Wednesday, 30 December 2015


രാജ്യാന്തരചലച്ചിത്രമേള മാധ്യമ അവാര്‍ഡ് എന്‍.പി.മുരളീകൃഷ്ണന്

ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ അച്ചടിമാധ്യമത്തിലെ മികച്ച റിപ്പോര്‍ട്ടിങിനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിലെ റിപ്പോര്‍ട്ടര്‍ എന്‍.പി.മുരളീകൃഷ്ണന്‍ അര്‍ഹനായി. പതിനായിരം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവുമടങ്ങുന്ന പുരസ്‌കാരം ഗവര്‍ണര്‍ പി. സദാശിവം സമ്മാനിച്ചു.
കേരള കൗമുദിയിലെ കോവളം സതീഷ്‌കുമാര്‍ അച്ചടിവിഭാഗത്തില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടി. ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡിന് ഏഷ്യാനെറ്റിലെ ലക്ഷ്മിപത്മ അര്‍ഹയായി. ദൂരദര്‍ശനിലെ സാം കടമ്മനിട്ട പ്രത്യേക പരാമര്‍ശം നേടി. ശ്രവ്യവിഭാഗത്തില്‍ ആകാശവാണി തിരുവനന്തപുരം, മാതൃഭൂമി ക്ലബ്ബ് എഫ്.എം എന്നിവ പുരസ്‌കാരം പങ്കിട്ടു. ഓണ്‍ലൈന്‍ വിഭാഗത്തില്‍ മനോരമ ഓണ്‍ലൈനും പുരസ്‌കാരം നേടി. മേളയിലെ മികച്ച തീയറ്ററുകളായി ടാഗോര്‍ തീയറ്ററും ടെക്‌നിക്കല്‍ വിഭാഗത്തില്‍ ന്യൂ തീയറ്റര്‍ സ്‌ക്രീന്‍ ഒന്നും തിരഞ്ഞെടുക്കപ്പെട്ടു.
ജി. ശേഖരന്‍നായര്‍ (മാതൃഭൂമി) ചെയര്‍മാനും രഞ്ജികുര്യാക്കോസ് (മലയാള മനോരമ), പി.പി. ജെയിംസ് (കേരളകൗമുദി), ജെ.അജിത്കുമാര്‍ (വീക്ഷണം) എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

മാതൃഭൂമി, ഡിസംബര്‍ 12, 2015


മികച്ച സിനിമകള്‍ കാണാന്‍ അവസാന ഓട്ടം
ഗാസ്പര്‍ നോവിന്റെ ഫ്രഞ്ച്-ബെല്‍ജിയം ചിത്രം 'ലൗ'വിന്റെ രണ്ടാമത്തെ പ്രദര്‍ശനത്തിനും ഈ മേള കണ്ട വലിയ തള്ളിക്കയറ്റം. വ്യാഴാഴ്ച രാത്രി 9.30ന് രമ്യ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കാണാന്‍ വൈകുന്നേരം ഏഴോടെ തീയറ്റര്‍ മുറ്റത്ത് ആളെത്തിത്തുടങ്ങി. എട്ടോടെ തീയറ്റര്‍ പരിസരം വണ്ടികളെക്കൊണ്ടും ഡെലിഗേറ്റുകളെക്കൊണ്ടും നിറഞ്ഞു. ഇതോടെ തീയറ്ററിനു മുന്‍വശത്തെ റോഡും ബ്ലോക്കായി. തലേദിവസം ഈ സിനിമയുടെ ആദ്യപ്രദര്‍ശനത്തിന് നിശാഗന്ധിയിലുണ്ടായ തിരക്കും സംഘര്‍ഷവും മുന്നില്‍ക്കണ്ട് കൂടുതല്‍ വളണ്ടിയര്‍മാരെയും പോലീസിനെയും രമ്യ തീയറ്ററില്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നിട്ടും തിരക്ക് നിയന്ത്രിക്കാന്‍ ഇവര്‍ക്ക് നന്നേ പാടുപെടേണ്ടിവന്നു. ലൗവിന്റെ ആദ്യപ്രദര്‍ശനത്തിന് മേളയിലെ ഏറ്റവും വലിയ തീയറ്ററായ നിശാഗന്ധിയില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ ഇരട്ടി ഡെലിഗേറ്റുകളായിരുന്നു സിനിമ കാണാനെത്തിയത്.
മേളയില്‍ മികച്ച അഭിപ്രായമുണ്ടാക്കിയ ചിത്രങ്ങള്‍ കാണാനുള്ള തിരക്കിലായിരുന്നു ഡെലിഗേറ്റുകള്‍. മേളയിലെ നല്ല സിനിമകള്‍ കാണാനുള്ള അവസാന അവസരം എന്ന നിലയില്‍ ആ സിനിമകള്‍ പ്രദര്‍ശിപ്പിച്ച തീയറ്ററുകളിലേക്ക് ഡെലിഗേറ്റുകളുടെ തളളിക്കയറ്റവും കണ്ടു. മത്സരവിഭാഗത്തില്‍ യോന(കൈരളി), ക്ലാരിസ് ഓഫ് സംതിങ് എബൗട്ട് അസ്, ഇമ്മോര്‍ട്ടല്‍, ഷാഡോ ബിഹൈന്‍ഡ് ദ മൂണ്‍(ശ്രീ), ദ ബ്ലാക്ക് ഹെന്‍ (കലാഭവന്‍), പ്രൊജക്ട് ഓഫ് ദ സെഞ്ച്വറി, ജലാല്‍സ് സ്റ്റോറി (ശ്രീവിശാഖ്) എന്നീ ചിത്രങ്ങളാണ് വ്യാഴാഴ്ച പ്രദര്‍ശിപ്പിച്ചത്.
മത്സരസിനിമകളേക്കാള്‍ നല്ല അഭിപ്രായം കേള്‍പ്പിച്ച ലോകസിനിമാ വിഭാഗത്തിലെ ചിത്രങ്ങളും കഴിഞ്ഞ ദിവസം കാഴ്ചക്കാരുടെ മുന്നിലെത്തി. പലസ്തീന്‍ ചിത്രം ദ ഐഡല്‍, ഇറാന്‍ ചിത്രം ടാക്‌സി, കൊളംബിയന്‍ ചിത്രം എംബ്രേസ് ഓഫ് ദ സര്‍പന്റ്, തുര്‍ക്കി ചിത്രം മുസ്താങ്, ജര്‍മ്മന്‍ ചിത്രം വിക്ടോറിയ, പലസ്തീന്‍-ഫ്രഞ്ച് ചിത്രം ഡീഗ്രേഡ്, പാക് ചിത്രം മൂര്‍, മലയാള ചിത്രം ഒഴിവുദിവസത്തെ കളി തുടങ്ങിയ സിനിമകള്‍ക്കായിരുന്നു കാണികളേറെയും.
മേള സമാപിക്കുന്ന വെള്ളിയാഴ്ച കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍ എന്നീ സര്‍ക്കാര്‍ തീയറ്ററുകളില്‍ മാത്രമാണ് പ്രദര്‍ശനമുള്ളത്. വൈകുന്നേരം നിശാഗന്ധിയില്‍ നടക്കുന്ന പുരസ്‌കാരദാനച്ചടങ്ങുകളോടെ ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീഴും.
എന്‍.പി.മുരളീകൃഷ്ണന്‍


