Wednesday, 31 December 2014

സജിന്‍ബാബു



ശ്രമിക്കൂ, ശ്രമിച്ചുകൊണ്ടേയിരിക്കൂ...


എന്തായിത്തീരണമെന്ന് ഒരുറച്ച തീരുമാനമെടുത്ത് അതിനുവേണ്ടി ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ ഫലം ഉണ്ടാകുമെന്നുമെന്ന പൗലോ കൊയ്‌ലോ പറച്ചില്‍ പോലെ പരിശ്രമിച്ച് ഫലമുണ്ടാക്കിയെടുത്തയാളാണ് സജിന്‍ബാബു. 28-ാം വയസ്സില്‍ ലോകസിനിമകളുടെ പ്രദര്‍ശന മേളകളില്‍ സ്വന്തം സിനിമയുമായി മത്സരിക്കാന്‍ എത്തത്തക്ക പ്രാപ്തിയുള്ള സംവിധായകനായി സജിന്‍ മാറിയത് ആറേഴു വര്‍ഷത്തെ കഠിന ശ്രമത്തിനൊടുവിലാണ്.
19-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട പേരുകളിലൊന്നാണ് സജിന്‍ ബാബുവിന്റെത്. ചെറിയ പ്രായത്തില്‍ സജിന്‍ നേടിയ ഉയരം ചെറുതല്ല. ഐ എഫ് എഫ് കെ മത്സരവിഭാഗത്തില്‍ വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 14 സിനിമകളിലൊന്ന് തിരുവനന്തപുരം നെടുമങ്ങാട്ടുകാരന്‍ സജിന്‍ ബാബുവിന്റെ അസ്തമയം വരെ ആണ്. ചലച്ചിത്രമേഖലയിലേക്ക് കൈപിടിച്ചു നടത്താന്‍ പ്രബലമായ കൈകളോ സിനിമയില്‍ പാരമ്പര്യമുള്ള കുടുംബമോ സിനിമാ ഇന്‍സ്റ്റിറ്റിയൂട്ടിലെ പഠനമോ സജിന് കൈമുതലായിട്ടില്ല. സ്വയംപരിശ്രമവും സിനിമയോടുള്ള ഇഷ്ടവുമാണ് ഇയാളെ ഈ ഐ എഫ് എഫ് കെയുടെ വലിയ ആകാശത്തിലെത്തിച്ചത്.

ഐ എഫ് എഫ് കെ ഓഡിയന്‍സ് പോളില്‍ ഇത്തവണ കൂടുതല്‍ വോട്ട് നേടി പുരസ്‌കൃതമായത് അസ്തമയം വരെ ആയിരുന്നു. മലയാള സിനിമ ഫിലിം മാര്‍ക്കറ്റിംഗിലും ഈ ചിത്രം അംഗീകാരം നേടുകയുണ്ടായി. ഇതോടെ ഐ എഫ് എഫ് കെയിലെത്തിയ വലിയ സംവിധായകര്‍ക്കും ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കുമിടയില്‍ സജിന്‍ അംഗീകരിക്കപ്പെട്ടു. സംവിധായകന്‍ എന്ന പേരില്‍ സജിന്‍ കൂടുതല്‍ പേര്‍ക്കിടയില്‍ അറിയപ്പെട്ടുതുടങ്ങിയതും ഈ ഫെസ്റ്റിവലോടു കൂടിയാണ്. സജിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ഐ എഫ് എഫ് കെയാണ് എന്നെ സംവിധായകനാക്കിയത്.


