കരിയറിലെ മൂന്നാമത്തെ സിനിമയിലേക്കെത്തുമ്പോള്‍ തീവ്ര രാഷ്ട്രീയം സംസാരിക്കുന്ന സംവിധായകനാകുകയാണ് സജിന്‍ ബാബു. അണ്‍ ടു ദ ഡസ്‌ക് എന്ന ആദ്യ ചിത്രവും ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിച്ച അയാള്‍ ശശി എന്ന ചിത്രവും സാമൂഹികതയേക്കാള്‍ വൈയക്തിതാനുഭവങ്ങളില്‍ ശ്രദ്ധ വയ്ക്കുന്നവയായിരുന്നു. എന്നാല്‍ ബിരിയാണിയെന്ന നിരവധി അംഗീകാരങ്ങള്‍ നേടിയ സജിന്റെ സിനിമ ഏറെ പ്രസക്തമായ സമകാലിക സാമൂഹിക പ്രശ്‌നങ്ങളിലേക്കാണ് കണ്ണയക്കുന്നത്.
ഇസ്ലാം മതത്തിന്റെ ഇടുങ്ങിയ ചട്ടക്കൂട്, മുസ്ലീം സ്ത്രീയുടെ സ്വാതന്ത്ര്യമില്ലായ്മ, മുത്തലാഖ്, മത തീവ്രവാദം, പൗരോഹിത്യം തുടങ്ങി പൊള്ളുന്ന വിഷയങ്ങളിലാണ് ബിരിയാണി കൈവയ്ക്കുന്നത്. പേരുപോലെ അത്ര രുചികരമല്ല കാര്യങ്ങളെന്നു സാരം. ഒറ്റ വിഷയത്തില്‍ ഫോക്കസ് ചെയ്തുകൊണ്ട് അതിന്റെ തീവ്രതയിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്ന പ്രതിപാദന രീതിയല്ല ബിരിയാണിയുടേത്. കനി കുസൃതി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രമായ ഖദീജയുടെ ജീവിതാവസ്ഥകളിലൂടെ മേല്‍ പ്രതിപാദിച്ച വിഷയങ്ങളിലേക്കെല്ലാം സഞ്ചരിച്ചെത്തുകയാണ് ബിരിയാണി.
പിന്നോക്ക സാമ്പത്തികസ്ഥിതിയിലുള്ള ഒരു മുസ്ലീം സ്ത്രീയുടെ വൈവാഹിക, ഗാര്‍ഹിക, ലൈംഗിക, സാമൂഹികാവസ്ഥകളിലൂടെ സിനിമ കടന്നുപോകുന്നു. ഇവിടെയെല്ലാം പുരുഷ കേന്ദ്രീകൃതമായിട്ടാണ് കാര്യങ്ങള്‍ പുലര്‍ന്നുപോരുന്നതെന്നു കാണാം. ലൈംഗിക സംതൃപ്തി പോലും നിഷേധിക്കപ്പെടുന്ന സ്ത്രീയെയാണ് സിനിമയുടെ തുടക്കത്തില്‍ കാണാനാകുക. സാമ്പത്തികമായ പിന്നോക്കാവസ്ഥകളുടെ കരിനിഴല്‍ ഗാര്‍ഹിക ജീവിതത്തിലും വന്നു വെളിച്ചം കെടുത്തുന്നു. സ്ത്രീകള്‍ക്ക് പരിഗണന നല്‍കാത്ത, പുരുഷന്മാരുടെ താത്പര്യം മാത്രം പരിഗണനയ്‌ക്കെടുക്കുന്ന മതാചാരങ്ങളാണ് ഖദീജയുടെ ജീവിതത്തില്‍ പിന്നീട് ഭീഷണിയാകുന്നത്. മതവും സമൂഹവും എപ്പൊഴും എളുപ്പത്തില്‍ പുറന്തള്ളുന്നത് സ്ത്രീകളെയാണെന്ന് സിനിമ ഓര്‍മ്മപ്പെടുത്തുന്നു.
