കോവിഡ് കാലത്ത് പാടേ നിശ്ചലമായ സിനിമാ വിപണിക്ക് ഒ.ടി.ടി (ഓവര്‍ ദി ടോപ്) പ്ലാറ്റ്ഫോമിലൂടെയുള്ള പ്രദര്‍ശന സാധ്യതയ്ക്ക് തുടക്കമിട്ട മലയാള സിനിമ എന്ന നിലയ്ക്കാണ് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സൂഫിയും സുജാതയും സിനിമാ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടത്. നാലു മാസം പൂര്‍ണമായും നിശ്ചലമായിക്കിടന്ന ഇന്‍ഡസ്ട്രിയെ ജൂലൈയിലെ ആദ്യ വെള്ളിയാഴ്ച ദിവസം സൂഫിയും സുജാതയും ഉണര്‍ത്തിവിട്ടു. ജൂലൈ മൂന്നിന്റെ അര്‍ധരാത്രിയില്‍ ആമസോണ്‍ പ്രൈം വഴി സൂഫിയും സുജാതയും റിലീസ് ചെയ്തു. ആ രാത്രി തന്നെ നിരവധി പേര്‍ സിനിമ കണ്ടു. പിറ്റേന്നു രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങളും പ്രചരിച്ചു. അതോടെ മലയാള സിനിമയില്‍ പുതിയൊരു റിലീസ് സംസ്‌കാരത്തിന് തുടക്കമായി. സിനിമയുടെ ലാഭനഷ്ടക്കണക്ക് നിര്‍മ്മാതാവായ വിജയ് ബാബു പുറത്തുവിട്ടിട്ടില്ല. എങ്കിലും പിന്തുടര്‍ന്നു വരുന്ന സിനിമകളുടെ റിലീസിംഗ് പ്ലാറ്റ്ഫോം ചിന്തകള്‍ക്ക് സൂഫിയും സുജാതയും ഉണ്ടാക്കിയ ആത്മവിശ്വാസം ചെറുതല്ല.
മുല്ലബസാറും ജിന്ന് പള്ളിയും പ്രണയവും
പുനത്തിലിന്റെ പരലോകമോ സ്മാരകശിലകളാ വായിക്കുന്നതു പോലെ. അതല്ലെങ്കില്‍ ഇസ്ലാം മിത്തുകളും ജിന്നുകളും സൂഫിവര്യന്മാരും ബാങ്ക് വിളി ഉയരുന്ന പള്ളിമിനാരങ്ങളുമുള്ള സുന്ദരമായ ഭാഷയിലെഴുതിയ ഒരു കഥ വായിക്കുന്നതു പോലെയുള്ള അനുഭവമാണ് സൂഫിയും സുജാതയും പകര്‍ന്നുതരുന്നത്. ഫാന്റസിയോടു തൊട്ടും ജീവിതത്തോട് ഒട്ടുമകലെയല്ലാതെയും ഇഴതുന്നിയ മിസ്റ്റിക് പ്രണയാനുഭവം.
കഥാപശ്ചാത്തലമാകുന്ന കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമമായി കാണിക്കുന്ന മുല്ലബസാര്‍ ഒരു വേള സാങ്കല്പികം എന്നു തന്നെ തോന്നിപ്പിക്കുന്ന പ്രദേശമാണ്. അത്തറിന്റെയും മുല്ലപ്പൂവിന്റെയുമടക്കം പലതരം ഗന്ധങ്ങളും നിറങ്ങളും വാരിച്ചൂടി നില്‍ക്കുന്ന മുല്ല ബസാറിലേക്ക് ആഘോഷപൂര്‍വം പാടിയും ആടിയും എത്തുന്ന വിശ്വാസികള്‍. പുറം ലോകത്തോട് വലിയ ബന്ധമില്ലെന്നു തോന്നിക്കുന്ന വിധം സവിശേഷ അസ്ഥിത്വം പ്രകടമാക്കുന്ന നാട്, വേഷത്തിലും പെരുമാറ്റത്തിലും സംസാരത്തിലും സവിശേഷത പുലര്‍ത്തുന്ന മനുഷ്യര്‍. മുല്ല ബസാര്‍ എന്ന ദേശത്തു നിന്ന് ഒറ്റക്കാഴ്ചയില്‍ ലഭിക്കുന്ന ചിത്രം ഇങ്ങനെയാണ്. മുല്ല ബസാറിലെ ജിന്ന് പള്ളികേന്ദ്രീകരിച്ചുള്ളതാണ് പ്രമേയ പരിസരം.
