Thursday, 4 February 2021

തിരക്കഥയിലൊതുങ്ങാത്ത സലിംകുമാര്‍


ഷാഫിയുടെ സംവിധാനത്തില്‍ 2007 ല്‍ മായാവി എന്ന സിനിമ പുറത്തിറങ്ങുന്നതു വരെ നിരപരാധകന്‍, നിരപരാധിനി എന്നീ പ്രയോഗങ്ങള്‍ മലയാള ഭാഷയില്‍ ഉടലെടുത്തിട്ടില്ലായിരുന്നു. കുറ്റം ചെയ്തിട്ടില്ലാത്ത ഒരു വ്യക്തിയെ സൂചിപ്പിക്കാന്‍ നിരപരാധി എന്ന വാക്കാണല്ലോ സാധാരണ ഉപയോഗിക്കാറ്. എന്നാല്‍ ഈ സിനിമയില്‍ സലിംകുമാറിന്റെ കണ്ണന്‍ സ്രാങ്ക് എന്ന കഥാപാത്രം ഒരു പ്രശ്നത്തിന്റെ നിജസ്ഥിതി നാട്ടുകാരെ ബോധ്യപ്പെടുത്താനായി പ്രയോഗിക്കുന്നത് നിരപരാധകന്‍, നിരപരാധിനി എന്നീ വിശേഷണങ്ങളാണ്. 'ഇന്ദു ഇക്കാര്യത്തില്‍ നിരപരാധിനിയാണ്, നാട്ടുകാരേ നിരപരാധിനിയാണ്, അതുപോലെ ദിവന്‍ നിരപരാധകനുമാണ്.' എന്നു സലിംകുമാറിന്റെ കഥാപാത്രം പറയുമ്പോള്‍ അത് തിരക്കഥയില്‍ എഴുതിവച്ച സംഭാഷണത്തിന് പുറത്തേക്കുള്ള പ്രയോഗസാധുത തേടുകയും കാണികള്‍ ഏറ്റെടുക്കുകയും പിന്നീടൊരു പ്രയോഗ ശൈലിയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു.

ഒരു അഭിനേതാവ് എന്ന നിലയില്‍ സൃഷ്ടിച്ച മികച്ച കഥാപാത്രങ്ങളെ പോലെതന്നെ സലിംകുമാര്‍ എന്ന നടന്‍ മലയാല്‍കള്‍ക്കിടയിലേക്ക് സംഭാവന ചെയ്തിട്ടുള്ള ഒട്ടനവധി ഭാഷാ പ്രയോഗങ്ങളും സവിശേഷ ശൈലികളുമുണ്ട്. സിനിമയ്ക്കപ്പുറം മലയാളിയുടെ ദിവസ ജീവിതത്തില്‍ സദാ ഇടപെട്ടുകൊണ്ടിരിക്കുന്ന പ്രയോഗങ്ങളാണവ. സമകാലികരായ മറ്റേതൊരു അഭിനേതാവിനും സാധ്യമാകാത്ത തലത്തിലാണ് ഇക്കാര്യത്തില്‍ സലിംകുമാറിന്റെ ഇടം. കഴിഞ്ഞ രണ്ടു ദശാബ്ദമായി സലിംകുമാര്‍ ചെയ്തുപോരുന്ന കഥാപാത്രങ്ങളിലൂടെ സഞ്ചരിച്ചാല്‍ ഈ സവിശേഷത വ്യക്തമാകും. തിരക്കഥയില്‍ ഒതുങ്ങി നില്‍ക്കാനാകാത്ത നടനാണ് സലിംകുമാര്‍. ഏറ്റവുമെളുപ്പത്തില്‍ തിരക്കഥയുടെ അതിര്‍ത്തിവരകള്‍ ലംഘിച്ച് പുറത്തുകടക്കാന്‍ സലിംകുമാറിലെ നടന് സാധിക്കും. അതു തന്നെയാണ് ഈ അഭിനേതാവിന്റെ സവിശേഷതയും സ്വീകാര്യതയും.


