Saturday, 9 June 2018

അക്ഷരസാഗരം ശാന്തമായി

ഭാഷയിലെ നെല്ലും പതിരും വേർതിരിച്ചുതരാൻ ഇനി പന്മനയില്ല. ഭാഷയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടി നല്ല മലയാളം എഴുതാൻ സദാ പ്രേരിപ്പിച്ച് എല്ലാവരുടെയും ഗുരുവായി മാറിയ പന്മന രാമചന്ദ്രൻ നായർക്ക് തലസ്ഥാന നഗരം യാത്രചൊല്ലി. പതിറ്റാണ്ടുകൾ നീണ്ട അദ്ധ്യാപനത്തിലെ ശിഷ്യസമ്പത്തും സഹാദ്ധ്യാപകരും പന്മനയെ വായിച്ചറിഞ്ഞവരും സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ ശ്രദ്ധേയ വ്യക്തികളും പ്രിയപ്പെട്ട പന്മന സാറിന് അന്ത്യാഞ്ജലിയർപ്പിക്കാൻ വഴുതക്കാട്ടെ 'കൈരളി'യിലും തൈക്കാട് ശാന്തികവാടത്തിലുമെത്തി.
           വിദ്യാഭ്യാസ കാലം തൊട്ടുള്ളതാണ് പന്മന രാമചന്ദ്രൻ നായർക്ക് തിരുവനന്തപുരവുമായുള്ള ബന്ധം. ഗവ.ആർട്‌സ് കോളേജിൽ ഇന്റർമീഡിയറ്റ് (പ്ലസ്ടു) പഠിക്കാനായിട്ടാണ് 1950ൽ പന്മന തിരുവനന്തപുരത്ത് എത്തുന്നത്. ഈ കാലത്താണ് സാമൂഹിക, സാംസ്‌കാരിക പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാകുന്നത്. കോളേജിലെ അദ്ധ്യാപകരും സാഹിത്യകുതുകികളായ സഹപാഠികളും പന്മനയുടെ കഴിവുകളെ പോഷിപ്പിച്ചു. പഠനശേഷം പന്മനയിൽ ഗ്രന്ഥശാല സ്ഥാപിക്കാൻ അദ്ദേഹം മുൻകൈയെടുത്തു. പന്മന രാമചന്ദ്രൻപിള്ളയിലെ സാമൂഹ്യപ്രവർത്തകനെയും എഴുത്തുകാരനെയും ഊതിക്കാച്ചിയെടുത്തത് ഗ്രന്ഥശാലാ പ്രവർത്തനമാണ്.
            തിരുവനന്തപുരത്തേക്കുള്ള പന്മനയുടെ രണ്ടാംവരവ് പി.ജി പഠനത്തിനായിട്ടാണ്. കുട്ടിക്കാലം തൊട്ടേ കവിതയെഴുതിത്തുടങ്ങിയ പന്മനയ്ക്ക് ചങ്ങമ്പുഴയോടായിരുന്നു ആരാധന. ചങ്ങമ്പുഴ ഇരുന്നു പഠിച്ച ക്ലാസിൽ പഠിക്കണമെന്ന് അതിയായ മോഹം തോന്നി. പക്ഷേ ബിരുദം സയൻസിലായിരുന്നു. ഉപഭാഷയായി പഠിച്ചത് സംസ്‌കൃതവും. പ്രസിദ്ധീകരിച്ച മലയാളം കവിതകളുടെ കോപ്പിയും വച്ച് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ മലയാളം എം.എയ്ക്ക് അപേക്ഷിച്ചു. പ്രവേശനം കിട്ടിയില്ല. പ്രൊഫ. കോന്നിയൂർ മീനാക്ഷിയമ്മയായിരുന്നു വകുപ്പദ്ധ്യക്ഷ. നിരന്തര ശല്യം കാരണം വകുപ്പ് ഉപാദ്ധ്യക്ഷനായ ഇളംകുളം കുഞ്ഞൻപിള്ളയുമായി ആലോചിച്ച് പന്മനയെക്കൊണ്ട് ഒരു ഉപന്യാസമെഴുതിച്ചു. ഉപന്യാസം രണ്ടപേർക്കും ഇഷ്ടപ്പെട്ടു. അങ്ങനെ ഒരു സ്‌പെഷ്യൽ കേസായി യൂണിവേഴ്‌സിറ്റി കോളേജിൽ മലയാളം എം.എയ്ക്ക് പ്രവേശനം കിട്ടി. നോവലിസ്റ്റായി അന്നേ അറിയപ്പെട്ടിരുന്ന ജി.വിവേകാനന്ദനായിരുന്നു കോളേജിലെ പ്രിയ സുഹൃത്ത്. എം.എ പരീക്ഷയിൽ ഒന്നാംറാങ്കും ഡോഗോദവർമയുടെ പേരിലുള്ള മെഡലും വാങ്ങി മീനാക്ഷിയമ്മ ടീച്ചറോടും ഗോദവർമ സാറിനോടും പന്മന നീതികാട്ടി.
തിരുവനന്തപുരത്തെ പഠനവും ജീവിതവും എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരുമായുള്ള ബന്ധവും പന്മയിലെ സാഹിത്യപ്രവർത്തകനെ വളർത്തി. കേരള ഗ്രന്ഥശാലാ സംഘം ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പന്മന ഗ്രന്ഥാലോകം മാസികയുടെ സഹപത്രാധിപരായി. എസ്.ഗുപ്തൻനായർ ആയിരുന്നു പത്രാധിപർ. 1959 ൽ ഗ്രന്ഥാലോകം വിശേഷാൽ പതിപ്പ് പ്രസിദ്ധീകരിക്കാൻ ഭരണസമിതി തീരുമാനിച്ചപ്പോൾ തിരുവനന്തപുരത്തെ സാഹിത്യകാരന്മാരെ നേരിട്ടു കണ്ട് സൃഷ്ടികൾ വാങ്ങുന്ന ജോലി പന്മനയ്ക്കായിരുന്നു. അതിനിടയിൽ കേശവദേവിനെക്കൊണ്ട് ഗ്രന്ഥാലോകത്തിന്റെ വശേഷാൽ പതിപ്പിൽ 'വായനശാല വാസൂള്ള' എന്ന കഥ എഴുതിക്കാൻ കഴിഞ്ഞതാണ് അവിസ്മരണീയമായ സംഭവം. കഥയ്ക്കുള്ള 75 രൂപ പ്രതിഫലം നൽകിയപ്പോൾ 50 രൂപ മതിയെന്നുപറഞ്ഞ് 25 രൂപ മടക്കി പന്മനയെ ഏൽപ്പിച്ചു.
ശൂരനാട് കുഞ്ഞൻപിള്ള എഡിറ്ററായിരുന്ന മലയാളം ലക്‌സിക്കനിൽ രണ്ടുവർഷം ജോലിചെയ്ത ശേഷമാണ് കോളേജ് അദ്ധ്യാപനത്തിലേക്ക് കടന്നത്. പാലക്കാട് വിക്ടോറിയ കോളേജ്, ചിറ്റൂർ ഗവകോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ് എന്നിവിടങ്ങളിലെ അദ്ധ്യയനത്തിനു ശേഷമാണ് പന്മന താൻ പഠിച്ച കലാലയമായ യൂണിവേഴ്‌സിറ്റി കോളേജിലേക്കു വരുന്നത്. ഇതോടെ തിരുവനന്തപുരവുമായുള്ള ബന്ധം വീണ്ടും തുടരാൻ അവസരമൊരുങ്ങി. പിന്നീട് വിരമിക്കുന്നതുവരെ യൂണിവേഴ്‌സിറ്റി കോളേജിൽ തുടർന്ന പന്മനയ്ക്ക് തലസ്ഥാനത്ത് വലിയ ശിഷ്യസമ്പത്തും ബന്ധങ്ങളും ലഭിച്ചു. ശിഷ്യരെക്കാളേറെ പന്മനയുടെ ഭാഷാശൈലീ പുസ്തകങ്ങൾ വായിച്ചുണ്ടായ ആരാധകരായിരുന്നു ഏറെയും.
       1987ൽ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും മലയാള വിഭാഗം മേധാവിയായാണ് അദ്ധ്യാപന ജീവിതത്തിൽ നിന്ന് വിരമിച്ചത്. കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായിരിക്കെ സർവകലാശാലയുടെ പരീക്ഷ നടത്തിപ്പും ഫലപ്രഖ്യാപനവും കുറ്റമറ്റതാക്കാൻ പന്മന മുന്നോട്ടുവച്ച അഞ്ചു നിർദ്ദേശങ്ങൾ സമൂഹശ്രദ്ധ പിടിച്ചുപറ്റി. അതേവർഷം സർവകലാശാലയുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ച് സമിതിയംഗം എന്ന നിലയ്ക്ക് വിഖ്യാത ചരിത്രകാരൻ എ.ശ്രീധരമേനോനെക്കൊണ്ട് സർവകലാശാലയുടെ ചരിത്രം രണ്ട് ബൃഹദ് ഗ്രന്ഥങ്ങളാക്കി പുറത്തിറക്കാനും മുൻകൈയെടുത്തു.
വഴുതക്കാട് ഗാന്ധിനഗറിൽ 'കൈരളി'യിലെ വിശ്രമകാലത്ത് ഭാഷാശുദ്ധിയുമായി ബന്ധപ്പെട്ട മേഖലയിൽ പന്മന കൂടുതൽ സജീവമായി. ശിഷ്യരും ഭാഷാപ്രേമികളും ഈ കാലത്ത് നിരന്തരം പന്മനയെ കാണാൻ വീട്ടിലേക്ക് എത്തുമായിരുന്നു. ശിഷ്യന്മാർ ചേർന്ന് 'കൈരളിയുടെ കാവലാൾ' എന്ന പേരിൽ ശതാഭിഷേകഗ്രന്ഥം പുറത്തിറക്കിയിരുന്നു. ഭാഷയ്ക്കായി എഴുതാനും ശബ്ദമുയർത്താനും പ്രായം ഒരിക്കലും പന്മനയ്ക്ക് തടസ്സമാകയിരുന്നില്ല. ഭാഷാപരമായ സംശയങ്ങൾ ചോദിച്ചുകൊണ്ട് എല്ലാ ദിവസവും ആരെങ്കിലും വിളിക്കുകയോ നേരിട്ടെത്തുകയോ ചെയ്യുമായിരുന്നു. ആശുപത്രിയിലാകുന്നതിനു ദിവസങ്ങൾ മുമ്പ് വരെ ഈ പതിവ് തുടർന്നു. അദ്ധ്യാപകന്റെ അവധാനതയോടെ അവയ്‌ക്കെല്ലാം മറുപടി പറയാൻ അദ്ദേഹം ശ്രദ്ധിച്ചു. തെറ്റ് തിരുത്താനും നല്ല മലയാളം എഴുതിപ്പിക്കാനും കൈരളീമുറ്റത്തെ കസേരയിൽ ഇനി ആ സാന്നിദ്ധ്യമില്ലെന്ന തിരിച്ചറിവ് ഏറെ വേദനയുണ്ടാക്കുന്നതാണ്.

കേരളകൗമുദി, 2018
ജൂൺ 7
മരണത്തിന്റെ സർഗലാവണ്യം

എഴുപതുകളിൽ രൂപം കൊണ്ട സമാന്തര സിനിമാ ശാഖയിലൂടെയാണ്‌ലോക സിനിമയുടെ ആകാശത്തിലേക്ക് മലയാള സിനിമനോക്കിത്തുടങ്ങിയത്. അടൂർഗോപാലകൃഷ്ണനും പി.എൻമേനോനും തുടക്കമിടുകയും അരവിന്ദൻ, കെ.ജിജോർജ് എന്നിവരിലൂടെ തുടരുകയും ചെയ്ത ഈ ശാഖ മലയാള സിനിമയുടെ ചരിത്രത്തിൽ എക്കാലത്തേക്കുമുള്ള ഈടുവയ്പുകളെന്നോണമുള്ള സൃഷ്ടികളാണ് സംഭാവന ചെയ്തത്. സിനിമ നപ്രിയ ശീലങ്ങൾക്കനുസൃതമായി അതത് കാലത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് മുന്നേറിയെങ്കിലും സമാന്തര പാതയിലെ സിനിമകൾക്ക്‌വേറിട്ടൊരു ഇടം എക്കാലത്തും ലഭിച്ചു. കെ.ജിജോർജിന്റെയും ഭരതന്റെയും പദ്മരാജന്റെയും തീർത്തും സമാന്തരമല്ലാത്ത സിനിമാ പരിശ്രമങ്ങളുടെ പുതുകാല തുടർച്ചയാണ് ആഷിക് അബുവിലും ലിജോജോസ് പെല്ലിശ്ശേരിയിലും ദിലീഷ്‌പോത്തനിലുമെല്ലാം കാണുന്നത്.
    പി.എഫ്.മാത്യൂസിന്റെ ചാവുനിലങ്ങൾ എന്ന കഥയെ മൂലപ്രമേയമാക്കി ലിജോജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ (ഈശോ മരിയം ഔസേപ്പ്) കാഴ്ചയെലോകവിതാനത്തിലേക്ക് ഉയർത്തുന്ന സംവിധായകന്റെ ക്രാഫ്റ്റ് കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.
    ക്ലാസിക്കുകൾ ഒരിക്കലേ സംഭവിക്കാറുള്ളൂ എന്നു പറയാറുണ്ട്. പ്രതിഭാധനനായ ഒരു വ്യക്തിയിൽ നിന്ന് പലപ്പോഴായി ഉണ്ടാകുന്ന സൃഷ്ടികൾ ഇതായിരുന്നോ ആ ക്ലാസിക്ക് എന്നുതോന്നിപ്പിക്കും വിധം മാറിമറിയാറുമുണ്ട്. പുതുതലമുറ മലയാള സംവിധായകരുടെ പതാകവാഹകരിൽ മുൻപന്തിയിലുള്ള ലിജോജോസ് പെല്ലിശ്ശേരിയിൽ നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാം എന്ന ശുഭപ്രതീക്ഷയാണ് ഈ.മ.യൗ എന്ന സിനിമ നൽകുന്നത്. 
    മാജിക്കൽ റിയലിസം പരീക്ഷിച്ച് ആമേൻ എന്ന അഭിമാന സിനിമ മലയാളത്തിന് തന്ന ലിജോ ഈ.മ.യൗവിൽ എത്തുമ്പോൾ പൂർവ്വഭാരങ്ങളെല്ലാമൊഴിഞ്ഞ് തീർത്തും വ്യത്യസ്തമായ ഭൂമികയും മനുഷ്യരെയും അവരുടെ ജീവിതവുമാണ് ഒരുക്കിയിട്ടുള്ളത്. മാജിക്കൽ റിയലിസത്തിന്റെ സാധ്യത വിട്ടുകളയാൻ ഇവിടെയും ലിജോ തയ്യാറാവുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഒരു മരണവും അതിന്റെ സ്വാഭാവികമായ തുടർച്ചയും ഏതു കാലത്തേക്കും ഏതുദേശത്തേക്കും ഇണങ്ങുംവണ്ണം ആവിഷ്‌കരിക്കുകയാണ് ഈ സിനിമയിൽ. മരണം ഏറ്റവും സർഗാത്മകമായി ആവിഷ്‌കരിച്ച മലയാള സിനിമ എന്ന തരത്തിലായിരിക്കും ഈ.മ.യൗ ചരിത്രത്തിൽ അടയാളപ്പെടുത്തുക.
   
               തീരദേശമാണ് ഈ.മ.യൗവിന് പശ്ചാത്തലമാകുന്നത്. തന്റെ മരണാന്തര ചടങ്ങുകൾ തുറ കണ്ട ഏറ്റവും വലിയ ശവമഞ്ചഘോഷയാത്രയാകണമെന്നാണ് വാവച്ചന്റെ ആഗ്രഹം. അത്ര വലിയ മരണാനന്തര ശുശ്രൂഷ നൽകാൻ ത്രാണിയില്ലെങ്കിലും അങ്ങനെ തന്നെ ചെയ്യാമെന്ന് മകൻ ഈശി അപ്പന് വാക്കും കൊടുക്കുന്നു. വാവച്ചന്റെ മരണശേഷം നടക്കുന്ന അവിചാരിതമായ സംഭവവികാസങ്ങളിലേക്കാണ് സിനിമ പിന്നീട് സഞ്ചരിക്കുന്നത്. ഇവിടെ പള്ളിയും നിയമവും വ്യവസ്ഥിതിയും എങ്ങനെ ഒരു സാധാരണക്കാരന്റെ ജീവിതത്തിലും മരണത്തിലും ഇടപെടുന്നു എന്ന് സിനിമ വിമർശനാത്മകമായിചോദ്യംചെയ്യുന്നു.
    ലോംഗ്‌ഷോട്ടിൽ കടൽതീരത്തുകൂടി ഒരു ശവമഞ്ചഘോഷയാത്ര പൂർണമായി കടന്നുപോകുന്നതാണ് സിനിമയുടെ ആദ്യദൃശ്യം. സിനിമയുടെ ടൈറ്റിൽ കാർഡുംഘോഷയാത്രയിലെ അവസാന മനുഷ്യനും കടന്നുപോകുന്നത്രയുംനേരം ക്യാമറയും ചലിക്കുന്നില്ല. ഈഘോഷയാത്ര ദൂരെനിന്ന് ഇമവെട്ടാതെനോക്കിനിൽക്കുന്നവരായി മാറുന്നു നമ്മളും.
    ദൃശ്യപരിചരണ സമീപനത്തിലെ മികവാണ് ഈ.മ.യൗവിനെവേറിട്ടുനിർത്തുന്നതിൽ പ്രധാനം. ലാറ്റിൻ അമേരിക്കൻ സിനിമകളിൽ കണ്ടുശീലിച്ച ഇരുണ്ട നിറങ്ങളും കടലിനും അനുബന്ധ ഭൂഭാഗത്തിനും ഗൃഹാന്തരീക്ഷത്തിനും നൽകുന്ന കളർടോണുകളും ഫ്രെയിമുകളും സിനിമയുടെ കാഴ്ചവിതാനം വലുതാക്കുന്നു. കടലോരത്തും ഒരു മരണവീട്ടിലും മാത്രമായി നിലകൊണ്ടിട്ടും ക്യാമറ അത്രമാത്രം സംവേദനാത്മകമാണ്. വിരസമായ ഒരു വിഷ്വൽപോലും കണ്ടെടുക്കാനാകാത്ത ഫ്രെയിമുകൾ ഓരോന്നും സമ്പന്നവും പുതുമയുള്ളതുമാണ്. ഒരു മണിക്കൂർ 55 മിനിറ്റ് ദൈർഘ്യമുള്ള സിനിമയുടെ 80 ശതമാനവും രാത്രിദൃശ്യങ്ങളാണ്. ബാക്കിയുള്ള പകൽനേരങ്ങളിലാട്ടെ സ്‌ക്രീനിലാകെ നിറഞ്ഞ് ആർത്തലയ്ക്കുന്ന മഴയും. ഷൈജു ഖാലിദിന്റെ മികവുറ്റ ക്യാമറക്കണ്ണിലേക്കുള്ള പൊൻതൂവലാണ് ഈ ചിത്രം.
    ഈ.മ.യൗവിൽ മാജിക്കൽ റിയലിസത്തിന്റെ സാധ്യത ലിജോ പരീക്ഷിക്കുന്നത് കൗതുകകരമാണ്. കടലോരത്തെ ചില മനുഷ്യർക്ക് സവിശേഷ സ്വഭാവങ്ങളും ദൈവികതയും നൽകുമ്പോൾ അതിൽ രണ്ടു മനുഷ്യർ ചുറ്റുപാടുകളെ മറന്ന് സദാസമയം ചീട്ടുകളിയിൽ ശ്രദ്ധകേന്ദ്രീകരിച്ച് തുടരുന്നു. ഒറ്റ ദിവസം ആദേശത്ത് സംഭവിക്കുന്ന മരണങ്ങളും (ഒരു നായ ഉൾപ്പെടെ), ദിനാന്തത്തിൽ അവരെ വഹിച്ച് കൊണ്ടുപോകാൻ തീരത്തെത്തുന്ന രണ്ട് നൗകകളുമെല്ലാം ഈ മാജിക്കിന് ദൃഷ്ടാന്തമാണ്.
   