ജിന്ന് പള്ളിയില്‍ എത്തുന്ന അവധൂതനും ചെറുപ്പക്കാരനുമായ, പേര് പരാമര്‍ശിക്കാത്ത സൂഫിയും നാട്ടിലെ പ്രബല ഹിന്ദു തറവാട്ടിലെ പെണ്‍കുട്ടിയായ, സംസാരശേഷിയില്ലാത്ത സുജാതയും തമ്മില്‍ ഉടലെടുക്കുന്ന പ്രണയം സിനിമയുടെ ആകെ ഉയിരാകുന്നു. തങ്ങള്‍ക്കിടയിലുള്ള പ്രത്യേകതകളും സാമ്യങ്ങളും കൊണ്ട് പെട്ടെന്ന് അടുക്കാന്‍ ഇരുവര്‍ക്കുമാകുന്നു. അതിന് ഭാഷ പോലും തടസ്സമാകുന്നില്ല. ഇഷ്ടമുള്ള കാര്യങ്ങള്‍ സംസാരിക്കാന്‍ ഒരു ഡയറിയാണ് അവര്‍ക്കിടയിലുള്ളത്. സ്ഫടികജലവും നേര്‍ത്ത ഒഴുക്കുമുള്ള പുഴ പോലെയാണ് സൂഫിയുടെയും സുജാതയുടെയും പ്രണയം. പ്രാവ്, ഞാവല്‍പ്പഴം, മൈലാഞ്ചിക്കാട്, അത്തറു മണക്കുന്ന മുല്ല ബസാര്‍, സൂഫി, കഥക് നൃത്തച്ചുവടുകള്‍ എന്നിങ്ങനെ ഫ്രെയിമുകളില്‍ ചേര്‍ത്തുവച്ചിരിക്കുന്ന ബിംബങ്ങളെല്ലാം ഈ പ്രണയത്തെ അത്രമേല്‍ ജീവസ്സുറ്റതാക്കുന്നു. സൂഫിയുടെ ബാങ്ക് വിളി എത്രയേറെ ആത്മീയമെങ്കില്‍ അത്രയും തന്നെ കാവ്യാത്മകവുമാണ്. ജിന്ന് പള്ളിയില്‍ നിന്ന് ഉയരുന്ന സൂഫിയുടെ ബാങ്ക് വിളിയുടെ താളാത്മകതയില്‍ വിലയിച്ച് ചുവടുവയ്ക്കുന്ന സുജാത. ബാങ്ക് വിളി കേട്ട് മുല്ല ബസാറില്‍ നിന്ന് പുഴ കടന്ന് ജിന്ന് പള്ളിയിലേക്കെത്തുന്ന വിശ്വാസികള്‍. ഇത്ര സുന്ദരമായൊരു ബാങ്ക് വിളി ഇതിനുമുമ്പ് കേട്ടിട്ടില്ല.
