Wednesday, 31 December 2014

സജിന്‍ബാബു



ശ്രമിക്കൂ, ശ്രമിച്ചുകൊണ്ടേയിരിക്കൂ...


എന്തായിത്തീരണമെന്ന് ഒരുറച്ച തീരുമാനമെടുത്ത് അതിനുവേണ്ടി ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ ഫലം ഉണ്ടാകുമെന്നുമെന്ന പൗലോ കൊയ്‌ലോ പറച്ചില്‍ പോലെ പരിശ്രമിച്ച് ഫലമുണ്ടാക്കിയെടുത്തയാളാണ് സജിന്‍ബാബു. 28-ാം വയസ്സില്‍ ലോകസിനിമകളുടെ പ്രദര്‍ശന മേളകളില്‍ സ്വന്തം സിനിമയുമായി മത്സരിക്കാന്‍ എത്തത്തക്ക പ്രാപ്തിയുള്ള സംവിധായകനായി സജിന്‍ മാറിയത് ആറേഴു വര്‍ഷത്തെ കഠിന ശ്രമത്തിനൊടുവിലാണ്.
19-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട പേരുകളിലൊന്നാണ് സജിന്‍ ബാബുവിന്റെത്. ചെറിയ പ്രായത്തില്‍ സജിന്‍ നേടിയ ഉയരം ചെറുതല്ല. ഐ എഫ് എഫ് കെ മത്സരവിഭാഗത്തില്‍ വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 14 സിനിമകളിലൊന്ന് തിരുവനന്തപുരം നെടുമങ്ങാട്ടുകാരന്‍ സജിന്‍ ബാബുവിന്റെ അസ്തമയം വരെ ആണ്. ചലച്ചിത്രമേഖലയിലേക്ക് കൈപിടിച്ചു നടത്താന്‍ പ്രബലമായ കൈകളോ സിനിമയില്‍ പാരമ്പര്യമുള്ള കുടുംബമോ സിനിമാ ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനമോ സജിന് കൈമുതലായിട്ടില്ല. സ്വയംപരിശ്രമവും സിനിമയോടുള്ള ഇഷ്ടവുമാണ് ഇയാളെ ഈ ഐ എഫ് എഫ് കെയുടെ വലിയ ആകാശത്തിലെത്തിച്ചത്.

ഐ എഫ് എഫ് കെ ഓഡിയന്‍സ് പോളില്‍ ഇത്തവണ കൂടുതല്‍ വോട്ട് നേടി പുരസ്‌കൃതമായത് അസ്തമയം വരെ ആയിരുന്നു. മലയാള സിനിമ ഫിലിം മാര്‍ക്കറ്റിംഗിലും ഈ ചിത്രം അംഗീകാരം നേടുകയുണ്ടായി. ഇതോടെ ഐ എഫ് എഫ് കെയിലെത്തിയ വലിയ സംവിധായകര്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുമിടയില്‍ സജിന്‍ അംഗീകരിക്കപ്പെട്ടു. സംവിധായകന്‍ എന്ന പേരില്‍ സജിന്‍ കൂടുതല്‍ പേര്‍ക്കിടയില്‍ അറിയപ്പെട്ടുതുടങ്ങിയതും ഈ ഫെസ്റ്റിവലോടു കൂടിയാണ്. സജിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ഐ എഫ് എഫ് കെയാണ് എന്നെ സംവിധായകനാക്കിയത്.


സിനിമ ആവേശമായി പതിനാലാം വയസ്സില്‍ ചെന്നൈയിലേക്ക് നാടുവിട്ട ചരിത്രമാണ് സജിന്‍ ബാബുവിന്റെത്. കുറച്ചു നാള്‍ ചെന്നൈ നഗരത്തില്‍ അലഞ്ഞുതിരിഞ്ഞുനടന്നു. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ആവലാതിയായി. പത്രങ്ങളിലൊക്കെ കാണ്മാനില്ല പരസ്യവും വന്നു. വീട്ടില്‍ തിരിച്ചെത്തിയെങ്കിലും പ്ലസ്ടു കഴിഞ്ഞപ്പോള്‍ വീണ്ടും വീടുവിട്ടിറങ്ങി. സ്വന്തമായി തൊഴില്‍ ചെയ്താണ് സജിന്‍ പിന്നീട് പഠിച്ചത്. ഇന്‍ഷൂറന്‍സ് കമ്പനി, നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് തുടങ്ങിയ ജോലികളൊക്കെ ചെയ്തു. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കണമെന്ന ആഗ്രഹം സാമ്പത്തികമില്ലാത്തതിനാല്‍ നടന്നില്ല. ഐ എഫ് എഫ് കെയ്‌ക്കൊപ്പം ജീവിതാനുഭവങ്ങള്‍ കൂടിയാണ് തന്നെ സംവിധായകനാക്കിയതെന്ന് സജിന്‍ പറയും. സിനിമയോട് അത്ര പഥ്യമില്ലാത്ത വീട്ടുകാരില്‍ നിന്നും അകന്ന് എന്നാല്‍ പിണക്കമില്ലാതെ തനിച്ചാണ് സജിന്‍ ഇപ്പോഴും താമസിക്കുന്നത്.
സാധാരണ മലയാളം കച്ചവട സിനിമകള്‍ മാത്രം കണ്ടുശീലിച്ച ശരാശരി മലയാളിയുടെ കാഴ്ചാനുഭവം തന്നെയായിരുന്നു ആദ്യാകലത്ത് സജിനും പറയാനുണ്ടായിരുന്നത്. എന്നാല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദ പഠനകാലത്ത് ഐ എഫ് എഫ് കെയെ പറ്റി കേള്‍ക്കുകയും ലോകസിനിമ കാണാന്‍ അവസരം ലഭിക്കുകയും ചെയ്തത് സജിനെ മാറ്റിക്കളഞ്ഞു. താന്‍ ഇതുവരെ കണ്ടുശീലിച്ചത് മാത്രമല്ല സിനിമ എന്നും വലിയ ആവിഷ്‌ക്കാരസാധ്യതയുള്ള കലാരൂപമാണിതെന്നും സജിന്‍ മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് സിനിമയായി സജിന്റെ ജീവിതം. പരമാവധി സിനിമകള്‍ കാണാനും യാത്ര ചെയ്യാനും തുടങ്ങി. സിനിമയെടുക്കണം എന്ന ആഗ്രഹവും മനസ്സില്‍ വലുതായിത്തന്നെ ഉണ്ടായി.
അങ്ങനെയാണ് സജിന്‍ ഹ്രസ്വചിത്രങ്ങള്‍ ചെയ്യുന്നത്. അറവുശാലക്കാരനെ കേന്ദ്രമാക്കി ചെയ്ത കരയിലക്കാറ്റുപോലെ ആയിരുന്നു ആദ്യമായി ചെയ്ത ഹ്രസ്വചിത്രം. തുടര്‍ന്ന് ആര്‍ യു ഹൈഡിംഗ് ഇന്‍ യു എന്ന കാമ്പസ് ചിത്രവുമെടുത്തു. ലോ അക്കാദമിയില്‍ പഠിക്കുന്ന കാലത്ത് എ റിവര്‍ ഫ്‌ളോവിംഗ് ഡീപ്പ് ആന്‍ഡ് വൈഡ് എന്ന ഡോക്യുമെന്ററിയും മ്യൂസിക് ഓഫ് ദി ബ്രൂം എന്ന ഹ്രസ്വചിത്രവും പുറത്തുവന്നു. പല അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലും ഇവ ശ്രദ്ധിക്കപ്പെട്ടു.

നിലനില്‍ക്കുന്ന സമ്പ്രദായത്തില്‍ ആയിരിക്കരുത് തന്റെ സിനിമ എന്ന നിര്‍ബന്ധം സജിനുണ്ടായിരുന്നു. ഹ്രസ്വചിത്രങ്ങള്‍ മുതല്‍ പുലര്‍ത്തിപ്പോന്ന ഈ നിബന്ധന ഫീച്ചര്‍ ഫിലിമില്‍ എത്തിയപ്പോഴും കൈവെടിഞ്ഞില്ല. അതാണ് അസ്തമയം വരെയുടെ അംഗീകാരങ്ങളിലും എത്തിച്ചത്. മലയാള സിനിമ ഇതുവരെ പറഞ്ഞുശീലിച്ചിട്ടില്ലാത്തതും പരിചിതമല്ലാത്തതുമായ ശൈലിയാണ് സജിന്റെത്. കേരളത്തിലെ കാഴ്ചക്കാരെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ല തന്റെ സിനിമയെന്ന് സജിന്‍ അവകാശപ്പെടുന്നുമുണ്ട്.-'സ്വന്തമായി ഒരു ദൃശ്യഭാഷ ഉണ്ടാക്കണമെന്നാണ് എന്റെ ആഗ്രഹം. കഥ പലരും മുമ്പു പറഞ്ഞിട്ടുണ്ടാകും. എന്റെ ചിത്രത്തിന്റെ കഥയിലും അത്ര പുതുമയുണ്ടെന്നു അവകാശപ്പെടുന്നില്ല. ആഖ്യാനത്തിലാണ് മാറ്റമുണ്ടാകേണ്ടത്. ഓഡിയോ  വിഷ്വല്‍ ലാംഗ്വേജ് ആണ് സിനിമ എന്നാണ് ഞാന്‍ വിചാരിക്കുന്നത്. സിനിമയ്ക്കപ്പുറം ചിന്തിക്കാന്‍ പറ്റുന്നതാകണം സിനിമ.'സജിന്‍ പറയുന്നു.

