മുണ്ടിന്റെ കോന്തല കൈകൊണ്ടു പിടിച്ച് മറ്റേ കൈയില്‍ കാലന്‍ കുടയുമായി ഓടിട്ട പഴയ തറവാട്ടു വീടിന്റെ ഉമ്മറത്തേക്ക് നടന്നുവരുന്ന കാരണവര്‍. കുട തിണ്ണയില്‍ ചാരിവച്ച് കിണ്ടിവെള്ളമെടുത്ത് കാലു കഴുകി ഉമ്മറത്തേക്കു കയറി നീളന്‍ കൈകളുള്ള ചാരുകസേരയില്‍ ഉപവിഷ്ടനായി ഗൃഹനാഥയെ നോക്കി വളച്ചുകെട്ടലില്ലാതെ സഗൗരവം അയാള്‍ വിഷയത്തിലേക്കു കടക്കുന്നു. ചുമരില്‍ ചാരിനിന്നുകൊണ്ട് കാരണവരുടെ ഗൗരവപൂര്‍ണമായ സംസാരത്തിലേക്ക് പരിപൂര്‍ണ ബഹുമാനത്തോടെ കണ്ണും കാതുമയച്ചിരിക്കുകയാണ് മുണ്ടും വേഷ്ടിയുമുടുത്ത ഗൃഹനാഥ. കാരണവരുടെ സംസാരവും ഗൃഹനാഥയുടെ മൂളലും ശ്രദ്ധയോടെയുള്ള ചെറു മറുപടിയും തുടരുന്നു.
എഴുതിത്തയ്യാറാക്കിയ തിരക്കഥയിലേതു പ്രകാരം സംവിധായകന്റെ നിര്‍ദേശത്തിനനുസൃതമായിട്ടാണ് കാരണവരുടെ നടത്തയും കാലുകഴുകലും ഇരിപ്പും സംസാരവുമെന്നും അയാള്‍ക്കു മുന്നില്‍ ഒരു മൂവി ക്യാമറയുണ്ടായിരുന്നുവെന്നും ഒരു വേള ഏതോ കേരളീയ ഗ്രാമാന്തരീക്ഷത്തില്‍ അകപ്പെട്ടുപോയ നമ്മള്‍ കാണികള്‍ മറന്നുപോകുന്നു. കാരണവര്‍ ഇരിക്കുന്നതു തങ്ങളുടെ വീട്ടുമ്മറത്തു തന്നെയാണെന്നും കാണികളുടെ ഉള്ളിലുറയ്ക്കുന്നു. പിന്നീട് വെള്ളിത്തിര വിട്ടുണരുമ്പോഴായിരിക്കും യഥാര്‍ഥ ജീവിതപരിസരവുമായി ഒട്ടു താദാത്മ്യം പ്രാപിച്ചിട്ടുള്ള ആ ചേഷ്ടകളെയോര്‍ത്ത് കാണികള്‍ അമ്പരക്കുന്നത്.
ഈ നാട്ടുകാരണവരെ നമുക്ക് ശങ്കരാടി എന്നു വിളിക്കാം. തൊള്ളായിരത്തി അറുപതുകള്‍ തൊട്ട് ദശാബ്ദങ്ങളോളം തുടര്‍ന്ന സിനിമാഭിനയ സപര്യയില്‍ തെല്ലിട പോലും കാണികളില്‍ ആവര്‍ത്തനവിരസതയുണ്ടാക്കാതെയും എന്നാല്‍ അതിയായി രസിപ്പിച്ചു പോരുകയും ചെയ്ത അതിപ്രതിഭാശാലിയായ നടന്‍. വീട്ടിലെ മുതിര്‍ന്ന അമ്മാവനോ കാരണവരോ നാട്ടുവിഷയങ്ങളില്‍ അവസാനവാക്കായ പ്രമാണിയോ ഒക്കെയാണ് മലയാളികള്‍ക്ക് ശങ്കരാടി. മറ്റനേകം വരുന്ന അഭിനേതാക്കളെ താരസ്വരൂപത്തില്‍ കണ്ട് ആരാധിക്കാന്‍ കാണികള്‍ തയ്യാറായപ്പോള്‍ ശങ്കരാടിയെ തങ്ങള്‍ക്കിടയിലെ കാരണവരായി കാണാനാണ് അവര്‍ താത്പര്യം കാണിച്ചത്. ശങ്കരാടിയുടെ രൂപവും അഭിനയത്തിലെ സാധാരണത്വവും തന്നെയായിരിക്കണം ഇതിനു കാരണം. ഒരു സിനിമാ നടന് വേണ്ടതായി കല്പിച്ചുനല്‍കിയിട്ടുള്ള താരശരീര സൗകുമാര്യങ്ങളൊന്നും ശങ്കരാടിക്കുണ്ടായിരുന്നില്ല. അഭിനയത്തിലേക്കു വരുമ്പോഴാകട്ടെ, തെല്ലും കലര്‍പ്പോ നാട്യങ്ങളോ ഇല്ലാതെ കേവല സാധാരണീയന്റെ തത്സ്വരൂപവും.
