Saturday, 11 November 2017

ഡാർക്ക് ഇമോഷണൽ വില്ലൻ 

ചില സിനിമകൾ ഗുണനിലവാരത്തേക്കാൾ പേരുകൊണ്ടും പ്രീപബ്ലിസിറ്റി കൊണ്ടും വാർത്തകളിലും പ്രേക്ഷകരിലും സവിശേഷ ഇടം നേടാറുണ്ട്. അവയുണ്ടാക്കുന്ന അമിതപ്രതീക്ഷകൾ സിനിമയ്ക്ക് ചിലപ്പോൾ ഗുണവും പലപ്പൊഴും വലിയ ദോഷമാകുന്നതും കാണാം. ദി പ്രിൻസ്, യുവതുർക്കി, ദുബായ്, പട്ടാളം, ഉടയോൻ, ബൽറാം v/s താരാദാസ്, കാസനോവ, കിംഗ് ആന്റ് കമ്മീഷണർ തുടങ്ങിയ സൂപ്പർതാര ചിത്രങ്ങൾ ഇത്തരത്തിൽ പ്രീറിലീസിംഗിൽ വലിയ ഹൈപ്പ് സൃഷ്ടിക്കുകയും ബോക്‌സോഫീസിൽ കൂപ്പുകുത്തി വീഴുകയും ചെയ്ത ചിത്രങ്ങളാണ്. വാണിജ്യസിനിമ എക്കാലത്തും സൂപ്പർതാരങ്ങളെ കേന്ദ്രീകരിച്ച് നിലനിൽക്കുന്നതുകൊണ്ടുതന്നെ അവരുടെ ചിത്രങ്ങളുടെ വാഴ്ചയും വീഴ്ചയുമായിരിക്കും ചർച്ചയിലുണ്ടാകുക. ഇത്തരം ചിത്രങ്ങൾ പരാജയം കൊണ്ടുപോലും ചരിത്രത്തിൽ ഇടം പിടിക്കും.
         ബി.ഉണ്ണികൃഷ്ണൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വില്ലന് ഇത്തരത്തിൽ അമിതപ്രതീക്ഷ വിനയായിമാറിയ കഥയായിരിക്കും പറയാനുണ്ടാകുക. റിലീസിനുമുമ്പേ പകർപ്പവകാശത്തിലും സാറ്റലൈറ്റ് തുകയിലും ഓൺലൈൻ ബുക്കിംഗിലും മലയാളത്തിൽ പുതിയ റെക്കോർഡുകൾ തീർത്ത സിനിമയാണ് വില്ലൻ. എട്ട്.കെ മികവിലൊരുങ്ങിയ വില്ലൻ മലയാളത്തിലെ ചെലവേറിയ ചിത്രങ്ങളിലൊന്നുമാണ്. റിലീസിംഗ് സെന്ററുകളുടെയും പ്രദർശനങ്ങളുടെയും  എണ്ണത്തിൽ മുന്നിലെത്താനും പുലിമുരുകന്റെ ആദ്യദിന കളക്ഷനു തൊട്ടു പിറകിലെത്താനും വില്ലനായി. മോഹൻലാലെന്ന മലയാള സിനിമയിലെ ഏറ്റവും വലിയ ബ്രാൻഡിന്റെ ഒരു ആക്ഷൻ പാക്ക്ഡ് മൂവിക്ക് കിട്ടിയേക്കാവുന്ന സ്വാഭാവികമായ പ്രീറിലീസിംഗ്, ആദ്യദിന പ്രതികരണങ്ങളാണ് ഇവയൊക്കെയും. അതേസമയം ഈ ഹൈപ്പിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞതോടെ നിരാശരായവരാണ് ഏറിയ പങ്ക് ആസ്വാദകരും. വലിയ മുതൽമുടക്കായതു കൊണ്ടുതന്നെ സാങ്കേതികമായി മുന്നിട്ടുനിൽക്കാൻ കഴിയുന്ന വില്ലൻ പ്രമേയഘടനയിലും കഥപറച്ചിലിന്റെ ഒഴുക്കിലും സ്ഥിരം പാറ്റേണുകൾ പിന്തുടർന്നാണ് കാഴ്ചക്കാരെ കടുത്ത നിരാശയിലാഴ്ത്തുന്നത്. അടുത്തിടെ മലയാളത്തിൽ പുറത്തുവന്ന പല സിനിമകളെയും വില്ലൻ ഓർമ്മപ്പെടുത്തിയെന്ന് ആസ്വാദകർക്ക് തോന്നിയെങ്കിൽ അവരെ കുറ്റം പറയാനാകില്ല. ജീത്തു ജോസഫിന്റെ മെമ്മറീസിന്റെയും ബി.ഉണ്ണികൃഷ്ണന്റെ തന്നെ ഗ്രാന്റ്മാസ്റ്ററിനെയും പ്രേക്ഷകർ വില്ലനോട് സജീവമായി കൂട്ടിവായിക്കുകയും ചെയ്തു.
 
           ഡാർക്ക് ഇമോഷണൽ ത്രില്ലർ എന്ന രീതിയിലാണ് വില്ലനെ അടയാളപ്പെടുത്താനാകുന്നത്. പതിഞ്ഞ താളത്തിൽ കഥപറഞ്ഞുപോകുന്ന ഈ പാറ്റേണിലുള്ള സിനിമകൾ മലയാളത്തിന് അത്ര പരിചിതമല്ല. അതേസമയം ഹോളിവുഡിലും മറ്റും ഇത്തരം സിനിമകൾ കണ്ടു ശീലിച്ചവർക്ക് വില്ലന്റെ കഥപറച്ചിൽശൈലി മികച്ച അനുഭവമായും മാറും. മോഹൻലാലിന്റെ മാത്യു മാഞ്ഞൂരാനെന്ന പോലീസ് കഥാപാത്രത്തിന്റെ ഇമോഷണൽ ബാക്ക്ഗ്രൗണ്ടിലൂടെ സഞ്ചരിക്കുന്ന സിനിമ, ഈ പശ്ചാത്തലത്തിലാണ് പുതുമ നിലനിർത്തുന്നുന്നത്. മോഹൻലാലിന്റെ അഭിനയത്തിലെ അനിതരസാധാരണമായ കൈയടക്കമാണ് ഇവിടെ സിനിമയ്ക്ക് ഗുണം ചെയ്യുന്നത്.
           കണ്ടുശീലിച്ച കുറ്റാന്വേഷണ സിനിമകളുടെ കഥാവേഗമോ ചടുലതയോ സംഭാഷണമാതൃകയോ വില്ലൻ അനുശീലിക്കുന്നില്ല. കൃത്യമായ പ്രമേയവും അതിനു യോജിക്കുന്ന കഥാപാത്രങ്ങളും പശ്ചാത്തലവും ഒരുക്കി ഒരു സംവിധായകൻ മെനഞ്ഞെടുത്ത സൃഷ്ടിയാണിത്. കുറ്റാന്വേഷണകഥകളിൽ കണ്ടേക്കാവുന്ന പതിവുട്വിസ്റ്റോ സസ്‌പെൻസോ വില്ലനിൽ കാണാനാവില്ല. ക്ലൈമാക്‌സിൽ പോലും സിനിമ അതിന്റെ പതിഞ്ഞ താളമാണ് തുടരുന്നത്. നിശ്ചയിച്ചുറപ്പിച്ച പ്ലോട്ടിൽ കഥ പറഞ്ഞുപോകുകയാണ് സംവിധായകൻ. ഇവിടെ മോഹൻലാൽ ആരാധകരെയോ കൊമേർസ്യൽ സിനിമയുടെ സ്ഥിരം ചട്ടക്കൂടുകളെയോ സംരക്ഷിക്കാൻ അദ്ദേഹം തയ്യാറാവുന്നില്ല. അതുകൊണ്ടുതന്നെ ഒരു മോഹൻലാൽ സിനിമ എന്നതിനേക്കാളുപരി ഒരു ബി.ഉണ്ണികൃഷ്ണൻ സിനിമ എന്ന വിശേഷണമായിരിക്കും വില്ലന് ചേരുക.
   

             അന്വേഷിച്ചുകണ്ടെത്താൻ പ്രയാസമുള്ള കൊലപാതകങ്ങൾ പോലും ചില സൂചനകളും കണക്കുകൂട്ടലുകളും വച്ച് പ്രവചിക്കാനും കുറ്റവാളികളിലേക്കെത്താനും ശേഷിയുള്ള കഥാപാത്രമാണ് മോഹൻലാൽ അവതരിപ്പിക്കുന്ന എ.ഡി.ജി.പി. മാത്യു മാഞ്ഞൂരാന്റെത്. അതുകൊണ്ടുതന്നെ പോലിസ് സേനയ്ക്ക് അയാൾ വളരെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാണ്. ഒരു വലിയ അപകടം മാത്യു മാഞ്ഞൂരാനെ തകർക്കുന്നു. മകൾ സംഭവസ്ഥലത്തുതന്നെ മരിക്കുന്നു. ഭാര്യ ഡോ.നീലിമ കോമാ സ്റ്റേജിൽ മരണത്തോട് മല്ലടിച്ചുകിടന്നു. ഒരു മനുഷ്യജീവിതത്തിൽ അയാളെ നായകനാക്കുന്നതും വില്ലനാക്കുന്നതും വിധിയാണ്. ഇവിടെ മാത്യു മാഞ്ഞൂരാൻ നായകനാണോ വില്ലനാണോയെന്നാണ് സിനിമ വ്യക്തമാക്കാൻ ശ്രമിക്കുന്ന ചോദ്യം. മാത്യു മാഞ്ഞൂരാന്റെ  ഓർമകൾക്കും മാനസികവ്യാപാരങ്ങൾക്കുമാണ് പിന്നീട് സിനിമയിൽ പ്രാധാന്യം നൽകുന്നത്.
        'ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലുന്നതുപോലെ അസ്വാഭാവികമായി മറ്റൊന്നും ഈ ലോകത്തില്ല', വില്ലന്റെ ടീസർ റിലീസ് ചെയ്തതുമുതൽ ശ്രദ്ധിക്കപ്പെട്ട മാത്യു മാഞ്ഞൂരാന്റെ ഈ സംഭാഷണം തന്നെയാണ് സിനിമ നൽകുന്ന സന്ദേശവും. വിശാൽ അവതരിപ്പിക്കുന്ന ഡോ.ശക്തിവേൽ പളനിസ്വാമി സമൂഹത്തിൽ അനീതി ചെയ്യുന്നവർക്കെതിരെ ശിക്ഷ നടപ്പാക്കാൻ സ്വയംവിധേയനാകുന്ന കഥാപാത്രമാണ്. അയാൾക്ക് തന്റെതായ ശരികളുണ്ടെങ്കിലും കൊലപാതകികളെയും ഏകാധിപതികളെയും ആരാധിക്കുന്നത് വിഡ്ഢിത്തമാണെന്നാണ് മാഞ്ഞൂരാൻ ശക്തിവേലിനെ തിരുത്തുന്നത്. എല്ലാ വില്ലനിലും ഒരു നായകനുണ്ട്, അതുപോലെ തിരിച്ചും. ആരാണ് നായകൻ, ആരാണ് പ്രതിനായകൻ എന്ന ചോദ്യത്തിനും സിനിമ ഉത്തരം തേടുന്നു.
      സമീപകാലത്ത് മലയാളത്തിലിറങ്ങിയ ത്രില്ലർ സിനിമകളെല്ലാം അടിസ്ഥാനപരമായി പ്രമേയത്തെക്കാൾ മേക്കിംഗിൽ ശ്രദ്ധിക്കുന്നവയാണെന്ന് കാണാം. ഓണക്കാലത്ത് പുറത്തിറങ്ങിയ ആദം ജോൺ ഏറ്റവും പുതിയ ഉദാഹരണം. സിനിമയുടെ കഥാപശ്ചാത്തലത്തോട് ചേർന്നുനിൽക്കുന്ന മികച്ച ഫ്രെയിമുകൾ, കളർ ടോൺ, ക്യാമറാ ആംഗിളുകൾ, എഡിറ്റിങ്ങിലെ ഭദ്രത, പശ്ചാത്തലസംഗീതം എന്നിവയിലെല്ലാമാണ് വില്ലൻ ശ്രദ്ധിക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം തന്റെ സിനിമയിൽ മികവും വ്യത്യസ്തതയും വേണമെന്ന ബി.ഉണ്ണികൃഷ്ണന്റെ നിർബന്ധം വില്ലന് ഗുണം ചെയ്യുന്നുണ്ട്.
   


          പ്രായത്തിലും വേഷത്തിലും പക്വതയാർന്ന കഥാപാത്രമായി മോഹൻലാൽ വില്ലനിൽ മികച്ചുനിൽക്കുന്നു. മിതത്വം സൂക്ഷിക്കുന്ന ഭാവപ്രകടനങ്ങളും അർഥവത്തായ സംഭാഷണങ്ങളും അതിമാനുഷികമായി യാതൊന്നും ചെയ്തു കൂട്ടാതെയും മാത്യു മാഞ്ഞൂരാൻ എന്ന കഥാപാത്രം മോഹൻലാലിന്റെ കൈയ്യിൽ ഭദ്രമാകുന്നു. മോഹൻലാലിനെ സംബന്ധിച്ച് അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ലഭിച്ചതെങ്കിലും  വേണ്ടത്ര ബലമില്ലാത്ത തിരക്കഥയിൽ തന്റെ പ്രകടനം കൊണ്ടുമാത്രം സിനിമയെ താങ്ങിനിർത്തേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിൽ കൈവരുന്നു. മഞ്ജുവാര്യരുടെ കഥാപാത്രത്തിന് ചിത്രത്തിൽ വലിയൊരു പ്രാധാന്യം കിട്ടുന്നില്ല. വിശാലിന്റെ മലയാളത്തിലേക്കുള്ള പ്രവേശനം മോശമായില്ല. മോഹൻലാലുമൊത്തുള്ള കോമ്പോ സീനുകളിലും വിശാലിന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുന്നതായി.
      ആഖ്യാനത്തിൽ പുതുമ കൈവരിക്കാൻ ശ്രമിക്കുമ്പോഴും സംഭാഷണങ്ങളിലെ ദൈർഘ്യവും യാഥാർഥ്യത്തോട് അകന്നുനിൽക്കുന്നതും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ ഇഴചേർച്ച അനുഭവപ്പെടാത്തതും വില്ലനെ വിരസമാക്കി മാറ്റുന്നുണ്ട്.