            ചെമ്പൻ വിനോദിന്റെ ഈശി എന്ന കഥാപാതത്തിന് പകർന്നാടാൻ വലിയ സ്‌പേസാണ് ഈ.മ.യൗ നൽകുന്നത്. അസാധാരണമായ മെയ്വഴക്കത്തോടെ ചെമ്പൻ അത് ഗംഭീരമാക്കുകയും ചെയ്തു. ചെമ്പന്റെ കരിയർ ബെസ്റ്റ് എന്ന നിലയിൽ ഈ കഥാപാത്രം ചർച്ചചെയ്‌തേക്കാം. വിനായകന്റെ അയ്യപ്പൻ എന്ന വാർഡ് മെമ്പർ കഥാപാത്രവും മറിച്ചല്ല. ശരീരഭാഷ കൊണ്ട് നമുക്ക് പരിചിതമായ ചുറ്റുപാടിലെ മനുഷ്യരായി മാറാൻ സാധിക്കുന്ന അഭിനയപാടവമാണ് ഈ നടന്മാർക്കുള്ളത്. അവർക്ക് എളുപ്പത്തിൽ ഇത്തരം കഥാപാത്രങ്ങളായി മാറാൻ സാധിക്കുന്നു. ബിംബങ്ങളാക്കപ്പെട്ട താരശരീരങ്ങൾക്ക് സാധിക്കാതെപോകുന്നതും ഈ പകർന്നാട്ടം തന്നെ. ഈ ചിത്രത്തിലെ പ്രകടനം കൊണ്ട് കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡ്‌നേടിയപോളി വിത്സന്റെ പ്രകടനമാണ് അസാധാരണമായ മറ്റൊന്ന്. ക്യാമറയ്ക്കു മുന്നിലാണെന്ന് മറന്നുപോകുന്ന പ്രകടനത്താൽ കാണികളെപ്പോലും ഒരു മരണവീട്ടിൽ അകപ്പെടുത്താൻ ഇവർക്കാകുന്നു. ദിലീഷ്‌പോത്തന്റെ പള്ളീലച്ചൻ കഥാപാത്രം കൂടി മാറ്റിനിർത്തിയാൽ ഈ.മ.യൗവിൽ അഭിനയിച്ച ബാക്കിയെല്ലാവരും പുതിയ ആളുകളാണ്. അങ്കമാലി ഡയറീസിൽ 84 പുതുമുഖങ്ങളെ ഏറെ പരിചയസമ്പന്നരെപ്പോലെ അഭിനയിപ്പിച്ച് അഭിനന്ദനംനേടിയ ലിജോ ഈ.മ.യൗവിൽ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങളും ഇതേ മികവ് തുടരുന്നു. വാവച്ചൻ(കൈനകരി തങ്കരാജ്), മകളും മരുമകളുമായി എത്തുന്ന കഥാപാത്രങ്ങൾ തുടങ്ങി ആ കടലോര ഗ്രാമത്തിലെ അന്തേവാസികളായി എത്തുന്ന ഓരോ മനുഷ്യരും കടലോരത്തുനിന്ന്‌നേരെ ക്യാമറയ്ക്കു മുന്നിലേക്ക് നടന്നുവരുന്നവരെപ്പോലെ സ്‌കീനിൽ ജീവിക്കാൻ പ്രാപ്തിനേടിയവരാണ്.    
     
              പി.എഫ് മാത്യൂസാണ് ഇ.മ.യൗവിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. കൊച്ചി ഉൾപ്പെടുന്ന മദ്ധ്യകേരള തീരദേശത്തെയും ലാറ്റിൻ ക്രൈസ്തവർക്കിടയിലെ സവിശേഷമായ ഭാഷാശൈലിയെയും ഉപയോഗപ്പെടുത്തിയുള്ള ഇ.മ.യൗവിന്റെ സംഭാഷണവും ഏറെ പുതുമയുള്ളതാണ്.
    ലിജോയുടെ സ്ഥിരം സംഗീതസംവിധായകനായ പ്രശാന്ത് പിള്ള ഈ.മ.യൗവിന് നൽകുന്ന പശ്ചാത്തലസംഗീതം സിനിമയുടെ ആസ്വാദനക്ഷമതയെ തെല്ലൊന്നുമല്ല സഹായിക്കുന്നത്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈൻ. ക്രിസ്ത്യൻമത പശ്ചാത്തലവും ആചാരങ്ങളും ജീവിതരീതിയും സംഗീതത്തോട് ഇഴചേർന്നാണ് ഈ.മ.യൗവിൽ അവതരിപ്പിക്കുന്നത്. ആമേനിൽ എസ്തപ്പാനാശാനുംസോളമനും വായിച്ച ക്ലാർനെറ്റിന്റെ താളവും മുഴക്കവും അങ്കമാലി ഗീവർഗീസ് പുണ്യാളന്റെ അൾത്താരയിൽ തൊട്ട് ചെല്ലാനം കടപ്പുറത്തെ വാവച്ചന്റെ വീട്ടിലേക്കെത്തുന്നു. അങ്ങനെയാ സംഗീതം മരണത്തെപ്പോലും ഏറ്റവും സർഗാത്മകമാക്കുന്നു.

സ്ത്രീശബ്ദം, 2018 ജൂൺ

Saturday, 26 May 2018

 
താരാരാധികയുടെ മോഹൻലാൽ

സിനിമ താരങ്ങളെ കേന്ദ്രീകരിച്ച് സഞ്ചരിക്കാൻ തുടങ്ങിയതോടെ താരാധനയും അതിന്റെ ഭാഗമായി തുടർന്നുപോന്നു. ഇന്ത്യൻ സിനിമയെ സംബന്ധിച്ച് താരാരാധന പല കാലഘട്ടങ്ങളിൽ വ്യത്യസ്ത തലങ്ങളലേക്ക് വളർന്നു പടരുകയാണുണ്ടായത്. ഇതിൽ ഒരു കാലത്തും മാറ്റമുണ്ടായിട്ടില്ല. ഇന്ത്യൻ സിനിമയുടെ സുവർണ്ണകാലം ബോളിവുഡിനെ കേന്ദ്രീകരിച്ച് നിലകാണ്ടെങ്കിലും പിന്നീട് താരങ്ങളെ കേന്ദ്രീകരിച്ചുള്ള സിനിമകളും തീവ്രാരാധനയും ദക്ഷണേന്ത്യയിലാണ് പ്രബലമായത്. പിൽക്കാലത്ത് നിർമ്മിക്കപ്പെട്ട അതിമാനുഷ, അമാനുഷിക സിനിമകളാണ് ഇതിന് പ്രചോദനമായത്. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ തുടർച്ചയായി സൃഷ്ടിക്കപ്പെട്ട താരകേന്ദ്രീകൃത സിനിമകൾ നായകന്റെ അമാനുഷിക, ദൈവിക ചെയ്തികളെ ചുറ്റിപ്പറ്റിയുള്ളവയായിരുന്നു. ഈ നായകന്മാരെല്ലാം പ്രേക്ഷകമനസ്സിൽ ദൈവിക പരവേഷമുള്ളവരും സാധാരണ മനുഷ്യന് ചെയ്യാനാകാത്തതും സ്വപ്നം കാണാനാകാത്തതുമായ പ്രവൃത്തികൾ അനായാസം സാധിച്ചുകൂട്ടുന്നവരായി. ഇതോടെ താരാരാധകർ രസികർ മൺട്രമെന്നും ഫാൻസ് അസോസയേഷനുകളെന്നും വിളപ്പേരുകളിൽ അറിയപ്പെട്ടുതുടങ്ങി. ഒരു തരം സംഘടനാ സ്വഭാവം കൂടി ഇവയ്ക്ക് കൈവന്നതോടെ പൊതുജനങ്ങൾക്കിടയിലും ഇത്തരമൊരു പുതിയ വിഭാഗത്തിന് സ്വീകാര്യത ലഭിച്ചു.
    തമിഴ്നാട്ടിലും ആന്ധ്രയിലുമെല്ലാം സജീവമായതിനു ശേഷമാണ് കേരളത്തിൽ ഫാൻസ് അസോസയേഷനുകൾ രൂപംകൊള്ളുന്നതും താരകേന്ദ്രീകൃത സിനിമാ സംസ്‌കാരം ഉടലെടുക്കുന്നതും. കൃത്യമായ കാലഗണനയോടെ പറഞ്ഞാൽ 2000 ജനുവരി 26ന് നായകസങ്കൽപ്പങ്ങളുടെ പരിപൂർണ്ണത എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ഷാജി കൈലാസ്‌മോഹൻലാൽ ടീമിന്റെ നരസിംഹം എന്ന സിനിമയാണ് കേരളത്തിലെ താരാരാധനാ സമ്പ്രദായത്തെ തന്നെ വഴി തിരിച്ചുവിട്ടത്. അതിനുമുമ്പ് ഒട്ടേറെ അമാനുഷിക കഥാപാത്രങ്ങൾ പല നായക നടന്മാരും ചെയ്തിട്ടുണ്ടെങ്കിലും ഈ സിനിമ അതിനെല്ലാം മുകളിലായി ആരാധകരെ കൈയ്യിലെടുത്തു. ഇതിനുശേഷം കേരളത്തിൽ നൂറുകണക്കിന് ഫാൻസ് അസോസയേഷൻ യൂണിറ്റുകൾ രൂപംകൊണ്ടു. തയേറ്ററുകളുടെ മുന്നിലും തെരുവുകളിലും നായകനടന്മാരുടെ കട്ടൗട്ടുകളും ബോർഡുകളും ഹോർഡിംഗ്സുകളും നിറഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ രണ്ട് നടന്മാരെ കേന്ദ്രീകരിച്ചായിരുന്നു കേരളത്തിലെ ഫാൻസ് അസോസയേഷനുകൾ ഭൂരിഭാഗവും നിലകൊണ്ടത്. മറ്റു നടന്മാർക്കും ഫാൻസ് യൂണിറ്റുകൾ ഉണ്ടായെങ്കിലും അവ ഇത്രകണ്ട് സജീവമായില്ല.
   
       ഈ താരാരാധന ചൂഷണം ചെയ്തുകൊണ്ട് പല ഭാഷകളിലും സിനിമകൾ തന്നെ നിർമ്മിക്കപ്പെട്ടുവെന്ന പിൽക്കാല ചരിത്രത്തിൽനിന്ന് സ്വാഭാവികമായും മലയാള സിനിമയ്ക്കും മാറിനിൽക്കാനായില്ല. മമ്മൂട്ടി, മോഹൻലാൽ ഫാൻസ് അസോസയേഷൻ പ്രവർത്തകരുടെ കഥപറഞ്ഞ രസികൻ, മമ്മൂട്ടി ഫാൻസ് കേന്ദ്രകഥാപാത്രങ്ങളായ വൺവെ ടിക്കറ്റ്, വിജയ് ആരാധകരുടെ കഥപറഞ്ഞ പോക്കിരിസൈമൺ തുടങ്ങിയ സിനിമകൾ ഈ ജനുസ്സിൽ മലയാളത്തിൽ പുറത്തിറങ്ങിയ സിനിമകളാണ്. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ ഉദാഹരണമാണ് സാജിദ് യഹിയ സംവിധാനം ചെയ്ത മഞ്ജുവാര്യർ ചിത്രം 'മോഹൻലാൽ. ' മറ്റു സിനിമകളിൽ നായകന്മാരുടെ ആരാധകരായി എത്തിയതെല്ലാം ആൺ കഥാപാത്രങ്ങളാണെങ്കിൽ 'മോഹൻലാൽ'ഒരു പെൺ ആരാധികയുടെ സിനിമയാണ്. മലയാളത്തിൽ ആദ്യമായാണ് സിനിമയുടെ പേരടക്കം ഒരു താരത്തിന്റെതായി ഒരു മുഴുനീള ഫാൻ ഫിലിം വരുന്നത്.
    മോഹൻലാൽ എന്ന നടൻ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ എങ്ങനെ നിർണ്ണായകമായ സാന്നിദ്ധ്യമായിത്തീർന്നെന്ന കഥ ലാൽ സിനിമകളെയും കഥാപാത്രങ്ങളെയും ആരാധകരെയും കൂടി കണ്ണചേർത്ത് പറയുകയാണ് സാജിദ് യഹിയ. 'ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടൻ' എന്ന ടാഗ് ലൈനോടെ വന്ന 'മോഹൻലാൽ' ലാൽ ആരാധകരെയും കുടുംബപ്രേക്ഷകരെയുമാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ ചിത്രം ഒരുപരിധി വരെ വിജയിക്കുകയും ചെയ്യുന്നുണ്ട്.
    മോഹൻലാലിന്റെ കടുത്ത ആരാധികയാണ് മീനാക്ഷി. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മോഹൻലാൽ മലയാള സിനിമയലേക്ക് കടന്നുവന്ന അതേ ദിവസം തന്നെയാണ് മീനാക്ഷിയുടെയും ജനനം. മോഹൻലാലിന്റെ കരിയർ വളർച്ചയോടൊപ്പം മീനുവും വളരുന്നു. മോഹൻലാൽ കഥാപാത്രങ്ങളെ മീനു മറ്റുള്ളവരിലും കണ്ടുതുടങ്ങുന്നു.   
   
         മീനാക്ഷിയെ ഈ ലാൽ ആരാധനയലേക്ക് നയിക്കുന്നതിന് വ്യക്തമായൊരു കാരണമുണ്ട്. അഞ്ചാം വയസ്സിൽ അച്ഛൻ നഷ്ടപ്പെടുന്ന ഒരു പെൺകുട്ടിക്ക് സംഭവിക്കുന്ന അരക്ഷിതാവസ്ഥയും ചുറ്റുമുള്ള ഇരുട്ടും അവളെ വീർപ്പുമുട്ടിക്കുകയും വേട്ടയാടുകയും ചെയ്യുന്നു. അവളുടെ ഒറ്റപ്പെടലലേക്ക് കടന്നെത്തുന്ന വെളിച്ചവും രക്ഷകനുമാണ് മോഹൻലാൽ. ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമ കണ്ടതിനു ശേഷമാണ് മീനാക്ഷിയിൽ ഈ മാറ്റമുണ്ടാകുന്നത്. ആ സിനിമയിൽ അച്ഛൻ നഷ്ടപ്പെട്ട കുട്ടിയുടെ ഏകാന്തതയലേക്ക് കടന്നുവരുന്ന മോഹൻലാലിന്റെ ടെലഫോൺ അങ്കിൾ കഥാപാത്രമാണ് മീനാക്ഷിയിലും മാറ്റമുണ്ടാക്കിയത്. മോഹൻലാലിനു മാത്രമായൊരു സങ്കൽപ്പലോകം സൃഷ്ടിച്ചെടുക്കുകയാണ് അവൾ പിന്നീട് ചെയ്യുന്നത്. മോഹൻലാലിന്റെ സിനിമകളും കഥാപാത്രങ്ങളും അവൾക്ക് ആശ്വാസവും ആവേശവുമായി മാറുന്നു. വളർച്ചയുടെ ഓരോ ഘട്ടത്തിലും ലാലിന്റെ വിവിധ കഥാപാത്രങ്ങൾ അവളോടൊപ്പം കടന്നുവന്നു. അങ്ങനെ മോഹൻലാൽ മീനുവിന് മറ്റ് അരാധകരെപ്പോലെ, ഒരുപക്ഷേ മാനസികമായി അതിലുമെത്രേയോ അധികം ചങ്കും ചങ്കിടിപ്പുമായി മാറി. മീനുവിന്റെ ഉണർവ്വിലും ഉറക്കത്തിലും വിവാഹത്തിനു മുമ്പും ശേഷവുമെല്ലാം മോഹൻലാൽ മറനീക്കിയെത്തുന്ന നിത്യസാന്നിദ്ധ്യമായി മാറുമ്പോൾ അത് മാനസികമായ വിഭ്രാന്തിയലേക്കെത്തുന്ന വിധം വളർച്ച പ്രാപിക്കുന്ന ഒന്നായി മാറുന്ന. സൈ്വര്യമായ കുടുംബജീവിതത്തെ പോലും ഇത് ബാധിക്കുന്നുമുണ്ട്.
    മോഹൻലാലിന്റെ കരിയറിലെ സുവർണ്ണകാലമായ എൺപതുകളുടെ രണ്ടാംപകുതിയിൽ ലാലനോട് ആരാധന തോന്നാത്ത പെൺകുട്ടികളും സ്ത്രീകളും കേരളത്തിൽ ഉണ്ടായിരുന്നില്ലെന്നു വേണം പറയാൻ. മോഹൻലാലിനെ പ്രണയിച്ചവർ, മോഹൻലാലിനെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചവർ, മോഹൻലാലിനെ പോലൊരു മകൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച അമ്മമാർ, മോഹൻലാലിനെ പോലൊരു ചേട്ടൻ. മോഹൻലാലിനെ പോലൊരു കൂട്ടുകാരൻ, മോഹൻലാലിനെ പോലൊരു അങ്കിൾ അങ്ങനെയങ്ങനെ ഓരോ പ്രായക്കാർക്കും ലാൽ പലതായിരുന്നു. മലയാളത്തിൽ ഇത്തരമൊരു ആരാധനാഭാഗ്യം മോഹൻലാലിന് മുമ്പും ശേഷവും മറ്റാർക്കും ലഭിച്ചിട്ടില്ല. ഈ ആരാധനയെ തന്നെയാണ് സാജിദ് യഹിയ തന്റെ സിനിമയിൽ ചൂഷണം ചെയ്യുന്നതും. മോഹൻലാൽ എന്ന കേരളത്തിൽ ഏറ്റവുമധികം വിപണിമൂല്യമുള്ള ബ്രാൻഡിനെ എങ്ങനെ ലാൽ ഫാൻസ് അസോസയേഷനുകൾക്കും പ്രേക്ഷകർക്കും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതാക്കാം എന്നതാണ് സിനിമയിൽ പരീക്ഷിച്ചിട്ടുള്ളത്. മോഹൻലാലിന്റെ സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും ഡയലോഗുകളിലൂടെയും കടന്നുപോകുകയും അതെല്ലാം ഓർമ്മയിൽ സൂക്ഷിക്കുകയും ചെയ്തിട്ടുള്ളവർക്ക് ഈ സിനിമ അലോസരപ്പെടുത്തുന്ന കാഴ്ചയാവില്ല.

സ്ത്രീശബ്ദം, 2018 മെയ്‌
ടി.എൻ സർഗ്ഗവഴിയിലെ ബഹുമുഖപ്രതിഭ
പൂർവ്വപിതാമഹന്മാരുടെ സർഗ്ഗാനുഗ്രഹം ലഭിച്ച ബാല്യകൗമാരങ്ങൾ ഒരു പ്രതിഭയുടെ വളർച്ചയിൽ പുതുവഴി വെട്ടാൻ പ്രചോദനാമാകാറുണ്ട്. സാഹിത്യത്തിലും നാടകത്തിലും പ്രക്ഷേപണ കലയിലും വേറിട്ട ശബ്ദം കേൾപ്പിച്ച ടി.എൻ ഗോപിനാഥൻ നായർ ഇത്തരമൊരു ഭാഗ്യം ലഭിച്ചയാളാണ്. പിൽക്കാലത്ത് വിഭിന്ന മേഖലകളിൽ തന്റെ പ്രതിഭയെ കരുപ്പിടിപ്പിക്കാൻ ടി.എന്നിന് വെളളവും വളവുമേകിയത് ഈ സർഗ്ഗപാരമ്പര്യത്തിന്റെ കരുത്താണ്.
    സാഹിത്യപഞ്ചാനൻ പി.കെ.നാരായണപിള്ളയുടെ മകനായി പിറന്ന ഗോപിനാഥൻ നായർക്ക് സാഹിത്യവാസനയും കലാരസികത്വവും അച്ഛനിൽനിന്ന് ആവോളം ലഭിച്ചപ്പോൾ അമ്മ പാറുക്കുട്ടിയമ്മയിൽനിന്ന് ജീവിതാദർശവും ഉന്നതബോധവും പകർന്നുകിട്ടി. ഒരു കുട്ടിയിൽ സവിശേഷ വ്യക്തിത്വം രൂപപ്പെടുന്നതിന് ഇത് മതിയാകുമായിരുന്നു.
    തിരുവനന്തപുരത്ത് ജനിച്ചെങ്കിലും അച്ഛന്റെ നാടായ അമ്പലപ്പുഴയിലെ ബാല്യകാലമാണ് ടി.എന്നിനെ ഏറെ സ്വാധീനിച്ചത്. അമ്പലപ്പുഴ ക്ഷേത്രവും ഉത്സവവും കച്ചവടത്തിരക്കും കലാപ്രകടനങ്ങളും കാഴ്ചകൾക്ക് കൗതുകം പകർന്നു. ചാലക്കുടിയിൽ മുത്തച്ഛന്റെ വീട്ടിലെ അവധിക്കാല കേളികളും കൂട്ടുകാരും ചാലക്കുടിപ്പുഴയും പകർന്നുനൽകിയത് മറ്റൊരു ബാല്യകാലാനുഭൂതി. ഇവിടെനിന്നാണ് നാടകരചനയിലേക്കും നാടകാവതരണത്തിലേക്കും ടി.എൻ പ്രവേശിക്കുന്നത്. അവധിക്കാലത്ത് കുട്ടികളെല്ലാം ഒത്തുചേരുമ്പോൾ അവതരിപ്പിക്കാനായി എഴുതിത്തയ്യാറാക്കുന്ന നാടകത്തിൽ ഭാവിയിലെ പ്രതിഭാധനനായ ഒരു നാടകകാരൻ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്തിയത് സാക്ഷാൽ ഇ.വി കൃഷ്ണപ്പിള്ളയാണ്. ഇ.വിയുടെ അഭിനന്ദനവും മലയാളരാജ്യത്തിൽ എഴുതിയ 'വളർന്നുവരുന്ന കലാകാരൻ' എന്ന കുറിപ്പും സ്‌കൂൾ വിദ്യാർത്ഥിയായ ഗോപിനാഥൻ നായരിൽ ഉണ്ടാക്കിയത് വലിയ ആത്മവിശ്വാസമാണ്. ഇത് മുന്നോട്ടുള്ള നാടകവഴിക്ക് പ്രചോദനമായി.
   
