കൊടിയിറക്കം
ഒരാഴ്ചക്കാലം സിനിമ മാത്രം സംസാരിച്ച നഗരം ഇനി ഒരു വര്‍ഷത്തെ കാത്തിരിപ്പിലേക്കു കടക്കും. ലോകസിനിമകളെ അടുത്തറിഞ്ഞ് സിനിമയില്‍ ജീവിച്ച ദിവസങ്ങള്‍ അയവിറക്കി ഡെലിഗേറ്റുകള്‍ വണ്ടികയറും. ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരശ്ശീല വീഴുമ്പോള്‍ സിനിമ മാത്രം മുന്നില്‍നിന്ന എട്ടു ദിവസങ്ങള്‍ക്കു കൂടിയാണ് വിരാമമാകുന്നത്.
മേളയുടെ അവസാന ദിവസമായ വെള്ളിയാഴ്ച നാലു തീയറ്ററുകളില്‍ മൂന്നും ഒരു തീയറ്ററില്‍ രണ്ടു പ്രദര്‍ശനവും മാത്രമാണുള്ളത്. മേളയില്‍ മികച്ച അഭിപ്രായം ഉണ്ടാക്കിയ സിനിമകളുടെ പ്രദര്‍ശനം വ്യാഴാഴ്ച അവസാനിച്ചിരുന്നു. അതുകൊണ്ടുതന്നെ വെള്ളിയാഴ്ച ഡെലിഗേറ്റുകള്‍ വളരെ കുറവായിരിക്കും. എന്നാല്‍ നിശാഗന്ധിയില്‍ വൈകുന്നേരം നടക്കുന്ന സമാപനച്ചടങ്ങില്‍ പങ്കെടുത്തുപിരിയുന്ന പതിവ് വലിയൊരു വിഭാഗം ഡെലിഗേറ്റുകള്‍ക്കുണ്ട്. അവര്‍ വെള്ളിയാഴ്ച കൂടി മേളകളുടെ ഭാഗമായിരിക്കും.
പരാതികളും സംഘര്‍ഷങ്ങളും കുറഞ്ഞ് എല്ലാവര്‍ക്കും സിനിമ കാണാന്‍ അവസരം ലഭിച്ച മേളയായിരുന്നു ഇത്തവണത്തേത്. നിശാഗന്ധിയും ടാഗോറും മേളയില്‍ ഉള്‍പ്പെടുത്തിയതോടെ രണ്ടായിരത്തിലേറെ സീറ്റുകളാണ് അധികമായി ലഭിച്ചത്. ഇത് എല്ലാവര്‍ക്കും സിനിമ കാണാന്‍ അവസരം ഉണ്ടാക്കി. ആവശ്യത്തിനു സീറ്റുകളായതോടെ റിസര്‍വേഷന്‍ ചെയ്യാതെയും സിനിമ കാണാന്‍ ഡെലിഗേറ്റുകള്‍ക്ക് അവസരം ലഭിച്ചു. അതോടെ സീറ്റിനു വേണ്ടിയുള്ള ഇടിയും കുറഞ്ഞു. ശാന്തരായി ക്യൂനിന്ന് തീയറ്ററിനകത്തു കയറി സിനിമ കാണുന്ന ഡെലിഗേറ്റുകള്‍ എല്ലാ തീയറ്റററില്‍ നിന്നുമുള്ള കാഴ്ചയായിരുന്നു. സംഘാടനത്തെക്കുറിച്ചും ആര്‍ക്കും കാര്യമായ പരാതികളില്ല. എന്നാല്‍ പട്ടാളക്കാരെ തീയറ്റര്‍ പരിസരത്ത് വിന്യസിച്ചതില്‍ ഡെലിഗേറ്റുകള്‍ക്കിടയില്‍ ചെറിയ മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. സിനിമ കാണാന്‍ എത്തുന്നവരെ അപകടകാരികളായി കാണേണ്ടതില്ലെന്നാണ് ഇവരുടെ പക്ഷം. മേളയിലെ ഏക ഞായറാഴ്ചയാണ് സിനിമ കാണാന്‍ കൂടുതല്‍ ആളുകളെത്തിയത്.
കൈരളി തീയറ്ററില്‍ നിന്ന് ടാഗോറിലേക്കും നിശാഗന്ധിയിലേക്കും ചലച്ചിത്രമേള വളര്‍ന്നതാണ് ഇത്തവണത്തെ പ്രധാന മാറ്റം. മീഡിയ സെല്ലും മീറ്റ് ദ ഡയറക്ടറുമുള്‍പ്പടെയുള്ള പരിപാടികളും സിനിമാ സംഘടനകളുടെ കൗണ്ടറുകളും ഇക്കുറി പൂര്‍ണ്ണമായും ടാഗോറിലാണ്. ഇതോടെ കൈരളിയിലെ തിരക്ക് കുറഞ്ഞു. മികച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന വേളകളില്‍ മാത്രമാണ് കൈരളി കോംപ്ലക്‌സും പരിസരവും സജീവമായത്. കൈരളിപ്പടവുകള്‍ ചിത്രത്തില്‍നിന്നും പതിയെ മായുകയും ടാഗോര്‍ തീയറ്റര്‍ പരിസരം മേളയുടെ പ്രധാന സാംസ്‌കാരിക ഇടമായി മാറുകയും ചെയ്തു. മേളയുടെ ഭാഗമായുള്ള കലാപരിപാടികള്‍ അരങ്ങേറിയതും ടാഗോര്‍ മുറ്റത്താണ്. ടാഗോര്‍ പരിസരത്ത് ഒരുക്കിയ ഗതകാലസ്മരണ ഉണര്‍ത്തുന്ന ചായക്കട ഈ മേളയില്‍ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ഓര്‍മ്മയായി. മലയാള സിനിമാ ചരിത്രവുമായി ബന്ധപ്പെട്ട സെറ്റുകളും വിവരണങ്ങളും ആകര്‍ഷകമായിരുന്നു.