ട്രീ ഓഫ് ലൈഫ് എന്ന സിനിമയാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധമെന്ന പ്രമേയം സജിന്റെ മനസ്സില്‍ വരുന്നതും അസ്തമയം വരെയുടെ ആശയത്തിലേക്ക് എത്തിക്കുന്നതും. കാലമോ സ്ഥലമോ ഇല്ലാത്ത ഈ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്ക് പേരുമില്ല. ദൃശ്യത്തിന്റെ ഭാഷ തന്നെയാണ് സിനിമ എന്ന ആശയത്തില്‍ വിശ്വസിക്കുന്ന സജിന്‍ അതുകൊണ്ടുതന്നെ ഊന്നിപ്പറയുന്നു- സിനിമ മലയാളത്തില്‍ മാത്രം ഒതുക്കുകയല്ല എന്റെ ലക്ഷ്യം. ലോകത്തെ മുഴുവന്‍ പ്രേക്ഷകരെയാണ് ഞാന്‍ ലക്ഷ്യമിടുന്നത്. സിനിമയ്ക്കു ഒരു ഭാഷയേയുള്ളൂ. അത് ദൃശ്യഭാഷ ആണ്.

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കുപുറമെ ബംഗളൂരു, ഗോവ, ചെന്നൈ, മുംബൈ ഫിലിം ഫെസ്റ്റിവലുകളിലും അസ്തമയം വരെ പ്രദര്‍ശിപ്പിച്ചു. ബംഗളൂരുവില്‍ മികച്ച ഇന്ത്യന്‍ സിനിമയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇന്ത്യയ്ക്കു പുറത്തുള്ള ഫിലിം ഫെസ്റ്റിവലുകളാണ് അടുത്ത ലക്ഷ്യമെന്ന് സജിന്‍ പറയുന്നു. ഐ എഫ് എഫ് കെ ഫിലിം മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ ചിത്രം കേരളത്തിലെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനുളള സാധ്യതയും ഒരുങ്ങിയിരിക്കുകയാണ്.

വീക്ഷണം, ജനുവരി 1

Friday, 19 December 2014

ഐ എഫ് എഫ് കെ-2014
മികച്ച സിനിമകളുടെ മേള
19-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്നവസാനിക്കെ ഈ മേള ഓര്‍മ്മിക്കപ്പെടുക ഒട്ടേറെ മികച്ച സിനിമകള്‍ സമ്മാനിച്ചതിന്റെ പേരിലായിരിക്കും. പാക്കേജിലെ വൈവിധ്യമായിരുന്നു ഇത്തവണ ഏറെ ശ്രദ്ധേയമായത്. പത്ത്് സിനിമ കണ്ടാല്‍ അതില്‍ നല്ലത് ഒന്നുമാത്രം എന്ന മേളയുടെ പതിവാണ് വഴിമാറിയത്. മത്സര, ലോകസിനിമ, കണ്‍ട്രി ഫോക്കസ്, കണ്ടംപററി, ഫ്രഞ്ച്, ഇന്ത്യന്‍ തുടങ്ങി എല്ലാം പാക്കേജുകളിലും തന്നെ മികച്ച ചിത്രങ്ങളുടെ വേലിയേറ്റമായിരുന്നു.

രണ്ടുദിവസം പിന്നിട്ടപ്പോള്‍ തന്നെ മികച്ച ചിത്രങ്ങളുടെ പേരുകള്‍ ഉയര്‍ന്നുവന്നു. മേള പുരോഗമിക്കുന്തോറും പരസ്പരം പറഞ്ഞ് നിലവാരമുള്ള ചിത്രങ്ങളുടെ പട്ടിക വലുതായി. ഒരേ സമയത്തുതന്നെ ഒന്നിലേറെ മികച്ച സിനിമകളുടെ പ്രദര്‍ശനം നടന്നപ്പോള്‍ പല സിനിമകളും കാണാനാകാതെ പോയ നിരാശയിലാണ് ഡെലിഗേറ്റുകള്‍. ഡൗണ്‍ലോഡ് ചെയ്ത് കാണാമെന്ന ആശ്വാസത്തിലാണ് പലരും. എല്ലാ മികച്ച സിനിമകളും ഏഴു ദിവസത്തിനകം കണ്ടുതീര്‍ക്കുക പ്രയാസകരമാണ്. എങ്കിലും കുറേയധികം സിനിമകള്‍ കണ്ട സന്തോഷത്തിലാണ് സിനിമാപ്രേമികള്‍.

മത്സരവിഭാഗം ചിത്രങ്ങളാണ് ആദ്യം അഭിപ്രായമുണ്ടാക്കിയത്. മത്സരവിഭാഗത്തിലെ 14 സിനിമകളും ശരാശരി നിലവാരം കാത്തുസൂക്ഷിക്കുന്നു. ഹുസൈന്‍ ഷാഹാബിയുടെ ഇറാനിയന്‍ ചിത്രം 'ദി െ്രെബറ്റ് ഡേ'യാണ് ആദ്യമായി പ്രദര്‍ശിപ്പിച്ച മത്സരവിഭാഗം ചിത്രം. 'എ ഗേള്‍ അറ്റ് മൈ ഡോര്‍', 'ദേ ആര്‍ ദി ഡോഗ്‌സ്' എന്നീ ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ 'ദി െ്രെബറ്റ് ഡേ'യ്ക്ക തൊട്ടുപിന്നാലെ മികച്ച അഭിപ്രായമുണ്ടാക്കി.

ഇറാനിയന്‍ ചിത്രങ്ങളായ 'ഒബ്ലീവിയന്‍ സീസണ്‍' (സംവിധാനം: അബ്ബാസ് റാഫി), മെക്‌സിക്കന്‍ ചിത്രമായ 'വണ്‍ ഫോര്‍ ദി റോഡ്' (ജാക് സാഗ), അര്‍ജന്റീനയില്‍ നിന്നുള്ള  'റഫ്യൂ ജിയോഡൊ' (ഡിയെഗൊ ലെര്‍മാന്‍), ജപ്പാനീസ് ചിത്രമായ 'സമ്മര്‍, ക്യോട്ടോ' (ഹിരോഷി ടോഡ), ബംഗ്ലാദേശി സിനിമ 'ദി ആന്റ് സ്റ്റോറി' (മുസ്തഫ സര്‍വാര്‍ ഫറൂക്കി),  മൊറോക്കന്‍ സിനിമകളായ 'ദി നാരോ ഫ്രൈം ഓഫ് മിഡ്‌നൈറ്റ്' (തല ഹദീദ്), ദക്ഷിണ കൊറിയന്‍ ചിത്രം  'എ ഗേള്‍ അറ്റ് മൈ ഡോര്‍' (ജൂലി ജങ്) തുടങ്ങി മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെല്ലാം മത്സരയോഗ്യമായിത്തന്നെയാണ്  ജൂറിക്കു മുമ്പിലെത്തുന്നത്. മത്സരത്തിനുണ്ടായിരുന്ന മാര്‍സലോ ഗോമസിന്റെ ബ്രസീലിയന്‍ സിനിമ 'ദി മാന്‍ ഓഫ് ക്രൗഡ്' പ്രേക്ഷകര്‍ക്ക് അത്ര രുചിച്ചില്ല എന്നത് ആദ്യപ്രദര്‍ശനത്തോടെ ബോധ്യപ്പെട്ടു. ഏറെ പ്രതീക്ഷയോടെ വന്ന സിനിമ കാഴ്ചക്കാര്‍ നിരാകരിച്ചു. സിനിമയുടെ ഇഴച്ചിലിനോട് പൊരുത്തപ്പെടാന്‍ കാണികള്‍ക്കായില്ല എന്നത് രണ്ടാമത്തെ പ്രദര്‍ശനം മുതല്‍ ദി മാന്‍ ഓഫ് ക്രൗഡിന് ക്രൗഡിനെ സൃഷ്ടിക്കാനായില്ല.

മത്സരവിഭാഗം വിട്ട് ലോകസിനിമയിലേക്ക് സഞ്ചരിക്കുമ്പോള്‍ അവിടെയും സ്ഥിതി മാറ്റമില്ല. നിലവാരമുള്ള സിനിമകള്‍ ഇവിടെയും ഏറെയാണ്. ദി പ്രസിഡന്റ്, ഒമര്‍, ദി ലോംഗസ്റ്റ് ഡിസ്റ്റന്‍സ്, തീബ്, വൈല്‍ഡ് ടൈല്‍സ്, ദി െ്രെടബ്, ഹോപ്, സൈലന്റ് നൈറ്റ്, ലൈവിയതന്‍, കോണ്‍ ഐലന്റ്,ഡിഫര്‍ട്ട്, മോമ്മി, നാച്ചുറല്‍ സൈലന്‍സ്, തിംബുക്തു, ട്രാക്ക് 143 അങ്ങനെ ശരാശരിപ്പുറത്ത് കടക്കുന്ന സിനിമകള്‍ കണ്ട അനുഭവമാണ് മേളയില്‍ എല്ലാവര്‍ക്കും പങ്കിടുന്നത്.

