ഇത് നമ്മൾ തന്നെയല്ലേ, ഇതു നമ്മുടെ ജീവിതം തന്നെയല്ലേ എന്ന തോന്നലുണ്ടാക്കുന്ന ചില സിനിമകളുണ്ട്. ജീവിതത്തോട് ഒട്ടും അകലെയല്ലാതെ, കഥാപാത്രങ്ങൾ ക്യാമറയ്ക്ക് മുന്നിലാണെന്നു തോന്നാത്ത സിനിമാനുഭവം. അപൂർവ്വം സിനിമകളിലാണ് ഇങ്ങനെ സംഭവിക്കാറ്. അതാകട്ടെ പരിചിത ജീവിത സ്ഥലികളോട് അത്രമാത്രം അടുത്തുനിൽക്കുന്നതുമാകും. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രിയായിരുന്ന റീമാ ദാസിന്റെ ആസാമീസ് ചിത്രം 'വില്ലേജ് റോക്ക്സ്റ്റാർസ്' ഈ ഗണത്തിൽ പെടുന്ന സിനിമയാണ്.
വടക്കുകിഴക്കൻ ഇന്ത്യയിലെ ആസാമിലെ ചായ്‌ഗോൺ ഗ്രാമമാണ് വില്ലേജ് റോക്ക്സറ്റാർസിന്റെ പശ്ചാത്തലം. ഒട്ടും സിനിമാറ്റിക്കാകാതെ ജീവിതം പകർന്നിട്ടിരിക്കുന്ന സിനിമയിൽ ഗ്രാമീണ മനുഷ്യരുടെ നിഷ്‌കളങ്ക സ്‌നേഹവും അവരുടെ ഇത്തിരിവട്ടത്തെ കുഞ്ഞുസ്വപ്നങ്ങളും മാത്രമേയുള്ളൂ. 87 മിനിറ്റ് നേരം ആ ഗ്രാമത്തിലും മനുഷ്യർക്കിടയിലും കേന്ദ്രകഥാപാത്രങ്ങളായ കുട്ടികൾക്കുമൊപ്പം എത്തിപ്പെട്ടതു പോലെ കാണികളായ നമ്മളും. കുട്ടികളുടെ നിഷ്‌കളങ്കതയിലേക്കും കളിക്കുറുമ്പുകളിലേക്കും സ്വപ്നങ്ങളിലേക്കും തുറന്നുവച്ച ക്യാമറയാണ് വില്ലേജ് റോക്ക് സ്റ്റാറിന്റേത്.പത്ത് വയസ്സുകാരിയായ ധുനു വിധവയായ അമ്മയ്ക്കും ഇളയ സഹോദരനുമൊപ്പമാണ് താമസിക്കുന്നത്. ധുനുവിന്റെ ഊർജ്ജസ്വലതയും ആത്മവിശ്വാസവും അവൾ ആൺകുട്ടികൾക്ക് ഒട്ടും പിന്നിലല്ല എന്നു ഗ്രാമത്തിലെ എല്ലാവരെക്കൊണ്ടും പറയിപ്പിക്കുന്നു. ആൺകുട്ടികളാണ് അവളുടെ സന്തതസഹചാരികൾ. അവർക്കൊപ്പമാണ് സ്‌കൂളിലേക്കുള്ള പോക്കുവരവും കളികളും മത്സരവുമെല്ലാം. ഓടിയും ചാടിയും മീൻപിടിച്ചും വെള്ളത്തിൽ കളിച്ചും ആസ്വദിക്കുന്ന ബാല്യങ്ങൾ. ഇപ്പോഴും നാട്ടിൻപുറങ്ങളിൽ അവേശഷിക്കുന്ന നന്മയുടെ ഉറവകൾ ഈ സിനിമയിലാകെ പടർന്നു പന്തലിച്ചു കാണാം.
ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങൾക്കെത്ര പരിധിയാകാമെന്ന ചിന്തയാണ് സിനിമ പകർന്നുതരുന്നത്. വികസനമെത്താത്ത ഒരു ഗ്രാമീണദേശത്തെ ദരിദ്രബാലികയുടെ പ്രതിനിധിയാണ് ധുനു. ഗിറ്റാർ വാങ്ങുന്നതും കൂട്ടുകാരുമൊത്ത് ഒരു റോക്ക് ബാൻഡ് തുടങ്ങുന്നതുമാണ് ധുനുവിന്റെ സ്വപ്നം. നഗരകേന്ദ്രീകൃതമായ ഒരന്തരീക്ഷത്തിൽ ജീവിക്കുന്ന ഒരു കുട്ടിയെയും അവരുടെ സൗകര്യങ്ങളെയും സംബന്ധിച്ച് ഇതത്ര വലിയ സ്വപ്നമല്ല. എന്നാൽ ധുനു ജനിച്ച ഗ്രാമത്തിൽ ഒരാൾക്ക് കാണാനാകുന്ന സ്വപ്നങ്ങൾക്ക് യാഥാർഥ്യത്തിന്റെ വിലങ്ങുണ്ട്.
