ചലച്ചിത്രകലയുടെ പുതുകാല വിനിമയ സാധ്യതയായ ഓവര്‍ ദി ടോപ്പ് (ഒ.ടി.ടി) പ്രയോജനപ്പെടുത്തിക്കൊണ്ട് അതിനുതകും വിധം രൂപപ്പെടുത്തുന്ന സിനിമകള്‍ വിപണിയുടെ നവീന സാധ്യതകള്‍ക്കൊപ്പം പുതിയൊരു തലത്തിലുള്ള ആസ്വാദനാനുഭവം കൂടിയാണ് പ്രേക്ഷകന് പ്രദാനം ചെയ്യുന്നത്. ഒ.ടി.ടി. പ്ലാറ്റ് ഫോം ലക്ഷ്യമിട്ടുള്ള സിനിമകള്‍ പ്രമേയ പരിസരവും ആഖ്യാനത്തിലെ പരീക്ഷണങ്ങളും കൊണ്ട് തിയേറ്റര്‍ സിനിമകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. വലിയ കാന്‍വാസിലേക്കു വളരാതെയും ഫ്രെയിമുകളില്‍ വലിയ ജനക്കൂട്ടത്തെ കൊണ്ടുവരാതെയും നിര്‍മ്മിക്കപ്പെടുന്ന ഈ സിനിമകള്‍ പക്ഷേ പ്രമേയത്തിന്റെ തെരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നില്ല. മാത്രമല്ല, തിയേറ്റര്‍ ഓഡിയന്‍സിന്റെ വികാരോദ്ദീപനങ്ങളും താരാരാധാനയും ഉന്നംവച്ചുള്ള കച്ചവട താത്പര്യങ്ങള്‍ വിട്ടുകളയുകയും ചെയ്യുന്നു. ഇത് നിലവാരമുള്ള സിനിമകളുടെ രൂപപ്പെടലിന് വഴിവയ്ക്കുകയും കച്ചവട സിനിമകള്‍ക്ക് സാധ്യമാകാത്ത പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും മറ്റൊരു തരം സിനിമ സാധ്യമാക്കുന്നതിനും പ്രേരണയാകുകയും ചെയ്യുന്നു.
കോവിഡ് ലോക്ക് ഡൗണില്‍ തിയേറ്ററുകള്‍ അടച്ചിടുകയും സിനിമാ വിപണി നഷ്ടത്തിലാകുകയും ചെയ്തപ്പോഴാണ് ഒ.ടി.ടി. പ്ലാറ്റ് ഫോമിന്റെ സാധ്യത സിനിമാലോകം തിരിച്ചറിയുന്നത്. തിയേറ്റര്‍ റിലീസിന് തയ്യാറായിരുന്ന ചില സിനിമകള്‍ ഒ.ടി.ടി. പ്ലാറ്റ് ഫോം വഴി റിലീസ് ചെയ്യുകയും അതിന് കാഴ്ചക്കാരുണ്ടാകുകയും ചെയ്തതോടെ നിര്‍മ്മാതാക്കള്‍ക്കും ആത്മവിശ്വാസമായി. തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ട് ചെയ്ത നിരവധി സിനിമകള്‍ വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലൂടെ കാണികളിലെത്തുകയുണ്ടായി.
ഒട്ടുമിക്ക ഭാഷകളിലും ഒ.ടി.ടി. റിലീസുകള്‍ ജനപ്രിയമായതിനൊപ്പം സമകാലിക ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം പരീക്ഷണങ്ങളും പുതുമയും ഉള്‍ക്കൊള്ളുന്ന കോളിവുഡ് ഒ.ടി.ടി. മേഖലയിലും തങ്ങളുടെ സാന്നിധ്യമറിയിച്ചു. ബന്ധങ്ങളുടെ ഇഴയടുപ്പവും തീവ്രതയും കോവിഡ് കാല പശ്ചാത്തലത്തില്‍ അവതരിപ്പിച്ച് അഭിനന്ദനം നേടിയെടുത്ത പുത്തന്‍ പുതു കാലൈ എന്ന തമിഴ് ആന്തോളജി സിനിമക്കു പിന്നാലെ നാല് സംവിധായകര്‍ ഒത്തുചേര്‍ന്ന മറ്റൊരു തമിഴ് ആന്തോളജി കൂടി അടുത്തിടെ നെറ്റ്ഫ്ളിക്സില്‍ പിറവികൊണ്ടു. സുധ കൊങ്ങറ, വിഘ്നേശ് ശിവന്‍, ഗൗതം മേനോന്‍, വെട്രിമാരന്‍ എന്നിവരുടേതായി നിര്‍മ്മിക്കപ്പെട്ട പാവ കഥൈകള്‍ എന്ന ഈ സിനിമ, കോവിഡ് കാല ഒ.ടി.ടി പ്ലാറ്റ് ഫോം ഇന്ത്യന്‍ ആന്തോളജി സിനിമകളില്‍ ഏറ്റവും മികച്ചതെന്ന അഭിപ്രായം നേടിയെടുത്തു.
