Wednesday, 24 February 2021

തനി നാട്ടിന്‍പുറത്തുകാരന്‍


നാട്ടിന്‍പുറത്തെ പറമ്പിലോ തോട്ടുവക്കത്തോ നിന്ന് പശുവിനെ തീറ്റിക്കൊണ്ടിരിക്കുന്നൊരാളെ അതുവഴിയേ പോയ ആരോ ക്യാമറയിലാക്കുന്നു. മറ്റൊരവസരത്തില്‍ കള്ളുചെത്ത് കഴിഞ്ഞ് പനയില്‍ നിന്നിറങ്ങി കത്തി അരയില്‍ കൊരുത്തിട്ട് അല്പം ധൃതിയില്‍ നടന്നുവരികയായിരിക്കും അതേയാള്‍. അപ്പോഴും അയാളെ ക്യാമറയില്‍ പകര്‍ത്തുന്നു. പിന്നെയൊരിക്കല്‍ അടുക്കളക്കരിയും പുകയുമേറ്റ് മുഷിഞ്ഞ ബനിയനും കൈലിയും ധരിച്ച് നാട്ടുവഴിയിലെ ഓലമറച്ച ചായക്കടയില്‍ നീട്ടിയൊരു ചായയടിച്ച് മേശപ്പുറത്ത് കൊണ്ടുവച്ച് ചായകുടിക്കാരോട് നാട്ടുവര്‍ത്തമാനം പറഞ്ഞു നില്‍ക്കുകയായിരിക്കും അതേ മനുഷ്യന്‍. ചെവിക്കു മീതേ വച്ചിരുന്ന ബിഡിയെടുത്ത് പുകയുന്ന അടുപ്പിലോ ചിമ്മിനിവിളക്കിലോ കാട്ടി കത്തിച്ച് ആഞ്ഞുവലിച്ച് പുക വിട്ട് തൂണും ചാരിനിന്ന് അയാള്‍ കുശലപ്രശ്‌നം തുടരുന്നു. തലയില്‍ ചുറ്റിക്കെട്ടിയ തോര്‍ത്ത് അയാള്‍ക്കൊരവയവം തന്നെയാകുന്നു. 

ഒരു അഭിനേതാവിന് ക്യാമറയ്ക്കു മുന്നില്‍ എത്ര സാധാരണീയനാകാന്‍ സാധിക്കുമെന്നു കണക്കുകൂട്ടിയാല്‍ ആ ചരടിന്റെ ഏറ്റവുമങ്ങേയറ്റത്തായിരിക്കും ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന നടന്റെ ഇടം. കടവരാന്തയിലോ വീട്ടുമ്മറത്തോ നടവഴിയിലോ നിരത്തിലോ വയല്‍വരമ്പിലോ കുടുംബച്ചടങ്ങുകളിലോ പൂരപ്പറമ്പിലോ വച്ച് കണ്ടുമുട്ടി കുശലപ്രശ്‌നം നടത്തി ചിരിച്ചുകൊണ്ട് കൈകാണിച്ച് നടന്നുപോകാറുള്ള നാട്ടിലെ പരിചയക്കാരനായ മധ്യവയസ്‌കനോ വയോധികനോ ആണ് മലയാളിക്ക് ഈ നടന്‍.

കേരളീയ ഗ്രാമദേശങ്ങളിലെ മധ്യവര്‍ഗ സാധാരണക്കാരന്റെ മുഖം ഒടുവിലിനോട് അത്രയും സ്വാഭാവികമായി ഇഴചേര്‍ന്നിരിക്കുന്നു. ഗ്രാമ്യമുഖവും സംസാരത്തിലെ നിഷ്‌കളങ്കതയും അയാളില്‍ സമ്മേളിക്കുന്നു. തീര്‍ത്തും ഗ്രാമീണമായ/സാധാരണക്കാരന്‍ ചെയ്തുപോരുന്ന തൊഴിലുകളായിരിക്കും ഒടുവിലിന്റെ കഥാപാത്രങ്ങള്‍ ചെയ്തുപോരുന്നത്. അതിനോട് നൂറ്റൊന്നുവട്ടം താദാത്മ്യപ്പെടുകയും ചെയ്യും. ഗ്രാമ്യദേശത്തിന് പുറത്ത് വളരുകയും സാധാരണക്കാരന് അപ്രാപ്യമാകുന്ന സ്വപ്‌നസദൃശമായ ഉയരങ്ങളില്‍ വിരാജിക്കുകയും ചെയ്യുന്ന കഥാപാത്രമായി ഒടുവിലിനെ കാണാന്‍ സാധിക്കില്ല. എണ്ണ തേയ്ക്കുമ്പോള്‍, ഉമിക്കരി കൊണ്ട് പല്ലു തേയ്ക്കുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍, പറമ്പില്‍ കിളയ്ക്കുമ്പോള്‍, പശുവിനെ മേയ്ക്കുമ്പോള്‍, ചായയടിക്കുമ്പോള്‍, ഗൃഹാന്തരീക്ഷത്തില്‍ വര്‍ത്തമാനം പറയുമ്പോള്‍, മക്കളെ ഉപദേശിക്കുമ്പോള്‍, കൂട്ടുകാര്‍ക്കൊപ്പം സൗഹൃദഭാഷണത്തിലേര്‍പ്പെടുമ്പോള്‍, മേളം കൊട്ടുമ്പോള്‍, താളം പിടിക്കുമ്പോള്‍, ആനപാപ്പാനാകുമ്പോള്‍...ഇത്തരുണത്തിലുള്ള നിരവധിയായ ജീവിതാവസ്ഥകളില്‍ പരിചയവട്ടത്തിലുള്ള സാധാരണ മനുഷ്യന്റെ ചെയ്തികളുടെ പകര്‍പ്പു തന്നെയാണ് സിനിമയിലെ ഒടുവിലിലും കാണാനാകുക. ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കുന്നതു കൊണ്ടു മാത്രം അയാളെ കാണികള്‍ ഒരഭിനേതാവായി കണക്കാക്കുന്നു. 


സ്വജീവിതത്തില്‍ എത്ര ഗ്രാമീണനും നിഷ്‌കളങ്കനുമായിരുന്നുവോ, അത്രയും സമം ചേര്‍ത്ത കഥാപാത്രങ്ങളായിരുന്നു സിനിമയിലും ഒടുവിലിനെ തേടിയെത്തിയത്. ജീവിതത്തിലെ കളങ്കമില്ലാത്ത പെരുമാറ്റം ക്യാമറയ്ക്കു മുന്നില്‍ പുനരാവിഷ്‌കരിക്കേണ്ട പ്രവര്‍ത്തനം മാത്രമായിരുന്നു ഒടുവിലിന് നടത്തേണ്ടിയിരുന്നത്. നാലു പതിറ്റാണ്ടോളം ചെന്ന കരിയറില്‍ താരശരീരമെന്നത് ഒരിക്കല്‍ പോലും ഈ നടന് ബാധ്യതയാകുന്നില്ല. നഗരകേന്ദ്രീകൃതമായ ആധുനിക സംസ്‌കാരത്തോടും പുതുമോടികളോടും ചേര്‍ത്ത് സങ്കല്പിക്കാനാകാത്തത്രയും ഗ്രാമീണനാകുന്നു അയാള്‍. മുണ്ട്, ഷര്‍ട്ട്, കൈലി, മുണ്ടു മാത്രമുടുത്ത് ഷര്‍ട്ടിടാത്ത ശരീരം, മേല്‍മുണ്ട് എന്നിങ്ങനെയുള്ള വേഷങ്ങളിലാണ് മുക്കാല്‍ പങ്ക് കഥാപാത്രങ്ങളിലും ഒടുവിലിനെ കാണുന്നത്. സ്ഥായിയായ നിഷ്‌കളങ്കത നിറഞ്ഞുനില്‍ക്കുന്ന മുഖത്തിന് ക്രൗര്യഭാവം ചേരുകയേയില്ല. അപൂര്‍വം ചിലപ്പോള്‍ കാര്‍ക്കശ്യമോ നഗരവേഷമോ എടുത്തണിഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ നൈസര്‍ഗികമായ അഭിനയപാടവം കൊണ്ട് അതും ഉജ്ജ്വലമാക്കാന്‍ സാധിക്കുന്നു.

തൊള്ളായിരത്തി എഴുപതുകളില്‍ സിനിമയില്‍ എത്തിയ ഒടുവിലിന് മലയാള സിനിമയുടെ പുഷ്‌കലകാലമായ എണ്‍പതുകളില്‍ മറ്റു പല സമകാലികരെയും പോലെ ജനപ്രിയ വേഷങ്ങളെടുടെ പരിലാളന ലഭിച്ചു. ഇക്കാലയളവു തൊട്ട് ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു സിനിമ ആലോചിക്കുമ്പോള്‍ എഴുത്തുകാരന്റെയും സംവിധായകന്റെയുമുള്ളില്‍ പ്രഥമ പരിഗണനയിലെത്തുന്ന പേരുകളിലൊന്ന് ഒടുവിലിന്റേതായി. ഒടുവില്‍ സജീവമായിരുന്ന എണ്‍പതുകളിലും തൊണ്ണൂറുകളിലും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ഇതിന് നിദര്‍ശകമാണ്. ചായക്കടക്കാരന്‍, ബ്രോക്കര്‍, കള്ളുചെത്തുകാരന്‍, കൃഷിക്കാരന്‍, കന്നുകാലികളെ വളര്‍ത്തുന്നയാള്‍, മേളക്കാരന്‍, ഭാഗവതര്‍, അധ്യാപകന്‍, പോലീസ്, വക്കീല്‍, പലിശക്കാരന്‍, ഗൃഹനാഥന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തുടങ്ങി സമൂഹത്തിലെ ഭിന്ന പരിച്ഛേദങ്ങളെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളായി ഒടുവില്‍ മാറുന്നു. സാധാരണ മനുഷ്യര്‍ക്കിടയില്‍ ഒരാളായി ജീവിച്ചുപോന്ന ഒരാളെ സംബന്ധിച്ച് ഇതിലാരുമായി മാറാനും പരകായപ്രവേശം ചെയ്യാനും എളുപ്പത്തില്‍ സാധിച്ചു.


ഒടുവിലിന്റെ ഗ്രാമ്യമുഖം ഏറ്റവും തെളിച്ചത്തോടെ കാണാനാകുക സത്യന്‍ അന്തിക്കാട് സിനിമകളിലാണ്. തെങ്ങും കവുങ്ങും നെല്‍പ്പാടവുമുള്ള ഫ്രെയിമുകളില്‍ ക്യാമറ വയ്ക്കുമ്പോള്‍ അതിനോളം ഗ്രാമ്യമായ തന്റെ സ്ഥിരം അഭിനേതാക്കളുടെ മുഖങ്ങളുടെ കൂട്ടത്തില്‍ ഒടുവിലിനെയും സത്യന്‍ അന്തിക്കാട് പ്രതിഷ്ഠിച്ചിരുന്നു. പൊന്‍മുട്ടയിടുന്ന താറാവിലെ പാപ്പി, വരവേല്പിലെ നാരായണന്‍, മഴവില്‍ക്കാവടിയിലെ കുഞ്ഞാപ്പു, കളിക്കളത്തിലെ ദേവസ്സി, തലയണമന്ത്രത്തിലെ പൊതുവാള്‍ മാഷ്, എന്നും നന്‍മകളിലെ ബാലന്‍, കനല്‍ക്കാറ്റിലെ അയ്യപ്പന്‍ നായര്‍, സന്ദേശത്തിലെ അച്യുതന്‍ നായര്‍, ഗോളാന്തരവാര്‍ത്തയിലെ സുശീലന്‍, തൂവല്‍കൊട്ടാരത്തിലെ അച്യുതന്‍ മാരാര്‍, ഒരാള്‍ മാത്രത്തിലെ പങ്കുണ്ണി മേനോന്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്കിലെ കെ.ജി. നമ്പ്യാര്‍, മനസ്സിനക്കരെയിലെ ശ്രീധരന്‍ എന്നീ അന്തിക്കാടന്‍ കഥാപാത്രങ്ങള്‍ ചിരപരിചിതമായ ഗ്രാമാന്തരീക്ഷത്തില്‍ നിന്നുള്ളവരുടെ പ്രതിനിധികളായിരുന്നു. സംവിധായകന്റെ പ്രതീക്ഷയില്‍ നിന്ന് ഒരു പണത്തൂക്കം പോലും കുറയാത്ത പ്രകടനമാണ് ഈ കഥാപാത്രങ്ങളിലെല്ലാം ഒടുവിലിന്റെ അടിവര. ഈ ഒടുവില്‍ കഥാപാത്രങ്ങളെല്ലാം ചുറ്റുവട്ടത്തെ പരിചിതമുഖങ്ങളാകുന്നതിനൊപ്പം തുറന്നൊരു ചിരി കൂടി ഉള്ളടക്കം ചെയ്താണ് കടന്നുപോകുന്നതെന്നും കാണാം. 

പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ ചായക്കടക്കാരന്‍ അപ്പുണ്ണി നായര്‍, പാവം പാവം രാജകുമാരനിലെ പ്രിന്‍സിപ്പല്‍ കുറുപ്പ്, ഗജകേസരിയോഗത്തിലെ തഹസില്‍ദാര്‍, മാലയോഗത്തിലെ കലിയുഗം പരമു നായര്‍, മൂക്കില്ലാരാജ്യത്തിലെ ഡോക്ടര്‍ വി.എന്‍.ശര്‍മ്മ, ചെപ്പ് കിലുക്കണ ചങ്ങാതിയിലെ നിഷ്‌കളങ്കന്‍ പിള്ള, യോദ്ധയിലെ ഗോപാല മേനോന്‍, മേലേപ്പറമ്പില്‍ ആണ്‍വീട്ടിലെ കുട്ടന്‍നായര്‍, സി.ഐ.ഡി.ഉണ്ണികൃഷ്ണന്‍ ബി.എ. ബി.എഡിലെ പാപ്പുണ്ണി, അനിയന്‍ ബാവ ചേട്ടന്‍ ബാവയിലെ ഈശ്വര പിള്ള, മാട്ടുപ്പെട്ടി മച്ചാനിലെ പ്രഭാകര പ്രഭു,  ഞങ്ങള്‍ സന്തുഷ്ടരാണിലെ മര്‍മ്മം ഗോപാലപിള്ള തുടങ്ങി ഒടുവിലിന്റെ ജനപ്രിയ കഥാപാത്രങ്ങള്‍ക്കെല്ലാം നര്‍മ്മത്തിന്റെ സ്വാഭാവികാടിത്തറയുണ്ട്. ഒടുവിലിന്റെ ഗ്രാമ്യമുഖത്തിനൊപ്പം അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണ് ഈ തുറന്ന ചിരി.


ചിരി കടന്നുചെന്നാല്‍ ഉള്‍ക്കനമുള്ള ചില നോവുകള്‍ അന്തര്‍ലീനമായിട്ടുള്ള ഒടുവില്‍ കഥാപാത്രങ്ങളെ കാണാന്‍ സാധിക്കും. ദേവാസുരത്തിലെ പെരിങ്ങോടനും ആറാം തമ്പുരാനിലെ കൃഷ്ണവര്‍മ്മ തമ്പുരാനും തൂവല്‍കൊട്ടാരത്തിലെ അച്യുതമാരാരും നിഴല്‍ക്കുത്തിലെ ആരാച്ചാരും ഇൗ ഗണത്തിലുള്ള കഥാപാത്രങ്ങളാണ്. ഇവയെല്ലാം ഒടുവിലിലെ അഭിനേതാവിനെ ചിരസ്മരണയില്‍ നിര്‍ത്താന്‍ പോന്നവയാണ്. 'എനിക്ക് തരാന്‍, തന്നോട് പറയാന്‍ എന്റെ കൈയില്‍ ഒന്നുമില്ലെടോ നീലകണ്ഠാ, നാവാമുകുന്ദന് കൊടുത്തതില്‍ ബാക്കി ഇത്തിരി നിവേദ്യമുണ്ട്. അതിന്നാ, സ്വീകരിക്കാ' എന്നു പറഞ്ഞ് മനസ്സിനും ശരീരത്തിനും മുറിവേറ്റ അവസ്ഥയില്‍ കഴിയുന്ന സുഹൃത്തിന് ഹൃദയ നിവേദ്യമായി സമര്‍പ്പിച്ച് കൊട്ടിപ്പാടുന്ന പെരിങ്ങോടനെന്ന ബിംബം കാലാതീതമാണ്. പലപ്പോഴും ഒരു മുഴുനീള കഥാപാത്രത്തിന് സാധിക്കാത്ത ഉള്‍ക്കനവും ആഴവും പകര്‍ന്നുനല്‍കാന്‍ ചില നൈമിഷികമായ വന്നുപോകലുകള്‍ക്കാവും. അതായിരുന്നു കടപ്പാടുകള്‍ക്കും ബന്ധങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കും പിടികൊടുക്കാതെ അലഞ്ഞ പെരിങ്ങോട് ശങ്കരമാരാരെന്ന ഊരുതെണ്ടിയുടെ നിയോഗം. ആഴത്തിലുള്ള ഒരു നോവായിട്ടല്ലാതെ പെരിങ്ങോടനെ ഓര്‍ക്കാനാവില്ല. സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹമാക്കിയ നിഴല്‍ക്കുത്തിലെ ആരാച്ചാര്‍ കഥാപാത്രത്തെക്കാളുമാഴത്തില്‍ ഒടുവിലിലെ നടനെ അടയാളപ്പെടുത്തിയിട്ടുള്ളത് പെരിങ്ങോടനിലാണ്. 

സര്‍ഗത്തിലെ വലിയ തമ്പുരാനും, ആറാം തമ്പുരാനിലെ കൃഷ്ണവര്‍മ്മ തമ്പുരാനും, തൂവല്‍കൊട്ടാരത്തിലെ അച്യുതമാരാരും, മീശമാധവനിലെ കോണ്‍സ്റ്റബിള്‍ അച്യുതന്‍ നമ്പൂതിരിയും കുടുംബഭാരവും ധര്‍മ്മസങ്കടങ്ങളും ചുമലിലേറ്റേണ്ടിവരുന്ന പിതാവായിട്ടാണ് ഒടുവിലിനെ അടയാളപ്പെടുത്തുന്നത്. ശശിശങ്കറിന്റെ പുന്നാരത്തിലെ മക്കള്‍ ഉപേക്ഷിച്ച നാരായണന്‍ നായര്‍ എന്ന അധ്യാപകനും മക്കള്‍ കൂടെയുണ്ടായിട്ടും ഒറ്റപ്പെട്ടുപോകുന്ന ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കത്തിലെ മുന്‍ഷി പരമേശ്വരന്‍ പിള്ളയും ഇതിനോടു ചേര്‍ത്തുവയ്ക്കാവുന്ന കഥാപാത്രങ്ങളാണ്. ചിരിയില്‍ നിന്ന് ഉത്തരവാദിത്വത്തിലേക്കും ഗഹനമായ മൗനത്തിലേക്കും ഉള്‍ക്കരച്ചിലിലേക്കും എളുപ്പത്തില്‍ കടന്നുപോകുന്ന നടനെയാണ് ഈ കഥാപാത്രങ്ങള്‍ അടയാളപ്പെടുത്തുന്നത്. 


സംഗീതത്തിലും വാദ്യോപകരണങ്ങളിലും അടിസ്ഥാന പാഠങ്ങള്‍ അഭ്യസിക്കുകയും മേളത്തോടും വാദ്യകലകളോടും അഭിരുചി സൂക്ഷിക്കുകയും ചെയ്യുന്ന ഒടുവിലിന് അത്തരം കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോഴുള്ള വഴക്കം ശ്രദ്ധേയമാണ്. തൂവല്‍കൊട്ടാരത്തിലെ അച്യുതമാരാരാണ് ഈ ഗണത്തിലെ അഗ്രഗണ്യന്‍. തായമ്പക കൊട്ടുമ്പോഴത്തെ അച്യുതമാരാരുടെ കൈകളിലെയും മുഖത്തെയും ക്ലോസപ്പുകളില്‍ കാണുന്ന വഴക്കവും ഭാവവ്യതിയാനങ്ങളും ഉള്ളില്‍ താളപ്പെരുക്കമുള്ള ഒരു മനുഷ്യനു മാത്രം അനുഭവിപ്പിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ളതാണ്. കെ.കെ. ഹരിദാസിന്റെ വധു ഡോക്ടറാണ് എന്ന സിനിമയിലും മാരാര്‍ വേഷമാണ് ഒടുവിലിന്. 

എം.ടിയുടെ ഒരു ചെറുപുഞ്ചിരിയിലെ വാര്‍ധക്യത്തിലെ ഒറ്റപ്പെടല്‍ അനുഭവിക്കുന്ന കൃഷ്ണക്കുറുപ്പ്, തിരുവിതാംകൂറിലെ അവസാന ആരാച്ചാരായ കാളിയപ്പന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുന്ന അടൂരിന്റെ നിഴല്‍ക്കുത്ത്, കഥാപുരുഷന്‍ എന്നിവ ഒടുവില്‍ ഉണ്ണികൃഷ്ണനെന്ന അഭിനേതാവിനെ ചൂഷണം ചെയ്ത സിനിമകളാണ്. തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ ഒടുവിലിന്റെ പ്രതിഭയോടു നീതി പുലര്‍ത്താതെ ഒരേ അച്ചില്‍ വാര്‍ത്തെടുത്ത കഥാപാത്രങ്ങളിലേക്ക് നിരന്തരം ക്ഷണിക്കപ്പെട്ടുപോന്ന സ്ഥിതിവിശേഷത്തിന് മാറ്റം വരുത്തിയ കഥാപാത്രങ്ങളായി വേണം ചെറുപുഞ്ചിരിയിലെയും നിഴല്‍ക്കുത്തിലെയും കഥാപാത്രങ്ങളെ കാണാന്‍.


