Tuesday, 2 February 2021

ശകുന്തളാ ദേവി; ഗണിതത്തിനു മറുപുറത്തെ ജീവിതം


സെക്കന്റുകളുടെ ദൈര്‍ഘ്യത്തില്‍ പ്രയാസമേറിയ ഗണിത പ്രശ്‌നങ്ങള്‍ക്ക് അനായാസം ഉത്തരം കണ്ടെത്തി ആ ബാലിക ആദ്യം വീട്ടുകാരെ അമ്പരപ്പിച്ചു. ബാലികയുടെ അത്ഭുത ശേഷിയുടെ കഥ പിന്നീട് നാട്ടിലാകെ പരന്നു. മുതിര്‍ന്നപ്പോഴും ആ മാന്ത്രികത അവളെ കൈവിട്ടില്ല. ഗണിതത്തിലെ വിഷമക്രിയകള്‍ ഓരോന്നും അവളുടെ ബുദ്ധികൂര്‍മ്മതയ്ക്കു മുന്നില്‍ തീരെ എളുപ്പത്തില്‍ കുരുക്കഴിഞ്ഞു കൊണ്ടിരുന്നു. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഗണിതം അവള്‍ക്കൊപ്പമുണ്ടായിരുന്നു. മനക്കണക്കു കൊണ്ട് കമ്പ്യൂട്ടര്‍ ബുദ്ധിയെ പോലും തോല്‍പ്പിച്ച ആ ഗണിതശാസ്ത്ര പ്രതിഭയെ ലോകം ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്നു വിളിച്ചു.

      ഗണിതശാസ്ത്രത്തിലെ ഇന്ത്യന്‍ പ്രതിഭയായ ശകുന്തളാ ദേവിയാണ് കണക്കിലെ കളികള്‍ കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച ഈ ബാലിക. വിദ്യാലയത്തില്‍ പോയി അക്കാദമികമായ യോഗ്യതകള്‍ നേടാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത ശകുന്തളാദേവി ആറാം വയസ്സില്‍ മൈസൂര്‍ സര്‍വ്വകലാശാലയില്‍ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടല്‍ കഴിവും ഓര്‍മ്മശക്തിയും പ്രദര്‍ശിപ്പിച്ചു. എട്ടാം വയസ്സില്‍ തമിഴ്നാട്ടിലെ അണ്ണാമലൈ സര്‍വ്വകലാശാലയിലും ഇത് ആവര്‍ത്തിച്ചു. 1977 ല്‍ അമേരിക്കയിലെ ഡള്ളാസില്‍ കമ്പ്യൂട്ടറുമായി ക്യൂബ് റൂട്ട് മത്സരത്തിലേര്‍പ്പെട്ട ശകുന്തളാദേവി അമ്പതു സെക്കന്റിനകമാണ് ഉത്തരം നല്‍കിയത്. 201 അക്ക സംഖ്യയുടെ 23-ാം വര്‍ഗ്ഗമൂലം ശകുന്തളാ ദേവി മനക്കണക്കിലൂടെ കണ്ടെത്തി. 1980 ല്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ 13 അക്കങ്ങള്‍ 28 സെക്കന്‍ഡിനുള്ളില്‍ ഗുണിച്ച് ശരിയായ ഉത്തരം പറഞ്ഞ് 1982 ലെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ് നേടി. അങ്ങനെ ഹ്യൂമന്‍ കമ്പ്യൂട്ടര്‍ എന്ന വിളിപ്പേരും ലഭിച്ചു.

      ലോകമൊന്നടങ്കം വിസ്മയത്തോടെ മാത്രം വീക്ഷിച്ച ഗണിതശാസ്ത്രത്തിലെ ഈ അത്ഭുതപ്രതിഭയ്ക്ക് ഉചിതമായ ചിരസ്മരണയാണ് അനു മേനോന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ശകുന്തളാ ദേവി - ഹ്യൂമന്‍ കമ്പ്യൂട്ടര്‍' എന്ന ചിത്രം നല്‍കുന്നത്. ശകുന്തളാ ദേവിയുടെ ജീവിതത്തെ കുറേക്കൂടി അടുത്തറിയാന്‍ അവസരം നല്‍കുകയാണ് വിദ്യാ ബാലന്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം.