  കലാലയം ടി.എന്നിന്റെ രണ്ടാം തറവാടായിരുന്നു. 'പൂക്കൾക്ക് പുഷ്ടിയും നിറപ്പകിട്ടും നൽകാൻ മണ്ണിലെ വളക്കൂറിനും വായുവിലെ സവിശേഷതകൾക്കും പങ്കുള്ളതുപോലെ ഒരുവന്റെ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതിൽ കോളേജ് ജീവിതത്തിനും കരുത്തുണ്ട്'ടി.എൻ തന്നെ ഒരിക്കൽ അഭിപ്രായപ്പെട്ടതാണിത്. തിരുവനന്തപുരം ആർട്സ് കോളേജിലെ പഠനകാലത്ത് നാടകമെഴുത്തിലും അഭിനയത്തിലും ടി.എൻ സജീവമായി. ഇതേ കാലത്താണ് കവിതയെഴുത്തിലേക്കും തിരിഞ്ഞത്. 1930കളിൽ ചങ്ങമ്പുഴ, ഇടപ്പളളി കവിതകൾ ചെറുപ്പക്കാരെ അടിമുടി വശംവദരാക്കി നിലകൊണ്ടിരുന്ന കാലത്ത് കവിതയെഴുതിയതു കൊണ്ടുതന്നെ ആ സ്വാധീനം ടി.എന്നിലുമുണ്ടായി. പ്രത്യേകിച്ച് ചങ്ങമ്പുഴയുടെ. ചങ്ങമ്പുഴക്കവിതയുടെ പ്രേതബാധയിൽനിന്ന് സ്വയം മുറിച്ചുകടക്കാൻ പാടുപെട്ട കവികളുടെ കൂട്ടത്തിൽ പെടരുതെന്ന ഉത്തമബോദ്ധ്യത്തോടെ എഴുതിയ ടി.എൻ നിരാശയുടെ പടുകുഴിയിൽനിന്നും പ്രത്യാശാനിർഭരമായ ജീവിതത്തിന്റെ സുവർണ്ണരശ്മികൾ കണ്ടെടുത്തു.  ടി.എന്നിന്റെ എല്ലാ കവിതകളിലും ജീവിതപ്രതീക്ഷകൾ അവശേഷിപ്പിച്ചിരുന്നു. കലാലയകാലത്ത് പുറത്തിറങ്ങിയ 'മുകുളാഞ്ജലി'യും 'കളിത്തോണി'യും പോലുള്ള കവിതാസമാഹാരങ്ങൾ ഏറെ നിരൂപകപ്രശംസയും ആസ്വാദകശ്രദ്ധയും നേടിയെടുക്കുകയുണ്ടായി. എഴുത്തിൽ പ്രായത്തിൽ കവിഞ്ഞ പക്വതയുണ്ടെന്നാണ് പല മുതിർന്ന എഴുത്തുകാരും നിരൂപകരും ഈ കവിതകളെ വിലയിരുത്തിയത്. ചങ്ങമ്പുഴയുടെയും ടി.എന്നിന്റെയും കവിതകൾ അക്കാലത്തെ പ്രണയികൾക്ക് ഒരുപോലെ പ്രിയപ്പെട്ടതായി മാറി. ചങ്ങമ്പുഴക്കവിതകൾ പ്രണയികൾ പ്രണയിനികൾക്ക് കുറിപ്പുകളായി അയക്കുകയും പ്രത്യാഖ്യാനമായി ടി.എന്നിന്റെ കവിതാശകലങ്ങൾ പ്രണയിനികൾ പ്രണയികൾക്ക് അയയ്ക്കുന്നതും അന്ന് പതിവായിരുന്നു. കാലം ചിലത് തീരുമാനിച്ചിട്ടുണ്ടെന്ന പോലെ ചങ്ങമ്പുഴയിലെ കവി ആഘോഷിക്കപ്പെടുകയും ടി.എന്നിന്റെ കവിതകൾ ആ കാലഘട്ടത്തെ മറികടന്ന് വായനക്കാരിലേക്ക് വേണ്ടത്ര എത്തുകയും ചെയ്തില്ല.
    കവിതയല്ല, നാടകം തന്നെയാണ് തന്റെ മേഖലയെന്ന് തിരിച്ചറിഞ്ഞ് കവിത ഉള്ളിൽ സൂക്ഷിച്ചുകൊണ്ടുതന്നെ സജീവ നാടകമെഴുത്തിലേക്ക് പ്രവേശിക്കുകയാണ് ടി.എൻ പിന്നീടു ചെയ്തത്. ഡിഗ്രിപഠനം കഴിഞ്ഞപ്പോഴേക്ക് ടി.എൻ അറിയപ്പെടുന്ന നാടകകൃത്തായി മാറിയിരുന്നു. അക്കാലത്ത് തിരുവനന്തപുരത്തെ ലൈബ്രറി വാർഷികങ്ങളിലും കോളേജ് ആഘോഷ പരിപാടികളിലും ടി.എന്നിന്റെ നാടകങ്ങൾ നിർബന്ധമായിരുന്നു. തിരുവിതാംകൂർ റേഡിയോ നിലയം ഇക്കാലത്താണ് ആരംഭിച്ചത്. ഇതിലും ടി.എന്നിന്റെ നാടകങ്ങൾ വന്നുതുടങ്ങി. ഇതിനിടെ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി തുടങ്ങിയ വക്കീൽപഠനം, തന്റെ വഴി ഇതല്ലെന്ന് തിരിച്ചറിഞ്ഞ് ഇടയ്ക്കുവച്ച് ടി.എൻ അവസാനിപ്പിച്ചു.
    വക്കീൽപഠനം പാതിവഴിയിൽ നിതോടെ തനിക്ക് എക്കാലത്തും പ്രിയപ്പെട്ട പത്രപ്രവർത്തന മേഖലയിലേക്കാണ് ടി.എൻ തിരിഞ്ഞത്. മലയാളരാജ്യം പത്രത്തിലും പിന്നീട് അതിന്റെ വാരികയിലുമായിരുന്നു തുടക്കം. തുടർന്ന് മലയാളി പത്രത്തിന്റെ പത്രാധിപസ്ഥാനത്തേക്കുമെത്തി. വഴുതക്കാട് പി.കെ മെമ്മോറിയൽ പ്രസ് സ്വന്തം നിലയ്ക്ക് തുടങ്ങിയ ശേഷമാണ് വീരകേസരി പത്രവും സഖി വാരികയും തുടങ്ങിയത്. നല്ല നിലയിൽ മുന്നോട്ടുപോയെങ്കിലും സാമ്പത്തികബാദ്ധ്യതകൾ കാരണം ഇടയ്ക്കുവച്ച് നിർത്തേണ്ടിവന്നു.

 
നാടകരചനയും പ്രക്ഷേപണകലയും
സി.വിയുടെ പ്രഹസനവും ഇ.വിയുടെ ലഘുഹാസ്യ നാടകങ്ങളും അരങ്ങുവാണിരുന്നതിനിടയിലേക്കാണ് ടി.എൻ എത്തുന്നത്. നാടക രചനയെന്നാൽ ചിരിപ്പിക്കുകയാണെന്ന് അന്ന് നിലനിന്നിരുന്ന സാമൂഹ്യബോധത്തെ ഗൗരവപൂർണ്ണമായ ഇതിവൃത്തങ്ങൾ സ്വീകരിച്ചുകൊണ്ടുള്ള രചനാശൈലികൊണ്ടാണ് ടി.എൻ മറികടന്നത്. ബോധപൂർവ്വം വരുത്തുന്ന ചിരികളല്ല, കഥാപാത്രങ്ങളുടെ മനോധർമ്മത്തിനനുസരിച്ച് വന്നുപോകുന്ന ചിരികളാണ് ടി.എൻ രചനയിൽ സ്വീകരിച്ചത്. രംഗപ്രയോഗ സാഫല്യം പൂർണ്ണമായി പ്രയോഗിക്കുകയെന്ന നാടകധർമ്മവും അദ്ദേഹം നിറവേറ്റി. പ്രക്ഷേപണത്തിനായി എഴുതുന്ന ടി.എന്നിന്റെ നാടകങ്ങളെല്ലാം സ്റ്റേജ് അവതരണത്തിനും യോഗ്യമായിരുന്നു. ചീന്തോദ്ദീപകമായ വിഷയങ്ങളും സാമൂഹികപ്രശ്നങ്ങളും പ്രയോഗിച്ച ടി.എന്നിന്റെ ശൈലിക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ഈ രീതിയിൽ എഴുതിയ 'പരീക്ഷ' കേരള നാടകചരിത്രത്തിലെ നാഴികക്കല്ലായി. ഇതിവൃത്തം, കഥാപാത്രവികാസം, സംഭാഷണം എന്നിവയിലെല്ലാം ശ്രദ്ധിച്ചുകൊണ്ട് എഴുതിയ അകവും പുറവും, മൃഗം, പൂക്കാരി, പ്രതിധ്വനി, രണ്ടു ജന്മം, നിഴൽക്കൂത്ത് തുടങ്ങിയ നാടകങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. എഴുതിയതൊക്കെ അരങ്ങേറുകയും അരങ്ങേറുന്നത് കാണാൻ ആളുണ്ടാകുകയും കണ്ടവരൊക്കെ പ്രശംസിക്കുകയും ചെയ്യുകയെന്ന നാടകകൃത്തിന് ലഭിക്കുന്ന സൗഭാഗ്യം ടി.എൻ ഗോപിനാഥൻ നായരുടെ നാടകങ്ങൾക്ക് ലഭിച്ചു.
    ശ്രോതാക്കളുടെ ഇടയിൽ ഏറ്റവും പ്രചാരമുള്ള സാഹിത്യശാഖയായി റേഡിയോ നാടകത്തെ രൂപാന്തരപ്പെടുത്തിയത് ടി.എൻ ഗോപിനാഥൻ നായരാണ്. കേരളത്തിൽ ആകാശവാണി സംസ്‌കാരം രൂപപ്പെടുകയും റേഡിയോ നാടകങ്ങൾ ജനപ്രിയമാകുകയും ചെയ്തതോടെ ടി.എൻ ഗോപിനാഥൻ നായർ എന്ന പേര് കേൾവിക്കാരിൽ രജിസ്റ്റർ ചെയ്യപ്പെട്ടു. തിരുവനന്തപുരം ആകാശവാണി നിലയത്തിൽ ഡ്രാമ പ്രൊഡ്യൂസറായി പ്രവേശിച്ചതോടെയാണ് ടി.എൻ തന്റെ പ്രവർത്തനമേഖല വൈപുല്യപ്പെടുത്തിയത്. കേരള നാടകവേദിയുടെ കുലപതി എന്ന നിലയിലേക്ക് ടി.എൻ ഉയരുന്നതും ആകാശവാണിയിലെ ഈ നാടക പ്രക്ഷേപണ കാലത്താണ്. ടോൾസ്‌റ്റോയിയുടെ 'അന്നാ കരിനീന'നാടകം ആകാശവാണിയിൽ സംപ്രേഷണം ചെയ്തത് റേഡിയോ നാടകമേഖലയ്ക്കും ടി.എന്നിന്റെ നാടകജീവിതത്തിലും വഴിത്തിരിവായി. ബൃഹദ് നോവലായ അന്നാ കരിനീനയ്ക്ക് ഒരു മണിക്കൂർ സമയദൈർഘ്യത്തിൽ റേഡിയോ നാടക രൂപാന്തരം ഒരുക്കുകയെന്ന വെല്ലുവിളി ടി.എൻ ഏറ്റെടുത്തു വിജയിപ്പിച്ചു. ഈ പുസ്തകത്തിന് മലയാളം പരിഭാഷ പോലും ലഭ്യമാകാത്ത കാലത്തായിരുന്നു ഇത്. സത്യൻ, മിസ് കുമാരി, തിക്കുറിശ്ശി സുകുമാരൻ നായർ തുടങ്ങി അന്നത്തെ ശ്രദ്ധേയ ചലച്ചിത്ര താരങ്ങൾ അന്നാ കരിനീനയിൽ അഭിനേതാക്കളായി.
   
           സ്‌റ്റേജ് നാടകങ്ങൾക്കും നോവലിനും റേഡിയോ രൂപാന്തരം നൽകുകയെന്ന പതിവിന് മാറ്റം വരുത്തി റേഡിയോയ്ക്കു വേണ്ടി മാത്രം നാടകമെഴുതുക എന്ന പുതിയ പതിവ് ശീലമാക്കിയത് ടി.എന്നാണ്. ഇതിനുളള അംഗീകാരമായിരുന്നു 1979ൽ മികച്ച നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ടി.എന്നിന്റെ 'സാക്ഷി' എന്ന നാടകത്തിന് ലഭിച്ചത്. സായംസന്ധ്യ, നിരപരാധി, മാലയുടെ മാല, നേർവഴി, ആതിര നിലാവിൽ തുടങ്ങിയ റേഡിയോ നാടകങ്ങൾ ശ്രോതാക്കളുടെ അഭിനന്ദനം നേടിയെടുത്തവയിൽ ചിലതാണ്. തുടർനാടകം എന്ന പുതിയ സങ്കൽപ്പവും ടി.എൻ വിജയകരമായി അവതരിപ്പിച്ചു. ഇതിൽ 'വൈതരണി' എന്ന തുടർനാടകം ഇഷ്ടപ്പെട്ട് ശ്രോതാക്കൾ അയച്ച നൂറുകണക്കിന് അഭിനന്ദനകത്തുകൾ ടി.എന്നിനും ആകാശവാണിക്കും ഉണ്ടാക്കിയ ഉണവ്വ് ചെറുതൊന്നുമല്ല. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ദൂരദർശൻ ടി.വി സീരിയൽ എന്ന പുതിയ ആശയത്തിന് തുടക്കമിട്ടത്. ടി.എന്നിന്റെ മകൻ രവി വള്ളത്തോൾ ആദ്യമായി അഭിനയിക്കുന്ന സീരിയൽ 'വൈതരണി'യാണ്.
    'റേഡിയോ നാടകവാരം'എന്ന ശ്രോതാക്കളെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള നാടകാവതരണവും 'കണ്ടതും കേട്ടതും'എന്ന ജനപ്രിയ ലഘുചിത്രീകരണ പരമ്പരയും ആകാശവാണിയിൽ ടി.എന്നിന്റെ നേട്ടങ്ങളാണ്. റേഡിയോ നാടകങ്ങൾ സാഹിത്യരൂപം എന്ന നിലയിൽ വേണ്ടത്ര വികസിച്ചില്ല എന്ന സങ്കടം ടി.എന്നിന് ഉണ്ടായിരുന്നു. ഈ നാടകങ്ങളിൽ പുസ്തക രൂപത്തിൽ വിപണിയിൽ എത്തിയവ വളരെ കുറവായിരുന്നു.
    പരീക്ഷ എന്ന സിനിമയ്ക്ക് തിരക്കഥയെഴുതിക്കൊണ്ട് സിനിമയിൽ പ്രവേശിച്ച ടി.എൻ പക്ഷേ ദീർഘകാലം സിനിമയിൽ തുടർന്നില്ല. സ്വന്തം നാടകങ്ങളിൽ പലതും സിനിമയ്ക്കുവേണ്ടി അദ്ദേഹം തിരക്കഥയാക്കി. തിരമാലയിൽ സത്യന്റെ അച്ഛനായി അഭിനയിച്ച് നടനുമായി. നായരുപിടിച്ച പുലിവാല്,ആസാദീപം, പാടാത്ത പൈങ്കിളി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയവേഷം ചെയ്‌തെങ്കിലും തന്റെ തട്ടകം നാടകം തന്നെയാണെന്ന് തിരിച്ചറിഞ്ഞ് സിനിമ വിടുകയാണുണ്ടായത്. സംഗീത നാടക അക്കാദമി ചെയർമാൻ ആയിരുന്ന കാലത്ത് നാടക മേഖലയുടെയും നാടക കലാകാരന്മാരുടെയും പ്രോത്സാഹനത്തിനും ക്ഷേമത്തിനുമായി അദ്ദേഹം താത്പര്യത്തോടെ പ്രവർത്തിച്ചു.
    ടി.എന്നിലെ എഴുത്തുകാരനെ നാടകത്തിലാണ് ഏറെ അടയാളപ്പെടുത്തിയതെങ്കിലും അദ്ദേഹത്തിലെ ഗദ്യകാരനെ തിരിച്ചറിയാൻ ജീവചരിത്ര ഗ്രന്ഥങ്ങൾ, നോവൽ, നീണ്ടകഥ, യാത്രാവിവരണം, ഓർമ്മക്കുറിപ്പുകൾ എന്നിവയിലൂടെയെല്ലാം സഞ്ചരിക്കണം. എല്ലാ ഗദ്യത്തിലും കാവ്യഭാഷ നിർബന്ധമായിരുന്നു. ടി.എന്നിന്റെ യാത്രവിവരണത്തിലെ ഒരു ഭാഗം നോക്കൂ, 'ട എന്നും ഗ എന്നുമുള്ള മലയാള ലിപികളുടെ വടിവിൽ വളഞ്ഞും പുളഞ്ഞും നീങ്ങിയിരുന്ന ടാറിട്ട കാട്ടുവഴിയിലൂടെ പരിചയസമ്പന്നനായ ഡ്രൈവർ നല്ല വേഗതയിൽ ബസ് പായിച്ചു. വിജനമായ ആ വീഥിയുടെ ഒരു ഭാഗം ഉന്നതമായ കുന്നും മറുഭാഗം അഗാധമായ കുഴിയുമാണ്. മേലോട്ട് മേലോട്ട് നീങ്ങുന്തോറും നമ്മുടെ കാതടയുന്നതു പോലെ തോന്നും. മലനിരയുടെ പല ഭാഗവും ചെത്തിമിനുക്കിയ കോട്ടമതിൽ പോലെ പ്രകാശിച്ചതു കണ്ടപ്പോൾ പല കൊടുമുടികളും പാരസിക സുന്ദരിമാരെ പോലെ മഞ്ഞിന്റെ നേർമയുള്ള മുഖാവരണം നീക്കിക്കൊണ്ടിരുന്നു.'
    ടി.എന്നിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട രണ്ടു സാന്നിദ്ധ്യങ്ങളായിരുന്നു ഭാര്യ സൗദാമിനിയും ആത്മീയാചാര്യയായ സദ്ഗുരു ശ്രീരമാദേവിയും. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം താങ്ങായി മാറിയത് ഈ രണ്ടു മഹാശക്തികളാണെന്ന് ടി.എൻ പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലും എഴുത്തിലും പ്രചോദനമായിരുന്ന ഭാര്യ മരിച്ചശേഷം നിരാശയിലാണ്ട ടി.എന്നിന് ശക്തിയും സമാധാനവും പകർന്ന സാന്നിദ്ധ്യമായിരുന്നു ശ്രീരമാദേവി.
    മലയാളികൾ വേണ്ടത്ര ആഘോഷിക്കാത്ത ചില സർഗ്ഗപ്രതിഭകളുണ്ട്. ടി.എൻ.ഗോപിനാഥൻ നായരുടെ കാര്യത്തിൽ ഇത് ചിലപ്പോൾ അർത്ഥവത്തായ ചിന്തയായേക്കും. ഒരു ജീവിതം മുഴുവൻ സർഗ്ഗവൃത്തിക്കായി മാറ്റിവച്ച ടി.എന്നിന്റെ പ്രതിഭയോട് പൂർണ്ണനീതി കാണിച്ചിട്ടുണ്ടോയെന്നത് സ്വയംവിമർശനമായി കാണേണ്ട ചോദ്യമായി അവശേഷിക്കുന്നു.

