സീരിയൽ കൊലപാതകങ്ങളും അവയ്ക്കു പിന്നിലെ കാരണക്കാരനെ തേടിയുള്ള അന്വേഷണവും സിനിമയിൽ പുതുമയുള്ള വിഷയമല്ല. പല ഭാഷകളിലായി ഒട്ടേറെ തവണ സിനിമയ്ക്ക് പ്രമേയമായിട്ടുള്ള ഈ വിഷയം കാണികളിൽ ഉദ്വേഗം ജനിപ്പിക്കുന്ന രീതിയിൽ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിൽ മാത്രമാണ് പുതുമ അവശേഷിക്കുന്നത്. മലയാളത്തിൽ ഈ വർഷമാദ്യം റിലീസ് ചെയ്ത അഞ്ചാം പാതിരാ എന്ന മിഥുൻ മാനുവൽ തോമസ് ചിത്രം ഇത്തരത്തിൽ ആഖ്യാന മികവുകൊണ്ടാണ് കാണികളുടെ സവിശേഷ ശ്രദ്ധ നേടിയെടുത്തത്.
സെക്കോപാത്ത്, സോഷ്യോപാത്ത് കഥാപാത്രങ്ങൾ കേന്ദ്രമായിട്ടുള്ള ത്രില്ലറുകൾ മലയാളത്തിലും പലതവണ സംഭവിച്ചിട്ടുള്ളതാണ്. ഹോളിവുഡ്, കൊറിയൻ സിനിമ നന്നായി കൈകാര്യം ചെയ്തിട്ടുള്ള വിഷയത്തെ വക്രീകരിച്ചാണ് പലപ്പോഴും മലയാളത്തിൽ അവതരിപ്പിച്ചു പോന്നിട്ടുള്ളതെന്നു കാണാം. എന്നാൽ കെ.ജി.ജോർജിനെപ്പോലെയുള്ള സംവിധായകർ മൂന്നു പതിറ്റാണ്ടിനു മുമ്പേ ഇത്തരം മാനസിക വൈകൃതവും കൊലപാതക, അക്രമണ ത്വരയുള്ള കഥാപാത്രങ്ങളെ മികച്ച പാത്രസൃഷ്ടിയായി രൂപപ്പെടുത്തിയിട്ടുള്ള ചരിത്രവും മലയാള സിനിമയിലുണ്ട്.
ത്രില്ലർ സിനിമകളിലെ ആഖ്യാന പരിസരങ്ങൾ കാണികൾക്ക് പരിചിതവും അവരുടെ ഊഹങ്ങളെയും ഇച്ഛകളെയും ശരിവയ്ക്കുകയും ചെയ്യുന്നവയായതിനാൽ അവതരണത്തിൽ എത്രമാത്രം നൂതനതയും വേഗതയും പുലർത്താമെന്നതിലാണ് സംവിധായകന്റെ മിടുക്ക്. അഞ്ചാം പാതിരയെന്ന മലയാളത്തിലെ ഏറ്റവും പുതിയ ത്രില്ലർ സിനിമ ഒരു പരിധി വരെ 'ത്രില്ലിംഗ് എക്സ്പീരിയൻസ്' കാണികളിൽ അനുഭവിപ്പിക്കുന്നതിൽ വിജയിക്കുന്നുണ്ട്.
അഞ്ചാം പാതിരയിൽ സീരിയൽ കൊലപാതകങ്ങൾ തീർത്ത് ഭീതി പരത്തുന്ന വ്യക്തി ജീവിതത്തിലെ തിക്താനുഭങ്ങൾ കൊണ്ട് സോഷ്യോപാത്ത് ആയി മാറിയ ഒരാളാണ്. ജന്മനാ അയാളിൽ കുറ്റം ചെയ്യാനുള്ള ത്വര ഇല്ല. സമൂഹം തനിക്കും കുടുംബത്തിനും നൽകുന്ന ദുരധ്യായങ്ങൾ അയാളെ പ്രതികാരം ചെയ്യാനും ആസൂത്രിതമായി കൊല നടത്താനും പ്രേരിപ്പിക്കുന്നു. സമൂഹത്തിന് മാതൃകയാകേണ്ടവർ തന്നെയാണ് ഇവിടെ പ്രതിസ്ഥാനത്ത് വരുന്നതെന്നും ഒരാളെ സോഷ്യോപാത്ത് ആക്കി മാറ്റുന്നതെന്നുമുള്ള പ്രത്യേകതയുമുണ്ട്.