മാതൃഭൂമി, ഡിസംബര്‍ 11- ഐ.എഫ്.എഫ്.കെ 2015


കൊടിയിറക്കം

ഒരാഴ്ചക്കാലം സിനിമ മാത്രം സംസാരിച്ച നഗരം ഇനി ഒരു വര്‍ഷത്തെ കാത്തിരിപ്പിലേക്കു കടക്കും. ലോകസിനിമകളെ അടുത്തറിഞ്ഞ് സിനിമയില്‍ ജീവിച്ച ദിവസങ്ങള്‍ അയവിറക്കി ഡെലിഗേറ്റുകള്‍ വണ്ടികയറും. ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരശ്ശീല വീഴുമ്പോള്‍ സിനിമ മാത്രം മുന്നില്‍നിന്ന എട്ടു ദിവസങ്ങള്‍ക്കു കൂടിയാണ് വിരാമമാകുന്നത്.
മേളയുടെ അവസാന ദിവസമായ വെള്ളിയാഴ്ച നാലു തീയറ്ററുകളില്‍ മൂന്നും ഒരു തീയറ്ററില്‍ രണ്ടു പ്രദര്‍ശനവും മാത്രമാണുള്ളത്. മേളയില്‍ മികച്ച അഭിപ്രായം ഉണ്ടാക്കിയ സിനിമകളുടെ പ്രദര്‍ശനം വ്യാഴാഴ്ച അവസാനിച്ചിരുന്നു. അതുകൊണ്ടുതന്നെ വെള്ളിയാഴ്ച ഡെലിഗേറ്റുകള്‍ വളരെ കുറവായിരിക്കും. എന്നാല്‍ നിശാഗന്ധിയില്‍ വൈകുന്നേരം നടക്കുന്ന സമാപനച്ചടങ്ങില്‍ പങ്കെടുത്തുപിരിയുന്ന പതിവ് വലിയൊരു വിഭാഗം ഡെലിഗേറ്റുകള്‍ക്കുണ്ട്. അവര്‍ വെള്ളിയാഴ്ച കൂടി മേളകളുടെ ഭാഗമായിരിക്കും.
പരാതികളും സംഘര്‍ഷങ്ങളും കുറഞ്ഞ് എല്ലാവര്‍ക്കും സിനിമ കാണാന്‍ അവസരം ലഭിച്ച മേളയായിരുന്നു ഇത്തവണത്തേത്. നിശാഗന്ധിയും ടാഗോറും മേളയില്‍ ഉള്‍പ്പെടുത്തിയതോടെ രണ്ടായിരത്തിലേറെ സീറ്റുകളാണ് അധികമായി ലഭിച്ചത്. ഇത് എല്ലാവര്‍ക്കും സിനിമ കാണാന്‍ അവസരം ഉണ്ടാക്കി. ആവശ്യത്തിനു സീറ്റുകളായതോടെ റിസര്‍വേഷന്‍ ചെയ്യാതെയും സിനിമ കാണാന്‍ ഡെലിഗേറ്റുകള്‍ക്ക് അവസരം ലഭിച്ചു. അതോടെ സീറ്റിനു വേണ്ടിയുള്ള ഇടിയും കുറഞ്ഞു. ശാന്തരായി ക്യൂനിന്ന് തീയറ്ററിനകത്തു കയറി സിനിമ കാണുന്ന ഡെലിഗേറ്റുകള്‍ എല്ലാ തീയറ്റററില്‍ നിന്നുമുള്ള കാഴ്ചയായിരുന്നു. സംഘാടനത്തെക്കുറിച്ചും ആര്‍ക്കും കാര്യമായ പരാതികളില്ല. എന്നാല്‍ പട്ടാളക്കാരെ തീയറ്റര്‍ പരിസരത്ത് വിന്യസിച്ചതില്‍ ഡെലിഗേറ്റുകള്‍ക്കിടയില്‍ ചെറിയ മുറുമുറുപ്പ് ഉയര്‍ന്നിരുന്നു. സിനിമ കാണാന്‍ എത്തുന്നവരെ അപകടകാരികളായി കാണേണ്ടതില്ലെന്നാണ് ഇവരുടെ പക്ഷം. മേളയിലെ ഏക ഞായറാഴ്ചയാണ് സിനിമ കാണാന്‍ കൂടുതല്‍ ആളുകളെത്തിയത്.

