Monday, 1 February 2021

നിങ്ങള്‍ക്ക് സെയ്‌നിനെ അറിയാമോ?


സെയ്ന്‍ അല്‍ റാഫി. 2004ല്‍ സിറിയയിലെ ദാറയില്‍ ജനനം. ഒമ്പതു വര്‍ഷം മുമ്പാണ് ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലേയ്ക്ക് രക്ഷിതാക്കളോടൊപ്പം അഭയാര്‍ഥിയായി സെയ്ന്‍ എത്തിയത്. ലെബനനിലെ പതിനായിരക്കണക്കിന് സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കൊപ്പം പട്ടിണിയും അരക്ഷിതാവസ്ഥയും രോഗവും നിറഞ്ഞ സാഹചര്യത്തില്‍ അവരും കൂടി.

    സിറിയന്‍ യുദ്ധത്തിന് ശേഷം ലെബനനിലേക്ക് കുടിയേറിപ്പാര്‍ത്ത അഭയാര്‍ത്ഥികളുടെ ജീവിതം പ്രമേയമാക്കി ലെബനീസ് സംവിധായിക നദീന്‍ ലബാക്കി സിനിമ ചെയ്യാന്‍ ആലോചിച്ചപ്പോള്‍ കുട്ടികളെയാണ് പ്രധാന കഥാപാത്രങ്ങളാക്കാന്‍ തീരുമാനിച്ചത്. രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന യുദ്ധങ്ങളിലും സംഘര്‍ഷങ്ങളിലും എപ്പൊഴും ഇരയാകുന്നതു കുട്ടികളാണെന്നതു തന്നെ കാരണം. അഭയാര്‍ഥി ജീവിതത്തിന്റെ എല്ലാ ദുരിത സ്പന്ദങ്ങളും അവരുടെ നെഞ്ചിലുണ്ടാകും. അങ്ങനെയാണ് നദീന്‍ സിറിയന്‍ അഭയാര്‍ഥികളില്‍ നിന്നുതന്നെ പന്ത്രണ്ടുകാരനായ തന്റെ നായകനെ കണ്ടെത്തുന്നത്. തീര്‍ത്തും നിരക്ഷരനായ അഭിനയപരിചയമില്ലാത്ത ജനിച്ചതു മുതല്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ നിറഞ്ഞ ചുറ്റുപാടില്‍ ജീവിച്ച സെയ്ന്‍ അല്‍ റാഫി.

     കഴിഞ്ഞ വര്‍ഷം കാന്‍ ഫെസ്റ്റിവെല്‍ പ്രീമിയര്‍ ആയും പിന്നീട് വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ച് അംഗീകാരം നേടിയ നദീന്റെ 'കാപര്‍നോം 'എന്ന സിനിമ കണ്ടവരാരും സെയ്‌നിനെ മറക്കില്ല. സിനിമയില്‍ പറയുന്നത് സ്വന്തം ജീവിതം തന്നെയായതുകൊണ്ട് സെയ്‌നിന് ക്യാമറയ്ക്കു മുന്നില്‍ അഭിനയിക്കേണ്ടി വന്നില്ല.126 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമയുടെ ടെയ്ല്‍ എന്‍ഡില്‍ മാത്രമാണ് അവന്റെ മുഖത്ത് ഒരു പുഞ്ചിരി വരുന്നത്. പാസ്‌പോര്‍ട്ട് ശരിയാകുമെന്നും അതിനായി ഒരു ഫോട്ടോ എടുക്കണമെന്നും പറയുമ്പോഴാണ് ഉള്ളില്‍ നിന്നുള്ള ആ ചിരി. പക്ഷേ, സിനിമ ഷൂട്ട് ചെയ്ത് കഴിയുന്നതു മുതല്‍ വീണ്ടും അഭയാര്‍ഥി തന്നെയാണെന്ന യാഥാര്‍ഥ്യമായിരുന്നു സെയ്ന്‍ നേരിട്ട ഏറ്റവും വലിയ ദുര്യോഗം.