മൊഴിചൊല്ലപ്പെട്ട സ്ത്രീ, മാനസിക നില തെറ്റിയ സ്ത്രീ, വിശുദ്ധ രാജ്യത്തിനു വേണ്ടി സ്വയം ബലി നല്‍കാന്‍ തയ്യാറായി തീവ്രവാദ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന പുരുഷനെ കാത്തിരിക്കുന്ന സഹോദരിയും അമ്മയും തുടങ്ങി സമൂഹത്തിന്റെ നേര്‍ പരിച്ഛേദങ്ങളായ സ്ത്രീരൂപങ്ങളെ ബിരിയാണിയില്‍ കാണാം. ജീവിതത്തില്‍ വന്നുചേരുന്ന തിക്താനുഭവങ്ങള്‍ക്കു മുന്നില്‍ പുകഞ്ഞുതീരാതെ സധൈര്യം നേരിടുന്നവളാണ് ബിരിയാണിയിലെ കേന്ദ്രകഥാപാത്രമായ ഖദീജ. ഒരു മൊഴിചൊല്ലലിലൂടെ സ്വന്തം ജീവിതത്തെ കൈവിട്ടു കളയാന്‍ അവള്‍ തയ്യാറാകുന്നില്ല. പരീക്ഷണങ്ങള്‍ നല്‍കിയ ജീവിതത്തെ അതേ പാതയില്‍ നടന്ന് തോല്‍പ്പിക്കുകയാണവള്‍. ആരോടെങ്കിലുമുള്ള പകപോക്കലായിരുന്നില്ല അവള്‍ക്ക് ജീവിതം. പുരുഷ മേധാവിത്ത സമൂഹത്തിനു മുന്നില്‍ പെണ്ണ് /മനുഷ്യന്‍ എന്ന നിലയില്‍ ജീവിച്ചു തെളിയിക്കണമായിരുന്നുവെന്നു മാത്രം.
ബിരിയാണി ഉയര്‍ത്തിക്കൊണ്ടുവരുന്ന പൊതു വിഷയങ്ങളെക്കാള്‍ ഒരു മുസ്ലീം സ്ത്രീയുടെ ജീവിതാവസ്ഥകളാണ് കാണികളുമായി കൂടുതല്‍ സംവദിക്കുന്നത്. മുത്തലാഖും മത തീവ്രവാദവും പൗരോഹിത്യവും പലതവണ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളാണെങ്കില്‍ കൂടി ഈ പ്രശ്‌നങ്ങളെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഇപ്പോഴും ഉത്തരം കാണാതെ സജീവമായി തുടരുന്നുവെന്നതു തന്നെയാണ് ഇതിന്റെ പ്രസക്തി.
രാജ്യാന്തര ചലച്ചിത്ര മേളകളില്‍ നേടിയ പുരസ്‌കാരങ്ങളാണ് ബിരിയാണിയെ ശ്രദ്ധേയമാക്കിയത്. റോമിലെ ഇരുപതാമത് ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള നെറ്റ്പാക് അവാര്‍ഡ്, ബാംഗ്ലൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ പുരസ്‌കാരം, മികച്ച തിരക്കഥയ്ക്കുള്ള പദ്മരാജന്‍ അവാര്‍ഡ്, കനി കുസൃതിക്ക് സ്‌പെയിനിലെ മാഡ്രിഡില്‍ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടി, 42-ാമത് മോസ്‌കോ ചലച്ചിത്രമേളയിലെ മികച്ച നടി, സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടി എന്നീ പുരസ്‌കാരങ്ങളും നേടി.
സ്വയം വെട്ടിത്തെളിച്ച പാതയില്‍ കനി
പൊള്ളുന്ന പ്രമേയത്തിനൊപ്പം ബിരിയാണിയെന്ന സിനിമ ശ്രദ്ധേയമാകുന്നത് കനിയുടെ സവിശേഷമായ പ്രകടനം കൊണ്ടു കൂടിയാണ്. നാടകത്തില്‍ നിന്ന് സിനിമയിലെത്തി ചെറിയ റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട കനിയെ സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരവത്തിനും ലോകത്തിലെ വിവിധ മേളകളില്‍ നിന്നുള്ള പുരസ്‌കാരങ്ങള്‍ക്കും അര്‍ഹയാക്കിയത് ബിരിയാണിയിലെ ഖദീജയായുള്ള പരകായ പ്രവേശത്തിലൂടെയാണ്. വിവിധ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്ന ഖദീജയെന്ന മുസ്ലീം സ്ത്രീയുടെ അന്ത:സംഘര്‍ഷങ്ങളും ശരീരഭാഷയും കനിയിലെ അനുഭവസമ്പത്തുള്ള അഭിനേത്രിയില്‍ ഭദ്രമാകുന്നതായി കാണാം.