കളം ന്യൂസ് ഓണ്‍ലൈന്‍, തിരക്കാഴ്ച -4, 2021 ജനുവരി

https://kalamnews.in/column-thirakkazhcha-np.muraleekrushnan-episode-4

Wednesday, 17 February 2021

പാപത്തിന്റെയും ദുരഭിമാനത്തിന്റെയും കഥകള്‍


ചലച്ചിത്രകലയുടെ പുതുകാല വിനിമയ സാധ്യതയായ ഓവര്‍ ദി ടോപ്പ് (ഒ.ടി.ടി) പ്രയോജനപ്പെടുത്തിക്കൊണ്ട് അതിനുതകും വിധം രൂപപ്പെടുത്തുന്ന സിനിമകള്‍ വിപണിയുടെ നവീന സാധ്യതകള്‍ക്കൊപ്പം പുതിയൊരു തലത്തിലുള്ള ആസ്വാദനാനുഭവം കൂടിയാണ് പ്രേക്ഷകന് പ്രദാനം ചെയ്യുന്നത്. ഒ.ടി.ടി. പ്ലാറ്റ് ഫോം ലക്ഷ്യമിട്ടുള്ള സിനിമകള്‍ പ്രമേയ പരിസരവും ആഖ്യാനത്തിലെ പരീക്ഷണങ്ങളും കൊണ്ട് തിയേറ്റര്‍ സിനിമകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. വലിയ കാന്‍വാസിലേക്കു വളരാതെയും ഫ്രെയിമുകളില്‍ വലിയ ജനക്കൂട്ടത്തെ കൊണ്ടുവരാതെയും നിര്‍മ്മിക്കപ്പെടുന്ന ഈ സിനിമകള്‍ പക്ഷേ പ്രമേയത്തിന്റെ തെരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ല. മാത്രമല്ല, തിയേറ്റര്‍ ഓഡിയന്‍സിന്റെ വികാരോദ്ദീപനങ്ങളും താരാരാധാനയും ഉന്നംവച്ചുള്ള കച്ചവട താത്പര്യങ്ങള്‍ വിട്ടുകളയുകയും ചെയ്യുന്നു. ഇത് നിലവാരമുള്ള സിനിമകളുടെ രൂപപ്പെടലിന് വഴിവയ്ക്കുകയും കച്ചവട സിനിമകള്‍ക്ക് സാധ്യമാകാത്ത പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും മറ്റൊരു തരം സിനിമ സാധ്യമാക്കുന്നതിനും പ്രേരണയാകുകയും ചെയ്യുന്നു.

കോവിഡ് ലോക്ക് ഡൗണില്‍ തിയേറ്ററുകള്‍ അടച്ചിടുകയും സിനിമാ വിപണി നഷ്ടത്തിലാകുകയും ചെയ്തപ്പോഴാണ് ഒ.ടി.ടി. പ്ലാറ്റ് ഫോമിന്റെ സാധ്യത സിനിമാലോകം തിരിച്ചറിയുന്നത്. തിയേറ്റര്‍ റിലീസിന് തയ്യാറായിരുന്ന ചില സിനിമകള്‍ ഒ.ടി.ടി. പ്ലാറ്റ് ഫോം വഴി റിലീസ് ചെയ്യുകയും അതിന് കാഴ്ചക്കാരുണ്ടാകുകയും ചെയ്തതോടെ നിര്‍മ്മാതാക്കള്‍ക്കും ആത്മവിശ്വാസമായി. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ട് ചെയ്ത നിരവധി സിനിമകള്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലൂടെ കാണികളിലെത്തുകയുണ്ടായി.

ഒട്ടുമിക്ക ഭാഷകളിലും ഒ.ടി.ടി. റിലീസുകള്‍ ജനപ്രിയമായതിനൊപ്പം സമകാലിക ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പരീക്ഷണങ്ങളും പുതുമയും ഉള്‍ക്കൊള്ളുന്ന കോളിവുഡ് ഒ.ടി.ടി. മേഖലയിലും തങ്ങളുടെ സാന്നിധ്യമറിയിച്ചു. ബന്ധങ്ങളുടെ ഇഴയടുപ്പവും തീവ്രതയും കോവിഡ് കാല പശ്ചാത്തലത്തില്‍ അവതരിപ്പിച്ച് അഭിനന്ദനം നേടിയെടുത്ത പുത്തന്‍ പുതു കാലൈ എന്ന തമിഴ് ആന്തോളജി സിനിമക്കു പിന്നാലെ നാല് സംവിധായകര്‍ ഒത്തുചേര്‍ന്ന മറ്റൊരു തമിഴ് ആന്തോളജി കൂടി അടുത്തിടെ നെറ്റ്ഫ്ളിക്സില്‍ പിറവികൊണ്ടു. സുധ കൊങ്ങറ, വിഘ്നേശ് ശിവന്‍, ഗൗതം മേനോന്‍, വെട്രിമാരന്‍ എന്നിവരുടേതായി നിര്‍മ്മിക്കപ്പെട്ട പാവ കഥൈകള്‍ എന്ന ഈ സിനിമ, കോവിഡ് കാല ഒ.ടി.ടി പ്ലാറ്റ് ഫോം ഇന്ത്യന്‍ ആന്തോളജി സിനിമകളില്‍ ഏറ്റവും മികച്ചതെന്ന അഭിപ്രായം നേടിയെടുത്തു.


പാവ കഥൈകള്‍ എന്ന ടൈറ്റിലിലൂടെ നാലു പാപങ്ങളുടെ കഥയാണ് സിനിമ പറയുന്നത്. വ്യക്തിബന്ധങ്ങളിലും പ്രണയങ്ങളിലും ജാതി, സമൂഹത്തിന്റേയും കുടുംബത്തിന്റേയും മിഥ്യാഭിമാനം, പാപബോധം, ദുരഭിമാനം എന്നിവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഈ സിനിമകള്‍ ചര്‍ച്ചചെയ്യുന്നു. ആന്തോളജിയിലെ ഓരോ സിനിമയും വ്യത്യസ്ത കഥാപാത്ര, പ്രമേയ പരിസരങ്ങളില്‍ ഒരു പൂര്‍ണസിനിമയാകുമ്പോള്‍ തന്നെ മാനുഷിക ബന്ധങ്ങളില്‍ ജാതിയും ദുരഭിമാന ബോധവും ഇടപെടുന്നതിലെ ഏകതാനത ഒരുപോലെ അനുഭവിപ്പിക്കുന്നതില്‍ ശ്രദ്ധവയ്ക്കുന്നുമുണ്ട്.

ആവിഷ്‌കാരത്തില്‍ സുന്ദരമെങ്കില്‍ക്കൂടി അത്ര സുഖദമായ അനുഭൂതിയല്ല പാവ കഥൈകളുടെ പ്രമേയങ്ങളില്‍ ഉള്ളടങ്ങിയിട്ടുള്ളത്. ഉള്ളുനീറ്റുന്ന പാപാനുഭവങ്ങളുടെ കഥകളാണ് നാലു സിനിമകള്‍ക്കും പറയാനുള്ളത്. തങ്കം, ലൗ പണ്ണാ ഉട്രനും, വാനമകള്‍, ഓര്‍ ഇരവ് എന്നിങ്ങനെ അരമണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള സിനിമകളിലെല്ലാം സ്ത്രീകളാണ് കേന്ദ്രമാകുന്നത്. സ്ത്രീയുടെ ജീവിതവും ശരീരവും അവളുടെ സ്വന്തമാണെങ്കില്‍ക്കൂടി അതില്‍ ബോധപൂര്‍വം ഇടപെടുന്ന ബന്ധുത്വം, ജാതി, സമൂഹം, പുരുഷന്‍, മാനാഭിമാനങ്ങള്‍, പാപബോധം എന്നിവയെല്ലാം ചേര്‍ന്ന് അവള്‍ക്ക് സ്വാതന്ത്ര്യം ഇല്ലാതാക്കുന്നുവെന്ന യാഥാര്‍ഥ്യം പാവ കഥൈകള്‍ പറഞ്ഞുവയ്ക്കുന്നു. പെണ്ണിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇവയില്‍ ഏതെങ്കിലുമൊക്കെ സദാ ഇടപെടുന്നുണ്ടെന്നത് വസ്തുതയാണ്. പെണ്ണിന് ജീവിതത്തിലെ ഇഷ്ടങ്ങള്‍ക്കോ സ്വാതന്ത്ര്യങ്ങള്‍ക്കോ ആയുള്ള തെരഞ്ഞെടുപ്പ് അത്യധികം വിഷമം നിറഞ്ഞതാണെന്നും പാവ കഥൈകള്‍ കാണിച്ചുതരുന്നു. നമ്മുടെ ജീവിത പരിസരത്തെ നാല് അനുഭവങ്ങളിലൂടെയാണ് ഈ യാഥാര്‍ഥ്യങ്ങള്‍ സിനിമയില്‍ കടന്നുവരുന്നത്. ഈ അനുഭങ്ങളൊന്നും നമുക്ക് അപരിചിതമല്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യം. ഇവയെല്ലാം നമ്മള്‍ പലകുറി പത്രവാര്‍ത്തകളായി വായിച്ചുപോയിട്ടുണ്ട്. പാവ കഥൈകളിലെ കഥാപാത്രങ്ങളെല്ലാം നമുക്കൊപ്പം ജീവിക്കുന്നവര്‍ തന്നെയാകുന്നു.


ആന്തോളജിയിലെ ആദ്യ സിനിമയായ തങ്കം ഒ.ടി.ടി പ്ലാറ്റ് ഫോം വഴി കാണികളിലെത്തിയ സുരറൈ പോട്രിനു ശേഷമുള്ള സുധ കൊങ്കറയുടെ രചനയാണ്. രണ്ടര മണിക്കൂര്‍ സിനിമയില്‍ നിന്ന് അര മണിക്കൂര്‍ സിനിമയിലേക്കെത്തുമ്പോള്‍ ഒന്നുകൂടി ചെത്തിമിനുക്കി മുനകൂര്‍പ്പിച്ച സൃഷ്ടിയുമായി എത്തുന്ന സംവിധായികയെയാണ് കാണാനാകുക. ത്രികോണ പ്രണയകഥ പറയുന്ന തങ്കത്തില്‍ ട്രാന്‍സ്ജെന്‍ഡറിനോട് യാഥാസ്ഥിതിക സമൂഹം വച്ചുപുലര്‍ത്തുന്ന സമീപനം കൂടി വിഷയമാകുന്നു. കാളിദാസ് ജയറാമാണ് സത്താര്‍ എന്ന ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമാകുന്നത്. പ്രണയ, വൈകാരിക രംഗങ്ങളിലെയും ട്രാന്‍സ് ആയുള്ള ശരീര ചലനങ്ങളിലെയും പ്രകടനമികവിലൂടെ കാളിദാസിന്റെ കരിയറിലെ മികച്ച കഥാപാത്ര രൂപാന്തരമായി സത്താര്‍ മാറുന്നു. ശരവണന്‍, സത്താര്‍, സാഹിറ എന്നിവരുടെ സൗഹൃദവും പ്രണയവും അടിസ്ഥാനമാക്കിയാണ് തങ്കത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. 1980 കളാണ് കഥാപശ്ചാത്തലം. സിനിമ അവസാനിക്കുമ്പോള്‍ ഉള്ളില്‍ ഒരു നോവോ ഇടറുന്ന ഒരു സംഗീതമോ ആയി സത്താറിനെ അവശേഷിപ്പിച്ചിടാന്‍ സംവിധായികയ്ക്കാകുന്നുണ്ട്. ഈ നോവിന്റെ അലയാണ് പാവ കഥൈകളിലെ തുടര്‍ന്നുള്ള സിനിമകളും.

വിഘ്നേഷ് ശിവന്റെ ലൗ പണ്ണാ ഉട്രനും തീവ്രമായ വിഷയത്തെ കറുത്ത ഹാസ്യത്തില്‍ അവതരിപ്പിച്ചാണ് ആന്തോളജിയിലെ മറ്റു സിനിമകളില്‍ നിന്നു വേറിട്ടു നില്‍ക്കുന്നത്. ജാതി അഭിമാനം കൊണ്ടുനടക്കുന്ന രാഷ്ട്രീയ നേതാവിന്റെ ഇരട്ട പെണ്‍കുട്ടികളുടെ പ്രണയമാണ് ചിത്രത്തിന്റെ വിഷയം. കീഴ്ജാതിക്കാരനായ ഡ്രൈവറെ പ്രണയിച്ച മകളെ കൊലപ്പെടുത്തുന്ന അച്ഛനെ പിതൃവികാരത്തേക്കാള്‍ ജാതി ദുരഭിമാനമാണ് ഭരിക്കുന്നത്. അതേസമയം രണ്ടാമത്തെ പെണ്‍കുട്ടി പ്രണയത്തിന്റേയും ജീവിതത്തിന്റേയും സ്വാതന്ത്ര്യത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ധൈര്യം കാട്ടുന്നുമുണ്ട്. തൊട്ടാല്‍ പൊള്ളുന്ന കാലികപ്രാധാന്യമുള്ള വിഷയത്തിനു മുകളില്‍ ഒരു രസക്കുമിള ചേര്‍ത്താണ് വിഘ്നേശ് ശിവന്‍ സൃഷ്ടിച്ചിട്ടുള്ളത്. അങ്ങനെ നോവിനൊപ്പം ഒരു ചെറുചിരി കൂടി നല്‍കി കടന്നുപോകാന്‍ ലൗ പണ്ണാ ഉട്രനും എന്ന ചെറുസിനിമയ്ക്കാകുന്നു.


ഇടത്തരം കുടുംബത്തിലെ അംഗമായ പന്ത്രണ്ടുകാരിയെ മൂന്നു യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിക്കുന്നതിനെ തുടര്‍ന്ന് ആ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളിലൂടെയും മാനസിക വ്യഥകളിലൂടെയും കടന്നുപോകുന്ന ഗൗതം മേനോന്റെ വാനമകള്‍ ആയിരിക്കും പാവ കഥൈകളില്‍ തെല്ല് നൊമ്പരക്കൂടുതലായി അവശേഷിക്കുക. ആ കുടുംബത്തിനുണ്ടാകുന്ന ദുരവസ്ഥ ഉള്ളിലൊരു പൊള്ളലായി തന്നെ തുടര്‍ന്നേക്കാം. മകള്‍ പീഡിപ്പിക്കപ്പെട്ട വിവരം രഹസ്യമാക്കാന്‍ ശ്രമിക്കുകയും തങ്ങളുടെ അഭിമാനത്തെ ഈ സംഭവം എങ്ങനെ ബാധിക്കുമെന്ന് ആവലാതിപ്പെടുകയും ചെയ്യുന്ന അമ്മയായി സിമ്രാന്റെയും പൊന്നുത്തായി എന്ന വാനമകളുടെയും ശ്രദ്ധേയ പ്രകടനം ഈ സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ്. ഗൗതം മേനോന്റെ അനായാസമായ അഭിനയശൈലി ഒരിക്കല്‍ക്കൂടി അനുഭവിപ്പിക്കാനും വാനമകള്‍ക്കാകുന്നു. തങ്കത്തിലേതു പോലെ വാനമകളിലെയും സുന്ദരമായ പശ്ചാത്തല സംഗീതം കാണികളുടെ ഉള്ളില്‍ കൊരുത്തിടാന്‍ ശേഷിയുള്ളതാണ്.

ലൗ പണ്ണാ ഉട്രനും എന്ന വിഘ്നേശ് ശിവന്‍ ചിത്രത്തിലേതു പോലെ അച്ഛന് മകളോടുള്ള സ്നേഹത്തേക്കാള്‍ ദുരഭിമാനം മുന്നില്‍ നില്‍ക്കുന്ന സ്ഥിതിവിശേഷമാണ് വെട്രിമാരന്റെ ഓര്‍ ഇരവിലും കാണുന്നത്.  ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രണയ, ജാതി ദുരഭിമാനക്കൊലകളാണ് രണ്ടു വ്യത്യസ്ത പശ്ചാത്തലത്തില്‍ രണ്ടു സിനിമകളും വിഷയമാക്കുന്നത്. വിദ്യാസമ്പന്നയായ മകള്‍ താഴ്ന്ന ജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിക്കുന്നതോടെ കുടുംബാന്തരീക്ഷം മാറുകയാണ്. താഴെയുള്ള പെണ്‍മക്കളുടെ പഠനം പോലും അവസാനിപ്പിക്കുകയാണ് കുടുംബനാഥന്‍. ഒടുവില്‍ എല്ലാം ക്ഷമിച്ചെന്ന മട്ടില്‍ ഗര്‍ഭിണിയായ മകളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരുന്നു പിതാവ്. എന്നാല്‍ മകളെയും വയറ്റില്‍ വളരുന്ന കുഞ്ഞിനെയും വിഷം കൊടുത്ത് കൊന്ന് കുടുംബത്തിന്റെയും സമുദായത്തിന്റെയും അഭിമാനം കാക്കുകയാണ് അയാള്‍. ജാതി അഭിമാനം കാക്കാനുള്ള അരുംകൊലകള്‍ നമ്മുടെ അനുഭവ പരിസരത്തില്‍ നിത്യസംഭവമാണെന്നിരിക്കെ കേവലം കണ്ടുകളയാനാവില്ല ഈ വെട്രിമാരന്‍ സിനിമ. അതുണ്ടാക്കുന്ന നോവ് വിടാതെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും.

സ്ത്രീശബ്ദം, 2021 ജനുവരി

Wednesday, 10 February 2021

തീവ്രരാഷ്ട്രീയം രുചിക്കുന്ന ബിരിയാണി


കരിയറിലെ മൂന്നാമത്തെ സിനിമയിലേക്കെത്തുമ്പോള്‍ തീവ്ര രാഷ്ട്രീയം സംസാരിക്കുന്ന സംവിധായകനാകുകയാണ് സജിന്‍ ബാബു. അണ്‍ ടു ദ ഡസ്‌ക് എന്ന ആദ്യ ചിത്രവും ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിച്ച അയാള്‍ ശശി എന്ന ചിത്രവും സാമൂഹികതയേക്കാള്‍ വൈയക്തിതാനുഭവങ്ങളില്‍ ശ്രദ്ധ വയ്ക്കുന്നവയായിരുന്നു. എന്നാല്‍ ബിരിയാണിയെന്ന നിരവധി അംഗീകാരങ്ങള്‍ നേടിയ സജിന്റെ സിനിമ ഏറെ പ്രസക്തമായ സമകാലിക സാമൂഹിക പ്രശ്‌നങ്ങളിലേക്കാണ് കണ്ണയക്കുന്നത്.

ഇസ്ലാം മതത്തിന്റെ ഇടുങ്ങിയ ചട്ടക്കൂട്, മുസ്ലീം സ്ത്രീയുടെ സ്വാതന്ത്ര്യമില്ലായ്മ, മുത്തലാഖ്, മത തീവ്രവാദം, പൗരോഹിത്യം തുടങ്ങി പൊള്ളുന്ന വിഷയങ്ങളിലാണ് ബിരിയാണി കൈവയ്ക്കുന്നത്. പേരുപോലെ അത്ര രുചികരമല്ല കാര്യങ്ങളെന്നു സാരം. ഒറ്റ വിഷയത്തില്‍ ഫോക്കസ് ചെയ്തുകൊണ്ട് അതിന്റെ തീവ്രതയിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന പ്രതിപാദന രീതിയല്ല ബിരിയാണിയുടേത്. കനി കുസൃതി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രമായ ഖദീജയുടെ ജീവിതാവസ്ഥകളിലൂടെ മേല്‍ പ്രതിപാദിച്ച വിഷയങ്ങളിലേക്കെല്ലാം സഞ്ചരിച്ചെത്തുകയാണ് ബിരിയാണി.

പിന്നോക്ക സാമ്പത്തികസ്ഥിതിയിലുള്ള ഒരു മുസ്ലീം സ്ത്രീയുടെ വൈവാഹിക, ഗാര്‍ഹിക, ലൈംഗിക, സാമൂഹികാവസ്ഥകളിലൂടെ സിനിമ കടന്നുപോകുന്നു. ഇവിടെയെല്ലാം പുരുഷ കേന്ദ്രീകൃതമായിട്ടാണ് കാര്യങ്ങള്‍ പുലര്‍ന്നുപോരുന്നതെന്നു കാണാം. ലൈംഗിക സംതൃപ്തി പോലും നിഷേധിക്കപ്പെടുന്ന സ്ത്രീയെയാണ് സിനിമയുടെ തുടക്കത്തില്‍ കാണാനാകുക. സാമ്പത്തികമായ പിന്നോക്കാവസ്ഥകളുടെ കരിനിഴല്‍ ഗാര്‍ഹിക ജീവിതത്തിലും വന്നു വെളിച്ചം കെടുത്തുന്നു. സ്ത്രീകള്‍ക്ക് പരിഗണന നല്‍കാത്ത, പുരുഷന്മാരുടെ താത്പര്യം മാത്രം പരിഗണനയ്‌ക്കെടുക്കുന്ന മതാചാരങ്ങളാണ് ഖദീജയുടെ ജീവിതത്തില്‍ പിന്നീട് ഭീഷണിയാകുന്നത്. മതവും സമൂഹവും എപ്പൊഴും എളുപ്പത്തില്‍ പുറന്തള്ളുന്നത് സ്ത്രീകളെയാണെന്ന് സിനിമ ഓര്‍മ്മപ്പെടുത്തുന്നു.