തിരക്കഥ പ്രകാരവും സംവിധായകന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചും അഭിനയിക്കുന്ന ഒരു വിഭാഗവും നിയതമായൊരു കോപ്പി ബുക്ക് ശൈലിയില്‍ നിന്ന് വിടുതല്‍ പ്രഖ്യാപിച്ച് സ്വതന്ത്രമായി സഞ്ചരിക്കുന്ന മറ്റൊരു കൂട്ടം അഭിനേതാക്കളുമുണ്ട്. തങ്ങളെ തേടിവരുന്ന കഥാപാത്രങ്ങളെ സ്വയം വിപുലീകരിക്കാനാണ് രണ്ടാമത്തെ കൂട്ടര്‍ ശ്രമിക്കാറ്. അവര്‍ ചുറ്റുപാടില്‍ നിന്നും ആര്‍ജ്ജിച്ച അനുഭവപാഠങ്ങളും ഉള്ളിലെ സാമൂഹിക, നര്‍മ്മബോധങ്ങളും കഥാപാത്രത്തിലേക്ക് പകര്‍ത്തുന്നു.

മിമിക്രി വേദിയില്‍ നിന്ന് സിനിമയിലേക്കെത്തിയ സലിംകുമാര്‍ രണ്ടാമത്തെ വിഭാഗത്തില്‍പെടുന്ന നടനാണ്. തന്റെയുള്ളിലെ അപാരമായ നര്‍മ്മബോധത്തെ കഥാപാത്രങ്ങളിലേക്ക് കൊണ്ടുവന്നു പ്രയോഗിച്ചാണ് നടനെന്ന നിലയില്‍ അയാള്‍ അടയാളപ്പെടുത്തപ്പെട്ടത്. സലിം കുമാറിലെ നടനെ സംബന്ധിച്ച് ആംഗികാഭിനയം പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണ് വാചികാഭിനയവും. സലിംകുമാര്‍ കഥാപാത്രങ്ങളുടെ നവീന വാക്പ്രയോഗങ്ങള്‍, സംഭാഷണ ശൈലി, ഡയലോഗ് ഡെലിവെറിയിലെ മോഡുലേഷന്‍, ആംഗ്യവിക്ഷേപങ്ങള്‍, ചിരി, നോട്ടങ്ങള്‍, മൂളലുകള്‍ തുടങ്ങിയവയെല്ലാം മലയാളിയെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. ഒരു സലിംകുമാര്‍ ശൈലിയോ പ്രയോഗമോ ഇല്ലാതെ മലയാളിയുടെ ദിവസം പുലര്‍ന്നിരുട്ടുന്നില്ലെന്നു പറയാം. ഇക്കഴിഞ്ഞ രണ്ടു ദശകത്തിനിടെ ശരാശരി മലയാളി ജീവിതത്തില്‍ ഇത്രമാത്രം സ്വാധീനിച്ചിട്ടുള്ള മറ്റൊരു അഭിനേതാവിനെ കണ്ടെത്തുക പ്രയാസമാണ്.

സ്വാഭാവികവും അനായാസവുമാണ് സലിംകുമാറിന്റെ അഭിനയശൈലി. തന്റെ കഥാപാത്രങ്ങളെ അയാള്‍ നിരന്തരം ഇംപ്രവൈസ് ചെയ്യാന്‍ തയ്യാറാകുന്നു. തിരക്കഥയ്ക്കു പുറത്തേക്കുള്ള സലിംകുമാറിന്റെ ഈ സഞ്ചാരങ്ങളെയാണ് കാണികള്‍ ആസ്വദിക്കുന്നത്. സലിമിന്റെ ഒട്ടുമിക്ക കഥാപാത്രങ്ങളിലും ആസ്വാദകര്‍ക്ക് ഏറ്റെടുക്കാന്‍ തക്കതായി എന്തെങ്കിലുമൊരു സവിശേഷത ബാക്കിവച്ചിട്ടുണ്ടാകും.  മിമിക്രി, നാടകം, കഥാപ്രസംഗം തുടങ്ങി സിനിമയ്ക്കു മുമ്പ് താന്‍ വ്യാപരിച്ചിട്ടുള്ള മേഖലകളുടെയൊക്കെ സ്വാധീനം ബോധപൂര്‍വ്വം തന്നെ സലിംകുമാര്‍ സിനിമയിലെ കഥാപാത്രങ്ങളില്‍ കൊണ്ടുവരുന്നു.


