Wednesday, 17 December 2014

ഐ എഫ് എഫ് കെ-2014
ഡിസംബര്‍ ഒന്ന്-യാഥാര്‍ഥ്യങ്ങളിലേക്ക് ചൂണ്ടിയ വിരല്‍

ഇന്ത്യന്‍ സമൂഹത്തിലേക്കും രാഷ്ട്രീയത്തിലേക്കും മാധ്യമങ്ങളിലേക്കുമുള്ള നീട്ടിപ്പിടിച്ച ചൂണ്ടുവിരലിന്റെ പേരാകുന്നു ഡിസംബര്‍ ഒന്ന്. ഭരണകൂടത്തിന്റെ കാപട്യം സാധാരണ ജീവിതത്തില്‍ എത്രമാത്രം ഇടപെടാമെന്നും അത് ജീവിതങ്ങളെ എങ്ങനെ ഗതിമുട്ടിക്കുമെന്നും പി. ശേഷാദ്രി 'ഡിസംബര്‍ ഒന്നി'ല്‍ വരച്ചുകാട്ടുന്നു.
കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഇന്ത്യന്‍ ജനത എത്തരത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ നേരടയാളമാണ്. ഭരണവര്‍ഗ്ഗവും അവരെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റുകളും മാധ്യമങ്ങളും തീരുമാനിക്കുന്നിടത്ത് ദൈനംദിന ഭരണചക്രം നടന്നുപോകുന്ന രാജ്യത്തിന്റെ പുറംതോടും. നേരെതിര്‍വശത്ത് ഏറ്റവും പാര്‍ശ്വവത്ക്കരിക്കപ്പെട്ട് വോട്ടവകാശത്തിലല്ലാതെ നാടിന്റെ യാതൊരു വികസനത്തിലും മാറ്റത്തിലും ഭാഗഭക്കാകാതെ ഒരു പങ്കും അവശേഷിപ്പിക്കാതെ തീര്‍ത്തും തിരസ്‌കൃതരായി കടന്നുമറഞ്ഞുപോകുന്ന വലിയൊരു വിഭാഗവും.

ഓരം ചേര്‍ന്നുകിടക്കുന്ന വിഭാഗത്തിന്റെ കൂടെയായിരിക്കണം ഒരു ചലച്ചിത്രകാരന്‍ നില്‍ക്കേണ്ടതെന്ന് നിശ്ചയമുള്ള ശേഷാദ്രി ഇന്ത്യന്‍ സിനിമയ്ക്ക് ലോകസിനിമകളോട് മത്സരിക്കത്തക്കവിധം അഭിമാനിക്കാവുന്ന മികവോടു കൂടിയാണ് ഡിസംബര്‍ ഒന്ന് അവതരിപ്പിക്കുന്നത്. യാഥാര്‍ഥ്യങ്ങളുടെ പാരുഷ്യം ചോരാതെ അത് കാഴ്ചക്കാര്‍ക്കുകൂടി അനുഭവിപ്പിക്കാന്‍ കഴിയുന്നിടത്താണ് സിനിമയുടെ വലിപ്പമേറുന്നത്.

ദാരിദ്ര്യത്തിനും പ്രാരാബ്ധത്തിനുമിടയിലും കൊച്ചുകൊച്ചു സന്തോഷങ്ങളില്‍ ജീവിക്കുന്ന കര്‍ണാടകയിലെ വസുപുര എന്ന ഗ്രാമത്തിലെ ദരിദ്രകുടുംബത്തില്‍ അതിഥിയായി മുഖ്യമന്ത്രി എത്തുന്നു. അതിഥിതിയായെത്തുന്ന മുഖ്യമന്ത്രിയെക്കാരണം സ്വന്തം വീട്ടില്‍ അന്യരായി ഈ കുടുംബത്തിന് കഴിയേണ്ടിവരുന്നു. ശബളിമയെല്ലാം മാഞ്ഞ് യാഥാര്‍ഥ്യത്തിലെത്തുമ്പോള്‍ ഓരം ചേരുന്നവര്‍ വീണ്ടും ഓരത്തും അധികാരം എങ്ങനെ മനുഷ്യനെ സമര്‍ഥമായി ഉപയോഗിക്കുന്നുവെന്നും സിനിമ ദൃശ്യവത്ക്കരിക്കുന്നു.
ഡിസംബര്‍ ഒന്ന്-പേരിലെ സൂചകം പോലെ എയ്ഡ്‌സ് ആണ് ക്ഷണിക്കാതെ എത്തുന്ന അതിഥി. ഈ അതിഥി ഒരു കുടുംബത്തെ ഒറ്റപ്പെടുത്തുകയും അധികാരത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമ്പോള്‍ യാഥാര്‍ഥ്യങ്ങള്‍ എത്രത്തോളം ഭീകരവും കരുണയില്ലാത്തതുമാണെന്ന് തെല്ല് ഞെട്ടലോടെ മാത്രമേ തിരിച്ചറിയാനാകൂ.

മികച്ച പ്രാദേശിക ഭാഷാചിത്രത്തിനുള്ള 61-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ചിത്രമാണ് ഡിസംബര്‍ ഒന്ന്. മേളയില്‍ ഒറ്റപ്രദര്‍ശനത്തോടെ ജനങ്ങളുടെ നിലയ്ക്കാത്ത കൈയടിയാണ് ചിത്രം നേടിയിട്ടുള്ളത്. തുടര്‍ദിവസങ്ങളില്‍ വരുന്ന മൂന്നു പ്രദര്‍ശനങ്ങളില്‍ ഉയരുക ഇതിലും വലിയ വലിയ കൈയടികളായിരിക്കുമെന്ന് തീര്‍ച്ച. ഈ കൈയടി ഓരം ചേരുന്നവരുടെ തോളില്‍ ചേര്‍ക്കുന്ന കൈകളുടേതു കൂടിയാണെന്നതാണ് വലിയ പ്രതീക്ഷ പകരുന്ന കാര്യം.

വീക്ഷണം, ഡിസംബര്‍ 16

No comments:

Post a Comment