ബാൻഡിലേക്ക് ഓരോരുത്തരും ഓരോ ഉപകരണം വീതം കണ്ടെത്തണമെന്നാണ് ധുനുവിന്റെയും കൂട്ടുകാരുടെയും ലക്ഷ്യം. അതിൽപിന്നെ ധുനുവിന്റെ ജീവിതാഭിലാഷമായി വളരുന്നത് ഒരു ഗിറ്റാറാണ്. തെർമോകോൾ ഉപയോഗിച്ച് ഒരു മാതൃക ഉണ്ടാക്കി അവൾ ആ സ്വപ്നം കാണുന്നു. അമ്മയോട് തന്റെ ആഗ്രഹം അവൾ അവൾ പറഞ്ഞു. അതിനിടയിലാണ് ഗ്രാമത്തിൽ വെള്ളപ്പൊക്കം എത്തുന്നത്. ഗ്രാമത്തിനാകെ നഷ്ടങ്ങളുടെ കണക്ക് മാത്രം. തന്റെ സ്വപ്നമായ ഗിറ്റാറിലേക്ക് ധുനു ചെറുനാണയങ്ങൾ സമ്പാദിച്ചു വയ്ക്കുന്നുണ്ട്. വീടിന്റെ തൂണിൽ ഒരു ദ്വാരമെടുത്താണ് അവളുടെ നാണ്യശേഖരത്തിന് ഇടം കണ്ടെത്തിയിരുന്നത്. വെള്ളപ്പൊക്കത്തിൽ അത് നഷ്ടപ്പെട്ടില്ലെന്നത് അവൾക്ക് വലിയ ആശ്വാസമാകുന്നു. അവളത് അമ്മയ്ക്ക് നൽകുന്നു. വെള്ളപ്പൊക്കം ഗ്രാമത്തെയും വിളകളെയും നശിപ്പിച്ചെങ്കിലും ധുനു അവളുടെ ഗിറ്റാർ വാങ്ങാനുള്ള സ്വപ്നത്തിന്റെ മുൻഗണന അപ്പൊഴും തിരുത്തുന്നില്ല.
പ്രകൃതിയെ ചൂഷണം ചെയ്യാതെ അവയോട് സമരസപ്പെട്ട് ജീവിക്കുന്ന ജനതയും നാടുമാണ് സിനിമയിലെ ചഹായ്‌ഗോൺ ഗ്രാമം. ഗ്രാമീണ സൗഭാഗ്യങ്ങൾക്കൊപ്പം വരൾച്ചയും വെള്ളപ്പൊക്കവും കൃഷിനാശവും സംഭവിക്കാറുണ്ടെങ്കിലും അതിനുമുന്നിൽ തോൽക്കാതെ പിടിച്ചുനിൽക്കുകയും വീണ്ടും വിത്ത് വിതയ്ക്കുകയും വിളവ് സ്വപ്നം കാണുകയും ചെയ്യുന്ന ഗ്രാമവും ജനതയും. ആസാമിലെ ഈ ഗ്രാമം ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളുടെ നേർചിത്രം തന്നെയാണ്. പരിപൂർണതയ്ക്കായി 150 ദിവസമാണ് റീമാ ദാസ് തന്റെ സിനിമ ഷൂട്ട് ചെയ്യാനെടുത്ത കാലയളവ്. ഇതിന്റെ മികവ് സിനിമയുടെ കാഴ്ചയിൽ നമുക്ക് പകർന്നു കിട്ടും. ഒരു വേള ആഢംബരവും തിരക്കും നിറഞ്ഞ നമ്മുടെ പുറം ലോകത്തെ മറന്നുപോകുന്ന നിഷ്‌കളങ്ക ഗ്രാമജീവിത കാഴ്ചയുടെ നിറവ് തന്നെയാണ് വില്ലേജ് റോക്ക് സ്റ്റാർസിന്റെ കരുത്ത്.
കുട്ടികളെ കേന്ദ്രമാക്കിയുള്ള സിനിമകളാണ് ലോക സിനിമയിൽ എക്കാലത്തും നിരൂപക, പ്രേക്ഷക പ്രശംസയ്ക്ക് പാത്രമായിട്ടുള്ളത്. ഭാഷയുടെയോ ദേശത്തിന്റേയോ അതിരുകളില്ലാതെ കാണിയോട് സംവദിക്കാൻ കുട്ടികളുടെ സ്വപ്നങ്ങൾക്കും തോന്നലുകൾക്കും സങ്കടങ്ങൾക്കുമാകും. ഈ സവിശേഷതയാണ് വില്ലേജ് റോക്ക്സ്റ്റാർസിനെ ലോക സിനിമാ ഭൂപടത്തിലേക്ക് ഉയർത്തുന്നത്.
അക്ഷരകൈരളി, 2020 ഏപ്രിൽ
No comments:
Post a Comment