ഒരു വേള കുറ്റവാളിയുടെ മുഖം മറ്റു ചിലരിലേക്ക് നീളുന്ന സംശയത്തിന്റെ ആനുകൂല്യം ഇവിടത്തെ കൊലപാതകിക്കും ലഭിക്കുന്നുണ്ട്. എന്നാൽ എല്ലാ കൊലപാതകങ്ങളിലും അവശേഷിക്കുന്ന 'ദൈവത്തിന്റെ കൈ' ഇവിടെയും പ്രവർത്തിക്കുകയും ഒടുക്കം യഥാർഥ കുറ്റവാളിയിലേക്കു തന്നെ അന്വേഷകർ ചെന്നെത്തുകയും ചെയ്യുന്നു.
ത്രില്ലർ കാറ്റഗറി എന്നതുകൊണ്ടുതന്നെ സംവിധായകന്റെ ആഖ്യാനപാടവം അളക്കുന്ന സിനിമയാണ് അഞ്ചാം പാതിരാ. ഒരു ത്രില്ലർ സിനിമയ്ക്കു വേണ്ട പശ്ചാത്തലമൊരുക്കുന്നതിൽ മിഥുൻ മാനുവൽ തോമസ് വിജയിക്കുന്നുമുണ്ട്. ഓം ശാന്തി ഓശാനയും ആൻ മരിയയും ആടും എഴുതി വിജയിപ്പിച്ച മിഥുന്റെ പുതിയ ജോണറിലേക്കുള്ള ശൈലീമാറ്റവും ശ്രദ്ധേയം. വിരസത കൂടാതെയും പലപ്പോഴും നന്നായി ത്രില്ലടിച്ചും കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് അഞ്ചാം പാതിരാ. ത്രില്ലർ സിനിമയുടെ പരിസരം സൃഷ്ടിക്കുന്നതിൽ സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം ഏറെ സഹായിക്കുന്നു. മിസ് കാസ്റ്റിംഗും ദൈർഘ്യക്കൂടുതലും ത്രില്ലർ സിനിമകൾ സൂക്ഷിച്ചുപോരുന്ന പ്രെഡിക്ടബിൾ സീക്വൻസും സംഭാഷണങ്ങളുമാണ് പോരായ്മ. ആഖ്യാനത്തിലെ മികവുകൊണ്ടാണ് മിഥുൻ ഇതിനെ മറികടക്കുന്നത്.
താരതമ്യേന ചെറിയ കഥാപാത്രങ്ങളായി വരുന്ന ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ഷറഫുദ്ദീൻ എന്നിവരാണ് അഞ്ചാം പാതിരയിൽ പ്രകടനത്തിൽ മുമ്പിൽ നിൽക്കുന്നത്. കരിയറിന്റെ തുടക്കകാലത്ത് കൊമേഡിയന്മാർ എന്ന നിലയ്ക്ക് മാത്രം അടയാളപ്പെടുത്തപ്പെട്ട മൂന്നു നടന്മാർ തീർത്തും അനായാസമായാണ് ഉള്ളിൽ കൊളുത്തി വലിക്കുന്ന കഥാപാത്രങ്ങളായി രൂപാന്തരപ്പെടുന്നത്. അസാമാന്യ വഴക്കമാണ് അവരുടെ മുഖപേശികൾക്കും ശരീരത്തിനും.
നിലവാരമുള്ള ത്രില്ലർ സിനിമകൾ വിരലിൽ എണ്ണാവുന്നവ മാത്രമായ മലയാളത്തെ സംബന്ധിച്ച് അഞ്ചാം പാതിരാ ആശ്വാസമാണ്. എന്നാൽ സമ്പൂർണ ത്രില്ലർ പാക്കേജ് നിരന്തരം ഉയിർകൊള്ളുന്ന ഹോളിവുഡ്, നിലവിൽ സൗത്ത് കൊറിയൻ, അതുമല്ലെങ്കിൽ തൊട്ടയൽപക്കമായ തമിഴിൽ നിന്ന് അടുത്ത കാലത്ത് വരുന്ന സിനിമകളുമായി താരതമ്യപ്പെടുത്തിയാൽ അഞ്ചാം പാതിരാ താഴേക്ക് പോകും. സൗത്ത് കൊറിയയിൽ നിന്നു വന്ന ഡോർ ലോക്ക് തന്നെ എറ്റവുമൊടുവിലത്തെ ഉദാഹരണം.
സ്ത്രീശബ്ദം, 2020 ഫെബ്രുവരി
No comments:
Post a Comment