റെസ്‌ട്രോസ്‌പെക്ടീവ് വിഭാഗത്തില്‍ ബസ്റ്റര്‍ കീറ്റണിന്റെ നാല് ചിത്രങ്ങളും പ്രേക്ഷകര്‍ക്ക് പുതിയ അനുിഭവമായി. നിശ്ശബ്ദ സിനിമകളിലെ ചിരി ചാപ്ലിനില്‍ മാത്രം കണ്ടുശീലിച്ച ഭൂരിഭാഗം ചലച്ചിത്ര പ്രേമികള്‍ക്കും കീറ്റണ്‍ നവ്യാനുഭവമായി. നിലയ്ക്കാത്ത ചിരിയോടെ ആസ്വദിച്ചുരസിച്ചാണ് ഡെലിഗേറ്റുകള്‍ ീറ്റണ്‍ ചിത്രങ്ങള്‍ കണ്ടത്. സെവന്‍ ചാന്‍സസ് എന്ന ചിത്രമാണ് കൂട്ടത്തില്‍ വലിയ ചിരി സമ്മാനിച്ചത്.

ഇന്ത്യന്‍ സിനിമയും മലയാള സിനിമയും മികച്ച സാന്നിധ്യങ്ങളായി മേളയില്‍ നിറഞ്ഞുനിന്നു. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'ഒരാള്‍പൊക്കം', ദുരന്തത്തിന്റെ മനുഷ്യമുഖങ്ങള്‍ കാമറയിലൊതുക്കി സലില്‍ ലാലിന്റെ ആദ്യ സംവിധാന സംരംഭം 'കാള്‍ട്ടന്‍ ടവേഴ്‌സ്', എന്‍.കെ. മുഹമ്മദ് കോയയുടെ 'അലിഫ്' ടി കെ സന്തോഷിന്റെ വിദൂഷകന്‍ എന്നീ മലയാള ചിത്രങ്ങള്‍ക്ക് വലിയ പ്രേക്ഷകപ്രീതി നേടിയെടുക്കാനായി. ഇന്ത്യന്‍ സിനിമ ലോകത്തോട് മത്സരിക്കാന്‍തക്ക ഉയരത്തില്‍ തന്നെയാണെന്ന് ഡിസംബര്‍ ഒന്ന്, ഊംഗ, സഹീര്‍, 89, ഗൗരി ഹരി ദസ്താന്‍ എ ഫ്രീഡം ഫയല്‍, ഏക് ഹസാര്‍ച്ചി നോട്ട് എന്നീ ചിത്രങ്ങള്‍ തെളിയിച്ചു.

കണ്ടമ്പററി മാസ്റ്റര്‍ വിഭാഗത്തില്‍ പലസ്തീന്‍ സംവിധായകന്‍ ഹനി അബു ആസാദിന്റെ ചിത്രങ്ങളായ ഒമറിനും പാരഡൈസ് നൗവിനും ആസ്വാദകരെ ഞെട്ടിക്കാനായി. ഇൗ ചിത്രങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്ന വിഷയങ്ങളിലെ രാഷ്ട്രീയ, സാമൂഹിക പ്രാധാന്യമാണ് ആളുകളെ അടുപ്പിച്ചത്.
മക്ബല്‍ബഫിന്റെ ദി പ്രസിഡന്റ് ആണ് മേളയുടെ സിനിമയാകാനുള്ള ലിസ്റ്റില്‍ മുന്‍പന്തിയില്‍. ഏറ്റവുമധികം ആളുകള്‍ തള്ളിക്കയറിയ സിനിമയും ഇതുതന്നെ. ജനപ്രീതി കാരണം ആളുകള്‍ക്ക് വീണ്ടും കാണാനുള്ള അവസരമൊരുക്കി ഇന്ന് പ്രസിഡന്റിന് പ്രത്യേക പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.

വീക്ഷണം, ഡിസംബര്‍ 19

Thursday, 18 December 2014

ഐ എഫ്ി എഫ് കെ-2014
വിദൂഷകന്‍-സഞ്ജയന് മലയാള സിനിമയുടെ ആദരം
മലയാളത്തിന്റെ വിഖ്യാത ഹാസ്യസാഹിത്യകാരന്‍ സഞ്ജയന് മലയാള സിനിമ നല്‍കുന്ന ആദരമാണ് വിദൂഷകന്‍ എന്ന ചിത്രം. പ്രതിഭയോട് നീതി പുലര്‍ത്തുംവിധം ആദരവ് സഞ്ജയന് ലഭിച്ചിട്ടില്ലെന്ന് തോന്നലില്‍നിന്നാണ് ഈ സിനിമ ജനിച്ചതെന്ന് അണിയറക്കാര്‍ പറയുന്നു. മാണിക്കോത്ത് രാമുണ്ണി നായര്‍ എന്ന സഞ്ജയനെ പൂര്‍ണ്ണാര്‍ഥത്തില്‍ ഉള്‍ക്കൊണ്ട് വായിക്കാനുള്ള ബൗദ്ധികതലം പ്രകടിപ്പിച്ച മലയാളി വായനക്കാര്‍ കുറവായിരുന്നു എന്നുകൂടി കൂട്ടിവായിച്ചാല്‍ ഈ തിരസ്‌ക്കരണം ശരിയാണെന്ന് ബോധ്യപ്പെടും. യാഥാര്‍ഥ്യം ഇങ്ങനെയാണെന്നിരിക്കെയാണ് വിദൂഷകനുമായി ടി.കെ. സന്തോഷ് എത്തുന്നതും. ഈ ശ്രമം എന്തുകൊണ്ടും സഞ്ജയനെന്ന മഹാപ്രതിഭയോടുള്ള ആദരമാകുന്നു.

സഞ്ജയന് കേരളത്തില്‍ ഒരേയൊരു സ്മാരകമുള്ളത് സംവിധായകന്‍ ടി. കെ. സന്തോഷിന്റെയും നിര്‍മാതാവ് സി. കെ. ദിനേശന്റെയും നാടായ അന്നൂരിലാണ്.
ചെറുപ്പം മുതല്‍ തന്നെ കേട്ടുവളര്‍ന്ന എഴുത്തുകാരനെ പിന്നീട് വായിച്ചറിഞ്ഞു. ആ ആരാധനയാണ് വിദൂഷകനെന്ന സിനിമയായി പരിണമിച്ചതെന്നു സംവിധായകന്‍ പറയുന്നു. സഞ്ജയന് അര്‍ഹിച്ച അംഗീകാരം ലഭിച്ചിട്ടില്ലെന്ന ബോധ്യം വളര്‍ന്നുവന്നു. അങ്ങനെയാണ് അദ്ദേഹത്തിന്റെ അസാധാരണവ്യക്തിത്വം തിരശീലയിലാക്കാനുള്ള ശ്രമം ആരംഭിച്ചതെന്നും സന്തോഷ്. അങ്ങനെ വിദൂഷകന്‍ സഞ്ജയന് ജന്മനാട് നല്‍കുന്ന ആദരം കൂടിയാകുന്നു.

അസാധാരണമായ പ്രതിഭാവിലാസമുള്ള പലരെയും പോലെ സഞ്ജയന്റെയും ഭൂമിയിലെ ആയുസ്സ് കുറവായിരുന്നു. എന്നാല്‍ ആ കാലയളവില്‍ കാലാതിവര്‍ത്തിയായ ഒരു സാഹിത്യവ്യക്തിത്വമായി മാറാന്‍ സഞ്ജയന് കഴിഞ്ഞു. കരളെരിഞ്ഞാലും തലപുകഞ്ഞാലും ചിരിക്കണമതേ വിദൂഷകധര്‍മ്മം എന്ന ആപ്തവാക്യത്തില്‍ ഉറച്ചുനിന്ന ജീവിതം. മരണത്തിലേക്കു നടന്നടുക്കുന്ന പ്രതിഭയുടെ ജീവിതത്തിന്റെ അവസാന മണിക്കൂറുകളിലേക്കു വിദൂഷകന്‍ എന്ന ചിത്രം കടന്നുചെല്ലുന്നു. അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളോരാന്നും മറനീക്കി മുന്നിലെത്തുന്നു.

സംവിധായകന്‍ വി. കെ. പ്രകാശാണ് സഞ്ജയനായെത്തുന്നത്. അനുഭവജ്ഞാനമുള്ള സംവിധായകന്‍ എന്ന നിലയില്‍ വികെപിയുടെ പ്രകടനവും സഹായവും സിനിമയ്ക്കുണ്ടായിരുന്നുവെന്ന് സംവിധായകന്റെ സാക്ഷ്യം. ആകാശ് നഗര്‍, പ്രിയപ്പെട്ട നാട്ടുകാരേ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയാണ് ടി. കെ. സന്തോഷ്. തൃശൂര്‍ സ്വദേശിയും ബാംഗ്ലൂരില്‍ ഐറ്റി എന്‍ജിനീയറുമായ  ഇഷ ഫെര്‍ഹയാണ് സഞ്ജയന്റെ ഭാര്യ കാര്‍ത്ത്യായനിയായി വേഷമിട്ടിട്ടുള്ളത്.

