Wednesday, 15 April 2020

ക്ലാസ് വിഭജനത്തിന്റെ രാഷ്ട്രീയം പ്രഖ്യാപിക്കുന്ന പാരസൈറ്റ്




ദക്ഷിണ കൊറിയയിൽ മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന സാമ്പത്തിക, സാമൂഹിക അന്തരത്തെ രണ്ടു കുടുംബങ്ങളിലൂടെ അവതരിപ്പിച്ച് ആ പ്രശ്നത്തിന് സാർവലോക മാനം നൽകാൻ കഴിയുന്നതിലൂടെയാണ് ബോംഗ് ജൂൺ ഹോയുടെ പാരസൈറ്റ് ശ്രദ്ധേയമാകുന്നത്. സമൂഹത്തിലെ ക്ലാസ് വിഭജനത്തിന്റെ രാഷ്ട്രീയമുയർത്തി ഇക്കുറി ഓസ്‌കറിൽ ഏഷ്യയുടെ അഭിമാനമായി മാറിയ ബോംഗ് ജൂൺ ഹോയുടെ ചിത്രം ചർച്ചചെയ്യുന്നത് അതീവ ഗൗരവമുള്ള രാഷ്ട്രീയമാണ്.
      എത്രയൊക്കെ ആധുനികവത്കരിക്കപ്പെട്ടാലും ഭരിക്കുന്നവർ  ഭരിക്കപ്പെടുന്നവർ, ഉടമ  അടിമ, സമ്പന്നൻ  ദരിദ്രൻ, മുതലാളി തൊഴിലാളി, കോർപ്പറേറ്റ്  കോമൺ പീപ്പിൾ തുടങ്ങിയ ദ്വന്ദ്വങ്ങളിലാണ് ലോകം പിടിമുറുക്കി പോരുന്നത്. ഒരിക്കലും ഇതു വിട്ടുപോരാൻ ലോകക്രമം തയ്യാറാകുന്നില്ല. വർക്കിംഗ് ക്ലാസ് അതുപോലെ തന്നെ നിലനിൽക്കുകയും എക്കോണമി ക്ലാസ് ഭരണച്ചരട് കൈയാളുന്നവരും സാമ്പത്തിക യന്ത്രം കറക്കുന്നവരുമാകണമെന്ന് അത് അനുശീലിച്ചു വച്ചിരിക്കുന്നു.
      ആധുനിക സമൂഹത്തിന്റെ എല്ലാ മാറ്റങ്ങളും ഉൾക്കൊള്ളുകയും അതു പ്രാപ്യമാക്കുന്ന സകല സൗകര്യങ്ങളും ആസ്വദിക്കാൻ ത്രാണിയുമുള്ള ഉപരിവർഗം എന്ന സമൂഹത്തിന്റെ സമ്പത്തിന്റെയും അധികാരത്തിന്റെയും ഭാഗധേയം നിർണയിക്കുന്ന ഒരു വിഭാഗം, ആധുനികത വിരിച്ചിട്ട സുഖശീതളിമയ്ക്ക് പരിപൂർണാർഥത്തിൽ കീഴ്‌പ്പെടാൻ പാങ്ങില്ലാത്ത, എന്നാൽ തെല്ല് പ്രയാസപ്പെട്ടിട്ടായാലും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്ന മധ്യവർഗം, ആധുനികതയുടെ യാതൊരു പളപളപ്പും തിരിച്ചറിയാതെ പാടുപെട്ടും നരകിച്ചും ദിവസജീവിതം തള്ളിനീക്കുന്ന അധോവർഗം. ഈയൊരു ക്രമത്തിൽ കാലാകാലങ്ങളായി മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന സമൂഹത്തെയാണ് ബോംഗ് ജൂൺ ഹോ തന്റെ സിനിമയിൽ അടയാളപ്പെടുത്തുന്നത്.
       