മൊഴിചൊല്ലപ്പെട്ട സ്ത്രീ, മാനസിക നില തെറ്റിയ സ്ത്രീ, വിശുദ്ധ രാജ്യത്തിനു വേണ്ടി സ്വയം ബലി നല്‍കാന്‍ തയ്യാറായി തീവ്രവാദ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന പുരുഷനെ കാത്തിരിക്കുന്ന സഹോദരിയും അമ്മയും തുടങ്ങി സമൂഹത്തിന്റെ നേര്‍ പരിച്ഛേദങ്ങളായ സ്ത്രീരൂപങ്ങളെ ബിരിയാണിയില്‍ കാണാം. ജീവിതത്തില്‍ വന്നുചേരുന്ന തിക്താനുഭവങ്ങള്‍ക്കു മുന്നില്‍ പുകഞ്ഞുതീരാതെ സധൈര്യം നേരിടുന്നവളാണ് ബിരിയാണിയിലെ കേന്ദ്രകഥാപാത്രമായ ഖദീജ. ഒരു മൊഴിചൊല്ലലിലൂടെ സ്വന്തം ജീവിതത്തെ കൈവിട്ടു കളയാന്‍ അവള്‍ തയ്യാറാകുന്നില്ല. പരീക്ഷണങ്ങള്‍ നല്‍കിയ ജീവിതത്തെ അതേ പാതയില്‍ നടന്ന് തോല്‍പ്പിക്കുകയാണവള്‍. ആരോടെങ്കിലുമുള്ള പകപോക്കലായിരുന്നില്ല അവള്‍ക്ക് ജീവിതം. പുരുഷ മേധാവിത്ത സമൂഹത്തിനു മുന്നില്‍ പെണ്ണ് /മനുഷ്യന്‍ എന്ന നിലയില്‍ ജീവിച്ചു തെളിയിക്കണമായിരുന്നുവെന്നു മാത്രം.

ബിരിയാണി ഉയര്‍ത്തിക്കൊണ്ടുവരുന്ന പൊതു വിഷയങ്ങളെക്കാള്‍ ഒരു മുസ്ലീം സ്ത്രീയുടെ ജീവിതാവസ്ഥകളാണ് കാണികളുമായി കൂടുതല്‍ സംവദിക്കുന്നത്. മുത്തലാഖും മത തീവ്രവാദവും പൗരോഹിത്യവും പലതവണ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളാണെങ്കില്‍ കൂടി ഈ പ്രശ്‌നങ്ങളെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഇപ്പോഴും ഉത്തരം കാണാതെ സജീവമായി തുടരുന്നുവെന്നതു തന്നെയാണ് ഇതിന്റെ പ്രസക്തി. 

രാജ്യാന്തര ചലച്ചിത്ര മേളകളില്‍ നേടിയ പുരസ്‌കാരങ്ങളാണ് ബിരിയാണിയെ ശ്രദ്ധേയമാക്കിയത്. റോമിലെ ഇരുപതാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡ്, ബാംഗ്ലൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പുരസ്‌കാരം, മികച്ച തിരക്കഥയ്ക്കുള്ള പദ്മരാജന്‍ അവാര്‍ഡ്, കനി കുസൃതിക്ക് സ്‌പെയിനിലെ മാഡ്രിഡില്‍ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടി, 42-ാമത് മോസ്‌കോ ചലച്ചിത്രമേളയിലെ മികച്ച നടി, സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടി എന്നീ പുരസ്‌കാരങ്ങളും നേടി.

സ്വയം വെട്ടിത്തെളിച്ച പാതയില്‍ കനി

പൊള്ളുന്ന പ്രമേയത്തിനൊപ്പം ബിരിയാണിയെന്ന സിനിമ ശ്രദ്ധേയമാകുന്നത് കനിയുടെ സവിശേഷമായ പ്രകടനം കൊണ്ടു കൂടിയാണ്. നാടകത്തില്‍ നിന്ന് സിനിമയിലെത്തി ചെറിയ റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട കനിയെ സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരവത്തിനും ലോകത്തിലെ വിവിധ മേളകളില്‍ നിന്നുള്ള പുരസ്‌കാരങ്ങള്‍ക്കും അര്‍ഹയാക്കിയത് ബിരിയാണിയിലെ ഖദീജയായുള്ള പരകായ പ്രവേശത്തിലൂടെയാണ്. വിവിധ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്ന ഖദീജയെന്ന മുസ്ലീം സ്ത്രീയുടെ അന്ത:സംഘര്‍ഷങ്ങളും ശരീരഭാഷയും കനിയിലെ അനുഭവസമ്പത്തുള്ള അഭിനേത്രിയില്‍ ഭദ്രമാകുന്നതായി കാണാം.

നാടക അരങ്ങില്‍ നിന്നുള്ള അഭിനയ പരിചയമാണ് കനിയിലെ നടിയെ മിനുക്കിയെടുത്തിയത്. സിനിമയില്‍ ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ലെങ്കില്‍ പോലും ചെയ്തവയിലെല്ലാം തഴക്കം ചെന്ന ഒരു അഭിനേതാവിന്റെ കൈയൊപ്പ് പതിക്കാന്‍ കനിക്കായിട്ടുണ്ട്. ഇത് നാടകവേദിയിലെ ശിക്ഷണത്തിന്റെ ഗുണമാണ്. തിരുവനന്തപുരത്തെ അഭിനയ തിയേറ്റര്‍ റിസേര്‍ച്ച് സെന്ററിലൂടെയാണ് കനിക്ക് നാടകവേദി പരിചിതമായത്. അഭിനയത്തിന്റെ വഴിയില്‍ ഈ തിയേറ്റര്‍ ഒന്നാന്തരം പഠനക്കളരിയായിരുന്നുവെന്ന് കനിയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെയും ലാഗോണ്‍സ് ഇന്റര്‍നാഷണല്‍ ഡി റ്റെറ്റേ ജാക്വസ് ലെക്കോകിലുമായി നാടക പഠനം നടത്തിയ കനി സംസ്‌കൃത ക്ലാസിക്ക് പ്രഹസനമായ ഭഗവദ്ജുകത്തിലൂടെയാണ് തിയേറ്റര്‍ അരങ്ങേറ്റം കുറിച്ചത്.

    


        പത്തു സംവിധായകര്‍ അണിനിരന്ന കേരള കഫേയില്‍ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ഐലന്‍ഡ് എക്പ്രസ് എന്ന ചിത്രത്തിലൂടെയാണ് കനി സിനിമാഭിനയരംഗത്ത് തുടക്കമിടുന്നത്. ശിക്കാര്‍ എന്ന പദ്മകുമാര്‍ ചിത്രത്തില്‍ നക്‌സലൈറ്റ്, അരുണ്‍കുമാര്‍ അരവിന്ദിന്റെ കോക്ടെയ്‌ലിലെ സെക്‌സ് വര്‍ക്കര്‍ എന്നീ വേഷങ്ങളില്‍ പ്രേക്ഷകര്‍ കനിയെ ശ്രദ്ധിച്ചു. എന്നാല്‍ സിനിമയില്‍ നല്ല വേഷങ്ങള്‍ മാത്രം തെരഞ്ഞെടുത്ത കനി നാടകവേദിയിലാണ് തുടര്‍ന്നും ശ്രദ്ധ കാട്ടിയത്. 2010 ഡിസംബറില്‍ നടനും പ്രചരണ നാടക പ്രവര്‍ത്തകനുമായ ഏലിയാസ് കോഹാന്റെ 'ലാസ് ഇന്‍ഡിയസ്' എന്ന അവതരണ പരിപാടി, ഇന്‍ഡോ-ലാറ്റിന്‍ അമേരിക്കന്‍ നാടക കമ്പനിയായ ലാസ് ഇന്‍ഡ്യയില്‍ നിന്നു  പരിണമിച്ച 'സിങ്ങിംഗ് സ്റ്റിക്‌സ് തിയേറ്റര്‍ എന്‍സെമ്പള്‍', ഫൂട്ട്‌സ്ബാരന്‍ ടൂറിംഗ് തീയേറ്റര്‍, ഷേക്‌സ്പിയര്‍ ഗ്ലോബ് തുടങ്ങിയ നാടകസംരംഭങ്ങളില്‍ സഹകരിച്ചു. ആത്മാവിഷ്‌കാരത്തിനും ജീവിതത്തിനും കൂടുതല്‍ വ്യക്തത നല്‍കാന്‍ നാടകത്തിലൂടെയും അഭിനയത്തിലൂടെയും സാധിക്കുന്നതായി തനിക്കു തോന്നിയിട്ടുണ്ടെന്ന് കനിയുടെ സാക്ഷ്യപ്പെടുത്തല്‍. സിനിമയില്‍ മുഖ്യധാരാ, സമാന്തര ചിത്രങ്ങള്‍ എന്ന വേര്‍തിരിവിനെക്കുറിച്ച് കനിക്ക് അഭിപ്രായമില്ല. തന്നെ തേടിയെത്തുന്നത് കൂടുതലും സമാന്തര ചിത്രങ്ങളാണെന്നും കനി സമ്മതിക്കുന്നു.

പരിയാരം മെഡിക്കല്‍ കോളേജില്‍ ലക്ചററും കമ്മ്യൂണിറ്റി ഹെല്‍ത്ത് വിദഗ്ദ്ധയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ.എ.കെ ജയശ്രീയും പ്രശസ്ത സ്വതന്ത്രചിന്തകനായ മൈത്രേയനുമാണ് കനിയുടെ മാതാപിതാക്കള്‍. സ്വതന്ത്രചിന്തകരും യുക്തിവാദികളുമെന്ന നിലയ്ക്കാണ് അവര്‍ സ്വയം അടയാളപ്പെടുത്തുന്നത്.

അക്ഷരകൈരളി, 2020 ഡിസംബര്‍

Tuesday, 9 February 2021

ഭാവാഭിനയ പൂര്‍ണിമ


മധ്യവയസ്‌ക, അമ്മ, വയോധിക തുടങ്ങിയ വേഷങ്ങളില്‍ തുടര്‍ച്ചയായി അഭിനയിച്ചുപോരുന്ന ഒരു നടിയുടെ കഥാപാത്രങ്ങളില്‍ നിന്ന് അത്രകണ്ട് രസികത്തമോ ചിരിയോ സജീവതയോ പ്രതീക്ഷിക്കാനാകില്ല. സ്ഥായിയായ ശാന്ത, കരുണാ രസങ്ങളോ സ്നേഹമസൃണമായ മാതൃഭാവങ്ങളോ ആയിരിക്കും അവരില്‍ തെളിഞ്ഞുകാണുക. പ്രശ്‌നവേളകളിലെ ആശ്വാസമോ അവസാന വാക്കോ പ്രസന്നമായ ഒരു ചിരിയോ തലോടലോ ആയിട്ടായിരിക്കും ആ സാന്നിധ്യം അനുഭവിക്കാനാകുന്നത്.

സിനിമാഭിനയത്തിലെ തുടക്കകാലത്ത് കാമുകിയും കൂട്ടുകാരിയും അനിയത്തിയും ഭാര്യയും വേലക്കാരിയുമൊക്കെയായി വേഷമിടുകയും പിന്നീട് അമ്മവേഷമെടുത്തണിയുകയും ചെയ്ത കെ.പി.എ.സി ലളിതയെന്ന നടി മേല്‍ സൂചിപ്പിച്ച ഏകമാതൃഭാവത്തില്‍ നിന്ന് അടിമുടി മുക്തയാണ്. കേവലം ഒറ്റഭാവത്തില്‍ ഒതുങ്ങിപ്പോകുന്നതിലെ പരിമിതി ഈ നടിക്ക് കരിയറില്‍ ഒരു കാലത്തും ബാധ്യതയായതായി കാണാനാകില്ല. അവരുടെ ഒട്ടുമുക്കാല്‍ പങ്ക് കഥാപാത്രങ്ങളിലും ഒരു ചിരി ഒളിപ്പിച്ചു വച്ചിട്ടുണ്ടായിരിക്കും. സംവിധായകന്റെ നിര്‍ദേശത്തിനുപരിയായി തന്നിലെ അഭിനേത്രിയിലെ ഭാവാഭിനയത്തിലെയും ശബ്ദത്തിലെയും പ്രകടനസാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ട് ലളിത നല്‍കുന്ന സ്വയം നവീകരണം ആണ് അവരുടെ കഥാപാത്രങ്ങള്‍ക്ക് വ്യക്തിത്വം നല്‍കുന്നത്. 

ചിരിയില്‍ നിന്ന് കരച്ചിലിലേക്കും, ആര്‍ദ്രതയിലേക്കും വിരഹത്തിലേക്കും പൊടുന്നനെ മാറുന്ന ഭാവങ്ങള്‍ ലളിതയിലെ അഭിനേത്രിയുടെ കരുത്താണ്. കണ്ണുനീരില്‍ പോലും ചിരി പ്രകാശിപ്പിക്കാനുള്ള അസാധാരണ ശേഷി ഈ നടിക്കുണ്ട്. മറ്റു അമ്മനടിമാരില്‍ നിന്നും കെ.പി.എ.സി. ലളിത വ്യത്യസ്തയാകുന്നത് ഈ അസാധാരണത്വം കൊണ്ടാണ്. ഒരു കഥാപാത്രത്തില്‍ നിന്ന് അടുത്തതിലേക്ക് കൃത്യമായ ദൈര്‍ഘ്യം അടയാളപ്പെടുത്താന്‍ ഇവര്‍ക്കാകുന്നു. അമ്മ, മുതിര്‍ന്ന ചേച്ചി, ചേട്ടത്തിയമ്മ, അമ്മായി, അമ്മൂമ്മ, അമ്മായിയമ്മ തുടങ്ങി പ്രായത്തിനനുസരിച്ച് പ്രതിഷ്ഠിക്കപ്പെടുന്ന വാര്‍പ്പുമാതൃകാ കഥാപാത്രങ്ങളില്‍ പോലും ആ കൈയൊപ്പ് കാണാം. സ്ഥായിയായ രസികത്തമാണ് ലളിതയുടെ മുഖമുദ്ര. ഒരു കൗതുകമോ, കള്ളമോ, ഉള്ളിലൊളിപ്പിച്ച ചിരിയോ, നാണമോ, ശൃംഗാരമോ അതില്‍ ഉള്ളടങ്ങിയിട്ടുണ്ടാകും. അങ്ങനെ അധികമൊന്നും ചെയ്യാനില്ലാതെ പ്രധാന കഥാപാത്രങ്ങളുടെ തണലു പറ്റിനില്‍ക്കുന്ന വേഷങ്ങള്‍ പോലും പേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതാക്കി മാറ്റാന്‍ ലളിതയ്ക്കാകുന്നു. ഏതു കഥാപാത്രത്തിലും അസാധാരണമായ ത•യത്വത്തോടെയും സ്വാഭാവികതോടെയും മിഴിവ് നല്‍കാനുള്ള ശേഷി, ശരീരഭാഷ, സംഭാഷണ ചാതുരി തുടങ്ങിയ ഘടകങ്ങള്‍ കെ.പി.എ.സി. ലളിതയെന്ന അഭിനേത്രിയെ വേറിട്ടു നോക്കിക്കാണാന്‍ മലയാള സിനിമാ മേഖലയെയും പ്രേരിപ്പിച്ചു.


സിനിമ കറുപ്പിലും വെളുപ്പിലുമൊതുങ്ങിയിരുന്ന കാലത്തെ നാടകീയത ലളിതയെ ആവേശിച്ചിരുന്നില്ല. പ്രൊഫഷണല്‍ നാടക രംഗത്തു നിന്നു  സിനിമയില്‍ പ്രവേശിച്ചിട്ടു പോലും അതിനാടകീയതയെ പുല്‍കാതെ സ്വാഭാവികമായി ക്യാമറയ്ക്കു മുന്നില്‍ പെരുമാറുന്ന നടിയെയാണ് ലളിതയില്‍ കാണാനാകുക. സംഭാഷണത്തിലും ഈ നാടകീയതയില്ലായ്മ ലളിതയെ സമകാലികരില്‍ നിന്ന് വേറിട്ടുനിര്‍ത്തി. തുടക്കകാലത്ത് ബഹദൂര്‍, അടൂര്‍ ഭാസി, ശങ്കരാടി, സുകുമാരി തുടങ്ങിയവരുടെ സഹകഥാപാത്രമായിട്ടാണ് ലളിതയെ കൂടുതലും കണ്ടത്. രസികത്തം നിറഞ്ഞ അത്തരമൊരു കോമ്പോ തൊള്ളായിരത്തി അറുപതുകളിലെയും എഴുപതുകളിലെയും സിനിമകളുടെ വിജയഘടകമായി വര്‍ത്തിച്ചുപോന്നു. 

     എണ്‍പതുകളില്‍ മധ്യവയസ്സിലേക്കു പ്രവേശിക്കുമ്പോഴാണ് കുറേക്കൂടി വികാസം പ്രാപിക്കുന്നതും ഉള്‍ക്കനമുള്ളതും നേരത്തെ പ്രതിപാദിച്ചതു പോലെ രസികത്തം നിറഞ്ഞതുമായ കഥാപാത്രങ്ങളായി ലളിതയെ കാണാനാകുക. മലയാളി ലളിതയെ നിരന്തരം ഓര്‍മ്മിച്ചെടുക്കുന്നതും ഇത്തരം കഥാപാത്രങ്ങളിലൂടെ തന്നെ. 1978ല്‍ അടൂരിന്റെ കൊടിയേറ്റത്തിലെ ശാന്തമ്മയാണ് ബ്ലാക്ക് ആന്റ് വൈറ്റ് യുഗത്തിനും എണ്‍പതുകള്‍ തൊട്ട് തുടങ്ങുന്ന ജനപ്രിയ കഥാപാത്രങ്ങള്‍ക്കുമിടയിലെ പാലം. ഭരതന്റെ കാറ്റത്തെ കിളിക്കൂടിലൂടെ അഭിനയത്തിലെ രണ്ടാം ഘട്ടത്തിലേക്കു ലളിത പ്രവേശിക്കുന്നു. എണ്‍പതുകളുടെ രണ്ടാം പകുതിയില്‍ തുടങ്ങുന്ന സത്യന്‍ അന്തിക്കാടിന്റെ ജനപ്രിയ സിനിമകളിലെ സ്ഥിരം സാന്നിധ്യമാകുന്നതോടെ കെ.പി.എ.സി ലളിതയിലെ നടിക്കും അത്തരമൊരു ജനപ്രിയത കൈവരുന്നു.


സ•നസ്സുള്ളവര്‍ക്ക് സമാധാനം, ടി.പി.ബാലഗോപാലന്‍ എം.എ., ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, വരവേല്പ്, പൊ•ുട്ടയിടുന്ന താറാവ്, തലയണമന്ത്രം, സന്ദേശം തുടങ്ങിയ അന്തിക്കാടന്‍ സിനിമകളിലെല്ലാം ജനങ്ങള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ് ലളിതയുടേത്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റില്‍ ഏഷണിയും പരദൂഷണവും ശീലമാക്കിയ അയല്‍പ്പക്കക്കാരി ചേച്ചിയാണ് ലളിത. പൊ•ുട്ടയിടുന്ന താറാവില്‍ കാര്യപ്രാപ്തിയും അതിസാമര്‍ഥ്യവുമുള്ള വീട്ടമ്മയാണ്. ഗള്‍ഫുകാരനായ അനിയന്റെ സ്‌നേഹം പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന സാമര്‍ഥ്യക്കാരി ചേട്ടത്തിയമ്മയെ വരവേല്പിലും, കാര്യം കാണാന്‍ പുകഴ്ത്തുകയും അല്ലെങ്കില്‍ നീ ഗുണം പിടിക്കില്ലെന്ന് പറയുകയും ചെയ്യുന്ന ചേച്ചിയെ സന്ദേശത്തിലും കാണാം. ഈ കഥാപാത്രങ്ങളിലെല്ലാം അസാമാന്യമായ മെയ്വഴക്കമുള്ള നാട്ടിന്‍പുറത്തുകാരിയുടെ സ്വാഭാവികത നിറഞ്ഞുനില്‍ക്കുന്നുണ്ട്. 

വടക്കുനോക്കിയന്ത്രത്തിലെ ദിനേശന്റെ അമ്മ, ഗോഡ്ഫാദറിലെ കൊച്ചമ്മിണി, വിയറ്റ്നാം കോളനിയിലെ പട്ടാളം മാധവിയമ്മ, ഗജകേസരിയോഗത്തിലെ മാധവിയമ്മ, കോട്ടയം കുഞ്ഞച്ചനിലെ ഏലിയാമ്മ, മണിച്ചിത്രത്താഴിലെ ഭാസുര, ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കത്തിലെ കൗസല്യ എന്നീ കഥാപാത്രങ്ങള്‍ രസികത്തവും സവിശേഷമായ മാനറിസങ്ങളും കൊണ്ട് പ്രേക്ഷകര്‍ ആവര്‍ത്തിച്ചു കാണാന്‍ ഇഷ്ടപ്പെടുന്നവയാണ്. ആദ്യത്തെ കണ്‍മണി, അനിയത്തിപ്രാവ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, മനസ്സിനക്കരെ തുടങ്ങിയ സിനിമകളില്‍ വ്യത്യസ്ത സ്വാഭാവവിശേഷങ്ങളുള്ള അമ്മവേഷങ്ങളാണ് ലളിതയ്ക്ക്. ഇതില്‍ അല്പം ക്രൗര്യതയും പിടിവാശിയുമുള്ള അമ്മായിയമ്മയുണ്ട്. വാര്‍ധക്യത്തിലെ ഒറ്റപ്പെടലിന്റെ നോവനുഭവിക്കുന്ന അമ്മയുണ്ട്. മക്കളുടെയും ഭര്‍ത്താവിന്റെയും ഇടയില്‍പെട്ട് ഏതു പക്ഷം ചേരണമെന്നറിയാതെ ഉഴലുന്ന സ്ത്രീയുടെ നിസ്സഹായാവസ്ഥയുണ്ട്. മാതൃ അവസ്ഥയുടെ ഭിന്ന വികാരവിചാരങ്ങള്‍ പകരുന്നവയായിരുന്നു ഈ കഥാപാത്രങ്ങള്‍. 