സ്ത്രീശബ്ദം, 2017 നവംബർ 
അരസികനായ ദുബായ്കാരന്‍

മലയാള സിനിമയെ സംബന്ധിച്ച് തൊണ്ണൂറുകളുടെ പ്രത്യേകത കോമഡി ട്രാക്ക് സിനിമകളുടെ അതിപ്രസരം കണ്ട കാലം എന്നതായിരുന്നു.1989ല്‍ റാംജിറാവ് സ്പീക്കിംഗിലൂടെ തുടക്കമിടുകയും ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍ തുടങ്ങിയ സിനിമകളിലൂടെ തുടരുകയും ചെയ്ത സിദ്ധിഖ് ലാല്‍ കോമഡി തരംഗത്തിന്റെ തുടര്‍ച്ചയായിരുന്നു തൊണ്ണൂറുകളില്‍ കണ്ടത്. രാജസേനനും റാഫി മെക്കാര്‍ട്ടിനുമെല്ലാം ഇൗ പാറ്റേണ്‍ പിന്തുടര്‍ന്ന് വിജയിച്ചവരാണ്. കോമഡിക്കാണ് മാര്‍ക്കറ്റ് എന്നുകണ്ട് അക്കാലത്ത് ഹാസ്യചിത്രങ്ങളുടെ നീണ്ട നിര തന്നെ നിര്‍മിക്കപ്പെടുകയും എറണാകുളം കേന്ദ്രീകരിച്ചുള്ള മിമിക്രി താരങ്ങള്‍ ഒന്നടങ്കം സിനിമയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. അഭ്യസ്തവിദ്യരായ യുവാക്കളും ചെറിയ തക്കിടതരികിട പരിപാടികളും അവര്‍ക്കു സംഭവിക്കുന്ന മണ്ടത്തരങ്ങളും അത് തട്ടിപ്പുകാരിലേക്കും കൊള്ളസംഘങ്ങളിലേക്കും എത്തുന്നതുമെല്ലാമായിരുന്നു ഈ സിനിമകളിലെ സ്ഥിരം പ്രമേയം. പല സിനിമകളും വിജയം കണ്ടേങ്കിലും ഒരേ അച്ചില്‍ വാര്‍ത്തെടുത്ത തരത്തില്‍ തുടര്‍ന്നുവന്ന ചിത്രങ്ങളെ പ്രേക്ഷകര്‍ തഴഞ്ഞു. ഇതോടെ ഒരു പ്രത്യേക ജനുസ്സില്‍പ്പെട്ട കോമഡി സിനിമകള്‍ തന്നെ ഇല്ലാതാകുകയായിരുന്നു. 
പ്രേക്ഷകര്‍ ശ്രദ്ധിക്കാറില്ലെങ്കിലും പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാത്ത ഇത്തരം ചിത്രങ്ങള്‍ ഇടയ്ക്കും തലയ്ക്കും പിന്നെയും വന്നുകൊണ്ടിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ബിവെയര്‍ ഓഫ് ഡോഗ്‌സ്, കാപുചീനോ, ഗൂഢാലോചന തുടങ്ങിയ സിനിമകള്‍ ഇതിന് ഉദാഹരണമാണ്. ഇക്കൂട്ടത്തിലേക്കുള്ള പുതിയ പേരാണ് ബാബുരാജ് ഹരിശ്രീയും ഹരിശ്രീ യൂസഫും ചേര്‍ന്ന് സംവിധാനം ചെയ്ത ഹലോ ദുബായ്കാരന്‍ എന്ന ചിത്രത്തിന്റെത്. ഹലോ ദുബായ്കാരന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹരിശ്രീ യൂസഫ് ആണ്. 
ദുബായില്‍ പോകാന്‍ ചെറുപ്പം മുതല്‍ ആഗ്രഹിക്കുന്നയാളാണ് കഥാനായകനായ പ്രകാശന്‍. എന്നാല്‍ ഓരോ പ്രശ്‌നങ്ങള്‍ കാരണം പ്രകാശന്റെ ദുബായ് യാത്ര മുടങ്ങിപ്പോകുന്നു. ദുബായ് ജോലിയല്ലാതെ മറ്റൊരു ജോലിയും ചെയ്യില്ലെന്നാണ് അയാളുടെ തീരുമാനം. പലതവണ പരാജയപ്പെട്ടിട്ടും നാട്ടുകാരും വീട്ടുകാരും പിന്തിരിപ്പിച്ചിട്ടും അയാള്‍ പി•ാവാങ്ങാന്‍ തയ്യാറായിരുന്നില്ല. പലതവണ ലക്ഷ്യത്തിന്റെ തൊട്ടടുത്തുവരെ എത്തിയിട്ടും അയാള്‍ക്ക് യാത്ര പൂര്‍ത്തിയാക്കാനാകുന്നില്ല. ഒടുവില്‍ പ്രകാശന്‍ നാട്ടില്‍ത്തന്നെ തുടരുന്നു. എ്ങ്കിലും ദുബായിലേക്കുള്ള ഒരു വിളിക്ക് അയാള്‍ കാത്തിരിക്കുകയാണ്. 
ലോജിക്കില്ലായ്മയുടെ അയ്യരുകളിയാണ് ഈ ദുബായ്‌പോക്ക് മുടക്കുന്ന കാരണങ്ങള്‍. തൊണ്ണൂറുകളിലെ കോമഡി ട്രെന്‍ഡ് സിനിമകള്‍ പിന്തുടര്‍ന്നുവന്ന അതേ പാറ്റേണിലാണ് ദുബായ്കാരന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. തമാശ പോലും അക്കാലത്തിന്റെതാണ്. സിനിമയിലെ സഹതാരങ്ങളും വഴിവക്കില്‍ക്കൂടി പോകുന്നവരും പൊലിസ് കഥാപാത്രങ്ങളുമെല്ലാം കോമഡി പറയുന്നവരാണ്. പക്ഷേ പ്രേക്ഷകരില്‍ ഒരു ചലനവുമുണ്ടാക്കാന്‍ ഈ തമാശകള്‍ക്കാകുന്നില്ല. സലിംകുമാറും ധര്‍മജനും വരുന്ന സീനുകളിലാണ് അല്‍പ്പം ആശ്വാസം തോന്നുക. അവര്‍ പറ്റുന്ന വിധം കൈയ്യില്‍ നിന്നെടുത്ത് കോമഡി ഇടുന്നുണ്ടെങ്കിലും തിരക്കഥയുടെ സ്ഥായിയായ ബലഹീനതയില്‍ അതും ഏശുന്നില്ല. ഇന്ദ്രന്‍സിനെയൊക്കെ തൊണ്ണൂറുകളിലെ കോമഡിക്കാലത്തെപ്പോലെ അവതരിപ്പിക്കാന്‍ ശ്രമിച്ച് സംവിധായകന്‍ പരാജയപ്പെടുന്നുണ്ട്. ക്ലൈമാക്‌സിലെ കൂട്ട അടി പോലും അക്കാലത്തിലേതു പോലെത്തന്നെ. ദുബായ്കാരനിലെ വില്ലനും കൂട്ടാളികളുമൊക്കെ ഒരു ലക്ഷ്യബോധവുമില്ലാതെ വെറുതെ സ്‌ക്രീനില്‍ വന്നുനിന്ന് അടിപിടി നടത്തുന്നവരാണ്.നായകന്‍ ഡബിള്‍ റോളിലാകുന്ന ക്ലൈമാക്‌സിലെ ട്വിസ്റ്റും അതിലേക്ക് നയിക്കാന്‍ പറയുന്ന കഥയുമെല്ലാം അന്തംവിട്ട് കണ്ടും കേട്ടുമിരിക്കാനേ തരമുള്ളൂ. 
പണം മുടക്കാന്‍ നിര്‍മാതാവിനെയും ഒട്ടുമിക്ക ചെറുകിട താരങ്ങളെയും കിട്ടിയിട്ടും തരക്കേടില്ലാത്ത രീതിയിലുള്ള ഒരു കാഴ്ചയാക്കി സിനിമയെ മാറ്റാന്‍ സംവിധായകന് കഴിയുന്നില്ല. വളരെ അമേച്വറായ മേക്കിംഗാണ് സിനിമയുടെത്. ഒരു സീക്വന്‍സില്‍ പോലും പ്രൊഫഷണലായ സമീപനം കാണാനാകില്ല. റിയലിസ്റ്റിക്കായ ആവിഷ്‌കാരം കൊണ്ട് ശ്രദ്ധപിടിച്ചു പറ്റുന്ന ഒരു പറ്റം ചെറുപ്പക്കാരുടേതാണ് നിലനില്‍ക്കുന്ന മലയാള സിനിമ. സിനിമ ഇത്തരത്തില്‍ യാഥാര്‍ഥ്യത്തോട് അടുത്തുനില്‍ക്കുന്ന കാലത്താണ് നാടകീയതയും അതിശയോക്തി നിറഞ്ഞ കഥയും കഥാപാത്രങ്ങളും പഴഞ്ചന്‍ കഥപറച്ചില്‍ സങ്കേതങ്ങളും ഉപയോഗിച്ചുള്ള ഇത്തരം സിനിമാ പരീക്ഷണങ്ങള്‍. ഹലോ ദുബായ്കാരന്റെ അണിയറക്കാരില്‍ മിക്കവരും തഴക്കം ചെന്ന കലാകാര•ാരാണ്. കാമ്പും പുതുമയുമില്ലാത്ത തിരക്കഥയും യാതൊരു നൂതനതയും ഉപയോഗിക്കാത്ത സംവിധാന ശൈലിയും അലങ്കാരമായിട്ടുള്ള ഒരു സിനിമയില്‍ ഈ കലാകാര•ാര്‍ക്കെല്ലാം ടൈറ്റില്‍ കാര്‍ഡിലെ പേരുകള്‍ മാത്രമായി അവശേഷിക്കേണ്ടിവരുന്നു.

കേരള കൗമുദി ഓൺലൈൻ, 2017 നവംബർ 10

Sunday, 5 November 2017

മലയാള ഭാവനയുടെ വ്യത്യസ്തമായ ഒൗന്നത്യം

കവി സച്ചിദാനന്ദൻ മലയാള കവിതയിലൊതുങ്ങുന്ന എഴുത്തുകാരനല്ല. ലോകസാഹിത്യത്തോടും സാഹിത്യകാരന്മാരോടുമുള്ള അടുപ്പവും അറിവുംകൊണ്ട് മലയാളത്തിൽനിന്ന് ലോകസാഹിത്യകാരനായി മാറിയ ആളാണ്. വിദേശസാഹിത്യ സൃഷ്ടികളെ, പ്രത്യേകിച്ചും കവിതകളും കവിതാപഠനങ്ങളും മലയാളിവായനക്കാരന് ഇത്രയധികം പരിചയപ്പെടുത്തിയ എഴുത്തുകാ‌ർ കുറവാണ്. അങ്ങനെ സച്ചിദാനന്ദൻ വലിയ കവിയായിരിക്കുമ്പോൾ തന്നെ വലിയ വിവ‌ർത്തകനുമായി മാറുന്നു. മലയാള സാഹിത്യത്തെ ലോകത്തിനും ലോകസാഹിത്യത്തെ മലയാളത്തിനും അദ്ദേഹം നിരന്തരം പരിചയപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
           എഴുത്തിൽ അമ്പതാണ്ട് പൂർത്തിയാക്കുമ്പോഴും തുടർന്നുപോരുന്ന പുതുമയും നവംനവമായിക്കൊണ്ടിരിക്കുന്ന രചനാശൈലിയുമാണ് സച്ചിദാനന്ദന്റെ വലിയ സവിശേഷതകളിലൊന്ന്. മലയാളത്തിൽ സജീവമായി എഴുതിക്കൊണ്ടിരിക്കുന്ന ഏതൊരു പുതുകവിക്കും അനുകരിക്കാനാകാത്ത വിധത്തിലുള്ള പുതുമയാണ് സച്ചിദാനന്ദൻ കാവ്യരചനയിൽ പുലർത്തിപ്പോരുന്നത്. ഉത്തരാധുനികത എളുപ്പത്തിൽ ആ‌ർക്കും അനുവർത്തിക്കാനാകുന്ന ഒന്നാണെന്ന ആരോപണം നിലനിൽക്കെത്തന്നെ അതിൽ എത്തിപ്പെടുകയും തന്നെത്തന്നെ മുറിച്ചുകടക്കാനാകാത്ത വിധം തപ്പിത്തടയുകയും ചെയ്യുന്നവരെയെല്ലാം സച്ചിദാനന്ദൻ അത്ഭുതപ്പെടുത്തുന്നു. രചനാകൗശലംകൊണ്ട് അദ്ദേഹം കവികൾക്കിടയിൽ ഏറ്റവും പുതുകവിയായിത്തന്നെ നിലകൊള്ളുന്നു. എങ്ങനെയാണ് ഇത്ര ലളിതമായി, ഇത്ര പുതുമയോടെ വാക്കുകളും വാചകങ്ങളും തെരഞ്ഞെടുത്ത് അടുക്കിവയ്ക്കുന്നതെന്ന് അത്ഭുതം തോന്നാറുണ്ട്. കവിതയിലും വായനയിലും നിരന്തരം ജീവിക്കുകയും ധ്യാനിക്കുകയും ചെയ്തുപോരുന്ന ഒരു വലിയ എഴുത്തുകാരനുമാത്രം സാധിക്കുന്ന നവീനതയാണിത്. ദിനംപ്രതി നവീകരിക്കപ്പെടുന്ന കാവ്യഭാഷയാണ് സച്ചിദാനന്ദന്റേത്. പരമ്പരാഗതവും ആധുനികവുമായ കവനശൈലി ഒരുപോലെ വഴങ്ങുന്ന സച്ചിദാനന്ദൻ വ്യത്യസ്ത തലമുറകൾക്ക് പ്രിയപ്പെട്ടവനായി മാറുന്നതും അങ്ങനെയാണ്.
             സാഹിത്യമെഴുത്ത് സമൂഹത്തോടുള്ള എഴുത്തുകാരന്റെ പ്രതിബദ്ധതയാണെന്ന് തിരിച്ചറിഞ്ഞ് അത്തരത്തിലുള്ള എഴുത്തുമായി മുന്നോട്ടുപോകാറുള്ള സച്ചിദാനന്ദൻ കാലികപ്രശ്നങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കാൻ മടിക്കുന്നില്ല. രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യ അപചയത്തിലും എഴുത്തുകാരോടും കലാകാരന്മാരോടുമുള്ള ഭരണകൂടത്തിന്റെ മനോഭാവത്തിലും അദ്ദേഹം നിരന്തരം ആശങ്ക പ്രകടിപ്പിക്കുന്നു. അടുത്തിടെ വന്ന എഴുത്തുകളിലെല്ലാം ഇൗ ആശങ്ക പ്രത്യക്ഷമാകുന്നുമുണ്ട്. ഏറ്റവുമൊടുവിൽ പ്രസിദ്ധീകരിച്ചുവന്ന മുട്ടാളന്മാർ എന്ന കവിതയിൽ അദ്ദേഹം ഇങ്ങനെ പറയുന്നു.
                       'നമ്മുടെ ഗ്രന്ഥപ്പുരകൾ അവരെ
                        അരിശം പിടിപ്പിച്ചാലോ എന്നു ഭയന്ന്
                        അവ ഇടിച്ചുനിരത്തി ദുർമന്ത്രവാദം
                        നടത്താനുള്ള താളിയോലകൾ
                         മാത്രം സംരക്ഷിച്ചു'
      
            രാജ്യത്തെ അസഹിഷ്ണുത തന്റെ കവിതകളെയും ബാധിച്ചിട്ടുണ്ടെന്ന് സച്ചിദാനന്ദൻ ഇൗയിടെ പറഞ്ഞിരുന്നു. മനുഷ്യന്റെ മാതൃഭാഷയാണ് കവിതയെന്നും അസഹിഷ്ണുതയില്ലാത്ത ഒരു കാലത്തെ എഴുത്ത് സാധ്യമാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുന്നുമുണ്ട്.
              തർജ്ജമകളടക്കം അമ്പതോളം പുസ്തകങ്ങളാണ് സച്ചിദാനന്റെതായി പുറത്തിറങ്ങിയിട്ടുള്ളത്. സ്വന്തം ശൈലിയിലൂടെ വിശ്വസാഹിത്യത്തിലെ പുരോഗമന ശബ്ദങ്ങളായ അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാർവിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേൽ തുടങ്ങിയവരുടെ രചനകളെ കേരളത്തിലെ വായനക്കാർക്കു പരിചയപ്പെടുത്തി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായും കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായും ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവർത്തന വിഭാഗത്തിൽ പ്രൊഫസറായുമെല്ലാം ജോലിനോക്കിയപ്പോൾ മലയാള സാഹിത്യത്തെ പോഷിപ്പിക്കാനും വിദേശ കൃതികളെ പരിചയപ്പെടുത്തുന്നതിലും അദ്ദേഹം സജീവശ്രദ്ധ വച്ചുപോന്നു. മൂന്നു പതിറ്റാണ്ടായി സച്ചിദാനന്ദനിലൂടെയാണ് ലോകസാഹിത്യത്തിലെ മാറ്റങ്ങൾ മലയാളിവായനക്കാ‌ർ അറിഞ്ഞുപോരുന്നതെന്ന് പറഞ്ഞാലും അതിശയോക്തിയാവില്ല. ലോകരാജ്യങ്ങളിൽ സഞ്ചരിച്ച് യാത്രാവിവരണം തയ്യാറാക്കുമ്പോഴും അവിടത്തെ സമകാലിക സാഹിത്യാവസ്ഥകളെക്കൂടി അദ്ദേഹം പരാമർശിക്കുന്നതു കാണാം.
              കവിതകൾക്കൊപ്പം കനപ്പെട്ട പഠനങ്ങളും ലേഖനങ്ങളും സച്ചിദാനന്ദന്റെ പ്രത്യേകതയാണ്. കുരുക്ഷേത്രം, സംവാദങ്ങൾ സമീപനങ്ങൾ, സംസ്‌കാരത്തിന്റെ രാഷ്ട്രീയം, വീണ്ടുവിചാരങ്ങൾ, മാർക്‌സിയൻ സൗന്ദര്യശാസ്ത്രം: ഒരു മുഖവുര തുടങ്ങി പതിനഞ്ചോളം വരുന്ന ലേഖന സമാഹാരങ്ങൾ ഭാഷയ്ക്ക് ഒരു കവി നൽകിയ വേറിട്ട സംഭാവനയാകുന്നു. എഴുത്തച്ഛൻ പുരസ്കാര നിർണയ സമിതിയും കവിയുടെ ഇൗ നേട്ടങ്ങൾ പ്രത്യേകം എടുത്തു പരാമർശിക്കുന്നുണ്ട്. മലയാള ഭാവനയുടെ വ്യത്യസ്തമായ ഒന്നത്യമായി അരനൂറ്റാണ്ടായി നിലനിൽക്കുന്ന സച്ചിദാനന്ദന്റെ എഴുത്തിൽ പ്രതിരോധത്തിന്റെ സംസ്കാരം സ്പന്ദിച്ചുനിൽക്കുന്നുവെന്നാണ് പുരസ്കാര സമിതി വിലയിരുത്തിയത്. ഇൗ ഒൗന്നത്യത്തെ തിരിച്ചറിയുന്നിടത്തു തന്നെയാണ് ഭാഷയും വായനക്കാരും സച്ചിദാനന്ദനോടു കടപ്പെട്ടവരായി മാറുന്നത്.

