Wednesday, 30 December 2015

ഭിന്നലിംഗക്കാര്‍ക്കും വേശ്യകള്‍ക്കും ജീവിതമുണ്ട്

ഭിന്നലിംഗക്കാരെ മൂന്നാമതൊരു കണ്ണുകൊണ്ടാണ് നമ്മള്‍ കാണുന്നതെന്ന് പറയാതിരിക്കാന്‍ വയ്യ. തീര്‍ത്തും വ്യക്തിപരമായൊരു കാര്യം മറ്റുള്ളവരില്‍ എങ്ങനെ അസഹിഷ്ണയുണ്ടാക്കുന്നുവെന്ന് ഇനിയും ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. ആണും പെണ്ണുമായി ജനിക്കുന്നതുപോലെ മറിച്ച് ചിന്തിക്കാനും ജീവിക്കാനും അവകാശമുണ്ട്. ഇത് ഓര്‍മ്മപ്പെടുത്തുകയും ഭിന്നലിംഗക്കാരുടെ ജീവിതവൈഷമ്യങ്ങള്‍ കലയ്ക്ക് വിഷയമാക്കുകയും അവരോട് ഐക്യപ്പെടുകയും ചെയ്യുന്നത് അഭിനന്ദനാര്‍ഹമാണ്. കേരള രാജ്യന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനെത്തിയ അഞ്ചോളം ചിത്രങ്ങള്‍ ഭിന്നജീവിതവും ലൈംഗികത്തൊഴിലാളികളുടെ ജീവിതവും വിഷയമാക്കുന്നവയാണ്.
ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച കന്നട ചിത്രം അയാം നോട്ട് ഹി... ഷി ഞാന്‍ അവനല്ല അവളാണെന്ന് തുറന്നു പ്രഖ്യാപിക്കുന്നു. സ്‌ത്രൈണസ്വഭാവം ആള്‍ക്കൊപ്പം വളരുകയും സ്ത്രീയായി മാറാനുള്ള ആഗ്രഹം വിടാതെ പിന്തുടരുകയും ചെയ്യുന്ന മാദേശിന്റെ ജീവിതത്തിലൂടെയാണ് അയാം നോട്ട് ഹി... ഷി കടന്നുപോകുന്നത്. ഭിന്നലിംഗക്കാര്‍ക്ക് നേരിടേണ്ടിവരുന്ന കഠിനമായ സാഹചര്യങ്ങള്‍ മാദേശിനും അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. ഒടുവില്‍ സ്ത്രീയായി സ്വത്വപ്രഖ്യാപനം നടത്തുന്നതോടെയാണ് ആ ജീവിതം തുടര്‍ച്ച കണ്ടെത്തുന്നത്.

മത്സരവിഭാഗത്തിലുള്ള ശ്രീജിത് മുഖര്‍ജിയുടെ ബംഗാളി ചിത്രം രാജ്കഹിനി ലൈംഗികത്തൊഴിലാളികളുടെ ജീവിതത്തില്‍ ഭരണകൂടത്തിന്റെ ഇടപെടലിനെ ചിത്രീകരിക്കുന്നു. ഓരം ചേര്‍ക്കപ്പെട്ട ജീവിതങ്ങളുടെ നേര്‍ക്കാണ് ഏറ്റവുമെളുപ്പം കടന്നുകയറ്റം സാധ്യമാകുന്നത്. അതാണ് ഭരണകൂടങ്ങള്‍ ചെയ്യുന്നതെന്ന് രാജ്കഹിനി പറഞ്ഞുവെയ്ക്കുന്നു.
വേശ്യകള്‍ക്കും ജീവിതമുണ്ട്. മറ്റെല്ലാ മനുഷ്യരെയും പോലെ അവര്‍ക്കും ജീവിത പ്രശ്‌നങ്ങളുമുണ്ട്. അതൊക്കെയും പങ്കുവെയ്ക്കാന്‍ ചില ഇടങ്ങള്‍ അവര്‍ക്കും വേണം. അര്‍റ്റുറോ റിപ്‌സ്റ്റെയിന്റെ  സ്പാനിഷ് ചിത്രം 'ബ്ലേക്ക് സ്ട്രീറ്റ്' ചര്‍ച്ച ചെയ്യുന്നത് ഈ വിഷയങ്ങളാണ്. വേശ്യാവൃത്തി ചെയ്യുന്ന രണ്ടുപേരുടെ ജീവിതത്തിലേക്ക് ചലിക്കുന്ന ക്യാമറ അവരിലൊതുങ്ങാതെ വീടുകളിലേക്കും അവരെ ആശ്രയിക്കുന്നവരിലേക്കും കടന്നുചെല്ലുന്നു.
ആരും സഹായത്തിനില്ലാതെ അനിശ്ചിതത്വത്തിലാകുന്ന നേരം തുണയാകുന്ന ലൈംഗികത്തൊഴിലാളിയായ സുഹൃത്തിന്റെ മാനുഷികമുഖം കാണിക്കുകയാണ് അമേരിക്കന്‍ ചിത്രമായ 'ടാന്‍ജറിന്‍'. ചലച്ചിത്രനഗരമായ ലോസ് എയ്ഞ്ചല്‍സിന്റെ സാംസ്‌കാരിക ഭൂമികയിലേക്കുള്ള യാത്ര കൂടിയാണ് ഈ ചിത്രം.
ഭിന്നജീവിതം പൂര്‍ണ്ണമായും പശ്ചാത്തലമായും കടന്നുവരുന്ന ചിത്രങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയം ഇവര്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരല്ല എന്നതു തന്നെയാണ്. ജീവിതത്തോട് ആഗ്രഹം അവസാനിച്ചവരല്ല, സാഹചര്യം അങ്ങനെയാക്കിയതോ അപരജീവിതം ആഗ്രഹിക്കുന്നവരോ ആണ് ഇവരെല്ലാമെന്ന് ഈ സിനിമകള്‍ പറയുന്നു. കേവല വിനോദോപാധി എന്നതിനപ്പുറം കാഴ്ചക്കാരനോട് തുറന്നു സംവദിക്കുന്ന സിനിമകള്‍ കലയുടെ സാമൂഹികമായ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്.

മാതൃഭൂമി, ഡിസംബര്‍ 9, 2015


No comments:

Post a Comment