അമരം, വെങ്കലം, സ്ഫടികം, ശാന്തം തുടങ്ങിയ സിനിമകളില്‍ രസികത്തമല്ല ലളിതയുടെ സ്ഥായീഭാവം. മനോവേദനയും അന്തഃസംഘര്‍ഷങ്ങളുമുള്ള കഥാപാത്രങ്ങളുടെ ഘനീഭവിച്ച സങ്കടങ്ങള്‍ നെഞ്ചു പൊട്ടിയൊഴുകുന്നത് ഇവയില്‍ കാണാം. കരയുന്ന കെ.പി.എ.സി. ലളിത മലയാളി കാണികളില്‍ ചിരപ്രതിഷ്ഠ നേടിയൊരു ബിംബമാണ്. ഉടുത്തിരിക്കുന്ന സാരിയുടെയോ മുണ്ടിന്റെയോ കോന്തല കൊണ്ട് മൂക്കുചീറ്റി കരയുന്ന ഒരമ്മ മുഖം അത്ര മിഴിവോടെ കാണികളുടെയുള്ളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. നെഞ്ചുപൊട്ടി കരയുന്ന, കരഞ്ഞു മൂക്കുചീറ്റുന്ന, കണ്ണുനിറച്ചുകൊണ്ട് കണ്ണിനു താഴത്തെ കറുപ്പുരാശിയും കനംവച്ച മുഖവുമായി തിരിഞ്ഞുനോക്കുന്ന, സങ്കടം മുഴുക്കെ നെഞ്ചിലൊതുക്കി ചുണ്ടു കടിച്ചുപിടിച്ച് പൊട്ടിക്കരച്ചിലിനെ തടഞ്ഞുനിര്‍ത്തുന്ന, നെഞ്ചത്തടിച്ചു കരയുന്ന, ഇരുകൈകളും തലയ്ക്കു താങ്ങാക്കി അലമുറയിടുന്ന, ശപിച്ചു കരയുന്ന ഒരു പെണ്‍സാന്നിധ്യമുണ്ട് സക്രീനില്‍. തൊട്ടടുത്തുനിന്ന് നമുക്ക് അടുത്തറിയാവുന്ന ഒരു സ്ത്രീ നെഞ്ചുപൊട്ടി കരയുന്നതു മാതിരിയുള്ള ഈ അനുഭവപ്പകര്‍ച്ചയുടെ ഉടമസ്ഥയാണ് നമുക്ക് കെ.പി.എ.സി. ലളിതയെന്ന നടി. കഥാപാത്രത്തെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള അവരുടെ കരച്ചില്‍ അതേ തീവ്രതയോടെ കാണികളുടെ നെഞ്ചകത്തേക്കു പകര്‍ന്ന് വലിയൊരു വിങ്ങലായി മാറുന്നു. സങ്കടങ്ങളുടെ ഈ കൊടുക്കല്‍ വാങ്ങലുകളിലൂടെ അവര്‍ക്കിടയില്‍ ഈടുറ്റൊരു ബന്ധം രൂപപ്പെടുന്നു. നാണക്കാരി, കുശുമ്പി, മിടുക്കി, കാര്യശേഷിയുള്ളവള്‍, പ്രണയാതുര, ശൃംഗാരി, ഗൗരവക്കാരി തുടങ്ങി നിരവധിയായ ഭാവങ്ങള്‍ എളുപ്പത്തില്‍ വഴങ്ങുന്ന മുഖമാണെങ്കില്‍ക്കൂടി ഈ കരച്ചില്‍ അതിലുമേറെയാഴത്തിലാണ് അടയാളപ്പെടുത്തപ്പെടുന്നത്.

      ഭരതന്റെ അമരത്തിലെയും വെങ്കലത്തിലെയും കഥാപാത്രങ്ങള്‍ ലളിതയുടെ അത്യപൂര്‍വ്വ പ്രകടനം എന്നു തുല്യം ചാര്‍ത്താം. ലളിതയെ മുന്നില്‍ക്കണ്ട് എഴുതിയെന്നുറപ്പിക്കാവുന്ന ഭാര്‍ഗവിയും കുഞ്ഞിപ്പെണ്ണും അസാമാന്യ ഭാവപ്രകടനമാണ് സംവിധായകന് പകരം നല്‍കുന്നത്. ജയരാജിന്റെ ശാന്തത്തിലെ അമ്മയുടെ വേദനയും ഉളളുലയ്ക്കുന്ന കരച്ചിലും ഒരു ദീര്‍ഘനിശ്വാസത്തോടെയും പിടച്ചിലോടെയുമാണ് മലയാളി കണ്ടത്. കൊലപാതക രാഷ്ട്രീയത്തിന്റെ ചോരക്കറ ശീലമാക്കിയ നാട്ടിലെ മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുടെ പ്രതിനിധിയായിരുന്നു ശാന്തത്തിലെ നാരായണി. 

      ചില അഭിനേതാക്കള്‍ ഒരുമിക്കുമ്പോള്‍ സംഭവിക്കുന്ന അസാധാരണമായ സ്വാഭാവികത സിനിമയുടെ ആകെ രസക്കാഴ്ചയ്ക്ക് ഗുണപ്പെടാറുണ്ട്. ഇന്നസെന്റ് ആണ് കെ.പി.എ.സി. ലളിതയുടെ കരിയറിലെ വിന്നിംഗ് കോമ്പോ. പൊ•ുട്ടയിടുന്ന താറാവ്, ഗജകേസരിയോഗം, അപൂര്‍വം ചിലര്‍, മക്കള്‍ മാഹാത്മ്യം, മൈഡിയര്‍ മുത്തച്ഛന്‍, മണിച്ചിത്രത്താഴ്, പൈ ബ്രദേഴ്‌സ്, അര്‍ജുനന്‍ പിള്ളയും അഞ്ചു മക്കളും തുടങ്ങി നിരവധി സിനിമകളിലെ സവിശേഷ സാന്നിധ്യമായി ഈ കൂട്ടുകെട്ട് മാറുന്നു. ഈ സിനിമകള്‍ പലതിലും പ്രകടനം കൊണ്ട് കേന്ദ്രകഥാപാത്രങ്ങള്‍ക്കും മുകളിലാണ് ഇവരുടെ ഇടം.

കളം ന്യൂസ് ഓണ്‍ലൈന്‍, തിരക്കാഴ്ച-3, 2020 ഡിസംബര്‍

https://kalamnews.in/column-thirakkazhcha-np.muraleekrushnan-episode-3

Monday, 8 February 2021

ഉമ്മറത്തേക്ക് കയറിവരുന്ന കാരണവര്‍


മുണ്ടിന്റെ കോന്തല കൈകൊണ്ടു പിടിച്ച് മറ്റേ കൈയില്‍ കാലന്‍ കുടയുമായി ഓടിട്ട പഴയ തറവാട്ടു വീടിന്റെ ഉമ്മറത്തേക്ക് നടന്നുവരുന്ന കാരണവര്‍. കുട തിണ്ണയില്‍ ചാരിവച്ച് കിണ്ടിവെള്ളമെടുത്ത് കാലു കഴുകി ഉമ്മറത്തേക്കു കയറി നീളന്‍ കൈകളുള്ള ചാരുകസേരയില്‍ ഉപവിഷ്ടനായി ഗൃഹനാഥയെ നോക്കി വളച്ചുകെട്ടലില്ലാതെ സഗൗരവം അയാള്‍ വിഷയത്തിലേക്കു കടക്കുന്നു. ചുമരില്‍ ചാരിനിന്നുകൊണ്ട് കാരണവരുടെ ഗൗരവപൂര്‍ണമായ സംസാരത്തിലേക്ക് പരിപൂര്‍ണ ബഹുമാനത്തോടെ കണ്ണും കാതുമയച്ചിരിക്കുകയാണ് മുണ്ടും വേഷ്ടിയുമുടുത്ത ഗൃഹനാഥ. കാരണവരുടെ സംസാരവും ഗൃഹനാഥയുടെ മൂളലും ശ്രദ്ധയോടെയുള്ള ചെറു മറുപടിയും തുടരുന്നു.

എഴുതിത്തയ്യാറാക്കിയ തിരക്കഥയിലേതു പ്രകാരം സംവിധായകന്റെ നിര്‍ദേശത്തിനനുസൃതമായിട്ടാണ് കാരണവരുടെ നടത്തയും കാലുകഴുകലും ഇരിപ്പും സംസാരവുമെന്നും അയാള്‍ക്കു മുന്നില്‍ ഒരു മൂവി ക്യാമറയുണ്ടായിരുന്നുവെന്നും ഒരു വേള ഏതോ കേരളീയ ഗ്രാമാന്തരീക്ഷത്തില്‍ അകപ്പെട്ടുപോയ നമ്മള്‍ കാണികള്‍ മറന്നുപോകുന്നു. കാരണവര്‍ ഇരിക്കുന്നതു തങ്ങളുടെ വീട്ടുമ്മറത്തു തന്നെയാണെന്നും കാണികളുടെ ഉള്ളിലുറയ്ക്കുന്നു. പിന്നീട് വെള്ളിത്തിര വിട്ടുണരുമ്പോഴായിരിക്കും യഥാര്‍ഥ ജീവിതപരിസരവുമായി ഒട്ടു താദാത്മ്യം പ്രാപിച്ചിട്ടുള്ള ആ ചേഷ്ടകളെയോര്‍ത്ത് കാണികള്‍ അമ്പരക്കുന്നത്.

ഈ നാട്ടുകാരണവരെ നമുക്ക് ശങ്കരാടി എന്നു വിളിക്കാം. തൊള്ളായിരത്തി അറുപതുകള്‍ തൊട്ട് ദശാബ്ദങ്ങളോളം തുടര്‍ന്ന സിനിമാഭിനയ സപര്യയില്‍ തെല്ലിട പോലും കാണികളില്‍ ആവര്‍ത്തനവിരസതയുണ്ടാക്കാതെയും എന്നാല്‍ അതിയായി രസിപ്പിച്ചു പോരുകയും ചെയ്ത അതിപ്രതിഭാശാലിയായ നടന്‍. വീട്ടിലെ മുതിര്‍ന്ന അമ്മാവനോ കാരണവരോ നാട്ടുവിഷയങ്ങളില്‍ അവസാനവാക്കായ പ്രമാണിയോ ഒക്കെയാണ് മലയാളികള്‍ക്ക് ശങ്കരാടി. മറ്റനേകം വരുന്ന അഭിനേതാക്കളെ താരസ്വരൂപത്തില്‍ കണ്ട് ആരാധിക്കാന്‍ കാണികള്‍ തയ്യാറായപ്പോള്‍ ശങ്കരാടിയെ തങ്ങള്‍ക്കിടയിലെ കാരണവരായി കാണാനാണ് അവര്‍ താത്പര്യം കാണിച്ചത്. ശങ്കരാടിയുടെ രൂപവും അഭിനയത്തിലെ സാധാരണത്വവും തന്നെയായിരിക്കണം ഇതിനു കാരണം. ഒരു സിനിമാ നടന് വേണ്ടതായി കല്പിച്ചുനല്‍കിയിട്ടുള്ള താരശരീര സൗകുമാര്യങ്ങളൊന്നും ശങ്കരാടിക്കുണ്ടായിരുന്നില്ല. അഭിനയത്തിലേക്കു വരുമ്പോഴാകട്ടെ, തെല്ലും കലര്‍പ്പോ നാട്യങ്ങളോ ഇല്ലാതെ കേവല സാധാരണീയന്റെ തത്സ്വരൂപവും.


ശങ്കരാടിയെന്ന നടന്‍ പൂര്‍വമാതൃകകളില്ലാത്ത വിധം വെള്ളിത്തിരയില്‍ സാധാരണീയനായി മാറുകയായിരുന്നു. അയാള്‍ ക്യാമറയ്ക്കു മുന്നില്‍ ഒരിക്കലും അഭിനയിച്ചില്ല. സന്ദര്‍ഭങ്ങളോട് ഏറ്റവും സ്വാഭാവികമായി പെരുമാറുക മാത്രമായിരുന്നു ചെയ്തുപോന്നത്. ഒരു ഘട്ടത്തില്‍ പോലും അഭിനയമെന്നത് പ്രയാസമേറിയ ഒരു പ്രവൃത്തിയായി ശങ്കരാടിയിലെ നടന് അനുഭവപ്പെട്ടില്ല. പല തലമുറകള്‍ക്കൊപ്പം അഭിനയിച്ച അദ്ദേഹം കാലാകാലങ്ങളില്‍ സിനിമയിലുണ്ടായ സാങ്കേതിക മാറ്റങ്ങളോട് വളരെയെളുപ്പത്തില്‍ പൊരുത്തപ്പെട്ടു.

പ്രൊഫഷണല്‍ നാടക സങ്കേതത്തിന്റെ സ്വാധീനം സിനിമയെന്ന ആര്‍ട്ട് ഫോമിനെ പുല്‍കുകയും നാടകീയത സിനിമാഭിനയത്തിന്റെയും സംഭാഷണത്തിന്റെയും മുഖമുദ്രയായി മാറുകയും ചെയ്ത കാലത്ത് സിനിമാഭിനയ രംഗത്തെത്തിയ ശങ്കരാടിക്ക് അതില്‍നിന്ന് എളുപ്പത്തില്‍ വിടുതല്‍ പ്രഖ്യാപിക്കാനായി. കൂടെയഭിനയിച്ചവര്‍ അതിനാടകീയമായി ആംഗിക, വാചികാഭിനയത്തില്‍ മുഴുകിയപ്പോള്‍ നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ ശങ്കരാടി നാടകത്തിന്റെ ബാധകളെ നിഷ്പ്രയാസം വകഞ്ഞുമാറ്റി ശരീരം കൊണ്ടും സംസാരം കൊണ്ടും മണ്ണില്‍ കാലുറപ്പിച്ചു നില്‍ക്കുന്ന സാധാരണ മനുഷ്യനിലേക്ക് പരകായപ്രവേശം ചെയ്തു. അതിശയോക്തി നിറഞ്ഞ പെരുമാറ്റമോ ഭാവഹാവാദികളോ അമിതാഭിനയമോ ശങ്കരാടിയില്‍ നിന്നുണ്ടായില്ല.

തങ്ങള്‍ക്ക് സാധിക്കാത്ത ജീവിതവും അത്ഭുതപ്രവൃത്തികളും വെള്ളിത്തിരയില്‍ അനുഭവിപ്പിക്കുകയും ഉന്നതമായ ശരീര, സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ വച്ചുപുലര്‍ത്തുകയും ചെയ്തിരുന്ന സിനിമാ താരങ്ങളെ അത്ഭുതാദരങ്ങളോടെയാണ് പ്രേക്ഷകര്‍ കണ്ടുപോന്നത്. താരങ്ങള്‍ ഒരിക്കലും ചുറ്റുപാടുമുള്ള മനുഷ്യരെപ്പോലെ സംസാരിച്ചില്ല, അവരുടെ അംഗവിക്ഷേപങ്ങളും ചലനങ്ങളുമെല്ലാം വ്യത്യസ്തമായിരുന്നു. പലപ്പോഴും കാണികള്‍ അത് അനുകരിക്കാനും ശ്രമിച്ചിരുന്നു. ഇങ്ങനെ തറനിരപ്പില്‍ തൊടാതെ നിലകൊണ്ടിരുന്ന വെള്ളിത്തിരക്കാഴ്ചകളിലേക്കാണ് ശങ്കരാടി നടന്നുവന്ന് സാധാരണ മനുഷ്യനെപ്പോലെ പെരുമാറാനും സംസാരിക്കാനും തുടങ്ങിയത്. ഒരു നിശ്ചിത വൃത്തത്തിനു പുറത്തേക്ക് അമിതമായി വളരാനോ ചുരുങ്ങാനോ അനുവദിക്കാതെ അതിന്റെ പരിധിയില്‍ നിലകൊള്ളുന്നതായിരുന്നു ശങ്കരാടിയുടെ അഭിനയം. കഥാപാത്രം ആവശ്യപ്പെടുന്നതെല്ലാം അതില്‍ പൂര്‍ണമായും ഉള്‍ച്ചേര്‍ന്നിരിക്കും. സംവിധായകന്‍ നടനില്‍ നിന്ന് ഇച്ഛിക്കുന്നതെന്തോ അത് ലഭിച്ചിരിക്കുകയും ചെയ്യും.


നാടകത്തിന്റെ അനുഭവസമ്പത്ത് ഉള്‍ക്കൊണ്ടിരുന്നതിനാല്‍ സിനിമാ ഡബ്ബിംഗില്‍ കഥാപാത്രം ആവശ്യപ്പെടുന്ന തരത്തില്‍ ശബ്ദനിയന്ത്രണവും സംഭാഷണത്തിലെ ആരോഹണാവരോഹണങ്ങളും ക്രമപ്പെടുത്താന്‍ ശങ്കരാടിക്ക് എളുപ്പത്തില്‍ സാധിച്ചു. മൂളല്‍, നോട്ടം, നടത്തം, ഇരിപ്പ് എന്നിവയിലെല്ലാം മിതത്വമാര്‍ന്ന നിയന്ത്രണം അദ്ദേഹത്തിനുണ്ടായിരുന്നു. അഭിനയവേളയില്‍ മുണ്ടിന്റെ കോന്തല, കറുത്ത ഫ്രേമുള്ള കട്ടിക്കണ്ണട, കാലന്‍ കുട, രണ്ടാംമുണ്ട് ഇവയെല്ലാം ശങ്കരാടിയുടെ ശരീരഭാഗങ്ങള്‍ തന്നെയായി മാറുന്നു. അടിമുടി നടനായി മാറുകയെന്ന അവസ്ഥയുമായി ശങ്കരാടിയിലെ സൂക്ഷ്മാഭിനേതാവിന് താദാത്മ്യപ്പെടുക എളുപ്പമായിരുന്നു.

1960കള്‍ തൊട്ട് എണ്‍പതുകളുടെ പകുതി വരെ വേലക്കാരന്‍, സഹായി, കാര്യസ്ഥന്‍, അമ്മാവന്‍, കാരണവര്‍, നായര്‍ പ്രമാണി, നമ്പൂതിരി തുടങ്ങി പ്രതീക്ഷിത മുഖങ്ങളായിട്ടാണ് ശങ്കരാടിയിലെ നടനെ കാണാനാകുക. അതില്‍ ചില വേഷങ്ങള്‍ ഗൗരവക്കാരന്റെതാണ്. മറ്റു ചിലപ്പോള്‍ തന്റെടവും കാര്‍ക്കശ്യവും നിറഞ്ഞുനിന്നു. നിസ്സഹായതയായിരുന്നു മറ്റൊരു സ്ഥിരച്ഛായ. മറ്റു ചിലപ്പോള്‍ ഹാസ്യരസപ്രധാനമായ വേഷങ്ങളും ശങ്കരാടിയെ തേടിവന്നു. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തെ ഒരേ അച്ചില്‍ വാര്‍ത്തെടുത്ത മധ്യവയസ്‌ക, വൃദ്ധ, നായര്‍ പ്രമാണി കഥാപാത്രങ്ങള്‍ പലതും ആവര്‍ത്തനവിരസമാകുമ്പോള്‍ സ്വതസിദ്ധമായ പ്രകടനമികവു കൊണ്ടാണ് ശങ്കരാടി അതിനെ മറികടന്നത്. പരാജയപ്പെട്ട സിനിമകളിലെ ശങ്കരാടിയുടെ കഥാപാത്രങ്ങള്‍ പോലും പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കാന്‍ എന്തെങ്കിലും നല്‍കി. പ്രേംനസീറിനൊപ്പം കൂടുതല്‍ കഥാപാത്രങ്ങള്‍ ചെയ്ത നടന്‍ എന്ന വിശേഷണമുള്ളപ്പോഴും അവയില്‍ മിക്കവയും കാര്യമായ വ്യത്യസ്തത പുലര്‍ത്തുന്നവയായിരുന്നില്ല. ഹാസ്യവേഷങ്ങളിലാകട്ടെ അടൂര്‍ ഭാസിയുടെയും ബഹദൂറിന്റെയും നിഴലില്‍പെട്ടുപോകുന്ന കഥാപാത്രങ്ങളാണധികവും തേടിയെത്തിയത്. എങ്കിലും തന്റേതായ വേറിട്ട മുദ്ര നടനത്തിലും സംഭാഷണത്തിലും പതിച്ചിടാന്‍ ശങ്കരാടി അവിടെയും ശ്രമിക്കുന്നതായി കാണാം. പി.എന്‍ മേനോന്റെ മഴക്കാറിലെ സ്വാമി, ബി.കെ. പൊറ്റെക്കാടിന്റെ പൂമ്പാറ്റയിലെ ജോത്സ്യന്‍, കെ.എസ്.സേതുമാധവന്റെ വാഴ്വേമായത്തിലെ നീലകണ്ഠപിള്ള, എം.കൃഷ്ണന്‍നായരുടെ കളക്ടര്‍ മാലതിയിലെ തിരുമേനി, പി.എന്‍. മേനോന്റെ പണിമുടക്കിലെ തൊഴിലാളി നേതാവ് തുടങ്ങിയ കഥാപാത്രങ്ങള്‍ ഇവയില്‍ ചിലതാണ്. തൊള്ളായിരത്തി അറുപതുകളുടെ രണ്ടാംപകുതിയില്‍ സിനിമയിലെത്തിയ ശങ്കരാടി വിശ്രമമില്ലാതെ നൂറുകണക്കിന് സിനിമകളിലാണ് തുടര്‍ന്നുള്ള ദശകങ്ങളില്‍ അഭിനയിച്ചത്. എണ്‍പതുകളില്‍ മലയാള സിനിമ കുറേക്കൂടി വൈവിധ്യത്തിലേക്കും ജനപ്രിയതയിലേക്കും പ്രവേശിച്ചതോടെയാണ് ശങ്കരാടിയുടെ കഥാപാത്രങ്ങള്‍ക്കും വ്യത്യസ്തത വന്നത്. അത് കുറേക്കൂടി രസികത്തം നിറഞ്ഞതായി മാറി. എണ്‍പതുകളുടെ രണ്ടാംപകുതിയിലും തൊണ്ണൂറുകളിലും പുറത്തിറങ്ങിയ സിനിമകളിലെ മധ്യവയസ്‌കരും വൃദ്ധരുമായ ശങ്കരാടിയുടെ കഥാപാത്രങ്ങള്‍ ഹാസസമൃദ്ധമായിരുന്നു. ഹാസ്യനടന്‍മാരെ ലക്ഷ്യമിട്ട് തിരക്കഥയില്‍ ബോധപൂര്‍വ്വം ഹാസ്യസന്ദര്‍ഭങ്ങള്‍ എഴുതിച്ചേര്‍ക്കുന്ന പതിവു മാറി സ്വാഭാവിക ഹാസ്യത്തിന്റെയും സാന്ദര്‍ഭിക ഹാസ്യത്തിന്റെയും സാധ്യതകളിലേക്ക് സിനിമ മാറിയതോടെ ശങ്കരാടിയെ പോലുള്ള അടിമുടി നടന്‍മാര്‍ക്ക് അത് അനുഗ്രഹമായി മാറുകയായിരുന്നു. ഹാസ്യത്തോട് ശങ്കരാടിയുടെ ശരീരവും ശബ്ദവും വേഗത്തില്‍ പൊരുത്തപ്പെട്ടു. മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ശങ്കരാടിയുടെ രസികന്‍ കഥാപാത്രങ്ങള്‍ രൂപപ്പെടുന്നത് അങ്ങനെയാണ്. ഈ കഥാപാത്രങ്ങളുടെ ചേഷ്ടകളും ഭാവങ്ങളും സംഭാഷണങ്ങളും പില്‍ക്കാലത്ത് ഏറെ പ്രശസ്തമാവുകയും ചെയ്തു.