പൂര്‍ണമികവ് അവകാശപ്പെടാനാകുന്ന സിനിമയല്ല സൂഫിയും സുജാതയും. തിരക്കഥയെ സിനിമാറ്റിക്ക് ആക്കിമാറ്റാനുള്ള പതിവ് ആഖ്യാന തന്ത്രങ്ങളും സംഘര്‍ഷവും ഡ്രാമയുമെല്ലാം ഈ സിനിമയിലും പ്രയോഗിച്ചിരിക്കുന്നു. അത് രണ്ടാം പകുതിയില്‍ കാഴ്ചയുടെ രസച്ചരട് പൊട്ടിക്കുന്നുമുണ്ട്. സൂഫിയുടെയും സുജാതയുടെയും പ്രണയത്തിന്റെ മാന്ത്രികത മാറ്റിവച്ചാല്‍ സിനിമയ്ക്ക് തീരെയൊരു സാധാരണത്വം കൈവരുന്നതാണ് ആഖ്യാനത്തിലെ പിഴവ്. പിന്നെ കഥയില്‍ സംഭവിക്കുന്നതെല്ലാം പ്രവചനീയമായ കാര്യങ്ങള്‍ മാത്രമാണ്. പക്ഷേ ഈ സാധാരണത്വങ്ങളെയെല്ലാം ക്ഷമിച്ചുകളയാന്‍ തോന്നുന്നത്രയും സുന്ദരമാണ് ഈ സിനിമയിലെ മിസ്റ്റിക്ക് പ്രണയം അനുഭവിപ്പിക്കുന്ന മാന്ത്രികത. സിനിമയുടെ ടോട്ടാലിറ്റിയില്‍ കാണിക്ക് ഉള്ളില്‍ ചേര്‍ത്തുവയ്ക്കാവുന്നതും ഈ പ്രണയത്തിന്റെ തൂവലനുഭവം തന്നെ.
സൂഫിയും (ദേവ് മോഹന്‍) സുജാതയും (അദിതി റാവു ഹൈദരി) സിനിമയുടെ ഊര്‍ജ്ജവും ആകര്‍ഷണവുമായി മാറുമ്പോള്‍ രാജീവ് എന്ന സുജാതയുടെ ഭര്‍ത്താവ് കഥാപാത്രത്തിന്റെ വേഷമാണ് ജയസൂര്യക്ക്. ചെറുതെങ്കിലും കഥാപാത്രത്തിന്റെ പ്രാധാന്യമറിഞ്ഞ് ജയസൂര്യ ഇതിലെ രാജീവ് എന്ന കഥാപാത്രം ചെയ്യാന്‍ തയ്യാറായത് അഭിനന്ദനാര്‍ഹമാണ്. രാജീവ് ഇല്ലെങ്കില്‍ സുജാത എന്ന കഥാപാത്രത്തിന് പൂര്‍ണതയില്ല. ഈയൊരു പ്രാധാന്യം തിരിച്ചറിഞ്ഞതുകൊണ്ടു തന്നെയാകണം രാജീവ് ആകാന്‍ ജയസൂര്യ തയ്യാറായത്.
സൂഫിയായി എത്തുന്ന ദേവ് മോഹന്‍ ശരീരചലനത്തിലെ മിതത്വവും ഉജ്ജ്വലമായ സ്‌ക്രീന്‍ പ്രസന്‍സും കൊണ്ട് മികച്ച സാന്നിധ്യമാകുമ്പോള്‍ അദിതി റാവു അഴകും ആംഗികാഭിനയ മികവും കൊണ്ട് സംഭാഷണമില്ലാത്ത സുജാതയെന്ന നായികാ വേഷത്തെ മികവുറ്റതാക്കുന്നു.
ഇസ്ലാം മത ബിംബങ്ങളുടെ പശ്ചാത്തലത്തില്‍ സൂഫി സംഗീതത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നുണ്ട് ഈ സിനിമ. സിനിമയിലുടനീളം സൂഫി സംഗീതത്തിന്റെ മാന്ത്രികത അലിഞ്ഞു ചേരുന്നതായി കാണാം. സിനിമയിലെ പ്രണയത്തിനും പ്രമേയ പശ്ചാത്തലത്തിനും സംഗീതം നല്‍കുന്ന ഉള്‍ക്കരുത്ത് വലുതാണ്.
സ്ത്രീശബ്ദം, 2020 ജൂലൈ
No comments:
Post a Comment