പുലിവാല്‍ കല്യാണം എന്ന സിനിമയില്‍ ' അച്ഛനാണത്രെ അച്ഛന്‍...അച്ഛനെ കാണണം എന്നു വാശിപിടിച്ച് കരയുമ്പോള്‍ പള്ളീലച്ചന്മാരെ കാണിച്ച് തൃപ്തിപ്പെടുത്തുമായിരുന്നു എന്റെ പൊന്നമ്മച്ചി...' എന്ന ഏറെ പ്രശസ്തമായ ഡയലോഗ് ഡെലിവെറിയില്‍ പ്രൊഫഷണല്‍ നാടകരംഗത്തെ തന്റെ പരിചയം പ്രയോജനപ്പെടുത്തുന്ന സലിംകുമാറിനെ കാണാം. 'ദകാര'ങ്ങളുടെ നിലവറ സൂക്ഷിപ്പുകാരനാണ് സലിംകുമാര്‍. ഇതേ സിനിമയില്‍ തന്നെയാണ് ദിവിടെ, ദവിടെ, ദപ്പുറത്ത്, ദതിന്റെ ദപ്പുറത്ത് തുടങ്ങിയ ശൈലികള്‍ സലിംകുമാര്‍ കൊണ്ടുവരുന്നത്. ഇതു പിന്നീട് മലയാളിയുടെ രസകരമായ നര്‍മ്മപ്രയോഗങ്ങളായി മാറി. പുലിവാല്‍ കല്യാണത്തിലെ മണവാളന്‍ എന്ന കഥാപാത്രത്തിന്റെ മാനറിസങ്ങളും ചിരിയും ഡയലോഗുകളും ഏറെ പ്രശസ്തമായി. ഈ സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കു ശേഷവും അതിലെ സലിംകുമാര്‍ കഥാപാത്രത്തിന്റെ ജനപ്രീതി പലയളവില്‍ കൂടുകയാണുണ്ടായത്. സിനിമയെക്കാള്‍ പ്രശസ്തമായ കഥാപാത്രം എന്നു പറയാം. സലിംകുമാറിലെ നടനെ മലയാളി പൂര്‍ണമായി ആസ്വദിച്ചു തുടങ്ങിയ സിനിമയും ഇതാണ്.

സലീംകുമാറിന്റെ കരിയറില്‍ വഴിത്തിരിവായ കഥാപാത്രമായ മീശമാധവനിലെ അഡ്വ.മുകുന്ദനുണ്ണിയുടെ ഒരു ഡയലോഗ് ഡെലിവറി നോക്കുക. 'മാധവന്‍ നായരുംകൃഷ്ണവിലാസം ഭഗീരഥന്‍ പിള്ളയും തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന്റെയും വ്യക്തിവിദ്വേഷത്തിന്റെയും ഗഥാാാാാ....ഈ ഡയലോഗിനൊടുവിലെ ഗഥാാാാ... എന്ന നീട്ടലിലാണ് സലിംകുമാറിലെ പരീക്ഷണകാരന്‍ ഉള്ളത്. ഈ നീട്ടല്‍പ്രയോഗം തിരക്കഥാകൃത്തിന് എഴുതാന്‍ സാധിക്കുന്നതല്ലെന്ന് വ്യക്തമാണല്ലോ. പ്രയോഗം കാണികള്‍ ഏറ്റെടുത്തു.

