Monday, 14 December 2015

ഒറ്റാലിന്റെ ജീവിതപാഠം

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ ആസ്വാദകപ്രശംസ പിടിച്ചുപറ്റി ജയരാജിന്റെ ഒറ്റാല്‍. മേളയിലെ ലോകസിനിമകളോട് മത്സരിക്കാന്‍ എന്തുകൊണ്ടും യോഗ്യമാണെന്ന് ഒറ്റാല്‍ ആദ്യ പ്രദര്‍ശനത്തോടെ തെളിയിച്ചു. തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ തീയറ്ററായ ശ്രീകുമാറിലെ നിറഞ്ഞ സദസ്സിന്റെ നിലയ്ക്കാത്ത കൈയ്യടി ഒറ്റാലിനുള്ള അംഗീകാരമായി.
ആന്റണ്‍ ചെക്കോവിന്റെ 'വാങ്കേ' എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ഒറ്റാല്‍. നഗരത്തില്‍ ജോലിക്ക് വന്ന കുട്ടി അവന്റെ ദയനീയമായ ജീവിതാവസ്ഥ മുത്തച്ഛനെ കത്തിലൂടെ അറിയിക്കുന്നതിന്റെ ആവിഷ്‌ക്കാരമാണ് ചെക്കോവിന്റെ 'വാങ്കേ'. അതിനെ മറ്റൊരു കഥാപശ്ചാത്തലത്തിലേക്ക് മാറ്റുകയായിരുന്നു ജയരാജ്.
കുട്ടനാട് പശ്ചാത്തലമാകുന്ന ചിത്രം വൃദ്ധനായ താറാവു കര്‍ഷകനും പേരക്കുട്ടിയും തമ്മിലുള്ള ബന്ധമാണ് പറയുന്നത്. കുമരകം വാസുദേവന്‍ എന്ന മത്സ്യത്തൊഴിലാളിയാണ് താറാവു കര്‍ഷകനെ അവതരിപ്പിക്കുന്നത്. പരുഷമായ ജീവിത സത്യങ്ങളും വിസ്മയിപ്പിക്കുന്ന പ്രകൃതിഭംഗിയും തനിമയാര്‍ന്ന സംഗീതവും ഇഴചേര്‍ന്ന ഒറ്റാല്‍ നേര്‍ത്ത വിങ്ങലോടെ കണ്ടവസാനിപ്പിക്കാനാകില്ല.
കുട്ടനാടന്‍ പ്രകൃതിയും മാനുഷികബന്ധവും പറയുമ്പോഴും ബാലവേലയുടെ ദുരിതം പേറുന്ന കുട്ടികളെയും ചിത്രം വിഷയമാക്കുന്നു. ഭരണകൂടത്തിന്റെ ഒത്താശയില്‍ നടക്കുന്ന ശിവകാശിയിലെ പടക്കക്കമ്പനികളില്‍ ആയിരക്കണക്കിന് കുട്ടികള്‍ ജോലി ചെയ്യുന്നുണ്ട്. അകപ്പെട്ടാല്‍ രക്ഷപ്പെട്ട് പുറത്തുപോകാന്‍ കഴിയാത്ത വലയാണിത്തരം കമ്പനികളെന്നത് സാമൂഹിക യാഥാര്‍ഥ്യമാണ്. അങ്ങനൊയൊരു ലോകത്താണ് ഒറ്റാലിലെ കുട്ടപ്പായി എന്ന ബാലനും പെട്ടുപോകുന്നത്. അവന്റെ നഷ്ടമായ നല്ല ജീവിതമാണ് ചിത്രം കാണിക്കുന്നത്.
എം.ജെ. രാധാകൃഷ്ണന്റെ ഛായാഗ്രഹണവും ശ്രീവത്സന്‍.ജെ.മേനോന്റെ പശ്ചാത്തലസംഗീതവും ഒറ്റാലിന്റെ മാറ്റുകൂട്ടുന്നു. ലൈവ് സൗണ്ടില്‍ ചിത്രീകരിച്ചുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
മികച്ച പരിസ്ഥിതി ചിത്രം, മികച്ച അവലംബിത തിരക്കഥ (ജോഷി മംഗലത്ത്) എന്നിവയ്ക്കുള്ള 2014ലെ ദേശീയ പുരസ്‌കാരവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഒറ്റാലിന് ലഭിച്ചിരുന്നു.

മാതൃഭൂമി, ഡിസംബര്‍ 6

No comments:

Post a Comment