സിനിമ ആവേശമായി പതിനാലാം വയസ്സില്‍ ചെന്നൈയിലേക്ക് നാടുവിട്ട ചരിത്രമാണ് സജിന്‍ ബാബുവിന്റെത്. കുറച്ചു നാള്‍ ചെന്നൈ നഗരത്തില്‍ അലഞ്ഞുതിരിഞ്ഞുനടന്നു. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ആവലാതിയായി. പത്രങ്ങളിലൊക്കെ കാണ്മാനില്ല പരസ്യവും വന്നു. വീട്ടില്‍ തിരിച്ചെത്തിയെങ്കിലും പ്ലസ്ടു കഴിഞ്ഞപ്പോള്‍ വീണ്ടും വീടുവിട്ടിറങ്ങി. സ്വന്തമായി തൊഴില്‍ ചെയ്താണ് സജിന്‍ പിന്നീട് പഠിച്ചത്. ഇന്‍ഷൂറന്‍സ് കമ്പനി, നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗ് തുടങ്ങിയ ജോലികളൊക്കെ ചെയ്തു. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠിക്കണമെന്ന ആഗ്രഹം സാമ്പത്തികമില്ലാത്തതിനാല്‍ നടന്നില്ല. ഐ എഫ് എഫ് കെയ്‌ക്കൊപ്പം ജീവിതാനുഭവങ്ങള്‍ കൂടിയാണ് തന്നെ സംവിധായകനാക്കിയതെന്ന് സജിന്‍ പറയും. സിനിമയോട് അത്ര പഥ്യമില്ലാത്ത വീട്ടുകാരില്‍ നിന്നും അകന്ന് എന്നാല്‍ പിണക്കമില്ലാതെ തനിച്ചാണ് സജിന്‍ ഇപ്പോഴും താമസിക്കുന്നത്.
സാധാരണ മലയാളം കച്ചവട സിനിമകള്‍ മാത്രം കണ്ടുശീലിച്ച ശരാശരി മലയാളിയുടെ കാഴ്ചാനുഭവം തന്നെയായിരുന്നു ആദ്യാകലത്ത് സജിനും പറയാനുണ്ടായിരുന്നത്. എന്നാല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദ പഠനകാലത്ത് ഐ എഫ് എഫ് കെയെ പറ്റി കേള്‍ക്കുകയും ലോകസിനിമ കാണാന്‍ അവസരം ലഭിക്കുകയും ചെയ്തത് സജിനെ മാറ്റിക്കളഞ്ഞു. താന്‍ ഇതുവരെ കണ്ടുശീലിച്ചത് മാത്രമല്ല സിനിമ എന്നും വലിയ ആവിഷ്‌ക്കാരസാധ്യതയുള്ള കലാരൂപമാണിതെന്നും സജിന്‍ മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് സിനിമയായി സജിന്റെ ജീവിതം. പരമാവധി സിനിമകള്‍ കാണാനും യാത്ര ചെയ്യാനും തുടങ്ങി. സിനിമയെടുക്കണം എന്ന ആഗ്രഹവും മനസ്സില്‍ വലുതായിത്തന്നെ ഉണ്ടായി.
അങ്ങനെയാണ് സജിന്‍ ഹ്രസ്വചിത്രങ്ങള്‍ ചെയ്യുന്നത്. അറവുശാലക്കാരനെ കേന്ദ്രമാക്കി ചെയ്ത കരയിലക്കാറ്റുപോലെ ആയിരുന്നു ആദ്യമായി ചെയ്ത ഹ്രസ്വചിത്രം. തുടര്‍ന്ന് ആര്‍ യു ഹൈഡിംഗ് ഇന്‍ യു എന്ന കാമ്പസ് ചിത്രവുമെടുത്തു. ലോ അക്കാദമിയില്‍ പഠിക്കുന്ന കാലത്ത് എ റിവര്‍ ഫ്‌ളോവിംഗ് ഡീപ്പ് ആന്‍ഡ് വൈഡ് എന്ന ഡോക്യുമെന്ററിയും മ്യൂസിക് ഓഫ് ദി ബ്രൂം എന്ന ഹ്രസ്വചിത്രവും പുറത്തുവന്നു. പല അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലും ഇവ ശ്രദ്ധിക്കപ്പെട്ടു.