സലിംകുമാര്‍ വളരെ സ്വാഭാവികമായി പറയുന്ന നര്‍മ്മ സംഭാഷണങ്ങള്‍ പില്‍ക്കാലത്ത് മലയാളിയുടെ ദൈനംദിന ജീവിതത്തിലെ രസികന്‍ പ്രയോഗങ്ങളായി മാറുന്നതിന്റെ മറ്റൊരുദാഹരണമാണ് കല്യാണരാമന്‍ സിനിമയിലെ 'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍' എന്ന ഡയലോഗ്. സാമ്പാര്‍ അതിനു മുമ്പും തിളച്ചിരുന്നു. പക്ഷേ സലിംകുമാര്‍ ആ ഡയലോഗ് പറഞ്ഞതോടെയാണ് അത്തരം സന്ദര്‍ഭങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന പ്രയോഗമായി ഇതു മാറിയത്. ഈ സിനിമയിലൂടെ പിന്നീട് ജനപ്രിയ ശൈലികളായി മാറിയ മറ്റനേകം പ്രയോഗങ്ങളും സലിംകുമാറിന്റേതായിട്ടുണ്ട്. മൃതസഞ്ജി, മദാല്‍ദസ, മെല്‍കൗ, നീ എവടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെയാണല്ലോ സ്ഥിതി, സവാള ഗിരി ഗിരി, ഞാനിത് തിന്ന്വല്ലാ, ഈ കലവറ നമുക്കൊരു മണിയറയാക്കാം, യു ആര്‍ ദ ലിങ്ക് ഓഫ് ദ ലിങ്ക് തുടങ്ങിയ പ്രയോഗങ്ങളെല്ലാം പ്യാരി എന്ന കഥാപാത്രം മലയാളി നര്‍മ്മസംഭാഷണ ഇടങ്ങള്‍ക്കു നല്‍കിയ ഈടുവയ്പുകളാണ്.


മീശമാധവനിലെ അഡ്വ.മുകുന്ദനുണ്ണിയുടെ 'നന്ദി മാത്രേ  ഒള്ളൂ ലേ', 'കാണാന്‍ ഒരു ലുക്കില്ലെന്നൊള്ളൂ ഭയങ്കര ബുദ്ധിയാ', ശരിക്കും വക്കീലാ ദാ കോട്ടൊക്കെണ്ട്',  വണ്‍ മാന്‍ ഷോയിലെ ഭാസ്‌കരന്റെ 'ചിലപ്പോ ബിരിയാണി കിട്ടിയാലോ', പുലിവാല്‍ കല്യാണത്തിലെ 'കൊച്ചി എത്തീ',  'എന്റെ ഭാഗത്തും തെറ്റുണ്ട്', ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രത്തിന്റെ 'മുദ്ര ശ്രദ്ധിക്കൂ', മായാവിയിലെ കണ്ണന്‍ സ്രാങ്കിന്റെ 'വാ ബാലാ',  'ആശാന്‍ ആശാന്‍', ഫരതനാട്യം, തിളക്കത്തിലെ ഓമനക്കുട്ടന്റെ 'അയാം ദ സോറി അളിയാ', തൊമ്മനും മക്കളിലെ രാജാക്കണ്ണിന്റെ ''ഇതാ ആരാധം', ഹാപ്പി ഹസ്ബന്റ്സിലെ ഡോ.ധര്‍മ്മപാലന്റെ 'അപ്പോ എന്റെ സംശയം ഇതാണ് ആരാണ് ഞാന്‍'  തുടങ്ങിയവയൊക്കെ മലയാളിയുടെ ദൈനംദിന സംഭാഷണങ്ങളില്‍ തുടരുന്നത് സലിംകുമാറെന്ന ശൈലീവല്ലഭനായ നടന്റെ വാചികാഭിനയക്കരുത്തു കൊണ്ടാണ്.