വാരാന്ത്യകൗമുദി, 2018 ഏപ്രിൽ 29
സമൂഹവും കാലവും ആവശ്യപ്പെടുന്ന അങ്കിൾ
ആറുവർഷം മുമ്പ് ഷട്ടർ എന്ന സിനിമ വന്നത് വലിയ അവകാശവാദങ്ങളോ പ്രീ പബ്ലിസിറ്റിയോ ഒന്നുമില്ലാതെയാണ്. മൗത്ത് പബ്ലിസിറ്റി കൊണ്ട് ശ്രദ്ധിക്കപ്പെട്ട ഷട്ടർ ജനപ്രീതിയിലും കലാമേന്മയിലും ഒരുപോലെ മുന്നിലെത്തിയിരുന്നു. ജോയ് മാത്യുവിന്റെ പേര് ആ സിനിമയിലൂടെയാണ് കേരളത്തിലെ സിനിമാസ്വാദകർക്കിടയിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഒറ്റ രാത്രിയിൽ ഒരു കടമുറിയിൽ നടക്കുന്ന സംഭവങ്ങളിലൂടെ മലയാളികളുടെ കപട സദാചാരബോധത്തിലേക്കും ആൺനോട്ടങ്ങളിലേക്കും ക്യാമറ ചലിപ്പിച്ച ഷട്ടർ ഉണ്ടാക്കിയ ഞെട്ടലിനുശേഷം സാമൂഹികപ്രതിബദ്ധത വെളിവാക്കുന്ന തിരക്കഥയുമായി തന്നെയാണ് ജോയ് മാത്യുവിന്റെ രണ്ടാംവരവും. സമൂഹവും കാലവും ആവശ്യപ്പെടുന്ന പ്രമേയവും അതിന്റെ മികച്ച രീതിയിലുള്ള ആഖ്യാനവുമാണ് ജോയ് മാത്യുവിന്റെ തിരക്കഥയിൽ നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത അങ്കിളിനുള്ളത്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ സിനിമയെന്ന രീതിയിലല്ല, മമ്മൂട്ടിയെന്ന നടൻ അഭിനയിച്ച മികച്ച സിനിമകളിലൊന്ന് എന്ന രീതിയിലായിരിക്കും അങ്കിൾ വരുംനാളുകളിൽ അടയാളപ്പെടുത്തുക.
        ഷട്ടറിനുള്ളിലെ ലോകത്തുനിന്ന് ഇത്തവണ പുറംലോകത്തേക്കാണ് യാത്ര. തമിഴ്നാട്ടിൽ ഹർത്താൽ നടക്കുന്ന ദിവസം ഊട്ടിയിൽനിന്ന് ഗൂഡല്ലൂർവയനാട് വഴി കോഴിക്കോട്ടേക്കുള്ള വിദ്യാർത്ഥിനിയായ ഒരു പെൺകുട്ടിയുടെ രാത്രിയാത്രയാണിത്. അച്ഛന്റെ സുഹൃത്തായ അങ്കിളിന്റെ കൂടെ കാറിലാണ് ഈ യാത്ര. ഒരു പെൺകുട്ടിയുടെ യാത്രയിൽ കാത്തിരിക്കുന്ന വീട്ടുകാരുടെ ആശങ്ക, ആരൊക്കെ സഹായിക്കും, ആരെ വിശ്വസിക്കാം, ആരെ അവിശ്വസിക്കാം, ആര് മിത്രം, ആര് ശത്രു എന്നിങ്ങനെയുള്ള ചോദ്യങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നു. കാടിന്റെയും മനുഷ്യന്റെയും വന്യതയ്ക്കും കുളിർമ്മയ്ക്കുമിടയിലൂടെയുള്ള ഈ യാത്രയിലുടനീളം കാണികളെയും കൂടെക്കൂട്ടാനാകുന്നുവെന്നതാണ് അങ്കിളിന്റെ പ്ലസ് പോയിന്റ്. ഒരു ട്രാവൽ മൂവി ആവശ്യപ്പെടുന്ന വേഗവും വേഗക്കുറവും അങ്കിൾ ഒരുപോലെ ശ്രദ്ധിക്കുന്നുണ്ട്. ഗിരീഷ് ദാമോദർ തുടക്കം മോശമാക്കിയില്ല. മമ്മൂട്ടിയും കാർത്തിക മുരളീധരനുമാണ് കൃഷ്ണകുമാർ എന്ന അങ്കിളും ശ്രുതിയെന്ന പെൺകുട്ടിയുമായെത്തുന്നത്. അമൽ നീരദിന്റെ സി.ഐ.എയ്ക്കു ശേഷം കാർത്തിക നായികയാകുന്ന ചിത്രമാണിത്. മുഴുനീള കഥാപാത്രമായി കാർത്തിക സ്‌ക്രീൻ സ്‌പേസ് നന്നായി ഉപയോഗിച്ചു.
    
         മമ്മൂട്ടിയിലെ താരത്തെ കണ്ടുകിട്ടാനാകാത്ത സിനിമയാണ് അങ്കിൾ. കൃഷ്ണകുമാർ എന്ന കഥാപാത്രം മാത്രമായാണ് മമ്മൂട്ടി ഈ സിനിമയിൽ നിലകൊള്ളുന്നത്. താരപരിവേഷമോ ആരാധകർക്കായുള്ള അസാമാന്യ പ്രകടനങ്ങളോ ഇല്ലാതെ തിരക്കഥ ആവശ്യപ്പെടുന്നതു മാത്രം ചെയ്യുന്ന നടനെ അങ്കിളിൽ കാണാനാകും. അതുകൊണ്ടുതന്നെ ഏറെ നാളുകൾക്കുശേഷം മമ്മൂട്ടിയിലെ അഭിനേതാവിനെയും കാണികൾക്കു വിട്ടുകിട്ടുന്നുണ്ട്. മിതത്വമാർന്ന അഭിനയം കൊണ്ടും സ്‌ക്രീനിൽ നിറയുന്ന മമ്മൂട്ടിയെന്ന കരിസ്മ കൊണ്ടുമാണ് അദ്ദേഹം ഇത്തവണ ആകർഷിക്കുന്നത്. ക്ലൈമാക്സ് സീനുകളിൽ പോലും കഥാപാത്രത്തിന്റെ സ്വാഭാവിക തുടർച്ച മാത്രമാണ് മമ്മൂട്ടിക്കുള്ളത്. സിനിമയുടെ പ്രമേയം ആവശ്യപ്പെടുന്നതുപോലെ ക്ലൈമാക്സിൽ കാവ്യനീതിയെന്നോണം സ്ത്രീകഥാപാത്രത്തിന് പെർഫോം ചെയ്യാനുള്ള സ്‌പേസ് വിട്ടുകൊടുക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനും ചെയ്യുന്നത്. ശ്രുതിയുടെ അമ്മയുടെ വേഷത്തിൽ മുത്തുമണി ഈ സീനുകളിൽ തകർത്തഭിനയിക്കുന്നുമുണ്ട്. അത് കേരളത്തിലെ പൊലിസിംഗിനോടും സദാചാര പൊലിസിംഗിനോടും ആൺവർഗ്ഗത്തിനോടാകെയുമുള്ള ഒരു പെണ്ണിന്റെയും അമ്മയുടെയും പ്രതിഷേധമായി മാറുന്നു. ഈ ക്ലൈമാക്സ് സീനുകൾക്ക് അങ്കിൾ സിനിമയുടെ ഉള്ളടക്കത്തിനാകെ കരുത്തു പകരാനാകുന്നുണ്ട്.
           
             ഒരുപാട് കഥാപാത്രങ്ങളുടെയോ ഉപകഥകളുടെയോ സാദ്ധ്യത ഉപയോഗിക്കാതെ ചെറിയൊരു ആശയത്തിൽ മാത്രം കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഉണ്ടാകുന്ന പരിമിതികളെ ആഖ്യാനത്തിലെ മികവുകൊണ്ടും തികഞ്ഞ സാമൂഹിക പ്രതിബദ്ധത കൊണ്ടുമാണ് അങ്കിൾ മറികടക്കുന്നത്. ജോയ് മാത്യു പൊതുസമൂഹത്തിലും സമൂഹമാദ്ധ്യമങ്ങൾ വഴിയും പ്രകടിപ്പിക്കാറുള്ള നിലപാടുകൾ സിനിമയെന്ന മീഡിയത്തിലൂടെയും ശക്തമായി ഉപയോഗിക്കാൻ ശ്രദ്ധിക്കാറുണ്ട്. അങ്കിളിൽ ചില സന്ദർഭങ്ങളിൽ കഥ ആവശ്യപ്പെടാത്തിടത്തും അത് ബോധപൂർവ്വം എഴുതിച്ചേർത്തതായി തോന്നുമെങ്കിലും ഉദ്ദേശശുദ്ധി നല്ലതായതിനാൽ അരോചകമായി അനുഭവപ്പെടില്ല.
       മമ്മൂട്ടി, കാർത്തിക, ജോയ് മാത്യു, മുത്തുമണി എന്നിവരുടെ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്ന സിനിമയിൽ അത്ര പ്രാധാന്യമില്ലാത്ത വേറെയും കഥാപാത്രങ്ങളുമുണ്ട്. മൂലപ്രമേയത്തെ സിനിമാറ്റിക് ആയി അവതരിപ്പിക്കുന്നതിലേക്കുള്ള കണ്ണികളാണിവർ. താരാധിപത്യമോ ഏച്ചുകൂട്ടലോ ഇല്ലാത്ത ഇത്തരം സിനിമകളുടെ ഭാഗമാകുന്നത് മമ്മൂട്ടിയുടെ കരിയറിന് ഗുണം ചെയ്യും. താരകേന്ദ്രീകൃതമല്ലാത്ത ഇത്തരമൊരു കഥാപാത്രം ചെയ്യാൻ തയ്യാറായ മമ്മൂട്ടി അഭിനന്ദനമർഹിക്കുന്നു. വയനാട് ചുരവും കാടും യാത്രയുമായി സിനിമയെ മുന്നോട്ടുപോകുന്ന അഴകപ്പന്റെ ക്യാമറയും അങ്കിളിന്റെ ആസ്വാദനത്തെ മികവുറ്റതാക്കുന്നു.

കേരളകൗമുദി ഓൺലൈൻ, 2018 ഏപ്രിൽ 27
ഇന്ദ്രൻസിന്റെ അഭിനയക്കരുത്തിൽ ആളൊരുക്കം
ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ആളൊരുക്കം അമ്പരപ്പിക്കുന്ന പ്രമേയം തെരഞ്ഞെടുത്ത് അവതരിപ്പിച്ചുകൊണ്ടാണ് ശ്രദ്ധേയമാകുന്നത്.  മലയാള സിനിമ വേണ്ടത്ര കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു വിഷയത്തെ മുഖ്യധാരാ സിനിമയുടെ ഭാഗമാക്കാനാണ് നവാഗതനായ വി.സി.അഭിലാഷ് ശ്രമിച്ചിരിക്കുന്നത്.        
     ഉള്ളുലയ്ക്കുകയും വ്യക്തിക്ക് സമൂഹത്തോടും തന്നോടു തന്നെയും ചില ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരമൊരുക്കുകയും ചെയ്യുന്നുണ്ട് ആളൊരുക്കം. സാമൂഹിക പ്രസക്തവും വെല്ലുവിളി നിറഞ്ഞതുമായ ഒരു പ്രമേയം ആദ്യ സിനിമയ്ക്കായി കണ്ടെത്തി അവതരിപ്പിച്ചതിൽ അഭിലാഷ് അഭിനമർഹിക്കുന്നു. അഭിലാഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിട്ടുള്ളത്.                      പതിനാറു വർഷം മുമ്പ് തന്നോട് പിണങ്ങി നാട് വിട്ടുപോയ മകനെ അന്വേഷിച്ച് പപ്പു പിഷാരടി എന്ന വൃദ്ധൻ നഗരത്തിൽ എത്തുന്നതാണ് ആളൊരുക്കത്തിന്റെ അടിസ്ഥാനപ്രമേയം. എന്നാൽ അതിനുശേഷം പപ്പു  പിഷാരടിയെ തേടിയെത്തുന്ന കാഴ്ചകൾ അപ്രതീക്ഷിതങ്ങളാണ്. ഇവിടെയാണ് ആളൊരുക്കം പ്രമേയപരിസരത്തിൽ മറ്റു സിനിമകളിൽ നിന്ന് വേറിട്ടു സഞ്ചരിക്കുന്നത്.             എല്ലാത്തരം  പ്രേക്ഷകരെയും ലക്ഷ്യമിട്ടുള്ളതാണ് ആളൊരുക്കത്തിന്റെ ആഖ്യാനശൈലി.                                  
   
            ഇന്ദ്രൻസിന്റെ പപ്പു പിഷാരടിയെന്ന കേന്ദ്ര കഥാപാത്രമാണ് ആളൊരുക്കത്തിന്റെ ഹൈലൈറ്റ്. എന്തുകൊണ്ട് താൻ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് പ്രകടനം കൊണ്ട് ശരിവയ്ക്കുന്നതാണ് ഇന്ദ്രൻസിന്റെ അഭിനയം. ആയ കാലത്ത് പേരുകേട്ട ഓട്ടൻതുള്ളൽ കലാകാരനായിരുന്നു കുന്നത്ത്കാവ് പപ്പുപിഷാരടി. യാഥാസ്ഥിതികമായ കുടുംബത്തിൽ ജനിച്ച് വളർന്ന അയാളിൽ ഗ്രാമീണമായ ചിന്തകളാണ് നിറഞ്ഞുനിന്നിരുന്നത്. ഭാര്യ സരോജിനിയും മരണപ്പെട്ടതോടെ അയാൾ ഗ്രാമത്തിലെ തറവാട് വീട്ടിൽ ഒറ്റയ്ക്കായി. അങ്ങനെയാണ് അയാൾ കൊല്ലങ്ങൾക്ക് മുമ്പ് പുറപ്പെട്ടുപോയ മകൻ സജീവനെ അന്വേഷിച്ചിറങ്ങിയത്. നഗരം അയാൾക്ക് അപരിചിതത്വം നിറഞ്ഞതും ഏറ്റുവാങ്ങേണ്ടിവന്ന കാഴ്ചകളും സംഭവങ്ങളും അപ്രതീക്ഷിതവും ഉളളുലയ്ക്കുന്നതുമായിരുന്നു. അതിശയിപ്പിക്കുന്ന മെയ്വഴക്കത്തോടെയും ഭാവപ്രകടനങ്ങളോടെയുമാണ് ഉള്ളുനീറ്റുന്ന സംഘർഷത്തിൽ ജീവിക്കേണ്ടിവരുന്ന കഥാപാത്രത്തെ ഇന്ദ്രൻസ് അവതരിപ്പിച്ചത്.      
          ഇന്ദ്രൻസിനു പുറമെ കൊച്ചിയിലെ അഭിനയ കളരിയായ ആക്ട് ലാബിൽ നിന്നുള്ള പത്തോളം കലാകാരന്മാർ ആളൊരുക്കത്തിൽ വേഷമിടുന്നു. ശ്രീകാന്ത് മേനോൻ, അലിയാർ, വിഷ്ണു അഗസ്ത്യ, സീത ബാല, എസ്, ഷാജി ജോൺ, ദീപക് ജയപ്രകാശ്, ബേബി ത്രയ,  കലാഭവൻ നാരായണൻകുട്ടി, സജിത്ത് നമ്പ്യാർ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. സാംലാൽ വർഗീസിന്റെ ക്യാമറ ആളൊരുക്കത്തിന്റെ മികവുകളിൽ ഒന്നാണ്. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഇന്ദ്രൻസിന് വേണ്ടി ഈ ചിത്രത്തിൽ ഗാനമാലപിച്ചിട്ടുണ്ടൈന്നത് മറ്റൊരു സവിശേഷത. റോണി റാഫേലാണ് ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും നിർവഹിച്ചിട്ടുള്ളത്. 

കേരളകൗമുദി ഓൺലൈൻ, 2018 ഏപ്രിൽ 6         
  
പുതുമയില്ലാത്ത കിനാക്കൾ
മലയാളത്തിന്  ഒരു പുതിയ സംവിധായകനെ കൂടി സമ്മാനിച്ചുകൊണ്ടാണ് ഒരായിരം കിനാക്കളാൽ എന്ന ചിത്രം തീയേറ്ററിലെത്തിയിട്ടുള്ളത്. അരങ്ങേറ്റത്തിൽ അത്രകണ്ട് പ്രേക്ഷകനെ കൈയിലെടുക്കാൻ സാധിക്കാതെ പോയ  പ്രമോദ് മോഹന്റെ ചിത്രത്തിന് പുതുമയില്ലാത്ത പ്രമേയവും അവതരണ ശൈലിയുമാണ് തിരിച്ചടിയാകുന്നത്. ബിജു മേനോന്റെ മിനിമം ഗാരന്റി പോലും ചിത്രത്തെ എത്രകണ്ട് രക്ഷപ്പെടുത്തുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. വെറുതെ കണ്ട് കളയാനുള്ള ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഒരായിരം കിനാക്കളുടെ സ്ഥാനം.              
           ഇംഗ്ലണ്ടിലെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തി ബിസിനസ് തുടങ്ങാനും ജീവിതം പച്ച പിടിപ്പിക്കാനുമുള്ള ശ്രീറാം എന്ന കുടുംബനാഥന്റെ പരിശ്രമങ്ങളെ ചുറ്റിപ്പറ്റിയാണ് ഒരായിരം കിനാക്കളുടെ കഥ മുന്നോട്ടു നീങ്ങുന്നത്. കൈയിലുള്ള പണം തീരുന്നതോടെ അയാൾ സുഹൃത്തുക്കളുടെ പ്രേരണയോടെ പണം സമ്പാദിക്കാനുള്ള മാർഗം തേടുന്നു. ഇത് ഒരിക്കലും ആഗ്രഹിക്കാത്ത വഴികളലേക്ക് അയാളെ എത്തിക്കുകയും ഈ കുരുക്കിൽ നിന്ന് പുറത്തുചാടാനുള്ള ശ്രീറാമിന്റെയും സുഹൃത്തുക്കളുടെയും ശ്രമങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നു. നൂറുവട്ടം പറഞ്ഞുകഴിഞ്ഞ ഒരു ഇതിവൃത്തം കൈക്കൊണ്ട സിനിമ പുതുമയില്ലാത്ത നറേഷനും പാത്രസൃഷ്ടികളും കാരണം പ്രേക്ഷകനിൽ മടുപ്പുളവാക്കുന്നു. എന്താണ് ഇനി സംഭവിക്കുകയെന്ന കാര്യത്തിൽ കണ്ടിരിക്കുന്നവർക്ക് വ്യക്തമായ ധാരണ കിട്ടിയതിനു ശേഷവും യാതൊരുവിധ ട്വിസ്റ്റനോ സസ്‌പെൻസനോ ശ്രമിക്കുകയോ അതല്ലെങ്കിൽ ആഖ്യാനത്തിലെ മികവുകൊണ്ട് പ്രേക്ഷകനെ കൈയിലെടുക്കാനോ സിനിമയ്ക്കാവുന്നില്ല. എന്തെങ്കിലും വേറിട്ടത് ഈ കഥയിൽ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചവർക്ക്  സമ്പൂർണ്ണ നിരാശ തന്നെയായിരിക്കും ഫലം.
         
      ബിജുമേനോൻ പതിവുപോലെ തന്റെ കഥാപാത്രത്തിൽ മികവ്  പുലർത്തിയെങ്കിലും കൂടുതലൊന്നും ചെയ്യാനില്ലാത്തതു കൊണ്ടുതന്നെ പ്രകടനം കാണികളുടെ ഓർമ്മയിൽ നിൽക്കില്ല. മറ്റു കഥാപാത്രങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. സായികുമാറിനെയും സുരേഷ് കൃഷ്ണയെയും പോലുള്ള മികച്ച താരങ്ങളോട് നീതിപുലർത്തുന്ന വേഷം വച്ചുനീട്ടാൻ അണിയറക്കാർക്കായില്ല. തമിഴ് നടി സാക്ഷി അഗർവാളാണ് നായികാ വേഷത്തിൽ. ബിജുമേനോന്റെ ഭാര്യാവേഷത്തിലാണ് സാക്ഷി. സാക്ഷിയുടെ മലയാളത്തിലെ അരങ്ങേറ്റത്തിൽ ഓർത്തുവയ്ക്കാവുന്ന ഒന്നും തന്നെ ഒരായിരം കിനാക്കളുടെ തിരക്കഥ നൽകിയില്ല. കലാഭവൻ ഷാജോണിന്റെ പൊലിസ് കഥാപാത്രം ഇത്തരമൊരു ദുർബലതയ്ക്കിടയിലും മികവു കാട്ടിയെന്നത്  ആ നടന്റെ മികവായി തന്നെ വേണം പരിഗണിക്കാൻ. റോഷൻ മാത്യുവും ശാരു വർഗീസും നിർമൽ പാലാഴിയുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളാകുന്നത്. കിരൺ വർമ്മയും പ്രമോദ് മോഹനും ചേർന്നാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്. ദുർബലമായ തിരക്കഥ സംവിധായകന് മികവു പ്രകടിപ്പിക്കാനുള്ള പഴുതുകളൊന്നും കൊടുക്കുന്നില്ല. കുഞ്ഞുണ്ണി എസ് കുമാറിന്റെ ക്യാമറ ഈ ദുർബലതയിലും മികവുകാട്ടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. പാട്ടുകൾക്കോ പശ്ചാത്തല സംഗീതത്തനോ കാണികളെ ആകർഷിക്കാനാകുന്നില്ല.