ശങ്കരാടിയുടെ മരണശേഷം സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഇങ്ങനെ എഴുതി. 'കേരളത്തില്‍ തെങ്ങും കവുങ്ങും വാഴകളുമൊക്കെയുള്ള ഗ്രാമാന്തരീക്ഷത്തില്‍ ക്യാമറ വച്ചാല്‍ അവിടെ ശങ്കരാടിയുടെ ശൂന്യത അനുഭവപ്പെടുന്നു.'തന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന നടനെക്കുറിച്ചുള്ള സംവിധായകന്റെ നിരീക്ഷണമാണിത്. കേരളീയ ഗ്രാമാന്തരീക്ഷം പ്രധാന പശ്ചാത്തലമായിരുന്ന സിനിമകളിലെ ശങ്കരാടിയുടെ സവിശേഷമായ സാന്നിധ്യത്തെയാണ് സത്യന്‍ അന്തിക്കാട് ഓര്‍മ്മിക്കുന്നത്. ഈ നിരീക്ഷണം മലയാളി പ്രേക്ഷകര്‍ നൂറ്റൊന്നുതവണ ശരിവയ്ക്കും. കാരണം ശങ്കരാടിയെന്ന നടനെ അവര്‍ ഓര്‍മ്മിക്കുന്നത് ഇത്തരം ഗ്രാമീണ കഥാപാത്രങ്ങളിലൂടെയാണ്.


സത്യന്‍ അന്തിക്കാടിന്റെ ശങ്കരാടി കഥാപാത്രങ്ങളിലേക്കു വരുമ്പോള്‍ പ്രേക്ഷകര്‍ ആദ്യം ഓര്‍മ്മിക്കുക 'ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്.. ഇ്രേതം കൊടുത്താ പിന്നെ പാല് ശറപറാന്നു ഒഴുകായി' എന്ന നാടോടിക്കാറ്റിലെ കാര്യഗൗരവമുള്ള പണിക്കരമ്മാവന്‍ എന്ന കഥാപാത്രത്തെയായിരിക്കും. ഡയലോഗ് ഡെലിവെറിയിലെ മോഡുലേഷന്‍ കൊണ്ട് ശങ്കരാടി അതിപ്രശസ്തമാക്കിയ രംഗമാണിത്. സത്യന്‍ അന്തിക്കാടിന്റെ തന്നെ സന്ദേശത്തിലെ പാര്‍ട്ടി താത്വികാചാര്യന്‍ കുമാരപിള്ള ശങ്കരാടിയുടെ ഏറ്റവും ജനകീയമായ കഥാപാത്രങ്ങളിലൊന്നാണ്. പുറത്തിറങ്ങിയ കാലത്തെക്കാള്‍ പില്‍ക്കാലത്ത് ഏറെ ആഘോഷിക്കപ്പെട്ട സന്ദേശത്തിലെ ഈ കഥാപാത്രത്തില്‍ യഥാര്‍ഥ ശങ്കരാടിയിലെ അംശവുമുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന ശങ്കരാടി, സിനിമയിലെ കഥാപാത്രത്തെപ്പോലെ ഈശ്വരവിശ്വാസിയുമായിരുന്നു. 'താത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്' എന്നു തുടങ്ങുന്ന അതിപ്രശസ്തമായ ഡയലോഗില്‍ ശങ്കരാടി സ്വയം വരച്ചിട്ടൊരു ചിത്രമുണ്ട്. അതിന് ഇപ്പോഴും യാതൊരു മങ്ങലുമേറ്റിട്ടില്ല.

ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലെ കുട്ടിച്ചന്‍ എന്ന പൈങ്കിളി നോവലിസ്റ്റില്‍ അതീവ രസികനായ മറ്റൊരു ശങ്കരാടിയെ കാണാം. തോര്‍ത്ത് മാത്രമുടുത്ത് ഇന്നസെന്റിന്റെ പോലീസ് കഥാപാത്രത്തിന് പുറം തിരിഞ്ഞുനിന്നുകൊണ്ട് നോവലിലെ കഥാപാത്രങ്ങളായി സ്വയം ചമഞ്ഞ് സംഭാഷണങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്ന ശങ്കരാടിയുടെ ശരീരഭാഷയും ചലനങ്ങളും സംസാരവും ഒരുപോലെ മികവുറ്റതായി മാറുന്നു. ഇതേ സിനിമയില്‍ 'മഞ്ഞണിമാമലയില്‍ നിന്നൊരു മഞ്ഞ ഗൂര്‍ഖ' എന്നു നോവലിന് പേരിടുന്ന ശങ്കരാടിയുടെ ശൈലിയും വലിയ പ്രേക്ഷകപ്രീതി നേടിയെടുത്ത രംഗമാണ്.

സമൂഹത്തിലെ ഏറ്റവും ഉത്തരവാദിത്വമുള്ള ജോലിയിലാണ് താന്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ് ശ്രീധരന്റെ ഒന്നാം തിരുമുറിവിലെ അമ്പലക്കമ്മിറ്റി പ്രസിഡന്റ് ചുറ്റുമുള്ളവരോടെല്ലാം ആവര്‍ത്തിച്ച് അഭിപ്രായപ്പെടുന്നത്. ഗോളാന്തര വാര്‍ത്തയിലെ പഞ്ചായത്ത് പ്രസിഡന്റും ഇതേപടി ഉത്തരവാദിത്വബോധമുള്ളയാളാണ്. വരവേല്‍പ്പിലെയും മിഥുനത്തിലെയും അമ്മാവന്മാരും നയം വ്യക്തമാക്കുന്നുവിലെ മന്ത്രിവസതിയിലെ പരിചയസമ്പന്നനായ പാചകക്കാരനും ഉത്തരവാദിത്വങ്ങളിലും നര്‍മ്മബോധത്തിലും കര്‍മ്മകുശലതയിലും പിന്നിലല്ല.


സദാചാരബോധമില്ലാത്ത സ്ത്രീകളും അവരെ നോക്കി പല്ലിളിച്ച് കാട്ടി അരിയാട്ടുന്ന ചില കോന്തന്മാരുമാണ് ഈ നാടിന്റെ ശാപം, സത്യത്തിനും ധര്‍മ്മത്തിനും ഈ ചായക്കടയില്‍ യാതൊരു സ്ഥാനവുമില്ലെന്ന് ഇന്നെനിക്ക് മനസ്സിലായി, ഇങ്ങനെ കൂടിനില്‍ക്കാതെ മരിച്ച ആള്‍ക്ക് ഇത്തിരി ആശ്വാസം കൊടുക്കാ.. ഇത്തിരി ശുദ്ധവായു കിട്ടിക്കോട്ടേ.. തുടങ്ങിയ സത്യപ്രവചനങ്ങള്‍ നടത്തുന്നയാളാണ് പൊന്മുട്ടയിടുന്ന താറാവിലെ മെമ്പര്‍. 'ദാ കണ്ടോളൂ.. ഇതാണാ രേഖ' എന്നാണ് വിയറ്റ്നാം കോളനിയിലെ മാനസിക രോഗി കൈരേഖ ചൂണ്ടിക്കാട്ടി പറയുന്നത്. മിന്നാരത്തിലെ കുക്ക് അയ്യര്‍ 'എനിക്കറിയാം, ഇവന്റെ അച്ഛന്റെ പേര് ഭവാനിയമ്മ എന്നാ..' എന്നു പറയുന്നതിലെ സ്വാഭാവിക ഹാസ്യം ഉണ്ടാക്കുന്ന ചിരിയുടെ അല അത്രയെളുപ്പം അടങ്ങുന്നതല്ല.

എന്തിനോ പൂക്കുന്ന പൂക്കളിലെ ദുബായിലേക്ക് ആളെ കൊണ്ടുപോകുന്ന തട്ടിപ്പുകാരന്‍ ഏജന്റ്, ബോയിംഗ് ബോയിംഗിലെ പത്രാധിപര്‍, ഗോഡ്ഫാദറിലെ വക്കീല്‍, കാബൂളിവാലയിലെ ചായക്കടക്കാരന്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ കോളേജ് പ്രിന്‍സിപ്പല്‍, മഴവില്‍ക്കാവടിയിലെ കാര്‍ മെക്കാനിക്ക്, പപ്പയുടെ സ്വന്തം അപ്പൂസിലെ കാര്യസ്ഥന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ സമ്മാനിക്കുന്നതും നിറഞ്ഞ ചിരി തന്നെ.

താഴ്വാരത്തിലെയും തേന്മാവിന്‍ കൊമ്പത്തിലെയും കിരീടത്തിലെയും അച്ഛന്‍ വേഷങ്ങളില്‍ തമാശയില്ല. നിസ്സഹായതയും ഗൗരവവുമാണ് ഈ കഥാപാത്രങ്ങള്‍ക്ക്. ഹാസ്യരസപ്രധാനങ്ങളായ വേഷങ്ങള്‍ ചെയ്തു കൊണ്ടിരുന്നപ്പോള്‍ തന്നെ കരുണത്തിലേക്കും ശോകത്തിലേക്കും വഴിമാറാനും ആ കഥാപാത്രങ്ങളുടെ സമാനവികാരം പ്രേക്ഷകരില്‍ ഉണ്ടാക്കുവാനും ശങ്കരാടിക്ക് പ്രശംസനീയമാം വിധം സാധിച്ചിരുന്നു.

നാട്ടിന്‍പുറ കാരണവരുടെ വേഷം എത്രകണ്ട് ശങ്കരാടിയുടെ ശരീരത്തോട് ഒട്ടിച്ചേര്‍ന്നിരുന്നോ അത്രതന്നെ സ്വാഭാവികമായിട്ടാണ് ബര്‍മുഡയും ടീഷര്‍ട്ടുമിട്ട് വാക്കിംഗ് സ്റ്റിക്ക് വീശി നടക്കുന്ന അങ്കിളായി അദ്ദേഹം മാറുന്നത്. കിന്നാരത്തിലെ സ്ത്രീലമ്പടനായ കമ്പനി ജനറല്‍ മാനേജര്‍, റാംജിറാവ് സ്പീക്കിംഗിലെ മാനേജര്‍, പപ്പന്‍ പ്രിയപ്പെട്ട പപ്പനിലെ സിംഗപ്പൂര്‍ ആന്റപ്പന്‍, അച്ചുവേട്ടന്റെ വീട്ടിലെ ജേക്കബ്ബ്, തമ്മില്‍ തമ്മിലിലെ അങ്കിള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളാണ്.

കളം ന്യൂസ് ഓണ്‍ലൈന്‍, തിരക്കാഴ്ച-2, 2020 നവംബര്‍

https://kalamnews.in/column-thirakkazhcha-np.muraleekrushnan-episode-2

Thursday, 4 February 2021

തിരക്കഥയിലൊതുങ്ങാത്ത സലിംകുമാര്‍


ഷാഫിയുടെ സംവിധാനത്തില്‍ 2007 ല്‍ മായാവി എന്ന സിനിമ പുറത്തിറങ്ങുന്നതു വരെ നിരപരാധകന്‍, നിരപരാധിനി എന്നീ പ്രയോഗങ്ങള്‍ മലയാള ഭാഷയില്‍ ഉടലെടുത്തിട്ടില്ലായിരുന്നു. കുറ്റം ചെയ്തിട്ടില്ലാത്ത ഒരു വ്യക്തിയെ സൂചിപ്പിക്കാന്‍ നിരപരാധി എന്ന വാക്കാണല്ലോ സാധാരണ ഉപയോഗിക്കാറ്. എന്നാല്‍ ഈ സിനിമയില്‍ സലിംകുമാറിന്റെ കണ്ണന്‍ സ്രാങ്ക് എന്ന കഥാപാത്രം ഒരു പ്രശ്നത്തിന്റെ നിജസ്ഥിതി നാട്ടുകാരെ ബോധ്യപ്പെടുത്താനായി പ്രയോഗിക്കുന്നത് നിരപരാധകന്‍, നിരപരാധിനി എന്നീ വിശേഷണങ്ങളാണ്. 'ഇന്ദു ഇക്കാര്യത്തില്‍ നിരപരാധിനിയാണ്, നാട്ടുകാരേ നിരപരാധിനിയാണ്, അതുപോലെ ദിവന്‍ നിരപരാധകനുമാണ്.' എന്നു സലിംകുമാറിന്റെ കഥാപാത്രം പറയുമ്പോള്‍ അത് തിരക്കഥയില്‍ എഴുതിവച്ച സംഭാഷണത്തിന് പുറത്തേക്കുള്ള പ്രയോഗസാധുത തേടുകയും കാണികള്‍ ഏറ്റെടുക്കുകയും പിന്നീടൊരു പ്രയോഗ ശൈലിയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.

ഒരു അഭിനേതാവ് എന്ന നിലയില്‍ സൃഷ്ടിച്ച മികച്ച കഥാപാത്രങ്ങളെ പോലെതന്നെ സലിംകുമാര്‍ എന്ന നടന്‍ മലയാല്‍കള്‍ക്കിടയിലേക്ക് സംഭാവന ചെയ്തിട്ടുള്ള ഒട്ടനവധി ഭാഷാ പ്രയോഗങ്ങളും സവിശേഷ ശൈലികളുമുണ്ട്. സിനിമയ്ക്കപ്പുറം മലയാളിയുടെ ദിവസ ജീവിതത്തില്‍ സദാ ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രയോഗങ്ങളാണവ. സമകാലികരായ മറ്റേതൊരു അഭിനേതാവിനും സാധ്യമാകാത്ത തലത്തിലാണ് ഇക്കാര്യത്തില്‍ സലിംകുമാറിന്റെ ഇടം. കഴിഞ്ഞ രണ്ടു ദശാബ്ദമായി സലിംകുമാര്‍ ചെയ്തുപോരുന്ന കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ചാല്‍ ഈ സവിശേഷത വ്യക്തമാകും. തിരക്കഥയില്‍ ഒതുങ്ങി നില്‍ക്കാനാകാത്ത നടനാണ് സലിംകുമാര്‍. ഏറ്റവുമെളുപ്പത്തില്‍ തിരക്കഥയുടെ അതിര്‍ത്തിവരകള്‍ ലംഘിച്ച് പുറത്തുകടക്കാന്‍ സലിംകുമാറിലെ നടന് സാധിക്കും. അതു തന്നെയാണ് ഈ അഭിനേതാവിന്റെ സവിശേഷതയും സ്വീകാര്യതയും.


തിരക്കഥ പ്രകാരവും സംവിധായകന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചും അഭിനയിക്കുന്ന ഒരു വിഭാഗവും നിയതമായൊരു കോപ്പി ബുക്ക് ശൈലിയില്‍ നിന്ന് വിടുതല്‍ പ്രഖ്യാപിച്ച് സ്വതന്ത്രമായി സഞ്ചരിക്കുന്ന മറ്റൊരു കൂട്ടം അഭിനേതാക്കളുമുണ്ട്. തങ്ങളെ തേടിവരുന്ന കഥാപാത്രങ്ങളെ സ്വയം വിപുലീകരിക്കാനാണ് രണ്ടാമത്തെ കൂട്ടര്‍ ശ്രമിക്കാറ്. അവര്‍ ചുറ്റുപാടില്‍ നിന്നും ആര്‍ജ്ജിച്ച അനുഭവപാഠങ്ങളും ഉള്ളിലെ സാമൂഹിക, നര്‍മ്മബോധങ്ങളും കഥാപാത്രത്തിലേക്ക് പകര്‍ത്തുന്നു.

മിമിക്രി വേദിയില്‍ നിന്ന് സിനിമയിലേക്കെത്തിയ സലിംകുമാര്‍ രണ്ടാമത്തെ വിഭാഗത്തില്‍പെടുന്ന നടനാണ്. തന്റെയുള്ളിലെ അപാരമായ നര്‍മ്മബോധത്തെ കഥാപാത്രങ്ങളിലേക്ക് കൊണ്ടുവന്നു പ്രയോഗിച്ചാണ് നടനെന്ന നിലയില്‍ അയാള്‍ അടയാളപ്പെടുത്തപ്പെട്ടത്. സലിം കുമാറിലെ നടനെ സംബന്ധിച്ച് ആംഗികാഭിനയം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് വാചികാഭിനയവും. സലിംകുമാര്‍ കഥാപാത്രങ്ങളുടെ നവീന വാക്പ്രയോഗങ്ങള്‍, സംഭാഷണ ശൈലി, ഡയലോഗ് ഡെലിവെറിയിലെ മോഡുലേഷന്‍, ആംഗ്യവിക്ഷേപങ്ങള്‍, ചിരി, നോട്ടങ്ങള്‍, മൂളലുകള്‍ തുടങ്ങിയവയെല്ലാം മലയാളിയെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. ഒരു സലിംകുമാര്‍ ശൈലിയോ പ്രയോഗമോ ഇല്ലാതെ മലയാളിയുടെ ദിവസം പുലര്‍ന്നിരുട്ടുന്നില്ലെന്നു പറയാം. ഇക്കഴിഞ്ഞ രണ്ടു ദശകത്തിനിടെ ശരാശരി മലയാളി ജീവിതത്തില്‍ ഇത്രമാത്രം സ്വാധീനിച്ചിട്ടുള്ള മറ്റൊരു അഭിനേതാവിനെ കണ്ടെത്തുക പ്രയാസമാണ്.

സ്വാഭാവികവും അനായാസവുമാണ് സലിംകുമാറിന്റെ അഭിനയശൈലി. തന്റെ കഥാപാത്രങ്ങളെ അയാള്‍ നിരന്തരം ഇംപ്രവൈസ് ചെയ്യാന്‍ തയ്യാറാകുന്നു. തിരക്കഥയ്ക്കു പുറത്തേക്കുള്ള സലിംകുമാറിന്റെ ഈ സഞ്ചാരങ്ങളെയാണ് കാണികള്‍ ആസ്വദിക്കുന്നത്. സലിമിന്റെ ഒട്ടുമിക്ക കഥാപാത്രങ്ങളിലും ആസ്വാദകര്‍ക്ക് ഏറ്റെടുക്കാന്‍ തക്കതായി എന്തെങ്കിലുമൊരു സവിശേഷത ബാക്കിവച്ചിട്ടുണ്ടാകും.  മിമിക്രി, നാടകം, കഥാപ്രസംഗം തുടങ്ങി സിനിമയ്ക്കു മുമ്പ് താന്‍ വ്യാപരിച്ചിട്ടുള്ള മേഖലകളുടെയൊക്കെ സ്വാധീനം ബോധപൂര്‍വ്വം തന്നെ സലിംകുമാര്‍ സിനിമയിലെ കഥാപാത്രങ്ങളില്‍ കൊണ്ടുവരുന്നു.