തൊമ്മനും മക്കളിലെ ആരാധം എന്ന പ്രയോഗം ആധാരം എന്ന വാക്കില്‍ ഒരക്ഷരം മാറ്റി പ്രയോഗിച്ചതാണ്. ഇതില്‍ പ്രത്യേകിച്ചൊരു ഹാസ്യസാധ്യതയോ എന്തെങ്കിലും ധ്വനിപ്പിക്കാനോ ഇല്ല. എന്നാല്‍ സലിംകുമാര്‍ പറയുമ്പോള്‍ ചിരി ഉടലെടുക്കുന്നു. അതൊരു തമാശയായി മാറുന്നു. പുതിയൊരു വാക്കും ശൈലിയും പ്രയോഗവും രൂപപ്പെടുന്നു. മറ്റൊരു സലിംകുമാര്‍ സൃഷ്ടിയാണ് ഹോസ്പത്രി എന്ന വാക്ക്. ഹോസ്പിറ്റല്‍, ആശുപത്രി എന്നീ ഇംഗ്ലീഷ്, മലയാളം വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് സലിംകുമാര്‍ കഥാപാത്രം ഹോസ്പത്രി എന്ന പുതിയ പദം സൃഷ്ടിക്കുന്നു. പച്ചക്കുതിര എന്ന ലാല്‍ജോസ് സിനിമയില്‍ ദിലീപിന്റെ ഇരട്ട റോളുകളിലൊന്നായ ആകാശ് എന്ന കഥാപാത്രത്തെ കാണാതാകുമ്പോള്‍ വിളിച്ചു തിരയുകയാണ്. മറ്റുള്ളവര്‍ 'ആകാശൂ... മോനേ ആകാശൂ..' എന്നു സാധാരണ വിളിക്കുമ്പോള്‍ സലിംകുമാര്‍ ആകാശോ... ആകാശൂ... ആകാശോ.... എന്നു ശരണം വിളി താളത്തിലാണ് പേരു ചൊല്ലി വിളിക്കുന്നത്. സാന്ദര്‍ഭികമായി ഹാസ്യം സൃഷ്ടിക്കാനുള്ള ഒരു നടന്റെ അസാധാരണമായ ശേഷിയെയാണ് ഇതു കാണിക്കുന്നത്.

ഡയലോഗ് ഡെലിവെറിയിലെ മോഡുലേഷന്‍ കൊണ്ട് കാണികളെ ചിരിപ്പിക്കുന്നതിനൊപ്പം ചിന്തിപ്പിക്കാനുള്ള സലിംകുമാറിന്റെ ശേഷി അമല്‍ നീരദിന്റെ അന്‍വര്‍ എന്ന സിനിമയില്‍ കാണാം. പൃഥ്വിരാജിന്റെ കഥാപാത്രം സലിംകുമാറിനോട് ചോദിക്കുന്നു, '.ഇക്ക ജയിലില്‍ പോയിട്ടുണ്ടോ?' 'ആ ഒരിക്കല്‍ പോകണം..' എന്നാണ് സലിമിന്റെ മറുപടി. ജയിലില്‍ പോകലുകളെ ഇത്രമാത്രം നിസ്സാരവത്ക്കരിച്ചും താത്പര്യം ജനിപ്പിച്ചും മറ്റാര്‍ക്കെങ്കിലും പറയാനാകുമോ എന്നു സംശയമാണ്. ഇതേ സിനിമയില്‍ തന്നെ 'കൊച്ചിങ്ങനെ നീണ്ടു കിടക്ക്വാ, ഒരു കാര്യോല്ലാതെ' എന്ന ഡയലോഗും സലിംകുമാറിന്റെ ഡബ്ബിംഗ് മോഡുലേഷന്‍ സാധ്യതകളെ പുറത്തു കൊണ്ടുവരുന്നതാണ്.


