ പരിപാടിയിലേക്ക് ദിനംപ്രതി വരുന്ന പ്രതികരണങ്ങള്‍, വൈകുന്നേരം 6.50നായുള്ള കാത്തിരിപ്പുകള്‍..
തലസ്‌ഥാനത്തു നിന്നുമുളള ഒരു നിത്യോദാഹരണമുണ്ട്- മ്യൂസിയത്തിലെ റേഡിയോയില്‍ നിന്നും വയലും വീടും പരിപാടി കേള്‍ക്കാന്‍ മാത്രമായി കൂത്തമ്പലത്തിനു ചുറ്റുമുളള ബെഞ്ചുകളില്‍ വൈകുന്നേരം സ്ഥാനം പിടിക്കുന്ന ഒരുപാടു പേര്‍. അതില്‍ത്തന്നെ വര്‍ഷങ്ങളായി ഈ പതിവ് തെറ്റിക്കാത്തവരുമുണ്ട്. പലരും പ്രായാധിക്യത്തിലെത്തിയവര്‍, കൃഷിയിടത്തില്‍ ഇറങ്ങാന്‍ ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും മനസ്സില്‍ നിറയെ വിത്തുനിറച്ചവര്‍. അവര്‍ വയലും വീടും പരിപാടിയെ നെഞ്ചേറ്റുന്നവരാണ്.
ശ്രോതാക്കള്‍ക്ക് വിനോദം മാത്രമല്ല അറിവും വിദ്യാഭ്യാസവും നല്‍കി ജീവിതത്തെ ഗുണമേന്മയുളളതും അര്‍ഥപൂര്‍ണ്ണവുമാക്കി മാറ്റുവാനും പ്രക്ഷേപണകലയ്‌ക്ക് കഴിയണം എന്ന ലക്ഷ്യമാണ് വയലും വീടും പരിപാടി സാര്‍ഥകമാക്കുന്നതെന്ന് ഈ പരിപാടിയുടെ തലച്ചോറു കൂടിയായ മുരളീധരന്‍ തഴക്കര അഭിപ്രായപ്പെടുന്നു.
ഗ്രാമീണ മേഖലയുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്‌ക്ക് ഉതകുന്ന പരിപാടികള്‍ 1935-ല്‍ പെഷവാറിലാണ് സംപ്രേഷണം ചെയ്‌തു തുടങ്ങിയത്. അതില്‍പ്പിന്നെ തുടങ്ങിയ എല്ലാ നിലയങ്ങളും ഈ മാതൃക തുടര്‍ന്നുപോന്നു. നാട്ടിന്‍പുറം, റേഡിയോ-ഗ്രാമരംഗം എന്നീ പേരുകളിലാണ് കേരളത്തില്‍ ഗ്രാമീണ കാര്‍ഷിക പരിപാടികള്‍ മുന്‍പ് പ്രക്ഷേപണം ചെയ്‌തിരുന്നത്.
1965ലാണ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം വയലും വീടും പരിപാടി തുടങ്ങാന്‍ തീരുമാനമെടുക്കുന്നത്. 1966 ജൂണില്‍ രാജ്യത്തെ 10 റേഡിയോ നിലയങ്ങളില്‍ വയലും വീടും ആരംഭിച്ചു. ഇതേ വര്‍ഷം ഓഗസ്‌റ്റില്‍ തൃശ്ശൂര്‍ നിലയത്തിലാണ് കേരളത്തില്‍ ആദ്യമായി പരിപാടി തുടങ്ങിയത്. 1972ല്‍ കോഴിക്കോട്ടും 1988ല്‍ തിരുവനന്തപുരത്തും വയലും വീടും ആരംഭിച്ചു.
