Wednesday, 3 February 2021

 


സീ യു സൂണ്‍

അടച്ചിട്ട കാലത്തെ സിനിമാ മാതൃക

കോവിഡ് കാലത്തെ കലാരംഗത്തിന്റെ പ്രതിരോധമായി മഹേഷ് നാരായണന്റെ സീ യു സൂണ്‍ എന്ന സിനിമയെ കാണാം. കോവിഡ് ലോക്ക് ഡൗണ്‍ മറ്റെല്ലാ തൊഴിലിടങ്ങളെയും ബാധിച്ചതു പോലെ സിനിമാ മേഖലയെയും അടച്ചിടലിന് വിധേയമാക്കി. സിനിമാ ചിത്രീകരണത്തെയും തിയേറ്ററുകളെയും നിശ്ചലമാക്കി മാസങ്ങള്‍ നീണ്ട ഈ അനിശ്ചിതത്വത്തിന് വിരാമമിട്ടു കൊണ്ടാണ് മഹേഷ് നാരായണനും സംഘവും ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഒരു സിനിമ ചെയ്തത്. സിനിമയുടെ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കാനും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി അത് കാണികളിലെത്തിക്കാനും കഴിഞ്ഞതോടെ സീ യു സൂണ്‍ എന്ന സിനിമ മലയാള സിനിമാ ചരിത്രത്തിന്റെ സുപ്രധാന നാഴികക്കല്ലുകളിലൊന്നായി അടയാളപ്പെടുത്തപ്പെട്ടു.

         കോവിഡ് കാലത്തിനു ശേഷമുള്ള സിനിമയെപ്പറ്റി ഇന്‍ഡസ്ട്രി ആലോചിക്കുമ്പോള്‍ കോവിഡ് കാല മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് നിര്‍മ്മിക്കപ്പെട്ട സീ യു സൂണ്‍ ഇങ്ങനെയും സിനിമ ആകാമല്ലോ എന്ന വലിയ ധൈര്യമാണ് ഇന്‍ഡസ്ട്രിക്കു നല്‍കിയത്. കഥാപാത്രങ്ങള്‍ നേരില്‍ കാണാത്ത, മൂവി ക്യാമറയ്ക്കും ഔട്ട്‌ഡോര്‍ ഫ്രെയിമുകള്‍ക്കും പ്രസക്തിയില്ലാത്ത, വെര്‍ച്വല്‍ ലോകത്തിലൂടെ മാത്രം സഞ്ചരിക്കുന്ന ഈ നിര്‍മ്മാണ മാതൃക മലയാളത്തില്‍ ആദ്യത്തേതാണ്. ഇനി ഏറെ അനുകരിക്കപ്പെട്ടേക്കാവുന്നതും.

   


  ഒന്നര മണിക്കൂര്‍ നേരം സ്‌ക്രീന്‍ ഗ്രാബ്, വീഡിയോ കോള്‍ ഫോര്‍മാറ്റില്‍ മാത്രം മുന്നോട്ടുപോകുന്ന സിനിമ ഒട്ടുമേ വിരസമാകുന്നില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. അറബ് നാട്ടിലുണ്ടായ പ്രസക്തമായൊരു സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കഥാപാത്രങ്ങളെ പ്ലേസ് ചെയ്യാനും അവരുടെ സംഘര്‍ഷങ്ങളെയും വികാരങ്ങളെയും ഫലപ്രദമായി അവതരിപ്പിക്കാനും കഴിയുന്നതിലൂടെ ഒരു ടോട്ടല്‍ സിനിമയുടെ കാഴ്ചാനുഭവം നല്‍ന്നതില്‍ സീ യു സൂണ്‍ വിജയിക്കുന്നു.