       അന്നന്നത്തേക്കുള്ള അന്നം തേടാൻ പാടുപെടുന്ന വർക്കിഗ് ക്ലാസിനെ പ്രതിനിധീകരിക്കുന്നതാണ് കിമ്മിന്റെ കുടുംബം. ബിസിനസ് ക്ലാസിന്റെ പ്രതിനിധികളാണ് പാർക്കിന്റെ കുടുംബം. പാർക്കിന്റേത് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വീടാണ്. നഗരപ്രാന്തത്തിലെ തീരെ ഇടുങ്ങിയൊരു കെട്ടിടത്തിന്റെ പാതി ഭൂമിക്കടിയിലെന്നു പറയാവുന്നിടത്താണ് കിമ്മിന്റെ താമസം. രണ്ടു വീട്ടിലും നാലംഗങ്ങളാണുള്ളത്. മറ്റുള്ളവരുടെ കാരുണ്യത്തിലാണ് കിമ്മിന്റെയും കുടുംബത്തിന്റെയും ജീവിതം മുടന്തിനീങ്ങുന്നത്. നാലുപേരും ഒന്നു വിശാലമായി ഇരുന്നാൽ തീരാവുന്ന സ്ഥലമേ ആ വീട്ടിലുള്ളൂ. കിട്ടുന്ന ആഹാരം സന്തോഷത്തോടെ അവർ പകുത്ത് കഴിക്കുന്നു. പാർക്കിന്റെ വീട്ടിലാകട്ടെ ആഴ്ചകളോളം ഉപയോഗിക്കാനുള്ള സാധനങ്ങൾ ശേഖരിച്ചു വച്ചിട്ടുണ്ട്. ഇല്ലായ്മയെന്തെന്ന് അവർക്കറിയില്ല. വീട്ടിലെ നാലംഗങ്ങൾക്കും പ്രത്യേക മുറിയുണ്ട്. വിശാലമായ അകത്തളങ്ങളും പുല്ലുവിരിച്ച മുറ്റവുമുണ്ട്. ബെൽ മുഴക്കി അനുവാദം ചോദിച്ചതിനു ശേഷം മാത്രമേ പാർക്കിന്റെ വിശാലമായ വീടിന്റെ ഗേറ്റിനകത്തേക്ക് പ്രവേശനമുളളൂ.
       ഇങ്ങനെ അടിസ്ഥാന സൗകര്യങ്ങളിൽ തുടങ്ങി വിയർപ്പിന്റെ മണത്തിൽ പോലും രണ്ടു വിഭാഗത്തിന്റെ വ്യത്യാസം പ്രകടമാകുന്നു. ഉപരിവർഗത്തിന്റെ പ്രതിനിധിയായ പാർക്കിന് അദ്ധ്വാനിക്കുന്നവന്റെ കുപ്പായത്തിന്റെ മണം പോലും ഓക്കാനമുണ്ടാക്കുന്നുണ്ട്.
      ലോകം എത്രയൊക്കെ ആധുനികവത്കരിക്കപ്പെട്ടാലും മനുഷ്യരിൽ ഉപരിവർഗമെന്നും കീഴാളവർഗമെന്നുമുള്ള രണ്ടു വിഭാഗം ഇപ്പോഴും പ്രബലമാണെന്നും ലോകം നിയന്ത്രിക്കുന്നത് അതിസമ്പന്നരായ ഒരു കൂട്ടം മനുഷ്യരാണെന്നും പാരസൈറ്റ് പറഞ്ഞുവയ്ക്കുന്നു. ദക്ഷിണ കൊറിയയിലെ സോൾ നഗരത്തിലെ രണ്ടു കുടുംബങ്ങൾ കേന്ദ്രീകരിച്ചു കഥ പറയുന്നെങ്കിലും ഏതൊരു ദേശത്തും പ്രസക്തമായ വിഷയമാണിത്. ഇനിയും നടപ്പിലായിട്ടില്ലാത്ത സാമ്പത്തിക സോഷ്യലിസവും ഒരിടത്തേക്കു മാത്രമായുള്ള പണത്തിന്റെയും വിഭവങ്ങളുടെയും കേന്ദ്രീകരണവും പാരസൈറ്റ് ചർച്ചചെയ്യുന്നു.
      അതീവ ഗൗരവമുള്ള പ്രമേയമാണ് മുന്നോട്ടുവയ്ക്കുന്നതെങ്കിലും അവതരണത്തിലെ ലാളിത്യം കൊണ്ടാണ് പാരസൈറ്റ് ശ്രദ്ധേയമാകുന്നത്. രസകരമായ ആഖ്യാനമാണ് സിനിമ കാണികൾക്ക് സാദ്ധ്യമാക്കുന്നത്. സമൂഹത്തിലെ ക്ലാസ് ഡിഫറൻസ് എന്ന പൊള്ളുന്ന രാഷ്ട്രീയത്തെ ഹാസ്യാത്മകമായി കൈകാര്യം ചെയ്ത് പൊടുന്നനെ ഒരു ഇരുട്ടറയിലേക്ക് തള്ളിയിടുന്ന അനുഭവമാണ് സിനിമ തരിക. സിനിമയുടെ മുക്കാൽ പങ്കും ഉയരുന്ന ചിരി അതോടെ ഭയാനകമായ നിശബ്ദതയിലേക്ക് മാറുന്നു. ഈ നിശബ്ദതയിലാണ് അടിത്തട്ടിലുള്ള മനുഷ്യരെപ്പറ്റി നമ്മൾ ചിന്തിക്കുന്നത്. ജീവിതത്തിന്റെ യാതൊരു നിറങ്ങളുമറിയാതെ ഒരായുസ്സാകെ ഇരുട്ടിൽ ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യർ. അങ്ങനെയുള്ള ഒട്ടനവധി മനുഷ്യർ നമ്മൾ ജീവിക്കുന്ന ചുറ്റുപാടിലും ഈ ലോകത്താകെയുമുണ്ടെന്നു തിരിച്ചറിയുമ്പോഴാണ് ഒരു തണുത്ത തരിപ്പ് മേലാകെ പടർന്നു കയറുക. അപ്പോഴാണ് ബോംഗ് ജൂൺ ഹോയുടെ സിനിമയ്ക്ക് ആഗോള മുഖം കൈവരുന്നതും.
    