കേരള കൗമുദി എഡിറ്റോറിയൽ 2017 നവംബർ 2
പാടിയവസാനിപ്പിക്കാത്ത പാട്ടായി ജാനകിയമ്മ

കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് എസ്.ജാനകിയിൽനിന്ന് ആ പ്രഖ്യാപനമുണ്ടായത്. 'പിന്നണിഗാനരംഗത്തും ഗാനമേളാ വേദികളിലും ഇനി എന്റെ ശബ്ദസാന്നിധ്യമുണ്ടാകില്ല. ഞാൻ പാട്ടുനിർത്തുന്നു'. ആറു പതിറ്റാണ്ട് തെന്നിന്ത്യയുടെ സുന്ദരശബ്ദമായി മാറിയ ഗാനകോകിലത്തിന്റെ വാക്കുകൾ സംഗീതലോകത്തും ആരാധകരിലും അത്ഭുതവും അമ്പരപ്പുമാണ് ഉണ്ടാക്കിയത്. പുതുമ നിലനിർത്താനാകാതെ ഗായകർ ഫീൽഡ് ഒൗട്ടായിപ്പോകുന്ന പതിവുണ്ടെങ്കിലും എക്കാലവും തിളങ്ങിനിന്നിരുന്നൊരാൾ, അതും ഇനിയും പാട്ടുകൾ ശേഷിക്കുന്നൊരാൾ പാട്ടുനിർത്തുന്നുവെന്നത് അത്ഭുതം തന്നെയായിരുന്നു.
          ഒരുവർഷത്തിനുശേഷം ശനിയാഴ്ച മൈസൂരുവിലെ മാനസഗംഗോത്രിയിലുള്ള ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ എസ്.ജാനകി പാടി. അതേ പ്രസരിപ്പോടെ, അതേ ശബ്ദമധുരിമയോടെ പല ഭാഷകളിൽനിന്നായി നാൽപ്പതോളം പാട്ടുകൾ. ആരാധകരുടെ കണ്ണും മനസ്സും നിറഞ്ഞു. പരിപാടിക്കിടെ അവർ ഇങ്ങനെ ആവർത്തിച്ചു. 'സംഗീതലോകത്ത് ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞെന്ന തോന്നൽ കുറച്ചു കാലമായുണ്ട്. പല തലമുറകളിലെ സംഗീതസംവിധായകർക്കും ഗായകർക്കുമൊപ്പം പ്രവർത്തിക്കാൻ അവസരമുണ്ടായി. അംഗീകാരങ്ങളും ആരാധകരെയും ആവോളം ലഭിച്ചു. എൺപതു വയസ്സാകാൻ പോകുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ട്. പാട്ട് അവസാനിപ്പിക്കാൻ ഇതിലും പറ്റിയ ഒരവസരമില്ലെന്ന് തോന്നുന്നു. സംഗീതവേദികളിൽ ഇനി ഞാനുണ്ടാവില്ല.'
           ഭാഷയുടെ അതിർവരമ്പുകളെ സ്വരഭംഗികൊണ്ടും ഏതു സ്ഥായിയിലും പാടുവാനുള്ള പ്രതിഭകൊണ്ടും ദക്ഷിണേന്ത്യൻ സംഗീത ലോകത്തെ അതിശയിപ്പിച്ച എസ്.ജാനകി 1957ൽ പത്തൊമ്പതാം വയസ്സിൽ വിധിയിൻ വിളയാട്ട്‌ എന്ന തമിഴ്‌ സിനിമയിൽ ടി.ചലപ്പതി റാവു ഈണമിട്ട പാട്ടു പാടിക്കൊണ്ടായിരുന്നു പിന്നണിഗാന രംഗത്തേക്ക് കടന്നുവരുന്നത്. എം.എസ്. ബാബുരാജാണ് ജാനകിയുടെ തരളിതമായ ശബ്ദം തിരിച്ചറിഞ്ഞ് അവരെ മലയാളത്തിലേക്കെത്തിച്ചത്. പിന്നീട് അറുപതുവർഷം ഒരേ ഗരിമയോടെ അവർ സംഗീതലോകത്ത് നിലകൊണ്ടു. ഇക്കാലയളവിലെല്ലാം ശബ്ദത്തിലെ ചെറുപ്പം അതേപടി നിലനിർത്താനായെന്നതാണ് സവിശേഷത. എല്ലാ ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്‌, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചു.
           വാസന്തപഞ്ചമി നാളിൽ...(ഭാർഗ്ഗവിനിലയം), സൂര്യകാന്തീ..സൂര്യകാന്തീ ..(കാട്ടുതുളസി), തളിരിട്ട കിനാക്കൾ ...(മൂടുപടം), താമരകുമ്പിളല്ലോ...(അന്വേഷിച്ചു കണ്ടെത്തിയില്ല), അവിടുന്നേൻ ഗാനം കേൾക്കാൻ...(പരീക്ഷ), താനേ തിരിഞ്ഞും മറിഞ്ഞും...(അമ്പലപ്രാവ് ), ഇന്നലെ നീയൊരു...(സ്ത്രീ) തുടങ്ങി മലയാള ചലച്ചിത്ര സംഗീതശാഖയുടെ സുവർണകാലത്ത് ഏറ്റവുമധികം ശ്രദ്ധേയഗാനങ്ങൾ പാടിയ ഗായികയാണ് എസ്. ജാനകി.
ഇതുവരെ 48000ലധികം ഗാനങ്ങൾ പാടിയ എസ്.ജാനകിയെ തേടി നാല് ദേശീയ പുരസ്കാരങ്ങളും വിവിധ സംസ്ഥാന സർക്കാരുകൾ നൽകിയ പുരസ്കാരങ്ങൾ 32 പ്രാവശ്യവുമെത്തി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പത്തു കൽപ്പനകൾ എന്ന മലയാള ചിത്രത്തിനുവേണ്ടി മിഥുൻ ഇൗശ്വറിന്റെ ഇൗണത്തിലാണ് ഒടുവിൽ പാടിയത്.
          കേൾവിക്കാരിൽ ഒരിക്കലും പ്രായമാകാത്ത ശബ്ദമാണ് ജാനകിയമ്മയുടേത്. കുട്ടിത്തം നിറഞ്ഞ ആ ശീലുകൾ സദാ ചെറുപ്പമായിക്കൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെ ആസ്വാദകർക്ക് അവർ ഒരിക്കലും പാടിയവസാനിപ്പിക്കാത്തൊരു പാട്ടാണ്.

കേരള കൗമുദി, 2017ഒക്ടോബർ 30

Friday, 27 October 2017

വില്ലന്‍ നായകന്റെയല്ല, സംവിധായകന്റെ സിനിമ

മലയാളത്തില്‍ കണ്ടുശീലിച്ച കുറ്റാന്വേഷണ സിനിമകളുടെ കഥാവേഗമോ ചടുലതയോ സംഭാഷണമാതൃകയോ അനുശീലിക്കുന്ന സിനിമയല്ല ബി.ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ ടീമിന്റെ വില്ലന്‍. കൃത്യമായ പ്രമേയവും അതിനു യോജിക്കുന്ന കഥാപാത്രങ്ങളും പശ്ചാത്തലവും ഒരുക്കി ഒരു  സംവിധായകന്‍ മെനഞ്ഞെടുത്ത സൃഷ്ടിയാണ്. കുറ്റാന്വേഷണകഥകളില്‍ കണ്ടേക്കാവുന്ന ട്വിസ്റ്റോ സസ്‌പെന്‍സോ വില്ലനിലില്ല. ഇതൊന്നുമില്ലാതെ തന്നെ കണ്ടിരിക്കാവുന്ന സിനിമയായി വില്ലനെ മാറ്റുന്നത് മോഹന്‍ലാലിന്റെ അപാരമായ സ്‌ക്രീന്‍ പ്രസന്‍സും ബി.ഉണ്ണികൃഷ്ണനിലെ സംവിധായക മികവുകൊണ്ടുമാണ്. 
ടീസറും ട്രെയിലറും കണ്ട് ഒരു ആഘോഷ മോഹന്‍ലാല്‍ ചിത്രം കാണാനുള്ള മൂഡിലെത്തിയവര്‍ക്ക് വില്ലന്‍ നിരാശ നല്‍കിയേക്കും.എന്നാല്‍ ഹോളിവുഡിലും മറ്റും പതിഞ്ഞ മട്ടില്‍ കഥ പറയുന്ന ത്രില്ലര്‍ സിനിമകളുടെ പാക്കേജ് കണ്ടുശീലിച്ചവര്‍ക്ക് വില്ലന്‍ മികച്ച കാഴ്ചാനുഭവമായി മാറും. നിശ്ചയിച്ചുറപ്പിച്ച പ്ലോട്ടില്‍ ഒരു കഥ മികച്ച രീതിയില്‍ പറഞ്ഞുപോകുകയാണ് സംവിധായകന്‍. ഇവിടെ മോഹന്‍ലാല്‍ ആരാധകരെയോ കൊമേര്‍സ്യല്‍ സിനിമയുടെ സ്ഥിരം ചട്ടക്കൂടോ സംരക്ഷിക്കാന്‍ തയ്യാറാവുന്നില്ല. അതുകൊണ്ടുതന്നെ ഒരു മോഹന്‍ലാല്‍ സിനിമ എന്നതിനേക്കാളുപരി ഒരു ബി.ഉണ്ണികൃഷ്ണന്‍ സിനിമ എന്ന വിശേഷണമായിരിക്കും വില്ലന് ചേരുക. 
അന്വേഷിച്ചുകണ്ടെത്താന്‍ പ്രയാസമുള്ള കൊലപാതകങ്ങള്‍ പോലും ചില സൂചനകളും കണക്കുകൂട്ടലുകളും വച്ച് പ്രവചിക്കാനും കുറ്റവാളികളിലേക്കെത്താനും ശേഷിയുള്ള കഥാപാത്രമാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മാത്യു മാഞ്ഞൂരാന്റെത്. അതുകൊണ്ടുതന്നെ പൊലിസ് സേനയ്ക്ക് അയാള്‍ വളരെ പ്രധാനപ്പെട്ട ഉദ്യോഗസ്ഥനാണ്. കുടുംബജീവിതത്തിലുണ്ടാകുന്ന ദുരന്തം വേട്ടയാടുന്നുണ്ടെങ്കിലും കൃത്യനിര്‍വഹണത്തിനായി അയാള്‍ തിരിച്ചുവരുന്നു. മാത്യു മാഞ്ഞൂരാന്‍ എന്ന പൊലിസ് ഓഫീസറുടെ ഓര്‍മകള്‍ക്കും മാനസികവ്യാപാരങ്ങള്‍ക്കുമാണ് സിനിമ പ്രാധാന്യം നല്‍കുന്നത്. 
 'ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനെ കൊല്ലുന്നതുപോലെ അസ്വാഭാവികമായി മറ്റൊന്നും ഈ ലോകത്തില്ല', വില്ലന്റെ ടീസര്‍ റിലീസ് ചെയ്തതുമുതല്‍ ശ്രദ്ധിക്കപ്പെട്ട മാത്യു മാഞ്ഞൂരാന്റെ ഈ സംഭാഷണം തന്നെയാണ് സിനിമ നല്‍കുന്ന സന്ദേശവും. വിശാല്‍ അവതരിപ്പിക്കുന്ന ഡോ.ശക്തിവേല്‍ സമൂഹത്തില്‍ അനീതി ചെയ്യുന്നവര്‍ക്കെതിരെ ശിക്ഷ നടപ്പാക്കാന്‍ സ്വയംവിധേയനാകുന്ന കഥാപാത്രമാണ്. അയാള്‍ക്ക് തന്റെതായ ശരികളുണ്ടെങ്കിലും കൊലപാതകികളെയും ഏകാധിപതികളെയും ആരാധിക്കുന്നത് വിഡ്ഢിത്തമാണെന്നാണ് മാഞ്ഞൂരാന്‍ ശക്തിവേലിനെ തിരുത്തുന്നത്. എല്ലാ വില്ലനിലും ഒരു നായകനുണ്ട്, അതുപോലെ തിരിച്ചും.ആരാണ് നായകന്‍, ആരാണ് പ്രതിനായകന്‍ എന്ന ചോദ്യത്തിനും സിനിമ ഉത്തരം തേടുന്നു.
സമീപകാലത്ത് മലയാളത്തിലിറങ്ങിയ ത്രില്ലര്‍ സിനിമകളെല്ലാം അടിസ്ഥാനപരമായി പ്രമേയത്തെക്കാള്‍ മേക്കിങ്ങില്‍ ശ്രദ്ധിക്കുന്നവയാണെന്ന് കാണാം. ഓണക്കാലത്ത് പുറത്തിറങ്ങിയ ആദം ജോണ്‍ ഏറ്റവും പുതിയ ഉദാഹരണം. സിനിമയുടെ കഥാപശ്ചാത്തലത്തോട് ചേര്‍ന്നുനില്‍ക്കുന്ന മികച്ച ഫ്രെയിമുകള്‍, കളര്‍ ടോണ്‍, ക്യാമറാ ആംഗിളുകള്‍, എഡിറ്റിങ്ങിലെ ഭദ്രത, പശ്ചാത്തലസംഗീതം എന്നിവയിലെല്ലാമാണ് വില്ലന്‍ ശ്രദ്ധിക്കുന്നത്. ഇക്കാര്യങ്ങളിലെല്ലാം തന്റെ സിനിമയില്‍ മികവും വ്യത്യസ്തതയും വേണമെന്ന ബി.ഉണ്ണികൃഷ്ണന്റെ നിര്‍ബന്ധം വില്ലന് ഗുണം ചെയ്യുന്നുണ്ട്.
പ്രായത്തിലും വേഷത്തിലും പക്വതയാര്‍ന്ന കഥാപാത്രമായി മോഹന്‍ലാല്‍ വില്ലനില്‍ മികച്ചുനില്‍ക്കുന്നു. മിതത്വം സൂക്ഷിക്കുന്ന ഭാവപ്രകടനങ്ങളും അര്‍ഥവത്തായ സംഭാഷണങ്ങളും അതിമാനുഷികമായി യാതൊന്നും ചെയ്തു കൂട്ടാതെയും മാത്യു മാഞ്ഞൂരാന്‍ എന്ന കഥാപാത്രം മോഹന്‍ലാലിന്റെ കൈയ്യില്‍ ഭദ്രമാകുന്നു. മഞ്ജുവാര്യരുടെ കഥാപാത്രത്തിന് ചിത്രത്തില്‍ വലിയൊരു പ്രാധാന്യം കിട്ടുന്നില്ല. വിശാലിന്റെ മലയാളത്തിലേക്കുള്ള പ്രവേശനം മോശമായില്ല. മോഹന്‍ലാലുമൊത്തുള്ള കോമ്പോ സീനുകളിലും വിശാലിന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുന്നതായി.
 മനോജ് പരമഹംസ, എന്‍.കെ.ഏകാംബരം (ക്യാമറ),സുഷിന്‍ ശ്യാം (പശ്ചാത്തലസംഗീതം), ഷമീര്‍ മുഹമ്മദ് (എഡിറ്റിംഗ്) എന്നിവരുടെ പേരുകള്‍ വില്ലന്റെ മേക്കിംഗ് മികവില്‍ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു.
2017 ഒക്ടോബര്‍ 27, കേരളകൗമുദി ഓണ്‍ലൈന്‍
ആള്‍ക്കൂട്ടത്തിന്റെ സാധ്യതകള്‍ തേടിയ സംവിധായകന്‍