ശങ്കരാടിയെന്ന നടന്‍ പൂര്‍വമാതൃകകളില്ലാത്ത വിധം വെള്ളിത്തിരയില്‍ സാധാരണീയനായി മാറുകയായിരുന്നു. അയാള്‍ ക്യാമറയ്ക്കു മുന്നില്‍ ഒരിക്കലും അഭിനയിച്ചില്ല. സന്ദര്‍ഭങ്ങളോട് ഏറ്റവും സ്വാഭാവികമായി പെരുമാറുക മാത്രമായിരുന്നു ചെയ്തുപോന്നത്. ഒരു ഘട്ടത്തില്‍ പോലും അഭിനയമെന്നത് പ്രയാസമേറിയ ഒരു പ്രവൃത്തിയായി ശങ്കരാടിയിലെ നടന് അനുഭവപ്പെട്ടില്ല. പല തലമുറകള്‍ക്കൊപ്പം അഭിനയിച്ച അദ്ദേഹം കാലാകാലങ്ങളില്‍ സിനിമയിലുണ്ടായ സാങ്കേതിക മാറ്റങ്ങളോട് വളരെയെളുപ്പത്തില്‍ പൊരുത്തപ്പെട്ടു.
പ്രൊഫഷണല്‍ നാടക സങ്കേതത്തിന്റെ സ്വാധീനം സിനിമയെന്ന ആര്‍ട്ട് ഫോമിനെ പുല്‍കുകയും നാടകീയത സിനിമാഭിനയത്തിന്റെയും സംഭാഷണത്തിന്റെയും മുഖമുദ്രയായി മാറുകയും ചെയ്ത കാലത്ത് സിനിമാഭിനയ രംഗത്തെത്തിയ ശങ്കരാടിക്ക് അതില്‍നിന്ന് എളുപ്പത്തില്‍ വിടുതല്‍ പ്രഖ്യാപിക്കാനായി. കൂടെയഭിനയിച്ചവര്‍ അതിനാടകീയമായി ആംഗിക, വാചികാഭിനയത്തില്‍ മുഴുകിയപ്പോള്‍ നാടകത്തില്‍ നിന്ന് സിനിമയിലെത്തിയ ശങ്കരാടി നാടകത്തിന്റെ ബാധകളെ നിഷ്പ്രയാസം വകഞ്ഞുമാറ്റി ശരീരം കൊണ്ടും സംസാരം കൊണ്ടും മണ്ണില്‍ കാലുറപ്പിച്ചു നില്‍ക്കുന്ന സാധാരണ മനുഷ്യനിലേക്ക് പരകായപ്രവേശം ചെയ്തു. അതിശയോക്തി നിറഞ്ഞ പെരുമാറ്റമോ ഭാവഹാവാദികളോ അമിതാഭിനയമോ ശങ്കരാടിയില്‍ നിന്നുണ്ടായില്ല.