     


  ശകുന്തളാ ദേവിയുടെ പ്രതിഭ തിരിച്ചറിയപ്പെടുന്ന ബാല്യകാലം മുതല്‍ ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ബയോപിക് വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കില്‍ കൂടി ഉടനീളം എന്റര്‍ടെയ്‌നര്‍ സ്വഭാവം നിലനിര്‍ത്താന്‍ സംവിധായികയ്ക്കായിട്ടുണ്ട്. ശകുന്തളാ ദേവിയുടെ ബാല്യം മുതല്‍ക്കുള്ള ഗണിതവുമായുള്ള സഞ്ചാരമാണ് സിനിമയുടെ ഇതിവൃത്തം. അതേസമയം ഗണിതശാസ്ത്രത്തിനു പുറത്ത് കണക്കുകൂട്ടലുകള്‍ തെറ്റിപ്പോയ ശകുന്തളാ ദേവിയുടെ ജീവിതത്തെയും അടയാളപ്പെടുത്തുന്നു. ഗണിത ലോകത്തില്‍ നിന്നു മാറിയുള്ള ശകുന്തളാ ദേവിയുടെ ജീവിതത്തിലെ രസങ്ങളും രസക്കേടുകളും എങ്ങനെയെന്ന കൗതുകത്തിന് തിരക്കഥയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഒരു വ്യക്തിയുടെ പ്രധാന സംഭാവനകളില്‍ മാത്രം ഒതുങ്ങി നിന്ന് ജീവിത സംഭവങ്ങളെ ക്രമമായി കോര്‍ത്തുവയ്ക്കുന്ന ബയോപിക് ശൈലിയില്‍ നിന്ന് അനു മേനോന്റെ സിനിമ വേറിട്ടു നില്‍ക്കുന്നത് അങ്ങനെയാണ്.

      സര്‍ക്കസില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന തുച്ഛവരുമാനക്കാരന്റെ മകള്‍ എന്ന നിലയില്‍ നിന്ന് ഗണിതത്തിലെ മനക്കണക്കുകള്‍ ആളുകള്‍ക്കു മുന്നില്‍ അവതരിപ്പിച്ച് രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പര്യടനം നടത്തുന്ന സ്ത്രീ എന്ന നിലയിലേക്കുള്ള ശകുന്തളാ ദേവിയുടെ വളര്‍ച്ചയെ സിനിമ അടയാളപ്പെടുത്തുന്നു. അതിനിടയില്‍ ശകുന്തളയുടെ ജീവിതത്തില്‍ വരികയും ഇടപെടുകയും അവരെ സ്വാധീനിക്കുകയും ചെയ്യുന്നവരാണ് സിനിമയിലെ കഥാപാത്രങ്ങള്‍. ചെറുപ്പത്തിലെ ദരിദ്രമായ ചുറ്റുപാടുകളെ തന്റെ പ്രതിഭ കൊണ്ട് മറികടക്കാന്‍ ശകുന്തളയ്ക്കാകുന്നു. ലണ്ടന്‍ ജീവിതം അവര്‍ക്ക് ജീവിതവും സമ്പാദ്യവും നല്‍കി. ഗണിതശാസ്ത്രത്താല്‍ ലഭിച്ച സമ്പന്ന ജീവിതവും പ്രശസ്തിയും അവര്‍ നന്നായി ആസ്വദിക്കുന്നുമുണ്ട്.

        യൂറോപ്യന്‍ വാസത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ ശകുന്തളാ ദേവി, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ പാരിതോഷ് ബാനര്‍ജിയെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. കണക്കിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് നിമിഷങ്ങള്‍ക്കകം ഉത്തരം കണ്ടെത്തുന്ന ചടുലത പക്ഷേ ജീവിതത്തില്‍ ശകുന്തളാ ദേവിയെ തുണച്ചില്ല. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ തന്റെ ഭര്‍ത്താവ് ഒരു സ്വവര്‍ഗാനുരാഗിയാണ് എന്ന സത്യം ശകുന്തളാദേവിക്കു മുന്നില്‍ വെളിപ്പെട്ടു. ഇത് മാനസികമായി ഏറെ ഉലച്ചെങ്കിലും അവര്‍ പിടിച്ചുനിന്നു. എന്നാല്‍ ഏറെ വൈകാതെ വിവാഹമോചിതരാകുകയും ചെയ്തു. ഗണിതത്തിനും പ്രശസ്തിക്കും പിറകെയുള്ള സഞ്ചാരത്തിനിടയില്‍ നല്ല അമ്മയാകാനും ശകുന്തളാ ദേവിക്ക് കഴിഞ്ഞില്ലെന്ന് മകള്‍ തന്നെ ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്. പിന്നീട് അമ്മയുടെ സ്‌നേഹവും പരിഗണനയും മകള്‍ തിരിച്ചറിയുന്നിടത്താണ് സിനിമ പൂര്‍ണമാകുന്നത്. ജീവിതം മുന്നോട്ടുവച്ച പ്രതിസന്ധിയില്‍ തളരാതെ അതില്‍ നിന്നുപോലും ക്രിയാത്മകമായ സംഭാവനകള്‍ സമൂഹത്തിന് നല്‍കാന്‍ ശകുന്തളാ ദേവി കാണിച്ച മനസ്സാന്നിദ്ധ്യവും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.