പുലിവാല്‍ കല്യാണം എന്ന സിനിമയില്‍ ' അച്ഛനാണത്രെ അച്ഛന്‍...അച്ഛനെ കാണണം എന്നു വാശിപിടിച്ച് കരയുമ്പോള്‍ പള്ളീലച്ചന്മാരെ കാണിച്ച് തൃപ്തിപ്പെടുത്തുമായിരുന്നു എന്റെ പൊന്നമ്മച്ചി...' എന്ന ഏറെ പ്രശസ്തമായ ഡയലോഗ് ഡെലിവെറിയില്‍ പ്രൊഫഷണല്‍ നാടകരംഗത്തെ തന്റെ പരിചയം പ്രയോജനപ്പെടുത്തുന്ന സലിംകുമാറിനെ കാണാം. 'ദകാര'ങ്ങളുടെ നിലവറ സൂക്ഷിപ്പുകാരനാണ് സലിംകുമാര്‍. ഇതേ സിനിമയില്‍ തന്നെയാണ് ദിവിടെ, ദവിടെ, ദപ്പുറത്ത്, ദതിന്റെ ദപ്പുറത്ത് തുടങ്ങിയ ശൈലികള്‍ സലിംകുമാര്‍ കൊണ്ടുവരുന്നത്. ഇതു പിന്നീട് മലയാളിയുടെ രസകരമായ നര്‍മ്മപ്രയോഗങ്ങളായി മാറി. പുലിവാല്‍ കല്യാണത്തിലെ മണവാളന്‍ എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളും ചിരിയും ഡയലോഗുകളും ഏറെ പ്രശസ്തമായി. ഈ സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കു ശേഷവും അതിലെ സലിംകുമാര്‍ കഥാപാത്രത്തിന്റെ ജനപ്രീതി പലയളവില്‍ കൂടുകയാണുണ്ടായത്. സിനിമയെക്കാള്‍ പ്രശസ്തമായ കഥാപാത്രം എന്നു പറയാം. സലിംകുമാറിലെ നടനെ മലയാളി പൂര്‍ണമായി ആസ്വദിച്ചു തുടങ്ങിയ സിനിമയും ഇതാണ്.

സലീംകുമാറിന്റെ കരിയറില്‍ വഴിത്തിരിവായ കഥാപാത്രമായ മീശമാധവനിലെ അഡ്വ.മുകുന്ദനുണ്ണിയുടെ ഒരു ഡയലോഗ് ഡെലിവറി നോക്കുക. 'മാധവന്‍ നായരുംകൃഷ്ണവിലാസം ഭഗീരഥന്‍ പിള്ളയും തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന്റെയും വ്യക്തിവിദ്വേഷത്തിന്റെയും ഗഥാാാാാ....ഈ ഡയലോഗിനൊടുവിലെ ഗഥാാാാ... എന്ന നീട്ടലിലാണ് സലിംകുമാറിലെ പരീക്ഷണകാരന്‍ ഉള്ളത്. ഈ നീട്ടല്‍പ്രയോഗം തിരക്കഥാകൃത്തിന് എഴുതാന്‍ സാധിക്കുന്നതല്ലെന്ന് വ്യക്തമാണല്ലോ. പ്രയോഗം കാണികള്‍ ഏറ്റെടുത്തു.

സലിംകുമാര്‍ വളരെ സ്വാഭാവികമായി പറയുന്ന നര്‍മ്മ സംഭാഷണങ്ങള്‍ പില്‍ക്കാലത്ത് മലയാളിയുടെ ദൈനംദിന ജീവിതത്തിലെ രസികന്‍ പ്രയോഗങ്ങളായി മാറുന്നതിന്റെ മറ്റൊരുദാഹരണമാണ് കല്യാണരാമന്‍ സിനിമയിലെ 'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍' എന്ന ഡയലോഗ്. സാമ്പാര്‍ അതിനു മുമ്പും തിളച്ചിരുന്നു. പക്ഷേ സലിംകുമാര്‍ ആ ഡയലോഗ് പറഞ്ഞതോടെയാണ് അത്തരം സന്ദര്‍ഭങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന പ്രയോഗമായി ഇതു മാറിയത്. ഈ സിനിമയിലൂടെ പിന്നീട് ജനപ്രിയ ശൈലികളായി മാറിയ മറ്റനേകം പ്രയോഗങ്ങളും സലിംകുമാറിന്റേതായിട്ടുണ്ട്. മൃതസഞ്ജി, മദാല്‍ദസ, മെല്‍കൗ, നീ എവടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ സ്ഥിതി, സവാള ഗിരി ഗിരി, ഞാനിത് തിന്ന്വല്ലാ, ഈ കലവറ നമുക്കൊരു മണിയറയാക്കാം, യു ആര്‍ ദ ലിങ്ക് ഓഫ് ദ ലിങ്ക് തുടങ്ങിയ പ്രയോഗങ്ങളെല്ലാം പ്യാരി എന്ന കഥാപാത്രം മലയാളി നര്‍മ്മസംഭാഷണ ഇടങ്ങള്‍ക്കു നല്‍കിയ ഈടുവയ്പുകളാണ്.


മീശമാധവനിലെ അഡ്വ.മുകുന്ദനുണ്ണിയുടെ 'നന്ദി മാത്രേ  ഒള്ളൂ ലേ', 'കാണാന്‍ ഒരു ലുക്കില്ലെന്നൊള്ളൂ ഭയങ്കര ബുദ്ധിയാ', ശരിക്കും വക്കീലാ ദാ കോട്ടൊക്കെണ്ട്',  വണ്‍ മാന്‍ ഷോയിലെ ഭാസ്‌കരന്റെ 'ചിലപ്പോ ബിരിയാണി കിട്ടിയാലോ', പുലിവാല്‍ കല്യാണത്തിലെ 'കൊച്ചി എത്തീ',  'എന്റെ ഭാഗത്തും തെറ്റുണ്ട്', ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രത്തിന്റെ 'മുദ്ര ശ്രദ്ധിക്കൂ', മായാവിയിലെ കണ്ണന്‍ സ്രാങ്കിന്റെ 'വാ ബാലാ',  'ആശാന്‍ ആശാന്‍', ഫരതനാട്യം, തിളക്കത്തിലെ ഓമനക്കുട്ടന്റെ 'അയാം ദ സോറി അളിയാ', തൊമ്മനും മക്കളിലെ രാജാക്കണ്ണിന്റെ ''ഇതാ ആരാധം', ഹാപ്പി ഹസ്ബന്റ്സിലെ ഡോ.ധര്‍മ്മപാലന്റെ 'അപ്പോ എന്റെ സംശയം ഇതാണ് ആരാണ് ഞാന്‍'  തുടങ്ങിയവയൊക്കെ മലയാളിയുടെ ദൈനംദിന സംഭാഷണങ്ങളില്‍ തുടരുന്നത് സലിംകുമാറെന്ന ശൈലീവല്ലഭനായ നടന്റെ വാചികാഭിനയക്കരുത്തു കൊണ്ടാണ്.

തൊമ്മനും മക്കളിലെ ആരാധം എന്ന പ്രയോഗം ആധാരം എന്ന വാക്കില്‍ ഒരക്ഷരം മാറ്റി പ്രയോഗിച്ചതാണ്. ഇതില്‍ പ്രത്യേകിച്ചൊരു ഹാസ്യസാധ്യതയോ എന്തെങ്കിലും ധ്വനിപ്പിക്കാനോ ഇല്ല. എന്നാല്‍ സലിംകുമാര്‍ പറയുമ്പോള്‍ ചിരി ഉടലെടുക്കുന്നു. അതൊരു തമാശയായി മാറുന്നു. പുതിയൊരു വാക്കും ശൈലിയും പ്രയോഗവും രൂപപ്പെടുന്നു. മറ്റൊരു സലിംകുമാര്‍ സൃഷ്ടിയാണ് ഹോസ്പത്രി എന്ന വാക്ക്. ഹോസ്പിറ്റല്‍, ആശുപത്രി എന്നീ ഇംഗ്ലീഷ്, മലയാളം വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് സലിംകുമാര്‍ കഥാപാത്രം ഹോസ്പത്രി എന്ന പുതിയ പദം സൃഷ്ടിക്കുന്നു. പച്ചക്കുതിര എന്ന ലാല്‍ജോസ് സിനിമയില്‍ ദിലീപിന്റെ ഇരട്ട റോളുകളിലൊന്നായ ആകാശ് എന്ന കഥാപാത്രത്തെ കാണാതാകുമ്പോള്‍ വിളിച്ചു തിരയുകയാണ്. മറ്റുള്ളവര്‍ 'ആകാശൂ... മോനേ ആകാശൂ..' എന്നു സാധാരണ വിളിക്കുമ്പോള്‍ സലിംകുമാര്‍ ആകാശോ... ആകാശൂ... ആകാശോ.... എന്നു ശരണം വിളി താളത്തിലാണ് പേരു ചൊല്ലി വിളിക്കുന്നത്. സാന്ദര്‍ഭികമായി ഹാസ്യം സൃഷ്ടിക്കാനുള്ള ഒരു നടന്റെ അസാധാരണമായ ശേഷിയെയാണ് ഇതു കാണിക്കുന്നത്.

ഡയലോഗ് ഡെലിവെറിയിലെ മോഡുലേഷന്‍ കൊണ്ട് കാണികളെ ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കാനുള്ള സലിംകുമാറിന്റെ ശേഷി അമല്‍ നീരദിന്റെ അന്‍വര്‍ എന്ന സിനിമയില്‍ കാണാം. പൃഥ്വിരാജിന്റെ കഥാപാത്രം സലിംകുമാറിനോട് ചോദിക്കുന്നു, '.ഇക്ക ജയിലില്‍ പോയിട്ടുണ്ടോ?' 'ആ ഒരിക്കല്‍ പോകണം..' എന്നാണ് സലിമിന്റെ മറുപടി. ജയിലില്‍ പോകലുകളെ ഇത്രമാത്രം നിസ്സാരവത്ക്കരിച്ചും താത്പര്യം ജനിപ്പിച്ചും മറ്റാര്‍ക്കെങ്കിലും പറയാനാകുമോ എന്നു സംശയമാണ്. ഇതേ സിനിമയില്‍ തന്നെ 'കൊച്ചിങ്ങനെ നീണ്ടു കിടക്ക്വാ, ഒരു കാര്യോല്ലാതെ' എന്ന ഡയലോഗും സലിംകുമാറിന്റെ ഡബ്ബിംഗ് മോഡുലേഷന്‍ സാധ്യതകളെ പുറത്തു കൊണ്ടുവരുന്നതാണ്.


കേരളം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഏറ്റവുമധികം പ്രയോഗിച്ചൊരു പേരാണ് ശശി. ഇത് വെറുമൊരു പേരാണ്. പക്ഷേ ഈ പേര് പറയുമ്പോള്‍ മലയാളിയില്‍ ചിരിപൊട്ടുന്നു. ശശി എന്ന പേര് മലയാളി ജീവിതത്തില്‍ എങ്ങനെ ഇടപെട്ടു എന്ന അന്വേഷണം ചെന്നെത്തി നില്‍ക്കുന്നതും സലിംകുമാറിലാണ്. ചതിക്കാത്ത ചന്തു എന്ന റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ പ്രധാന കഥാപാത്രങ്ങളെല്ലാം ഒരു പഴയ കൊട്ടാരത്തില്‍ എത്തുന്നുണ്ട്. നീളന്‍ ഇടനാഴികളും ഇരുട്ടും ഭീതിയും നിറഞ്ഞ വഴിയിലൂടെ എല്ലാവരും നടക്കുന്നു. ഇതിനിടയിലാണ് വിനീതിന്റെ കഥാപാത്രത്തിന്റെ ചോദ്യം. 'ഹൊ എന്തൊരു കൊട്ടാരം... ഇത് ഏത് രാജാവിന്റെയായിരിക്കും' ഉടനടി സലിംകുമാറിന്റെ പ്രതികരണം. 'ഹാ ഇതോ... ഇത് മധ്യ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഒരു രാജാവിന്റെയാ...പേര് ശശി.' ഇതായിരുന്നു വിഖ്യാതമായ ആ പേരിന്റെ ഉത്പത്തിചരിത്രം. സലിംകുമാറിലെ വാചികാഭിനയത്തിലെ മറ്റൊരു പൊന്‍തൂവല്‍.

തിരക്കഥയിലും നിഘണ്ടുവിലുമില്ലാത്ത പദസമ്പത്തും പ്രയോഗങ്ങളും തന്നെയാണ് ഈ നടന്റെ വാചികാഭിനയത്തിലെ കരുത്ത്. അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകന്‍ അബു തുടങ്ങിയ സിനിമകളിലൂടെ സലിംകുമാറിലെ ഭാവാഭിനയത്തിലെ മിതത്വവും മികവും സംസ്ഥാന, ദേശീയ അവാര്‍ഡ് ജൂറികള്‍ അംഗീകരിച്ചെങ്കില്‍ സാധാരണ മലയാളി പ്രക്ഷേകര്‍ സലിംകുമാറിലെ വാചികാഭിനേതാവിനെ കാണാനാണ് കൂടുതല്‍ താത്പര്യം കാണിച്ചത്. അഭിനേതാവ് പറയുന്ന വാക്കുകളുടെ സാധാരണ അര്‍ഥം മാത്രമല്ല, അതിലെ സ്വരവ്യതിയാനങ്ങളും ശ്രുതിഭേദങ്ങളും ഈണവും താളവുമെല്ലാം ഭാവപ്രകാശനത്തില്‍ സുപ്രധാനമായ പങ്കുവഹിക്കുന്നുവെന്ന വാചികാഭിനയത്തിന്റെ നിര്‍വചനം സലിംകുമാറിലെ നടനെ സംബന്ധിച്ച് ഏറെ അര്‍ഥവത്താകുന്നു. വാചികാഭിനയമാണ് സലിംകുമാറിന്റെ കരുത്ത്. അതിലൂടെ കഥാപാത്രം ആവശ്യപ്പെടുന്ന ഭാവപ്രകാശനം ഉള്‍ക്കൊള്ളാനും അയാളിലെ നടന് സാധിക്കുന്നു. ഇതിന്റെ പ്രകടമായ ഉദാഹരണമാണ് ട്രോളുകളിലും മീമുകളിലും ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മുഖമായി സലിംകുമാര്‍ മാറുന്നത്. എന്തു വികാരം പ്രകടിപ്പിക്കാനും ട്രോളന്മാര്‍ ഏറ്റവുമെളുപ്പത്തില്‍ കണ്ടെത്തുന്ന മുഖവും ചേഷ്ടയും സലിംകുമാറിന്റെതാണ്. ട്രോള്‍ സൂപ്പര്‍സ്റ്റാര്‍ എന്ന ഈ പദവി തന്റെ കഥാപാത്രങ്ങള്‍ക്ക് ലഭിക്കുന്ന പ്രേക്ഷകാംഗീകാരമായി കാണാനാണ് താത്പര്യമെന്ന് സലിംകുമാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

കളം ന്യൂസ് ഓണ്‍ലൈന്‍, തിരക്കാഴ്ച-1, 2020 ഒക്ടോബര്‍ 

https://kalamnews.in/column-thirakkazhcha-np.muraleekrushnan-episode-1

Wednesday, 3 February 2021

 


സീ യു സൂണ്‍

അടച്ചിട്ട കാലത്തെ സിനിമാ മാതൃക

കോവിഡ് കാലത്തെ കലാരംഗത്തിന്റെ പ്രതിരോധമായി മഹേഷ് നാരായണന്റെ സീ യു സൂണ്‍ എന്ന സിനിമയെ കാണാം. കോവിഡ് ലോക്ക് ഡൗണ്‍ മറ്റെല്ലാ തൊഴിലിടങ്ങളെയും ബാധിച്ചതു പോലെ സിനിമാ മേഖലയെയും അടച്ചിടലിന് വിധേയമാക്കി. സിനിമാ ചിത്രീകരണത്തെയും തിയേറ്ററുകളെയും നിശ്ചലമാക്കി മാസങ്ങള്‍ നീണ്ട ഈ അനിശ്ചിതത്വത്തിന് വിരാമമിട്ടു കൊണ്ടാണ് മഹേഷ് നാരായണനും സംഘവും ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഒരു സിനിമ ചെയ്തത്. സിനിമയുടെ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കാനും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി അത് കാണികളിലെത്തിക്കാനും കഴിഞ്ഞതോടെ സീ യു സൂണ്‍ എന്ന സിനിമ മലയാള സിനിമാ ചരിത്രത്തിന്റെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായി അടയാളപ്പെടുത്തപ്പെട്ടു.

         കോവിഡ് കാലത്തിനു ശേഷമുള്ള സിനിമയെപ്പറ്റി ഇന്‍ഡസ്ട്രി ആലോചിക്കുമ്പോള്‍ കോവിഡ് കാല മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നിര്‍മ്മിക്കപ്പെട്ട സീ യു സൂണ്‍ ഇങ്ങനെയും സിനിമ ആകാമല്ലോ എന്ന വലിയ ധൈര്യമാണ് ഇന്‍ഡസ്ട്രിക്കു നല്‍കിയത്. കഥാപാത്രങ്ങള്‍ നേരില്‍ കാണാത്ത, മൂവി ക്യാമറയ്ക്കും ഔട്ട്‌ഡോര്‍ ഫ്രെയിമുകള്‍ക്കും പ്രസക്തിയില്ലാത്ത, വെര്‍ച്വല്‍ ലോകത്തിലൂടെ മാത്രം സഞ്ചരിക്കുന്ന ഈ നിര്‍മ്മാണ മാതൃക മലയാളത്തില്‍ ആദ്യത്തേതാണ്. ഇനി ഏറെ അനുകരിക്കപ്പെട്ടേക്കാവുന്നതും.

   


  ഒന്നര മണിക്കൂര്‍ നേരം സ്‌ക്രീന്‍ ഗ്രാബ്, വീഡിയോ കോള്‍ ഫോര്‍മാറ്റില്‍ മാത്രം മുന്നോട്ടുപോകുന്ന സിനിമ ഒട്ടുമേ വിരസമാകുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. അറബ് നാട്ടിലുണ്ടായ പ്രസക്തമായൊരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കഥാപാത്രങ്ങളെ പ്ലേസ് ചെയ്യാനും അവരുടെ സംഘര്‍ഷങ്ങളെയും വികാരങ്ങളെയും ഫലപ്രദമായി അവതരിപ്പിക്കാനും കഴിയുന്നതിലൂടെ ഒരു ടോട്ടല്‍ സിനിമയുടെ കാഴ്ചാനുഭവം നല്‍ന്നതില്‍ സീ യു സൂണ്‍ വിജയിക്കുന്നു.

        ഒരു മിഡില്‍ ഈസ്റ്റേണ്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ജിമ്മി (റോഷന്‍ മാത്യു) ഡേറ്റിംഗ് ആപ്പ് വഴി കണ്ടുമുട്ടിയ അനു (ദര്‍ശന രാജേന്ദ്രന്‍)വുമായി ബന്ധത്തിലാകുന്നു. അവളെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ജിമ്മി അനുവിനെ തന്റെ അമ്മയ്ക്ക് പരിചയപ്പെടുത്തുന്നു. അനു ജിമ്മിക്ക് ഒരു ആത്മഹത്യാക്കുറിപ്പ് വീഡിയോ രൂപത്തില്‍ അയയ്ക്കുമ്പോള്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാവുകയാണ്. പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനും പ്രശ്‌നം പരിഹരിക്കാനും കുടുംബ സുഹൃത്തായ കെവിന്റെ (ഫഹദ് ഫാസില്‍) സഹായം തേടുന്നതാണ് പ്രമേയം. കഥാപാത്രങ്ങളാരും നേരില്‍ കാണുന്നില്ലെങ്കിലും പ്രമേയം ആവശ്യപ്പെടുന്ന തീവ്രതയും സംഘര്‍ഷവും അവര്‍ക്കിടയില്‍ രൂപപ്പെടുന്നുണ്ട്. വെര്‍ച്വല്‍ കഥാപാത്രങ്ങളുടെ അന്ത:സംഘര്‍ഷം കാണികളിലേക്കു കൂടി പടരുമ്പോഴാണ് സീ യു സൂണ്‍ വെര്‍ച്വല്‍ ലോകത്തു നിന്ന് യഥാര്‍ഥ ജീവിത പരിസരത്തിലേക്കു സഞ്ചരിച്ചെത്തുന്നത്. കഥാപാത്രങ്ങള്‍ക്ക് വ്യക്തമായ ഐഡന്റിറ്റിയും വികാസവും നല്‍കുന്നതിലും സിനിമ വിജയിക്കുന്നുണ്ട്. അതോടെ ലോക്ക് ഡൗണ്‍ സിനിമ എന്ന പരിമിതിയില്‍ നിന്നും ഒരു പൂര്‍ണ സിനിമ എന്ന നിലയിലേക്ക് സീ യു സൂണ്‍ വളര്‍ച്ച പ്രാപിക്കുകയും ചെയ്യുന്നു. വെര്‍ച്വല്‍ സ്‌പേസിലെ കഥാപാത്രങ്ങള്‍ എന്നതുകൊണ്ടു തന്നെ ഏറെ വെല്ലുവിളി നിറഞ്ഞതാണ് അഭിനേതാക്കള്‍ക്ക് ഈ സിനിമ. ഫഹദ്, റോഷന്‍, ദര്‍ശന എന്നീ പ്രധാന കഥാപാത്രങ്ങളെല്ലം ഈ വെല്ലുവിളി ഭംഗിയായി ഏറ്റെടുത്തിരിക്കുന്നു. ഓരോരുത്തരും സ്വന്തം വെര്‍ച്വല്‍ സ്‌പേസിന്റെ പരിമിതിയില്‍ ആണ് ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ അത്തരമൊരു പരിമിതിയെയാണ് അഭിനേതാക്കള്‍ ലളിതമായി മറികടന്ന് കാണികള്‍ക്ക് പരിപൂര്‍ണ സിനിമയുടെ അനുഭവം നല്‍കുന്നത്. ഒരു അഭിനേതാവിന്റെ പ്രതിഭ പരീക്ഷണവിധേയമാക്കപ്പെടുന്ന സന്ദര്‍ഭമാണിത്.