തങ്ങള്‍ക്ക് സാധിക്കാത്ത ജീവിതവും അത്ഭുതപ്രവൃത്തികളും വെള്ളിത്തിരയില്‍ അനുഭവിപ്പിക്കുകയും ഉന്നതമായ ശരീര, സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ വച്ചുപുലര്‍ത്തുകയും ചെയ്തിരുന്ന സിനിമാ താരങ്ങളെ അത്ഭുതാദരങ്ങളോടെയാണ് പ്രേക്ഷകര്‍ കണ്ടുപോന്നത്. താരങ്ങള്‍ ഒരിക്കലും ചുറ്റുപാടുമുള്ള മനുഷ്യരെപ്പോലെ സംസാരിച്ചില്ല, അവരുടെ അംഗവിക്ഷേപങ്ങളും ചലനങ്ങളുമെല്ലാം വ്യത്യസ്തമായിരുന്നു. പലപ്പോഴും കാണികള്‍ അത് അനുകരിക്കാനും ശ്രമിച്ചിരുന്നു. ഇങ്ങനെ തറനിരപ്പില്‍ തൊടാതെ നിലകൊണ്ടിരുന്ന വെള്ളിത്തിരക്കാഴ്ചകളിലേക്കാണ് ശങ്കരാടി നടന്നുവന്ന് സാധാരണ മനുഷ്യനെപ്പോലെ പെരുമാറാനും സംസാരിക്കാനും തുടങ്ങിയത്. ഒരു നിശ്ചിത വൃത്തത്തിനു പുറത്തേക്ക് അമിതമായി വളരാനോ ചുരുങ്ങാനോ അനുവദിക്കാതെ അതിന്റെ പരിധിയില്‍ നിലകൊള്ളുന്നതായിരുന്നു ശങ്കരാടിയുടെ അഭിനയം. കഥാപാത്രം ആവശ്യപ്പെടുന്നതെല്ലാം അതില്‍ പൂര്‍ണമായും ഉള്‍ച്ചേര്‍ന്നിരിക്കും. സംവിധായകന്‍ നടനില്‍ നിന്ന് ഇച്ഛിക്കുന്നതെന്തോ അത് ലഭിച്ചിരിക്കുകയും ചെയ്യും.
നാടകത്തിന്റെ അനുഭവസമ്പത്ത് ഉള്‍ക്കൊണ്ടിരുന്നതിനാല്‍ സിനിമാ ഡബ്ബിംഗില്‍ കഥാപാത്രം ആവശ്യപ്പെടുന്ന തരത്തില്‍ ശബ്ദനിയന്ത്രണവും സംഭാഷണത്തിലെ ആരോഹണാവരോഹണങ്ങളും ക്രമപ്പെടുത്താന്‍ ശങ്കരാടിക്ക് എളുപ്പത്തില്‍ സാധിച്ചു. മൂളല്‍, നോട്ടം, നടത്തം, ഇരിപ്പ് എന്നിവയിലെല്ലാം മിതത്വമാര്‍ന്ന നിയന്ത്രണം അദ്ദേഹത്തിനുണ്ടായിരുന്നു. അഭിനയവേളയില്‍ മുണ്ടിന്റെ കോന്തല, കറുത്ത ഫ്രേമുള്ള കട്ടിക്കണ്ണട, കാലന്‍ കുട, രണ്ടാംമുണ്ട് ഇവയെല്ലാം ശങ്കരാടിയുടെ ശരീരഭാഗങ്ങള്‍ തന്നെയായി മാറുന്നു. അടിമുടി നടനായി മാറുകയെന്ന അവസ്ഥയുമായി ശങ്കരാടിയിലെ സൂക്ഷ്മാഭിനേതാവിന് താദാത്മ്യപ്പെടുക എളുപ്പമായിരുന്നു.
