Wednesday, 15 April 2020

അമ്പതാണ്ടിന്റെ നിറവിൽ ഗോവൻ ചലച്ചിത്രമേള



ഏഷ്യയിലെ ഏറ്റവും ശ്രദ്ധേയമായ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലൊന്നായ ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ 'ഇഫി' ഗോവയിൽ കൊടിയിറങ്ങി. 1952ൽ ആരംഭിച്ച ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സുവർണ ജൂബിലി വർഷം കൂടിയായിരുന്നു ഇത്തവണ. സിനിമകളുടെ സെലക്ഷൻ കൊണ്ടും വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായിരുന്നു മേള. ഭാരത സർക്കാരിന്റെ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയവും ഗോവ സംസ്ഥാന സർക്കാരും ചേർന്ന് സംഘടിപ്പിച്ച മേള നവംബർ 20 മുതൽ 28 വരെ ഗോവയിലെ പനാജി നഗരത്തിലെ ഇനോക്സ് തിയേറ്റർ സമുച്ചത്തിലാണ് നടന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള 250 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. കൂടാതെ 50 വനിതാ ചലച്ചിത്ര പ്രവർത്തകരുടെ 50 സിനിമകളും ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഇന്ത്യയിലെ വിവിധ ഭാഷകളിലെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും പ്രദർശിപ്പിച്ചു.
       ഗൊരാൻ പാസ്‌ജെവികിന്റെ ഇറ്റാലിയൻ ചിത്രം ഡസ്‌പൈറ്റ് ദി ഫോഗ് ആയിരുന്നു ഗോവൻ ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രം. മെച്ചപ്പെട്ട ജീവിതം തേടിയുള്ള മനുഷ്യരുടെ പലായനവും അസ്ഥിത്വ പ്രശ്നങ്ങളുമടങ്ങുന്ന പ്രസക്തമായ മാനുഷിക പ്രശ്നം കൈകാര്യം ചെയ്ത ചിത്രത്തിന് പ്രേക്ഷക പ്രശംസ നേടിയെടുക്കാനായി. ഇന്ത്യൻ പനോരമ വിഭാഗത്തിൽ ഗുജറാത്തി ചിത്രം ഹെല്ലാരുവായിരുന്നു ഉദ്ഘാടനച്ചിത്രം. നോൺ ഫീച്ചർ വിഭാഗത്തിൽ ആശിഷ് പാണ്ഡെയുടെ നൂറെയാണ് ഉദ്ഘാടനച്ചിത്രമായി. മേളയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി അമ്പത് വർഷം മുമ്പ് വിവിധ ഭാഷകളിൽ റിലീസ് ചെയ്ത പന്ത്രണ്ട് ചിത്രങ്ങളുടെ പ്രദർശനവും നടന്നു. ദാദാ ഫാൽക്കെ അവാർഡിന് അർഹനായ അമിതാഭ് ബച്ചന്റെ എട്ട് ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിച്ചു.
        അമേരിക്കയിലെ കുടിയേറ്റ നിയമങ്ങൾ തൊഴിലെടുക്കുന്നവർക്കു സൃഷ്ടിക്കുന്ന പ്രതിസന്ധിയും അതിന്റെ ഫലമായുണ്ടാകുന്ന ചൂഷണങ്ങളും വിഷയമാക്കി ഇസബൽ സാൻഡോവൽ സംവിധാനം ചെയ്ത ലിങ്ക്വ ഫ്രാൻക, എസ്‌തോണിയൻ സംവിധായകൻ മാർട്ടി ഹെൽഡെയുടെ സ്‌കാൻഡനേവിയൻ സൈലൻസ്, ലോകത്തിൽ വളർന്നുവരുന്ന ധനിക ദാരിദ്ര്യ വ്യത്യാസത്തെ സൂക്ഷ്മമായി പ്രതിപാദിക്കുന്ന ബോങ് ജൂൻഹോ സംവിധാനം ചെയ്ത ദക്ഷിണ കൊറിയൻ സിനിമ 'പാരസൈറ്റ്', എർഡെനെബിലിഗ് ഗാൻബോൾഡിന്റെ മംഗോളിയൻ ചിത്രം ദി സ്റ്റീഡ് തുടങ്ങിയവയും അമ്പതാമത് ഗോവൻ ചലച്ചിത്ര മേളയിൽ അഭിപ്രായം നേടിയ ചിത്രങ്ങളായി. വിഖ്യാത സംവിധായകർ മൊഹ്സിൻ മക്മൽബഫിന്റെ 'മാർഗി ആൻഡ് ഹെർ മദറാ'ണ് സമാപന ചിത്രം.
   