കൈരളി തീയറ്ററില്‍ നിന്ന് ടാഗോറിലേക്കും നിശാഗന്ധിയിലേക്കും ചലച്ചിത്രമേള വളര്‍ന്നതാണ് ഇത്തവണത്തെ പ്രധാന മാറ്റം. മീഡിയ സെല്ലും മീറ്റ് ദ ഡയറക്ടറുമുള്‍പ്പടെയുള്ള പരിപാടികളും സിനിമാ സംഘടനകളുടെ കൗണ്ടറുകളും ഇക്കുറി പൂര്‍ണ്ണമായും ടാഗോറിലാണ്. ഇതോടെ കൈരളിയിലെ തിരക്ക് കുറഞ്ഞു. മികച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന വേളകളില്‍ മാത്രമാണ് കൈരളി കോംപ്ലക്‌സും പരിസരവും സജീവമായത്. കൈരളിപ്പടവുകള്‍ ചിത്രത്തില്‍നിന്നും പതിയെ മായുകയും ടാഗോര്‍ തീയറ്റര്‍ പരിസരം മേളയുടെ പ്രധാന സാംസ്‌കാരിക ഇടമായി മാറുകയും ചെയ്തു. മേളയുടെ ഭാഗമായുള്ള കലാപരിപാടികള്‍ അരങ്ങേറിയതും ടാഗോര്‍ മുറ്റത്താണ്. ടാഗോര്‍ പരിസരത്ത് ഒരുക്കിയ ഗതകാലസ്മരണ ഉണര്‍ത്തുന്ന ചായക്കട ഈ മേളയില്‍ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ഓര്‍മ്മയായി. മലയാള സിനിമാ ചരിത്രവുമായി ബന്ധപ്പെട്ട സെറ്റുകളും വിവരണങ്ങളും ആകര്‍ഷകമായിരുന്നു.
അതിശയിപ്പിക്കുന്ന സിനിമകളേക്കാള്‍ ശരാശരി നിലവാരം പുലര്‍ത്തിയ സിനിമകളായിരുന്നു ഇത്തവണ പ്രദര്‍ശിപ്പിച്ചവയില്‍ ഏറെയും. ലോകസിനിമാ വിഭാഗത്തിലായിരുന്നു കൂടുതല്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങള്‍. ധീപന്‍, ഡീഗ്രേഡ്, എംബ്രേസ് ഓഫ് ദ സര്‍പന്റ്, ടാക്‌സി, നഹീദ്, വൂള്‍ഫ് ടോട്ടം, ദ ഐഡല്‍, ദ അസാസിന്‍, ഫോഴ്‌സ് ഓഫ് ഡസ്റ്റിനി, മുസ്താങ്, ഒഴിവുദിവസത്തെ കളി, ഫാത്തിമ, സ്റ്റോപ്പ്, മൂര്‍, ലൗ, വിക്ടോറിയ, മണ്‍റോതുരുത്ത്, അയാം നോട്ട് ഹി...ഷി,  തുടങ്ങിയ ചിത്രങ്ങള്‍ ആസ്വാദകശ്രദ്ധയില്‍ മുന്നിലെത്തി. മത്സരവിഭാഗത്തില്‍ ദ വയലിന്‍ പ്ലേയര്‍, ബോപം, ജലാല്‍സ് സ്റ്റോറി, ഇമ്മോര്‍ട്ടല്‍, ദ പ്രൊജക്ട് ഓഫ് ദ സെഞ്ച്വറി, ഒറ്റാല്‍ എന്നിവ കൈയ്യടി നേടി.
മികച്ച അഭിപ്രായം ഉണ്ടാക്കിയ സിനിമകളുടെ റിസര്‍വേഷന്‍ ആരംഭിച്ച് മിനിറ്റുകള്‍ക്കകം തീര്‍ന്നുപോകുന്നതും കാണാമായിരുന്നു. റിസര്‍വേഷന്‍ സംവിധാനവും ഫലപ്രദമായിരുന്നു. 60 ശതമാനം സീറ്റുകള്‍ക്കായിരുന്നു റിസര്‍വേഷന്‍. ഈ മേളയിലെ പുതുമയായ ത്രീഡി ചിത്രങ്ങളുടെ പ്രദര്‍ശനത്തിനും ഏറെ കാഴ്ചക്കാരെത്തി. ചൈനീസ് ചിത്രം വൂള്‍ഫ് ടോട്ടം, ഫ്രഞ്ച്-ബെല്‍ജിയം ചിത്രം ലൗ, അമേരിക്കന്‍ ചിത്രം പാന്‍ എന്നിവ കാണാനായിരുന്നു ഈ ഗണത്തില്‍ കൂടുതല്‍ ആളുകള്‍ എത്തിയത്. ഗോവ ചലച്ചിത്ര മേളയില്‍ മികച്ച അഭിപ്രായം ഉണ്ടാക്കിയ ചിത്രങ്ങള്‍ തിരഞ്ഞെടുത്തുകാണാന്‍ ഡെലിഗേറ്റുകള്‍ ശ്രദ്ധിച്ചു.

മേളയില്‍ പങ്കെടുക്കാനെത്തിയ വിദേശ സംവിധായകര്‍ ഐ.എഫ്.എഫ്.കെയയിലെ ജനപങ്കാളിത്തത്തെയും സംഘാടനത്തെയുംപറ്റി മതിപ്പ് പ്രകടിപ്പിച്ചതും ശ്രദ്ധേയമായി. മിക്ക സംവിധായകരും അവരുടെ സിനിമകളുടെ ആദ്യപ്രദര്‍ശനം നടത്താന്‍ ആഗ്രഹിക്കുന്ന വേദിയാണ് ഐ.എഫ്.എഫ്.കെ എന്ന് അഭിപ്രായപ്പെടുകയുണ്ടായി. ഏഴ് ലോകസിനിമകളുടെ ആദ്യപ്രദര്‍ശനം ഇത്തവണ മേളയില്‍ നടന്നു.
ഡെലിഗേറ്റുകളില്‍ പകുതിയോളവും യുവപ്രേക്ഷകരായി മാറിയെന്നതാണ് ഈ വര്‍ഷത്തെ വലിയ മാറ്റം. സിനിമയെ ഗൗരവമായി കാണുന്ന മുതിര്‍ന്ന ആളുകളുടെതായിരുന്നു കേരള രാജ്യാന്തര മേളയുടെ ആദ്യ എഡിഷനുകള്‍. അടുത്ത കാലത്തായി മലയാള സിനിമയിലേക്ക് കടന്നുവരുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ പ്രതിഫലനം മേളയിലും പ്രകടമാകുന്നുണ്ട്. ലോകസിനിമയിലെ മാറ്റങ്ങളും പരീക്ഷണങ്ങളും സസൂക്ഷ്മം വീക്ഷിക്കുന്ന ഒരു തലമുറ രൂപപ്പെടുന്നത് ഏറെ ആശാവഹമായ കാര്യമാണ്. വരുംവര്‍ഷങ്ങളിലും ഇതിന്റെ തുടര്‍ച്ചയായിരിക്കും മേളയില്‍ കാണാനാകുക.