കുടുംബബന്ധങ്ങളുടെ കഥപറച്ചിലിലും അതാവിഷ്കരിക്കാൻ സ്റ്റുഡിയോ ഫ്ളോറുകളെയും ആശ്രയിച്ച് നാടകീയതയിൽ നിലകൊണ്ടുപോന്നിരുന്ന മലയാള സിനിമ എഴുപതുകളുടെ രണ്ടാം പകുതിയോടെ അതിൽനിന്ന് മോചനം നേടിയിരുന്നെങ്കിലും പൂർണമായി ജനമധ്യത്തിലേക്ക് എത്തിയിരുന്നില്ല. നിലനിന്നുപോന്ന ശൈലികളെയെല്ലാം പിറകിലേയ്ക്കാക്കി മലയാള സിനിമയെ തെരുവിലേക്കിറക്കുകയും ക്യാമറാ ഫ്രെയിമിലേക്ക് ആൾക്കൂട്ടത്തെ കൊണ്ടുവരികയും ചെയ്തത് എെ.വി.ശശിയായിരുന്നു. എൺപതുകളിലെ കേരളത്തിലെ തെരുവുകളെയും അവിടത്തെ മനുഷ്യരെയും അടയാളപ്പെടുത്തിയ സിനിമകളാണ് എെ.വി.ശശിയെ വലിയ  സിനിമകളുടെ സംവിധായകനാക്കി മാറ്റിയത്.
               
ഒരു കസേരയിൽ ശാന്തനായി ഇരുന്ന് പതിഞ്ഞ ശബ്ദത്തിൽ  നിർദേശങ്ങൾ കൊടുക്കുമ്പൊഴും വലിയൊരാൾക്കൂട്ടത്തെ തന്റെ ഫ്രെയിമുകളിൽ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. എെ.വി.ശശി-ടി.ദാമോദരൻ കൂട്ടുകെട്ടിൽ 1980ൽ പിറന്ന 'അങ്ങാടി' മുതൽ സമൂഹത്തിന്റെ നേർപരിച്ഛേദമെന്നോണമുള്ള മനുഷ്യർ കഥാപാത്രങ്ങളായുള്ള സിനിമകൾ തുടർച്ചയായി സൃഷ്ടിക്കപ്പെട്ടു. രാഷ്ട്രീയക്കാരെയും അബ്കാരി മുതലാളിമാരെയും ഫാക്ടറി തൊഴിലാളികളെയും കള്ളക്കടത്തുകാരെയും വേശ്യകളെയും കൂട്ടിക്കൊടുപ്പുകാരെയും കൂലിത്തല്ലുകാരെയുമെല്ലാം ഇൗ സിനിമകൾ മുഖ്യധാരയിൽ കൊണ്ടുവന്നു. സമൂഹത്തിലെ തിന്മകൾക്കെതിരെ ഉറച്ചുനിന്നു പൊരുതുന്ന മനുഷ്യരുടെ പ്രതിനിധികൾ അങ്ങാടിയിലെ ചുമടെടുക്കുന്നവരിൽനിന്നും കൂലിവേലക്കാരിൽനിന്നും ട്രേഡ് യൂണിയൻ നേതാക്കളിൽ നിന്നുമുണ്ടായി. സുകുമാരനും രതീഷും ജയനും മമ്മൂട്ടിയും മോഹൻലാലും സീമയും സ്ക്രീനിൽ നിറഞ്ഞുനിന്ന് അനീതിക്കെതിരെ ഉറച്ച ശബ്ദമായി മാറിയപ്പോൾ അവരിൽ തങ്ങളെ തന്നെയായിരുന്നു കേരളത്തിലെ സാധാരണക്കാരായ പ്രേക്ഷകർ കണ്ടത്.   ഇൗ സിനിമകളിൽ നായകന്മാർക്കൊപ്പം ഉപനായകന്മാരും ചെറിയ കഥാപാത്രങ്ങളും വ്യക്തിത്വമുള്ള കഥാപാത്രങ്ങളായിരുന്നു. ബാലൻ കെ.നായരും പപ്പുവും കുഞ്ചനും  കുഞ്ഞാണ്ടിയുമെല്ലാം എെ.വി.ശശി സിനിമകളിൽ ചുറ്റുമുള്ള സാധാരണക്കാരന്റെ പ്രതിനിധികളും ഉറച്ച ശബ്ദമുള്ളവരുമായി മാറി.
           
അടിയന്തരാവസ്ഥക്കാലത്തെ മൗനത്തിനുശേഷം മലയാള സിനിമ ഉറക്കെ രാഷ്ട്രീയം വിളിച്ചുപറയാൻ ധൈര്യം കാട്ടിത്തുടങ്ങിയത് ടി.ദാമോദരൻ-എെ.വി.ശശി കൂട്ടുകെട്ടിലെ സിനിമകളിലൂടെയാണ്. നിലനിന്ന രാഷ്ട്രീയ സാഹചര്യങ്ങളോടും അതിലെ പ്രശ്നകേന്ദ്രങ്ങളോടും സ്ഥിരം കലഹിക്കുകയും തിന്മയെ തെരുവിൽ വലിച്ചിഴക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളായിരുന്നു ഇൗ സിനിമകളിൽ എഴുന്നുനിന്നത്. സാധാരണക്കാരന് സമൂഹത്തോട് പറയാനുള്ള ഉറച്ച ശബ്ദമായി മാറുകയായിരുന്നു ഇൗ സിനിമകൾ. നൂറോളം നടീനടന്മാരും അതിന്റെ ഇരട്ടിയിലധികം ജൂനിയർ ആർട്ടിസ്റ്റുകളും അല്ലാതെയുള്ള ജനങ്ങളും  ഇത്തരം സിനിമകളുടെ ഭാഗമായി മാറി. ഇവരെല്ലാം സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കാണികൾക്കത് പുതിയ കാഴ്ചാനുഭവമായി. ഉയർന്ന മുടക്കമുതലിൽ വന്ന ഇൗ ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ അതുവരെയുള്ള റെക്കോർ‌ഡുകൾ ഭേദിക്കുന്നവയായി മാറി. അങ്ങാടി, ഇൗ നാട്, അഹിംസ, വാർത്ത, ആവനാഴി, അതിരാത്രം, അടിമകൾ ഉടമകൾ, അബ്കാരി, 1921 തുടങ്ങിയ സിനിമകളെല്ലാം ഇങ്ങനെ വലിയ ജനക്കൂട്ടത്തെ തീയേറ്ററുകളിലെത്തിച്ചവയായിരുന്
നു. കരച്ചിലും ചിരിയും മാത്രമുൾക്കൊള്ളുന്ന കാഴ്ചശീലത്തിനു വിപരീതമായി തീയേറ്ററിൽനിന്ന് ഉച്ചത്തിലുള്ള കൈയ്യടികളും ആർപ്പുവിളികളും  ഉയർത്തിവിടുന്ന പുതിയ ശീലത്തിനും എൺപതുകളിൽ ഇൗ സിനിമകൾ തുടക്കമിട്ടു.    
               
കലാമൂല്യവും വാണിജ്യതന്ത്രവും ഒരുമിച്ചുചേർത്ത എെ.വി.ശശി സിനിമകൾ നിലനിന്നുപോന്ന നായക,നായികാ സങ്കൽപങ്ങളെയും മാറ്റിമറിച്ചു. കരുത്തരായ നായകന്മാർക്കൊപ്പം തന്റേടമുള്ള നായികമാരെയും എെ.വി.ശശിയുടെ സിനിമകളിൽ കണ്ടു. ഇൗ നായികമാർ പലപ്പൊഴും നായകന്മാർക്കൊപ്പവും മുകളിലും നിന്നു. മുഖാമുഖം നിന്ന് വെല്ലുവിളിക്കുകയും ദീർഘമായ ഡയലോഗുകൾ പറയുകയും ബൈക്ക് ഓടിക്കാനും വില്ലന്മാരെ ഇടിക്കാൻ പോലും തയ്യാറാവുന്ന നായികമാരെയും  ഇൗ സിനിമകളിൽ കാണാനായി. 



2017 ഒക്ടോബര്‍ 24, കേരളകൗമുദി ഓണ്‍ലൈന്‍

Thursday, 26 October 2017

റൊറൈമ മലനിരയിലേക്കൊരു യാത്ര


സിനിമ - ലോങസ്റ്റ് ഡിസ്റ്റന്‍സ്
സംവിധാനം -ക്ലോഡിയോ പിന്റോ
രാജ്യം - വെനസ്വേല
ഭാഷ-സ്പാനിഷ്
ദൈര്‍ഘ്യം -113 മിനിറ്റ്

ലോകത്ത് കണ്ടിരിക്കേണ്ട പത്ത് സ്ഥലങ്ങളില്‍ ഒന്നാണ് ദക്ഷിണ അമേരിക്കയിലെ റൊറൈമ മലനിരകള്‍. ബ്രസീലിനോടും ഗയാനയോടും അതിര്‍ത്തി പങ്കിടുന്ന വെനസ്വലയുടെ കിഴക്കന്‍ അതിര്‍ത്തിപ്രദേശത്തായാണ് റൊറൈമ മലനിരകള്‍ വ്യാപിച്ചുകിടക്കുന്നത്. വാക്കുകള്‍ക്കും അതുണ്ടാക്കുന്ന ഫലവിശേഷത്തിനും ഒട്ടു പരിമിതിയുണ്ടെന്ന് ചില നേരങ്ങളില്‍ ചില യാത്രകളും സ്ഥലങ്ങളും നമ്മളെക്കൊണ്ട് തോന്നിപ്പിക്കാറുണ്ടല്ലോ. അത്തരത്തില്‍ പ്രകൃതി വേണ്ടുവോളം അനുഗ്രഹിച്ചിട്ടുള്ള റൊറൈമ ഭൂപ്രദേശത്തെക്കുറിച്ച് വെനസ്വലക്കാര്‍ക്ക് മനോഹരമായൊരു സങ്കല്‍പ്പവും കാലങ്ങളായി നിലനിര്‍ത്തിപ്പോരുന്ന ഒരു വിശ്വാസവുമുണ്ട്. സമതലപ്രദേശം കടന്ന് കാടുതാണ്ടി റൊറൈമയുടെ ഏറ്റവും ഉയരമേറിയ മവെറിക്ക് ശൃംഗത്തില്‍ച്ചെന്നാല്‍ സ്വര്‍ഗം പൂകാന്‍ സാധിക്കുമെന്നതാണത്. കേള്‍ക്കുമ്പോള്‍ വിചിത്രമെന്നു തോന്നുന്ന ഈ വിശ്വാസത്തിനുപിറകെ സഞ്ചരിക്കുന്നവരാണ് വെനസ്വലക്കാര്‍. ഭൂമിയില്‍ അനുവദിക്കപ്പെട്ട ജീവിതത്തോട് താന്‍ പരിപൂര്‍ണമായി നീതി പുലര്‍ത്തിയെന്നും ഇനി കടന്നുചെല്ലാനുള്ളത് റൊറൈമയിലെ നിത്യതയിലേക്കാണെന്നും തിരിച്ചറിവു കിട്ടുന്നവര്‍ അടിവാരത്തുനിന്ന് മലനിരകളിലേക്കുള്ള യാത്ര തുടങ്ങുന്നു.
       
    

             സന്തോഷസന്താപങ്ങളും അനിശ്ചിതത്വങ്ങളും താണ്ടി അവസാന തെരഞ്ഞെടുപ്പും അതിലേക്കുള്ള യാത്രയുമായി സമതലവും കാടും കടന്നുചെന്ന് ശൃംഗത്തിലെത്തി അവസാനിക്കുന്ന ജീവിതത്തെ അടയാളപ്പെടുത്തുകയാണ് ക്ലോഡിയോ പിന്റോയുടെ വെനസ്വലന്‍ ചിത്രമായ ദി ലോങസ്റ്റ് ഡിസ്റ്റന്‍സ്. ആര്‍ക്കുമാരെയും തിരിച്ചറിയാനോ തിരിഞ്ഞുനോക്കാനോ ആകാത്ത വേഗജീവിതത്തിന്റെ ഒരറ്റവും സ്വച്ഛതയും ശാന്തതയും നിറഞ്ഞ മറ്റൊരറ്റവുമാണ് ഈ സിനിമയിലുള്ളത്. ഉത്തര, ദക്ഷിണ അമേരിക്കകളുടെ ജീവിത, പാരിസ്ഥിതികശൈലീ വ്യത്യാസങ്ങളും സിനിമയില്‍ സജീവചര്‍ച്ചയ്ക്ക് വിഷയമാകുന്നു. നഗരജീവിതം അക്രമത്തിന്റെതും ഗ്രാമം സൈ്വര്യതയുടെയും പ്രതീകമായി അവതരിപ്പിക്കപ്പെടുന്നു.
          
 ഒരു മുത്തശ്ശിയും അവരുടെ കൊച്ചുമകനുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഇവരുടെ ബന്ധത്തിലെ ഊഷ്മളതയും വിട്ടുപോകാനാകാത്തവിധമുളള ഇഴയടുപ്പവും കാഴ്ചക്കാരെ അവരോട് ചേര്‍ക്കും. എത്ര കാതങ്ങള്‍ താണ്ടേണ്ടിവന്നാലും ചില ബന്ധങ്ങള്‍ കണ്ണിചേര്‍ക്കപ്പെടുകതന്നെ ചെയ്യുമെന്നതാണ് ഇവരുടെ ബന്ധം ഓര്‍മിപ്പിക്കുക. മൂന്നു യാത്രകളുണ്ട് സിനിമയില്‍. ലൂക്കാസ് എന്ന കൗമാരക്കാരന്‍ കാരക്കാസ് പട്ടണത്തില്‍നിന്ന് ഇതുവരെ കാണാത്ത മാര്‍ട്ടിനയെന്ന തന്റെ മുത്തശ്ശിയെ കാണാന്‍ അവര്‍ താമസിക്കുന്ന തെക്കുകിഴക്കന്‍ വെനസ്വേലയിലെ ഗ്രാന്റ് സാവന്ന ഗ്രാമത്തിലേക്കും, മുത്തശ്ശി സ്പെയിനില്‍നിന്ന് സാവന്നയിലേക്കും, മാര്‍ട്ടിനയും ലൂക്കാസും റൊറൈമയിലേക്ക് ഒരുമിച്ചു നടത്തുന്നതുമായ യാത്രകള്‍.
            