1960കള്‍ തൊട്ട് എണ്‍പതുകളുടെ പകുതി വരെ വേലക്കാരന്‍, സഹായി, കാര്യസ്ഥന്‍, അമ്മാവന്‍, കാരണവര്‍, നായര്‍ പ്രമാണി, നമ്പൂതിരി തുടങ്ങി പ്രതീക്ഷിത മുഖങ്ങളായിട്ടാണ് ശങ്കരാടിയിലെ നടനെ കാണാനാകുക. അതില്‍ ചില വേഷങ്ങള്‍ ഗൗരവക്കാരന്റെതാണ്. മറ്റു ചിലപ്പോള്‍ തന്റെടവും കാര്‍ക്കശ്യവും നിറഞ്ഞുനിന്നു. നിസ്സഹായതയായിരുന്നു മറ്റൊരു സ്ഥിരച്ഛായ. മറ്റു ചിലപ്പോള്‍ ഹാസ്യരസപ്രധാനമായ വേഷങ്ങളും ശങ്കരാടിയെ തേടിവന്നു. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തെ ഒരേ അച്ചില്‍ വാര്‍ത്തെടുത്ത മധ്യവയസ്‌ക, വൃദ്ധ, നായര്‍ പ്രമാണി കഥാപാത്രങ്ങള്‍ പലതും ആവര്‍ത്തനവിരസമാകുമ്പോള്‍ സ്വതസിദ്ധമായ പ്രകടനമികവു കൊണ്ടാണ് ശങ്കരാടി അതിനെ മറികടന്നത്. പരാജയപ്പെട്ട സിനിമകളിലെ ശങ്കരാടിയുടെ കഥാപാത്രങ്ങള്‍ പോലും പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കാന്‍ എന്തെങ്കിലും നല്‍കി. പ്രേംനസീറിനൊപ്പം കൂടുതല്‍ കഥാപാത്രങ്ങള്‍ ചെയ്ത നടന്‍ എന്ന വിശേഷണമുള്ളപ്പോഴും അവയില്‍ മിക്കവയും കാര്യമായ വ്യത്യസ്തത പുലര്‍ത്തുന്നവയായിരുന്നില്ല. ഹാസ്യവേഷങ്ങളിലാകട്ടെ അടൂര്‍ ഭാസിയുടെയും ബഹദൂറിന്റെയും നിഴലില്‍പെട്ടുപോകുന്ന കഥാപാത്രങ്ങളാണധികവും തേടിയെത്തിയത്. എങ്കിലും തന്റേതായ വേറിട്ട മുദ്ര നടനത്തിലും സംഭാഷണത്തിലും പതിച്ചിടാന്‍ ശങ്കരാടി അവിടെയും ശ്രമിക്കുന്നതായി കാണാം. പി.എന്‍ മേനോന്റെ മഴക്കാറിലെ സ്വാമി, ബി.കെ. പൊറ്റെക്കാടിന്റെ പൂമ്പാറ്റയിലെ ജോത്സ്യന്‍, കെ.എസ്.സേതുമാധവന്റെ വാഴ്വേമായത്തിലെ നീലകണ്ഠപിള്ള, എം.കൃഷ്ണന്‍നായരുടെ കളക്ടര്‍ മാലതിയിലെ തിരുമേനി, പി.എന്‍. മേനോന്റെ പണിമുടക്കിലെ തൊഴിലാളി നേതാവ് തുടങ്ങിയ കഥാപാത്രങ്ങള്‍ ഇവയില്‍ ചിലതാണ്. തൊള്ളായിരത്തി അറുപതുകളുടെ രണ്ടാംപകുതിയില്‍ സിനിമയിലെത്തിയ ശങ്കരാടി വിശ്രമമില്ലാതെ നൂറുകണക്കിന് സിനിമകളിലാണ് തുടര്‍ന്നുള്ള ദശകങ്ങളില്‍ അഭിനയിച്ചത്. എണ്‍പതുകളില്‍ മലയാള സിനിമ കുറേക്കൂടി വൈവിധ്യത്തിലേക്കും ജനപ്രിയതയിലേക്കും പ്രവേശിച്ചതോടെയാണ് ശങ്കരാടിയുടെ കഥാപാത്രങ്ങള്‍ക്കും വ്യത്യസ്തത വന്നത്. അത് കുറേക്കൂടി രസികത്തം നിറഞ്ഞതായി മാറി. എണ്‍പതുകളുടെ രണ്ടാംപകുതിയിലും തൊണ്ണൂറുകളിലും പുറത്തിറങ്ങിയ സിനിമകളിലെ മധ്യവയസ്‌കരും വൃദ്ധരുമായ ശങ്കരാടിയുടെ കഥാപാത്രങ്ങള്‍ ഹാസസമൃദ്ധമായിരുന്നു. ഹാസ്യനടന്‍മാരെ ലക്ഷ്യമിട്ട് തിരക്കഥയില്‍ ബോധപൂര്‍വ്വം ഹാസ്യസന്ദര്‍ഭങ്ങള്‍ എഴുതിച്ചേര്‍ക്കുന്ന പതിവു മാറി സ്വാഭാവിക