നിലനില്‍ക്കുന്ന സമ്പ്രദായത്തില്‍ ആയിരിക്കരുത് തന്റെ സിനിമ എന്ന നിര്‍ബന്ധം സജിനുണ്ടായിരുന്നു. ഹ്രസ്വചിത്രങ്ങള്‍ മുതല്‍ പുലര്‍ത്തിപ്പോന്ന ഈ നിബന്ധന ഫീച്ചര്‍ ഫിലിമില്‍ എത്തിയപ്പോഴും കൈവെടിഞ്ഞില്ല. അതാണ് അസ്തമയം വരെയുടെ അംഗീകാരങ്ങളിലും എത്തിച്ചത്. മലയാള സിനിമ ഇതുവരെ പറഞ്ഞുശീലിച്ചിട്ടില്ലാത്തതും പരിചിതമല്ലാത്തതുമായ ശൈലിയാണ് സജിന്റെത്. കേരളത്തിലെ കാഴ്ചക്കാരെ മാത്രം ലക്ഷ്യം വെച്ചുള്ളതല്ല തന്റെ സിനിമയെന്ന് സജിന്‍ അവകാശപ്പെടുന്നുമുണ്ട്.-'സ്വന്തമായി ഒരു ദൃശ്യഭാഷ ഉണ്ടാക്കണമെന്നാണ് എന്റെ ആഗ്രഹം. കഥ പലരും മുമ്പു പറഞ്ഞിട്ടുണ്ടാകും. എന്റെ ചിത്രത്തിന്റെ കഥയിലും അത്ര പുതുമയുണ്ടെന്നു അവകാശപ്പെടുന്നില്ല. ആഖ്യാനത്തിലാണ് മാറ്റമുണ്ടാകേണ്ടത്. ഓഡിയോ  വിഷ്വല്‍ ലാംഗ്വേജ് ആണ് സിനിമ എന്നാണ് ഞാന്‍ വിചാരിക്കുന്നത്. സിനിമയ്ക്കപ്പുറം ചിന്തിക്കാന്‍ പറ്റുന്നതാകണം സിനിമ.'സജിന്‍ പറയുന്നു.

ട്രീ ഓഫ് ലൈഫ് എന്ന സിനിമയാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധമെന്ന പ്രമേയം സജിന്റെ മനസ്സില്‍ വരുന്നതും അസ്തമയം വരെയുടെ ആശയത്തിലേക്ക് എത്തിക്കുന്നതും. കാലമോ സ്ഥലമോ ഇല്ലാത്ത ഈ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്ക് പേരുമില്ല. ദൃശ്യത്തിന്റെ ഭാഷ തന്നെയാണ് സിനിമ എന്ന ആശയത്തില്‍ വിശ്വസിക്കുന്ന സജിന്‍ അതുകൊണ്ടുതന്നെ ഊന്നിപ്പറയുന്നു- സിനിമ മലയാളത്തില്‍ മാത്രം ഒതുക്കുകയല്ല എന്റെ ലക്ഷ്യം. ലോകത്തെ മുഴുവന്‍ പ്രേക്ഷകരെയാണ് ഞാന്‍ ലക്ഷ്യമിടുന്നത്. സിനിമയ്ക്കു ഒരു ഭാഷയേയുള്ളൂ. അത് ദൃശ്യഭാഷ ആണ്.

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്കുപുറമെ ബംഗളൂരു, ഗോവ, ചെന്നൈ, മുംബൈ ഫിലിം ഫെസ്റ്റിവലുകളിലും അസ്തമയം വരെ പ്രദര്‍ശിപ്പിച്ചു. ബംഗളൂരുവില്‍ മികച്ച ഇന്ത്യന്‍ സിനിമയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇന്ത്യയ്ക്കു പുറത്തുള്ള ഫിലിം ഫെസ്റ്റിവലുകളാണ് അടുത്ത ലക്ഷ്യമെന്ന് സജിന്‍ പറയുന്നു. ഐ എഫ് എഫ് കെ ഫിലിം മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ ചിത്രം കേരളത്തിലെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനുളള സാധ്യതയും ഒരുങ്ങിയിരിക്കുകയാണ്.

വീക്ഷണം, ജനുവരി 1

No comments:

Post a Comment