ജീവിതത്തില്‍ തെരഞ്ഞെടുപ്പിന് വലിയ സാധ്യതയുണ്ട്. എന്തു തെരഞ്ഞെടുക്കണം, ഏതു വഴിക്കുപോകണമെന്നു തുടങ്ങിയുള്ള തീരുമാനങ്ങളിലെ ശരിതെറ്റുകളെക്കുറിച്ചുള്ള അന്വേഷണമാണ് ജീവിതം. അതിലെ നിര്‍ണായകവേളയില്‍ രണ്ടു മനുഷ്യര്‍ നടത്തുന്ന തെരഞ്ഞെടുപ്പുകളും അതിലേക്ക് അവരെ നയിക്കുന്ന യാത്രകളുമാണ് ഈ ചിത്രത്തിന്റെ കേന്ദ്രപ്രമേയമാകുന്നത്. ജീവിതത്തിലേക്കും മറ്റൊന്ന് നേരെതിര്‍വശമായ മരണത്തിലേക്കുമുള്ള യാത്രകളാണിത്. യാത്ര തെരഞ്ഞെടുക്കുന്ന രണ്ടു മനുഷ്യരും പരസ്പരം തിരിച്ചറിയുന്നിടത്താണ് യാത്രകള്‍ പരിപൂര്‍ണതയിലെത്തുന്നത്. ഒരു കുടുംബത്തിലെ ആഴമേറിയതും തകര്‍ക്കാന്‍ പറ്റാത്തതുമായ ബന്ധുത്വത്തിനകത്താണ് തങ്ങളെന്ന് തിരിച്ചറിയാതിരുന്ന ഒരു സ്ത്രീയെയും അവരുടെ കൊച്ചുമകനെയും ഒന്നിപ്പിക്കുന്ന യാത്ര അവര്‍ക്ക് തിരിച്ചറിവിന് ഇടനല്‍കുന്നു. നിങ്ങളുടെ തെരഞ്ഞൈടുപ്പ് തന്നെയാണ് നിങ്ങളുടെ വിധി തീരുമാനിക്കുന്നതെന്നാണ് സിനിമ ആത്യന്തികമായി പറഞ്ഞുവയ്ക്കുന്നത്. മനുഷ്യബന്ധത്തെ പ്രകൃതിയോടും മിത്തുകളോടുമിണക്കി കാഴ്ചയുടെ വലിയ സാധ്യതകള്‍ക്ക് ഇടം നല്‍കുന്ന ശൈലിയാണ് ക്ലോഡിയോ പിന്റോ ചിത്രത്തില്‍ ഒരുക്കിയിട്ടുള്ളത്.


    ദൃശ്യങ്ങളെ ആഴത്തിലും വ്യക്തതയിലുമുള്ള ചിത്രങ്ങളായി കാഴ്ചയെ രസിപ്പിക്കുകയും ഭ്രമിപ്പിക്കുകയും ചെയ്ത് ഉള്ളില്‍ പതിപ്പിക്കുന്ന ഗബ്രിയേല്‍ ഗുവേരയുടെ ക്യാമറ, ബന്ധങ്ങളുടെ ഊഷ്മളതയും തീവ്രതയും ഓര്‍മപ്പെടുത്തുന്ന ക്ലോഡിയോ പിന്റോയുടെ എഴുത്ത്, സവിശേഷമായ കഥപറച്ചില്‍ ശൈലി, കൊച്ചുമകനും മുത്തശ്ശിയുമായി അഭിനയിച്ച് അത്ഭുതപ്പെടുത്തുന്ന കാര്‍മെ ഏലിയാസും ഒമര്‍ മോയയും, പ്രകൃതിയെ കാഴ്ചക്കാരന്റെയുള്ളില്‍ വരച്ചിടാന്‍ പോന്ന പശ്ചാത്തലസംഗീതമൊരുക്കിയ വിന്‍സന്റ് ബരിയെരെ എന്നിവരെല്ലാം ലോംങസ്റ്റ് ഡിസ്റ്റന്‍സിനൊപ്പം യാത്രചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
    2013ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ഭാഷ സംസാരിക്കുന്ന ഈ ചിത്രത്തിന് വലിയ രീതിയില്‍ പ്രേക്ഷകപിന്തുണയും നിരൂപകശ്രദ്ധയും നേടിയെടുക്കാന്‍ കഴിഞ്ഞു. മോണ്‍ട്രിയല്‍, ഹവാന ഉള്‍പ്പടെ അഞ്ച് എട്ട് അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പുരസ്‌കാരവും എട്ടു മേളകളില്‍ പരാമര്‍ശവും നേടാന്‍ ലോങസ്റ്റ് ഡിസ്റ്റന്‍സിനായി.
(ലൂമിയർ ആർട്ട്, പഞ്ചായത്ത് രാജ്, ഒക്ടോബർ 2017)

Saturday, 14 October 2017

വായനക്കാരെ വിഭ്രമിപ്പിച്ച ദേവനായകി 

വയലാർ അവാർഡ് ലഭിച്ച ടി . ഡി. രാമകൃഷ്ണന്റെ എഴുത്തുവഴിയിലൂടെ...
മലയാളത്തിന് ‌അത്ര പരിചിതമല്ലാത്ത ഭാവനയും ചിന്തയും ആഖ്യാനശൈലിയുമായി ടി.ഡി.രാമകൃഷ്ണൻ എത്തുന്നത് ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്. നരവംശശാസ്ത്രവും മനുഷ്യന്റെ നന്മതിന്മയും അതിജീവനത്തിനായുള്ളപോരാട്ടവും കീഴ്പെടലും വിഷയമാക്കിയ 'ആൽഫ' വായനക്കാരനിൽ ഉണ്ടാക്കിയത് ഭ്രമാത്മകമായ നവ്യാനുഭവമായിരുന്നു. എന്നാൽ പുറത്തിറങ്ങിയ കാലത്ത് ഇൗ നോവൽ വേണ്ടത്ര വായിക്കപ്പെടുകയുണ്ടായില്ല; ഫ്രാൻസിസ് ഇട്ടിക്കോര എന്ന രണ്ടാമത്തെ നോവലാണ് ആഘോഷിക്കപ്പെട്ടത്. ആൽഫ വായിച്ച് അത്ഭുതം കൂറിയും മറ്റുള്ളവരോട് വായനയ്ക്കായി നിർദ്ദേശിച്ചും ടി.ഡിയുടെ അടുത്ത പുസ്തകത്തിനായി ക്ഷമകെട്ട് കാത്തിരുന്നവർക്കിടയിലേക്കാണ് ആറുവർഷത്തിനുശേഷം ഫ്രാൻസിസ് ഇട്ടിക്കോരയെത്തുന്നത്.

നോവലിന് ഭാവിയില്ലെന്നും ഇതിഹാസമാനമുള്ള വലിയ നോവലുകൾ ഉണ്ടാകില്ലെന്നും വിശ്വസിച്ചിരുന്നവർക്ക് ഇട്ടിക്കോരയെന്ന അത്ഭുതമായിരുന്നു ടി.ഡി രാമകൃഷ്ണൻ സമ്മാനിച്ചത്. ഒട്ടൊരുകാലം അനക്കമില്ലാതെ കിടന്ന മലയാള നോവൽസാഹിത്യത്തിനും നോവൽ വില്പനയിടങ്ങളിലും പുതിയ ഉണർവാണ് ഇൗ പുസ്തകമുണ്ടാക്കിയത്. പല അടരുകളിലായി ചരിത്രവും ശാസ്ത്രവും ഗണിതവും പെണ്ണും കാമവും വിപ്ലവവും ഇഴയടുപ്പം തീർക്കുന്ന ആഖ്യാനരീതി അതുവരെ നിലനിന്നുപോന്ന മലയാള നോവലെഴുത്തു ശൈലിയെത്തന്നെ പാടേ മാറ്റിമറിക്കാൻ പോന്നതായിരുന്നു. ബൗദ്ധികവ്യാപാരമെന്ന തലത്തിൽ നിന്നുകൊണ്ട് ഒരു എഴുത്തുകാരൻ തന്റെ എഴുത്തിനെ അതീവഗൗരവുമുള്ള പ്രക്രിയയായി കണ്ടതിന്റെ ഫലമായിട്ടാണ് മലയാളത്തിന് ഫ്രാൻസിസ് ഇട്ടിക്കോരയെന്ന കനപ്പെട്ട കൃതി ലഭിച്ചത്. ഗണിതത്തിന്റെയും കച്ചവടത്തിന്റെയും കണ്ണോടെ ലോകസഞ്ചാരിയായി ജീവിച്ച ഫ്രാൻസിസ് ഇട്ടിക്കോരയുടെ വിചിത്രവും ദുരൂഹവും അമാനുഷികവും ആയ ചരിത്രവും ഇട്ടിക്കോരയുടെ പിന്മുറക്കാർ തുടർന്നുപോരുന്ന വിചിത്രാചാരങ്ങളുമുള്ള നോവൽ കേട്ടുകേൾവികളും കെട്ടുകഥകളും നുണകളും ചേർത്ത് പൊലിപ്പിച്ചെടുക്കാനുള്ള ഒരു ശ്രമം മാത്രമാണെന്ന് ടി.ഡി രാമകൃഷ്ണൻ നോവലിനെപ്പറ്റി പറഞ്ഞു ലഘൂകരിച്ചെങ്കിലും അസാധാരണമായ വായനാനുഭവമെന്ന രീതിയിൽ വായനക്കാർ നോവൽ ആഘോഷിച്ചു. 2009ൽ പുറത്തിറങ്ങിയ നോവലിന്റെ പതിനാലാം പതിപ്പാണ് ഇപ്പോൾ വിപണിയിലുള്ളത്.
ചരിത്രവും മിഥ്യയും യാഥാർഥ്യവും ഭാവനയും ഏതെതെന്ന് തിരിച്ചറിയപ്പെടാനാകാത്തവിധം കൂടിക്കലത്തിയുള്ള ടി.ഡിയുടെ എഴുത്തിന്റെ തുടർച്ചയായിരുന്നു ശ്രീലങ്കൻ വംശീയകലാപം കേന്ദ്രമാക്കി എഴുതിയ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി. ശ്രീലങ്ക പശ്ചാത്തലമാക്കിയെങ്കിലും ലോകത്തെ എല്ലായിടത്തുമുള്ള തിരസ്കരിക്കപ്പെട്ട എല്ലാ മനുഷ്യജീവികൾക്കും വേണ്ടിയായിരുന്നു ഇൗ എഴുത്ത്. ചരിത്രവും മിത്തും ഇടകലർത്തിയുള്ള എഴുത്തുശൈലിയാണ് ആണ്ടാൾ ദേവനായകിയെയും വായനക്കാരോടടുപ്പിച്ചത്. ഇട്ടിക്കോരയ്ക്കു പിറകെ ഇൗ പുസ്തകവും മലയാളത്തിലെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടി. ദീർഘകാലം തമിഴ് നാട്ടിൽ ജോലിചെയ്ത അനുഭവമുള്ള ടി.ഡി.രാമകൃഷ്ണന് തമിഴ്, ലങ്കൻ വംശീയ അധിക്ഷേപപ്രശ്നങ്ങളും കലാപ പശ്ചാത്തലവും പരിചിതമായിരുന്നു.

ഒരു നോവലിൽനിന്ന് അടുത്തതിലേക്ക് എത്തുമ്പോൾ പൂർവഭാരങ്ങളെല്ലാമൊഴിഞ്ഞ പുതിയ എഴുത്തുകാരനായാണ് ടി.ഡി.രാമകൃഷ്ണനെ കാണാനാകുക. അതുതന്നെയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഒന്നര ദശകത്തിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട നോവലെഴുത്തുകാരനായി ടി.ഡിയെ മാറ്റിയതും. വേദികളും പ്രസംഗങ്ങളും പ്രസ്താവനകളുമല്ല, എഴുത്ത് മാത്രമായിരുന്നു ടി.ഡി രാമകൃഷ്ണനെന്ന എഴുത്തുകാരനെ മലയാളി മുഖ്യധാരയിലേക്ക് ഉയർത്തിയത്. എഴുത്തിൽ എന്തു പുതുമയായിരിക്കും കൊണ്ടുവരികയെന്ന ആകാംക്ഷ തന്നെയാണ് അദ്ദേഹത്തിന്റെ പുതിയ പുസ്തകങ്ങൾക്കായുള്ള കാത്തിരിപ്പിൽ വായനക്കാരിലുള്ളതും.
 കേരളകൗമുദി,2017 ഒക്ടോബർ 9

Wednesday, 11 October 2017

ഇച്ചാപ്പിയുടെയും ഹസീബിന്റെയും ആകാശങ്ങള്‍

ജീവിതം തീരെ ചെറുതാണ്. ഓടിപ്പാഞ്ഞ് ഒന്നിളവേല്‍ക്കുമ്പോഴേക്കും തീര്‍ന്നുപോകുന്നത്. ചിലര്‍ ഇക്കാലയളവില്‍ വലിയ ആകാശങ്ങള്‍ കാണും. മറ്റു ചിലര്‍ ചെറിയ ആകാശച്ചോട്ടിലിരുന്ന് വലിയ സ്വപ്‌നങ്ങള്‍ക്കുപിറകെ സഞ്ചരിക്കും. ഇച്ചാപ്പിയും ഹസീബും അങ്ങനെയാണ്. പ്രാവുകളാണ് അവരുടെ ആകാശം. പ്രാവുകളെ വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുന്നതിലാണ് അവരുടെ രാപകലുകള്‍ അര്‍ഥമുള്ളതാകുന്നത്. ഒരര്‍ഥത്തില്‍ അവര്‍ പറവകള്‍ തന്നെയാണ്.
    സൗബിന്‍ ഷാഹിറിന്റെ ആദ്യ സംവിധാന സംരംഭമായ പറവ മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നത് പുതിയ ആകാശവും ഉയരവുമാണ്. ചില സിനിമകള്‍ സംഭവിക്കുന്നത് ഒരു ഭാഗ്യമാണ്. അങ്കമാലി ഡയറീസും ടേക്ക് ഓഫും തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഇത്തരത്തില്‍ ഈ വര്‍ഷം മലയാള സിനിമയ്ക്ക് സംഭവിച്ച ഭാഗ്യങ്ങളാണ്. ഇക്കൂട്ടത്തിലേക്കുള്ള പുതിയ പേരാണ് പറവയുടേത്.
    മലയാളത്തിന് അത്ര പരിചിതമല്ലാത്ത ഒരാഖ്യാന ശൈലിയും കഥാപരിസരവുമാണ് പറവയ്ക്കുള്ളത്. കുട്ടികളെ കേന്ദ്രമാക്കി കഥപറയുന്ന സിനിമകള്‍ മലയാളത്തില്‍ കുറവാണെന്നിരിക്കെ അതിലെ സാധ്യതകളെ പരമാവധി ചൂഷണം ചെയ്യുകയാണ് സൗബിന്‍ പറവയിലൂടെ. ഒപ്പം മലയാള സിനിമ ഇതുവരെ പരിചയപ്പെടുത്തിയിട്ടില്ലാത്ത മട്ടാഞ്ചേരിയിലെ വേറിട്ടൊരു മുഖവും സിനിമ സാധ്യമാക്കുന്നു. മട്ടാഞ്ചേരിയിലെ സാധാരണക്കാരായ മനുഷ്യരുടെ ദിവസജീവിതത്തിലെ രസങ്ങളും ബന്ധങ്ങളിലെ ഇഴയടുപ്പവും ഊഷ്മളതയും പറവയില്‍ കാണാം. മനുഷ്യര്‍ വെറുതെ ഒന്നിച്ചിരിക്കേണ്ടതിന്റെയും വര്‍ത്തമാനം പറഞ്ഞിരിക്കേണ്ടതിന്റെയും ആവശ്യം വലുതാണെന്ന് ഓര്‍മപ്പെടുത്തുന്ന ഒരുപാട് മനുഷ്യരെ സിനിമ പരിചയപ്പെടുത്തും. ഈ മനുഷ്യര്‍ക്കൊന്നും സിനിമ തുടര്‍ച്ചയോ വളര്‍ച്ചയോ നല്‍കുന്നില്ല. അത് ഒട്ടാവശ്യമില്ലാത്തതുമാണ്. അവര്‍ മട്ടാഞ്ചേരിയങ്ങാടിയില്‍ ദിവസവും കണ്ടമുട്ടുന്നവരും വിശേഷങ്ങള്‍ കൈമാറുന്നവരും ഒന്നിച്ചിരുന്നൊരു കട്ടന്‍ചായ കുടിക്കുന്നവരുമാണ്. അതുതന്നെയാണ് അവരുടെ ജീവിതത്തിന്റെ വലിപ്പവും അവരുടെ വലിയ ലോകവും. മൂന്നു തലമുറകളുടെ പ്രതിനിധികളെത്തന്നെ ഈ കൂടിയിരിപ്പില്‍ കാണാം. അവര്‍ക്കെല്ലാമിടയിലുള്ള ഏകതാനത ബന്ധത്തിന്റെ ഊഷ്മളതയാണ്.
   