       


അടച്ചിടപ്പെട്ട കാലത്ത് ഇന്നവേറ്റീവ് ആയൊരു ചലച്ചിത്ര നിര്‍മ്മാണ മാതൃക മുന്നോട്ടുവയ്ക്കാനും അതു വിജയിപ്പിച്ചെടുക്കാനും കഴിഞ്ഞതില്‍ സീ യു സൂണിന്റെ മാസ്റ്റര്‍ ബ്രെയിന്‍ മഹേഷ് നാരായണനും നിര്‍മ്മാതാവ് ഫഹദ് ഫാസിലിനും അഭിമാനിക്കാം. ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്ത ചിത്രം പൂര്‍ണമായും ഐഫോണ്‍ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്. ഒരു മാസത്തില്‍ താഴെ ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. റൈറ്റര്‍ ബ്രില്യന്‍സ്, ഡയറക്ടര്‍ ബ്രില്യന്‍സ്, ടെക്‌നിക്കല്‍ ബ്രില്യന്‍സ് എന്നെല്ലാം വിശേഷിപ്പിക്കാവുന്ന സിനിമ. ഇന്ത്യയിലെ രണ്ടാമത്തെ കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ ചലച്ചിത്രമാണ് സീ യു സൂണ്‍. തമിഴ് ചലച്ചിത്രമായ ലെന്‍സ് ആണ് ഈ വിഭാഗത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. ഇന്ത്യന്‍ വേരുകളുള്ള ഹോളിവുഡ് സംവിധായകനായ അനിഷ് ചഗാന്റിയുടെ 2018ല്‍ പുറത്തിറങ്ങിയ ഫോളോവിംഗ് ഈ വിഭാഗത്തില്‍ ആദ്യ പരീക്ഷണമെന്ന നിലയില്‍ ഏറെ അഭിനന്ദനം നേടിയെടുത്ത സിനിമയാണ്. 

അക്ഷരകൈരളി, 2020 ഒക്ടോബര്‍

Tuesday, 2 February 2021

സൂഫിയുടെയും സുജാതയുടെയും മിസ്റ്റിക് പ്രണയം


കോവിഡ് കാലത്ത് പാടേ നിശ്ചലമായ സിനിമാ വിപണിക്ക് ഒ.ടി.ടി (ഓവര്‍ ദി ടോപ്) പ്ലാറ്റ്ഫോമിലൂടെയുള്ള പ്രദര്‍ശന സാധ്യതയ്ക്ക് തുടക്കമിട്ട മലയാള സിനിമ എന്ന നിലയ്ക്കാണ് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയും സിനിമാ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടത്. നാലു മാസം പൂര്‍ണമായും നിശ്ചലമായിക്കിടന്ന ഇന്‍ഡസ്ട്രിയെ ജൂലൈയിലെ ആദ്യ വെള്ളിയാഴ്ച ദിവസം സൂഫിയും സുജാതയും ഉണര്‍ത്തിവിട്ടു. ജൂലൈ മൂന്നിന്റെ അര്‍ധരാത്രിയില്‍ ആമസോണ്‍ പ്രൈം വഴി സൂഫിയും സുജാതയും റിലീസ് ചെയ്തു. ആ രാത്രി തന്നെ നിരവധി പേര്‍ സിനിമ കണ്ടു. പിറ്റേന്നു രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങളും പ്രചരിച്ചു. അതോടെ മലയാള സിനിമയില്‍ പുതിയൊരു റിലീസ് സംസ്‌കാരത്തിന് തുടക്കമായി. സിനിമയുടെ ലാഭനഷ്ടക്കണക്ക് നിര്‍മ്മാതാവായ വിജയ് ബാബു പുറത്തുവിട്ടിട്ടില്ല. എങ്കിലും പിന്തുടര്‍ന്നു വരുന്ന സിനിമകളുടെ റിലീസിംഗ് പ്ലാറ്റ്ഫോം ചിന്തകള്‍ക്ക് സൂഫിയും സുജാതയും ഉണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ല.



മുല്ലബസാറും ജിന്ന് പള്ളിയും പ്രണയവും

പുനത്തിലിന്റെ പരലോകമോ സ്മാരകശിലകളാ വായിക്കുന്നതു പോലെ. അതല്ലെങ്കില്‍ ഇസ്ലാം മിത്തുകളും ജിന്നുകളും സൂഫിവര്യന്മാരും ബാങ്ക് വിളി ഉയരുന്ന പള്ളിമിനാരങ്ങളുമുള്ള സുന്ദരമായ ഭാഷയിലെഴുതിയ ഒരു കഥ വായിക്കുന്നതു പോലെയുള്ള അനുഭവമാണ് സൂഫിയും സുജാതയും പകര്‍ന്നുതരുന്നത്. ഫാന്റസിയോടു തൊട്ടും ജീവിതത്തോട് ഒട്ടുമകലെയല്ലാതെയും ഇഴതുന്നിയ മിസ്റ്റിക് പ്രണയാനുഭവം.

കഥാപശ്ചാത്തലമാകുന്ന കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമമായി കാണിക്കുന്ന മുല്ലബസാര്‍ ഒരു വേള സാങ്കല്പികം എന്നു തന്നെ തോന്നിപ്പിക്കുന്ന പ്രദേശമാണ്. അത്തറിന്റെയും മുല്ലപ്പൂവിന്റെയുമടക്കം പലതരം ഗന്ധങ്ങളും നിറങ്ങളും വാരിച്ചൂടി നില്‍ക്കുന്ന മുല്ല ബസാറിലേക്ക് ആഘോഷപൂര്‍വം പാടിയും ആടിയും എത്തുന്ന വിശ്വാസികള്‍. പുറം ലോകത്തോട് വലിയ ബന്ധമില്ലെന്നു തോന്നിക്കുന്ന വിധം സവിശേഷ അസ്ഥിത്വം പ്രകടമാക്കുന്ന നാട്, വേഷത്തിലും പെരുമാറ്റത്തിലും സംസാരത്തിലും സവിശേഷത പുലര്‍ത്തുന്ന മനുഷ്യര്‍. മുല്ല ബസാര്‍ എന്ന ദേശത്തു നിന്ന് ഒറ്റക്കാഴ്ചയില്‍ ലഭിക്കുന്ന ചിത്രം ഇങ്ങനെയാണ്. മുല്ല ബസാറിലെ ജിന്ന് പള്ളികേന്ദ്രീകരിച്ചുള്ളതാണ് പ്രമേയ പരിസരം.


ജിന്ന് പള്ളിയില്‍ എത്തുന്ന അവധൂതനും ചെറുപ്പക്കാരനുമായ, പേര് പരാമര്‍ശിക്കാത്ത സൂഫിയും നാട്ടിലെ പ്രബല ഹിന്ദു തറവാട്ടിലെ പെണ്‍കുട്ടിയായ, സംസാരശേഷിയില്ലാത്ത സുജാതയും തമ്മില്‍ ഉടലെടുക്കുന്ന പ്രണയം സിനിമയുടെ ആകെ ഉയിരാകുന്നു. തങ്ങള്‍ക്കിടയിലുള്ള പ്രത്യേകതകളും സാമ്യങ്ങളും കൊണ്ട് പെട്ടെന്ന് അടുക്കാന്‍ ഇരുവര്‍ക്കുമാകുന്നു. അതിന് ഭാഷ പോലും തടസ്സമാകുന്നില്ല. ഇഷ്ടമുള്ള കാര്യങ്ങള്‍ സംസാരിക്കാന്‍ ഒരു ഡയറിയാണ് അവര്‍ക്കിടയിലുള്ളത്. സ്ഫടികജലവും നേര്‍ത്ത ഒഴുക്കുമുള്ള പുഴ പോലെയാണ് സൂഫിയുടെയും സുജാതയുടെയും പ്രണയം. പ്രാവ്, ഞാവല്‍പ്പഴം, മൈലാഞ്ചിക്കാട്, അത്തറു മണക്കുന്ന മുല്ല ബസാര്‍, സൂഫി, കഥക് നൃത്തച്ചുവടുകള്‍ എന്നിങ്ങനെ ഫ്രെയിമുകളില്‍ ചേര്‍ത്തുവച്ചിരിക്കുന്ന ബിംബങ്ങളെല്ലാം ഈ പ്രണയത്തെ അത്രമേല്‍ ജീവസ്സുറ്റതാക്കുന്നു. സൂഫിയുടെ ബാങ്ക് വിളി എത്രയേറെ ആത്മീയമെങ്കില്‍ അത്രയും തന്നെ കാവ്യാത്മകവുമാണ്. ജിന്ന് പള്ളിയില്‍ നിന്ന് ഉയരുന്ന സൂഫിയുടെ ബാങ്ക് വിളിയുടെ താളാത്മകതയില്‍ വിലയിച്ച് ചുവടുവയ്ക്കുന്ന സുജാത. ബാങ്ക് വിളി കേട്ട് മുല്ല ബസാറില്‍ നിന്ന് പുഴ കടന്ന് ജിന്ന് പള്ളിയിലേക്കെത്തുന്ന വിശ്വാസികള്‍. ഇത്ര സുന്ദരമായൊരു ബാങ്ക് വിളി ഇതിനുമുമ്പ് കേട്ടിട്ടില്ല.

പൂര്‍ണമികവ് അവകാശപ്പെടാനാകുന്ന സിനിമയല്ല സൂഫിയും സുജാതയും. തിരക്കഥയെ സിനിമാറ്റിക്ക് ആക്കിമാറ്റാനുള്ള പതിവ് ആഖ്യാന തന്ത്രങ്ങളും സംഘര്‍ഷവും ഡ്രാമയുമെല്ലാം ഈ സിനിമയിലും പ്രയോഗിച്ചിരിക്കുന്നു. അത് രണ്ടാം പകുതിയില്‍ കാഴ്ചയുടെ രസച്ചരട് പൊട്ടിക്കുന്നുമുണ്ട്. സൂഫിയുടെയും സുജാതയുടെയും പ്രണയത്തിന്റെ മാന്ത്രികത മാറ്റിവച്ചാല്‍ സിനിമയ്ക്ക് തീരെയൊരു സാധാരണത്വം കൈവരുന്നതാണ് ആഖ്യാനത്തിലെ പിഴവ്. പിന്നെ കഥയില്‍ സംഭവിക്കുന്നതെല്ലാം പ്രവചനീയമായ കാര്യങ്ങള്‍ മാത്രമാണ്. പക്ഷേ ഈ സാധാരണത്വങ്ങളെയെല്ലാം ക്ഷമിച്ചുകളയാന്‍ തോന്നുന്നത്രയും സുന്ദരമാണ് ഈ സിനിമയിലെ മിസ്റ്റിക്ക് പ്രണയം അനുഭവിപ്പിക്കുന്ന മാന്ത്രികത. സിനിമയുടെ ടോട്ടാലിറ്റിയില്‍ കാണിക്ക് ഉള്ളില്‍ ചേര്‍ത്തുവയ്ക്കാവുന്നതും ഈ പ്രണയത്തിന്റെ തൂവലനുഭവം തന്നെ.      


സൂഫിയും (ദേവ് മോഹന്‍) സുജാതയും (അദിതി റാവു ഹൈദരി) സിനിമയുടെ ഊര്‍ജ്ജവും ആകര്‍ഷണവുമായി മാറുമ്പോള്‍ രാജീവ് എന്ന സുജാതയുടെ ഭര്‍ത്താവ് കഥാപാത്രത്തിന്റെ വേഷമാണ് ജയസൂര്യക്ക്. ചെറുതെങ്കിലും കഥാപാത്രത്തിന്റെ പ്രാധാന്യമറിഞ്ഞ് ജയസൂര്യ ഇതിലെ രാജീവ് എന്ന കഥാപാത്രം ചെയ്യാന്‍ തയ്യാറായത് അഭിനന്ദനാര്‍ഹമാണ്. രാജീവ് ഇല്ലെങ്കില്‍ സുജാത എന്ന കഥാപാത്രത്തിന് പൂര്‍ണതയില്ല. ഈയൊരു പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടു തന്നെയാകണം രാജീവ് ആകാന്‍ ജയസൂര്യ തയ്യാറായത്.

സൂഫിയായി എത്തുന്ന ദേവ് മോഹന്‍ ശരീരചലനത്തിലെ മിതത്വവും ഉജ്ജ്വലമായ സ്‌ക്രീന്‍ പ്രസന്‍സും കൊണ്ട് മികച്ച സാന്നിധ്യമാകുമ്പോള്‍ അദിതി റാവു അഴകും ആംഗികാഭിനയ മികവും കൊണ്ട് സംഭാഷണമില്ലാത്ത സുജാതയെന്ന നായികാ വേഷത്തെ മികവുറ്റതാക്കുന്നു.

ഇസ്ലാം മത ബിംബങ്ങളുടെ പശ്ചാത്തലത്തില്‍ സൂഫി സംഗീതത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട് ഈ സിനിമ. സിനിമയിലുടനീളം സൂഫി സംഗീതത്തിന്റെ മാന്ത്രികത അലിഞ്ഞു ചേരുന്നതായി കാണാം. സിനിമയിലെ പ്രണയത്തിനും പ്രമേയ പശ്ചാത്തലത്തിനും സംഗീതം നല്‍കുന്ന ഉള്‍ക്കരുത്ത് വലുതാണ്.

സ്ത്രീശബ്ദം, 2020 ജൂലൈ

ശകുന്തളാ ദേവി; ഗണിതത്തിനു മറുപുറത്തെ ജീവിതം


സെക്കന്റുകളുടെ ദൈര്‍ഘ്യത്തില്‍ പ്രയാസമേറിയ ഗണിത പ്രശ്‌നങ്ങള്‍ക്ക് അനായാസം ഉത്തരം കണ്ടെത്തി ആ ബാലിക ആദ്യം വീട്ടുകാരെ അമ്പരപ്പിച്ചു. ബാലികയുടെ അത്ഭുത ശേഷിയുടെ കഥ പിന്നീട് നാട്ടിലാകെ പരന്നു. മുതിര്‍ന്നപ്പോഴും ആ മാന്ത്രികത അവളെ കൈവിട്ടില്ല. ഗണിതത്തിലെ വിഷമക്രിയകള്‍ ഓരോന്നും അവളുടെ ബുദ്ധികൂര്‍മ്മതയ്ക്കു മുന്നില്‍ തീരെ എളുപ്പത്തില്‍ കുരുക്കഴിഞ്ഞു കൊണ്ടിരുന്നു. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഗണിതം അവള്‍ക്കൊപ്പമുണ്ടായിരുന്നു. മനക്കണക്കു കൊണ്ട് കമ്പ്യൂട്ടര്‍ ബുദ്ധിയെ പോലും തോല്‍പ്പിച്ച ആ ഗണിതശാസ്ത്ര പ്രതിഭയെ ലോകം ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നു വിളിച്ചു.

      ഗണിതശാസ്ത്രത്തിലെ ഇന്ത്യന്‍ പ്രതിഭയായ ശകുന്തളാ ദേവിയാണ് കണക്കിലെ കളികള്‍ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഈ ബാലിക. വിദ്യാലയത്തില്‍ പോയി അക്കാദമികമായ യോഗ്യതകള്‍ നേടാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത ശകുന്തളാദേവി ആറാം വയസ്സില്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍ശിപ്പിച്ചു. എട്ടാം വയസ്സില്‍ തമിഴ്നാട്ടിലെ അണ്ണാമലൈ സര്‍വ്വകലാശാലയിലും ഇത് ആവര്‍ത്തിച്ചു. 1977 ല്‍ അമേരിക്കയിലെ ഡള്ളാസില്‍ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേര്‍പ്പെട്ട ശകുന്തളാദേവി അമ്പതു സെക്കന്റിനകമാണ് ഉത്തരം നല്‍കിയത്. 201 അക്ക സംഖ്യയുടെ 23-ാം വര്‍ഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി. 1980 ല്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ 13 അക്കങ്ങള്‍ 28 സെക്കന്‍ഡിനുള്ളില്‍ ഗുണിച്ച് ശരിയായ ഉത്തരം പറഞ്ഞ് 1982 ലെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് നേടി. അങ്ങനെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്ന വിളിപ്പേരും ലഭിച്ചു.

      ലോകമൊന്നടങ്കം വിസ്മയത്തോടെ മാത്രം വീക്ഷിച്ച ഗണിതശാസ്ത്രത്തിലെ ഈ അത്ഭുതപ്രതിഭയ്ക്ക് ഉചിതമായ ചിരസ്മരണയാണ് അനു മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ശകുന്തളാ ദേവി - ഹ്യൂമന്‍ കമ്പ്യൂട്ടര്‍' എന്ന ചിത്രം നല്‍കുന്നത്. ശകുന്തളാ ദേവിയുടെ ജീവിതത്തെ കുറേക്കൂടി അടുത്തറിയാന്‍ അവസരം നല്‍കുകയാണ് വിദ്യാ ബാലന്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം.

     


  ശകുന്തളാ ദേവിയുടെ പ്രതിഭ തിരിച്ചറിയപ്പെടുന്ന ബാല്യകാലം മുതല്‍ ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ബയോപിക് വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കില്‍ കൂടി ഉടനീളം എന്റര്‍ടെയ്‌നര്‍ സ്വഭാവം നിലനിര്‍ത്താന്‍ സംവിധായികയ്ക്കായിട്ടുണ്ട്. ശകുന്തളാ ദേവിയുടെ ബാല്യം മുതല്‍ക്കുള്ള ഗണിതവുമായുള്ള സഞ്ചാരമാണ് സിനിമയുടെ ഇതിവൃത്തം. അതേസമയം ഗണിതശാസ്ത്രത്തിനു പുറത്ത് കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ ശകുന്തളാ ദേവിയുടെ ജീവിതത്തെയും അടയാളപ്പെടുത്തുന്നു. ഗണിത ലോകത്തില്‍ നിന്നു മാറിയുള്ള ശകുന്തളാ ദേവിയുടെ ജീവിതത്തിലെ രസങ്ങളും രസക്കേടുകളും എങ്ങനെയെന്ന കൗതുകത്തിന് തിരക്കഥയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഒരു വ്യക്തിയുടെ പ്രധാന സംഭാവനകളില്‍ മാത്രം ഒതുങ്ങി നിന്ന് ജീവിത സംഭവങ്ങളെ ക്രമമായി കോര്‍ത്തുവയ്ക്കുന്ന ബയോപിക് ശൈലിയില്‍ നിന്ന് അനു മേനോന്റെ സിനിമ വേറിട്ടു നില്‍ക്കുന്നത് അങ്ങനെയാണ്.

      സര്‍ക്കസില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന തുച്ഛവരുമാനക്കാരന്റെ മകള്‍ എന്ന നിലയില്‍ നിന്ന് ഗണിതത്തിലെ മനക്കണക്കുകള്‍ ആളുകള്‍ക്കു മുന്നില്‍ അവതരിപ്പിച്ച് രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പര്യടനം നടത്തുന്ന സ്ത്രീ എന്ന നിലയിലേക്കുള്ള ശകുന്തളാ ദേവിയുടെ വളര്‍ച്ചയെ സിനിമ അടയാളപ്പെടുത്തുന്നു. അതിനിടയില്‍ ശകുന്തളയുടെ ജീവിതത്തില്‍ വരികയും ഇടപെടുകയും അവരെ സ്വാധീനിക്കുകയും ചെയ്യുന്നവരാണ് സിനിമയിലെ കഥാപാത്രങ്ങള്‍. ചെറുപ്പത്തിലെ ദരിദ്രമായ ചുറ്റുപാടുകളെ തന്റെ പ്രതിഭ കൊണ്ട് മറികടക്കാന്‍ ശകുന്തളയ്ക്കാകുന്നു. ലണ്ടന്‍ ജീവിതം അവര്‍ക്ക് ജീവിതവും സമ്പാദ്യവും നല്‍കി. ഗണിതശാസ്ത്രത്താല്‍ ലഭിച്ച സമ്പന്ന ജീവിതവും പ്രശസ്തിയും അവര്‍ നന്നായി ആസ്വദിക്കുന്നുമുണ്ട്.

        യൂറോപ്യന്‍ വാസത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ ശകുന്തളാ ദേവി, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ പാരിതോഷ് ബാനര്‍ജിയെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. കണക്കിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് നിമിഷങ്ങള്‍ക്കകം ഉത്തരം കണ്ടെത്തുന്ന ചടുലത പക്ഷേ ജീവിതത്തില്‍ ശകുന്തളാ ദേവിയെ തുണച്ചില്ല. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തന്റെ ഭര്‍ത്താവ് ഒരു സ്വവര്‍ഗാനുരാഗിയാണ് എന്ന സത്യം ശകുന്തളാദേവിക്കു മുന്നില്‍ വെളിപ്പെട്ടു. ഇത് മാനസികമായി ഏറെ ഉലച്ചെങ്കിലും അവര്‍ പിടിച്ചുനിന്നു. എന്നാല്‍ ഏറെ വൈകാതെ വിവാഹമോചിതരാകുകയും ചെയ്തു. ഗണിതത്തിനും പ്രശസ്തിക്കും പിറകെയുള്ള സഞ്ചാരത്തിനിടയില്‍ നല്ല അമ്മയാകാനും ശകുന്തളാ ദേവിക്ക് കഴിഞ്ഞില്ലെന്ന് മകള്‍ തന്നെ ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്. പിന്നീട് അമ്മയുടെ സ്‌നേഹവും പരിഗണനയും മകള്‍ തിരിച്ചറിയുന്നിടത്താണ് സിനിമ പൂര്‍ണമാകുന്നത്. ജീവിതം മുന്നോട്ടുവച്ച പ്രതിസന്ധിയില്‍ തളരാതെ അതില്‍ നിന്നുപോലും ക്രിയാത്മകമായ സംഭാവനകള്‍ സമൂഹത്തിന് നല്‍കാന്‍ ശകുന്തളാ ദേവി കാണിച്ച മനസ്സാന്നിദ്ധ്യവും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.