മലയാളം സിനിമ ഇന്ന് വിഭാഗത്തിലാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വിദൂഷകന്‍ പ്രദര്‍ശിപ്പിക്കുന്നത്. രണ്ട് പ്രദര്‍ശനം കഴിഞ്ഞ വിദൂഷകന് പ്രേക്ഷകപിന്തുണ നേടാനായിട്ടുണ്ട്. മൂന്നാമത്തെ പ്രദര്‍ശനം ഇന്ന് ഉച്ചയ്ക്ക് 12ന് നിള തീയറ്ററിലാണ്. റിലീസിനെപ്പറ്റി തല്‍ക്കാലം ചിന്തിക്കുന്നില്ലെന്നും സഞ്ജയന്‍ എന്ന മഹാപ്രതിഭയ്ക്കു ലഭിച്ച ആദരമായാണു ചിത്രത്തിന്റെ പ്രേക്ഷകസാന്നിധ്യത്തെ കണക്കാക്കിയിരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ ഒരേസ്വരത്തില്‍ പറയുന്നു. രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാണ് തങ്ങളുടെ ചിത്രങ്ങള്‍ ശ്രദ്ധേയമായതെന്ന് ടി.കെ. സന്തോഷും പറഞ്ഞു.

വീക്ഷണം, ഡിസംബര്‍ 18

Wednesday, 17 December 2014

ഐ എഫ് എഫ് കെ-2014
ഭരണകൂട ഭീകരതയെ തെരുവിലിഴച്ച് പ്രസിഡന്റ്

ഇറാനിയന്‍ സിനിമള്‍ക്ക് ലോകഭൂപടത്തില്‍ കൃത്യമായ മേല്‍വിലാസം എഴുതിയുണ്ടാക്കിയ സംവിധായകനാണ് മൊഹ്‌സെന്‍ മക്ബല്‍ബഫ്. സിനിമാനിര്‍മ്മാണം അത്രയെളുപ്പം സാധിക്കുന്ന ഒരു വഴിയല്ല ഇറാനില്‍ എന്നതുകൊണ്ടുതന്നെ പ്രതിബന്ധങ്ങളെ പ്രതിഭയിലൂടെ മറികടക്കുന്ന രീതിയാണ് ബഫ് അനുവര്‍ത്തിച്ചുപോരുന്നത്. പിന്തുടര്‍ന്നുവന്ന ഇറാന്‍ സംവിധായകരും ഈ വഴി സഞ്ചാരത്തിനായി തെരഞ്ഞെടുക്കുന്നു. എന്തുകൊണ്ട് ഇറാനില്‍നിന്നും ഇത്രയും ശക്തമായ സിനിമകള്‍ എന്ന ചോദ്യത്തിനുത്തരം അത്തരമൊരു സംഘര്‍ഷ ഭൂമികയില്‍നിന്നു അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന് പറയേണ്ടിവരും. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് പോലും വിലക്കുള്ള ഇറാനില്‍ അഞ്ച് ബഫ് ചിത്രങ്ങളാണ് ഇതുവരെ നിരോധിക്കപ്പെട്ടിട്ടുള്ളത്.

കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ എക്കാലത്തും ഏറെ ആരാധകരുള്ള സംവിധായകനായ മക്ബല്‍ബഫ് ദി ഗാര്‍ഡ്‌നര്‍ പോലുള്ള ചിത്രങ്ങളുമായി കഴിഞ്ഞ വര്‍ഷം നിരാശപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന്റെ സിനിമകളിലെ വിഷയവൈവിദ്ധ്യവും തീക്ഷ്ണ ജീവിതക്കാഴ്ചകളും ഇറാനിയന്‍ നവസിനിമയുടെ വക്താവ് എന്ന നിലയിലുള്ള ആദരവും പ്രേക്ഷകര്‍ക്ക് പ്രതീക്ഷയേറ്റുന്ന ഘടകങ്ങളാണ്. ഈ പ്രതീക്ഷ തെറ്റിയില്ലെന്നു മാത്രമല്ല ഇത്തവണ മേളയില്‍ ഏറ്റവുമധികം അഭിനന്ദനമേറ്റുവാങ്ങിയ സിനിമകളിലൊന്നായി മാറുകയാണ് ബഫിന്റെ ദി പ്രസിഡന്റ്.

ഏകാധിപത്യ ഭരണത്തെ തെരുവിലിട്ട് ചോദ്യം ചെയ്യുകയാണ് ഈ സിനിമ. ജനങ്ങള്‍ തന്നെയാണ് അവസാന വിധികര്‍ത്താക്കള്‍ എന്ന് സിനിമ അടിവരയിടുന്നു. നടപ്പു ലോകക്രമത്തില്‍ ലോകത്തെ പല രാജ്യങ്ങളിലും നിലനില്‍ക്കുകയും ജനകീയ വിപ്ലവത്തില്‍ അടിതകര്‍ന്ന് വീഴുകയും ചെയ്ത ഭരണകൂടങ്ങളും അധികാരികളും തെരുവില്‍ വലിച്ചിഴയ്‌ക്കെപ്പെട്ട് അന്തിമകാഹളത്തിനു മുന്നില്‍ കഴുത്ത് നീട്ടിക്കൊടുക്കുന്നു. ബഫിന്റെ പ്രസിഡന്റിനും ഇതേ വിധിയാണ് നേരിടേണ്ടിവരുന്നത്. രാഷ്ട്രീയ അട്ടിമറിയിലൂടെ അധികാരം നഷ്ടപ്പെടുമ്പോള്‍ താന്‍ എല്ലാ അധികാരങ്ങളും പ്രയോഗിച്ച് ഭരിച്ച ജനക്കൂട്ടത്തില്‍നിന്ന് രക്ഷപ്പെടാന്‍ പ്രസിഡന്റിന് ജീവന്‍വെച്ചുതന്നെ പോരാടേണ്ടിവരുന്നു.

അത്രമേല്‍ ശക്തമാണ് ബഫിന്റെ പ്രസിഡന്റിന്റെ രൂപഘടന. മികച്ച രീതിയില്‍ വാര്‍ത്തെടുത്ത ഈ ശില്‍പ്പം ഭരണകൂട ഭീകരതയും നിസ്സഹായതയും ഒരുപോലെ കാണിയിലെത്തിക്കുന്നു. ഓരോ ഷോട്ടും ദൃശ്യവും കാഴ്ചക്കാരന്റെകൂടി അനുഭവമാക്കി മാറ്റാനുള്ള ബഫിന്റെ കഴിവ് പ്രസിഡന്റില്‍ മികച്ചുനില്‍ക്കുന്നു. വരുംതലമുറ സിനിമാക്കാര്‍ക്ക് മാതൃകയും കാഴ്ചക്കാര്‍ക്ക് അനുഭവവുമാകുന്ന പ്രസിഡന്റ് പോലുള്ള സിനിമകള്‍ ബഫില്‍ നിന്നുമുണ്ടാകുന്നത് ആരാധകര്‍ക്കിടയില്‍ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ബഫില്‍ ഇനിയും പ്രതീക്ഷിക്കാന്‍  പ്രസിഡന്റ് വകയേറ്റുന്നു എന്നും പറയാതെവയ്യ.

വീക്ഷണം, ഡിസംബര്‍ 17

ഐ എഫ് എഫ് കെ-2014
കിം കി ഡുക്ക് എന്നത് ഒരു പേരാകുന്നു

ചില പേരുകള്‍ അങ്ങനെയാണ്. കാഴ്ചക്കാരനില്‍ അത്ഭുതം കൂറിച്ച് സ്‌നേഹം പിടിച്ചുവാങ്ങി കണ്‍മുന്നില്‍ വളര്‍ന്നു പന്തലിച്ചങ്ങനെ നില്‍ക്കും. ആ ഒരൊറ്റ പേരുമതിയാകും ഒരു പടുകൂറ്റന്‍ മൈതാനം പോലും നിറയ്ക്കാന്‍. പല മേഖലകളില്‍ അത്തരം നിരവധി പേരുകള്‍ ലോകത്ത് പല കാലങ്ങളിലായി ഉണ്ടായിട്ടുണ്ട്. പലതും പച്ചച്ച് നില്‍ക്കുന്നുണ്ട്. ചിലതൊക്കെ ചിതലരിച്ചും മറന്നും ചവിട്ടിനടന്നകന്നും പോകുകയുമുണ്ടായി.
സമകാലിക ലോകസിനിമയിലെ അത്തരമൊരു പേരാണ് ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെത്. ലോകസിനിമയെ ഗൗരവത്തോടെ കാണുന്ന ഒരു കൂട്ടമാളുകള്‍ ഡുക്കിനെ കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ശ്രദ്ധിക്കുകയും നേരത്തെപ്പറഞ്ഞവിധം വിടാതെ പിന്തുടരുകയും ചെയ്യുന്നുണ്ട്.