        ബോംഗ് ജൂൺ ഹോയും ഹാൻ ജിൻ വണും ചേർന്നാണ് പാരസൈറ്റിന് തിരക്കഥയൊരുക്കിയിട്ടുള്ളത്. ആഖ്യാനത്തിലെ സവിശേഷതയും വിനോദമൂല്യവും കൊണ്ട് ദക്ഷിണ കൊറിയൻ ബോക്സ് ഓഫീസിൽ വൻവിജയമായിരുന്ന പാരസെറ്റ് ജനപ്രീതിയെ തുടർന്ന് ഒട്ടേറെ ലോക രാജ്യങ്ങളിലും റിലീസ് ചെയ്യുകയുണ്ടായി. കാനിലാണ് ആദ്യം പ്രദർശിപ്പിച്ചത്. കാനിലെ പരമോന്നത ബഹുമതിയായ ഗോൾഡൻ ഗ്ലോബും ചിത്രം നേടി. തുടർന്ന് ഗോവ, കേരള രാജ്യാന്തര മേളകളിൽ ഉൾപ്പെടെ പ്രദർശിപ്പിച്ച പാരസൈറ്റ് കാണികളുടെ സജീവശ്രദ്ധ പിടിച്ചുപറ്റി.
       92 വർഷത്തെ ഓസ്‌കർ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു ഇംഗ്ലീഷ് ഇതരഭാഷാ ചിത്രം ഓസ്‌കർ വേദിയിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഒരു ദക്ഷിണ കൊറിയൻ സംവിധായകൻ ഓസ്‌കർ നേടുന്നതും ആദ്യമായിട്ടാണ്. മാർട്ടിൻ സ്‌കോർസിസി, ടോഡ് ഫിലിപ്സ്, സാം മെൻഡസ്, ക്വിന്റിൻ ടരന്റീനോ എന്നിവരെ പിന്തള്ളിക്കൊണ്ടാണ് കൊറിയൻ സംവിധായകന്റെ ഓസ്‌കർ നേട്ടം. മെമ്മറീസ് ഒഫ് മർഡർ, മദർ, സ്‌നോപിയേഴ്സർ എന്നീ സിനിമകളിലൂടെ രാജ്യാന്തര ശ്രദ്ധ നേടിയ സംവിധായകനാണ് ബോംഗ് ജൂൺ ഹോ.

അക്ഷരകൈരളി, 2020 മാർച്ച്‌

No comments:

Post a Comment