Wednesday, 15 April 2020

ലോകസിനിമയുടെ ജാലകം തുറന്നിട്ട മേള


24ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള അവലോകനം

ലോക സിനിമയിലെ പുതിയ മാറ്റങ്ങളും പ്രവണതകളും കാണികൾക്ക് പകർന്നുനൽകി കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ 24ാം പതിപ്പിന് തിരശീല വീണു. സിനിമകളുടെ സെലക്ഷനിലെ മികവും കാണികളുടെ പങ്കാളിത്തവും കൊണ്ട് സജീവമായിരുന്ന മേളയുടെ പ്രതിനിധികളായി പന്ത്രണ്ടായിരത്തോളം പേരാണ് ഇക്കുറി തിരുവനന്തപുരം നഗരത്തിൽ എത്തിയത്. നിശാഗന്ധിയിൽ നടന്ന സമാപന സമ്മേളനത്തോടെയാണ് ചലച്ചിത്ര മേളയ്ക്ക് സമാപനമായത്.
ഡിസംബർ 6 മുതൽ 12 വരെ നടന്ന മേളയിൽ മത്സരവിഭാഗം, ഇന്ത്യൻ സിനിമ, ലോകസിനിമ, കൺട്രി ഫോക്കസ് തുടങ്ങി 15 വിഭാഗങ്ങളിലായി 73 രാജ്യങ്ങളിൽനിന്നുള്ള 186 സിനിമകളാണ് പ്രദർശിപ്പിച്ചത്. രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പടെ 14 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ ഇന്ന് എന്ന വിഭാഗത്തിൽ 7 സിനിമകളും പ്രദർശിപ്പിച്ചു. ലോകസിനിമാ വിഭാഗത്തിൽ 92 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. ആറ് സർക്കാർ തിയേറ്ററുകളടക്കം 14 തിയേറ്ററുകളിലായിട്ടാണ് സിനിമകൾ പ്രദർശിപ്പിച്ചത്.


 

പാരസൈറ്റ്, നോ ഫാദേഴ്സ് ഇൻ കാശ്മീർ..

ശരാശരി നിലവാരം പുലർത്തിയ സിനിമകളാൽ സമ്പന്നമായ മേള എന്നതാണ് ഇക്കുറി ഐ.എഫ്.എഫ്.കെയ്ക്ക് ചേരുന്ന വിശേഷണം. കൊറിയൻ ചിത്രം പാരസൈറ്റ്, ഇന്ത്യൻ ചിത്രം നോ ഫാദേ്ഴ്സ് ഇൻ കാശ്മീർ എന്നിവ ആദ്യ പ്രദർശനം കൊണ്ടു തന്നെ മേളയിൽ ഏറ്റവുമമധികം അഭിപ്രായം നേടിയ ചിത്രങ്ങളായി മാറി. ഈ സിനിമകളുടെ പ്രദർശനത്തിനായിരുന്നു ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടതും. കാശ്മീരിലെ സമകാലിക യാഥാർത്ഥ്യവും ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളിയും പ്രമേയമാക്കിയ നോ ഫാദേഴ്സ് ഇൻ കാശ്മീർ തീവ്ര രാഷ്ട്രീയം പറയുന്ന സിനിമ എന്ന തരത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടേക്കാവുന്ന സിനിമയാണ്. മനുഷ്യർക്കിടയിലെ ക്ലാസ് വിഭജനവും സമ്പന്ന, അടിസ്ഥാന വർഗങ്ങളുടെ ജീവിത വ്യത്യാസവും പ്രമേയമാക്കുന്ന പാരസൈറ്റ് വെറുതെ കണ്ട് കളയാനുള്ള സിനിമയല്ല.
ഡെസ്‌പൈറ്റ് ദി ഫോഗ്, കാമിൽ, അവർ മദേഴ്സ്, ആൾ ദിസ് വിക്ടറി, ആനി മാനി, മായിഘട്ട്, ഐഫ സ്ട്രീറ്റ്, ആദം, സൺസ് ഓഫ് ഡെൻമാർക്ക്, ഡീപ് വെൽ, ബലൂൺ, പാസ്ഡ് ബൈ സെൻസർ, ഡീഗോ മറഡോണ, ഡോർ ലോക്ക്, കേവ്, മേയ്ഡ് ഇൻ ബംഗ്ലാദേശ്, ജസ്റ്റ് 6.5, ഹെല്ലാരോ, ജല്ലിക്കട്ട്, അക്‌സോൺ, ദി പ്രൊജക്ഷനിസ്റ്റ്, ദി ക്വിൽറ്റ്, ആൾ ദിസ് വിക്ടറി, അപാർട്ട് ടുഗദർ തുടങ്ങിയ ചിത്രങ്ങൾ പ്രേക്ഷകപ്രീതിയിൽ മുമ്പിലെത്തി.
ലോകത്തെ മുൻനിര ചലച്ചിത്രമേളകളായ കാൻ, വെനീസ്, ടൊറന്റോ, ബെർലിൻ, ബുസാൻ, റോട്ടർഡാം ഫെസ്റ്റിവലുകളിൽ അംഗീകാരങ്ങൾ വാരിക്കൂട്ടിയ ചിത്രങ്ങൾ മേളയിൽ പ്രദർശനത്തിനുണ്ടായിരുന്നു. സമകാലിക ലോകസിനിമയിലെ മഹാരഥന്മാരായ പെദ്രോ അൽമോദോവർ, മുഹ്സിൻ മക്മൽബഫ്, മൈക്കേൽ ഹനേക, കെൻ ലോച്ച്, ഫത്തിഹ് അകിൻ, കോസ്റ്റ ഗാവ്രാസ്, ഏലിയ സുലൈമാൻ തുടങ്ങിയവരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ മേളയിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യൻ സിനിമയിലെ മൺമറഞ്ഞ പ്രതിഭകളായ മൃണാൾ സെൻ, ഗിരീഷ് കർണാട്, ലെനിൻ രാജേന്ദ്രൻ, എം.ജെ. രാധാകൃഷ്ണൻ, മിസ് കുമാരി, ടി.കെ. പരീക്കുട്ടി എന്നിവർക്ക് സ്മരണാഞ്ജലി അർപ്പിച്ച് ഇവരുടെ ഏഴ് ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ദേശീയ പുരസ്‌കാര ജേതാവായ മുതിർന്ന നടി ശാരദയ്ക്ക് ആദരമർപ്പിച്ച് റേട്രോസ്‌പെക്ടീവ് വിഭാഗത്തിൽ നാലു ചിത്രങ്ങൾ പ്രദർശിപ്പിച്ചു.