കേരള രാജ്യാന്തര ചലച്ചിത്രമേള ഇത്രയൊന്നും ആള്‍ക്കൂട്ടത്തിന്റെ സ്വന്തമല്ലാതിരുന്ന, കൃത്യമായി പറഞ്ഞാല്‍ പത്തുവര്‍ഷം മൂന്‍പാണ് കിം കി ഡുക്കിന്റെ ഒരു സിനിമ ആദ്യമായി ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്. മഹ്‌സീന്‍ മക്ബല്‍ബഫ്, ജാഫര്‍ പനാഹി, അബ്ബാസ് കിരോസ്തമി, അസ്ഹര്‍ ഫര്‍ഹാദി, മജീദി മജീദി, ആങ് ലീ, അലക്‌സാണ്ടര്‍ സുകുറോവ്, ലാന്‍സ് വോന്‍ട്രയര്‍ തുടങ്ങി സംവിധായകരുടെ പേരുനോക്കി സിനിമ കണ്ടിരുന്നവര്‍ക്ക് ചേര്‍ക്കാന്‍ പുതിയൊരു പേരുകൂടി സ്വന്തമായി.-കിം കി ഡുക്ക്. സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിംഗ് എന്ന സിനിമയായിരുന്നു ഈ ജനപ്രിയതയ്ക്കു പിന്നില്‍. ഋതുക്കളുടെ മാറ്റങ്ങള്‍ ജീവിതത്തില്‍ക്കൂടി പ്രതിഫലിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച ഈ സിനിമ കണ്ട് കേരളത്തിലെ കാണികള്‍ അത്ഭുതം കൂറി. അത്രമാത്രം ലാളിത്യവും നിശ്ശബ്ദതയും എന്നാല്‍ കഥപറച്ചിലിന്റെ ആഴവും കരുത്തും ദൃശ്യങ്ങളുടെ അതിസമ്പന്നതയും ഒരുക്കിച്ചേര്‍ത്ത സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്റ് സ്പ്രിംഗ് ചലച്ചിത്രമേളയില്‍ പുതിയ അനുഭവമായി. അതില്‍പ്പിന്നെയാണ് ഇന്നുകാണുന്ന കിം കി ഡുക്ക് സിനിമകളുടെ ഈ കാത്തിരിപ്പിന് അരങ്ങൊരുങ്ങുന്നത്.

തുടര്‍വര്‍ഷങ്ങളില്‍ ത്രീ അയേണ്‍, ദി ബോ എന്നീ ചിത്രങ്ങളും പ്രതീക്ഷയെ ഏറെ വളര്‍ത്തി. കിം തെരഞ്ഞെടുക്കുന്ന പ്രമേയങ്ങളിലെ പുതുമയും ബുദ്ധമതവും സംസ്‌ക്കാരവും നാട്ടുതനിമയും ഇടകലര്‍ന്നുവരുന്ന പശ്ചാത്തലവും ജനത്തെ ഈ സിനിമകളിലേക്ക് ഗൗരവമായി അടുപ്പിച്ചു. ഓരോ വര്‍ഷത്തെയും മേളയുടെ ഷെഡ്യൂള്‍ കിട്ടുമ്പോള്‍ കിം കി ഡുക്കിന്റെ സിനിമയുണ്ടോ എന്ന അന്വേഷണത്തിലേക്ക് ഡെലിഗേറ്റ്‌സിനെ നയിക്കാന്‍ ഈ സംവിധായകന്റെ പ്രതിഭയ്ക്കായി.

ഡ്രീം, ടൈം എന്നീ ചിത്രങ്ങള്‍ക്കുശേഷം മൂന്നുവര്‍ഷത്തോളം മൗനം. കിം കി ഡുക്കിന്റെ മാനസികതലത്തില്‍ വന്ന വ്യതിയാനങ്ങള്‍ ചിത്രീകരിക്കുന്ന ഡോക്യു-സിനിമ അരിരംഗ് 2011ല്‍ പുറത്തുവന്നു. അദ്ദേഹത്തിന് ജീവിതത്തോടുള്ള വിരക്തി ഈ സിനിമയില്‍ കാണാം. വിജനമായ മലമുകളില്‍ പോയി തനിച്ച് താമസിക്കുകയും സ്വന്തം സിനിമകളുടെ ഡി വി ഡിയും പ്രിന്റുകളും തനിക്ക് ലഭിച്ച പുരസ്‌ക്കാരങ്ങളും വരെ തീയിട്ട് നശിപ്പിക്കുകയും ആത്മപീഡയാല്‍ കാഴ്ചക്കാരനെപ്പോലും പൊറുതിമുട്ടിക്കുകയും ചെയ്യുകയായിരുന്നു അരിംരംഗ്.

തുടര്‍ന്നുവന്ന കിം സിനിമകള്‍ കാത്തിരുന്ന പ്രേക്ഷകന് സമ്മാനിച്ചത് അതിഭീകരമായ വയലന്‍സ് ആയിരുന്നു. കിമ്മിന്റെ മാസ്റ്റര്‍പീസുകളായ സിനിമകള്‍ കാണാത്തവര്‍ പോലും പറഞ്ഞുകേട്ട് അദ്ദേഹത്തിന്റെ സിനിമയ്ക്കായി കാത്തിരിക്കാന്‍ തുടങ്ങിയ അവസരത്തിലായിരുന്നു ആസ്വാദകന്റെ നെഞ്ചിലേക്ക് കുത്തിയിറക്കുന്ന ആയുധങ്ങളുമായി ഈ പ്രതിഭാധനനായ സംവിധായകന്‍ രംഗപ്രവേശം ചെയ്തത്. 2012ല്‍ പിയാത്ത, 2013ല്‍ മോബിയസ്, 2014ല്‍ വണ്‍ ഓണ്‍ വണ്‍ എന്നീ ചിത്രങ്ങളാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ കിം കി ഡുക്കിന്റെതായി പ്രദര്‍ശിപ്പിച്ചത്. പ്രമേയത്തില്‍ യാതൊരു പുതുമയും തരാത്ത ചിത്രങ്ങളായിരുന്നു എല്ലാം. കഥാപരിസരം ഒരിക്കലും ആവശ്യപ്പെടാത്ത വയലന്‍സിന്റെ അതിപ്രസരം ഈ ചിത്രങ്ങളിലെല്ലാം മറനീക്കിത്തന്നെ പുറത്തെത്തി.

തന്റെ സിനിമകളിലെ വയലന്‍സിനെപ്പറ്റി കിം കി ഡുക്കിന് വ്യക്തമായ ഉത്തരമുണ്ട്. വയലന്‍സില്‍ സൗന്ദര്യമുണ്ട്. വയലന്‍സ് എന്നെയും അസ്വസ്ഥമാക്കുന്നുണ്ട്. എന്നാല്‍ സിനിമയില്‍ വയലന്‍സിന്റെ സുന്ദരമുഖമാണ് ആവിഷ്‌കരിക്കുന്നത്. അതിന്റെ വികൃതമുഖമല്ല. സിനിമയുടെ ക്രൂരമായ രംഗങ്ങളെ വേര്‍തിരിച്ചു കാണേണ്ടതില്ല. സിനിമയുടെ പൂര്‍ണതയാണ് നോക്കേണ്ടത്. സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ എന്ന സിനിമയിലെ നിശ്ശബ്ദതയ്ക്കും മൊബിയസിലെ  വയലന്‍സിനും ഒരേ സന്ദേശമാണ് എനിക്ക് നല്‍കാനുള്ളത്. ജീവിതം വര്‍ണ്ണാഭമാണ്. എല്ലാ നിറങ്ങളും ജീവിതം തന്നെയാണ്.-കിം പറയുന്നു.

ഇത്തവണ ഐ എഫ് എഫ് കെയില്‍ കിമ്മിന്റെതായി പ്രദര്‍ശിപ്പിച്ച വണ്‍ ഓണ്‍ വണ്ണിന്റെ ആദ്യപ്രദര്‍ശനത്തിന് മേള കണ്ട ഏറ്റവും വലിയ ജനത്തിരക്കാണ് ഉണ്ടായത്. വയലന്‍സിലും സൗന്ദര്യമുണ്ടെന്ന് പറഞ്ഞുതന്ന സംവിധായന്റെ സിനിമകളില്‍ വയലന്‍സ് മാത്രമായിപ്പോകുമ്പോള്‍ ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞിട്ടു തന്നെയാണോ ജനങ്ങള്‍ തീയറ്ററിനകത്ത് കയറാന്‍ തിക്കിത്തിരക്കുന്നതെന്ന് സന്ദേഹിച്ചുപോകുന്നു. അതോ ഹിംസ ആഘോഷമാക്കുക എന്നൊരാഹ്വാനം ഇവര്‍ ഉള്ളില്‍ ഉദ്ഘാഷിക്കുന്നുണ്ടോ എന്നതും സംശയിക്കണം. സിനിമകളുടെ സെലക്ഷനില്‍ എക്കാലത്തെയും മികച്ച മേളകളില്‍ ഒന്നാണ് ഇത്തവണത്തേതെന്ന് പരക്കെ അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞ സാഹചര്യത്തില്‍ തെരഞ്ഞെടുക്കാന്‍ ഇഷ്ടം പോലെ സിനിമകളുണ്ടായിട്ടും കിം കി ഡുക്ക് തീയറ്ററിലേക്കുതന്നെ പോകുന്ന ആയിരങ്ങളുടെ സിനിമാപ്രേമത്തെപ്പറ്റി ആശങ്കയുണ്ട്; വലിയ തോതില്‍ തന്നെ.