കേരളകൗമുദി ഓൺലൈൻ, 2018 ഏപ്രിൽ 6

Monday, 2 April 2018

ആഴത്തിൽ വേരുകളാഴ്ത്തിയ പച്ചിലക്കാട്

മണ്ണിൽ ആഴത്തിൽ വേരുകളാഴ്ത്തി ആകാശത്തേക്ക് പടർന്നുപന്തലിച്ച ശിഖരങ്ങളുള്ള പച്ചിലക്കാടായിരുന്നു എം.സുകുമാരൻ. സ്വന്തം ആകാശച്ചോട്ടിലിരുന്ന് ലോകത്തെ കണ്ടു. മണ്ണിൽ കാലുറപ്പിച്ച് സാധാരണക്കാരന്റെ ദൈന്യതയും ചിന്തകളും സ്വപ്നങ്ങളും അവരെ ചേർത്തുപിടിച്ചുകൊണ്ട് എഴുതി. ഉടലില്ലാതെ വായുവിൽ സഞ്ചരിക്കുന്ന എഴുത്തുകളാകാൻ ഒരിക്കലും അവയ്ക്കാകുമായിരുന്നില്ല. എത്ര കോരിക്കുടിച്ചാലും തീർന്നുപോകാത്ത ആഴം സൂക്ഷിക്കുന്ന ജലാശയങ്ങളായി അവ നിലകൊള്ളുന്നു.
       മറ്റ് മുതിർന്ന എഴുത്തുകാരെ വച്ചു നോക്കുമ്പോൾ വളരെക്കുറച്ചു മാത്രമേ എം.സുകുമാരൻ എഴുതിയിട്ടുള്ളൂ. എഴുത്തിൽ പതിരില്ലാത്തതുകൊണ്ട് എഴുതിയതൊക്കെയും ഒരുപോലെ വായിക്കപ്പെടുമെന്നതാണ് വ്യത്യാസം. അടിസ്ഥാനവർഗ്ഗ മനുഷ്യജീവിതത്തിന്റെ നിത്യദു:ഖങ്ങളും ജീവിതപ്രതീക്ഷയും പങ്കുവയ്ക്കുന്ന കഥകൾ എല്ലാക്കാലത്തും പ്രസക്തമാണെന്നതിനാൽ മരണശേഷം എം.സുകുമാരന് മറ്റൊരു പുതുവായന സാദ്ധ്യമാകാനിരിക്കുന്നതേയുള്ളൂ.
      ഉള്ളുനീറിക്കഴിയുന്നവരുടെ ഹൃദയത്തുടിപ്പുകളായിരുന്നു എം.സുകുമാരന്റെ കഥകൾ. അടിസ്ഥാനവർഗ്ഗത്തിന്റെയും ഓരം ചേർക്കപ്പെട്ടവരുടെയും ശബ്ദമായി മാറാൻ ആ എഴുത്തിനായി. അനീതിക്ക് ഇരയായവരുടെയും പീഡിതാവസ്ഥയിൽ ജീവിക്കാൻ വിധിക്കപ്പെട്ടവരുടെയും നിസ്സഹായാവസ്ഥ സുകുമാരൻ കഥകളിൽ ആവിഷ്‌കരിച്ചു. മലയാളത്തിന്റെ നവോത്ഥാന തലമുറ എഴുത്തുകാർക്കുശേഷം മനുഷ്യജീവിതത്തിന്റെ പരുഷഭാവങ്ങൾ എഴുത്തിൽ തിരിച്ചുകൊണ്ടുവരുന്നത് സുകുമാരനാണ്. ആധുനികതയും അസ്ഥിത്വദു:ഖവും തിളച്ചുമറിഞ്ഞ 1960കളുടെ പകുതിയോടെയാണ് പ്രമേയത്തിലും രചനാസങ്കേതത്തിലും പൊളിച്ചെഴുത്തുമായി സുകുമാരൻ മലയാള സാഹിത്യത്തിൽ ശക്തമായ സാന്നിദ്ധ്യമറിയിക്കുന്നത്. മലയാളകഥയുടെ പതിവുശീലങ്ങളെത്തന്നെ അദ്ദേഹം ചോദ്യംചെയ്തു. രാഷ്ട്രീയ പ്രസ്താവങ്ങളും സാമൂഹികവിമർശനങ്ങളും എഴുത്തിൽ നിറഞ്ഞുനിന്നു. മാർക്സിയൻ ആശയാഭിമുഖ്യമുള്ള കഥകൾ അധികാര കേന്ദ്രങ്ങളിലെ മാനുഷികവിരുദ്ധമായ പ്രവണതകളെയും കീഴാളജീവിതത്തിന്റെ പ്രതീക്ഷാനിർഭരമായ പുലരികളെയും സ്വപ്നം കാണുന്നവയായിരുന്നു. മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങളും ശേഷക്രിയയും പോലുള്ള നോവലുകളും തൂക്കുമരങ്ങൾ ഞങ്ങൾക്ക്, ചരിത്രഗാഥ, തിത്തുണ്ണി, സംരക്ഷകരുടെ ത്രാസ്, സംഘഗാനം തുടങ്ങിയ കഥകളും ചുവന്ന ചിഹ്നങ്ങളെന്ന സമാഹാരത്തിലെ ചക്കുകാള, മുലഞരമ്പുകൾ, ആശ്രിതരുടെ ആകാശം, ഉദയം കാണാൻ ഉറക്കമൊഴിച്ചവർ പോലുള്ള നോവെല്ലകളും കാലഘട്ടത്തെ നേർരൂപത്തിൽ കടലാസിലേക്ക് പകർത്തിയിട്ടു.
   

           എം.സുകുമാരൻ ഉറച്ച ശബ്ദമായിരുന്നു. ഏറ്റവും നിശബ്ദനായിരുന്നും ഒരാൾക്ക് എത്രയുച്ചത്തിൽ സാന്നിദ്ധ്യമറിയിക്കാനാകുമെന്ന് ആ ജീവിതം ശരിവയ്ക്കുന്നു. എഴുത്തുകാരൻ ചെയ്യേണ്ടത് എഴുത്തെന്ന പ്രവൃത്തിയാണ്. ആരാധനയ്‌ക്കോ മറ്റ് ആഘോഷങ്ങൾക്കോ അതിൽ പ്രസക്തിയില്ല. എഴുത്തു തന്നെയാണ് ആത്യന്തികമായി മുന്നിൽ നിൽക്കേണ്ടത്. എഴുത്തിലെ ആഘോഷങ്ങളിൽനിന്നും സാഹിത്യചർച്ചകളിൽനിന്നും എം.സുകുമാരൻ വിട്ടുനിന്നു. എഴുത്തുകാരനെ വിട്ട് രചനകളെ വായിക്കുക എന്നതായിരുന്നു ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ നിലപാട്. അഭിമുഖങ്ങൾ കൊടുക്കുന്നതുപോലും കുറവായിരുന്നു. ഫോട്ടോയെടുപ്പുമില്ല. വായനക്കാർ എന്റെ കഥകളും നോവലുകളും വായിക്കട്ടെ, മറ്റ് ആരാധനയിലോ ആഘോഷങ്ങളിലോ കാര്യമില്ല എന്ന് അദ്ദേഹം ആവർത്തിച്ചു.'സാഹിത്യത്തിലെ ഒളിവുജീവിതം' എന്നാണ് പല എഴുത്തുകാരും ഇതിനെ നിർവചിച്ചത്.
         മാദ്ധ്യമങ്ങളിലും പൊതുസംവാദങ്ങളിലും പ്രത്യക്ഷപ്പെടാത്ത സുകുമാരൻ 1982ൽ എഴുത്ത് നിർത്തുന്നു എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും 1992ൽ എഴുത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. രണ്ടുവർഷത്തിനുശേഷം എഴുത്തിന്റെ ലോകത്തുനിന്നും പൊതുജീവിതത്തിൽനിന്നും അപ്രത്യക്ഷനാവുകയും ചെയ്തു. പിന്നീട് തിരുവനന്തപുരത്ത് പടിഞ്ഞാറേകോട്ട പ്രശാന്ത് നഗറിലെ ഫ്ളാറ്റിൽ സൈ്വര്യജീവിതം. അടുപ്പക്കാരും വായനക്കാരും വരുമ്പോൾ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച് ചെറുസംസാരം. കൂട്ടായ്മകളിൽനിന്നും ആഘോഷങ്ങളിൽനിന്നും അകന്നുനിൽക്കുമ്പോഴും സാഹിത്യത്തിലെയും സിനിമയിലെയും ഏറ്റവും പുതിയ മാറ്റങ്ങളും പ്രവണതകളും വരെ ശ്രദ്ധിച്ചിരുന്നു. വർഷങ്ങൾക്കുശേഷം അടുത്തിടെ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഏറ്റവും പുതിയ കഥയെഴുത്തുകാരെയും സാഹിത്യത്തിലെ പ്രവണതകളെയും പുതിയ ചലച്ചിത്ര സംവിധായകരെയും അഭിനേതാക്കളെയും കുറിച്ചുള്ള പ്രതീക്ഷ പങ്കുവയ്ക്കുകയുണ്ടായി.
 
   

              1972ൽ ഏജീസ് ഓഫീസിൽ 45 ദിവസം നീണ്ട പെൻഡൗൺ സമരം എം.സുകുമാരന്റെ ജീവിതത്തെ മാറ്റിമറിച്ചു. കമ്മ്യൂണിസ്റ്റ് ആഭിമുഖ്യത്തിന്റെ പേരിലും സമരത്തിന്റെ നേതാവ് എന്ന നിലയിലും 1974 ഏപ്രിൽ 22ന് സുകുമാരൻ പിരിച്ചുവിടപ്പെട്ടു. രാജ്യം അടിയന്തരാവസ്ഥയുടെ സർവാധിപത്യത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചനകളിൽ ഒന്നായി ഈ പുറത്താക്കൽ. മുഖ്യധാരാ ഇടതുപക്ഷത്തിന്റെ കൂടെ നിൽക്കുമ്പോഴും കമ്യൂണിസ്റ്റ് പാർട്ടി ക്ലാവ് പിടിക്കുന്നത് അകക്കണ്ണാലെ അദ്ദേഹം കാണുന്നുണ്ടായിരുന്നു. അങ്ങനെയാണ് ശേഷക്രിയ എഴുതുന്നത്. സുകുമാരന്റെ ആത്മാംശം നിറഞ്ഞ നോവൽ അച്ചടിച്ചുവരുമ്പോൾ പാർട്ടിയുമായുള്ള ബന്ധം ഉലഞ്ഞുതുടങ്ങി.
          വർഷങ്ങൾക്കുശേഷം 'ശേഷക്രിയ' എഴുതേണ്ടിയിരുന്നില്ല എന്ന് തോന്നുന്നുണ്ടോ എന്ന് ഒരു അഭിമുഖകാരൻ ചോദിക്കുകയുണ്ടായി. 'ഇന്നുമതിന് പ്രസക്തിയുണ്ട്. അന്നത്തേതിനെക്കാൾ പാർട്ടി ജീർണിച്ചു. അന്ന് പറഞ്ഞ വിമർശനങ്ങൾ ഒക്കെ ഇന്ന് നിലനിൽക്കുന്നു.'എന്നായിരുന്നു സുകുമാരൻ നൽകിയ മറുപടി. ശേഷക്രിയ എഴുതി വിപ്ലവവും മാറ്റവും സ്വപ്നം കണ്ട എം.സുകുമാരന്റെ മേൽ അന്ന് നക്സൽ എന്ന പട്ടം ചാർത്തിക്കൊടുത്തു. ഇന്ന് പാർട്ടിപിന്തുണയില്ലാതെ കേരളത്തിൽ ജനകീയസമരം നടത്തുന്നവരെ വിളിക്കുന്നതും മാവോയിസ്റ്റുകൾ എന്നാണ്. വയലു നഷ്ടപ്പെടാതിരിക്കാൻ കണ്ണൂർ കീഴാറ്റൂരിൽ സമരം ചെയ്യുന്ന കർഷകരുടേത് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. പ്രത്യയശാസ്ത്രത്തിൽനിന്ന് ഏറെ അകലുകയും നേതാക്കളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധജീവിതം അണികൾക്ക് ബാദ്ധ്യതയാകുകയും ചെയ്യുമ്പോൾ, ത്രിപുരയിൽക്കൂടി ഭരണം നഷ്ടമായി ഇന്ത്യയിൽ ഏകസംസ്ഥാന പാർട്ടിയായി കമ്മ്യൂണിസ്റ്റ് പാർട്ടി മാറിയ പ്രതിസന്ധിഘട്ടത്തിൽ എം.സുകുമാരൻ ശേഷക്രിയയിൽ മുന്നോട്ടുവച്ച കമ്മ്യൂണിസ്റ്റ് ജീർണതയ്ക്ക് പിന്നെയും പ്രസക്തിയേറുകയാണ്. ചരിത്രസത്യത്തെ മൗനം കൊണ്ട് മറച്ചുകളയാൻ സാധിക്കില്ല.
          കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു എം.സുകുമാരന്റെ സ്വപ്നം. ആ സ്വപ്നങ്ങൾ പങ്കുവയ്ക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല കഥകൾ. പക്ഷേ വിശ്വസിച്ച പാർട്ടി ജീർണതയിലാകുകയും തിരുത്തലും സ്വയംവിമർശനവും ഉൾക്കൊള്ളാൻ തയ്യാറാവാതിരിക്കുകയും ചെയ്തപ്പോൾ അദ്ദേഹം പാർട്ടിയിൽ നിന്നും കഥകളിൽ നിന്നും ഉൾവലിഞ്ഞു. പക്ഷേ അപ്പോഴും ഇടതുപക്ഷത്തിനു വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. നിലപാടുകളിൽ ഒരിക്കലും മാറ്റമുണ്ടായില്ല.
     
          എഴുതിയ വർഷങ്ങളെക്കാൾ എഴുതാതിരുന്ന വർഷങ്ങളായിരുന്നു എം.സുകുമാരന് കൂടുതൽ. തനിക്കു മുമ്പുള്ള തലമുറയിൽനിന്നും ശേഷമുള്ള തലമുറയിൽനിന്നും വ്യത്യസ്തനായിരുന്ന ഒരു എഴുത്തുകാരൻ എഴുതാതിരുന്ന വർഷങ്ങളുടെ നഷ്ടം ഭാഷയ്ക്കാണ്. ''എഴുത്തിന് അസ്വസ്ഥതകളേ നൽകാനാകൂ, സ്വസ്ഥത കിട്ടാൻവേണ്ടിയാണ് ഞാൻ എഴുത്തു നിർത്തിയത്''കഥാകാരൻ ഒരിക്കൽ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ.
            മുഖ്യധാരയിലില്ലാത്തവരെ മറന്നുപോകുന്ന കാലം ചില എഴുത്തുകാരോട് കാട്ടുന്ന നീതികേടുണ്ട്. എം.സുകുമാരനോട് ഭൂരിപക്ഷ വായനാസമൂഹം ചെയ്തത് അതാണ്. സുകുമാരനെ മരണത്തിൽ മാത്രം ഓർത്തെടുക്കുകയും എഴുത്തുകൾ അന്വേഷിക്കുകയും ചെയ്യുകയാണിപ്പോൾ. സുകുമാരന്റെ എഴുത്തുകൾ വായിക്കാതെ പോയ ഒരാൾക്ക് വായനശാലയിലെ ഷെൽഫിൽനിന്ന് തിരച്ചിലിൽ അത്രകണ്ട് കൈമറിഞ്ഞ് മുഷിച്ചിൽ പറ്റിയിട്ടില്ലാത്ത അത് കൈയിൽ തടയുമ്പോൾ തിരിച്ചെത്തുക ഒരു കാലഘട്ടമായിരിക്കും. പിന്നീട് ആ പുസ്തകം തിരികെവയ്ക്കുന്നത് അത്ര എളുപ്പമാകില്ല.
        'ഇവിടെ സമത്വത്തിന്റെ വസന്തം വിടരുമെന്നും ജനതയുടെ ശത്രുവായ ഭരണകൂടം മങ്ങിമങ്ങി ഇല്ലാതാവുമെന്നും ഞാൻ ആത്മാർത്ഥമായി ആശിച്ച നാളുകൾ. ആ പഴയ കാലം എനിക്കു നഷ്ടപ്പെട്ടുവെങ്കിലും ആ പഴയ ചിന്ത ഇന്നും എന്നിൽ ആഴം തേടുന്നു. പാറയിൽ കുത്തിത്തുളച്ചതിനാൽ വേരുകളുടെ മുന ഒടിഞ്ഞിട്ടുണ്ടാവുമോ? ഞാൻ സമാശ്വസിച്ചു. പഴയതിന്റെ മുന ഒടിയുമ്പോൾ പുതിയവ കൂർത്തുവരും. ഉണങ്ങിവരണ്ട ഉദരങ്ങളെച്ചൊല്ലി ഞാനിന്നും വിഹ്വലസ്വപ്നങ്ങൾ കാണുന്നു. കാലവും സാഹചര്യവും എന്നെ എന്തിൽനിന്നെല്ലാമോ അകറ്റി. പക്ഷേ, ഞാനിപ്പോഴും ആ വസന്തഗർജ്ജനത്തിനായി ചെവിയോർത്തിരിക്കയാണ്. പുഷ്പങ്ങളിൽനിന്നും വെടിമരുന്നിന്റെ ഗന്ധം പരക്കും. കുയിലുകൾ രാപകൽ ഭേദമെന്യേ സൗഹൃദഗീതങ്ങൾ പാടും. വന്യമൃഗങ്ങൾക്ക് ചുണ്ടെലിയുടെ നേർത്ത ശബ്ദംപോലും പുറപ്പെടുവിക്കാൻ കഴിയാതെ വരും അന്ന്.' (ചക്കുകാള)

വാരാന്ത്യകൗമുദി, 2018 ഏപ്രിൽ 1

Sunday, 25 March 2018

സമൂഹത്തിന്റെ നേർകണ്ണാടിയായി എസ് ദുർഗ

ദുർഗ ഒരു പെണ്ണിന്റെ പേരാണ്. ദുർഗ ദേവിയുടെയും പേരാണ്. ദേവി സദാസമയം ഭക്തരുടെ സുരക്ഷയിൽ കഴിയുന്ന സ്ത്രീയുടെ മൂർത്തിമദ്ഭാവമാണ്. ദേവിക്കുവേണ്ടി സ്വന്തം ശരീരത്തിൽ മുറിവേൽപ്പിക്കാനോ ദേവീഭക്തിക്കുവേണ്ടി എന്തുചെയ്യാനും മനുഷ്യർ തയ്യാറാണ്. എസ്.ദുർഗയെന്ന സനൽകുമാർ ശശിധരന്റെ സിനിമ തുടങ്ങുന്നതു തന്നെ ദേവിയുടെ പ്രീതിക്കായി ദേവീദാസന്മാർ തെക്കൻ കേരളത്തിലെ ക്ഷേത്രത്തിൽ നടത്തിപ്പോരുന്ന ഗരുഡൻതൂക്കത്തിന്റെയും ചൂരൽകുത്തിന്റെയും ദൃശ്യങ്ങൾ കൊണ്ടാണ്. ദേവിക്കായി ഭക്തർ സ്വശരീരത്തിൽ മുറിവേൽപ്പിച്ച് ആത്മനിർവൃതിയിലാറാടി രാത്രിയെ വെളിച്ചങ്ങൾ കൊണ്ട് പകലാക്കി ദേവിയെ രഥത്തിൽ ആനയിച്ച് കൊണ്ടുപോകുന്നു. ദൈർഘ്യമേറിയ ഈ ഷോട്ടുകളിൽനിന്ന് ഇരുട്ട് നിറഞ്ഞ ഹൈവേയിൽ, ഇടയ്ക്ക് വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് വെളിച്ചം മാത്രമെത്തുന്ന പാതയോരത്ത് ആരെയോ പ്രതീക്ഷിച്ച് ഭയത്താലും പരിഭ്രാന്തിയാലും നിൽക്കുന്ന പെൺകുട്ടിയിലേക്ക് ക്യാമറയെത്തുന്നു. വെളിച്ചത്തിന്റെ പൊട്ടോ ഏതൊരു സുരക്ഷയുമോ ഇല്ലാതെ നിൽക്കുന്ന അവളുടെ പേരും ദുർഗയെന്നാണ്. വഴിയരികിൽ ഒറ്റയ്ക്കാകുന്ന ഒരു പെൺകുട്ടിയോട് നമ്മൾ എങ്ങനെയായിരിക്കും പെരുമാറുക? ദേവിയുടെ അതേ രൂപവും ഭാവവും പേരുമുള്ള ഈ സ്ത്രീയെ ഭക്തിപാരവശ്യത്തോടെയല്ല, ഉപയോഗിക്കാനുള്ള ഒരു വസ്തുവായി മാത്രം കണക്കാക്കി നമുക്കുള്ളിലെ എല്ലാ വൈകല്യങ്ങളും മറനീക്കി പുറത്തുവരിക തന്നെ ചെയ്യും. എസ് ദുർഗ സഞ്ചരിക്കുന്നതും ചോദ്യം ചെയ്യുന്നതും വീർപ്പുമട്ടിക്കുന്നതും ഇതുതന്നെയാണ്.
    രാത്രി വൈകി തിരക്കുകുറഞ്ഞ റോഡിൽ റെയിൽവേ സ്റ്റേഷനിൽ പോകാൻ വണ്ടി കിട്ടാതെ കടന്നുപോകുന്ന വാഹനങ്ങൾക്കെല്ലാം കൈകാണിക്കുന്ന ദുർഗയും (രാജശ്രീ ദേശ്പാണ്ഡെ) കബീറും (കണ്ണൻ നായർ). രാത്രിയെന്ന ഭയവും ആരിൽനിന്നോ രക്ഷപ്പെടാനുള്ള വ്യഗ്രതയും ഇരുവരുടെയും മുഖത്തുണ്ട്. ഒടുവിൽ ലിഫ്റ്റ് കൊടുക്കുന്ന ഓമ്നി വാനിലുള്ള രണ്ടുപേരും പിന്നീട് അവരോടൊപ്പം ചേരുന്ന മറ്റു രണ്ടുപേരും കബീറിന്റെയും ദുർഗയുടെയും ഭയത്തോടൊപ്പം പ്രേക്ഷകന്റെ ഭയത്തെയും ഇരട്ടിപ്പിക്കും.
    