ശാസ്‌ത്രീയ കൃഷിരീതികളില്‍ ഗ്രാമീണ കര്‍ഷകര്‍ക്കുണ്ടായിരുന്ന ആശങ്ക അകറ്റാന്‍ വയലും വീടും ശ്രമിച്ചു. ചാണകവും പച്ചിലവളവും മാത്രം ഉപയോഗിച്ച് ശീലിച്ച കര്‍ഷകര്‍ രാസവളത്തെ സ്വീകരിക്കാന്‍ തയ്യാറായില്ല. ആകാശവാണിയുടെ സമയോചിതവും നിരന്തരവുമായ ബോധനപ്രവര്‍ത്തനം കൊണ്ട് ഈ ആശങ്ക മാറ്റിയെടുക്കാനായി.
വയലും വീടും പരിപാടിയുടെ ഭാഗമായി രൂപം കൊടുത്ത 'കൃഷിപാഠം' നിശ്ചിതമായൊരു പാഠ്യപദ്ധതിയുടെ അടിസ്ഥാനത്തില്‍ ഓരോ മേഖലയി ലെയും വിദഗ്‌ധരുമായി ചര്‍ച്ച ചെയ്‌തതിന്റെ അടിസ്ഥാനത്തിലാണ് പ്രക്ഷേപണം ചെയ്യുന്നത്. പാലിലൂടെ സമ്പല്‍സമൃദ്ധി, ഇല്ലം നിറ വല്ലം നിറ, കേര രക്ഷ നാടിന്റെ രക്ഷ, മധുരകേരളം ഹരിതകേരളം, തേന്‍ നുകരാം പണം നേടാം, റബ്ബര്‍ എന്ന കല്‌പധേനു, പണം കായ്‌ക്കുന്ന കശുമാവ്, പൂവില്‍ നിന്ന് പൊന്ന് തുടങ്ങിയ കൃഷിപാഠങ്ങളെല്ലാം കേരളത്തിലെ കാര്‍ഷിക വിജ്ഞാന വ്യാപനരംഗത്ത് വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.
വിവിധ സര്‍ക്കാര്‍- സര്‍ക്കാരിതര വകുപ്പുകളുടെയും ഏജന്‍സികളുടെയും സ്‌പോണ്‍സര്‍ഷിപ്പോടെയാണ് വയലും വീടും പരിപാടി ഇപ്പോള്‍ മിക്ക ദിവസങ്ങളിലും പ്രക്ഷേപണം ചെയ്യുന്നത്. മാറിയ മാധ്യമ സാഹചര്യത്തില്‍ ശ്രദ്ധേയമായ നേട്ടമാണിതെന്ന് പറയാം. ഈ പരിപാടിയുടെ ജനകീയതയ്‌ക്കൊപ്പം ആവശ്യകതയെക്കൂടിയാണ് ഇത് കാണിക്കുന്നത്.
കൃഷി പാടേ ഇല്ലാതാകുകയും കൃഷിയില്‍ നിന്നും വിട്ടുപോകുന്നവരുടെ എണ്ണം കൂടുകയും ചെയ്യുന്ന അവസ്ഥ ഉടലെടുത്തതോടെ വയലും വീടും പോലുള്ള പരിപാടിയുടെ ഉത്തരവാദിത്തം വര്‍ധിച്ചു. കൃഷിയുടെ മൂല്യത്തെപ്പറ്റി തലമുറകളെ ഉദ്‌ബോധനം ചെയ്യേണ്ടുന്ന വലിയ ഉത്തരവാദിത്തമാണ് ഇതിലൂടെ ആകാശവാണി ഏറ്റെടുത്തിരിക്കുന്നത്. കൃഷിയെ ജീവന്റെ നിലനില്‍പ്പായി കണ്ട ഒരു തലമുറ ഇല്ലാതാകുന്നതോടെ നമ്മള്‍ എത്തിച്ചേരുന്ന ശൂന്യത നികത്താനാകാത്തതാകും. ഈയൊരു സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമേറുന്നു. അതുകൊണ്ടുതന്നെ വയലും വീടും പോലൊരു പരിപാടി കൃഷിയും ജീവവായുവും പോലെ നിലനില്‍ക്കേണ്ട ഒന്നാകുന്നുവെന്ന് പറയേണ്ടിവരും.