കിം അനുഭവിക്കുന്ന ജീവിതത്തിന്റെ രണ്ടരികുകളാണ് സെന്‍ ബുദ്ധിസ ചിന്തകളില്‍നിന്ന് വയലന്‍സ് സിനിമകളിലേക്കുള്ള പ്രയാണം. ഇത് ഏതൊരു മനുഷ്യജീവിതത്തിനും ബാധകമായ രണ്ട് വ്യത്യസ്ത അതിരുകളിലേക്കുള്ള യാത്ര തന്നെയാണ്. ഹൃദയത്തില്‍ നിന്നാണ് താന്‍ സിനിമ നിര്‍മ്മിക്കുന്നതെന്നും അതുകൊണ്ടാകാം ജനങ്ങള്‍ തന്റെ സിനിമ ഇഷ്ടപ്പെടാന്‍ കാരണമെന്നും കിം കി ഡുക്ക് പറയുമ്പോള്‍ അദ്ദേഹത്തോട് ശൈലീമാറ്റം വരുത്താന്‍ ആവശ്യപ്പെടുക സാധ്യമല്ല. അത് അത്രമേല്‍ നൈസര്‍ഗ്ഗിക പ്രതിഭയുള്ള ഒരു വലിയ കലാകാരനോടുള്ള അനീതിയായിരിക്കും. തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആസ്വാദകന്റെയാണ്.

വീക്ഷണം, ഡിസംബര്‍ 17

ഐ എഫ് എഫ് കെ-2014
ഡിസംബര്‍ ഒന്ന്-യാഥാര്‍ഥ്യങ്ങളിലേക്ക് ചൂണ്ടിയ വിരല്‍

ഇന്ത്യന്‍ സമൂഹത്തിലേക്കും രാഷ്ട്രീയത്തിലേക്കും മാധ്യമങ്ങളിലേക്കുമുള്ള നീട്ടിപ്പിടിച്ച ചൂണ്ടുവിരലിന്റെ പേരാകുന്നു ഡിസംബര്‍ ഒന്ന്. ഭരണകൂടത്തിന്റെ കാപട്യം സാധാരണ ജീവിതത്തില്‍ എത്രമാത്രം ഇടപെടാമെന്നും അത് ജീവിതങ്ങളെ എങ്ങനെ ഗതിമുട്ടിക്കുമെന്നും പി. ശേഷാദ്രി 'ഡിസംബര്‍ ഒന്നി'ല്‍ വരച്ചുകാട്ടുന്നു.
കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഇന്ത്യന്‍ ജനത എത്തരത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ നേരടയാളമാണ്. ഭരണവര്‍ഗ്ഗവും അവരെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റുകളും മാധ്യമങ്ങളും തീരുമാനിക്കുന്നിടത്ത് ദൈനംദിന ഭരണചക്രം നടന്നുപോകുന്ന രാജ്യത്തിന്റെ പുറംതോടും. നേരെതിര്‍വശത്ത് ഏറ്റവും പാര്‍ശ്വവത്ക്കരിക്കപ്പെട്ട് വോട്ടവകാശത്തിലല്ലാതെ നാടിന്റെ യാതൊരു വികസനത്തിലും മാറ്റത്തിലും ഭാഗഭക്കാകാതെ ഒരു പങ്കും അവശേഷിപ്പിക്കാതെ തീര്‍ത്തും തിരസ്‌കൃതരായി കടന്നുമറഞ്ഞുപോകുന്ന വലിയൊരു വിഭാഗവും.

ഓരം ചേര്‍ന്നുകിടക്കുന്ന വിഭാഗത്തിന്റെ കൂടെയായിരിക്കണം ഒരു ചലച്ചിത്രകാരന്‍ നില്‍ക്കേണ്ടതെന്ന് നിശ്ചയമുള്ള ശേഷാദ്രി ഇന്ത്യന്‍ സിനിമയ്ക്ക് ലോകസിനിമകളോട് മത്സരിക്കത്തക്കവിധം അഭിമാനിക്കാവുന്ന മികവോടു കൂടിയാണ് ഡിസംബര്‍ ഒന്ന് അവതരിപ്പിക്കുന്നത്. യാഥാര്‍ഥ്യങ്ങളുടെ പാരുഷ്യം ചോരാതെ അത് കാഴ്ചക്കാര്‍ക്കുകൂടി അനുഭവിപ്പിക്കാന്‍ കഴിയുന്നിടത്താണ് സിനിമയുടെ വലിപ്പമേറുന്നത്.

ദാരിദ്ര്യത്തിനും പ്രാരാബ്ധത്തിനുമിടയിലും കൊച്ചുകൊച്ചു സന്തോഷങ്ങളില്‍ ജീവിക്കുന്ന കര്‍ണാടകയിലെ വസുപുര എന്ന ഗ്രാമത്തിലെ ദരിദ്രകുടുംബത്തില്‍ അതിഥിയായി മുഖ്യമന്ത്രി എത്തുന്നു. അതിഥിതിയായെത്തുന്ന മുഖ്യമന്ത്രിയെക്കാരണം സ്വന്തം വീട്ടില്‍ അന്യരായി ഈ കുടുംബത്തിന് കഴിയേണ്ടിവരുന്നു. ശബളിമയെല്ലാം മാഞ്ഞ് യാഥാര്‍ഥ്യത്തിലെത്തുമ്പോള്‍ ഓരം ചേരുന്നവര്‍ വീണ്ടും ഓരത്തും അധികാരം എങ്ങനെ മനുഷ്യനെ സമര്‍ഥമായി ഉപയോഗിക്കുന്നുവെന്നും സിനിമ ദൃശ്യവത്ക്കരിക്കുന്നു.
ഡിസംബര്‍ ഒന്ന്-പേരിലെ സൂചകം പോലെ എയ്ഡ്‌സ് ആണ് ക്ഷണിക്കാതെ എത്തുന്ന അതിഥി. ഈ അതിഥി ഒരു കുടുംബത്തെ ഒറ്റപ്പെടുത്തുകയും അധികാരത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ എത്രത്തോളം ഭീകരവും കരുണയില്ലാത്തതുമാണെന്ന് തെല്ല് ഞെട്ടലോടെ മാത്രമേ തിരിച്ചറിയാനാകൂ.

മികച്ച പ്രാദേശിക ഭാഷാചിത്രത്തിനുള്ള 61-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ചിത്രമാണ് ഡിസംബര്‍ ഒന്ന്. മേളയില്‍ ഒറ്റപ്രദര്‍ശനത്തോടെ ജനങ്ങളുടെ നിലയ്ക്കാത്ത കൈയടിയാണ് ചിത്രം നേടിയിട്ടുള്ളത്. തുടര്‍ദിവസങ്ങളില്‍ വരുന്ന മൂന്നു പ്രദര്‍ശനങ്ങളില്‍ ഉയരുക ഇതിലും വലിയ വലിയ കൈയടികളായിരിക്കുമെന്ന് തീര്‍ച്ച. ഈ കൈയടി ഓരം ചേരുന്നവരുടെ തോളില്‍ ചേര്‍ക്കുന്ന കൈകളുടേതു കൂടിയാണെന്നതാണ് വലിയ പ്രതീക്ഷ പകരുന്ന കാര്യം.

വീക്ഷണം, ഡിസംബര്‍ 16

ഐ എഫ് എഫ് കെ-2014
മലയാള സിനിമയുടെ ചരിത്രം ലോകത്തോട് പറഞ്ഞ് 
ഫോട്ടോ പ്രദര്‍ശനം

ലോകസിനിമയുടെ നിശ്ശബ്ദ കാലഘട്ടത്തിന് തിരശ്ശീല വീണ 1927നു തൊട്ടടുത്ത വര്‍ഷമാണ് കേരളത്തില്‍ ആദ്യമായി സിനിമാനിര്‍മ്മാണം ആരംഭിക്കുന്നത്. ഒരു പ്രിന്റ് പോലും അവശേഷിപ്പിക്കാതെ ആദ്യ സിനിമ കടന്നുപോയെന്ന കാവ്യനീതിയും മലയാളസിനിമാ ചരിത്രത്തിന് സ്വന്തം..
ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ട മലയാള സിനിമ' എന്ന പേരില്‍ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി കേരള ചലച്ചിത്ര അക്കാദമി കനകക്കുന്ന് കൊട്ടാരത്തില്‍ സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം മലയാള സിനിമയെ ലോകത്തിനുമുന്നില്‍ പരിചയപ്പെടുത്താന്‍ ലഭിക്കുന്ന വലിയ അവസരമായിമാറുകയാണ്. മലയാള സിനിമയുടെ ചരിത്രവും മലയാളം ലോകസിനിമയ്ക്ക് ചെയ്ത സംഭാവനകളും അടയാളപ്പെടുത്തുകയാണിവിടെ.