പാവ കഥൈകള്‍ എന്ന ടൈറ്റിലിലൂടെ നാലു പാപങ്ങളുടെ കഥയാണ് സിനിമ പറയുന്നത്. വ്യക്തിബന്ധങ്ങളിലും പ്രണയങ്ങളിലും ജാതി, സമൂഹത്തിന്റേയും കുടുംബത്തിന്റേയും മിഥ്യാഭിമാനം, പാപബോധം, ദുരഭിമാനം എന്നിവ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഈ സിനിമകള്‍ ചര്‍ച്ചചെയ്യുന്നു. ആന്തോളജിയിലെ ഓരോ സിനിമയും വ്യത്യസ്ത കഥാപാത്ര, പ്രമേയ പരിസരങ്ങളില്‍ ഒരു പൂര്‍ണസിനിമയാകുമ്പോള്‍ തന്നെ മാനുഷിക ബന്ധങ്ങളില്‍ ജാതിയും ദുരഭിമാന ബോധവും ഇടപെടുന്നതിലെ ഏകതാനത ഒരുപോലെ അനുഭവിപ്പിക്കുന്നതില്‍ ശ്രദ്ധവയ്ക്കുന്നുമുണ്ട്.
ആവിഷ്‌കാരത്തില്‍ സുന്ദരമെങ്കില്‍ക്കൂടി അത്ര സുഖദമായ അനുഭൂതിയല്ല പാവ കഥൈകളുടെ പ്രമേയങ്ങളില്‍ ഉള്ളടങ്ങിയിട്ടുള്ളത്. ഉള്ളുനീറ്റുന്ന പാപാനുഭവങ്ങളുടെ കഥകളാണ് നാലു സിനിമകള്‍ക്കും പറയാനുള്ളത്. തങ്കം, ലൗ പണ്ണാ ഉട്രനും, വാനമകള്‍, ഓര്‍ ഇരവ് എന്നിങ്ങനെ അരമണിക്കൂര്‍ വീതം ദൈര്‍ഘ്യമുള്ള സിനിമകളിലെല്ലാം സ്ത്രീകളാണ് കേന്ദ്രമാകുന്നത്. സ്ത്രീയുടെ ജീവിതവും ശരീരവും അവളുടെ സ്വന്തമാണെങ്കില്‍ക്കൂടി അതില്‍ ബോധപൂര്‍വം ഇടപെടുന്ന ബന്ധുത്വം, ജാതി, സമൂഹം, പുരുഷന്‍, മാനാഭിമാനങ്ങള്‍, പാപബോധം എന്നിവയെല്ലാം ചേര്‍ന്ന് അവള്‍ക്ക് സ്വാതന്ത്ര്യം ഇല്ലാതാക്കുന്നുവെന്ന യാഥാര്‍ഥ്യം പാവ കഥൈകള്‍ പറഞ്ഞുവയ്ക്കുന്നു. പെണ്ണിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇവയില്‍ ഏതെങ്കിലുമൊക്കെ സദാ ഇടപെടുന്നുണ്ടെന്നത് വസ്തുതയാണ്. പെണ്ണിന് ജീവിതത്തിലെ ഇഷ്ടങ്ങള്‍ക്കോ സ്വാതന്ത്ര്യങ്ങള്‍ക്കോ ആയുള്ള തെരഞ്ഞെടുപ്പ് അത്യധികം വിഷമം നിറഞ്ഞതാണെന്നും പാവ കഥൈകള്‍ കാണിച്ചുതരുന്നു. നമ്മുടെ ജീവിത പരിസരത്തെ നാല് അനുഭവങ്ങളിലൂടെയാണ് ഈ യാഥാര്‍ഥ്യങ്ങള്‍ സിനിമയില്‍ കടന്നുവരുന്നത്. ഈ അനുഭങ്ങളൊന്നും നമുക്ക് അപരിചിതമല്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യം. ഇവയെല്ലാം നമ്മള്‍ പലകുറി പത്രവാര്‍ത്തകളായി വായിച്ചുപോയിട്ടുണ്ട്. പാവ കഥൈകളിലെ കഥാപാത്രങ്ങളെല്ലാം നമുക്കൊപ്പം ജീവിക്കുന്നവര്‍ തന്നെയാകുന്നു.