ഹാസ്യത്തിന്റെയും സാന്ദര്‍ഭിക ഹാസ്യത്തിന്റെയും സാധ്യതകളിലേക്ക് സിനിമ മാറിയതോടെ ശങ്കരാടിയെ പോലുള്ള അടിമുടി നടന്‍മാര്‍ക്ക് അത് അനുഗ്രഹമായി മാറുകയായിരുന്നു. ഹാസ്യത്തോട് ശങ്കരാടിയുടെ ശരീരവും ശബ്ദവും വേഗത്തില്‍ പൊരുത്തപ്പെട്ടു. മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ശങ്കരാടിയുടെ രസികന്‍ കഥാപാത്രങ്ങള്‍ രൂപപ്പെടുന്നത് അങ്ങനെയാണ്. ഈ കഥാപാത്രങ്ങളുടെ ചേഷ്ടകളും ഭാവങ്ങളും സംഭാഷണങ്ങളും പില്‍ക്കാലത്ത് ഏറെ പ്രശസ്തമാവുകയും ചെയ്തു.
ശങ്കരാടിയുടെ മരണശേഷം സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഇങ്ങനെ എഴുതി. 'കേരളത്തില്‍ തെങ്ങും കവുങ്ങും വാഴകളുമൊക്കെയുള്ള ഗ്രാമാന്തരീക്ഷത്തില്‍ ക്യാമറ വച്ചാല്‍ അവിടെ ശങ്കരാടിയുടെ ശൂന്യത അനുഭവപ്പെടുന്നു.'തന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന നടനെക്കുറിച്ചുള്ള സംവിധായകന്റെ നിരീക്ഷണമാണിത്. കേരളീയ ഗ്രാമാന്തരീക്ഷം പ്രധാന പശ്ചാത്തലമായിരുന്ന സിനിമകളിലെ ശങ്കരാടിയുടെ സവിശേഷമായ സാന്നിധ്യത്തെയാണ് സത്യന്‍ അന്തിക്കാട് ഓര്‍മ്മിക്കുന്നത്. ഈ നിരീക്ഷണം മലയാളി പ്രേക്ഷകര്‍ നൂറ്റൊന്നുതവണ ശരിവയ്ക്കും. കാരണം ശങ്കരാടിയെന്ന നടനെ അവര്‍ ഓര്‍മ്മിക്കുന്നത് ഇത്തരം ഗ്രാമീണ കഥാപാത്രങ്ങളിലൂടെയാണ്.
സത്യന്‍ അന്തിക്കാടിന്റെ ശങ്കരാടി കഥാപാത്രങ്ങളിലേക്കു വരുമ്പോള്‍ പ്രേക്ഷകര്‍ ആദ്യം ഓര്‍മ്മിക്കുക 'ഇത്തിരി തേങ്ങാപ്പിണ്ണാക്ക്, ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്.. ഇ്രേതം കൊടുത്താ പിന്നെ പാല് ശറപറാന്നു ഒഴുകായി' എന്ന നാടോടിക്കാറ്റിലെ കാര്യഗൗരവമുള്ള പണിക്കരമ്മാവന്‍ എന്ന കഥാപാത്രത്തെയായിരിക്കും. ഡയലോഗ് ഡെലിവെറിയിലെ മോഡുലേഷന്‍ കൊണ്ട് ശങ്കരാടി അതിപ്രശസ്തമാക്കിയ രംഗമാണിത്. സത്യന്‍ അന്തിക്കാടിന്റെ തന്നെ സന്ദേശത്തിലെ പാര്‍ട്ടി താത്വികാചാര്യന്‍ കുമാരപിള്ള ശങ്കരാടിയുടെ ഏറ്റവും ജനകീയമായ കഥാപാത്രങ്ങളിലൊന്നാണ്. പുറത്തിറങ്ങിയ കാലത്തെക്കാള്‍ പില്‍ക്കാലത്ത് ഏറെ ആഘോഷിക്കപ്പെട്ട സന്ദേശത്തിലെ ഈ കഥാപാത്രത്തില്‍ യഥാര്‍ഥ ശങ്കരാടിയിലെ അംശവുമുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന ശങ്കരാടി, സിനിമയിലെ കഥാപാത്രത്തെപ്പോലെ ഈശ്വരവിശ്വാസിയുമായിരുന്നു. 'താത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്' എന്നു തുടങ്ങുന്ന അതിപ്രശസ്തമായ ഡയലോഗില്‍ ശങ്കരാടി സ്വയം വരച്ചിട്ടൊരു ചിത്രമുണ്ട്. അതിന് ഇപ്പോഴും യാതൊരു മങ്ങലുമേറ്റിട്ടില്ല.
ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലെ കുട്ടിച്ചന്‍ എന്ന പൈങ്കിളി നോവലിസ്റ്റില്‍ അതീവ രസികനായ മറ്റൊരു ശങ്കരാടിയെ കാണാം. തോര്‍ത്ത് മാത്രമുടുത്ത് ഇന്നസെന്റിന്റെ പോലീസ് കഥാപാത്രത്തിന് പുറം തിരിഞ്ഞുനിന്നുകൊണ്ട് നോവലിലെ കഥാപാത്രങ്ങളായി സ്വയം ചമഞ്ഞ് സംഭാഷണങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്ന ശങ്കരാടിയുടെ ശരീരഭാഷയും ചലനങ്ങളും സംസാരവും ഒരുപോലെ മികവുറ്റതായി മാറുന്നു. ഇതേ സിനിമയില്‍ 'മഞ്ഞണിമാമലയില്‍ നിന്നൊരു മഞ്ഞ ഗൂര്‍ഖ' എന്നു നോവലിന് പേരിടുന്ന ശങ്കരാടിയുടെ ശൈലിയും വലിയ പ്രേക്ഷകപ്രീതി നേടിയെടുത്ത രംഗമാണ്.
സമൂഹത്തിലെ ഏറ്റവും ഉത്തരവാദിത്വമുള്ള ജോലിയിലാണ് താന്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ് ശ്രീധരന്റെ ഒന്നാം തിരുമുറിവിലെ അമ്പലക്കമ്മിറ്റി പ്രസിഡന്റ് ചുറ്റുമുള്ളവരോടെല്ലാം ആവര്‍ത്തിച്ച് അഭിപ്രായപ്പെടുന്നത്. ഗോളാന്തര വാര്‍ത്തയിലെ പഞ്ചായത്ത് പ്രസിഡന്റും ഇതേപടി ഉത്തരവാദിത്വബോധമുള്ളയാളാണ്. വരവേല്‍പ്പിലെയും മിഥുനത്തിലെയും അമ്മാവന്മാരും നയം വ്യക്തമാക്കുന്നുവിലെ മന്ത്രിവസതിയിലെ പരിചയസമ്പന്നനായ പാചകക്കാരനും ഉത്തരവാദിത്വങ്ങളിലും നര്‍മ്മബോധത്തിലും കര്‍മ്മകുശലതയിലും പിന്നിലല്ല.
