സിനിമകളിലെ കൗമാരജീവിതം
എക്‌സിനും ഷെര്‍ളിക്കും പ്രായം പതിമൂന്ന്. ഈ പ്രായത്തില്‍ അക്രമവും മയക്കുമരുന്നും പോര്‍ണോഗ്രഫിയുമെല്ലാം അവര്‍ക്ക് നിത്യപരിചിതമാണ്. സ്‌കൂളില്‍വച്ചും അല്ലാതെയും ഇതിലൂടെയാക്കെ അവര്‍ കടന്നുപോകുന്നുമുണ്ട്. ഈ പറഞ്ഞത് ഒരു സിനിമാക്കഥയാണ്. ഡൊനാറ്റോ റോറ്റുനോ സംവിധാനം ചെയ്ത കൊളംബിയന്‍ ചിത്രം ബൈബി (എ) ലോണ്‍ എന്ന സിനിമയില്‍നിന്നും. എന്നാല്‍ സിനിമ പറയുന്ന വിഷയം ഏതെങ്കിലും ഒരു പ്രദേശത്തിനോ രാജ്യത്തിനോ മാത്രം ബാധകമായതല്ല.
കൗമാരജീവിതത്തിനു പിറകെ സഞ്ചരിക്കുന്ന പത്തോളം സിനിമകളാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചത്. പല രാജ്യങ്ങളില്‍നിന്നും വന്ന ഈ സിനിമകള്‍ ഏകതാനമായ പ്രത്യേകതകള്‍കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. പുതിയകാലത്ത് കൗമാരത്തിനുചുറ്റും ആകര്‍ഷകമായ വലകളാണുള്ളത്. അകപ്പെടാനും തിരഞ്ഞെടുക്കാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.
ചിക്കോ ടെക്‌സീരിയയുടെ പോര്‍ച്ചുഗീസ് ചിത്രമായ ആബ്‌സെന്‍സ് കൗമാരത്തിലേക്കു കടക്കുന്ന ബാലന്റെ അനാഥത്വവും മാതൃകാ പുരുഷനുവേണ്ടിയുള്ള അന്വേഷണവും വിഷയമാക്കുമ്പോള്‍ ഫ്രഞ്ച് ചിത്രം 'എ ചൈല്‍ഡ്ഹുഡ്' വഴിതെറ്റിയ കുടുംബത്തില്‍ പ്രതീക്ഷയറ്റ കൗമാരക്കാരനിലൂടെയാണ് കടന്നുപോകുന്നത്. സ്‌കൂള്‍ ക്ലാസ്സില്‍ വെച്ച് ഗര്‍ഭിണിയാകുന്ന ലൈലയുടെ ജീവിതമാണ് ജര്‍മ്മന്‍യു.എസ്. ചിത്രം പെറ്റിങ് സൂ പറയുന്നത്. പതിനേഴു വയസ്സില്‍ ഗര്‍ഭം ധരിക്കുന്ന അവള്‍ തന്റെ ചുറ്റുമുള്ള ലോകത്തെ വേറിട്ട രീതിയിലാണ് കാണുന്നത്.
വിരസജീവിതം നയിക്കുന്ന പെറുവിലെ ഒരുപറ്റം കൗമാരക്കാര്‍ സൈബര്‍ സ്‌പേസ് ഉപയോഗിച്ച് തങ്ങളുടെ തീവ്രമായ അഭിനിവേശങ്ങള്‍ക്ക് ശമനം കണ്ടെത്താന്‍ ശ്രമിക്കുകയാണ് 'വീഡിയോ ഫീലിയ ആന്‍ഡ് അദര്‍ വൈറല്‍ സിന്‍ഡ്രോംസ്' എന്ന സ്പാനിഷ് ചിത്രത്തില്‍. ലൈംഗികതയും മദ്യവും മയക്കുമരുന്നുമാണ് താത്കാലിക ആഗ്രഹ പൂര്‍ത്തീകരണത്തിന് അവര്‍ ഉപാധിയായി കണ്ടെത്തുന്നത്. ഇന്റര്‍നെറ്റിന്റെ ഭാഷയും സാമൂഹിക മാധ്യമങ്ങളുടെ സൗന്ദര്യശാസ്ത്രവും ഇടകലരുന്ന ദൃശ്യപരിചരണ രീതിയാണ് സംവിധായകന്‍ അവലംബിച്ചിട്ടുള്ളത്.
മാതൃഭൂമി, ഡിസംബര്‍ 9
No comments:
Post a Comment