ചര്‍ച്ചകള്‍ക്ക് പകരം വിളനിലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രായോഗികപാഠങ്ങള്‍ക്ക് ഊന്നല്‍ കൊടുത്തുള്ള വയലും വീടും പരിപാടിയുടെ രീതി സത്യസന്ധതയുളവാക്കുന്നതാണ്. ശീതീകരിച്ച മുറികളിലെ ചര്‍ച്ചകളെക്കാളും ഉപകരിക്കുക ചെളി നിറഞ്ഞ വയലിലെ വിത്തനുഭവങ്ങളാണെന്ന തിരിച്ചറിവു തന്നെയാണ് വലുത്. ജനകീയ പങ്കാളിത്തത്തോടെ എല്ലാ വര്‍ഷവും ഗ്രാമങ്ങളില്‍ സംഘടിപ്പിക്കുന്ന 'വയലും വീടും ഫാം ഫെസ്റ്റു'കളിലൂടെ ഈ ബഹുജനമാധ്യമം ജനമധ്യത്തിലേക്കിറങ്ങിച്ചെല്ലുന്നു.
ഇ-മീഡിയയുടെ കാലത്ത് ശ്രോതാക്കളുമായി നേരിട്ട് സംവദിക്കാനും അഭിപ്രായങ്ങള്‍ തേടാനും പങ്കുവെയ്‌ക്കാനും ഉതകുന്ന രീതിയില്‍ വയലും വീടും പരിപാടി ക്രമീകരിച്ചിട്ടുണ്ട്. ടെലി വോട്ടിംഗ്, ഫോണ്‍-ഇന്‍-പ്രോഗ്രാമുകള്‍ എന്നിവ ഇത്തരം പുതിയ പരീക്ഷണങ്ങളാണ്. ആധുനിക കാര്‍ഷിക വിജ്ഞാനവും മാനേജ്‌മെന്റ് രീതികളും കൂട്ടിച്ചേര്‍ത്ത് കൃഷി വളര്‍ത്താനും ജീവനോപാധിക്കൊപ്പം ലാഭമുള്ള ബിസിനസ്സായി കൃഷിയെ കാണാനുമുള്ള ആശയങ്ങള്‍ കൂടി ഇത്തരം പ്രോഗ്രാമുകള്‍ പങ്കുവെയ്‌ക്കുന്നു.
എല്ലാം നഷ്ടപ്പെട്ടു എന്നു പറയുന്നതിനേക്കാളും നഷ്ടപ്പെടാത്ത ചിലതിനെ കൂട്ടുപിടിക്കുന്നതായിരിക്കും നല്ലത്. സ്വന്തം വീട്ടുമുറ്റത്തുപോലും ഒരു ചെടിത്തൈ വച്ചുപിടിപ്പിക്കാത്ത തലമുറയുടെ പ്രതിനിധികളാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത് എന്ന സത്യം ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ വിദ്യാലയങ്ങളിലും മറ്റും നടപ്പിലായിക്കൊണ്ടിരിക്കുന്ന ചില കാര്‍ഷിക കൂട്ടായ്‌മകള്‍ നേരിയ പ്രകാശം പകര്‍ന്നുവെയ്‌ക്കുന്നുമുണ്ട്. അങ്ങനെ എല്ലാം നഷ്ടപ്പെടുത്തിയൊന്നും നമുക്ക് ജീവിക്കാനാകില്ല എന്ന നിത്യസത്യത്തെ തന്നെയാണ് ഇത് വെളിപ്പെടുത്തുന്നത്. പച്ചപ്പും തണലും തണുപ്പുമൊന്നുമില്ലാത്ത ഒരു ഊഷരഭൂമി നമുക്ക് വേണ്ട. മണ്ണിലേക്കിറങ്ങാനുള്ള ആഹ്വാനമാകട്ടെ ഓരോ കാര്‍ഷികപാഠങ്ങളും.
No comments:
Post a Comment