സിനിമ ബൃഹദാഖ്യാനങ്ങളുടേതല്ലെന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയാണ് പറവ പോലുള്ള ചെറിയ കാര്യങ്ങളിലെ വലിയ ആഖ്യാനസാധ്യതകള്‍ പറയുന്നവ. അസീബും ഇച്ചാപ്പിയും പറവയില്‍ തീര്‍ക്കുന്ന ലോകത്തുനിന്ന് ഒരിക്കലും ഇറങ്ങിപ്പോരാന്‍ നമുക്ക് തോന്നില്ല. അത്രമാത്രം ലളിതവും കെട്ടുറപ്പുമുള്ളതാണ് അവരുടെ ബന്ധവും അതു പറയാന്‍ സംവിധായകന്‍ ഉപയോഗിച്ചിട്ടുള്ള വഴികളും. അവരുടെ ചിരിയും കരച്ചിലും പ്രണയവും നമ്മുടെ തന്നെയാകുന്നു. അവരുടെ സ്‌കൂളും വരാന്തയും ടീച്ചറും ക്ലാസ് മുറിയുമെല്ലാം നമുക്കേറെ പരിചിതം. അവരുടെ പ്രാവുകളും അവയുടെ കുറുകലും ഇണങ്ങലും പറക്കലും അവര്‍ക്കും നമുക്കും കണ്ണുകളിലുണ്ടാക്കുന്നത് ഒരേ വിസ്മയം.
    സിനിമയിലെ ദുല്‍ഖറിന്റെതുള്‍പ്പടെയുള്ള മറ്റു കഥാപാത്രങ്ങള്‍ സിനിമയുടെ ആകെത്തുകയുടെ അല്ലെങ്കില്‍ മട്ടാഞ്ചേരിയിലെ സാധാരണ ആളുകളുടെ പ്രതിനിധികള്‍ മാത്രമാണ്. അവരെല്ലാം ഈ സിനിമയെ മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രേരകഘടകങ്ങള്‍ ആണെന്നിരിക്കെത്തന്നെ ഈ രണ്ടു കുട്ടികളിലൂടെ സാധ്യമാകുന്നത് പുതിയൊരു ലോകമാണ്. ഈ കുട്ടികള്‍ ഫ്രെയിമില്‍ വരുന്ന അവസരങ്ങളിലെല്ലാം പറവ മലയാള സിനിമയുടെ പരിധിവിട്ട് ലോകതലത്തിലേക്കാണ് പറന്നുയരുന്നത്. അങ്ങനെയാണ് പറവയെന്ന സൗബിന്‍ ഷാഹിര്‍ സിനിമയുടെ വിതാനം വലുതാകുന്നതും.
   
മട്ടാഞ്ചേരിയിലെ തെരുവുകളില്‍ അവിടെ ചിരപരിതനായ ഒരാളെപ്പോലെ സൗബിന്റെ സിനിമയുടെ ക്യാമറ നടക്കുകയാണ്. ലിറ്റില്‍ സ്വയമ്പെന്ന ക്യാമറാമാന്റെ അടയാളപ്പെടുത്തല്‍ പ്രക്രിയ കൂടിയാണ് ഈ നടത്തത്തിലൂടെ സാധ്യമാകുന്നത്. മട്ടാഞ്ചേരിയിലെ മുസ്ലിം സമൂഹം, ചെറിയ ക്ലബ്ബും അവിടത്തെ ചെറുപ്പക്കാരും കുട്ടികളും, പ്രാവ് വളര്‍ത്തലും മത്സരവും, മീന്‍ വളര്‍ത്തല്‍, പട്ടം പറത്തല്‍ തുടങ്ങിയ മനുഷ്യന്റെ തീരാകൂട്ടികൗതുകങ്ങളിലേക്കാണ് ഈ ക്യാമറ തിരിച്ചുവയ്ക്കുന്നത്. ഇവിടെയെല്ലാം നമ്മളെത്തന്നെയാണ് സ്‌ക്രീനില്‍ കാണുന്നത്. ഒരു സിനിമയ്‌ക്കൊപ്പമല്ല, നമുക്കൊപ്പം തന്നെ സഞ്ചരിക്കേണ്ടിവരുന്ന അവസ്ഥ. ഈ ചെറുരസങ്ങളുടെ മറവില്‍ ലഹരി കീഴടക്കുന്ന മറ്റൊരു വിഭാഗത്തെയും അതേ ഭൂമികയില്‍ പ്രതിഷ്ഠിക്കുന്നുണ്ട്. ഇത് മട്ടാഞ്ചേരിയുടെയും കേരളത്തിന്റെ മറ്റേതൊരു നാടിന്റെയും പ്രതിനിധാനപ്പെടുത്തലാക്കി മാറ്റാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്. മട്ടാഞ്ചേരിയിലെ തെരുവുകള്‍ക്ക് പഴമയുടെ മണവും നിറവുമാണ്. പഴയ ഓടിട്ട കെട്ടിടങ്ങളും അടുത്തടുത്തായുള്ള വീടുകളും ഇടുങ്ങിയ തെരുവുരകളും പാരമ്പര്യവും തനിമയും ഇഴവിടാതെ ചേര്‍ത്തുവയ്ക്കുകയും ചെയ്തിട്ടുള്ള ഒരു ജനതയുമാണ് അവിടെയുള്ളത്. അവരെ അതുപോലെ പകര്‍ത്തിവച്ചിരിക്കുന്നതില്‍ സിനിമ വിജയിച്ചിരിക്കുന്നു.
    സ്‌കൂള്‍ പ്രണയത്തിന്റെ നനുത്ത പച്ചപ്പുകള്‍ നമുക്കാകെ ഉള്ളം കുളിരുന്നതായി അനുഭവപ്പെടുത്തി ആവിഷ്‌കരിക്കുമ്പോള്‍ത്തന്നെ മുസ്ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന കൗമാരവിവാഹങ്ങളെ തല്ലിനോവിക്കാന്‍ ശ്രമിച്ച് സിനിമ അതിന്റെ സാമൂഹികതയും പ്രഖ്യാപിക്കുന്നുണ്ട്.
   
സൗബിന്‍ ഷാഹിറെന്ന ചിരിപ്പിക്കുന്ന നടനില്‍നിന്ന് പ്രതിഭയുടെ കൈയ്യൊപ്പുള്ള ഒരു സംവിധായകനിലേക്കുള്ള വളര്‍ച്ചയാണ് പറവയുടെ വലിയ ആകര്‍ഷണങ്ങളിലൊന്ന്. ചെറിയ കഥാപാത്രമാണെങ്കിലും അതിന്റെ കാമ്പ് തിരിച്ചറിഞ്ഞ് അഭിനയിക്കാന്‍ ദുല്‍ഖറിനെപ്പോലുള്ള മുന്‍നിര യുവതാരങ്ങള്‍ തയ്യാറാകുന്നത് ആശാവഹമായ ലക്ഷണമാണ്. ഈയിടെ പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയും നായകപ്രാധാന്യമില്ലാത്ത വേഷം ചെയ്തിരുന്നു. ഈ രീതി തുടരുന്നെങ്കില്‍ താരാധിപത്യത്തിനടിപ്പെടാത്ത സിനിമ കെട്ടിപ്പടുക്കുന്നതിന് അത് മികച്ച അടിത്തറ നല്‍കും.
    സിദ്ധിഖ്, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി എന്നിവരുടെ മധ്യവയസ്സുകാരുടെ കഥാപാത്രങ്ങളുടെ സാന്നിധ്യവും ഷെയ്ന്‍ നിഗം എന്ന ഭാവിവാഗ്ദാനത്തിന്റെ സവിശേഷമായ അഭിനയശൈലിയും ചെറിയ നേരത്തേക്കാണെങ്കില്‍പ്പോലും സ്‌ക്രീനിലെത്തുന്ന അഭിനേതാക്കളുടെ യാഥാര്‍ഥ്യത്തോടു ചേര്‍ന്നുനില്‍ക്കുന്ന പ്രകടനങ്ങളും പറവയ്ക്ക് നല്‍കുന്ന ഊര്‍ജം വലുതാണ്.
സ്ത്രീശബ്ദം, ഒക്ടോബർ 2017

Monday, 25 September 2017

നഗ്നത നിസ്സഹായതയുടെ പ്രതീകം കൂടിയാണ്

ഇറ്റാലിയന്‍ സിനിമയില്‍ ആവര്‍ത്തിച്ച് അടയാളപ്പെടുത്തിയിട്ടുള്ള ഒരു പ്രദേശമാണ് സിസിലി. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കകാലത്ത് കറുപ്പിലും വെളുപ്പിലുമായി ലോകം കണ്ട ഈ ഭൂപ്രദേശത്തെ പിന്നീടുവന്ന ഇറ്റാലിയന്‍ ചലച്ചിത്രകാരന്മാരെല്ലാം ക്യാമറയിലാക്കുകയുണ്ടായി. ചില ഭൂമികകള്‍ സിനിമയില്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. എല്ലാ ഭാഷാ സിനിമകളിലും അതതു നാടുകളിലെ ചില സ്ഥലങ്ങളോടുള്ള ഈ സവിശേഷ താത്പര്യം കണ്ടെടുക്കാനാകും. എത്രയാവര്‍ത്തി പകര്‍ത്തിയിട്ടും തീരാത്ത ഇഴയടുപ്പം കൊണ്ടായിരിക്കണം ഈ വീണ്ടെടുപ്പുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നത്.
വിഖ്യാത ഇറ്റാലിയന്‍ സംവിധായകരായ ലൂച്ചിനോ വിസ്‌കോന്തി, മൈക്കലാഞ്ചലോ അന്റോണിയോണി, പിയട്രോ ജെര്‍മി, ഫ്രാന്‍സെസ്‌കോ റോസി, മാര്‍കോ റിസി, ബെര്‍ട്ടൊലൂച്ചി തുടങ്ങിയവരുടെ സിനിമകളിലൂടെയാണ് മെഡിറ്ററേനിയന്‍ കടലിലുള്ള ദ്വീപസമൂഹമായ സിസിലിയാനയെന്ന സിസിലി ലോകസിനിമാ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നത്. വിസ്‌കോന്തിയുടെ ലാ തരാ ട്രെമാ, ദ ലിയോപാര്‍ഡ്, പിയട്രോ ജെര്‍മിയുടെ ഡിവോര്‍സ് ഇന്‍ ഇറ്റാലിയന്‍ സ്‌റ്റൈല്‍, സെഡ്യൂസ്ഡ് ആന്റ് അബാന്‍ഡന്റ് തുടങ്ങിയ സിനിമകളില്‍ ഇക്കൂട്ടത്തില്‍പ്പെടും. ഇറ്റാലിയന്‍ സിനിമയുടെ ആദ്യകാല മാസ്റ്റേഴ്‌സും ഇറ്റാലിയന്‍ നിയോ റിയലിസത്തിന്റെ വക്താക്കളുമായ ഇവരില്‍നിന്ന് പുതിയകാല സിനിമയിലേക്കെത്തുമ്പൊഴും സിസിലി പ്രവിശ്യയോടുള്ള അടുപ്പം ചലച്ചിത്രകാരന്മാരില്‍നിന്ന് മായുന്നില്ല.

 പുതിയകാല സിനിമയില്‍ സിസിലിയുടെ പതാകവാഹകന്‍ സിസിലിയിലെ ബഗറിയയില്‍ ജനിച്ച സിനിമാ പാരഡീസോ എന്ന ചിത്രത്തിലൂടെ ലോകശ്രദ്ധ നേടിയ ജുസെപ്പെ തൊര്‍ണാത്തോറെയാണ്.  സിസിലിയിലെ ഗ്രാമ, നഗരവീഥികളും അവിടത്തെ തീയേറ്ററുമായിരുന്നു സിനിമാ പാരഡീസോയുടെ ഭൂമിക. സ്റ്റാര്‍ മേക്കര്‍, മലേന, ബാറിയ എന്നീ ചിത്രങ്ങളിലുടെ സിസിലിയെ അദ്ദേഹം വീണ്ടും അടയാളപ്പെടുത്തി.
തൊര്‍ണാത്തോറെയുടെ സൃഷ്ടികളില്‍ വിഷയത്തിലെ വൈവിധ്യംകൊണ്ടും കാവ്യാത്മകതമായ ആവിഷ്‌കാരംകൊണ്ടും എക്കാലത്തേക്കുമുള്ള കാഴ്ചാനുഭവമായി മാറിയ ചിത്രമാണ് മലേന. ബോംബര്‍ വിമാനങ്ങള്‍ നഗാരാകാശത്തിനുമീതെ വട്ടമിട്ടു പറക്കുകയും പട്ടാളബൂട്ടുകള്‍ വലിയ ശബ്ദം കേള്‍പ്പിച്ച് ചത്വരങ്ങളിലൂടെ റോന്തുചുറ്റുകയും ചെയ്യുന്ന രണ്ടാം ലോകമഹായുദ്ധകാലത്തെ സിസിലിയാണ് മലേനയുടെ പശ്ചാത്തലം. യുദ്ധത്തിന്റെ അരക്ഷിതാവസ്ഥയും ഭീതിയും ജനങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ തന്നെ മലേനയുടെ ക്യാമറ ചലിക്കുന്നത് മറ്റൊരിടത്തേക്കാണ്. യുദ്ധകാലത്ത് ദൂരെയെവിടെയോ ആയിപ്പോയ പട്ടാളക്കാരന്റെ ഭാര്യ മലേനയെ സിസിലിയിലെ നാട്ടുകാര്‍ എങ്ങനെ പരിചരിക്കുന്നുവെന്നിടത്തേക്കാണ് ആ നോട്ടം. 
ഇറ്റാലിയന്‍ നടിയും മോഡലുമായ മൊണിക്കാ ബെലൂചിയുടെ കരിയര്‍ ബെസ്റ്റായ മലേനയെന്ന കഥാപാത്രം സൃഷ്ടിക്കുന്ന അപാരമായ ഉടലാകര്‍ഷകത്വമാണ് ചിത്രം പുറത്തിറങ്ങിയ കാലത്ത് മാധ്യമശ്രദ്ധയ്ക്കും സജീവചര്‍ച്ചയ്ക്കുമിടയാക്കിയത്. എന്നാല്‍ നഗ്നത കാമത്തിന്റെ മാത്രം സൂചകമല്ല. ചിലപ്പോഴത് നിസ്സഹായതയുടെയും അനുകമ്പയുടെയും പ്രതീകമായിമാറുന്ന ജീവിതാവസ്ഥ കൂടിയാണെന്ന് ജുസെപ്പെ തൊര്‍ണാത്തോറെ ആവിഷ്‌കരിക്കുന്നു. ലൂസിയാനോ വിന്‍സെന്‍സോണിയുടെ മൂലകഥയെ അടിസ്ഥാനമാക്കിയാണ് തൊര്‍ണാത്തോറെ മലേന ഒരുക്കിയിട്ടുള്ളത്. 

