Wednesday, 15 April 2020

ആത്മീയ കച്ചവടത്തിലേക്ക് കണ്ണുതുറന്നിടുന്ന ട്രാൻസ്






'ആടുകളുടെ രൂപത്തിൽ വരുന്ന പ്രവാചകൻമാരെ സൂക്ഷിക്കുക, അവർ ചോര കുടിക്കുന്ന ചെന്നായ്ക്കളാണ്.' 

മതവും മതബിംബങ്ങളും മറ കൂടാതെ വെളിച്ചത്തെത്തിയിരിക്കുന്ന ഒരു സാമൂഹിക പരിതസ്ഥിതിയാണ് നടപ്പുകാലത്തിന്റേത്. മതം പറയാൻ മടിയില്ലാത്തവരായി മാറിയിരിക്കുന്ന ആൾക്കൂട്ടം മതത്തിനും വിശ്വാസത്തിനും വേണ്ടി എന്തും ചെയ്യുന്ന ഘട്ടത്തിലുമെത്തിയിരിക്കുന്നു. നവോത്ഥാനം കൊണ്ട് ആർജ്ജിച്ചെടുത്തിരിക്കുന്ന എല്ലാ മൂല്യങ്ങളെയും പിറകോട്ടടിക്കുന്ന വിധത്തിൽ എളുപ്പം വ്രണപ്പെടുന്ന വികാരം മാത്രമായി മതം അധ:പതിച്ചിരിക്കുന്ന കാലത്ത് അഭിപ്രായ സ്വാതന്ത്ര്യങ്ങളെ വിലങ്ങിടുകയാണ് എളുപ്പത്തിൽ ചെയ്തു പോരുന്നത്. മനുഷ്യന്റെ അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും പരിധിയും വിലക്കും നിശ്ചയിക്കപ്പെടുമ്പോൾ ഭൂരിപക്ഷത്തിന്റെ താത്പര്യങ്ങൾ മാത്രം മുന്നിട്ടു നിൽക്കുകയും ന്യൂനപക്ഷം അടിച്ചമർത്തപ്പെടുകയും ചെയ്യുന്നു.
        ഇത്തരമൊരു സാമൂഹിക പശ്ചാത്തലത്തിൽ കലയ്ക്കു പോലും അതിരുകൾ നിശ്ചയിച്ചിട്ടുണ്ട്. അതിർവരകൾ കടന്നു സഞ്ചരിക്കാനാകാതെ കല ശ്വാസം മുട്ടൽ അനുഭവിക്കുമ്പോൾ കലാകാരനും ഏറെ പരിമിതിയുണ്ട്. നിലവിലെ സാമൂഹിക സാഹചര്യത്തിൽ ആത്മീയ, മത കച്ചവടക്കാരെ വെളിച്ചത്തു കൊണ്ടുവരുന്നൊരു സിനിമയെടുക്കമോ എന്ന് തീർച്ചയായും ചലച്ചിത്രപ്രവർത്തകർ സംശയിച്ചേക്കാം. ഈ സംശയത്തെ ഒരു പരിധി വരെ ദൂരീകരിക്കുകയാണ് അൻവർ റഷീദിന്റെ ട്രാൻസ് എന്ന ചിത്രം. മനുഷ്യന്റെ ഭക്തിയെ ചൂഷണം ചെയ്ത് ആത്മീയത കച്ചവടമാക്കി മാറ്റുന്ന ഒരു വിഭാഗത്തെയാണ് ട്രാൻസ് അടയാളപ്പെടുത്തുന്നത്. പ്രാർത്ഥനയും വചന പ്രഭാഷണവും രോഗശാന്തി ശുശ്രൂഷയും വഴി ഭക്തനെ ആത്മീയതയുടെ ലഹരി പിടിപ്പിക്കുന്ന ലോകത്തിലേക്കാണ് ഈ കച്ചവടക്കാർ നയിക്കുന്നത്. മതത്തെയും ഭക്തരെയും ലക്ഷ്യം വയ്ക്കാതെ ഭക്തി കച്ചവടമാക്കുന്നവരെ മാത്രം പ്രതിസ്ഥാനത്തു നിർത്തുകയാണ് അൻവർ റഷീദിന്റെ സിനിമ ചെയ്യുന്നത്. ഇതിലൂടെ ഒരു തരം സേഫ് സോൺ സർഗാത്മകത കാത്തുസൂക്ഷിക്കാൻ സംവിധായകനാകുന്നു. സിനിമ മതത്തെ കുറ്റപ്പെടുത്തുന്നുമില്ല, എന്നാൽ മതത്തെ ആധാരമാക്കി അതിനുപിന്നിൽ നടക്കുന്ന കോടികളുടെ കച്ചവടത്തെ അടയാളപ്പെടുത്തുകയും ചെയ്യുന്നു.
       
