Wednesday, 15 April 2020

പ്രതികൾ പൂവൻകോഴികൾ തന്നെ


ഉണ്ണി ആറിന്റെ 'സങ്കടം' എന്ന ചെറുകഥയെ ആസ്പദമാക്കി അദ്ദേഹത്തിന്റെ തന്നെ പ്രതി പൂവൻകോഴി എന്ന കഥയുടെ പേരു കടം കൊണ്ട് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് പ്രതി പൂവൻകോഴി. പേരിൽ നൽകുന്ന സൂചനയുടെ വഴിയെ തന്നെയാണ് സിനിമയുടെ സഞ്ചാരം. കൃത്യമായ സ്ത്രീപക്ഷ വീക്ഷണം പുലർത്തുന്ന സിനിമ പ്രശ്നങ്ങളെ സധൈര്യം നേരിടുന്ന പെണ്ണിന്റെ പ്രതിനിധിയെയാണ് അടയാളപ്പെടുത്തുന്നത്. സഹനം കൊണ്ടും മൗനം കൊണ്ടുമല്ല തുറന്ന പ്രതികരണം കൊണ്ടായിരിക്കണം പെണ്ണ് സ്വത്വം പ്രകടിപ്പിക്കേണ്ടതെന്ന് പ്രതി പൂവൻകോഴി ഓർമ്മപ്പെടുത്തുന്നു. കേരളത്തിൽ നിലനിൽക്കുന്ന ലിംഗപരമായ അനീതിയാണ് മാധുരി എന്ന സെയിൽസ് ഗേളിനെ കേന്ദ്രമാക്കി ചിത്രം പറയുന്നത്. കൊമേഴ്സ്യൽ സിനിമയുടെ പാറ്റേണിൽ സാമൂഹിക പ്രസക്തമായ ഒരു വിഷയം പറഞ്ഞതിൽ ഉണ്ണി ആർ  റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട് അഭിനന്ദനമർഹിക്കുന്നു.
        ഒരു നഗരത്തിലെ വസ്ത്രശാലയിലെ സെയിൽസ് ഗേളാണ് മാധുരി(മഞ്ജു വാര്യർ). സാധാരണക്കാരിയായ മാധുരിയുടെ വീട്ടിൽ അമ്മ മാത്രമാണുള്ളത്. സെയിൽസ് ഗേൾ ജോലിയിൽ നിന്നുമുള്ള വരുമാനവും തയ്യലും നടത്തിയാണ് മാധുരിയും അമ്മയും ജീവിക്കുന്നത്. ഒരിക്കൽ അപരിചിതനായ ഒരാൾ ബസിൽ വെച്ച് മാധുരിയെ അപമാനിക്കുന്നു. ശരീരത്തിൽ മോശമായി ഒരാൾ സ്പർശിച്ചപ്പോൾ ആദ്യം എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു പോവുകയാണ് മാധുരി. എന്നാൽ പിന്നീട് അയാളെ തിരഞ്ഞ് മാധുരി ഇറങ്ങുന്നു. തന്നെ മോശമായി സ്പർശിച്ച ആളെ തിരിച്ച് തല്ലണമെന്നായിരുന്നു മാധുരിക്ക്. അന്വേഷണത്തിലൊടുവിൽ തന്നോട് മോശമായി പെരുമാറിയത് ഗുണ്ടയായ ആന്റപ്പൻ ആണെന്ന് മാധുരി കണ്ടെത്തുന്നതുമാണ് പ്രതി പൂവൻകോഴിയുടെ പ്ലോട്ട്.