        ഒരു മിഡില്‍ ഈസ്റ്റേണ്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ജിമ്മി (റോഷന്‍ മാത്യു) ഡേറ്റിംഗ് ആപ്പ് വഴി കണ്ടുമുട്ടിയ അനു (ദര്‍ശന രാജേന്ദ്രന്‍)വുമായി ബന്ധത്തിലാകുന്നു. അവളെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും ജിമ്മി അനുവിനെ തന്റെ അമ്മയ്ക്ക് പരിചയപ്പെടുത്തുന്നു. അനു ജിമ്മിക്ക് ഒരു ആത്മഹത്യാക്കുറിപ്പ് വീഡിയോ രൂപത്തില്‍ അയയ്ക്കുമ്പോള്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാവുകയാണ്. പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനും പ്രശ്‌നം പരിഹരിക്കാനും കുടുംബ സുഹൃത്തായ കെവിന്റെ (ഫഹദ് ഫാസില്‍) സഹായം തേടുന്നതാണ് പ്രമേയം. കഥാപാത്രങ്ങളാരും നേരില്‍ കാണുന്നില്ലെങ്കിലും പ്രമേയം ആവശ്യപ്പെടുന്ന തീവ്രതയും സംഘര്‍ഷവും അവര്‍ക്കിടയില്‍ രൂപപ്പെടുന്നുണ്ട്. വെര്‍ച്വല്‍ കഥാപാത്രങ്ങളുടെ അന്ത:സംഘര്‍ഷം കാണികളിലേക്കു കൂടി പടരുമ്പോഴാണ് സീ യു സൂണ്‍ വെര്‍ച്വല്‍ ലോകത്തു നിന്ന് യഥാര്‍ഥ ജീവിത പരിസരത്തിലേക്കു സഞ്ചരിച്ചെത്തുന്നത്. കഥാപാത്രങ്ങള്‍ക്ക് വ്യക്തമായ ഐഡന്റിറ്റിയും വികാസവും നല്‍കുന്നതിലും സിനിമ വിജയിക്കുന്നുണ്ട്. അതോടെ ലോക്ക് ഡൗണ്‍ സിനിമ എന്ന പരിമിതിയില്‍ നിന്നും ഒരു പൂര്‍ണ സിനിമ എന്ന നിലയിലേക്ക് സീ യു സൂണ്‍ വളര്‍ച്ച പ്രാപിക്കുകയും ചെയ്യുന്നു. വെര്‍ച്വല്‍ സ്‌പേസിലെ കഥാപാത്രങ്ങള്‍ എന്നതുകൊണ്ടു തന്നെ ഏറെ വെല്ലുവിളി നിറഞ്ഞതാണ് അഭിനേതാക്കള്‍ക്ക് ഈ സിനിമ. ഫഹദ്, റോഷന്‍, ദര്‍ശന എന്നീ പ്രധാന കഥാപാത്രങ്ങളെല്ലം ഈ വെല്ലുവിളി ഭംഗിയായി ഏറ്റെടുത്തിരിക്കുന്നു. ഓരോരുത്തരും സ്വന്തം വെര്‍ച്വല്‍ സ്‌പേസിന്റെ പരിമിതിയില്‍ ആണ് ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ അത്തരമൊരു പരിമിതിയെയാണ് അഭിനേതാക്കള്‍ ലളിതമായി മറികടന്ന് കാണികള്‍ക്ക് പരിപൂര്‍ണ സിനിമയുടെ അനുഭവം നല്‍കുന്നത്. ഒരു അഭിനേതാവിന്റെ പ്രതിഭ പരീക്ഷണവിധേയമാക്കപ്പെടുന്ന സന്ദര്‍ഭമാണിത്.

       


അടച്ചിടപ്പെട്ട കാലത്ത് ഇന്നവേറ്റീവ് ആയൊരു ചലച്ചിത്ര നിര്‍മ്മാണ മാതൃക മുന്നോട്ടുവയ്ക്കാനും അതു വിജയിപ്പിച്ചെടുക്കാനും കഴിഞ്ഞതില്‍ സീ യു സൂണിന്റെ മാസ്റ്റര്‍ ബ്രെയിന്‍ മഹേഷ് നാരായണനും നിര്‍മ്മാതാവ് ഫഹദ് ഫാസിലിനും അഭിമാനിക്കാം. ആമസോണ്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്ത ചിത്രം പൂര്‍ണമായും ഐഫോണ്‍ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്. ഒരു മാസത്തില്‍ താഴെ ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. റൈറ്റര്‍ ബ്രില്യന്‍സ്, ഡയറക്ടര്‍ ബ്രില്യന്‍സ്, ടെക്‌നിക്കല്‍ ബ്രില്യന്‍സ് എന്നെല്ലാം വിശേഷിപ്പിക്കാവുന്ന സിനിമ. ഇന്ത്യയിലെ രണ്ടാമത്തെ കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ ചലച്ചിത്രമാണ് സീ യു സൂണ്‍. തമിഴ് ചലച്ചിത്രമായ ലെന്‍സ് ആണ് ഈ വിഭാഗത്തില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രം. ഇന്ത്യന്‍ വേരുകളുള്ള ഹോളിവുഡ് സംവിധായകനായ അനിഷ് ചഗാന്റിയുടെ 2018ല്‍ പുറത്തിറങ്ങിയ ഫോളോവിംഗ് ഈ വിഭാഗത്തില്‍ ആദ്യ പരീക്ഷണമെന്ന നിലയില്‍ ഏറെ അഭിനന്ദനം നേടിയെടുത്ത സിനിമയാണ്. 

അക്ഷരകൈരളി, 2020 ഒക്ടോബര്‍

No comments:

Post a Comment