        വിജു പ്രസാദ് എന്ന മോട്ടിവേഷണൽ സ്പീക്കറിൽ നിന്ന് ജോഷ്വ കാൾട്ടൺ എന്ന പാസ്റ്ററിലേക്കുള്ള പ്രധാന കഥാപാത്രത്തിന്റെ വളർച്ചയിലൂടെയാണ് ട്രാൻസ് സഞ്ചരിക്കുന്നത്. ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന ഈ കഥാപാത്രം തന്നെയാണ് സിനിമയുടെ ആകെ ഊർജ്ജവും. ഒരു ഗ്ലോബൽ ആക്ടർ എന്ന നിലയിലേക്കുള്ള ഫഹദിന്റെ ട്രാൻസ്ഫർമേഷൻ കൂടിയാണ് ട്രാൻസ് സാധ്യമാക്കുന്നത്. അസാമാന്യമായ ശാരീരിക വഴക്കം വേണ്ടുന്ന ഒരു കഥാപാത്രത്തെ അസാധാരണമാം വിധം ലളിതമായാണ് ഫഹദ് അവതരിപ്പിച്ചിരിക്കുന്നത്. സദനേരം ഊർജ്ജം പ്രസരിപ്പിക്കുകയും സജീവമായി ആളുകൾക്കിടയിൽ ഇടപെടലും ആവശ്യപ്പെടുന്ന ഒരു സ്‌റ്റേജ് പെർഫോർമറുടേതിന് സമാനമായ പ്രകടനമാണ് ഇതിലെ പാസ്റ്ററിൽ നിന്നുണ്ടകേണ്ടത്. ഈ കഥാപാത്രത്തിന്റെ ഉള്ളറിഞ്ഞുള്ള പ്രകടനമാണ് ഫഹദ് നടത്തുന്നതും. അതുകൊണ്ടുതന്നെ ട്രാൻസ് എന്ന സിനിമ പിൽക്കാലത്ത് ഓർക്കപ്പെടുക ഫഹദിലെ നടന്റെ ഗ്രാഫ് ഉയർത്തിയ സിനിമ എന്ന നിലയ്ക്കായിരിക്കും. ഫഹദിലെ പെർഫോമറിന് നിറഞ്ഞാടാൻ അവസരം തുറന്നിട്ടു നൽകിയിരിക്കുകയാണ് ട്രാൻസ്. 
         ഉസ്താദ് ഹോട്ടലിനു ശേഷം വരുന്ന അൻവർ റഷീദിന്റെ സിനിമ എന്നതായിരുന്നു ട്രാൻസിനെ ഏറ്റവുമധികം ശ്രദ്ധേയമാക്കിയത്. എന്നാൽ ഉസ്താദ് ഹോട്ടൽ പോലെ എല്ലാ വിഭാഗം കാണികൾക്കും പ്ലീസിംഗ് ആയൊരു സിനിമയാകാൻ ട്രാൻസിന് കഴിയുന്നില്ല. ഉസ്താദ് ഹോട്ടലിന്റെ ബലം അഞ്ജലി മേനോന്റെ പിഴവില്ലാത്ത തിരക്കഥയായിരുന്നുവെങ്കിൽ ട്രാൻസിന് ഇല്ലാതെ പോയതും അതു തന്നെ. ട്രാൻസിനു വേണ്ടി വിൻസന്റ് വടക്കൻ ഒരുക്കിയ തിരക്കഥ സിനിമയുടെ ഒരു ഘട്ടം പിന്നിട്ടാൽ തറയിലുറയ്ക്കാതെ വായുമാർഗേണ സഞ്ചരിക്കുകയാണ്. ഈ ഒരു ന്യൂനത പ്രകടമാകുന്നത് സിനിമയുടെ രണ്ടാം പാതിയിലാണ്. ആദ്യ പകുതി കണ്ട ഒഴുക്കോടെ സിനിമയുടെ തുടർന്നുള്ള ഭാഗം കാണുന്നതിൽ നിന്ന് ഇത് കാണികളെ പിന്നോട്ടു വലിക്കുന്നു. യാതൊരു ഉദ്വേഗവും ജനിപ്പിക്കാതെയാണ് രണ്ടാം പകുതിയിൽ സിനിമയുടെ സഞ്ചാരം. പ്രതീക്ഷിതമായ സംഭവ പരമ്പരകളുടെ ആവർത്തനം ക്ലൈമാക്സിൽ ചെന്നു നിൽക്കുമ്പോൾ സിനിമയുടെ ആദ്യ പകുതി തന്ന ഊർജ്ജം മാത്രം ബാക്കിയാകുന്നു.
      ചെമ്പൻ വിനോദ്, വിനായകൻ, സൗബിൻ ഷാഹിർ, ഗൗതം മേനോൻ, നസ്രിയ നസീം, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി തുടങ്ങി പെഫോർമാരുടെ നീണ്ട നിര ട്രാൻസിന് സ്വന്തമാണ്. എന്നാൽ ഫഹദിനും ഒരു പരിധി വരെ ശ്രീനാഥ് ഭാസിക്കും മാത്രമാണ് കാണികൾക്ക് ഓർത്തുവയ്ക്കാനുള്ള പ്രകടനം നടത്താനുള്ള സ്‌പേസ് സിനിമ നൽകുന്നത്.