സദാചാരബോധമില്ലാത്ത സ്ത്രീകളും അവരെ നോക്കി പല്ലിളിച്ച് കാട്ടി അരിയാട്ടുന്ന ചില കോന്തന്മാരുമാണ് ഈ നാടിന്റെ ശാപം, സത്യത്തിനും ധര്‍മ്മത്തിനും ഈ ചായക്കടയില്‍ യാതൊരു സ്ഥാനവുമില്ലെന്ന് ഇന്നെനിക്ക് മനസ്സിലായി, ഇങ്ങനെ കൂടിനില്‍ക്കാതെ മരിച്ച ആള്‍ക്ക് ഇത്തിരി ആശ്വാസം കൊടുക്കാ.. ഇത്തിരി ശുദ്ധവായു കിട്ടിക്കോട്ടേ.. തുടങ്ങിയ സത്യപ്രവചനങ്ങള്‍ നടത്തുന്നയാളാണ് പൊന്മുട്ടയിടുന്ന താറാവിലെ മെമ്പര്‍. 'ദാ കണ്ടോളൂ.. ഇതാണാ രേഖ' എന്നാണ് വിയറ്റ്നാം കോളനിയിലെ മാനസിക രോഗി കൈരേഖ ചൂണ്ടിക്കാട്ടി പറയുന്നത്. മിന്നാരത്തിലെ കുക്ക് അയ്യര്‍ 'എനിക്കറിയാം, ഇവന്റെ അച്ഛന്റെ പേര് ഭവാനിയമ്മ എന്നാ..' എന്നു പറയുന്നതിലെ സ്വാഭാവിക ഹാസ്യം ഉണ്ടാക്കുന്ന ചിരിയുടെ അല അത്രയെളുപ്പം അടങ്ങുന്നതല്ല.
എന്തിനോ പൂക്കുന്ന പൂക്കളിലെ ദുബായിലേക്ക് ആളെ കൊണ്ടുപോകുന്ന തട്ടിപ്പുകാരന്‍ ഏജന്റ്, ബോയിംഗ് ബോയിംഗിലെ പത്രാധിപര്‍, ഗോഡ്ഫാദറിലെ വക്കീല്‍, കാബൂളിവാലയിലെ ചായക്കടക്കാരന്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ കോളേജ് പ്രിന്‍സിപ്പല്‍, മഴവില്‍ക്കാവടിയിലെ കാര്‍ മെക്കാനിക്ക്, പപ്പയുടെ സ്വന്തം അപ്പൂസിലെ കാര്യസ്ഥന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ സമ്മാനിക്കുന്നതും നിറഞ്ഞ ചിരി തന്നെ.
താഴ്വാരത്തിലെയും തേന്മാവിന്‍ കൊമ്പത്തിലെയും കിരീടത്തിലെയും അച്ഛന്‍ വേഷങ്ങളില്‍ തമാശയില്ല. നിസ്സഹായതയും ഗൗരവവുമാണ് ഈ കഥാപാത്രങ്ങള്‍ക്ക്. ഹാസ്യരസപ്രധാനങ്ങളായ വേഷങ്ങള്‍ ചെയ്തു കൊണ്ടിരുന്നപ്പോള്‍ തന്നെ കരുണത്തിലേക്കും ശോകത്തിലേക്കും വഴിമാറാനും ആ കഥാപാത്രങ്ങളുടെ സമാനവികാരം പ്രേക്ഷകരില്‍ ഉണ്ടാക്കുവാനും ശങ്കരാടിക്ക് പ്രശംസനീയമാം വിധം സാധിച്ചിരുന്നു.
നാട്ടിന്‍പുറ കാരണവരുടെ വേഷം എത്രകണ്ട് ശങ്കരാടിയുടെ ശരീരത്തോട് ഒട്ടിച്ചേര്‍ന്നിരുന്നോ അത്രതന്നെ സ്വാഭാവികമായിട്ടാണ് ബര്‍മുഡയും ടീഷര്‍ട്ടുമിട്ട് വാക്കിംഗ് സ്റ്റിക്ക് വീശി നടക്കുന്ന അങ്കിളായി അദ്ദേഹം മാറുന്നത്. കിന്നാരത്തിലെ സ്ത്രീലമ്പടനായ കമ്പനി ജനറല്‍ മാനേജര്‍, റാംജിറാവ് സ്പീക്കിംഗിലെ മാനേജര്‍, പപ്പന്‍ പ്രിയപ്പെട്ട പപ്പനിലെ സിംഗപ്പൂര്‍ ആന്റപ്പന്‍, അച്ചുവേട്ടന്റെ വീട്ടിലെ ജേക്കബ്ബ്, തമ്മില്‍ തമ്മിലിലെ അങ്കിള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളാണ്.
കളം ന്യൂസ് ഓണ്‍ലൈന്‍, തിരക്കാഴ്ച-2, 2020 നവംബര്‍
https://kalamnews.in/column-thirakkazhcha-np.muraleekrushnan-episode-2
No comments:
Post a Comment