     


നല്ല നര്‍മ്മബോധവും സ്ത്രീപക്ഷ ചിന്തയും ഉന്നതമായ സ്വാതന്ത്ര്യ ബോധവുമുള്ള ശകുന്തളാ ദേവിയുടെ മനോധര്‍മ്മവും മാനറിസങ്ങളും ഉള്‍ക്കൊണ്ടു കൊണ്ടുള്ള പ്രകടനമാണ് വിദ്യാ ബാലന്‍ കാഴ്ചവയ്ക്കുന്നത്. വ്യത്യസ്ത പ്രായവും ജീവിതാവസ്ഥകളും ശരീരത്തിലും ഭാവങ്ങളിലും വരുത്തുന്ന മാറ്റങ്ങള്‍ നാടകീയതയില്ലാതെ പ്രകടിപ്പിക്കാനും മിതത്വം സൂക്ഷിക്കാനും വിദ്യയ്ക്കാകുന്നുണ്ട്. ഗണിതവുമായി ബന്ധപ്പെട്ട സ്റ്റേജ് പെര്‍ഫോമന്‍സുകളിലും അഭിമുഖങ്ങളിലും ഗൃഹാന്തരീക്ഷത്തില്‍ നിന്ന് വ്യത്യസ്തമായ ശരീരഭാഷ കൊണ്ടു വരുമ്പോള്‍ തന്നെ അമ്മ, കാമുകി, ഭാര്യ എന്നീ ഭാവങ്ങളും വിദ്യയില്‍ ഭദ്രം. വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഇത്തരമൊരു പിരീഡ് സിനിമയിലെ മുഖ്യ കഥാപാത്രമാകാന്‍ നിലവില്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും അനുയോജ്യയായ നടി വിദ്യാ ബാലന്‍ തന്നെയായിരിക്കും. ഇക്കാര്യത്തില്‍ ചിത്രത്തിന്റെ കാസ്റ്റിംഗ് ടീമിന് അഭിമാനിക്കാം. ശകുന്തളാ ദേവിയുടെ മകള്‍ അനുവിന്റെ വേഷത്തില്‍ സാനിയ മല്‍ഹോത്രയുടെയും, അനുവിന്റെ ഭര്‍ത്താവ് അജയ് ആയി അമിത് സാദിന്റെയും, പാരിതോഷ് ബാനര്‍ജിയായി ജിഷു സെന്‍ ഗുപ്തയുടെയും, സേവിയര്‍ ആയി ഇറ്റാലിയന്‍ ആക്ടര്‍ ലൂക്ക കാല്‍വാനിയുടെയും പ്രകടനവും കാണികളുടെ ഓര്‍മ്മയില്‍ നില്‍ക്കും.

      ഈ വര്‍ഷം മെയ് എട്ടിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ തിയേറ്റര്‍ റിലീസ് സാധ്യമല്ലാത്തതിനെ തുടര്‍ന്ന് ജൂലൈ 31 ന് ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. ലണ്ടനും ഇന്ത്യയുമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ശകുന്തളാ ദേവിയുടെ ജീവിതത്തിലെ പ്രധാന നേട്ടങ്ങളുടെ മുഹൂര്‍ത്തങ്ങള്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ തന്നെ ഷൂട്ട് ചെയ്തുവെന്നതും ശ്രദ്ധേയമാണ്.


അക്ഷരകൈരളി, 2020 സെപ്റ്റംബര്‍

Monday, 1 February 2021

നിങ്ങള്‍ക്ക് സെയ്‌നിനെ അറിയാമോ?


സെയ്ന്‍ അല്‍ റാഫി. 2004ല്‍ സിറിയയിലെ ദാറയില്‍ ജനനം. ഒമ്പതു വര്‍ഷം മുമ്പാണ് ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലേയ്ക്ക് രക്ഷിതാക്കളോടൊപ്പം അഭയാര്‍ഥിയായി സെയ്ന്‍ എത്തിയത്. ലെബനനിലെ പതിനായിരക്കണക്കിന് സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം പട്ടിണിയും അരക്ഷിതാവസ്ഥയും രോഗവും നിറഞ്ഞ സാഹചര്യത്തില്‍ അവരും കൂടി.

    സിറിയന്‍ യുദ്ധത്തിന് ശേഷം ലെബനനിലേക്ക് കുടിയേറിപ്പാര്‍ത്ത അഭയാര്‍ത്ഥികളുടെ ജീവിതം പ്രമേയമാക്കി ലെബനീസ് സംവിധായിക നദീന്‍ ലബാക്കി സിനിമ ചെയ്യാന്‍ ആലോചിച്ചപ്പോള്‍ കുട്ടികളെയാണ് പ്രധാന കഥാപാത്രങ്ങളാക്കാന്‍ തീരുമാനിച്ചത്. രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും എപ്പൊഴും ഇരയാകുന്നതു കുട്ടികളാണെന്നതു തന്നെ കാരണം. അഭയാര്‍ഥി ജീവിതത്തിന്റെ എല്ലാ ദുരിത സ്പന്ദങ്ങളും അവരുടെ നെഞ്ചിലുണ്ടാകും. അങ്ങനെയാണ് നദീന്‍ സിറിയന്‍ അഭയാര്‍ഥികളില്‍ നിന്നുതന്നെ പന്ത്രണ്ടുകാരനായ തന്റെ നായകനെ കണ്ടെത്തുന്നത്. തീര്‍ത്തും നിരക്ഷരനായ അഭിനയപരിചയമില്ലാത്ത ജനിച്ചതു മുതല്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ നിറഞ്ഞ ചുറ്റുപാടില്‍ ജീവിച്ച സെയ്ന്‍ അല്‍ റാഫി.

     കഴിഞ്ഞ വര്‍ഷം കാന്‍ ഫെസ്റ്റിവെല്‍ പ്രീമിയര്‍ ആയും പിന്നീട് വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ച് അംഗീകാരം നേടിയ നദീന്റെ 'കാപര്‍നോം 'എന്ന സിനിമ കണ്ടവരാരും സെയ്‌നിനെ മറക്കില്ല. സിനിമയില്‍ പറയുന്നത് സ്വന്തം ജീവിതം തന്നെയായതുകൊണ്ട് സെയ്‌നിന് ക്യാമറയ്ക്കു മുന്നില്‍ അഭിനയിക്കേണ്ടി വന്നില്ല.126 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ടെയ്ല്‍ എന്‍ഡില്‍ മാത്രമാണ് അവന്റെ മുഖത്ത് ഒരു പുഞ്ചിരി വരുന്നത്. പാസ്‌പോര്‍ട്ട് ശരിയാകുമെന്നും അതിനായി ഒരു ഫോട്ടോ എടുക്കണമെന്നും പറയുമ്പോഴാണ് ഉള്ളില്‍ നിന്നുള്ള ആ ചിരി. പക്ഷേ, സിനിമ ഷൂട്ട് ചെയ്ത് കഴിയുന്നതു മുതല്‍ വീണ്ടും അഭയാര്‍ഥി തന്നെയാണെന്ന യാഥാര്‍ഥ്യമായിരുന്നു സെയ്ന്‍ നേരിട്ട ഏറ്റവും വലിയ ദുര്യോഗം.

   


   തന്നെ ജനിപ്പിച്ചതിന്റെ പേരില്‍ അച്ഛനമ്മമാര്‍ക്ക് എതിരെ കേസ് കൊടുത്ത് കോടതിമുറിയില്‍ എത്തുന്ന സെയ്‌നിനോട് മാതാപിതാക്കള്‍ക്ക് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടത് എന്നു ജഡ്ജി ചോദിക്കുന്നു. ഇനി ഇവര്‍ ഒരു കുഞ്ഞിനു കൂടി ജന്മം നല്‍കരുതെന്നാണ് സെയ്‌നിന്റെ മറുപടി. സഹോദരങ്ങളുടെ പട്ടിണിയും രോഗവും അരക്ഷിതാവസ്ഥയും കണ്ടു മടുത്തിട്ടാണ് ഈ പ്രതികരണം. യുദ്ധം അശാന്തിയല്ലാതെ ഒന്നും തരുന്നില്ലെന്നതാണ് അതിന്റെ മുറിവുകളേറ്റിട്ടുള്ള ജനത നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്.

         എന്തുകൊണ്ടാണ് കാപര്‍നോം പോലൊരു സിനിമ ഇന്ത്യയില്‍ നിന്ന് ഉണ്ടാകാത്തത് എന്നു ചിന്തിച്ചിട്ടുണ്ടോ? ഉത്തരം ലളിതമാണ്, അത്തരത്തില്‍ ഒരു യുദ്ധമോ ആഭ്യന്തര കലാപമോ പലായനമോ അഭയാര്‍ഥി ജീവിതമോ അനുഭവിച്ചിട്ടുള്ള ജനതയല്ല നമ്മള്‍. കല ജീവിതത്തില്‍ നിന്ന് അത്ര അകലെയല്ല, തൊട്ടു തന്നെയാണ് നില്‍ക്കുന്നത്. ലെബനനു പുറമെ മറ്റു മധ്യ-പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും മധ്യ ആഫ്രിക്കയില്‍ നിന്നും ലാറ്റിനമേരിക്കയില്‍ നിന്നും ഇത്തരം സിനിമകളുണ്ടാകുന്നതിന്റെ കാരണം അവരുടെ നെഞ്ചില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന കലാപത്തിന്റെയും അഭയാര്‍ഥിത്വത്തിന്റയും പട്ടിണിയുടെയും യാഥാര്‍ഥ്യങ്ങള്‍ തന്നെയാണ്. നമ്മള്‍ ഇപ്പോഴും സേഫ് സോണിലാണ്. യുദ്ധം നമുക്ക് പാഠപുസ്തകങ്ങളിലും സാഹിത്യത്തിലും സിനിമയിലും മാത്രം പരിചയമുള്ള കാര്യമാണ്. 

     


കാപര്‍നോം പുറത്തിറങ്ങിയ ശേഷം സെയ്‌നിന് നോര്‍വെയുടെ പൗരത്വം കിട്ടി. അവന്‍ കുടുംബത്തോടൊപ്പം അവിടെ ജീവിക്കുന്നു. 14-ാം വയസ്സില്‍ അവന്‍ സ്‌കൂളില്‍ പോയിത്തുടങ്ങി. ഇപ്പോഴവന് എഴുത്തും വായനയുമറിയാം. അവന് പൂക്കളോടാണ് കൂടുതല്‍ ഇഷ്ടമെന്ന് അധ്യാപിക പറഞ്ഞതായി നദീന്‍ ലബാക്കി പറയുന്നു; ഇനി ഒരിക്കലും ആയുധങ്ങള്‍ ഇഷ്ടപ്പെടാനാവില്ലെന്നും.

ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍ 2020 ആഗസ്റ്റ് 29

ഹരിഹര്‍ നഗറിലെ പ്രായമാകാത്ത കൂട്ടുകാര്‍


മഹാദേവനും അപ്പുകുട്ടനും ഗോവിന്ദന്‍ കുട്ടിയും തോമസ് കുട്ടിയും. മലയാളികള്‍ക്ക് മുഖവുര വേണ്ടാത്ത കൂട്ടുകാര്‍. മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇവര്‍ക്കെന്നും നിറയൗവനമാണ്. ഹരിഹര്‍ നഗറിലെ ഈ കൂട്ടുകാര്‍ കേരളത്തിലെ പ്രദര്‍ശന ശാലകളിലേക്കും കാണികളുടെ ഹൃദയത്തിലേക്കും ചിറകടിച്ചെത്തിയിട്ട് 30 വര്‍ഷമാകുന്നു.

      മലയാള സിനിമയില്‍ ട്രെന്‍ഡ് സെറ്ററായി മാറിയ സിനിമയായിരുന്നു സിദ്ധിക്ക് ലാല്‍ കൂട്ടുകെട്ടില്‍ നിന്നും 1990 ല്‍ പിറന്ന ഇന്‍ ഹരിഹര്‍ നഗര്‍. മികച്ച സാമ്പത്തിക വിജയം നേടിയ ഹരിഹര്‍ നഗര്‍ സിദ്ധിഖ് ലാലിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. ആദ്യ ചിത്രമായ റാംജിറാവ് സ്പീക്കിങ്ങിന്റെ വിജയം പുതുമുഖ സംവിധായകരുടെ കേവല ഭാഗ്യം മാത്രമല്ലായിരുന്നുവെന്ന് ഇന്‍ ഹരിഹര്‍ നഗര്‍ തെളിയിച്ചു. ഇതോടെ സിദ്ധിക്ക് ലാല്‍ കൂട്ടുകെട്ട് മലയാളത്തില്‍ പുതിയ കോമഡി ഡ്രാമ എന്റര്‍ടെയ്‌നര്‍ ട്രെന്‍ഡിനു തുടക്കമിട്ടു.

        പുതുമയുള്ള കോമഡിയായിരുന്നു ഇന്‍ പരിഹര്‍ നഗറിന്റെ നട്ടെല്ല്. അതുവരെ കേട്ടിട്ടില്ലാത്ത തമാശകളും കൗണ്ടര്‍ ഡയലോഗുകളും പ്രേക്ഷകരെ ശരിക്ക് രസിപ്പിച്ചു. ആ ഡയലോഗുകള്‍ അവര്‍ ഏറ്റെടുത്തു. നാലു നായകന്മാര്‍. നാലു പേരും കോമഡി പറയുന്നു. കോമഡിക്കായി സിനിമയില്‍ ഹാസ്യ നടന്മാര്‍ തന്നെ വേണമെന്ന കീഴ്വഴക്കത്തിന് ഇന്‍ ഹരിഹര്‍ നഗര്‍ മാറ്റം വരുത്തി.

       30 വര്‍ഷങ്ങള്‍ക്കിപ്പുറവും ഇന്‍ ഹരിഹര്‍ നഗറിലെ ഡയലോഗുകള്‍ മലയാളികളുടെ നര്‍മ്മ സംഭാഷണങ്ങള്‍ക്കിടെ ആവര്‍ത്തിക്കപ്പെടുന്നു എന്നതു തന്നെയാണ് സിദ്ധിക്ക് ലാല്‍ ടീമിന്റെ സ്‌ക്രിപ്റ്റിങ്ങിന്റെ മികവ്. മലയാളികള്‍ ഏറ്റവുമധികം തവണ കണ്ടിട്ടുള്ള സിനിമകളിലൊന്നായ ഇന്‍ ഹരിഹര്‍ നഗറിന് പുതിയ തലമുറയിലും ആരാധകര്‍ ഏറെയാണ്. ടെലിവിഷന്‍ ചാനല്‍ സ്‌ക്രീനിംഗില്‍ വാച്ചിംഗ് റേറ്റിംഗില്‍ മുന്‍പന്തിയിലുള്ള സിനിമകളിലൊന്നുമാണിത്.

     


 രണ്ടാം നിര താരങ്ങളെ വച്ച് ഒരു സാധാരണ കോമഡി ചിത്രം എന്ന ലേബലില്‍ വന്ന സിനിമ 1990ലെ വന്‍ വിജയങ്ങളിലൊന്നായി. ആ വര്‍ഷമിറങ്ങിയ പല സൂപ്പര്‍താര ചിത്രങ്ങളും ബോക്‌സോഫീസ് കളക്ഷനില്‍ ഇന്‍ ഹരിഹര്‍ നഗറിനു പിന്നിലായി. പ്രധാന കേന്ദ്രങ്ങളില്‍ 100 ദിവസം തികച്ച ചിത്രം കോമഡി ട്രാക്ക് സിനിമകള്‍ക്ക് മലയാളത്തില്‍ മികച്ച മാര്‍ക്കറ്റ് ഉണ്ടെന്ന തിരിച്ചറിവ് കൂടി ഇന്‍ഡസ്ട്രിക്ക് നല്‍കി. ഇന്‍ ഹരിഹര്‍ നഗറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മുകേഷ്, സിദ്ധിഖ്, ജഗദീഷ്, അശോകന്‍, പുതുമുഖ നായിക ഗീത വിജയന്‍ എന്നിവര്‍ക്കെല്ലാം ഈ സിനിമ വഴിത്തിരിവായി. ഇവരെല്ലാം തൊണ്ണൂറുകളിലെ തിരക്കേറിയ താരങ്ങളാകുകയും ചെയ്തു. റാംജിറാവുവിനു പിന്നാലെ ഇന്‍ ഹരിഹര്‍ നഗര്‍ കൂടി വന്‍ ഹിറ്റായതോടെ മുകേഷിന്റെ താരമൂല്യം വര്‍ധിച്ചു. ജഗദീഷും സിദ്ധിഖും നായക നിരയിലേക്ക് ഉയര്‍ന്നു. ലോ ബജറ്റ് കോമഡി, ഫാമിലി സിനിമകളിലെ സ്ഥിരം സാന്നിധ്യമായി മാറിയ ജഗദീഷിന് ജനകീയ നായകന്‍ എന്ന വിശേഷണവും ലഭിച്ചു.

       ഇന്‍ ഹരിഹര്‍ നഗറിന്റെ പ്രമേയത്തെ ചുവടുപിടിച്ച്  ചെറുപ്പക്കാരെ കേന്ദ്രമാക്കി നിരവധി ചിത്രങ്ങളാണ് തൊണ്ണൂറുകളില്‍ വന്നത്. സുന്ദരികാക്ക, എഴുന്നള്ളത്ത്, ഇരിക്കൂ എം.ഡി അകത്തുണ്ട്, മാന്ത്രികച്ചെപ്പ്, നീലക്കുറുക്കന്‍, ഡോളര്‍, കണ്‍ഗ്രാഞ്ജുലേഷന്‍സ് മിസ് അനിതാ മേനോന്‍, മാന്യന്മാര്‍, ചെപ്പു കിലുക്കണ ചങ്ങാതി തുടങ്ങിയ ചിത്രങ്ങള്‍ ഇക്കൂട്ടത്തില്‍ പെടുന്നു. ലോ ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രങ്ങളില്‍ മിക്കതും സാമ്പത്തിക വിജയം നേടി. എന്നാല്‍ ഇന്‍ ഹരിഹര്‍ നഗറിലെ കോമഡി ഫ്രഷ്‌നെസ് തുടര്‍ന്നുവന്ന സിനിമകളില്‍ കാണികള്‍ക്ക് അനുഭവിക്കാനായില്ല.

     ഇന്‍ ഹരിഹര്‍ നഗര്‍, എം.ജി.ആര്‍ നഗറില്‍ എന്ന പേരില്‍ 1991 ല്‍ തമിഴില്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു. ഹിന്ദിയില്‍ പര്‍ദാ ഹെ പര്‍ദാ, ഡോല്‍ എന്നീ രണ്ട് റീമേക്കുകള്‍ ഇന്‍ ഹരിഹര്‍ നഗറിനുണ്ടായി. കന്നടയില്‍ നഗരദല്ലി നായകരു, തെലുങ്കില്‍ മധുര നഗരിലോ എന്നീ പേരുകളിലും ഈ സിദ്ധിഖ് ലാല്‍ ചിത്രം റീമേക്ക് ചെയ്യപ്പെട്ടു.

     


 ഇന്‍ ഹരിഹര്‍ നഗര്‍ പുതിയ തലമുറയുടെയും പ്രിയപ്പെട്ട സിനിമയാണെന്ന് മനസ്സിലാക്കിയ ലാല്‍ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം 2009 ഏപ്രില്‍ 1 ന് ടു ഹരിഹര്‍ നഗര്‍ എന്ന പേരില്‍ പുറത്തിറക്കി. ആദ്യഭാഗത്തെ പോലെ ഈ ചിത്രവും നിര്‍മ്മാതാവിന് വന്‍ ലാഭം നേടിക്കൊടുത്തു. 19 വര്‍ഷം മുമ്പ് മഹാദേവനും അപ്പുകുട്ടനും ഗോവിന്ദന്‍ കുട്ടിക്കും തോമസ് കുട്ടിക്കും തിയേറ്ററില്‍ കിട്ടിയ സ്വീകരണം അതേപടി വീണ്ടും കാണികള്‍ നല്‍കി. ഈ കൂട്ടുകെട്ട് വീണ്ടും കാണികളെ ചിരിപ്പിച്ച് കൈയിലെടുത്തു. അതിന്റെ ആത്മവിശ്വാസത്തില്‍ ഇന്‍ ഹരിഹര്‍ നഗറിന്റെ മൂന്നാം ഭാഗം 'ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍' എന്ന പേരില്‍ 2010 മാര്‍ച്ചില്‍ പുറത്തിറങ്ങി. ഇതും സൂപ്പര്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി.

      മഹാദേവനെയും അപ്പുകുട്ടനെയും ഗോവിന്ദന്‍ കുട്ടിയെയും തോമസ് കുട്ടിയെയും ഓര്‍ത്താല്‍ തന്നെ മലയാളികളുടെ ചുണ്ടില്‍ ഒരു ചിരി വരും. പിന്നെ അതൊരു പൊട്ടിച്ചിരിയാകും. മുപ്പതു വര്‍ഷം മുമ്പ് ഹരിഹര്‍ നഗറില്‍ തുടങ്ങിയ ചിരിയുടെ അമിട്ട് ഇനിയും പൊട്ടിത്തീര്‍ന്നിട്ടില്ല. ഇനിയൊരു നാലാം ഭാഗമോ പിന്നെ അതിന് വീണ്ടും തുടര്‍ച്ചകളും വന്നാലും മലയാളി സ്വീകരിക്കും. കാരണം ഹരിഹര്‍ നഗറിലെ നാലംഗ സംഘം അത്രമാത്രം അവരുടെ ഉള്ളിലിടം കണ്ടെത്തിയിട്ടുണ്ട്.

ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍ 2020 ആഗസ്റ്റ് 27