   


   തന്നെ ജനിപ്പിച്ചതിന്റെ പേരില്‍ അച്ഛനമ്മമാര്‍ക്ക് എതിരെ കേസ് കൊടുത്ത് കോടതിമുറിയില്‍ എത്തുന്ന സെയ്‌നിനോട് മാതാപിതാക്കള്‍ക്ക് എന്ത് ശിക്ഷയാണ് കൊടുക്കേണ്ടത് എന്നു ജഡ്ജി ചോദിക്കുന്നു. ഇനി ഇവര്‍ ഒരു കുഞ്ഞിനു കൂടി ജന്മം നല്‍കരുതെന്നാണ് സെയ്‌നിന്റെ മറുപടി. സഹോദരങ്ങളുടെ പട്ടിണിയും രോഗവും അരക്ഷിതാവസ്ഥയും കണ്ടു മടുത്തിട്ടാണ് ഈ പ്രതികരണം. യുദ്ധം അശാന്തിയല്ലാതെ ഒന്നും തരുന്നില്ലെന്നതാണ് അതിന്റെ മുറിവുകളേറ്റിട്ടുള്ള ജനത നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്.

         എന്തുകൊണ്ടാണ് കാപര്‍നോം പോലൊരു സിനിമ ഇന്ത്യയില്‍ നിന്ന് ഉണ്ടാകാത്തത് എന്നു ചിന്തിച്ചിട്ടുണ്ടോ? ഉത്തരം ലളിതമാണ്, അത്തരത്തില്‍ ഒരു യുദ്ധമോ ആഭ്യന്തര കലാപമോ പലായനമോ അഭയാര്‍ഥി ജീവിതമോ അനുഭവിച്ചിട്ടുള്ള ജനതയല്ല നമ്മള്‍. കല ജീവിതത്തില്‍ നിന്ന് അത്ര അകലെയല്ല, തൊട്ടു തന്നെയാണ് നില്‍ക്കുന്നത്. ലെബനനു പുറമെ മറ്റു മധ്യ-പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും മധ്യ ആഫ്രിക്കയില്‍ നിന്നും ലാറ്റിനമേരിക്കയില്‍ നിന്നും ഇത്തരം സിനിമകളുണ്ടാകുന്നതിന്റെ കാരണം അവരുടെ നെഞ്ചില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന കലാപത്തിന്റെയും അഭയാര്‍ഥിത്വത്തിന്റയും പട്ടിണിയുടെയും യാഥാര്‍ഥ്യങ്ങള്‍ തന്നെയാണ്. നമ്മള്‍ ഇപ്പോഴും സേഫ് സോണിലാണ്. യുദ്ധം നമുക്ക് പാഠപുസ്തകങ്ങളിലും സാഹിത്യത്തിലും സിനിമയിലും മാത്രം പരിചയമുള്ള കാര്യമാണ്. 

     


കാപര്‍നോം പുറത്തിറങ്ങിയ ശേഷം സെയ്‌നിന് നോര്‍വെയുടെ പൗരത്വം കിട്ടി. അവന്‍ കുടുംബത്തോടൊപ്പം അവിടെ ജീവിക്കുന്നു. 14-ാം വയസ്സില്‍ അവന്‍ സ്‌കൂളില്‍ പോയിത്തുടങ്ങി. ഇപ്പോഴവന് എഴുത്തും വായനയുമറിയാം. അവന് പൂക്കളോടാണ് കൂടുതല്‍ ഇഷ്ടമെന്ന് അധ്യാപിക പറഞ്ഞതായി നദീന്‍ ലബാക്കി പറയുന്നു; ഇനി ഒരിക്കലും ആയുധങ്ങള്‍ ഇഷ്ടപ്പെടാനാവില്ലെന്നും.

ട്രിവാന്‍ഡ്രം സ്പീക്കിംഗ് ഓണ്‍ലൈന്‍ 2020 ആഗസ്റ്റ് 29

No comments:

Post a Comment