കേരളം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ഏറ്റവുമധികം പ്രയോഗിച്ചൊരു പേരാണ് ശശി. ഇത് വെറുമൊരു പേരാണ്. പക്ഷേ ഈ പേര് പറയുമ്പോള്‍ മലയാളിയില്‍ ചിരിപൊട്ടുന്നു. ശശി എന്ന പേര് മലയാളി ജീവിതത്തില്‍ എങ്ങനെ ഇടപെട്ടു എന്ന അന്വേഷണം ചെന്നെത്തി നില്‍ക്കുന്നതും സലിംകുമാറിലാണ്. ചതിക്കാത്ത ചന്തു എന്ന റാഫി മെക്കാര്‍ട്ടിന്‍ ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ പ്രധാന കഥാപാത്രങ്ങളെല്ലാം ഒരു പഴയ കൊട്ടാരത്തില്‍ എത്തുന്നുണ്ട്. നീളന്‍ ഇടനാഴികളും ഇരുട്ടും ഭീതിയും നിറഞ്ഞ വഴിയിലൂടെ എല്ലാവരും നടക്കുന്നു. ഇതിനിടയിലാണ് വിനീതിന്റെ കഥാപാത്രത്തിന്റെ ചോദ്യം. 'ഹൊ എന്തൊരു കൊട്ടാരം... ഇത് ഏത് രാജാവിന്റെയായിരിക്കും' ഉടനടി സലിംകുമാറിന്റെ പ്രതികരണം. 'ഹാ ഇതോ... ഇത് മധ്യ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ഒരു രാജാവിന്റെയാ...പേര് ശശി.' ഇതായിരുന്നു വിഖ്യാതമായ ആ പേരിന്റെ ഉത്പത്തിചരിത്രം. സലിംകുമാറിലെ വാചികാഭിനയത്തിലെ മറ്റൊരു പൊന്‍തൂവല്‍.

തിരക്കഥയിലും നിഘണ്ടുവിലുമില്ലാത്ത പദസമ്പത്തും പ്രയോഗങ്ങളും തന്നെയാണ് ഈ നടന്റെ വാചികാഭിനയത്തിലെ കരുത്ത്. അച്ഛനുറങ്ങാത്ത വീട്, ആദാമിന്റെ മകന്‍ അബു തുടങ്ങിയ സിനിമകളിലൂടെ സലിംകുമാറിലെ ഭാവാഭിനയത്തിലെ മിതത്വവും മികവും സംസ്ഥാന, ദേശീയ അവാര്‍ഡ് ജൂറികള്‍ അംഗീകരിച്ചെങ്കില്‍ സാധാരണ മലയാളി പ്രക്ഷേകര്‍ സലിംകുമാറിലെ വാചികാഭിനേതാവിനെ കാണാനാണ് കൂടുതല്‍ താത്പര്യം കാണിച്ചത്. അഭിനേതാവ് പറയുന്ന വാക്കുകളുടെ സാധാരണ അര്‍ഥം മാത്രമല്ല, അതിലെ സ്വരവ്യതിയാനങ്ങളും ശ്രുതിഭേദങ്ങളും ഈണവും താളവുമെല്ലാം ഭാവപ്രകാശനത്തില്‍ സുപ്രധാനമായ പങ്കുവഹിക്കുന്നുവെന്ന വാചികാഭിനയത്തിന്റെ നിര്‍വചനം സലിംകുമാറിലെ നടനെ സംബന്ധിച്ച് ഏറെ അര്‍ഥവത്താകുന്നു. വാചികാഭിനയമാണ് സലിംകുമാറിന്റെ കരുത്ത്. അതിലൂടെ കഥാപാത്രം ആവശ്യപ്പെടുന്ന ഭാവപ്രകാശനം ഉള്‍ക്കൊള്ളാനും അയാളിലെ നടന് സാധിക്കുന്നു. ഇതിന്റെ പ്രകടമായ ഉദാഹരണമാണ് ട്രോളുകളിലും മീമുകളിലും ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന മുഖമായി സലിംകുമാര്‍ മാറുന്നത്. എന്തു വികാരം പ്രകടിപ്പിക്കാനും ട്രോളന്മാര്‍ ഏറ്റവുമെളുപ്പത്തില്‍ കണ്ടെത്തുന്ന മുഖവും ചേഷ്ടയും സലിംകുമാറിന്റെതാണ്. ട്രോള്‍ സൂപ്പര്‍സ്റ്റാര്‍ എന്ന ഈ പദവി തന്റെ കഥാപാത്രങ്ങള്‍ക്ക് ലഭിക്കുന്ന പ്രേക്ഷകാംഗീകാരമായി കാണാനാണ് താത്പര്യമെന്ന് സലിംകുമാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

കളം ന്യൂസ് ഓണ്‍ലൈന്‍, തിരക്കാഴ്ച-1, 2020 ഒക്ടോബര്‍ 

https://kalamnews.in/column-thirakkazhcha-np.muraleekrushnan-episode-1

No comments:

Post a Comment