         ഇത്തവണ മേളയിൽ സ്‌പെഷ്യൽ ഐക്കൺ പുരസ്‌കാരത്തിന് പ്രശസ്ത നടൻ രജനികാന്ത് അർഹനായി. സിനിമാ രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തിയുള്ളതാണ് പുരസ്‌കാരം.  ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ രജനീകാന്തിന് പുരസ്‌കാരം സമ്മാനിച്ചു. വിദേശ താരത്തിനുള്ള ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ഫ്രഞ്ച് നടി ഇസബേൽ ഹൂപെയ്ക്ക് സമ്മാനിച്ചു.
         മലയാളത്തിന് ഏറെ അഭിമാനിക്കാവുന്ന ഒരു നേട്ടം കൂടി സമ്മാനിച്ചാണ് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇത്തവണ തിരശ്ശീല വീണത്. മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തുടർച്ചയായ രണ്ടാം വർഷവും മികച്ച സംവിധായകനുള്ള രജത മയൂരം പുരസ്‌കാരം സ്വന്തമാക്കിയാണ് കേരളത്തിന്റെ അഭിമാനമായത്. ജല്ലിക്കട്ട് എന്ന ചിത്രമാണ് ലിജോയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. കഴിഞ്ഞ വർഷം ഈ.മ.യൗവിനാണ് ലിജോയ്ക്ക് പുരസ്‌കാരം ലഭിച്ചത്. പതിനഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് രജത മയൂരത്തിന് പുരസ്‌കാര തുകയായി ലഭിച്ചത്. ബ്‌ലെയ്സ് ഹാരിസൺ സംവിധാന ചെയ്ത ഫ്രഞ്ച്, സ്വിസ് ചിത്രം പാർട്ടിക്കിൾസിനാണ് മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം. നാൽപത് ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഗറില്ല രാഷ്ട്രീയ തടവുകാരനായ കാർലോസ് മാരിഗെല്ലയെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ സ്യു ഷോർഷിയാണ് മികച്ച നടൻ. വാഗ്നർ മൗര സംവിധാനം ചെയ്ത മാരിഗെല്ല എന്ന ചിത്രത്തിലൂടെയാണ് സ്യൂ ഷോർഷിക്ക് പുരസ്‌കാരം ലഭിച്ചത്. ഉരുട്ടിക്കൊലയ്ക്ക് വിധേയനായ ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ പോരാട്ടത്തിന്റെ കഥ പറഞ്ഞ മായിഘട്ട് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഉഷ ജാദവ് മികച്ച നടിക്കുള്ള രജത മയൂരത്തിന് അർഹയായി.  പെമ സെഡെന്റെ ബലൂൺ പ്രത്യേക ജൂറി അവാർഡും ഹെല്ലാരൊ പ്രത്യേക ജൂറി പരാമർശവും നേടി. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം രണ്ടു പേർ പങ്കിട്ടു. മരിയസ് ഒട്ട്‌ലേനു സംവിധാനം ചെയ്ത മോൺസ്‌റ്റേഴ്സിനും അമിൻ സിദി ബൗമെദ്ദീൻ സംവിധാനം ചെയ്ത അബൂലൈലയ്ക്കുമാണ് പുരസ്‌കാരം. ബ്‌ലെയ്സ് ഹാരിസനാണ് ചിത്രം സംവിധാനം ചെയ്തത്. ശ്യാമപ്രദാസ് മുഖർജി സ്റ്റേഡിയത്തിൽ നടന്ന  സമാപന സമ്മേളനത്തിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവഡേക്കർ ആണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്.
     
      ഇന്ത്യൻ സാംസ്‌കാരിക കലാ മേഖലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് സംഗീത സംവിധായകൻ ഇളയരാജ, നടൻമാരായ അരവിന്ദ് സ്വാമി, പ്രേം ചോപ്ര, കഥക് നർത്തകൻ പണ്ഡിറ്റ് ബിർജു മഹാരാജ്, അസമീസ് സംവിധാകൻ മഞ്ജു ബോറ തുടങ്ങിയവരെ മേളയിൽ ആദരിച്ചു.
      രാജ്യത്തിന്റെ സിനിമാ സംസ്‌കാരത്തിന്റെയും സംഘാടനത്തിന്റെയും മികവു കൊണ്ട് യശസ്സു നേടിയെടുത്തിട്ടുള്ള മേള വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രേമികളുടെയും സിനിമാ പ്രവർത്തകരുടെയുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. പന്ത്രണ്ടായിരത്തോളം  കാണികളാണ് എട്ടു ദിവസത്തെ മേളയെ സജീവമാക്കാനെത്തിയത്. പതിവുപോലെ പ്രതിനിധികളിൽ വലിയൊരു പങ്ക് കേരളത്തിൽ നിന്നുള്ളവരായിരുന്നു എന്നതും ശ്രദ്ധേയമാണ്. ചലച്ചിത്ര പഠിതാക്കളുടെ വലിയ സാന്നിധ്യവും ഇത്തവണത്തെ മേളയുടെ സവിശേഷതയായിരുന്നു.

ആകാശവാണി, വാർത്താവീക്ഷണം, 2019 ഡിസംബർ 6

No comments:

Post a Comment