1930 ഒക്ടോബര്‍ 30ന് പുറത്തിറങ്ങിയ വിഗതകുമാരന്റെ ക്യാപിറ്റോള്‍ തീയറ്ററിലെ ആദ്യപ്രദര്‍ശനത്തിന് പുറത്തിറക്കിയ ക്ഷണക്കത്തില്‍ തുടങ്ങുന്ന കാഴ്ച രണ്ടാമത്തെ സിനിമയായ മാര്‍ത്താണ്ഡവര്‍മ്മയിലൂടെ തുടര്‍ന്ന് സംസാരിക്കുന്ന സിനിമയായ ബാലനിലെത്തുന്നു. 1948ല്‍ പുറത്തിറങ്ങിയ നിര്‍മ്മലയില്‍ ആദ്യപിന്നണിഗാനവും, 61ല്‍ കണ്ടം ബെച്ച കോട്ടും (കളര്‍ചിത്രം), 69ല്‍ കള്ളിച്ചെല്ലമ്മയും (ഓര്‍വ്വോ കളര്‍), 78ല്‍ സിനിമാസ്‌കോപ്പും (തച്ചോളി അമ്പു), 70 എം എം സിനിമയായ പടയോട്ടവും, ത്രി ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനും, അനിമേഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച ഓഫാബിയും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ പുറത്തിറങ്ങിയ മൂന്നാമതൊരാളും തുടങ്ങി
ഭൂപ്രദേശത്തില്‍ അത്രയൊന്നും വലുതല്ലാത്ത സാങ്കേതികവിദ്യയില്‍ വൈകിമാത്രം വളര്‍ച്ചയെത്തിയ ഒരുനാട്ടില്‍ സിനിമയോടുള്ള അഭിനിവേശം ഒന്നുമാത്രം കൈമുതലാക്കി മുന്നോട്ടുവന്ന പ്രതിഭകളുടെ പരിശ്രമഫലങ്ങളാല്‍ സംഭവിച്ച അത്ഭുതങ്ങളുടെ നിരതന്നെ അടയാളപ്പെടുത്തുന്ന പ്രദര്‍ശനം ചലച്ചിത്രമേള നടക്കുന്ന വേളയില്‍ സംഘടിപ്പിക്കപ്പെട്ടത് മലയാളത്തിന് അഭിമാനം പകരുന്ന കാര്യമാണ്.

ഇന്ത്യയിലെ മറ്റു പ്രാദേശിക ഭാഷകള്‍ പുരാണ അസ്വാഭാവിക കെട്ടുകഥകളില്‍ പിണഞ്ഞുകിടന്നപ്പോള്‍ മലയാളം സാഹിത്യത്തോടും കലാമേന്മയോടുമാണ് അടുത്തത്. ഇതിന്റെ ഫലമായി മികച്ച സിനിമകളും കഴിവുള്ള കലാകാരന്മാരും മലയാളത്തില്‍ ഉണ്ടായി. പലതും, പലരും ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ അംഗീകരിക്കപ്പെട്ടു. സിനിമയുടെ ഈ വളര്‍ച്ച പ്രോത്സാഹിപ്പിക്കപ്പെടാന്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനും ചലച്ചിത്ര അക്കാദമിയും ഫിലിം സൊസൈറ്റികളും
രൂപീകരിക്കപ്പെട്ടു. ഒരു രാജ്യാന്തര ചലച്ചിത്രമേള നടത്താന്‍ മാത്രം വളര്‍ച്ച ഈ ചെറിയ സംസ്ഥാനം 20 വര്‍ഷങ്ങള്‍ക്കു മുമ്പേ നേടി. എന്തുകൊണ്ട് കേരളത്തില്‍ സിനിമ അംഗീകരിക്കപ്പെടുന്നു, ആസ്വദിക്കപ്പെടുന്നു എന്നതിന്റെ ചരിത്രം ചിത്രങ്ങളുടെ രൂപത്തില്‍ വ്യക്തമാക്കുന്നു ഈ പ്രദര്‍ശനം. മലയാളത്തിന്റെ ഈ സിനിമാപ്രേമത്തിന് പഴക്കം ആദ്യസിനിമയോളമല്ല, തേക്കിന്‍കാട്
മൈതാനത്തോളമാണ്. ഉത്സവപ്പറമ്പില്‍ വിനോദോപാധിയായി കെട്ടിയുണ്ടാക്കിയ പ്രദര്‍ശനശാലകളില്‍ തുടങ്ങിയ വാറുണ്ണി ജോസിന്റെ സിനിമാപ്രദര്‍ശനത്തോളം. ഇതിന്റെ കുറ്റിയറ്റുപോകാത്ത തുടര്‍ച്ചക്കാരാണ് ലോകസിനിമയിലെ മാറ്റങ്ങള്‍ തിരിച്ചറിയാനും ആസ്വദിക്കാനും ഓരോ വര്‍ഷം കഴിയുന്തോറും വര്‍ധിച്ചുവരുന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ജനക്കൂട്ടം.

വീക്ഷണം, ഡിസംബര്‍ 16

ഐ എഫ് എഫ് കെ-2014
സംഘര്‍ഷമേഖലയിലേക്ക് തിരിച്ചുവെച്ച ക്യമാറാക്കണ്ണ്

അത്ര ലാഘവത്തിലൊന്നും കണ്ടുതീര്‍ക്കാനാവില്ല ഹനി അബു ആസാദിന്റെ സിനിമകള്‍. അത്ര ജീവിതഗന്ധിയായ കാര്യങ്ങളുമല്ല അതില്‍ പറയുന്നതും. പക്ഷേ അത് പറയുന്നുണ്ട് ചോരയും വെടിയൊച്ചയും അനിശ്ചിതത്വവും വിടാതെ പിന്തുടരുന്ന അതിര്‍ത്തിമേഖലയിലെ തീരാസംഘര്‍ഷങ്ങളെപ്പറ്റി. ഒരുറപ്പുമില്ലാത്ത മനുഷ്യജീവിതത്തിന്റെ വല്ലാത്ത നൈരന്തര്യത്തെയും പലായനത്തെയുംപറ്റി. കുടുംബബന്ധങ്ങളും സൗഹൃങ്ങളും പ്രണയവുമെല്ലാമടങ്ങിയ ദിവസജീവിതം തന്നെയാണ് ഹനിയുടെ സിനിമകള്‍ ആവിഷ്‌ക്കരിക്കുന്ന സംഘര്‍ഷഭൂമികയായ പ്രദേശങ്ങളിലുള്ളത്. ഏങ്കിലും നമ്മള്‍ ജീവിക്കുന്ന ഒരന്തരീക്ഷത്തിലെപ്പോലെ അത്ര ഊഷ്മളമല്ല കാര്യങ്ങള്‍.

തൊണ്ണൂറുകളില്‍ മാധ്യമരംഗത്ത് പ്രവര്‍ത്തനം തുടങ്ങിയ ഹനി മുഹമ്മദ് അക്കാലത്തുതന്നെ യുദ്ധഭൂമികളെയും മനുഷ്യന്റെ തീരാപലായനങ്ങളെയും ലോകത്തിനു മുമ്പില്‍ പരിചയപ്പെടുത്താന്‍ ശ്രദ്ധിച്ചിരുന്നു. 94ല്‍ മുഖ്യധാരാ ചലച്ചിത്രമേഖലയില്‍ പ്രവേശിച്ച് ഇതുവരെ എട്ട് സിനിമകള്‍ ഹനിയുടെതായി പുറത്തുവന്നു. കര്‍ഫ്യൂ, ദ തേര്‍ട്ടീന്‍ത്, ദ ഫോര്‍ട്ടീന്‍ത് ചിക്ക്, റാണാസ് വെഡ്ഡിംഗ്, പാരഡൈസ് നൗ, ദ കൊറിയര്‍, ഒമര്‍.. പേരുകളില്‍ പോലും വിട്ടുവീഴ്ചയില്ല. ജനനം കൊണ്ട് ഇസ്രയേലിയാണെങ്കിലും സ്വയം പാലസ്തീനിയെന്ന് വിശേഷിപ്പിച്ച ഹനി അബു ആസാദിന് അങ്ങനെയേ കഴിയൂ.

ചിന്നഭിന്നമാക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ സ്വയംതിരിച്ചറിവും മൂല്യബോധങ്ങളും മുറുകെ പിടിക്കുന്ന വിശ്വാസങ്ങളുമാണ് അവരെ മുന്നോട്ടുനയിക്കുന്നത്. കാലുകുത്തിനില്‍ക്കുന്ന മണ്ണിനും നിലനില്‍പ്പിനുമായി പോരാടുന്ന പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യപ്പെടുകയാണ് ഹനി അബുവിന്റെ ക്യാമറാക്കണ്ണുകള്‍. അതില്‍ പടര്‍ന്നുകയറുന്ന ചോരയ്ക്ക് ഒരു ജനതയുടെ ആത്മവീര്യത്തിന്റെയും പോരാട്ടത്തിന്റെയും സഹനത്തിന്റെയും കരുത്തുണ്ട്. ക്യാമറക്കണ്ണില്‍ പാഞ്ഞെത്തുന്ന വെടിയുണ്ട തറഞ്ഞുകയറുന്നത് കാണുന്നവന്റെ നെഞ്ചകത്തേക്കു തന്നെയാണ്. ഈ ഒരൊറ്റ വെടിയുണ്ട സഹനത്തിന്റെ എല്ലാ ആവേഗത്തോടും കൂടി നമുക്കുള്ളിലേക്ക് തറച്ചുകയറ്റിയാണ് ഹനിയുടെ 'ഒമര്‍'. അവസാനിക്കുന്നത്. ഈ വെടിയുണ്ടയേല്‍ക്കാതെ, ആ പൊള്ളല്‍ അനുഭവിക്കാതെ ഒരു ചലച്ചിത്രപ്രേമിയും കടന്നുപോകരുത്.