മാതൃഭൂമി, ഡിസംബര്‍ 11- ഐ.എഫ്.എഫ്.കെ


മത്സരച്ചിത്രങ്ങളില്‍ ബൊപം, ലോകസിനിമയില്‍ ലൗ

മേളയിലെ മികച്ച ചിത്രങ്ങളേതൊക്കെയെന്ന് അഭിപ്രായം പരന്നതോടെ ആ സിനിമകള്‍ കാണാനുള്ള ഓട്ടത്തിലാണ് പ്രതിനിധികള്‍.  ഈ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളിലായിരുന്നു ബുധനാഴ്ച തിരക്ക് കൂടുതല്‍. മികച്ച അഭിപ്രായമുള്ള സിനിമകളുടെ തീയറ്ററുകള്‍ക്കുമുന്നില്‍ വലിയ ക്യൂവും അല്ലാത്ത തീയറ്റര്‍ പരിസരങ്ങള്‍ ആളൊഴിഞ്ഞുമിരുന്നു.
മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച കസാഖ് ചിത്രം 'ബൊപ'ത്തിനും ലോകസിനിമാ വിഭാഗത്തില്‍പെട്ട ത്രീഡി ചിത്രം ലൗവിനും വന്‍തിരക്കാണ് അനുഭവപ്പെട്ടത്. 'ബൊപം' പ്രദര്‍ശിപ്പിച്ച ടാഗോര്‍ തീയറ്ററില്‍ വൈകുന്നേരം മുതല്‍ നീണ്ട ക്യൂവായിരുന്നു. സീറ്റുകള്‍ നിറഞ്ഞതോടെ നിലത്തിരിക്കാനായി ഡെലിഗേറ്റുകളുടെ മത്സരം. ഇതിനിടെ ടാഗോര്‍ തീയറ്ററില്‍ അഞ്ചുമണിക്ക് സംവിധായകന്‍ ദാരുഷ് മെഹ്‌റുജിയുമായുള്ള സംവാദത്തിനുശേഷം പ്രതിനിധികളില്‍ ചിലര്‍ തീയറ്റര്‍ വിട്ടിറങ്ങാത്തത് ചെറിയ കശപിശക്കിടയാക്കി. തീയറ്ററില്‍ കയറിക്കൂടാന്‍ കഴിയാത്ത പ്രതിനിധികളില്‍ ഒരു വിഭാഗം ടാഗോര്‍ മുറ്റത്ത് വൈകുന്നേരത്തെ കലാപരിപാടികള്‍ ആസ്വദിക്കാന്‍ കൂടി. കണ്ണൂരില്‍ നിന്നുള്ള കലാകാര•ാര്‍ അവതരിപ്പിച്ച തെയ്യമായിരുന്നു ബുധനാഴ്ച അരങ്ങേറിയത്.
ടാഗോറില്‍നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല ഗാസ്പര്‍ നോവിന്റെ 'ലൗ' പ്രദര്‍ശിപ്പിച്ച നിശാഗന്ധിയിലെ സ്ഥിതിയും. രാത്രി 10.30നായിരുന്നു പ്രദര്‍ശനം. റിസര്‍വേഷന്‍ തുടങ്ങി മിനിറ്റുകള്‍ക്കകം തീര്‍ന്ന ലൗവിന്റെ ആദ്യപ്രദര്‍ശനത്തിന് ക്യൂനിന്ന് കയറാന്‍ വൈകിട്ട് ഏഴോടെ പ്രതിനിധികള്‍ കനകക്കുന്ന് പരിസരത്തെത്തിയിരുന്നു. നിശാഗന്ധിയില്‍ 8.30ന് 'ദ ഐഡല്‍' പ്രദര്‍ശനം തുടങ്ങുന്നതിനുമുമ്പേ ലൗവിന് ക്യൂ തുടങ്ങിയതും കൗതുകമായി. റിസര്‍വേഷന്‍ കഴിഞ്ഞ് ബാക്കിയുള്ള 40 ശതമാനം സീറ്റുകള്‍ക്ക് അതിനിരട്ടിയിലധികം ആളുകള്‍ എത്തിയതോടെ അവരെ നിയന്ത്രിക്കാന്‍ വളണ്ടിയര്‍മാര്‍ക്കും പോലീസിനും നന്നേ പണിപ്പെടേണ്ടിവന്നു. ഗോവ ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിപ്രായം ഉണ്ടാക്കിയ ചൂടന്‍ രംഗങ്ങള്‍ നിറഞ്ഞ 'ലൗ' ഐ.എഫ്.എഫ്.കെ തുടങ്ങുന്നതിനുമുമ്പെ പ്രതിനിധികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.
മത്സരവിഭാഗത്തില്‍ ബുധനാഴ്ച പ്രദര്‍ശിപ്പിച്ച 11 സിനിമകളില്‍ ദ വയലിന്‍ പ്ലേയര്‍, പ്രൊജക്ട് ഓഫ് ദി സെഞ്ച്വറി, ജലാല്‍സ് സ്റ്റോറി, ഇമ്മോര്‍ട്ടല്‍, ബൊപം, ഒറ്റാല്‍ എന്നിവ പ്രേക്ഷകപ്രീതിയില്‍ മുന്‍പന്തിയിലെത്തി. കൊറിയന്‍ പനോരമ വിഭാഗത്തിലെ ദ അണ്‍ഫെയര്‍, ഫസ്റ്റ് ലുക്ക് വിഭാഗത്തില്‍ ലാംബ് എന്നിവയും ആറാംദിനം പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ ചിത്രങ്ങളാണ്.
മേള അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കിയിരിക്കെ പരമാവധി നല്ല സിനിമകള്‍ കാണാനായിരിക്കും വ്യാഴാഴ്ചയും പ്രതിനിധികളുടെ തയ്യാറെടുപ്പ്. പരാതികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും പ്രസക്തിയില്ലാത്ത മേളയില്‍ സിനിമ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്. എവിടെയും ചര്‍ച്ചകള്‍ ഏതൊക്കെ സിനിമകള്‍ കണ്ടു, നല്ലതേതൊക്കെ എന്നതാണ്. ഈ പ്രത്യേകത കൊണ്ടു തന്നെയാകും 2015ലെ മേള ഓര്‍ക്കപ്പെടുക എന്നാണ് പ്രതിനിധികള്‍ക്കിടയിലെ സംസാരം.