 

ചർച്ച ചെയ്യപ്പെട്ട് മത്സരവിഭാഗം സിനിമകൾ

മേളയിൽ ഏറ്റവുമധികം ശ്രദ്ധനേടുന്ന മത്സരവിഭാഗത്തിൽ വ്യത്യസ്ത പ്രമേയ പരിസരങ്ങൾ കൊണ്ടും ചർച്ചചെയ്യുന്ന സവിശേഷമായ രാഷ്ട്രീയം കൊണ്ടും പ്രസക്തമായ പതിനാല് സിനിമകളാണ് പ്രദർശിപ്പിച്ചത്. ലബനനിലെ ഹിസ്ബുല്ലഇസ്രായേൽ യുദ്ധ പശ്ചാത്തലത്തിൽ തോക്കിൻകുഴലിനു മുന്നിലെ മനുഷ്യന്റെ അതീജീവനകഥ പറയുന്ന അഹമ്മദ് ഗൊസൈന്റെ ലെബനീസ് ചിത്രം ആൾ ദിസ് വിക്ടറി, ആഫ്രിക്കൻ റിപ്പബ്ലിക്കുകളിലെ ആഭ്യന്തര കലാപത്തിനിടയിൽ വനിത ഫോട്ടോഗ്രാഫറുടെ കാമറാക്കണ്ണുകളിലൂടെ കലാപ ഭൂമികയെ അടയാളപ്പെടുത്തുന്ന ബോറിസ് ലോജ്കിന്റെ ഫ്രഞ്ച് ചിത്രം കാമിൽ, ഗ്വാട്ടിമാലയിലെ ആഭ്യന്തര കലാപത്തിനുശേഷമുള്ള വിചാരണയും ഇരകളുടെ നേരനുഭവങ്ങളും വിഷയമാകുന്ന അവർ മദേഴ്സ്, അറവുകാരനിൽ നിന്ന് രക്ഷപ്പെട്ടോടുന്ന പോത്തിന്റെ പിന്നാലെയുള്ള ഓട്ടത്തിനിടയിൽ പുറത്തുവരുന്ന മനുഷ്യന്റെ ഹിംസാത്മകതയും ആദിമ ചോദനകളും പ്രമേയമാകുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലയാള ചിത്രം ജല്ലിക്കട്ട്, എലിസോ എന്ന സിനിമാ ഓപ്പറേറ്റർ സിനിമാ റീലിലെ പെൺകുട്ടിയുമായി പ്രണയത്തിലാകുന്നതിലൂടെ മനുഷ്യബന്ധത്തിന്റെ ദൃഢതയെ ഓർമ്മപ്പെടുത്തുന്ന ജോസ മരിയ കബ്രാലിന്റെ ദി പ്രൊജക്ഷനിസ്റ്റ്, ബീഫ് ഒരു രാഷ്ട്രീയ വിഷയമായ വർത്തമാനകാല ഇന്ത്യയെ അടയാളപ്പെടുത്തുന്ന ഫർഹാൻ ഇർഷാദിന്റ 'ആനി മാനി' തുടങ്ങിയ ചിത്രങ്ങൾ മത്സരവിഭാഗത്തിൽ പ്രേക്ഷകരെ ഏറെ ആകർഷിച്ചവയാണ്.