ആന്തോളജിയിലെ ആദ്യ സിനിമയായ തങ്കം ഒ.ടി.ടി പ്ലാറ്റ് ഫോം വഴി കാണികളിലെത്തിയ സുരറൈ പോട്രിനു ശേഷമുള്ള സുധ കൊങ്കറയുടെ രചനയാണ്. രണ്ടര മണിക്കൂര്‍ സിനിമയില്‍ നിന്ന് അര മണിക്കൂര്‍ സിനിമയിലേക്കെത്തുമ്പോള്‍ ഒന്നുകൂടി ചെത്തിമിനുക്കി മുനകൂര്‍പ്പിച്ച സൃഷ്ടിയുമായി എത്തുന്ന സംവിധായികയെയാണ് കാണാനാകുക. ത്രികോണ പ്രണയകഥ പറയുന്ന തങ്കത്തില്‍ ട്രാന്‍സ്ജെന്‍ഡറിനോട് യാഥാസ്ഥിതിക സമൂഹം വച്ചുപുലര്‍ത്തുന്ന സമീപനം കൂടി വിഷയമാകുന്നു. കാളിദാസ് ജയറാമാണ് സത്താര്‍ എന്ന ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമാകുന്നത്. പ്രണയ, വൈകാരിക രംഗങ്ങളിലെയും ട്രാന്‍സ് ആയുള്ള ശരീര ചലനങ്ങളിലെയും പ്രകടനമികവിലൂടെ കാളിദാസിന്റെ കരിയറിലെ മികച്ച കഥാപാത്ര രൂപാന്തരമായി സത്താര്‍ മാറുന്നു. ശരവണന്‍, സത്താര്‍, സാഹിറ എന്നിവരുടെ സൗഹൃദവും പ്രണയവും അടിസ്ഥാനമാക്കിയാണ് തങ്കത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. 1980 കളാണ് കഥാപശ്ചാത്തലം. സിനിമ അവസാനിക്കുമ്പോള്‍ ഉള്ളില്‍ ഒരു നോവോ ഇടറുന്ന ഒരു സംഗീതമോ ആയി സത്താറിനെ അവശേഷിപ്പിച്ചിടാന്‍ സംവിധായികയ്ക്കാകുന്നുണ്ട്. ഈ നോവിന്റെ അലയാണ് പാവ കഥൈകളിലെ തുടര്‍ന്നുള്ള സിനിമകളും.
വിഘ്നേഷ് ശിവന്റെ ലൗ പണ്ണാ ഉട്രനും തീവ്രമായ വിഷയത്തെ കറുത്ത ഹാസ്യത്തില്‍ അവതരിപ്പിച്ചാണ് ആന്തോളജിയിലെ മറ്റു സിനിമകളില്‍ നിന്നു വേറിട്ടു നില്‍ക്കുന്നത്. ജാതി അഭിമാനം കൊണ്ടുനടക്കുന്ന രാഷ്ട്രീയ നേതാവിന്റെ ഇരട്ട പെണ്‍കുട്ടികളുടെ പ്രണയമാണ് ചിത്രത്തിന്റെ വിഷയം. കീഴ്ജാതിക്കാരനായ ഡ്രൈവറെ പ്രണയിച്ച മകളെ കൊലപ്പെടുത്തുന്ന അച്ഛനെ പിതൃവികാരത്തേക്കാള്‍ ജാതി ദുരഭിമാനമാണ് ഭരിക്കുന്നത്. അതേസമയം രണ്ടാമത്തെ പെണ്‍കുട്ടി പ്രണയത്തിന്റേയും ജീവിതത്തിന്റേയും സ്വാതന്ത്ര്യത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ധൈര്യം കാട്ടുന്നുമുണ്ട്. തൊട്ടാല്‍ പൊള്ളുന്ന കാലികപ്രാധാന്യമുള്ള വിഷയത്തിനു മുകളില്‍ ഒരു രസക്കുമിള ചേര്‍ത്താണ് വിഘ്നേശ് ശിവന്‍ സൃഷ്ടിച്ചിട്ടുള്ളത്. അങ്ങനെ നോവിനൊപ്പം ഒരു ചെറുചിരി കൂടി നല്‍കി കടന്നുപോകാന്‍ ലൗ പണ്ണാ ഉട്രനും എന്ന ചെറുസിനിമയ്ക്കാകുന്നു.