ഒറ്റയ്ക്കു കഴിയുന്ന ഒരു സ്ത്രീക്കുമേല്‍ സമൂഹം അതിന്റെ സദാചാരക്കണ്ണ് സദാസമയം തുറന്നുവയ്ക്കും. ഈ കണ്ണ് അവള്‍ക്കു സംരക്ഷണവും ആശ്രയവും നല്‍കാനുള്ളതായിരിക്കില്ല. അവള്‍ തെറ്റായെന്തെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും അവളെ തെറ്റിലേക്കു വീഴ്ത്താന്‍ വഴികളുണ്ടോ എന്ന അന്വേഷണത്തിലേക്കുമായിരിക്കും ഇടതടവില്ലാതെ നോട്ടം പാഞ്ഞുചെല്ലുന്നത്. സമൂഹം സ്വയമേവ വിചാരണ ഏറ്റെടുക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യുമ്പോള്‍ ഒരു മനുഷ്യജീവി എത്രമാത്രം നിസ്സഹായയും ഒറ്റപ്പെട്ടവളുമായി മാറുന്നുവെന്നതിന്റെ പ്രതീകം കൂടിയാകുന്നു മലേന.
മലേനയുടെ കണ്ണുകളില്‍ തനിക്ക് നടന്നെത്തേണ്ട ലക്ഷ്യസ്ഥാനം മാത്രമാണുള്ളത്. ചുറ്റിലുമുള്ള മറ്റു മുഴുവന്‍ കണ്ണുകളാകട്ടെ മലേനയിലും. അവള്‍ ആരോടും സംസാരിക്കുന്നില്ല. നടത്തത്തിന്റെ ആവേഗത്തില്‍ വ്യതിയാനം വരുത്താന്‍ പോലും തയ്യാറല്ല. അവളുടെ കണ്ണുകള്‍ മുന്നിലുള്ള വഴികളിലേക്കുമിടവഴികളിലേക്കുമല്ലാതെ മറ്റൊന്നിലേക്കും തിരിയുന്നില്ല. ചെന്നെത്തേണ്ട ഇടം വരേയ്ക്കും അവളെ പിന്തുടരുന്ന കണ്ണുകളിലാണ് കാഴ്ചകളുടെ തിളക്കമത്രയും.
മലേനയെന്ന അതിസുന്ദരിയായ യുവതിയുടെ ശരീരത്തില്‍ ആകൃഷ്ടരാകുകയാണ് സിസിലിയിലെ ജനങ്ങള്‍. അവിടത്തെ മുഴുവന്‍ ആണുങ്ങളും അവളെ കാമിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. സ്ത്രീകള്‍ പോലും അവളെ അസൂയയോടെ നോക്കുന്നു. സിസിലിയിലെ ആണ്‍നോട്ടക്കാരുടെ പ്രതിനിധിയായ പന്ത്രണ്ടു വയസ്സുകാരനിലൂടെയാണ് അവരുടെ വിചാരവികാരങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. അവന് മലേനയോട് തീരാപ്രണയവും വികാരവുമാണ്. മലേനയെ ഇഷ്ടപ്പെടുന്ന മറ്റു പുരുഷന്മാരെയെല്ലാം അവന്‍ വെറുക്കുന്നുണ്ട്. ദൂരെ ജോലിയിലുള്ള മലേനയുടെ ഭര്‍ത്താവ് യുദ്ധത്തില്‍ മരണപ്പെട്ടുവെന്നാണ് ഗ്രാമവാസികള്‍ കരുതുന്നത്. 
കാണാന്‍ കൊതിച്ച മലേനയുടെ നഗ്നത സിസിലിയിലെ പുരുഷന്മാര്‍ ഒരിക്കല്‍ കണ്ടു. അന്നവര്‍ക്ക് അവളോടു തോന്നിയത് കാമമല്ല, മറിച്ച് അനുകമ്പയാണ്. ഒരുപറ്റം സ്ത്രീകള്‍ വഴിയിലിട്ട് മലേനയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അവസരം കിട്ടിയപ്പോള്‍ മലേനയില്‍ തെറ്റുകാരിയെന്നും സമൂഹത്തിന്റെ നടപ്പുവഴികള്‍ക്ക് ചേരാത്തവളുമെന്ന് മുദ്ര ചാര്‍ത്തി അവളെ കളങ്കിതയാക്കുകയായിരുന്നു സ്ത്രീകള്‍. ഈ ക്രൂരചെയ്തിയില്‍ അവര്‍ വല്ലാതെ ആനന്ദം കണ്ടെത്തി. പുരുഷന്മാരാരും തടഞ്ഞതുമില്ല. അതുവരെ മലേനയിലെ സൗന്ദര്യം സിസിലിയിലെ പുരുഷന്മാര്‍ക്കൊപ്പം ആസ്വദിച്ച കാഴ്ചക്കാരും ഒടുവില്‍ അവര്‍ക്കൊപ്പം അവളോട് അനുകമ്പയുള്ളവരായിമാറുന്നു. 

ലൈംഗികചോദനയെ എത്രമാത്രം സര്‍ഗാത്മകമായി ആവിഷ്‌കരിക്കാമെന്നതിന്റെ ഉത്തമദൃഷ്ടാന്തമായി മാറുകയായിരുന്നു മലേനയില്‍. നഗ്നത അശ്ലീലമായല്ല, നമ്മളോടു ഇഴചേര്‍ന്നുകിടക്കുന്ന ഉദാത്തമായ ശ്ലീലതയായിട്ടാണ് ഇവിടെ അനുഭവപ്പെടുക. സ്ത്രീയുടെ കാമനകളും വിചാരങ്ങളും അവളുടെ സ്വാതന്ത്ര്യബോധത്തിന്റെതു കൂടിയാണ്. അധികം സംസാരിക്കാത്ത, ചുറ്റുപാടുകള്‍ക്ക് കണ്‍ചെവികള്‍ കൊടുക്കാത്ത, നിഗൂഢതകള്‍ ഒളിപ്പിക്കുന്നുവെന്ന് തെറ്റിദ്ധരിച്ചേക്കാവുന്ന മലേനയുടെ ചലനങ്ങളില്‍ സ്വാതന്ത്ര്യബോധവും ഉറച്ച ധാരണകളുമുള്ള സ്ത്രീയാണുള്ളതെന്ന് സിസിലിയിലെ ജനങ്ങള്‍ക്കും പ്രേക്ഷകനും ബോധ്യപ്പെടുന്നിടത്താണ് മലേന ഒഴുകിത്തുടരുന്നത്.
വാണിജ്യവിജയവും നിരൂപകപ്രശംസയും നേടിയ മലേന 2000ല്‍ മികച്ച പശ്ചാത്തലസംഗീതം, ഛായാഗ്രഹണം എന്നിവയ്ക്കുള്ള ഓസ്‌കാര്‍ നാമനിര്‍ദേശം നേടിയിരുന്നു. സിനിമാ പാരഡീസോ പുറത്തിറങ്ങി 12 വര്‍ഷം കഴിഞ്ഞാണ് മലേനയുമായി ജുസെപ്പെ തൊര്‍ണാത്തോറെ എത്തിയത്. ഒരു ചലച്ചിത്രകാരന്റെ ഇരട്ട ക്ലാസിക്ക് എന്ന തരത്തില്‍ ഈ സിനിമകള്‍ രണ്ടും ഒന്നിനൊന്നു മികച്ചുനിന്നു. അതിനുശേഷം വന്ന ബാറിയ ഈ പ്രതീക്ഷകളുടെ ഉയരത്തിലെത്തിയില്ലെങ്കിലും എത്രവര്‍ഷം കാത്തിരുന്നിട്ടായാലും ഒരു മികച്ച സംവിധായകനില്‍നിന്ന് പൂര്‍വരചനകളെ അമ്പരപ്പിക്കുന്ന പുതുനാമ്പ് ഉയിര്‍ക്കൊള്ളുക തന്നെ ചെയ്യുന്നമെന്നതായിരിക്കും കാവ്യനീതി.

(പംക്തി-ലൂമിയര്‍ ആര്‍ട്ട്, പഞ്ചായത്ത്‌രാജ്‌, സെപ്റ്റംബര്‍ 2017)
ആഘോഷിക്കാം പോക്കിരി സൈമണുമൊത്ത്

പത്തുവര്‍ഷത്തിനിടെ മലയാള സിനിമകള്‍ക്ക് ലഭിക്കുന്നതിനെക്കാള്‍ വലിയ ആദ്യദിന വരവേല്‍പ്പാണ്തമിഴ് മുന്‍നിര നായകന്മാരുടെ സിനിമകള്‍ക്ക് കേരളത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. രജനീകാന്ത്, വിജയ്, സൂര്യ, അജിത്, വിക്രം തുടങ്ങിയവര്‍ക്കെല്ലാം വലിയ ആരാധകവൃന്ദവും ശക്തമായ ഫാന്‍സ് അസോസിയേഷന്‍ ചട്ടക്കൂടുമാണ് കേരളത്തിലുള്ളത്. ഫാന്‍സ് യൂണിറ്റുകളുടെ മത്സരിച്ചുള്ള പ്രവര്‍ത്തനമാണ് സിനിമകള്‍ക്ക് ഇത്തരമൊരു വരവേല്‍പ്പ് ലഭിക്കുന്നതിനുപിന്നില്‍. ഇക്കൂട്ടത്തില്‍ എല്ലാ ജില്ലകളിലും ഏറ്റവുമധികം സജീവമായ ഫാന്‍സ് യൂണിറ്റുള്ളത് ഇളയ ദളപതി വിജയ്ക്കാണ്. തമിഴ് സൂപ്പര്‍താരത്തോടുള്ള യുവാക്കളുടെ ഈ ആരാധന തിരിച്ചറിഞ്ഞാണ് ജിജോ ആന്റണി പോക്കിരി സൈമണ്‍ എന്ന ചിത്രമൊരുക്കിയിട്ടുള്ളത്. 
ദിലീപ് നായകനായ രസികന്‍, പൃഥ്വിരാജിന്റെ വണ്‍വെ ടിക്കറ്റ് എന്നിവയാണ് ഫാന്‍സ് അസോസിയേഷന്‍കാരുടെ കഥപറഞ്ഞ് നേരത്തെ പുറത്തിറങ്ങിയിട്ടുള്ള മലയാള സിനിമകള്‍. രസികനില്‍ ദിലീപും അബിയും മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍കാരായും വണ്‍വെ ടിക്കറ്റില്‍ പൃഥ്വിരാജ് മമ്മൂട്ടി ഫാന്‍സ് ഭാരവാഹിയായുമാണ് എത്തിയത്. സിനിമാതാരങ്ങളെ ദൈവങ്ങളായി കാണുന്ന സാധാരണക്കാരുടെ കഥപറഞ്ഞ ഈ സിനിമകളുടെ കൂട്ടത്തിലെ പുതിയ പേരാണ് പോക്കിരി സൈമണ്‍. സണ്ണി വെയ്‌നാണ് ടൈറ്റില്‍ റോളില്‍ വിജയ് ആരാധകനായി എത്തുന്നത്.
കേരളത്തിലെമ്പാടും വിജയ് ഫാന്‍സ് ഉണ്ടെങ്കിലും തിരുവനന്തപുരം കേന്ദ്രീകരിച്ച് സജീവമായ ഫാന്‍സുകാരും അവരുടെ ജീവിതവുമാണ് പോക്കിരി സൈമണില്‍ കടന്നുവരുന്നത്. ചലച്ചിത്രതാരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ക്ക് കേരളത്തില്‍ തുടക്കമിട്ട ചെങ്കല്‍ചൂളയാണ് പ്രധാന കഥാപരിസരം. പോക്കിരി സൈമണി(സണ്ണി വെയ്ന്‍)ന്റെയും ബീമാപ്പള്ളി നൗഷാദി(സൈജു കുറുപ്പ്)ന്റെയും നേതൃത്വത്തിലുള്ള വിജയ് ആരാധകസംഘം ശരാശരി പ്രേക്ഷകര്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാം നല്‍കുന്നുണ്ട്. ഒരു വിജയ് പടം കാണുന്നതിന്റെ മൂഡില്‍ വിജയ് ആരാധകര്‍ക്കും ചിത്രം നന്നേ രസിക്കും. വിജയ് ചിത്രങ്ങളിലെ കഥാസന്ദര്‍ഭങ്ങളും സംഭാഷണങ്ങളും പോക്കിരി സൈമണില്‍ കടന്നുവരുന്നുണ്ട്. 
ഏഴൈതോഴനായ നായകന്‍, സുന്ദരിയും സമ്പന്നയുമായ നായിക, അവര്‍ക്കിടയിലെ പ്രണയം, കുടുംബസ്‌നേഹം, അനീതിക്കെതിരെ നായകന്റെ രോഷം, ശത്രുക്കളെ അവരുടെ ഒളിവിടത്തില്‍ച്ചെന്ന് കീഴ്‌പ്പെടുത്തല്‍ എന്നിങ്ങനെ ഒരു വിജയ് സിനിമയുടെ പാറ്റേണും പോക്കിരി സൈമണ്‍ പിന്തുടരുന്നു. ആദ്യപകുതി ആഘോഷത്തിന്റെ തിമിര്‍പ്പാകുമ്പോള്‍ രണ്ടാംപകുതിയില്‍ അല്‍പം ഗൗരവമായ ഒരു സാമൂഹികപ്രശ്‌നത്തിലേക്ക് ചിത്രം സഞ്ചരിക്കുന്നു. മുന്‍പ് ചില സിനിമകളില്‍ പറഞ്ഞിട്ടുള്ള വിഷയമാണെങ്കില്‍ക്കൂടി അവതരണമികവുകൊണ്ട് പുതുമ നല്‍കാന്‍ പോക്കിരി സൈമണിനാകുന്നുണ്ട്. ആഘോഷ സിനിമയുടെ പ്രേക്ഷകരിലും ഈ സാമൂഹികപ്രശ്‌നത്തിന്റെ ഗൗരവം എത്തിക്കാന്‍ സംവിധായകന് കഴിയുന്നു.
ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് തിരുവനന്തപുരത്തെ വിജയ് ഫാന്‍സ് പ്രവര്‍ത്തകരില്‍ പലരുടെയും ഛായ കാണാം. പ്രതിഫലേച്ഛയോ മറ്റു നേട്ടങ്ങളോ ഇല്ലാതെ ഇതുവരെ നേരില്‍ക്കണ്ടിട്ടു പോലുമില്ലാത്ത ഒരു നടനുവേണ്ടി രാപകല്‍ പ്രവര്‍ത്തിക്കുന്നവരാണിവര്‍. 'ഇവര്‍ക്ക് വേറെ പണിയില്ലേ' എന്നു ചുറ്റുമുള്ളവര്‍ നിരന്തരം ചോദിക്കുന്നു. ഇതിന് ഉത്തരം നല്‍കാന്‍ ഇവര്‍ക്കാകില്ല. പക്ഷേ ആരാധന നെഞ്ചിലുള്ളതാണെന്നു മാത്രം അവര്‍ പറയും. ഇങ്ങനെയുള്ള കുറെ മനുഷ്യരെയാണ് പോക്കിരി സൈമണില്‍ കാണാനാകുക. യഥാര്‍ഥ ജീവിതത്തില്‍ ഈ ആരാധകര്‍ തന്നെയാണ് താരങ്ങളെന്നതാണ് സിനിമ നല്‍കുന്ന സന്ദേശം. കെ.അമ്പാടിയുടെതാണ് തിരക്കഥ. 
നെടുമുടി വേണു, ജേക്കബ്ബ് ഗ്രിഗറി, അപ്പാനി ശരത്, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, അശോകന്‍, ബൈജു എന്നിവരുടെ മികച്ച പ്രകടനം ചിത്രത്തിന് മുതല്‍ക്കൂട്ടാവുന്നു. നായികയായെത്തിയ പ്രയാഗ മാര്‍ട്ടിനും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി.
ചിത്രഭൂമി, 2017 സെപ്റ്റംബര്‍ 23