         കഥാപാത്രങ്ങളുടെ വിശദീകരണങ്ങളിലേക്കു കടക്കാൻ ശ്രമിക്കാതെ ഇരയ്ക്കും വേട്ടക്കാർക്കുമിടയിലെ സംഘർഷങ്ങളിലേക്കാണ് സിനിമ സഞ്ചരിക്കുന്നത്. ഇത് കാണികളെ ഇരുട്ടിൽനിന്ന് പുറത്തുകടക്കാൻ വ്യഗ്രതപ്പെടുത്തുകയും വീർപ്പുമുട്ടിക്കുകയും സംഘർഷത്തിലാക്കുകയും ചെയ്യും. ഒടുവിൽ പുറത്തുകടക്കാനാകാതെ ഇര വേട്ടക്കാരിൽ തന്നെ ചെന്നെത്തുന്നിടത്ത് നെടുവീർപ്പിടാൻ പോലുമാകാതെ മുഖത്തുകിട്ടിയ അടിയായി അത് അവശേഷിക്കും. നമ്മുടെ തെരുവുകൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം എത്രമാത്രം സുരക്ഷിതമാണെന്നും നമ്മുടെ നോട്ടങ്ങളും ചിന്തയും എത്ര അപകടം പിടിച്ചതാണെന്നുമുള്ള ചോദ്യങ്ങൾ എസ് ദുർഗ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും.
       എസ് ദുർഗ ഒരു സംവിധായകന്റെ ധീരമായ സിനിമാ പരീക്ഷണമാണ്. കഥയുടെയോ തിരക്കഥയുടെയോ സഹായമില്ലാതെ ഒറ്റരാത്രിയിൽ നടക്കുന്ന സംഭവങ്ങളിലൂടെ സമൂഹ യാഥാർത്ഥ്യങ്ങളിലേക്ക് നേർവഴി നടന്നെത്തി കാണികളിൽ അത് സംവദിപ്പിക്കാൻ അയാൾക്കാകുന്നു. എന്തുകൊണ്ട് ദുർഗ ഇത്രയധികം അന്താരാഷ്ട്ര മേളകളിൽ അംഗീകരിക്കപ്പെട്ടു എന്നതിന്റെ ഉത്തരം ഈ സിനിമ കാണുന്നതിലൂടെ നിങ്ങൾക്ക് കിട്ടും. മലയാള സിനിമയുടെ നൂതന ആഖ്യാനവഴികൾ എവിടെവരെ എത്തിനിൽക്കുന്നുവെന്ന് ലോകവേദികളിൽ ഈ സിനിമ കാട്ടിക്കൊടുക്കുകയുണ്ടായി. ഇതിൽ അഭിമാനിക്കാവുന്നത് മലയാള സിനിമയ്ക്കാകെയാണ്.
  
         കൃത്രിമ വെളിച്ചങ്ങൾ പൂർണ്ണമായി ഒഴിവാക്കി രാത്രിയിലെ ഇരുട്ടും നിഴലും വെളിച്ചവും മാത്രം പ്രയോജനപ്പെടുത്തിയ പ്രതാപ് ജോസഫിന്റെ ക്യാമറ എസ് ദുർഗയുടെ നട്ടെല്ലാണ്. ആഖ്യാനത്തിന്റെ കാഴ്ചാവേഗവും തുടർച്ചയും സാദ്ധ്യമാക്കിയ സനൽകുമാർ ശശിധരന്റെ തന്നെ എഡിറ്റിംഗും മികവുറ്റത്.
        സെക്സി ദുർഗയെ എസ് ദുർഗയാക്കിയ വിവാദങ്ങൾക്കുപിന്നിൽ താത്കാലിക വോട്ട് ബാങ്ക് രാഷ്ട്രീയ താത്പര്യമല്ലാതെ മറ്റൊന്നുമായിരുന്നില്ലെന്ന് സിനിമ കണ്ട പ്രേക്ഷകർക്ക് ഉറപ്പിച്ചുപറയാനാകും. സെൻസർ ചെയ്യാനുള്ള ഗുരുതരപ്രശ്നങ്ങളൊന്നും സനൽകുമാർ ചെയ്തുവച്ചിട്ടില്ല.നിക്ഷിപ്ത താത്പര്യത്തിനു വേണ്ടി കലാകാരന്റെ സ്വാതന്ത്ര്യത്തെ വെട്ടിക്കളിക്കുന്നവർക്ക് എന്നെങ്കിലും ബോധോദയമുണ്ടാകുമെന്നു പ്രതീക്ഷിക്കാനാവില്ല. സെൻസർ ബോർഡുകൾ ഇല്ലാത്ത ഒരു കലാകാലത്തിനു വേണ്ടി പ്രത്യാശിക്കാം

കേരളകൗമുദി ഓൺലൈൻ, മാർച്ച് 23

Thursday, 22 March 2018

ഇങ്ങനേയും സിനിമയെ ജനങ്ങളിലെത്തിക്കാം..
കേരളത്തിലെ പട്ടണങ്ങളിലൂടെ ഒരു സിനിമാവണ്ടിയങ്ങനെ പതിയെ നീങ്ങുകയാണ്. വണ്ടിയിൽ സിനിമയുടെ പോസ്റ്റർ പതിച്ചിട്ടുണ്ട്. മറ്റ് ആർഭാടങ്ങളൊന്നുമില്ല. എട്ടുപത്തു പേരടങ്ങുന്ന പരസ്യപ്രചാരണ സംഘത്തിൽ സിനിമയുടെ സംവിധായകനുമുണ്ട്. ചെണ്ടകൊട്ടിയും നോട്ടീസ് വിതരണംചെയ്തും പോസ്റ്റർ പിടിച്ചും അവരങ്ങനെ നടന്നുനീങ്ങുന്നു. ഉച്ചഭാഷിണിയില്ലാതെ ചെണ്ടയുടെ മാത്രം അകമ്പടിയിൽ റോഡരികിലൂടെ നീങ്ങുന്ന സംഘത്തെ ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. റോഡരികിൽ നിൽക്കുന്നവർക്കും വാഹനത്തിൽ പോകുന്നവർക്കും നോട്ടീസ് നൽകി സിനിമയെപ്പറ്റി പറഞ്ഞ് പട്ടണത്തിന്റെ പ്രധാന ഭാഗങ്ങളിലേക്കെല്ലാം സംഘം നീങ്ങുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്തുനിന്ന് ഓട്ടം തുടങ്ങിയ ഈ സിനിമാവണ്ടി ഇന്നലെ തൃശ്ശൂരും പിന്നിട്ട് മന്നോട്ടപോകുകയാണ്. നാളെ കാസർകോട് സമാപിക്കും.
അമ്പതിലേറെ ലോക ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിക്കുകയും റോട്ടർ ഡാം മേളയിലടക്കം പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുള്ള സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത എസ്.ദുർഗ എന്ന സിനിമയുടെ പരസ്യപ്രചാരണമാണിത്. വിവാദങ്ങൾക്കും സെൻസർ കുരുക്കുകൾക്കുംശേഷം എസ്.ദുർഗ നാളെ തിയേറ്ററിലെത്തുകയാണ്. അതിനു മന്നോടിയായിട്ടാണിത്. വൻകിട വിതരണക്കാരോ പരസ്യദാതാക്കളോ ഇല്ലാത്ത സിനിമയുടെ പ്രചാരണത്തിനായി കാഴ്ച ചലച്ചിത്രവേദി കണ്ടെത്തിയ വഴിയാണിത്. സിനിമ റിലീസ് ചെയ്യുന്ന നാൽപ്പതോളം പട്ടണങ്ങളിലാണ് പ്രചാരണവാഹനം എത്തുക. ഓരോ പട്ടണത്തിലും രൂപീകരിച്ചിട്ടുള്ള പ്രാദേശിക കൂട്ടായ്മയാണ് പ്രചാരണസംഘത്തെ നയിക്കുന്നത്.

          സിനിമാ നോട്ടീസുവണ്ടിക്കാലത്തിനും ഒഡേസയുടെ ജനകീയ സിനിമാ നിർമ്മാണ പ്രവർത്തനത്തിനുംശേഷം കേരളം കണ്ട വേറിട്ട ഒരു സിനിമാ പ്രചാരണ മാർഗ്ഗമാണിത്. സംവിധായകൻ തന്നെ സിനിമയുടെ പ്രചാരണത്തിനായി റോഡിലിറങ്ങി ജനങ്ങൾക്കിടയിലൂടെ നടക്കുന്ന അപൂർവ്വ കാഴ്ചയ്ക്കും കേരളം സാക്ഷിയായിക്കൊണ്ടിരിക്കുന്നു.
സ്വതന്ത്രസിനിമകളുടെ പ്രോത്സാഹനത്തിനായി സിനിമാവണ്ടി പോലെയുള്ള ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ഐ.എഫ്.എഫ്.കെയിൽനിന്നും തിയേറ്ററുകളിൽനിന്നും തഴയപ്പെട്ട സിനിമകൾക്ക് സമാന്തരപ്രദർശനം ഒരുക്കിയും മാതൃകയായ കാഴ്ച ചലച്ചിത്രവേദി സനൽകുമാർ ശശിധരന്റെ എസ്.ദുർഗയുടെ പ്രദർശനത്തിനായി തിരഞ്ഞെടുത്ത മാർഗ്ഗം ഏറെ അഭിനന്ദനാർഹമാണ്.
          പരമ്പരാഗതമല്ലാത്ത ഒരു വിതരണ സംവിധാനത്തിലൂടെയാണ് എസ്.ദുർഗ തിയേറ്ററുകളിലെത്തുന്നത്. ഓരോ പ്രദേശത്തും സിനിമ കാണാനാഗ്രഹിക്കുന്നവരുടെ പ്രാദേശികക്കൂട്ടായ്മ ഉണ്ടാക്കിക്കൊണ്ടാണ് ചിത്രത്തിന്റെ വിതരണം നടക്കുക. അതത് പ്രദേശത്ത് സിനിമയുടെ വിതരണക്കാർ ഈ പ്രാദേശികക്കൂട്ടായ്മാണ്. ചിത്രത്തിന്റെ തിയേറ്റർ വരുമാനത്തിന്റെ പത്ത് ശതമാനം ഈ പ്രാദേശിക കൂട്ടായ്മകൾക്ക് പങ്കുവെയ്ക്കും. ഫിലിം സൊസൈറ്റികളും, കോളേജ് ഫിലിം ക്ലബ്ബുകളും കലാസാംസ്‌കാരിക സംഘടനകളും വിതരണക്കാരായി കൂട്ടായ്മയിൽ പങ്കചേർന്നിട്ടുണ്ട്. ചിത്രത്തിന്റെ തിയേറ്റർ ചെലവുകളും പോസ്റ്റർ, പബ്ലിസിറ്റി ചെലവുകളും നിവ് ആർട്ട് മൂവീസാണ് വഹിക്കുന്നത്. എല്ലാ ജില്ലകളിൽ നിന്നും ഒരു കൂട്ടായ്മയെങ്കിലും വിതരണക്കാരായി മന്നോട്ടുവന്നിട്ടുണ്ട്. ഇതോടെ സമാന്തര സിനിമകളുടെ പ്രദർശനത്തിൽ പുതിയ വഴി വെട്ടുകയാണ് കാഴ്ച ചലച്ചിത്ര വേദിയും നിവ് ആർട്ട് മൂവീസും ചെയ്തിട്ടുള്ളത്. ചെറിയ ആർട്ട്ഹൗസ് സിനിമകൾക്ക് സമാന്തരമായ തിയേറ്റർ വിതരണ സമ്പ്രദായം ഉണ്ടായിവരുന്നതിന് ഭാവിയിൽ ഇത് പ്രചോദനമായേക്കും.

കേരള കൗമുദി എഡിറ്റോറിയൽ 2018 മാർച്ച് 22

Wednesday, 21 March 2018

ആദിവാസി ജീവിതത്തിനു വേണം ഒരു ലോംഗ് മാർച്ച്

മഹാരാഷ്ട്രയിൽ കൃഷിഭൂമിക്കും വനാവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി കർഷകർ നടത്തിയ ലോംഗ് മാർച്ച് രാജ്യത്ത് അവകാശപോരാട്ടങ്ങൾക്കായി നടന്ന വലിയ സമരങ്ങളിലൊന്നായി അടയാളപ്പെടുത്തിക്കഴിഞ്ഞു. കാർഷിക കടങ്ങൾ എഴുതിത്തള്ളൽ, വനാവകാശ നിയമം നടപ്പാക്കൽ, ദരിദ്ര കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ നൽകൽ, കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കൽ തുടങ്ങിയ വാഗ്ദാനങ്ങളെല്ലാം ലംഘിച്ച് കർഷകരെ വഞ്ചിച്ച ബി.ജെ.പി സർക്കാരിനെതിരായ പ്രതിഷേധമാണ് കർഷകർ ലോംഗ് മാർച്ചിലൂടെ പ്രകടിപ്പിച്ചത്. ഏഴുദിവസംകൊണ്ട് 180 കിലോമീറ്റർ ദൂരമാണ് ഇതിനായി അവർ നടന്നുതീർത്തത്. വനാവകാശ നിയമം നടപ്പാക്കുന്നതടക്കമുള്ള കർഷകരുടെ ആവശ്യങ്ങൾ രണ്ടുമാസത്തിനകം നടപ്പാക്കുമെന്ന് രേഖാമൂലം നൽകിയ ഉറപ്പിന്മേൽ സമരം അവസാനിച്ചു. രാജ്യത്ത് അവകാശത്തിനും നീതിക്കുമായി പോരാടുന്ന ബഹുജന പ്രസ്ഥാനങ്ങൾക്കാകെ ഊർജ്ജം നൽകിയ സമരത്തിനുശേഷം കേരളീയർ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങൾ ബാക്കിയാകുന്നുണ്ട്. കേരളത്തിലെ ആദിവാസികളോട് നമ്മൾ നീതി കാട്ടിയിട്ടുണ്ടോ? അവരുടെ ആവാസത്തിലും കൃഷിഭൂമിയിലും നമ്മൾ ഏതുതരത്തിലാണ് ഇടപെട്ടുകൊണ്ടിരിക്കുന്നത്?ഭൂപരിഷ്‌കരണം ആദിവാസികളുമായി ബന്ധപ്പെടുത്തുമ്പോൾ കിട്ടുന്ന ഉത്തരമെന്തായിരിക്കും? ആദിവാസി,വനാവകാശ നിയമങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടോ?
            ഇന്ത്യയിൽ പരമ്പരാഗതമായി വനഭൂമിയിൽ അധിവസിക്കുന്ന പട്ടികവർഗക്കാരുടെയും ഇതര വനവാസികളുടെയും അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി വനാവകാശനിയമം പാർലമെന്റ് പാസാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരത്തോടെ 2007 ജനുവരി രണ്ടിന് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഈ നിയമമനുസരിച്ച് 2005 ഡിസംബർ 13ന് മുമ്പ് വനഭൂമിയിൽ അധിവസിക്കുന്ന മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും അവരുടെ കൈവശഭൂമിയുടെ അവകാശം നൽകുന്ന രേഖ നൽകണമെന്ന് നിഷ്‌കർഷിക്കുന്നു. എന്നാൽ നിയമം പാസ്സായിട്ട് പത്തുവഷം കഴിയുമ്പൊഴും അത് സമ്പൂർണ്ണമായി നടപ്പാക്കാൻ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങൾക്കുമായിട്ടില്ല; പ്രത്യേകിച്ച് പുരോഗമിച്ച സാമൂഹ്യവ്യവസ്ഥിതിയുള്ള കേരളത്തിലും.
            കേരളത്തിൽ ആദിവാസി ജീവിതത്തെ സംരക്ഷിക്കുന്നതിനുപകരം അവരുടെ ആവാസം കൈയ്യേറി കൃഷിനിലങ്ങൾ നശിപ്പിച്ച് അവരെ കൂടുതൽ ഉൾക്കാട്ടിലേക്ക് പായിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയാണിപ്പോൾ. ഭൂമാഫിയകൾ തീർത്ത വേലിക്കരികെ പേടിച്ചുകഴിയുകയാണ് കേരളത്തിലെ ആദിവാസികൾ. ഭൂവിസ്തൃതി കുറഞ്ഞ, ജീവിതനിലവാരത്തിൽ ഉയർന്ന പട്ടികയിലുൾപ്പെട്ട ഒരു സംസ്ഥാനത്തിൽ നഗരങ്ങളിൽ കെട്ടിടങ്ങൾ ആകാശത്തേക്ക് വളർന്നും വനമേഖലകളിൽ വനഭൂമി കൈയ്യേറി അവിടങ്ങളിൽ ആദിമകാലം തൊട്ട് അധിവസിക്കുന്ന ജനതയുടെ സ്വൈര്യജീവിതം ഇല്ലാതാക്കിയുമാണ് നഗരവത്കരണവും വികസനവും സാദ്ധ്യമാകുന്നത്. പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും ശബ്ദം ഇല്ലാതാക്കിയ ഒരു ജനതയ്ക്ക് നീതി നിഷേധിക്കപ്പെട്ട് പേടിച്ച് ഉൾക്കാട്ടിലേക്ക് വലിഞ്ഞ് ജീവിക്കേണ്ടിവരികയാണ്. കൃഷിയിടവും കാടുജീവിതവും ജീവനോപാധിയും നഷ്ടമായവർക്ക് അന്നത്തിനായി പിന്നെയും കാടിറങ്ങേണ്ടിവരുന്ന ഗതികേടാണുള്ളത്. നാട്ടുവാസികളിൽനിന്ന് അകന്ന് ഗോത്രജീവിതത്തിന്റെ സ്വൈര്യതയിൽ ജീവിച്ചിരുന്ന ജനതയെ അതിൽനിന്ന് ചിതറിച്ചതിൽ പൊതുസമൂഹത്തിനും ഭരണകൂടത്തിനും ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ല. ആദിവാസി, പിന്നാക്ക ജനവിഭാഗങ്ങളോട് കാലാകാലങ്ങളായി സർക്കാർ വകുപ്പുകളും വ്യവസ്ഥിതിയും കാണിച്ചുപോരുന്ന അവഗണനയുടെ ഒടുവിലത്തെ ഇരയാണ് അട്ടപ്പാടിയിൽ വംശീയവെറിയിൽ ആൾക്കൂട്ടം വിചാരണചെയ്ത് കൊലപ്പെടുത്തിയ മധു.
          
           തങ്ങൾക്ക് അവകാശപ്പെട്ട ഭൂമിക്കുവേണ്ടി ആദിവാസികളിൽനിന്ന് പൊതുസമൂഹത്തിനും സർക്കാരിനുമെതിരെ ആദ്യം ഉയർന്ന വലിയ ശബ്ദങ്ങളിലൊന്ന് മുത്തങ്ങയിലേതായിരുന്നു. പൊതുസമൂഹത്തിന്റെ അവകാശ സമരങ്ങൾ മാത്രം കണ്ടുശീലിച്ച കേരളത്തിന് ആദിവാസികളുടെ സമരം ആദ്യം അമ്പരപ്പാണുണ്ടാക്കിയത്. മുത്തങ്ങ സമരവും വെടിവെപ്പും നടന്നിട്ട് 15 വർഷം പിന്നിടുമ്പൊൾ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെന്നു മാത്രമല്ല,അവർ കൂടുതൽ കൂടുതൽ ചൂഷണങ്ങൾക്കും കടന്നുകയറ്റങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. ആദിവാസികൾ ഇനിയും ശബ്ദമുയർത്തുമെന്ന ഭയത്താൽ സമരത്തെ അടിച്ചമർത്തുക എന്ന നയമാണ് സർക്കാർ അന്ന് സ്വീകരിച്ചത്. എന്നാൽ മുത്തങ്ങ പിന്നീട് ചെങ്ങറയ്ക്കും അരിപ്പയ്ക്കും ആറളത്തിനും സെക്രട്ടേറിയറ്റ് പടിക്കലെ നിൽപ്പുസമരത്തിനും പ്രചോദനമാകുകയാണുണ്ടായത്. ആദിവാസി മേഖലയിൽ നടന്ന സമരത്തെക്കാൾ സെക്രട്ടേറിയറ്റ് പടിക്കലേക്ക് ആദിവാസികൾ വന്നു നടത്തിയ നിൽപ്പുസമരത്തിന് സ്വാഭാവികമായും മാദ്ധ്യമങ്ങളിലും ഔദ്യോഗികതലത്തിലും കൂടുതൽ ശ്രദ്ധ കിട്ടി. എന്നാൽ ഏറ്റവും ന്യായമായ ആവശ്യത്തിനുവേണ്ടി നടത്തിയ സമരങ്ങളിലെ ആവശ്യങ്ങൾ ഇപ്പൊഴും പൂർണ്ണമായി നിറവേറ്റപ്പെട്ടില്ല. ആദിവാസികൾക്ക് വിതരണം ചെയ്ത ഭൂമിയാകട്ടെ അവർ ജീവിച്ചുപോന്ന ആവാസത്തോടോ ജീവിതരീതിയോടോ ഒട്ടും നീതി പുലർത്തുന്നതായിരുന്നില്ല. മിക്കവരും ഭൂമി ഉപേക്ഷിച്ചുപോയി. പലരുടെയും ഭൂമി ഇപ്പൊഴും കടലാസിലാണ്. ആദിവാസികളെ ആട്ടിയോടിച്ച് ഉദ്യോഗസ്ഥരും ഭൂമാഫിയകളും ഭൂമി കൈയ്യേറിക്കൊണ്ടിരിക്കുന്നു. സർക്കാർ തലത്തിൽ ഇതിനെപ്പറ്റി യാതൊരു അന്വേഷണവും നടക്കുന്നില്ലെന്നതാണ് ശ്രദ്ധേയം.
         