അതിശയിപ്പിക്കുന്ന സിനിമകളേക്കാള്‍ ശരാശരി നിലവാരം പുലര്‍ത്തിയ സിനിമകളായിരുന്നു ഇത്തവണ പ്രദര്‍ശിപ്പിച്ചവയില്‍ ഏറെയും. ലോകസിനിമാ വിഭാഗത്തിലായിരുന്നു കൂടുതല്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങള്‍. ധീപന്‍, ഡീഗ്രേഡ്, എംബ്രേസ് ഓഫ് ദ സര്‍പന്റ്, ടാക്‌സി, നഹീദ്, വൂള്‍ഫ് ടോട്ടം, ദ ഐഡല്‍, ദ അസാസിന്‍, ഫോഴ്‌സ് ഓഫ് ഡസ്റ്റിനി, മുസ്താങ്, ഒഴിവുദിവസത്തെ കളി, ഫാത്തിമ, സ്റ്റോപ്പ്, മൂര്‍, ലൗ, വിക്ടോറിയ, മണ്‍റോതുരുത്ത്, അയാം നോട്ട് ഹി...ഷി, തുടങ്ങിയ ചിത്രങ്ങള്‍ ആസ്വാദകശ്രദ്ധയില്‍ മുന്നിലെത്തി. മത്സരവിഭാഗത്തില്‍ ദ വയലിന്‍ പ്ലേയര്‍, ബോപം, ജലാല്‍സ് സ്റ്റോറി, ഇമ്മോര്‍ട്ടല്‍, ദ പ്രൊജക്ട് ഓഫ് ദ സെഞ്ച്വറി, ഒറ്റാല്‍ എന്നിവ കൈയ്യടി നേടി.
മികച്ച അഭിപ്രായം ഉണ്ടാക്കിയ സിനിമകളുടെ റിസര്‍വേഷന്‍ ആരംഭിച്ച് മിനിറ്റുകള്‍ക്കകം തീര്‍ന്നുപോകുന്നതും കാണാമായിരുന്നു. റിസര്‍വേഷന്‍ സംവിധാനവും ഫലപ്രദമായിരുന്നു. 60 ശതമാനം സീറ്റുകള്‍ക്കായിരുന്നു റിസര്‍വേഷന്‍. ഈ മേളയിലെ പുതുമയായ ത്രീഡി ചിത്രങ്ങളുടെ പ്രദര്‍ശനത്തിനും ഏറെ കാഴ്ചക്കാരെത്തി. ചൈനീസ് ചിത്രം വൂള്‍ഫ് ടോട്ടം, ഫ്രഞ്ച്-ബെല്‍ജിയം ചിത്രം ലൗ, അമേരിക്കന്‍ ചിത്രം പാന്‍ എന്നിവ കാണാനായിരുന്നു ഈ ഗണത്തില്‍ കൂടുതല്‍ ആളുകള്‍ എത്തിയത്. ഗോവ ചലച്ചിത്ര മേളയില്‍ മികച്ച അഭിപ്രായം ഉണ്ടാക്കിയ ചിത്രങ്ങള്‍ തിരഞ്ഞെടുത്തുകാണാന്‍ ഡെലിഗേറ്റുകള്‍ ശ്രദ്ധിച്ചു.
മേളയില്‍ പങ്കെടുക്കാനെത്തിയ വിദേശ സംവിധായകര്‍ ഐ.എഫ്.എഫ്.കെയയിലെ ജനപങ്കാളിത്തത്തെയും സംഘാടനത്തെയുംപറ്റി മതിപ്പ് പ്രകടിപ്പിച്ചതും ശ്രദ്ധേയമായി. മിക്ക സംവിധായകരും അവരുടെ സിനിമകളുടെ ആദ്യപ്രദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന വേദിയാണ് ഐ.എഫ്.എഫ്.കെ എന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഏഴ് ലോകസിനിമകളുടെ ആദ്യപ്രദര്‍ശനം ഇത്തവണ മേളയില്‍ നടന്നു.
ഡെലിഗേറ്റുകളില്‍ പകുതിയോളവും യുവപ്രേക്ഷകരായി മാറിയെന്നതാണ് ഈ വര്‍ഷത്തെ വലിയ മാറ്റം. സിനിമയെ ഗൗരവമായി കാണുന്ന മുതിര്‍ന്ന ആളുകളുടെതായിരുന്നു കേരള രാജ്യാന്തര മേളയുടെ ആദ്യ എഡിഷനുകള്‍. അടുത്ത കാലത്തായി മലയാള സിനിമയിലേക്ക് കടന്നുവരുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പ്രതിഫലനം മേളയിലും പ്രകടമാകുന്നുണ്ട്. ലോകസിനിമയിലെ മാറ്റങ്ങളും പരീക്ഷണങ്ങളും സസൂക്ഷ്മം വീക്ഷിക്കുന്ന ഒരു തലമുറ രൂപപ്പെടുന്നത് ഏറെ ആശാവഹമായ കാര്യമാണ്. വരുംവര്‍ഷങ്ങളിലും ഇതിന്റെ തുടര്‍ച്ചയായിരിക്കും മേളയില്‍ കാണാനാകുക.
മാതൃഭൂമി, ഡിസംബര്‍ 11- ഐ.എഫ്.എഫ്.കെ
No comments:
Post a Comment