മാതൃഭൂമി, ഡിസംബര്‍ 10- ഐ.എഫ്.എഫ്.കെ, 2015

സ്റ്റോപ്പിന് നോണ്‍ സ്‌റ്റോപ്പ് ക്യൂ
കലാഭവനില്‍ 'ഒഴിവുദിവസത്തെ കളി'യുടെ പ്രദര്‍ശനം മുടങ്ങി

കിം കി ഡുക്കിന്റെ പുതിയ സിനിമ കാണാന്‍ ടാഗോര്‍ തീയറ്റര്‍ പരിസരത്ത് മണിക്കൂറുകളോളം നീണ്ട നീളന്‍ ക്യൂവാണ് നാലാംദിനത്തിലെ കാഴ്ച. ഐ.എഫ്.എഫ്.കെയുടെ പ്രിയ സംവിധായകന്‍ കിം കി ഡുക്കിന്റെ 'സ്റ്റോപ്പ്' തിങ്ങിനിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. എല്ലാ വര്‍ഷവും കിം ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകളിലെ പതിവ് ടാഗോറിലും തെറ്റിയില്ല. വൈകിട്ട് 6.45നുള്ള പ്രദര്‍ശനത്തിന് നാലുമണിയോടെ ക്യൂ ആരംഭിച്ചിരുന്നു. ഇത്തവണ മേള കണ്ട വലിയ തിരക്കിനും ടാഗോര്‍ സാക്ഷ്യംവഹിച്ചു. ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാരുടെ ജീവിതത്തിലെ ആകുലതകള്‍ പറയുന്ന ചിത്രമാണ് സ്‌റ്റോപ്പ്.
കലാഭവനില്‍ ഉച്ചയ്ക്ക് പ്രദര്‍ശിപ്പിച്ച സനല്‍കുമാര്‍ ശശിധരന്റെ 'ഒഴിവുദിവസത്തെ കളി' യുടെ പ്രദര്‍ശനം മുടങ്ങിയത് കാണികളെ തെല്ല് അലോസരപ്പെടുത്തി. പ്രദര്‍ശനം തുടങ്ങി അര മണിക്കൂറായപ്പോഴാണ് സാങ്കേതികത്തകരാറു മൂലം സിനിമ മുടങ്ങിയത്. തകരാറ് പരിഹരിച്ച് ചിത്രത്തിന്റെ പ്രദര്‍ശനം ചൊവ്വാഴ്ച നടത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ സംവിധായകനായ സനല്‍കുമാറും പ്രേക്ഷകര്‍ക്കൊപ്പം സിനിമ കാണാന്‍ തീയറ്ററിലെത്തിയിരുന്നു.
ആദ്യ മൂന്നുദിവസങ്ങളില്‍ മികച്ച അഭിപ്രായമുണ്ടാക്കിയ സിനിമകള്‍ കാണാന്‍ പ്രതിനിധികള്‍ ഓടിനടന്ന ദിവസം കൂടിയായിരുന്നു തിങ്കഴാഴ്ച. മത്സരവിഭാഗത്തില്‍ ഇന്ത്യന്‍ ചിത്രം ദ വയലിന്‍ പ്ലേയര്‍, തുര്‍ക്കി ചിത്രം എന്റാന്‍ജില്‍മെന്റ്, മലയാള ചിത്രം ചായം പൂശിയ വീട്, ബ്രസീല്‍ ചിത്രം ക്ലാരിസ് ഓഫ് സംതിങ് എബൗട്ട് അസ്, ഹെയ്തി ചിത്രം മര്‍ഡര്‍ ഇന്‍ പകേറ്റ്, ഫിലിപ്പിന്‍സ് ചിത്രം ഷാഡോ ബിഹൈന്‍ഡ് ദ മൂണ്‍ എന്നിവയാണ് പ്രദര്‍ശിപ്പിച്ചത്. ഇക്കൂട്ടത്തില്‍ ദ വയലിന്‍ പ്ലേയര്‍ മികച്ച അഭിപ്രായമുണ്ടാക്കി.മത്സരവിഭാഗത്തിലെ മലയാളം ചിത്രമായ ചായം പൂശിയ വീടാണ് കൈയ്യടി നേടിയ മറ്റൊരു ചിത്രം. ജയരാജിന്റെ ഒറ്റാലിനു പിന്നാലെ ചായം പൂശിയ വീടും മേളയില്‍ ആസ്വാദകശ്രദ്ധ നേടിയതോടെ മലയാള സിനിമയക്കുള്ള അംഗീകാരമായി മാറി അത്.
മത്സരച്ചിത്രങ്ങളെക്കാളും ശ്രദ്ധേയമായ ലോകസിനിമകള്‍ പ്രദര്‍ശിപ്പിച്ച തീയറ്ററുകളിലാണ് പ്രേക്ഷകര്‍ എത്തിയത്. പോള്‍ കോക്‌സിന്റെ ഫോഴ്‌സ് ഓഫ് ഡസ്റ്റിനി രണ്ടാം പ്രദര്‍ശനത്തിലും കാണികളെ ആകര്‍ഷിച്ചു. നിള തീയറ്ററിലായിരുന്നു തിരുവനന്തപുരം കൂടി ലൊക്കേഷനാകുന്ന പോള്‍ കോക്‌സ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇറാന്‍ ചിത്രമായ നഹീദ്, ഫ്രഞ്ച് ചിത്രമായ ഫാത്തിമ എന്നിവ സ്ത്രീജീവിതത്തിലെ പരുഷ യാഥാര്‍ഥ്യങ്ങളും വ്യവസ്ഥിതിയോടുള്ള എതിര്‍പ്പുകളും പങ്കുവെച്ച് ആസ്വാദകരുടെ മനസ്സിലിടം നേടി. പാക് ചിത്രം മൂര്‍ ആണ് ആളെക്കൂട്ടിയ മറ്റൊരു ചിത്രം.

തീയറ്ററിനുപുറത്തെ സംഘര്‍ഷങ്ങള്‍ക്കും പരാതികള്‍ക്കും ഇത്തവണ മേള അവധി പറഞ്ഞിരിക്കുകയാണ്. മികച്ച സിനിമകള്‍ തിരഞ്ഞെടുത്ത് ക്ഷമയോടെ ക്യൂ നിന്ന് കാണുന്ന പ്രതിനിധികളെയാണ് എല്ലാ തീയറ്ററുകളിലും കാണാന്‍ സാധിക്കുന്നത്. റിസര്‍വേഷന്‍ സംവിധാനവും ഫലവത്തായിരുന്നു. റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്കും സീറ്റ് കിട്ടുന്നുണ്ടെന്നത് പരാതികള്‍ കുറയ്ക്കുന്നു. മേളയുടെ നടപടിക്രമങ്ങള്‍ വിലയിരുത്താന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വൈകിട്ട് ആറോടെ ടാഗോര്‍ തീയറ്ററിലെത്തി. ചലച്ചിത്ര സംഘടനാ സ്റ്റാളുകളും മീഡിയ സെന്ററും സന്ദര്‍ശിച്ച മന്ത്രി ഡെലിഗേറ്റുകളോട് കുശലം പറയാനും സമയം കണ്ടെത്തി.