ഐക്യദാര്‍ഢ്യപ്പെട്ട് അവസാനിപ്പിക്കുമ്പോള്‍ തോരുന്നതല്ല പലസ്തീന്‍ ജനതയുടെ കണ്ണീര്‍. ആ കണ്ണീര്‍ തോര്‍ന്നിരുന്നെങ്കില്‍ ഹനി അബു ആസാദിനെപ്പോലുള്ളവരില്‍ നിന്ന് സിനിമകള്‍ ഉണ്ടാകുമായിരുന്നില്ല. അതെ, പലസ്തീന്‍ സംവിധായകര്‍ സിനിമ ചെയ്യുന്നതല്ല. ചെയ്തുപോകുന്നതായിരിക്കണം.
ചാവേറുകള്‍ സൃഷ്ടിക്കപ്പെടുന്നത് എങ്ങനെയെന്ന് പാരഡൈസ് നൗ പറഞ്ഞുവെയ്ക്കുന്നു. ഒരാളുടെ മരണം ഒരുപാടുപേര്‍ക്ക് മോചനമാകുമോ എന്നും സിനിമ ചോദിക്കുന്നു. എന്തിനും ഏതിനും പോരാടാന്‍ നിര്‍ബന്ധിതരാക്കപ്പെട്ട ഒരു ജനതയില്‍നിന്ന് ചാവേറുകള്‍ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും.



പട്ടാളത്തിന്റെ സാന്നിധ്യമില്ലാതെ സിനിമ പോലും ഷൂട്ട് ചെയ്യാന്‍ കഴിയാത്ത പലസ്തീന്‍ ഭീകരതയില്‍നിന്നും ജനിച്ച സിനിമയാണ് ഒമര്‍ എന്ന് ഹനി അബു തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സാഹചര്യം ഒറ്റുകാരായി മാറ്റപ്പെടുന്ന യുവാക്കളെ ഒമറില്‍ കാണാം. തന്റെ ജീവിതം കേവലമൊരു ഇസ്രായേലി ചാരനായി ഒടുങ്ങുന്നത് മനസ്സിലാക്കുന്ന ഒമര്‍ തെരഞ്ഞെടുക്കുന്ന അന്തിമവഴിയും വിധിയുമാണ് സിനിമയെ കാഴ്ചക്കാര്‍ക്കുള്ളിലേക്ക് തുളച്ചുകയറ്റുന്നത്. ഒറ്റഞെട്ടലും പിന്നെ സഹര്‍ഷം നല്‍കുന്ന കൈയടിയുമില്ലാതെ ഒമര്‍ കണ്ടവസാനിപ്പിക്കാനാവില്ല. അത് തന്നെയാണ് പലസ്തീന്‍ ജനതയ്ക്കും ഹനി അബു ആസാദിനും നല്‍കുന്ന ഏറ്റവും വലിയ ഐക്യദാര്‍ഢ്യവും.
പാരഡൈസ് നൗ, ഒമര്‍ എന്നീ ഹനി അബുവിന്റെ മാസ്റ്റര്‍പീസുകള്‍ക്കുപുറമേ റാണാസ് വെഡ്ഡിംഗ്, ദ കൊറിയര്‍ എന്നീ ചിത്രങ്ങളും മേളയില്‍ കണ്ടമ്പററി മാസ്റ്റര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

വീക്ഷണം, ഡിസംബര്‍ 16

ഐ എഫ് എഫ് കെ-2014
സിനിമകളുടെ സെലക്ഷന് ഷേക്ക്ഹാന്റ്

പ്രദര്‍ശിപ്പിച്ചതില്‍ പാതി പതിരായും കളയായും പോകുന്ന പതിവിന് മാറ്റം വന്നിരിക്കുന്നു. ചലച്ചിത്രമേള പാതിദൂരം പിന്നിട്ടപ്പോള്‍ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ ഒട്ടുമുക്കാല്‍ എണ്ണത്തിനും മികച്ച അഭിപ്രായം നേടിയെടുക്കാനായി. നടത്തിപ്പുകാര്‍ക്ക് സമാധാനിക്കാം. മറ്റു പല കാര്യങ്ങളിലും പ്രതിഷേധം പ്രകടിപ്പിച്ച പ്രേക്ഷകര്‍ ഇത്തവണത്തെ സിനിമകളുടെ സെലക്ഷനില്‍ ഒറ്റക്കെട്ടായി പ്രസന്നഭാവത്തിലെത്തിയിരിക്കുന്നു. മികച്ച ലോകസിനിമകള്‍ കാണാന്‍ എത്തിയവരെ ഈ മേള നിരാശരാക്കില്ല.-മേള നാലുദിവസം പിന്നിട്ടപ്പോള്‍ വെളിവാകുന്ന പ്രധാന കാര്യം അതാണ്.

ഉദ്ഘാടനചിത്രമായ ഡാന്‍സിംഗ് അറബ്‌സ് തരക്കേടില്ലാത്ത പ്രതികരണമുണ്ടാക്കിയപ്പോള്‍ത്തന്നെ തെരഞ്ഞെടുപ്പിലെ മാറ്റം പ്രകടമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രതീക്ഷ അസ്ഥാനത്തായില്ല. മത്സരവിഭാഗം ചിത്രങ്ങളാണ് ആദ്യം അഭിപ്രായമുണ്ടാക്കിയത്. മികച്ച സിനിമ തെരഞ്ഞെടുക്കാന്‍ ജൂറിക്ക് അല്പം പണിക്കൂടുതല്‍ ഉണ്ടാകുമെന്നുറപ്പാക്കി മത്സരവിഭാഗത്തിലെ 14 സിനിമകളും ശരാശരി നിലവാരം കാത്തുസൂക്ഷിക്കുന്നു. ഹുസൈന്‍ ഷാഹാബിയുടെ ഇറാനിയന്‍ ചിത്രം 'ദി ബ്രൈറ്റ് ഡേ'യാണ് ആദ്യമായി പ്രദര്‍ശിപ്പിച്ച മത്സരവിഭാഗം ചിത്രം. ഇത് മികച്ച പ്രതികരണമുണ്ടാക്കിയതോടെ മത്സരം ആരംഭിച്ചു. 'എ ഗേള്‍ അറ്റ് മൈ ഡോര്‍', 'ദേ ആര്‍ ദി ഡോഗ്‌സ്' എന്നീ ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ 'ദി ബ്രൈറ്റ് ഡേ'യ്ക്ക തൊട്ടുപിന്നാലെ മികച്ച അഭിപ്രായമുണ്ടാക്കി.

അര്‍ജന്റീനയന്‍ ചിത്രം 'റഫ്യൂജിയാഡോ', ഇറാനിയന്‍ ചിത്രം 'ഒബ്ലിവിയന്‍ സീസണ്‍', ഇന്ത്യന്‍ ചിത്രങ്ങളായ 'ഡിസംബര്‍ 1','ഊംഗ', ജപ്പാനീസ് ചിത്രമായ 'സമ്മര്‍, ക്യോട്ടോ', ബംഗ്ലാദേശി സിനിമ 'ദി ആന്റ് സ്റ്റോറി' തുടങ്ങി മത്സരിക്കാനുറച്ചുതന്നെയാണ് ഇത്തവണ സിനിമകള്‍ എത്തിയിരിക്കുന്നതെന്ന് നിശ്ചയം.
മത്സരവിഭാഗം വിട്ട് ലോകസിനിമയിലേക്ക് സഞ്ചരിക്കുമ്പോള്‍ അവിടെയും സ്ഥിതി മാറ്റമില്ല. വിരലിലെണ്ണാവുന്നതിലുമപ്പുറമാണ് ലോകനിലവാരമുള്ള ലോകസിനിമകള്‍. ദി പ്രസിഡന്റ്, ഒമര്‍, ദി ലോംഗസ്റ്റ് ഡിസ്റ്റന്‍സ്, തീബ്, വൈല്‍ഡ് ടൈല്‍സ്, ട്രൈബ്, ഹോപ്, സൈലന്റ് നൈറ്റ്, ലൈവിയതന്‍, ഒരാള്‍ പൊക്കം അങ്ങനെ ശരാശരിപ്പുറത്ത് കടക്കുന്ന സിനിമകള്‍ കണ്ട അനുഭവമായിരിക്കും എല്ലാവര്‍ക്കും പങ്കിടാനുണ്ടാകുക.

നാലു ദിവസത്തിനകം തന്നെ ഓരോ ഡെലിഗേറ്റിനും പെട്ടെന്ന് പറയാനാകും താന്‍ കണ്ട സിനിമകളില്‍ മികച്ച ആറോ ഏഴോ പേരുകള്‍. പരസ്പരം പറഞ്ഞുകേട്ട് അത്തരം സിനിമകള്‍ കാണാന്‍ പോയി പത്തിരുപത്തഞ്ച് മികച്ച സിനിമകളും കണ്ട സംതൃപ്തിയിലായിരിക്കും 19-ാം തീയതി ഓരോരുത്തരും നാട്ടിലേക്ക് വണ്ടികയറുക.

വീക്ഷണം, ഡിസംബര്‍ 15