'ദേ സേ നതിംഗ് സെയ്സ് ദി സെയിമി'ന് സുവർണചകോരം


മികച്ച ചിത്രത്തിനുള്ള സുവർണചകോരം ജോ ഒഡാഗിരി സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം 'ദേ സേ നതിംഗ് സെയ്സ് ദി സെയിം' നേടി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കട്ട് ആണ് മികച്ച ചിത്രമായി പ്രേക്ഷകർ തിരഞ്ഞെടുത്തത്. മികച്ച സംവിധായകനുള്ള രജതചകോരം പാക്കരറ്റ് എന്ന ചിത്രത്തിന്റെ സംവിധായകൻ അലൻ ഡെബേർട്ടനാണ്. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം സ്പാനിഷ് ചിത്രമായ അവർ മദേഴ്സിന്റെ സംവിധായകൻ സീസർ ഡയസ് നേടി. മികച്ച ചിത്രത്തിനുള്ള ഫിപ്രസി രാജ്യാന്തര പുരസ്‌കാരത്തിന് ബോറിസ് ലോജ്‌കെയ്ൻ സംവിധാനം ചെയ്ത കാമിലും ഈ വിഭാഗത്തിലെ മികച്ച മലയാള ചിത്രമായി സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത പനിയും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള എഫ്.എഫ്എസ്.എ കെ.ആർ മോഹനൻ പുരസ്‌കാരം ആനി മാനി എന്ന ചിത്രത്തിലൂടെ ഫാഹിം ഇർഷാദ് നേടി. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ആനി മാനിക്കാണ്. മേളയിലെ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ഡോ.ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ നേടി. നെറ്റ്പാക് പ്രത്യേക ജൂറി പരാമർശത്തിന് മധു സി.നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് അർഹമായി.

       നിശാഗന്ധിയിൽ നടന്ന ചലച്ചിത്ര മേളയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന സാഹചര്യങ്ങളാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും അത്തരം വെല്ലുവിളികളിൽ ഇന്ത്യ മുട്ടുകുത്തില്ലെന്നും ആരും നിശബ്ദരാകാൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അടിച്ചമർത്തപ്പെടുന്നവർക്കും മർദ്ദിതർക്കും പീഡിതർക്കുമൊപ്പമാണ് കേരളത്തിന്റെ ചലച്ചിത്രമേള എക്കാലത്തും നിലകൊണ്ടിട്ടുളളതെന്നും കേരളത്തിന്റെ സാംസ്‌ക്കാരിക പോരാട്ടമാണ് ഈ ചലച്ചിത്രമേളയെന്നും മുഖ്യമന്ത്രി പറഞ്ഞു.
      ചലച്ചിത്ര മേളയുടെ ആജീവനാന്ത പുരസ്‌കാരം വിഖ്യാത അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിന് മുഖ്യമന്ത്രി സമ്മാനിച്ചു. സുവർണചകോരവും രജതചകോരവുമടക്കമുള്ള മേളയിലെ മറ്റു ജേതാക്കൾക്കും മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ സമ്മാനിച്ചു.  വരാനിരിക്കുന്ന രജത ജൂബിലി മേളയുടെ വിളംബരമോതി നടി റിമാ കല്ലിങ്കലിന്റെ നൃത്തത്തോടെയാണ് 24ാമത് മേളയ്ക്ക് സമാപനം കുറിച്ചത്.


അക്ഷരകൈരളി, 2020 ജനുവരി

No comments:

Post a Comment