മാതൃഭൂമി, ഡിസംബര്‍ 8- ഐ.എഫ്.എഫ്.കെ, 2015

ഭിന്നലിംഗക്കാര്‍ക്കും വേശ്യകള്‍ക്കും ജീവിതമുണ്ട്

ഭിന്നലിംഗക്കാരെ മൂന്നാമതൊരു കണ്ണുകൊണ്ടാണ് നമ്മള്‍ കാണുന്നതെന്ന് പറയാതിരിക്കാന്‍ വയ്യ. തീര്‍ത്തും വ്യക്തിപരമായൊരു കാര്യം മറ്റുള്ളവരില്‍ എങ്ങനെ അസഹിഷ്ണയുണ്ടാക്കുന്നുവെന്ന് ഇനിയും ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. ആണും പെണ്ണുമായി ജനിക്കുന്നതുപോലെ മറിച്ച് ചിന്തിക്കാനും ജീവിക്കാനും അവകാശമുണ്ട്. ഇത് ഓര്‍മ്മപ്പെടുത്തുകയും ഭിന്നലിംഗക്കാരുടെ ജീവിതവൈഷമ്യങ്ങള്‍ കലയ്ക്ക് വിഷയമാക്കുകയും അവരോട് ഐക്യപ്പെടുകയും ചെയ്യുന്നത് അഭിനന്ദനാര്‍ഹമാണ്. കേരള രാജ്യന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശനത്തിനെത്തിയ അഞ്ചോളം ചിത്രങ്ങള്‍ ഭിന്നജീവിതവും ലൈംഗികത്തൊഴിലാളികളുടെ ജീവിതവും വിഷയമാക്കുന്നവയാണ്.
ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച കന്നട ചിത്രം അയാം നോട്ട് ഹി... ഷി ഞാന്‍ അവനല്ല അവളാണെന്ന് തുറന്നു പ്രഖ്യാപിക്കുന്നു. സ്‌ത്രൈണസ്വഭാവം ആള്‍ക്കൊപ്പം വളരുകയും സ്ത്രീയായി മാറാനുള്ള ആഗ്രഹം വിടാതെ പിന്തുടരുകയും ചെയ്യുന്ന മാദേശിന്റെ ജീവിതത്തിലൂടെയാണ് അയാം നോട്ട് ഹി... ഷി കടന്നുപോകുന്നത്. ഭിന്നലിംഗക്കാര്‍ക്ക് നേരിടേണ്ടിവരുന്ന കഠിനമായ സാഹചര്യങ്ങള്‍ മാദേശിനും അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. ഒടുവില്‍ സ്ത്രീയായി സ്വത്വപ്രഖ്യാപനം നടത്തുന്നതോടെയാണ് ആ ജീവിതം തുടര്‍ച്ച കണ്ടെത്തുന്നത്.

മത്സരവിഭാഗത്തിലുള്ള ശ്രീജിത് മുഖര്‍ജിയുടെ ബംഗാളി ചിത്രം രാജ്കഹിനി ലൈംഗികത്തൊഴിലാളികളുടെ ജീവിതത്തില്‍ ഭരണകൂടത്തിന്റെ ഇടപെടലിനെ ചിത്രീകരിക്കുന്നു. ഓരം ചേര്‍ക്കപ്പെട്ട ജീവിതങ്ങളുടെ നേര്‍ക്കാണ് ഏറ്റവുമെളുപ്പം കടന്നുകയറ്റം സാധ്യമാകുന്നത്. അതാണ് ഭരണകൂടങ്ങള്‍ ചെയ്യുന്നതെന്ന് രാജ്കഹിനി പറഞ്ഞുവെയ്ക്കുന്നു.
വേശ്യകള്‍ക്കും ജീവിതമുണ്ട്. മറ്റെല്ലാ മനുഷ്യരെയും പോലെ അവര്‍ക്കും ജീവിത പ്രശ്‌നങ്ങളുമുണ്ട്. അതൊക്കെയും പങ്കുവെയ്ക്കാന്‍ ചില ഇടങ്ങള്‍ അവര്‍ക്കും വേണം. അര്‍റ്റുറോ റിപ്‌സ്റ്റെയിന്റെ  സ്പാനിഷ് ചിത്രം 'ബ്ലേക്ക് സ്ട്രീറ്റ്' ചര്‍ച്ച ചെയ്യുന്നത് ഈ വിഷയങ്ങളാണ്. വേശ്യാവൃത്തി ചെയ്യുന്ന രണ്ടുപേരുടെ ജീവിതത്തിലേക്ക് ചലിക്കുന്ന ക്യാമറ അവരിലൊതുങ്ങാതെ വീടുകളിലേക്കും അവരെ ആശ്രയിക്കുന്നവരിലേക്കും കടന്നുചെല്ലുന്നു.
ആരും സഹായത്തിനില്ലാതെ അനിശ്ചിതത്വത്തിലാകുന്ന നേരം തുണയാകുന്ന ലൈംഗികത്തൊഴിലാളിയായ സുഹൃത്തിന്റെ മാനുഷികമുഖം കാണിക്കുകയാണ് അമേരിക്കന്‍ ചിത്രമായ 'ടാന്‍ജറിന്‍'. ചലച്ചിത്രനഗരമായ ലോസ് എയ്ഞ്ചല്‍സിന്റെ സാംസ്‌കാരിക ഭൂമികയിലേക്കുള്ള യാത്ര കൂടിയാണ് ഈ ചിത്രം.
ഭിന്നജീവിതം പൂര്‍ണ്ണമായും പശ്ചാത്തലമായും കടന്നുവരുന്ന ചിത്രങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയം ഇവര്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരല്ല എന്നതു തന്നെയാണ്. ജീവിതത്തോട് ആഗ്രഹം അവസാനിച്ചവരല്ല, സാഹചര്യം അങ്ങനെയാക്കിയതോ അപരജീവിതം ആഗ്രഹിക്കുന്നവരോ ആണ് ഇവരെല്ലാമെന്ന് ഈ സിനിമകള്‍ പറയുന്നു. കേവല വിനോദോപാധി എന്നതിനപ്പുറം കാഴ്ചക്കാരനോട് തുറന്നു സംവദിക്കുന്ന സിനിമകള്‍ കലയുടെ സാമൂഹികമായ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്.

