'മൂര്‍' വ്യക്തിത്വമുള്ള പാക് ചിത്രം
പാകിസ്താനി കുടുംബബന്ധങ്ങളെ അവിടത്തെ സാമൂഹികവ്യവസ്ഥിതി ഏതൊക്കെ തരത്തില്‍ ബാധിക്കുന്നുവെന്ന് പറയുകയാണ് ജംഷദ് മഹമൂദ് സംവിധാനം ചെയ്ത 'മൂര്‍'. പാകിസ്താനില്‍ നിന്ന് ഓസ്‌കര്‍ നോമിനേഷന്‍ നേടിയിട്ടുള്ള ഈ ചിത്രം ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ഗോവയില്‍ നടന്ന ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ടിടങ്ങളിലും വലിയ തോതിലുള്ള പ്രേക്ഷക ശ്രദ്ധയും പ്രശംസയും ഈ ചലച്ചിത്രം നേടി.
മൂര്‍ എന്ന ഉറുദു വാക്കിന്റെ അര്‍ത്ഥം അമ്മ എന്നാണ്. പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ ഉള്‍നാടന്‍ ഗ്രാമമായ ഷേലേ ബാഗിലാണ് കഥാകേന്ദ്രം. യഥാര്‍ഥ സംഭവത്തെ അധികരിച്ച് നിര്‍മ്മിച്ച ചിത്രത്തില്‍ ഷേലേബാഗ് റെയില്‍വേസ്റ്റേഷനും പാകിസ്താന്‍ റെയില്‍വേയും മുഖ്യ ഭൂമികയാകുന്നു. ദുരന്തങ്ങള്‍ വിട്ടൊഴിയാതെ പനേരിടേണ്ടിവരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രമായ വാഹിദിന്. ജീവിതത്തില്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കിലും നാടിനോടും വീടിനോടും ആദര്‍ശങ്ങളോടുമുള്ള പ്രതിബദ്ധത വെളിപ്പെടുത്തുകയാണ് വാഹിദ്.
പാകിസ്താനി കൗമാരവും യുവത്വവും തെറ്റുകളിലേക്ക് പോകുന്നതെങ്ങനെയെന്ന് സിനിമ കാട്ടിത്തരുന്നു. അഴിമതിയും കെടുകാര്യസ്ഥതയും ഒരു സര്‍ക്കാര്‍ സ്ഥാപനത്തെ തകര്‍ക്കുന്നതെന്നത് പാക്കിസ്ഥാന്‍ റെയില്‍വേയിലൂടെ നമുക്ക് ബോധ്യപ്പെടുത്തിത്തരുകയാണ് സംവിധായകന്‍ ജംഷദ് മഹമൂദ്. ജീവിതത്തിനൊപ്പം റെയില്‍വേ എന്ന സ്ഥാപനത്തെയും നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന കുറെ ജീവിതങ്ങളെക്കൂടി ഇത് ബാധിക്കുന്നത് ചിത്രത്തില്‍ വിഷയമാകുന്നു.
ബലൂചിസ്താന്റെ മഞ്ഞു മൂടിയ പ്രകൃതി ചടിത്രത്തിന് സവിശേഷഭംഗി നല്‍കുന്നു. തീവ്രവാദികള്‍ക്ക് താവളമായി മാറുന്നത് ഈ സ്ഥലമാണോയെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നും.
പാകിസ്താന്‍ റെയില്‍വേയിലെ എല്ലാ നല്ല ജോലിക്കാര്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ചിത്രം പാക് സിനിമയുടെ മാറ്റവും സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞതിന്റെ വ്യക്തമായ തെളിവുമാണ് പ്രേക്ഷകനുമുന്നില്‍ സമര്‍പ്പിക്കുന്നത്. ബോളിവുഡ് സിനിമകളെ അനുകരിക്കുന്ന പരമ്പരാഗത പാക് സിനിമാ രീതിയ്ക്കും മൂര്‍ മാറ്റം വരുത്തുന്നുണ്ട്.
ഐ.എഫ്.എഫ്.കെ-2015
മാതൃഭൂമി ഓണ്‍ലൈന്‍
No comments:
Post a Comment