          ഭൂപരിഷ്‌കരണം നടപ്പാക്കി അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ആദിവാസികൾ ഭൂരഹിതരായി തുടരുന്നു. ഏഴ് ലക്ഷത്തിലധികം ഭൂരഹിതരുള്ള കേരളത്തിൽ അതിൽ വലിയൊരു വിഭാഗം ആദിവാസികളാണ്. 2003ൽ ഭൂമിവിതരണം തുടങ്ങി 7000ത്തോളം കുടുംബങ്ങൾക്ക് 9000 ഏക്കർ ഭൂമിയാണ് ഇതുവരെ വിതരണം ചെയ്തത്. എന്നാൽ ഇതിൽ പകുതിയിൽ കൂടുതലും ആദിവാസികളുടെ കൈയ്യിലില്ല. ആദിവാസികൾ ഇപ്പൊഴും ഭൂരഹിതരായി തുടരുന്നു. സർക്കാരുകൾ ആദിവാസി ക്ഷേമത്തിനായി വിനിയോഗിച്ചിട്ടുള്ള കോടികളും ജലരേഖയായി അവശേഷിക്കുന്നു.
         ആദിവാസിയുടെ കൂര പൊളിച്ചും മണ്ണു വാരിയെടുത്തും ഉണ്ടായതാണ് കേരളത്തിന്റെ പൊതുസമൂഹ വികസനവും പളപളപ്പുമെന്നത് യാഥാർത്ഥ്യമാണ്. ഒരു കെട്ട് പുകയിലയ്‌ക്കോ കുറച്ച് ഉണക്കമീനിനോ വാറ്റുചാരായത്തിനു വേണ്ടിയാണ് നിരക്ഷരരായ ആദിവാസിക്ക് പലപ്പൊഴും കിടപ്പാടവും ഭൂമിയും നഷ്ടമായത്. ഇത്രമാത്രം ചതിക്കും വഞ്ചനക്കും ഇരയാക്കപ്പെട്ട മറ്റൊരു ജനവിഭാഗവും ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ ഇല്ല.               അരികുചേർക്കപ്പെടുന്നവന്റെ സമരജ്വാലകൾ ഇന്നും അണയാതെ കത്തുകയാണ്. തലചായ്ക്കാനും സൈ്വര്യമായി ജീവിക്കാനുമുള്ള ഭരണഘടന ഉറപ്പുനൽകിയ അവകാശത്തിനും വേണ്ടിയാണ് ഭൂസമരങ്ങളൊക്കെ തന്നെയും നടന്നത്. മുത്തങ്ങയും അരിപ്പയും ചെങ്ങറയും ആവർത്തിച്ചിട്ടും ലഭിക്കാത്ത പൂർണ്ണനീതിക്കായി കേരളം ഒരു ലോംഗ് മാർച്ചിന് തയ്യാറാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അവർക്കൊപ്പം ഭരണകേന്ദ്രങ്ങളിലേക്ക് നീതിതേടി നടന്നടുക്കേണ്ട കാലുകൾ നമ്മുടെ തന്നെയാണ്. അപരന്റെ വാക്കുകൾ സംഗീതമാകുന്ന കാലം അങ്ങനയേ യാഥാർത്ഥ്യമാകൂ.

കേരളകൗമുദി എഡിറ്റോറിയൽ 2018 മാർച്ച് 14
വായനക്കാരന്റെ മാധവിക്കുട്ടിയും കമലിന്റെ ആമിയും

മലയാളിക്ക് ആരായിരുന്നു മാധവിക്കുട്ടി? എന്തായിരുന്നാലും വെറുമൊരു ഒരു എഴുത്തുകാരൻ/ എഴുത്തുകാരി എന്ന തരത്തിലായിരുന്നില്ല മലയാളി മാധവിക്കുട്ടിയെ കണ്ടത്. മറ്റ് എഴുത്തുകാരിൽ നിന്ന് മാറ്റിനിർത്തപ്പെടേണ്ട സവിശേഷമായ എന്തോ ഒന്ന് അവരിലുണ്ടെന്ന് മലയാളികൾ വിശ്വസിച്ചു. മലയാളിക്ക് ഒരിക്കലും പൂർണ്ണമായി പിടികിട്ടാനിടയില്ലാത്ത മാധവിക്കുട്ടിയെ അവർ കണ്ടുപോന്നതും ചിത്രീകരിച്ചതും പല തരത്തിലാണ്. ഫിക്ഷനും ജീവിതവും രണ്ടായി കാണാൻ ശേഷിയില്ലാതെ ഓരോരുത്തരുടെയും മനസ്സിന്റെ വലുപ്പത്തിനനുസരിച്ച് മാധവിക്കുട്ടിയെ തളച്ചിടാനുള്ള വ്യഗ്രത എക്കാലത്തും കാണാമായിരുന്നു. മാധവിക്കുട്ടിയുടെ എഴുത്തുജീവിത കാലത്തും മരണശേഷവും അതിന് വ്യത്യാസമില്ല. അതുകൊണ്ടുതന്നെ മലയാളി മനസ്സിന്റെ ചെറുകോൽ മാനദണ്ഡം കൊണ്ട് അളന്നു തിട്ടപ്പെടുത്താനാകാത്ത വലുപ്പത്തിൽ മാധവിക്കുട്ടിയങ്ങനെ എല്ലാക്കാലവും എഴുന്നു നിൽക്കും.
    മലയാളിയുടെ പൊതുബോധ ധാരണയ്ക്ക് മാറ്റം വരാനിടയില്ല. നവോത്ഥാന മൂല്യങ്ങളും സ്ത്രീ സ്വാതന്ത്ര്യബോധവും തൊലിപ്പുറത്തു പോലും സ്പർശിച്ചിട്ടില്ലാത്ത മലയാളി ജീവിതം ആഘോഷിക്കപ്പെടുന്ന വലിയൊരു കാപട്യമാണ്. മാധവിക്കുട്ടിയാകട്ടെ സ്വന്തം ശരികളുടെയും സ്വാതന്ത്ര്യത്തിന്റെയും തെരഞ്ഞെടുപ്പിൽ അഭിരമിച്ചുജീവിച്ച് തൃപ്തയായി മരിച്ച മാനവിക ബോധത്തിന്റെ ഉടമയും. അവർ മരണത്തിലും സന്തോഷവതിയായിരുന്നിരിക്കണം. ചുറ്റുമുള്ളവർ അവരുടെ എഴുത്തിലേക്കും ജീവിതത്തിലെ തെരഞ്ഞെടുപ്പിലേക്കും കൈകടത്താൻ സദാ ശ്രമിച്ചിരുന്നെങ്കിലും മാധവിക്കുട്ടി അതിനെ ഉറച്ച ചിരികളോടെയും ഏറെ നിഷ്‌കളങ്കവും എന്നാൽ ഉള്ളിൽ അത്രയേറെ ഉറപ്പുമുള്ള ഭാഷ കൊണ്ടും നേരിട്ടു.
     മാധവിക്കുട്ടി ജനിക്കേണ്ടിയിരുന്നത് കേരളത്തിലായിരുന്നില്ല. മാധവിക്കുട്ടിയെ, അല്ലെങ്കിൽ സമൂഹത്തിന്റെ യാഥാസ്ഥിതിക ചുറ്റുപാടുകളെ വെല്ലുവിളിച്ച് എഴുതുന്ന ഏതൊരാളെയും ഉൾക്കൊള്ളാവുന്ന മാനസിക വലുപ്പമല്ല കേരളത്തിന്റെത്. അത് നിരന്തരം തന്റെ ജീവിതത്തിലേക്ക് ഉൾവലിഞ്ഞ് അപരന്റെ കുറവുകളിലേക്കും തെറ്റുകളിലേക്കും നോക്കുകയും എന്നാൽ അങ്ങനെയല്ലെന്ന് നടിക്കുകയും ചെയ്യുന്ന ഒരു ആൾക്കൂട്ടത്തിന്റെ പ്രതിനിധാനമാണ്.
   
   
            തന്റെ എഴുത്തിൽ തനിക്ക് തോന്നുന്ന ശരികളെ കൊണ്ടുവന്ന് അവതരിപ്പിക്കുക മാത്രമായിരുന്നു മാധവിക്കുട്ടി ചെയ്തത്. യാഥാർഥ്യത്തെക്കാൾ ഫിക്ഷന്റെ രൂപമാണ് അതിൽ പല എഴുത്തുകൾക്കും ചേരുക. ആ എഴുത്തുകൾ കൊണ്ട് മരണശേഷവും മാധവിക്കുട്ടി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു(അതൊന്നും അവരെ ബാധിക്കില്ലെങ്കിലും) ഒരു പെണ്ണ് ഇങ്ങനെയൊക്കെ എഴുതാമോ? എങ്ങനെ ഇതൊക്കെ എഴുതാനുള്ള അനുഭവമുണ്ടായി? എങ്കിൽ അവർ സമൂഹത്തിന്റെ സദാചാര ബോധത്തിന് ചേർന്ന സ്ത്രീയല്ല. ഇങ്ങനെ വളരെ എളുപ്പത്തിൽ അളന്നാണ് മാധവിക്കുട്ടിയെയും അവരുടെ എഴുത്തിനെയും അളന്നത്. എന്നാൽ മാധവിക്കുട്ടി വളർന്നത് കേരളത്തിനും ഇന്ത്യക്കും പുറത്തേക്കായിരുന്നു. അതൊന്നും കാണാൻ ബഹു ഭൂരിപക്ഷത്തിന്റെതായ മലയാളി മനസ്സുകൾ തയ്യാറായില്ല. മാധവിക്കുട്ടിയെ വായിച്ചവരെക്കാൾ, വായിക്കാത്തവരായിരുന്നു വലിയ വിമർശകർ എന്നതായിരുന്നു യാഥാർഥ്യവും, ഏറ്റവും വലിയ ശരികേടും.

....................
മാധവിക്കുട്ടിക്ക് ഒരു സമർപ്പണമെന്നോണം പിൽക്കാലത്ത് ഒരു സിനിമയുണ്ടാകുന്നു. അതിൽ മാധവിക്കുട്ടിയെ സ്‌നേഹിക്കുകയും ഉൾക്കൊള്ളുകയും ചെയ്ത വായനാ മനസ്സുള്ളവർ പ്രതീക്ഷിക്കുക സ്വാതന്ത്ര്യബോധത്തിന്റെയും സർഗാത്മകതയുടെയും ഉറച്ച അഭിപ്രായബോധങ്ങളുടെയും ആൾരൂപമായ ആമിയെയാരിക്കുമെന്ന് തീർച്ച. അതല്ലാതെ നമുക്ക് പരിചിതമായ മാധവിക്കുട്ടിയുടെ ജീവിതത്തെ അതേപടി, യാതൊരു സൗന്ദര്യ, സർഗാത്മക, ചലച്ചിത്രകാരന്റെ സ്വതന്ത്രാവിഷ്‌കാര സാധ്യതയും ഉപയോഗിക്കാതെ കേവലമൊരു രണ്ടേമുക്കാൽ മണിക്കൂറിന്റെ ചലനചിത്രത്തിൽ പിടിച്ചൊതുക്കിയിടുന്നത് ആത്മഹത്യാപരവും വലിയ നീതികേടുമായിരിക്കും. അടുത്തിടെ പുറത്തിറങ്ങിയ കമലിന്റെ ആമിയിൽ സംഭവിച്ചതാണ് അതാണ്. എഴുത്തുകാരിയുടെ ജീവിതത്തിലെ ഓരോ സന്ദർശങ്ങളെയും ഓർത്തെടുത്ത് സ്പർശിച്ച് പോകുന്ന സിനിമ സ്വതന്ത്രാവിഷ്‌കാരത്തിന്റെ ചലച്ചിത്രസാധ്യതയെ പൂർണ്ണമായി തള്ളിക്കളഞ്ഞു. അങ്ങനെ മാധവിക്കുട്ടിയുടെ ജീവിതത്തോട് പറച്ചിൽകൊണ്ടും പരദൂഷണം കൊണ്ടും എവുത്തുകൊണ്ടും മലയാളി കാണിച്ച നീതികേടുകളിലേക്ക് സിനിമയെന്ന മാധ്യമത്തിന്റെ സംഭാവനയായി ഒന്നുകൂടിയായി ആമിയെന്ന സിനിമ കാലം രേഖപ്പെടുത്തും.
  
          മാധവിക്കുട്ടിയുടെ സ്വതന്ത്രമായ മനോസഞ്ചാരത്തെ അടയാളപ്പെടുത്താൻ അമൂർത്തമായ ആവിഷ്‌കാര സാധ്യതകൾ ഉപയോഗിച്ചിരുന്നെങ്കിൽ തെല്ലെങ്കിലും നീതീകരണം സാധ്യമായിരുന്നേനെ.(ലെനിൻ രാജേന്ദ്രൻ നഷ്ടപ്പെട്ട നീലാംബരിക്ക് 'മഴ'യെന്ന പേരിൽ സ്വതന്ത്രാവിഷ്‌കാരം കൊടുത്തതുപോലെ) പുന്നയൂർക്കുളത്തെ കുട്ടിക്കാലം മുതൽ കൊൽക്കൊത്തയിലെയും മുംബൈയിലെയും തിരുവനന്തപുരത്തെയും കൊച്ചിയിലെയും മാധവിക്കുട്ടിയുടെ ജീവിതത്തെ ഉപരിപ്ലവമായി പകർത്തിവച്ചതിലൂടെ ബയോപിക് എന്ന രീതിയിൽ ആമി മോശപ്പെട്ട ഒരു സിനിമയായി അവശേഷിക്കുന്നു. ഇവിടങ്ങളിലെല്ലാം സഞ്ചരിച്ച് തിരിച്ചെത്തി 'എ കമൽ സിനിമ' എന്ന് സ്‌ക്രീനിൽ എഴുതിയതും വായിച്ച് തിരിഞ്ഞുനടക്കുമ്പൊഴും ആമിയെ കണ്ടെത്താനാവുന്നില്ല. ഒരുപക്ഷേ അവരെ അത്രയേറെ വായിച്ചാരാധിക്കാത്തവർക്ക് ഇത് ഒരു സിനിമയുടെ സാധ്യതയിൽ ചെറിയ അന്വേഷണം നടത്താൻ സാധിക്കുമായിരിക്കും. എങ്കിലും അതെത്രമേൽ ഫലം കാണുമെന്ന് നിശ്ചയമില്ല. ആമിക്കു തൊട്ടുപിറകെ ഇറങ്ങിയ 'ക്യാ്ര്രപൻ' എന്ന സിനിമയും ബയോപിക് രൂപത്തിലുള്ളതായിരുന്നു. ഇന്ത്യൻ ഫുട്‌ബോളർ വി.പി. സത്യന്റെ ജീവിതം പറയുന്ന സിനിമയിൽ നവാഗതനായ പ്രജേഷ് സെന്നിന് വലിയൊരു പരിധി വരെ നീതി പുലർത്താനായി. അതേസമയം സത്യനെക്കാൾ മലയാള ജീവിതത്തിൽ സാന്നിധ്യമായിരുന്ന മാധവിക്കുട്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തിയപ്പോൾ മാധവിക്കുട്ടിയുടെ ജൈവസാന്നിധ്യമന്വേഷിക്കുന്ന കാണികൾക്ക് അത് കണ്ടെത്താനാകാതെ നിരാശരാകേണ്ടി വരുന്നു. 
           കമലിന് ചെയ്യാൻ കഴിയുന്നതൊക്കെ അദ്ദേഹം ആമിയിൽ ചെയ്തു;മഞ്ജു വാര്യരും. പക്ഷേ, മുൻധാരണയിൽ എഴുതിത്തയ്യാറാക്കിയ പുറന്തോടു മാത്രമുള്ള ഒരു തിരക്കഥയിൽ എന്ത് അത്ഭുതം കാട്ടാനാണ്! അപൂർവ്വം ചിലയിടങ്ങളിലെ മിന്നലാട്ടങ്ങളൊഴിച്ചാൽ സ്‌ക്രീനിൽ കണ്ണും മനസ്സും പിടിച്ചുനിർത്താൻ ആവുന്നേയില്ല. മാധവിക്കുട്ടിയുടെ ഉടയാടകളുടെയും ശബ്ദത്തിന്റെയും അനുകരണം മുഴച്ചുതന്നെ നിൽക്കുന്നു. മാറിമാറിയുടുക്കുന്ന വസ്ത്രങ്ങളുടെ പേരല്ല മാധവിക്കുട്ടി. ഏറെ ലാളിത്യത്തോടെയും കുട്ടിത്തം നിറഞ്ഞും എന്നാൽ ഉറച്ചതുമായ അവരുടെ സംസാരവും ചില കാര്യങ്ങൾ പറഞ്ഞതിനു ശേഷമുള്ള ഗംഭീരമായ ആ ചിരിയും ഇങ്ങനെയേ അല്ല. മഞ്ജുവിന്റെ മാധവിക്കുട്ടിച്ചിരി വൻ അരോചകതയാണ് കാണികളിലുണ്ടാക്കുക. ഒരുപക്ഷേ മഞ്ജുവിന് പകരം ഇത്ര പരിചിതമല്ലാത്ത മറ്റൊരു മുഖമോ ശബ്ദമോ ആയിരുന്നെങ്കിൽ ഇതൊന്നുമിത്ര മുഴച്ചുനിൽക്കുന്നതായി തോന്നില്ലായിരുന്നു. പക്ഷേ മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുമ്പോൾ ഉണ്ടായേക്കാവുന്ന കച്ചവടസാധ്യത അണിയറക്കാർക്ക് തള്ളിക്കളയാൻ സാധിക്കില്ലല്ലോ. അപ്പോൾ മലയാളത്തിൽ നിലവിൽ ലഭ്യമായ തീയേറ്റർ വിപണിസാധ്യത കൂടിയ നായികയെത്തന്നെ മാധവിക്കുട്ടിയാക്കി. അതിനപ്പുറം മാധവിക്കുട്ടിയായി മാറാൻ ഈ നടിക്കുള്ള ശേഷി അളക്കാനോ കഥാപാത്രത്തോട് നീതികാണിച്ചേക്കാവുന്ന അനുയോജ്യയായ മറ്റൊരു നടിയെ സ്‌ക്രീൻ ടെസ്റ്റ് നടത്തി തെരഞ്ഞെടുക്കാനോ തയ്യാറായില്ല. അതിന്റെ ബാക്കിപത്രമാണ് തീയേറ്ററിൽ ലഭ്യമായ മാധവിക്കുട്ടിയുടെ വികൃതാനുകരണം.
  