മാതൃഭൂമി, ഡിസംബര്‍ 9, 2015


Thursday, 17 December 2015

പാതിമെയ്യായിരുന്നവള്‍ക്കായൊരു കാവ്യജീവിതം

അത്രമേല്‍ ഒന്നായിരുന്ന രണ്ടുപേര്‍. പെട്ടെന്നൊരു ദിവസം അതിലൊരാളെ മരണം വിളിച്ചപ്പോള്‍ മറ്റെയാള്‍ തനിച്ചായി. എന്തുചെയ്യണമെന്നറിയാതെ അന്താളിച്ചുനിന്ന സമയത്ത് അയാള്‍ക്ക് തുണയായത് അക്ഷരങ്ങളാണ്. പയറ്റുവിള സോമന്‍ എന്ന കവിയുടെ ഓരോ കവിതകളും നിനച്ചിരിക്കാതെ തന്നെ തനിച്ചാക്കിപ്പോയ ഭാര്യയ്ക്കുവേണ്ടിയുള്ള അക്ഷരപൂജകളാണ്. കാന്‍സര്‍ ബാധിച്ച് ഭാര്യ മരിച്ച് ഇപ്പോള്‍ മൂന്നുവര്‍ഷമാകുന്നു. ഒറ്റയ്ക്കായിപ്പോയ ഈ വര്‍ഷങ്ങളില്‍ എഴുതിയ കവിതകളാണ് സോമനെ ജീവിതത്തില്‍ മുന്നോട്ടുനയിച്ചത്. വര്‍ണ്ണപ്പൊട്ടുകള്‍, അക്ഷരമുത്തുകള്‍ എന്നിങ്ങനെ രണ്ടു കവിതാസമാഹാരങ്ങള്‍ ഇക്കാലയളവില്‍ പുറത്തിറങ്ങി. രണ്ടും സമര്‍പ്പിച്ചിരിക്കുന്നത് ഭാര്യ സരോജത്തിനാണ്.
ഭാര്യയുടെ മരണത്തോടെ മാനസികമായി തളര്‍ന്ന സോമനെ ജീവിതത്തിലേക്ക് എങ്ങനെ തിരിച്ചുകൊണ്ടുവരുമെന്ന് വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ആശങ്കപ്പെട്ടിരുന്നു. സോമന്റെ സാഹിത്യതാത്പര്യം ശ്രദ്ധിച്ചിരുന്ന മക്കളാണ് അച്ഛനോട് എഴുതാന്‍ ആവശ്യപ്പെട്ടത്. അങ്ങനെയാണ് സോമന്‍ എഴുത്തിലേക്ക് തിരിഞ്ഞത്.

അധ്യാപകനായി ജോലി നോക്കിയതുകൊണ്ട് കുട്ടികളോട് സോമന് പ്രത്യേക വാത്സല്യമായിരുന്നു. അതുകൊണ്ടുതന്നെ ബാലസാഹിത്യമാണ് തെരഞ്ഞെടുത്തത്. സരോജത്തിനും കുട്ടികളെ ഏറെ ഇഷ്ടമായിരുന്നുവെന്ന് സോമന്‍ ഓര്‍ക്കുന്നു. തൊട്ടയല്‍പക്കത്തെ വീടുകളിലെ കുട്ടികള്‍ക്കെല്ലാം അവള്‍ അമ്മയായിരുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് പുസ്തകവും ഭക്ഷണവും നല്‍കാന്‍ എപ്പൊഴും ശ്രദ്ധിച്ചിരുന്നു. സോമനും അത് തുടര്‍ന്നുപോരുന്നു. പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാനായി സരോജത്തിന്റെ പേരില്‍ കുറച്ച് തുക നിക്ഷേപിക്കണമെന്നാണ് സോമന്റെ ഇപ്പോഴത്തെ ആലോചന. തന്റെ കാലശേഷവും കുട്ടികള്‍ക്ക് ആ തുക ഉപകരിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു.

വിജ്ഞാനവും സാന്മാര്‍ഗ്ഗികതയും കൂട്ടിയിണക്കി രചിച്ചിരിക്കുന്ന സോമന്റെ കവിതകളില്‍ കുട്ടികള്‍ക്ക് ആസ്വദിക്കാനും ജീവിതത്തില്‍ പകര്‍ത്താനും ഏറെയുണ്ട്. എല്ലാ കവിതകളിലും ഒരു ഗുണപാഠമോ സന്ദേശമോ കുട്ടികള്‍ക്ക് നല്‍കാന്‍ സോമന്‍ മറക്കുന്നില്ല.
'ഒരു മുകുളമാകുമ്പോള്‍ ജീവനുണ്ടാകുന്നു,
തളിരിടുമ്പോഴേയ്ക്കു ജീവിതാരംഭവും
ഒരു ചെടിയാകുമ്പോള്‍ ജീവിതമാകുന്നു
പൂങ്കൂലയ്‌ക്കൊടുവിലോ പുനര്‍ജന്മവും'
എന്ന് ജീവിതത്തെപ്പറ്റി പാടി കവിതയില്‍ പുനര്‍ജീവിതവും കണ്ട് സോമന്‍ ഓര്‍മ്മകളെ അക്ഷരമാക്കി എഴുതിക്കൊണ്ടിരിക്കുകയാണ്.