ഇടത്തരം കുടുംബത്തിലെ അംഗമായ പന്ത്രണ്ടുകാരിയെ മൂന്നു യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിക്കുന്നതിനെ തുടര്‍ന്ന് ആ കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളിലൂടെയും മാനസിക വ്യഥകളിലൂടെയും കടന്നുപോകുന്ന ഗൗതം മേനോന്റെ വാനമകള്‍ ആയിരിക്കും പാവ കഥൈകളില്‍ തെല്ല് നൊമ്പരക്കൂടുതലായി അവശേഷിക്കുക. ആ കുടുംബത്തിനുണ്ടാകുന്ന ദുരവസ്ഥ ഉള്ളിലൊരു പൊള്ളലായി തന്നെ തുടര്‍ന്നേക്കാം. മകള്‍ പീഡിപ്പിക്കപ്പെട്ട വിവരം രഹസ്യമാക്കാന്‍ ശ്രമിക്കുകയും തങ്ങളുടെ അഭിമാനത്തെ ഈ സംഭവം എങ്ങനെ ബാധിക്കുമെന്ന് ആവലാതിപ്പെടുകയും ചെയ്യുന്ന അമ്മയായി സിമ്രാന്റെയും പൊന്നുത്തായി എന്ന വാനമകളുടെയും ശ്രദ്ധേയ പ്രകടനം ഈ സിനിമയ്ക്ക് മുതല്‍ക്കൂട്ടാണ്. ഗൗതം മേനോന്റെ അനായാസമായ അഭിനയശൈലി ഒരിക്കല്‍ക്കൂടി അനുഭവിപ്പിക്കാനും വാനമകള്‍ക്കാകുന്നു. തങ്കത്തിലേതു പോലെ വാനമകളിലെയും സുന്ദരമായ പശ്ചാത്തല സംഗീതം കാണികളുടെ ഉള്ളില്‍ കൊരുത്തിടാന്‍ ശേഷിയുള്ളതാണ്.
ലൗ പണ്ണാ ഉട്രനും എന്ന വിഘ്നേശ് ശിവന്‍ ചിത്രത്തിലേതു പോലെ അച്ഛന് മകളോടുള്ള സ്നേഹത്തേക്കാള്‍ ദുരഭിമാനം മുന്നില്‍ നില്‍ക്കുന്ന സ്ഥിതിവിശേഷമാണ് വെട്രിമാരന്റെ ഓര്‍ ഇരവിലും കാണുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളില്‍ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രണയ, ജാതി ദുരഭിമാനക്കൊലകളാണ് രണ്ടു വ്യത്യസ്ത പശ്ചാത്തലത്തില്‍ രണ്ടു സിനിമകളും വിഷയമാക്കുന്നത്. വിദ്യാസമ്പന്നയായ മകള്‍ താഴ്ന്ന ജാതിക്കാരനെ പ്രണയിച്ച് വിവാഹം കഴിക്കുന്നതോടെ കുടുംബാന്തരീക്ഷം മാറുകയാണ്. താഴെയുള്ള പെണ്‍മക്കളുടെ പഠനം പോലും അവസാനിപ്പിക്കുകയാണ് കുടുംബനാഥന്‍. ഒടുവില്‍ എല്ലാം ക്ഷമിച്ചെന്ന മട്ടില്‍ ഗര്‍ഭിണിയായ മകളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവരുന്നു പിതാവ്. എന്നാല്‍ മകളെയും വയറ്റില്‍ വളരുന്ന കുഞ്ഞിനെയും വിഷം കൊടുത്ത് കൊന്ന് കുടുംബത്തിന്റെയും സമുദായത്തിന്റെയും അഭിമാനം കാക്കുകയാണ് അയാള്‍. ജാതി അഭിമാനം കാക്കാനുള്ള അരുംകൊലകള്‍ നമ്മുടെ അനുഭവ പരിസരത്തില്‍ നിത്യസംഭവമാണെന്നിരിക്കെ കേവലം കണ്ടുകളയാനാവില്ല ഈ വെട്രിമാരന്‍ സിനിമ. അതുണ്ടാക്കുന്ന നോവ് വിടാതെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും.
സ്ത്രീശബ്ദം, 2021 ജനുവരി
No comments:
Post a Comment