             വികാരങ്ങൾ അതിവേഗം വ്രണപ്പെടുന്ന മാറിയ ജാതി,മത പ്രീണന ജീവിതകാലത്തായിരുന്നു മാധവിക്കുട്ടി ജീവിച്ചിരുന്നതെങ്കിൽ, അവർ മതം മാറിയത് ഇന്നായിരുന്നുവെങ്കിൽ ഹിന്ദു കുറെക്കൂടി നന്നായി ഉണരുമായിരുന്നുവെന്ന് നിശ്ചയമായും പറയാം. പക്ഷേ, ആമിയിൽ മതം മാറിയ ശേഷം പുന്നയൂർക്കുളത്തെത്തുന്ന മാധവിക്കുട്ടിയെ കാണിക്കുന്ന രംഗങ്ങളിൽ കാവിയുടുപ്പിട്ട പാമ്പുദൈവ സംരക്ഷകർക്ക് തെല്ല് വീര്യം കൂടുതലാണ്. ഹിന്ദു ഇത്രകണ്ട് ഉണർന്നെണീറ്റു തുടങ്ങിയിട്ടില്ലാതിരുന്ന അക്കാലത്തെ കാണിക്കാൻ കമൽ ബോധപൂർവ്വം വീര്യം ചേർത്തുകൊടുത്തിട്ടുണ്ടോയെന്ന് ഇതുകാണുമ്പോൾ സ്വാഭാവികമായും സംശയിക്കും. നിലവിൽ കേരളത്തിലെ സംഘപരിവാർ സാന്നിധ്യം തിരിച്ചറിഞ്ഞ്, അവരെ തഴുകുന്ന തരത്തിൽ സീനുകൾ ക്രമപ്പെടുത്തി, സിനിമയ്‌ക്കെതിരെ വന്നേക്കാവുന്ന എതിർപ്പ് ഒഴിവാക്കാൻ മുൻകൂട്ടി നടത്തുന്ന ഇത്തരം വിട്ടുവീഴ്ചകൾ ഭാവിയിലെങ്കിലും ദോഷം ചെയ്യുമെന്നുറപ്പാണ്. അക്ബർ അലിയെന്ന മനുഷ്യനോട് തോന്നുന്ന അടുപ്പം കൊണ്ട് മാധവിക്കുട്ടി മതം മാറുന്നതായിട്ടാണ് ആമി കാണുമ്പോൾ തോന്നുക. ഇസ്ലാം മതാചാരങ്ങളോട് അവർക്കുണ്ടായിരുന്ന താത്പര്യം നേരത്തെ തന്നെ എഴുത്തിലും സംഭാഷണങ്ങളിലും പറഞ്ഞിട്ടുണ്ട്. കേവലം ഒരു വ്യക്തിയോടുള്ള വികാരം കൊണ്ട് മാധവിക്കുട്ടി മതം മാറില്ലെന്നും ഇസ്ലാം വിശ്വാസരീതികളിലേക്കുള്ള സ്വയം സമർപ്പണവും സ്വാതന്ത്ര പ്രഖ്യാപനവുമായിരുന്നു അതെന്ന് വായനക്കാർ നേരത്തെ ബോധ്യപ്പെട്ടതും ഉൾക്കൊണ്ടതുമാണ്. എന്നാൽ ആമിയുടെ ചലച്ചിത്രകാരൻ ഇതിലും വിട്ടുവീഴ്ച ചെയ്യുന്നു. അല്ലെങ്കിൽ നേരത്തെ പറഞ്ഞതുപോലെ മതവികാരത്തെ സംരക്ഷിക്കാനും എതിർപ്പ് ഒഴിവാക്കാനും കലയിൽ കൊണ്ടുവരുന്ന സേഫ് സോൺ ഇടങ്ങൾ തന്നെയായിരിക്കും ഇവിടെയുമുണ്ടായത്. ആമിയിൽ മറ്റെല്ലാ കഥാപാത്രങ്ങളും ജീവിതത്തിലെ അതേ പേരിൽ പ്രത്യക്ഷപ്പെടുമ്പോൾ അക്ബർ അലി മാത്രമാണ് സാങ്കൽപ്പിക നാമത്തിലുള്ളത്.


             കൃത്രിമത്വമാണ് ആമിയുടെ മുഖമുദ്ര. കഥാപാത്രങ്ങളുടെ വേഷത്തിലും സംസാരത്തിലും അതിനാടകീയത എഴുന്നുനിൽക്കുന്നു. സിനിമയിലെ കലാസംവിധാനവും വസ്ത്രാലങ്കാരവുമെല്ലാം മാധവിക്കുട്ടിയെന്ന ജീവസ്സുറ്റ പ്രതീകത്തിന് ബാധ്യതയായി മാറുന്നു. അതുകൊണ്ടുതന്നെ മധു നീലകണ്ഠന്റെ ക്യാമറയുടെ മിഴിവും എം.ജയചന്ദ്രന്റെ തനിമയുള്ള സംഗീതവും സിനിമയ്ക്ക് ഗുണം ചെയ്യുന്നില്ല.
    മുരളി ഗോപിയുടെ ദാസ് എന്ന കഥാപാത്രമാണ് ആമിയിൽ പ്രകടനം കൊണ്ട് മുന്നിൽ നിൽക്കുന്നത്. മികച്ച നടനെന്ന് പലതവണ കാണികളെക്കൊണ്ട് പറയിച്ചിട്ടുള്ള മുരളി ഗോപി കമലയുടെ ദാസേട്ടനായി വ്യക്തിത്വമുള്ള കഥാപാത്രമാകുന്നു. ടൊവിനോ തോമസിന്റെ കൃഷ്ണനും അനൂപ് മേനോന്റെ അക്ബർ അലിയും അനുകരണങ്ങളില്ലാതെ സ്വതസിദ്ധമായ ശരീരഭാഷ കൊണ്ടും സംസാരംകൊണ്ടും വിരസമാകുന്നില്ല. അതുപോലെ മാധവിക്കുട്ടിയുടെ കുട്ടിക്കാലവും കൗമാരവും അഭിനയിച്ച പെൺകുട്ടികളും നീതിപുലർത്തി.
    മാധവിക്കുട്ടിയുടെ സമ്പൂർണ്ണ ജീവിതമെടുത്ത് സിനിമയാക്കുന്നത് അത്ര എളുപ്പമല്ല. എല്ലാ മേഖലകളിലേക്കും സഞ്ചരിച്ച് ഒന്നിനും അർഹിച്ച പ്രാധാന്യമോ അടയാളപ്പെടുത്തലോ നൽകാനാകാതെ വന്നതാണ് കമലിന്റെ ആമിയുടെ പരാജയം. ഒട്ടനവധി മികച്ച സിനിമകളെടുത്തിട്ടുള്ള കമലെന്ന ചലച്ചിത്രകാരന്റെ നിഴലുപോലും ആമിയിലില്ല. സ്വതന്ത്രമായ ഒരു കലാസൃഷ്ടിയേ ആയി മാറാൻ ആമിക്കാകുന്നില്ല. ജെ.സി ദാനിയേലിന്റെ ജീവിതം സിനിമയാക്കിയ കമലിനെയും ആമിയിൽ കാണാനാകുന്നില്ല. മേഘമൽഹാർ പോലെ കാവ്യസുന്ദരമായ സിനിമയെടുത്ത ചലച്ചിത്രകാരനും ഇതിൽ പതിഞ്ഞിട്ടില്ല.
    മാധവിക്കുട്ടിയുടെ ജീവിതം ഇനിയും പല ഭാഷകളിൽ സിനിമയാകട്ടെ. അത് ആമി പോലുള്ള ബൃഹദാഖ്യാനങ്ങളായിട്ടല്ല. ചെറിയ കാര്യങ്ങളുടെ വലിയ തമ്പുരാനായാൽ മതി. മാധവിക്കുട്ടി അങ്ങനെയായിരുന്നു.

സ്ത്രീശബ്ദം, 2018 മാർച്ച്‌
രസകരമായ ഒരു കല്യാണക്കഥ

ഒരു ക്ലിഷേ പ്രണയകഥ എന്ന് ടാഗ് ലൈനിൽ പറയുന്ന കല്യാണത്തിൽ നിന്ന് പ്രേക്ഷകന് കിട്ടുന്നത് ബോറടിക്കാത്ത രണ്ടു മണിക്കൂറാണ്. കല്യാണത്തിൽ പുതുമകളൊന്നുമില്ല. പലതവണ പറഞ്ഞിട്ടുള്ള പ്രണയകഥ തന്നെയാണ് പറയുന്നത്. എങ്കിലും അത് വിരസമാകാതെയും തമാശ കലർത്തി കാണികളെ സിനിമയ്‌ക്കൊപ്പം സജീവമാക്കി നിർത്തുകയും ചെയ്യുന്ന അവതരണമികവാാണ് കല്യാണം ടീമിന്റെ മിടുക്ക്.
    മുകേഷ് സരിത താരദമ്പതിമാരുടെ മകൻ ശ്രാവൺ മുകേഷ് നായകനായി അരങ്ങേറിയ കല്യാണം സാൾട്ട് മാംഗോ ട്രീക്ക് ശേഷം രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.
    അയൽക്കാരായ രണ്ടു കുടുംബങ്ങളാണ് കല്യാണത്തിലെ കേന്ദ്രം. ശരത്തിന് ചെറുപ്പം മുതൽക്കേ ശാരിയെ ഇഷ്ടമാണ്. പക്ഷേ തുറന്നുപറയാനുള്ള ധൈര്യമില്ല. ശാരിക്കും ശരത്തിനോട് ഇഷ്ടമുണ്ടെങ്കിലും തിരിച്ചങ്ങനെ ഉണ്ടായിരിക്കുമോ എന്ന ആശങ്കയിൽ അവളും പറയുന്നില്ല. തുറന്നുപറയാത്ത ആ ഇഷ്ടം ശാരിയുടെ കല്യാണദിവസം വരെ എത്തുന്നു. പിന്നീട് എന്തു സംഭവിക്കുമെന്നതാണ് കല്യാണത്തിന്റെ ഹൈലൈറ്റ്. സംവിധായകന്റെ കഥയ്ക്ക് സുമേഷ് മധുവാണ് തിരക്കഥയൊരുക്കിയിട്ടുള്ളത്. ബാങ്കിംഗ് ഹവേഴ്സ് 104 എന്ന ചിത്രത്തിനുശേഷം സുമേഷ് തിരക്കഥയെഴുതുന്ന ചിത്രമാണിത്.
   
 
          കഥപറച്ചിലിലെയും അവതരണത്തിലെയും മികവും താരങ്ങളുടെ മികച്ച പ്രകടനവുമാണ് കല്യാണത്തിന്റെ ഹൈലൈറ്റ്. മറ്റു ഉപകഥകളിലോക്കോ വലിയ സംഭവവികാസങ്ങളിലേക്കോ സഞ്ചരിക്കാതെ, ശരത്തിന് ശാരിയോടുള്ള പ്രണയത്തെ ചുറ്റി മാത്രമാണ് സിനിമയുടെ മുന്നോട്ടുപോക്ക്. ഈ പ്രണയത്തെ കേന്ദ്രീകരിച്ചാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളുടെയും വികാസം.
         മുകേഷും ശ്രീനിവാസനുമാണ് ചിത്രത്തിനു ഊർജ്ജമാകുന്ന രണ്ടു പ്രധാന കഥാപാത്രങ്ങൾ. അനായാസം ഹാസ്യം കൈകാര്യം ചെയ്യാനും അച്ഛൻ കഥാപാത്രങ്ങളുടെ ഗൗരവം ഉൾക്കൊള്ളാനും കഴിയുന്ന ഇരുവരുടെയും വേഷം മികച്ചതായി. പ്രണയിതാവിന്റെ വേഷത്തിൽ അരങ്ങേറിയ ശ്രാവൺ മോശമാക്കിയില്ല. അലസനും എന്നാൽ കാമുകിയെ സ്വന്തമാക്കാൻ എന്തിനും തയ്യാറുമായ ചെറുപ്പക്കാരൻ ശ്രാവണിൽ ഭദ്രമായിരുന്നു. പുതുമുഖം വർഷയാണ് നായികാവേഷത്തിൽ. ഏറെയാന്നും ചെയ്യാനില്ലെങ്കിലും ശ്രദ്ധിക്കപ്പെടുന്ന സാന്നിദ്ധ്യമായി മാറിയ വർഷയെ വീണ്ടും മലയാള സിനിമയിൽ കാണുമെന്നുറപ്പ്. ഹരീഷ് കണാരനും ജേക്കബ്ബ് ഗ്രിഗറിയും കല്യാണത്തെ ചിരികൊണ്ട് സമ്പന്നമാക്കുമ്പോൾ മൂന്നു സീനിൽ മാത്രമുള്ള ഇന്ദ്രൻസ് തന്റെ മികവുറ്റ അഭിനയമികവ് ഒരിക്കൽക്കൂടി തേച്ചുമിനുക്കാനുള്ള അവസരമായി വർക്ക് ഷോപ്പ് മെക്കാനിക്കിന്റെ വേഷം ഉപയോഗിക്കുന്നു.
  
           തുറന്നുപറയാത്ത പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും പ്രണയം നഷ്ടപ്പെടുത്തിയവർക്കും പുനർചിന്തയ്ക്കുള്ള വക കൂടി നൽകുന്നുണ്ട് കല്യാണത്തിന്റെ കഥാപരിസരം. അവർക്ക് ഈ സിനിമ അൽപ്പം നോവു കൂടിയായിരിക്കും സമ്മാനിക്കുക. ഉയർന്ന ജാതി മഹിമയായി കാണുന്ന അൽപ്പബുദ്ധികളെ കണക്കിന് കളിയാക്കാനും സിനിമ ശ്രദ്ധിക്കുന്നുണ്ട്. ജാതിക്കും സമ്പത്തിനുമെല്ലാമുപരിയായി മനസ്സിന്റെ വലുപ്പവും പൊരുത്തവും തന്നെ ഒടുവിൽ തിരിച്ചറിയപ്പെടുമെന്ന് കല്യാണം ഓർമ്മിപ്പിക്കുന്നു. വിട്ടുപോകാത്ത അനുഭൂതിയായി പ്രണയം സൂക്ഷിക്കുന്ന മനസ്സുകളിലേക്കുള്ള കല്യാണമേളത്തിന്റെ പെരുമ്പറ തന്നെയാണ് കല്യാണത്തിലൂടെ കൊട്ടിക്കയറുന്നത്.
        പ്രണയകഥയ്ക്കു ചേരുന്ന പാട്ടുകളും പശ്ചാത്തലവുമാണ് കല്യാണത്തിന്റേത്. ദുൽഖർ സൽമാനും ജേക്കബ്ബ് ഗ്രിഗറിയും ചേർന്ന് പാടിയ 'ധൃതംഗപുളകിതനായി' ഉൾപ്പടെയുള്ള പാട്ടുകളും കല്യാണത്തിന്റെ മികവു കൂട്ടുന്നു. പ്രകാശ് അലക്സാണ് സംഗീതം. ക്യാമറ ബിനേന്ദ്ര മേനോനും.

കേരളകൗമുദി ഓൺലൈൻ, 2018 ഫെബ്രുവരി 23
കല്ലായി എഫ്.എം
മുഹമ്മദ് റഫിക്കുള്ള സമർപ്പണം


വിശ്രുത ഗായകൻ മുഹമ്മദ് റഫിക്കും ആയിരക്കണക്കായ റഫി ആരാധകർക്കുമുള്ള സമർപ്പണമാണ് വിനീഷ് മില്ലേനിയത്തിന്റെ കല്ലായി എഫ്.എം. ഒരു ബയോപിക് രീതിയിലല്ല കല്ലായി എഫ്.എമ്മിൽ റഫിയെ ഓർത്തെടുക്കുന്നത്. റഫിയുടെ കടുത്ത ആരാധകനായ വ്യക്തിയുടെ ജീവിതത്തിലൂടെയാണ് ഗായകനെ സിനിമ സ്മരിക്കുന്നത്.
    കല്ലായി എഫ്.എം എന്നത് സിലോൺ ബാപ്പുവെന്ന കല്ലായിക്കാരന്റെ കമ്മ്യൂണിറ്റി റേഡിയോ ആണ്. ലാഭം നോക്കിയല്ല ബാപ്പു ഇത് നടത്തുന്നത്. റഫിയുടെ പാട്ടുകൾ നാട്ടുകാരെ കേൾപ്പിക്കാനുള്ള ഒരു വഴിയാണ് അദ്ദേഹത്തിനിത്. ബാപ്പുവിന്റെ രാവും പകലുമെല്ലാം ഈ എഫ്.എം സ്റ്റേഷനോടും റഫിയോടുള്ള ആരാധനയിലും ഇഴുകിച്ചേർന്നതാണ്. റഫിയുടെ എല്ലാ പാട്ടുകളുടെയും റിക്കാർഡുകൾ സൂക്ഷിച്ചുവയ്ക്കുന്നുണ്ട് ബാപ്പു. രണ്ടു മക്കളും ഭാര്യ ജമീലയുമായി സന്തോഷകരമായി മുന്നോട്ടു പോകുമ്പോഴും സംഗീതം പലപ്പോഴും ഒരു ചർച്ചാവിഷയമായി അയാളുടെ ജീവിതത്തിൽ വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. എങ്കിലും അയാൾ റഫിയെ അയാൾ നെഞ്ചോടു ചേർത്തുവയ്ക്കുന്നു. റഫിയോടുള്ള ബാപ്പുവിന്റെ ഈ ആരാധന ഒരാൾ സിനിമയാക്കുകയും ചെയ്യുന്നു. അതിൽ ബാപ്പു അഭിനയിക്കുകയും ചെയ്യുന്നു. അങ്ങനെ സിനിമയ്ക്കുള്ളിലെ സിനിമ കൂടിയാകുന്നു കല്ലായി എഫ്.എം.
   
   
ശ്രീനിവാസനാണ് സിലോൺ ബാപ്പു എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെറിയ ഇടവേളയ്ക്കുശേഷം ശ്രീനിവാസന് ലഭിച്ച അഭിനയപ്രാധാന്യമുള്ള വേഷം സ്വതസിദ്ധമായ ശൈലിയിലൂടെ അദ്ദേഹം മികച്ചതാക്കി. ബാപ്പുവിന്റെ റഫി ആരാധന പ്രമേയമാക്കുന്ന കല്ലായി എഫ്.എം മറ്റു കഥാപാത്രങ്ങളുടെ പശ്ചാത്തല വിശദീകരണത്തിലേക്കോ കാഴ്ചകളിലേക്കോ കടക്കുന്നില്ല. അതുകൊണ്ടുതന്നെ ലളിതമായി കാര്യങ്ങൾ പറഞ്ഞവസാനിപ്പിക്കുന്ന ഒരു സാധാരണ ചിത്രമായിട്ടായിരിക്കും കല്ലായി എഫ്.എം അനുഭവപ്പെടുക. വിസ്മയിപ്പിക്കുന്ന അഭിനയമുഹൂർത്തങ്ങളോ പരീക്ഷണാത്മകമായ ആഖ്യാനരീതിക്കോ, മിഴിവുറ്റ ക്യാമറാ ചലനങ്ങൾക്കോ ചിത്രത്തിൽ സ്ഥാനമില്ല. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള കഥയാണെങ്കിലും കോഴിക്കോടിന്റെ ജീവിതശൈലിയും സാമൂഹിക, സാംസ്‌കാരിക ചുറ്റുപാടും കാഴ്ചക്കാരന്റെ ഉള്ളിലെത്തും വിധം അടയാളപ്പെടുത്താൻ സിനിമയ്ക്കാവുന്നില്ല.
            വിനീഷ് മില്ലേനിയം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിട്ടുള്ളത്. തിരക്കഥയിലെ പഴുതുകൾ ഒഴുക്കുള്ള കാഴ്ചയ്ക്ക് തടസ്സമാകുന്നുണ്ട്. എങ്കിലും മലയാളത്തിലെ ആദ്യ സംവിധായക സംരംഭമെന്ന തരത്തിൽ പിഴവുകൾ തിരുത്തി പ്രതീക്ഷവയ്ക്കാൻ വിനീഷിനാകും. നേരത്തെ തീക്കുളിക്കും പച്ചൈമരം എന്ന തമിഴ് ചിത്രം വിനീഷിന്റേതായി പുറത്തുവന്നിരുന്നു.
    സിലോൺ ബാപ്പുവിന്റെ മകൻ റഫി മുഹമ്മദ് എന്ന കഥാപാത്രമായി ശ്രീനാഥ് ഭാസി ശ്രദ്ധേയമായ സാന്നിദ്ധ്യമാകുന്നു. ബാപ്പുവിന്റെ ഭാര്യയും മകളുമായി എത്തുന്ന കൃഷ്ണപ്രഭയും പാർവ്വതി രതീഷുമാണ് ചിത്രത്തിലെ സജീവമായ സ്ത്രീസാന്നിദ്ധ്യങ്ങൾ. മുഹമ്മദ് റഫിയുടെ മകൻ ഷാഹിദ് റഫിയുടെ സാന്നിദ്ധ്യമാണ് മറ്റൊരാകർഷണം. മുഹമ്മദ് റഫിയായിട്ടാണ് ഷാഹിദ് ചിത്രത്തിലെത്തുന്നത്. പിതാവുമായി രൂപം കൊണ്ടുള്ള സാമ്യം റഫി സ്‌ക്രീനിലെത്തുന്ന അനുഭവം പ്രേക്ഷകനിലുണ്ടാക്കുന്നു. കലാഭവൻ ഷാജോൺ, അനീഷ് ജി.മേനോൻ, സുനിൽ സുഗദ, കോട്ടയം നസീർ, കെ.ടി.സി അബ്ദുല്ല, അപ്പുണ്ണി ശശി എന്നിവരും ചിത്രത്തിലെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളാണ്.
  
ഒയാസിസ് ഗ്രൂപ്പിന്റെ ബാനറിൽ ഷാജഹാൻ ഒയാസിസ് നിർമ്മിച്ച ചിത്രത്തിൽ മുഹമ്മദ് റഫിയുടെ പ്രശസ്തമായ രണ്ട് ഗാനങ്ങൾ ദൃശ്യവത്കരിക്കുന്നുണ്ട്. ഗോപിസുന്ദർ ഈണമിട്ട പാട്ടുകൾ റഫിക്കുള്ള ആദരം കൂടിയാകുന്നു.


കേരളകൗമുിദ ഓൺലൈൻ, 2018 ഫെബ്രുവരി 16