നാടക അരങ്ങില്‍ നിന്നുള്ള അഭിനയ പരിചയമാണ് കനിയിലെ നടിയെ മിനുക്കിയെടുത്തിയത്. സിനിമയില്‍ ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ലെങ്കില്‍ പോലും ചെയ്തവയിലെല്ലാം തഴക്കം ചെന്ന ഒരു അഭിനേതാവിന്റെ കൈയൊപ്പ് പതിക്കാന്‍ കനിക്കായിട്ടുണ്ട്. ഇത് നാടകവേദിയിലെ ശിക്ഷണത്തിന്റെ ഗുണമാണ്. തിരുവനന്തപുരത്തെ അഭിനയ തിയേറ്റര്‍ റിസേര്‍ച്ച് സെന്ററിലൂടെയാണ് കനിക്ക് നാടകവേദി പരിചിതമായത്. അഭിനയത്തിന്റെ വഴിയില്‍ ഈ തിയേറ്റര്‍ ഒന്നാന്തരം പഠനക്കളരിയായിരുന്നുവെന്ന് കനിയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെയും ലാഗോണ്‍സ് ഇന്റര്‍നാഷണല്‍ ഡി റ്റെറ്റേ ജാക്വസ് ലെക്കോകിലുമായി നാടക പഠനം നടത്തിയ കനി സംസ്‌കൃത ക്ലാസിക്ക് പ്രഹസനമായ ഭഗവദ്ജുകത്തിലൂടെയാണ് തിയേറ്റര്‍ അരങ്ങേറ്റം കുറിച്ചത്.
പത്തു സംവിധായകര്‍ അണിനിരന്ന കേരള കഫേയില്‍ ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ഐലന്‍ഡ് എക്പ്രസ് എന്ന ചിത്രത്തിലൂടെയാണ് കനി സിനിമാഭിനയരംഗത്ത് തുടക്കമിടുന്നത്. ശിക്കാര്‍ എന്ന പദ്മകുമാര്‍ ചിത്രത്തില്‍ നക്‌സലൈറ്റ്, അരുണ്‍കുമാര്‍ അരവിന്ദിന്റെ കോക്ടെയ്‌ലിലെ സെക്‌സ് വര്‍ക്കര്‍ എന്നീ വേഷങ്ങളില്‍ പ്രേക്ഷകര്‍ കനിയെ ശ്രദ്ധിച്ചു. എന്നാല്‍ സിനിമയില്‍ നല്ല വേഷങ്ങള്‍ മാത്രം തെരഞ്ഞെടുത്ത കനി നാടകവേദിയിലാണ് തുടര്‍ന്നും ശ്രദ്ധ കാട്ടിയത്. 2010 ഡിസംബറില്‍ നടനും പ്രചരണ നാടക പ്രവര്‍ത്തകനുമായ ഏലിയാസ് കോഹാന്റെ 'ലാസ് ഇന്‍ഡിയസ്' എന്ന അവതരണ പരിപാടി, ഇന്‍ഡോ-ലാറ്റിന്‍ അമേരിക്കന്‍ നാടക കമ്പനിയായ ലാസ് ഇന്‍ഡ്യയില്‍ നിന്നു പരിണമിച്ച 'സിങ്ങിംഗ് സ്റ്റിക്‌സ് തിയേറ്റര്‍ എന്‍സെമ്പള്‍', ഫൂട്ട്‌സ്ബാരന്‍ ടൂറിംഗ് തീയേറ്റര്‍, ഷേക്‌സ്പിയര്‍ ഗ്ലോബ് തുടങ്ങിയ നാടകസംരംഭങ്ങളില്‍ സഹകരിച്ചു. ആത്മാവിഷ്‌കാരത്തിനും ജീവിതത്തിനും കൂടുതല്‍ വ്യക്തത നല്‍കാന്‍ നാടകത്തിലൂടെയും അഭിനയത്തിലൂടെയും സാധിക്കുന്നതായി തനിക്കു തോന്നിയിട്ടുണ്ടെന്ന് കനിയുടെ സാക്ഷ്യപ്പെടുത്തല്‍. സിനിമയില്‍ മുഖ്യധാരാ, സമാന്തര ചിത്രങ്ങള്‍ എന്ന വേര്‍തിരിവിനെക്കുറിച്ച് കനിക്ക് അഭിപ്രായമില്ല. തന്നെ തേടിയെത്തുന്നത് കൂടുതലും സമാന്തര ചിത്രങ്ങളാണെന്നും കനി സമ്മതിക്കുന്നു.
പരിയാരം മെഡിക്കല്‍ കോളേജില്‍ ലക്ചററും കമ്മ്യൂണിറ്റി ഹെല്‍ത്ത് വിദഗ്ദ്ധയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഡോ.എ.കെ ജയശ്രീയും പ്രശസ്ത സ്വതന്ത്രചിന്തകനായ മൈത്രേയനുമാണ് കനിയുടെ മാതാപിതാക്കള്‍. സ്വതന്ത്രചിന്തകരും യുക്തിവാദികളുമെന്ന നിലയ്ക്കാണ് അവര്‍ സ്വയം അടയാളപ്പെടുത്തുന്നത്.
അക്ഷരകൈരളി, 2020 ഡിസംബര്‍
No comments:
Post a Comment