Monday, 18 September 2017

ആറിത്തണുത്ത കാപ്പുചീനോ

1990ല്‍ സിദ്ധിഖ് ലാലിന്റെ ഇന്‍ ഹരിഹര്‍ നഗറിന്റെ വലിയ വിജയത്തെ തുടര്‍ന്ന് പുതിയൊരു കോമഡി പാറ്റേണ്‍ തന്നെ മലയാള സിനിമയില്‍ രൂപപ്പെടുകയുണ്ടായി. പ്രത്യേകിച്ച് ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്ത നാലോ അഞ്ചോ ചെറുപ്പക്കാര്‍ ഒരുമിച്ചു താമസിക്കുകയും അവര്‍ക്കിടയിലേക്ക് കടന്നുവരുന്ന ഒരു പെണ്‍കുട്ടിയും ആള്‍മാറാട്ടവും തെറ്റിദ്ധാരണയും തമാശയും ഒടുവില്‍ ശുഭാന്ത്യവും കുറിക്കുന്ന ഹാസ്യസിനിമകള്‍. സിദ്ധിഖ് ലാലിന്റെ ട്രെന്‍ഡ് സെറ്ററിന്റെ പുതുമ ഇന്നും നിലനില്‍ക്കുന്നതാണെങ്കില്‍ ആ പാറ്റേണ്‍ പിന്തുടര്‍ന്നുവന്ന തൊണ്ണൂറു ശതമാനവും സിനിമകള്‍ക്കും തീയേറ്ററില്‍ വലിയ ചലനമുണ്ടാക്കാനായില്ല. പിന്നീട് ഈ കോമഡി ട്രാക്കില്‍നിന്ന് മോചനം നേടാന്‍ മലയാള സിനിമ പത്തു വര്‍ഷത്തോളമെടുത്തു.
 ഇടയ്ക്കും തലയ്ക്കും പിന്നെയും ഇത്തരം പരിശ്രമങ്ങള്‍ ഉണ്ടായെങ്കിലും ഉള്‍ക്കനമില്ലാത്ത തമാശ ആസ്വദിക്കാന്‍ മലയാളി പ്രേക്ഷകര്‍ തയ്യാറായില്ല. യുവാക്കളെ ലക്ഷ്യമിട്ട് പുറത്തിറങ്ങുന്ന ഇത്തരം ചിത്രങ്ങളുടെ നിരയിലേക്കാണ് നവാഗതനായ നൗഷാദ് സംവിധാനം ചെയ്ത കാപ്പു ചീനോ വരുന്നത്. പുതിയ കാലത്തിന്റെ മാറിയ ജീവിതരീതിയും തൊഴില്‍സാഹചര്യങ്ങളും ട്രെന്‍ഡുകളും ഉള്‍പ്പെടുത്തി പേരില്‍ പോലും കാലത്തെ അടയാളപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ തീര്‍ത്തും അമേച്വറായ സമീപനംകൊണ്ട് കാപ്പു ചീനോ മധുരവും കടുപ്പവും കുറഞ്ഞ വെറും ചായയായി മാറി.
പരസ്യചിത്ര ഏജന്‍സി നടത്തുന്ന സുഹൃത്തുക്കളായ അഞ്ച് യുവാക്കളാണ് ചിത്രത്തിന്റെ കേന്ദ്രം. ഇവരുടെ ജീവിതത്തിലെ രസങ്ങളും യാദൃശ്ചികമായി സംഭവിക്കുന്ന അബദ്ധങ്ങളും അതു ചുരുള്‍ നിവര്‍ത്താനുള്ള പരിശ്രമവുമൊക്കെ ചേര്‍ന്ന പതിവു കഥാപരിസരം തന്നെയാണ് കാപ്പു ചീനോയ്ക്കുമുള്ളത്. നഗരജീവിതത്തിന്റെ ഫ്രെയിമുകളാല്‍ സമ്പന്നമായ ചിത്രത്തിന്റെ ഭൂരിഭാഗവും കൂട്ടുകാരുടെ കൂടിയിരിപ്പും തമാശകളും തീറ്റയും കുടിയുമൊക്കെയാണ്. എന്നാല്‍ സ്വാഭാവികമായ ഹാസ്യം സിനിമയില്‍ തെല്ലു കുറവാണ്. അതുകൊണ്ടുതന്നെ ചിരിപ്പിക്കാന്‍വേണ്ടി എഴുതിച്ചേര്‍ത്ത തമാശകള്‍ കാണികള്‍ ആസ്വദിക്കുന്നുമില്ല.
ഇനി ഹാസ്യം വിട്ട് ഗൗരവമായ തലമോ അതിന്റെ വികാസമോ അന്വേഷിച്ചാലും കാപ്പു ചീനോയിലൊരിടത്തും അതും കാണുകയില്ല. ചിത്രത്തിന്റെ രണ്ടാംപകുതിയില്‍ അത്തരമൊരു ശ്രമം ഉണ്ടാകുന്നുണ്ടെങ്കിലും നൂറാവര്‍ത്തി കണ്ട അവതരണരീതികൊണ്ട് അത് കാണികളില്‍ മുഷിപ്പാണുണ്ടാക്കുന്നത്. ഗൗരവം കലര്‍ത്താന്‍ കഥയില്‍ കണ്ടെത്തുന്ന വഴിത്തിരിവും അതിന്റെ ചുരുളഴിക്കല്‍ മാര്‍ഗങ്ങളും അമ്പേ ദുര്‍ബലമാകുന്നതോടെ ഹാസ്യവും വൈകാരികതയും ഒരുപോലെ കൈവിടുന്ന സിനിമ പ്രേക്ഷകരെയും തനിച്ചാക്കുന്നു.
ചെറിയ കഥകള്‍ പറച്ചില്‍രീതിയിലെ പുതുമകൊണ്ട് പ്രേക്ഷകപ്രശംസ നേടുന്ന ഒരു ആസ്വാദനകാലമാണ് മലയാള സിനിമയില്‍ നിലനില്‍ക്കുന്നത്. മഹാസംഭവങ്ങളോ കഥകളുടെയും ഉപകഥകളുടെയും തുന്നിച്ചേര്‍പ്പോ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. പറഞ്ഞതില്‍ കൂടുതലായൊന്നും പറയാനില്ലാത്ത തിരക്കഥ തന്നെയാണ് കാപ്പു ചീനോയുടെ ദുര്‍ബലകണ്ണി. ഇതിനെ ചിത്രീകരിക്കുന്നതിനും ഒരു പരിധിയുണ്ടെന്നുവേണം പറയാന്‍. 
ധര്‍മജമന്‍, ഹരീഷ് കണാരന്‍, മനോജ് ഗിന്നസ് എന്നിവരുടെ സാന്നിധ്യവും തരക്കേടില്ലാത്ത പാട്ടുകളും ചിത്രീകരണവുമാണ് അല്‍പം ആശ്വാസമുണ്ടാക്കുന്നത്. എന്നാല്‍ ഇവയ്‌ക്കൊന്നും ചിത്രത്തിന്റെ ആകെത്തുകയായ ദുര്‍ബലതയെ മറികടക്കാനുള്ള ഗുണഫലമില്ലാതെ പോകുന്നു.
ചിത്രഭൂമി, സെപ്റ്റംബര്‍ 16, 2017
ആദം ജോണ്‍: എന്തൊരു പുതുമ!

ഉള്ളടക്കത്തിലെ അച്ചടക്കത്തെക്കാള്‍ സാങ്കേതികമികവിന് പ്രാധാന്യം നല്‍കുന്ന ആദം ജോണ്‍ ഗൗരവമുളള സിനിമ കാണാന്‍ താത്പര്യമുള്ള പ്രേക്ഷകര്‍ക്ക് രുചിക്കുന്ന ചിത്രമായിരിക്കും. പൃഥ്വിരാജിനെ നായകനാക്കി ജിനു വി.എബ്രഹാം ഒരുക്കിയ ആദം ജോണിന്റെ കഥാപശ്ചാത്തലം സ്‌കോട്ട്‌ലാന്റാണ്. വിദേശത്ത് ചിത്രീകരിക്കുന്നതിലൂടെ മലയാള സിനിമയുടെ പുതുമയുള്ള 'മേക്കിങ്' പരീക്ഷണം സാധ്യമാക്കാന്‍ ആദം ജോണിനാകുന്നു. സമ്പന്നമായ ഫ്രെയിമുകളും അവതരണമികവും പശ്ചാത്തലസംഗീതവും ചിത്രത്തിന് മികവു നല്‍കുന്നു. ദുര്‍ബലമായ തിരക്കഥയാണ് ആദം ജോണിനെ പിന്നോട്ടടിപ്പിക്കുന്നത്. പ്രത്യേകിച്ച് പറയാനൊന്നുമില്ലാത്ത ചിത്രത്തില്‍ പലതും ഏച്ചുകൂട്ടി പറഞ്ഞിരിക്കുന്നതായിട്ടാണ് പ്രേക്ഷകന് അനുഭവപ്പെടുക. 
മകളെ തട്ടിക്കൊണ്ടുപോകലും മോചനത്തിനായുള്ള അച്ഛന്റെ പരിശ്രമവുമെന്ന നൂറാവര്‍ത്തി പറഞ്ഞുപഴകിയ കഥയാണ് ആദം ജോണിനും പറയാനുള്ളത്. ഈയൊരു കഥയില്‍ എങ്ങനെ പുതുമ വരുത്തി അവതരിപ്പിക്കാമെന്നതിലാണ് അല്‍പമെങ്കിലും സാധ്യത അവശേഷിക്കുന്നത്. കഥാപശ്ചാത്തലം സ്‌കോട്ട്‌ലാന്റാണെന്നതും ആഭിചാരകര്‍മങ്ങള്‍ക്കുള്ള ഇരയായിട്ടാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതെന്നതും മാത്രമാണ് ചിത്രത്തില്‍ പുതുമയായിട്ടുള്ളത്. ഫാമിലി ഡ്രാമയില്‍നിന്ന ചിത്രം ത്രില്ലര്‍ സ്വഭാവത്തിലേക്ക് മാറുന്നതും ആഭിചാരകര്‍മങ്ങള്‍ പശ്ചാത്തലമാക്കുന്ന ഈ അവതരണമാണ്. എന്നാല്‍ ഇതിന്റെ വിശദീകരണത്തിനും ചിത്രം തയ്യാറാകുന്നില്ല. 
സ്‌കോട്ട്‌ലാന്റില്‍ താമസിക്കുന്ന മലയാളി കുടുംബത്തിലേക്ക് ആകസ്മികമായി എത്തുന്ന ദുരന്തമായി ആറുവയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോകുന്നതും അതിനുപിന്നിലെ കണ്ണികളെ തേടുന്നതുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലാത്ത കുട്ടിയുടെ അച്ഛന്‍ സ്വന്തം നിലയ്ക്ക് കാര്യങ്ങള്‍ അന്വേഷിക്കുകയും കൂട്ടുകാരന്റെ സഹായത്തോടെ പോലീസിനെ വെല്ലുന്ന തരത്തില്‍ അന്വേഷണം നടത്തുകയും സംശയാലുക്കളെ തന്റെ ഒളിവിടത്തിലേക്ക് എത്തിച്ച് ചോദ്യംചെയ്യുകയും കുട്ടിയെ മോചിപ്പിക്കുകയും ചെയ്യുന്നു. കേരളത്തില്‍നിന്ന് സ്‌കോട്ട്‌ലാന്റില്‍ ആദ്യമായെത്തുന്ന തോട്ടമുടമയായ ഒരു സാധാരണ മലയാളി ചെറുപ്പക്കാരന്‍ അവിടെ ചിരപരിചിതനെന്ന പോലെ പെരുമാറുകയും പ്രതിനായകര്‍ക്കെതിരെ വിധി തീരുമാനിക്കുകയും നടപ്പിലാക്കുകയും അന്തിമവിജയം നേടുകയും ചെയ്യുന്നത് തീര്‍ത്തും അസ്വാഭാവികമായി തോന്നും.
മകളെ തട്ടിക്കൊണ്ടുപോയതാരെന്ന് കണ്ടെത്താന്‍ അന്വേഷണവുമായി നീങ്ങുന്ന സാധാരണക്കാരായ അച്ഛന്‍ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. എന്നാല്‍ അത്ര സാധാരണക്കാരനാവാന്‍ കഴിയാത്ത പൃഥ്വിരാജിന്റെ ശരീരഭാഷയില്‍ ഇത്ര ലളിതമായ ഒരു വേഷം ഒതുങ്ങിനില്‍ക്കുന്നില്ലെന്നുവേണം പറയാന്‍. അതുകൊണ്ടുതന്നെ കഥാപരിസരം ആവശ്യപ്പെടുന്നില്ലെങ്കില്‍പ്പോലും നായകന്റെ വേഷത്തിലും വാഹനങ്ങളിലും കൊണ്ടുവരുന്ന വൈവിധ്യം ആരാധകര്‍ക്കുവേണ്ടിയാണെന്നു തീര്‍ച്ച. വിപണിയുടെ ഹരമായ ബൈക്കുകളും കാറുകളും നായകന്‍ ചിത്രത്തില്‍ യഥേഷ്ടം ഉപയോഗിക്കുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകനായ ജിനു എബ്രഹാം നേരത്തെ തിരക്കഥയെഴുതി പൃഥ്വിരാജ് നായകനായ ലണ്ടന്‍ ബ്രിഡ്ജിലും സമാനമായ രീതി ഉപയോഗിച്ചിട്ടുണ്ടെന്നു കാണാം.  
ആദം ജോണിനെ ഒരു 'ബ്ലാക്കിഷ് മൂവി' എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാനാകും. ചിത്രത്തിന്റെ ഭൂരിഭാഗം പങ്കും ഇരുണ്ട പശ്ചാത്തലത്തിലും നിഗൂഢത സൂക്ഷിക്കുന്നതുമാണ്. എന്നാല്‍ പ്രമേയത്തില്‍ അത്രമാത്രം സസ്‌പെന്‍സ് ഒളിപ്പിച്ചുവയ്ക്കുന്നുമില്ല. ആദ്യപകുതിയില്‍ത്തന്നെ കഥാഗതിയെപ്പറ്റി പ്രേക്ഷകന് നല്ല ധാരണ ലഭിക്കുന്നുണ്ട്. പിന്നീട് നായകന്‍ പ്രതിനായകരിലേക്ക് എത്തുന്ന വഴികളെക്കുറിച്ചു മാത്രമാണ് ആകാംക്ഷയുള്ളത്. ഇതാകട്ടെ അത്ര പിരിമുറുക്കം നിറഞ്ഞതുമല്ല. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ പതിവു അതിമാനുഷിക നായക കഥാപാത്രങ്ങളെപ്പോലെത്തന്നെ വില്ലന്മാരെ കീഴടക്കുന്ന നായകന്‍ തന്നെയാണ് ആദം ജോണും. 
സിനിമ യാഥാര്‍ഥ്യത്തോട് കൂടുതല്‍ അടുത്തുനില്‍ക്കുകയും പ്രേക്ഷകര്‍ അത് സ്വീകരിക്കുകയും ചെയ്യുന്ന ഒരു കാലത്താണ് മലയാളത്തില്‍നിന്ന് ഇത്തരം സിനിമകളുമുണ്ടാകുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ആദം ജോണ്‍ പോലുള്ള സിനിമകള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നതിനെക്കാള്‍ ആശങ്കപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പറയേണ്ടിവരും. 

ചിത്രഭൂമി, സെപ്റ്റംബര്‍ 2, 2017