     


നല്ല നര്‍മ്മബോധവും സ്ത്രീപക്ഷ ചിന്തയും ഉന്നതമായ സ്വാതന്ത്ര്യ ബോധവുമുള്ള ശകുന്തളാ ദേവിയുടെ മനോധര്‍മ്മവും മാനറിസങ്ങളും ഉള്‍ക്കൊണ്ടു കൊണ്ടുള്ള പ്രകടനമാണ് വിദ്യാ ബാലന്‍ കാഴ്ചവയ്ക്കുന്നത്. വ്യത്യസ്ത പ്രായവും ജീവിതാവസ്ഥകളും ശരീരത്തിലും ഭാവങ്ങളിലും വരുത്തുന്ന മാറ്റങ്ങള്‍ നാടകീയതയില്ലാതെ പ്രകടിപ്പിക്കാനും മിതത്വം സൂക്ഷിക്കാനും വിദ്യയ്ക്കാകുന്നുണ്ട്. ഗണിതവുമായി ബന്ധപ്പെട്ട സ്റ്റേജ് പെര്‍ഫോമന്‍സുകളിലും അഭിമുഖങ്ങളിലും ഗൃഹാന്തരീക്ഷത്തില്‍ നിന്ന് വ്യത്യസ്തമായ ശരീരഭാഷ കൊണ്ടു വരുമ്പോള്‍ തന്നെ അമ്മ, കാമുകി, ഭാര്യ എന്നീ ഭാവങ്ങളും വിദ്യയില്‍ ഭദ്രം. വിവിധ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഇത്തരമൊരു പിരീഡ് സിനിമയിലെ മുഖ്യ കഥാപാത്രമാകാന്‍ നിലവില്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും അനുയോജ്യയായ നടി വിദ്യാ ബാലന്‍ തന്നെയായിരിക്കും. ഇക്കാര്യത്തില്‍ ചിത്രത്തിന്റെ കാസ്റ്റിംഗ് ടീമിന് അഭിമാനിക്കാം. ശകുന്തളാ ദേവിയുടെ മകള്‍ അനുവിന്റെ വേഷത്തില്‍ സാനിയ മല്‍ഹോത്രയുടെയും, അനുവിന്റെ ഭര്‍ത്താവ് അജയ് ആയി അമിത് സാദിന്റെയും, പാരിതോഷ് ബാനര്‍ജിയായി ജിഷു സെന്‍ ഗുപ്തയുടെയും, സേവിയര്‍ ആയി ഇറ്റാലിയന്‍ ആക്ടര്‍ ലൂക്ക കാല്‍വാനിയുടെയും പ്രകടനവും കാണികളുടെ ഓര്‍മ്മയില്‍ നില്‍ക്കും.

      ഈ വര്‍ഷം മെയ് എട്ടിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവയ്ക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയില്‍ തിയേറ്റര്‍ റിലീസ് സാധ്യമല്ലാത്തതിനെ തുടര്‍ന്ന് ജൂലൈ 31 ന് ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്തത്. ലണ്ടനും ഇന്ത്യയുമാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ശകുന്തളാ ദേവിയുടെ ജീവിതത്തിലെ പ്രധാന നേട്ടങ്ങളുടെ മുഹൂര്‍ത്തങ്ങള്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ തന്നെ ഷൂട്ട് ചെയ്തുവെന്നതും ശ്രദ്ധേയമാണ്.


അക്ഷരകൈരളി, 2020 സെപ്റ്റംബര്‍

No comments:

Post a Comment