      ബലം കുറഞ്ഞ തിരക്കഥയുടെ കുറവിലും റസൂൽ പൂക്കുട്ടി, അമൽ നീരദ്, അൻവർ റഷീദ് എന്നീ വലിയ പേരുകളാണ് ട്രാൻസിന് കരുത്ത് നൽകുന്നത്. ആയിരക്കണക്കിന് ആളുകൾ കൂടുന്ന ബൈബിൾ കൺവെൻഷൻ ഹാൾ സിനിമയിൽ ഏറെ പ്രാധാന്യമുള്ള ഒരു ഘടകമാണ്. ഈ പ്രാർത്ഥനാ വേളകളുടെ ഫ്രെയിമുകളും അവിടത്തെ ശബ്ദപ്രഘോഷങ്ങളും മാറ്റു പോവാതെ പിടിച്ചെടുക്കാനായതിന്റെ മികവ് സിനിമയുടെ കാഴ്ചയിലുണ്ട്. സിനിമയെ ഏറ്റവുമധികം സജീവമാക്കുന്നതും ഈ പ്രാർത്ഥനാ ഹാളിലെ പ്രകടനങ്ങൾ തന്നെ. ഇത്തരമൊരു സവിശേഷമായ ആൾക്കൂട്ടം ഒരു മണിക്കൂറിലധികം നേരമാണ് സിനിമയിൽ കടന്നുവരുന്നത്. ഈ ചിത്രീകരണം തന്നെ മലയാള സിനിമയെ സംബന്ധിച്ച് പുതുമയാണ്.
      വലിയ ബജറ്റിൽ പല ഷെഡ്യൂളികളിലായി ഏറെക്കാലമെടുത്ത് ചിത്രീകരിച്ചതിന്റെ ഗുണം സിനിമയുടെ കാഴ്ചയിൽ കാണികൾക്കു പകർന്നു കിട്ടുന്നുണ്ട്. കുറേക്കൂടി മുന കൂർപ്പിച്ച ഒരു തിരക്കഥ കൂടിയുണ്ടായിരുന്നെങ്കിൽ പറയുന്ന വിഷയത്തിന്റെ ഗൗരവം കൂടി കണക്കിലെടുത്ത് ട്രാൻസ് മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് കടന്നേനെയെന്ന് നിസ്സംശയം പറയാം.

സ്ത്രീശബ്ദം, 2020 മാർച്ച്‌

No comments:

Post a Comment