  ഗൗരവമാർന്ന ഒരു വിഷയത്തിന്റെ തീവ്രത വിട്ടുപോകാതെ അതിൽ മാത്രം നിന്നുകൊണ്ട് അവതരിപ്പിക്കുന്ന രീതിയാണ് പ്രതി പൂവൻകോഴി സ്വീകരിച്ചിട്ടുള്ളത്. ഹൗ ഓൾഡ് ആർ യൂവിനു ശേഷം മഞ്ജു വാര്യരും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രവും സ്ത്രീശാക്തീകരണത്തിന്റെ സന്ദേശം മുന്നോട്ടുവയ്ക്കുന്നു. ചിത്രത്തിൽ ഒന്നിലധികം പുരുഷ കഥാപാത്രങ്ങൾ സ്ത്രീകൾക്കെതിരെ പല തരത്തിൽ അനീതി പ്രവർത്തിക്കുന്നവരായി എത്തുന്നുണ്ട്. അവരിലൊരാൾ മാത്രമാണ് ആന്റപ്പൻ. ഈ പുരുഷ കഥാപാത്രങ്ങളെയെല്ലാം നമുക്ക് പരിചിതമായ സാമൂഹിക സാഹചര്യത്തിൽ ദിനേന കാണാൻ സാധിക്കുന്നവരാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പോലും സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകാത്ത പുരുഷ പ്രജകൾ ഇപ്പൊഴും പരിഷ്‌കൃതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സമൂഹത്തിലുണ്ട്. ഇതിനോടെല്ലാം ഒരു പരിധി വരെ പൊരുത്തപ്പെട്ടു കഴിഞ്ഞ നിലയിലാണ് സ്ത്രീകൾ കഴിഞ്ഞു പോരുന്നത്. ബസ്സിൽ വച്ച് അപമാനിക്കപ്പെടുന്ന മാധുരിയോട് കൂട്ടുകാരികളും അമ്മയും വരെ 'നമ്മളെന്തു ചെയ്യാനാണ്, അതു മറന്നുകളയ്'എന്നാണ് ഉപദേശിക്കുന്നത്. കൂട്ടുകാരികളിൽ പലർക്കും ബസ്സിലും പൊതു ഇടത്തിലും വച്ച് സമാന അനുഭവം ഉണ്ടായിട്ടുണ്ട്. പ്രതികരിക്കണമെന്ന് വിചാരിച്ചെങ്കിലും സാധിച്ചില്ല. ഈ അനുഭവം കൊണ്ടാണ് അവർ മാധുരിയെ പിന്തിരിപ്പിക്കുന്നത്. എന്നാൽ മാധുരി പിന്മാറാൻ തയ്യാറാവുന്നില്ല. മഞ്ജുവിന്റേതായി അടുത്തിടെ വന്ന ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണ് പ്രതി പൂവൻകോഴിയിലെ മാധുരി. അനായാസമായ അഭിനയശൈലി കൊണ്ടാണ് നാട്ടിൻപുറത്തുകാരിയായ യുവതിയെ മഞ്ജു അവതരിപ്പിക്കുന്നത്. അനുശ്രീയുടെ റോസമ്മ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെടുന്നതാണ്.
    ആന്റപ്പൻ എന്ന പ്രതിനായകനായി എത്തുന്ന റോഷൻ ആൻഡ്രൂസ് ആണ് പ്രകടനമികവിൽ മുന്നിലെത്തുന്നത്. ക്യാമറയ്ക്കു പിന്നിൽ നിന്ന് മുന്നിലെത്തുന്ന റോഷൻ ആന്റപ്പന് പുതിയ മുഖത്തിന്റെ കൗതുകം നൽകുന്നു. സിനിമ മുന്നോട്ടു പോകുന്തോറും മെയ്വഴക്കമുള്ള ഒരു അഭിനേതാവിനെ റോഷനിൽ കാണാം. നെഗറ്റീവ് ഷെയ്ഡുള്ള ഈ കഥാപാത്രത്തിന് തന്റേതായ ഒരു ശരീരഭാഷ നൽകിയിട്ടുണ്ട് റോഷൻ.

സ്ത്രീശബ്ദം, 2020 ജനുവരി

No comments:

Post a Comment