ജനയുഗം, നവംബര്‍ 2

Monday, 14 December 2015

പരാതിയില്ല; എല്ലാവര്‍ക്കും സിനിമ കാണാം

പരാതികളും സംഘര്‍ഷങ്ങളും കുറഞ്ഞ് എല്ലാവര്‍ക്കും സിനിമ കാണാന്‍ അവസരം ലഭിച്ച മേള. കേരള രാജ്യാന്തര ചലച്ചിത്രമേള പാതിവഴി പിന്നിടുമ്പോള്‍ ഇങ്ങനെയായിരിക്കും പ്രതിനിധികള്‍ വിലയിരുത്തുക. തിരഞ്ഞെടുക്കാന്‍ ഒട്ടേറെ മികച്ച സിനിമകളുണ്ടെന്നത് കൂടിയാകുമ്പോള്‍ മേള ചലച്ചിത്രപ്രേമികള്‍ക്ക് നല്ല അനുഭവമാകുകയാണ്.     
ശാന്തരായി ക്യൂ നിന്ന് തിേയറ്ററിനകത്ത് കയറി സിനിമ കാണുന്ന ഡെലിഗേറ്റുകള്‍ ഇത്തവണ എല്ലാ തിേയറ്ററിലുമുള്ള കാഴ്ചയായിരുന്നു. തിക്കിത്തിരക്കി യുദ്ധം ചെയ്ത് തിേയറ്ററിനകത്ത് കടന്നുകൂടുന്നതായിരുന്നു മുന്‍വര്‍ഷങ്ങളിലെ അവസ്ഥ.     
നിശാഗന്ധിയും ടാഗോറും മേളയില്‍ ഉള്‍പ്പെടുത്തിയതോടെ രണ്ടായിരത്തിലേറെ സീറ്റുകളാണ് അധികമായി ലഭിച്ചത്. ഇതുതന്നെയാണ് എല്ലാവര്‍ക്കും സിനിമ കാണാന്‍ അവസരം ഉണ്ടാക്കിയത്. ആവശ്യത്തിന് സീറ്റുകളായതോടെ റിസര്‍വേഷന്‍ ചെയ്യാതെയും സിനിമ കാണാന്‍ സാധിക്കുന്നുണ്ട്. ഇതോടെ ഇക്കാര്യത്തില്‍ ഡെലിഗേറ്റുകളുടെ പരാതികള്‍ക്ക് ഇടമില്ലാതായി. സംഘാടനത്തെക്കുറിച്ചും ആര്‍ക്കും കാര്യമായ പരാതികളില്ല. ഞായറാഴ്ചയാണ് സിനിമ കാണാന്‍ കൂടുതല്‍ ആളുകളെത്തിയത്.    
കൈരളി തിേയറ്ററില്‍ നിന്ന് മേള ടാഗോറിലേക്കും നിശാഗന്ധിയിലേക്കും വളര്‍ന്നതാണ് മറ്റൊരു പ്രത്യേകത. മീഡിയ സെല്ലും മീറ്റ് ദ ഡയറക്ടറും ഉള്‍െപ്പടെയുള്ള പരിപാടികളും സിനിമാ സംഘടനകളുടെ കൗണ്ടറുകളും ഇക്കുറി പൂര്‍ണമായും ടാഗോറിലാണ്. ഇതോടെ കൈരളിയിലെ തിരക്ക് കുറഞ്ഞു. ഫെസ്റ്റിവല്‍ സമയത്തുള്ള ഗതാഗതക്കുരുക്കിനും സംഘര്‍ഷങ്ങള്‍ക്കും മുന്‍വര്‍ഷത്തേക്കാള്‍ കുറവുണ്ട്. മേള നാലുനാള്‍ പിന്നിട്ടപ്പോള്‍ സിനിമ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്.    
ആസ്വാദകര്‍ക്ക് തിരഞ്ഞെടുക്കാന്‍ മത്സരവിഭാഗത്തിലുള്‍െപ്പടെ ഇത്തവണ മികച്ച ചിത്രങ്ങളുണ്ട്. അതിശയിപ്പിക്കുന്ന ചിത്രങ്ങളെക്കാളും ശരാശരി നിലവാരമുള്ള ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് മേള. ധീപന്‍, ഡീഗ്രേഡ്, എംബ്രേസ് ഓഫ് ദ സര്‍പന്റ്, നാഹിദ്, വൂള്‍ഫ് ടോട്ടം, ദ ഐഡല്‍, പോപം, ദ അസാസിന്‍, ഫോഴ്‌സ് ഓഫ് ഡസ്റ്റിനി, മുസ്താങ്, ദ വയലിന്‍ പ്ലേയര്‍, ഒറ്റാല്‍, ചായം പൂശിയ വീട്, ഒഴിവുദിവസത്തെ കളി, ഫാത്തിമ, സ്റ്റോപ്പ്, മൂര്‍ തുടങ്ങിയ ചിത്രങ്ങളാണ് ആദ്യദിവസങ്ങളില്‍ ആസ്വാദക പ്രശംസ നേടിയത്.     മികച്ച അഭിപ്രായം ഉണ്ടാക്കിയ സിനിമകളുടെ രണ്ടാമത്തെ പ്രദര്‍ശനത്തിന്റെ റിസര്‍വേഷന്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കകം തീര്‍ന്നുപോകുന്നതും കാണാമായിരുന്നു. ത്രീഡി ചിത്രങ്ങളുടെ പ്രദര്‍ശനത്തിനും ഏറെ കാഴ്ചക്കാരെത്തി. ചൈനീസ് ചിത്രമായ വൂള്‍ഫ് ടോട്ടത്തിനായിരുന്നു ഈ ഗണത്തില്‍ കൂടുതല്‍ ആളുകള്‍ എത്തിയത്. പലസ്തീന്‍ ചിത്രം ഡീഗ്രേഡിനാണ് പിന്നീട് അതിശയിപ്പിക്കുന്ന തിരക്ക് കണ്ടത്. ഗോവ ചലച്ചിത്ര മേളയില്‍ മികച്ച അഭിപ്രായം ഉണ്ടാക്കിയ ചിത്രങ്ങള്‍ തിരഞ്ഞെടുത്തുകാണാന്‍ ഡെലിഗേറ്റുകള്‍ ശ്രദ്ധിച്ചു.     
ധീപന്‍, എംബ്രേസ് ഓഫ് ദ സര്‍പന്റ് തുടങ്ങിയ ചിത്രങ്ങള്‍ ഇത്തരത്തില്‍ ആദ്യപ്രദര്‍ശനത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ബോപം, ജലാല്‍സ് സ്റ്റോറി, ഇമ്മോര്‍ട്ടല്‍, രാജ്കഹിനി, ചായം പൂശിയ വീട്, ഒറ്റാല്‍, ദ വയലിന്‍ പ്ലേയര്‍ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ ആദ്യദിവസങ്ങളില്‍ ശ്രദ്ധ നേടിയത്. വെള്ളിയാഴ്ച മേള അവസാനിക്കുന്നത് മുന്നില്‍ക്കണ്ട് അടുത്ത ദിവസങ്ങളില്‍ മികച്ച ചിത്രങ്ങള്‍ കണ്ടുതീര്‍ക്കാനുള്ള ഓട്ടത്തിലാണ് ഡെലിഗേറ്റുകള്‍.


മാതൃഭൂമി, ഡിസംബര്‍ 8

ദുരന്തം തകര്‍ത്ത ജീവിതങ്ങള്‍ കഥപറയുമ്പോള്‍

ജീവിച്ചിരിക്കുന്ന കാലത്തെയും പ്രദേശത്തെയും അടയാളപ്പെടുത്തുമ്പോഴാണ് സിനിമ അതിന്റെ സാമൂഹികധര്‍മ്മം നിറവേറ്റുന്നത്. സാമൂഹിക യാഥാര്‍ഥ്യങ്ങളും ജീവിതവും ആവിഷ്‌കരിക്കുകയും മനുഷ്യര്‍ പ്രശ്‌നങ്ങളോട് എങ്ങനെ പൊരുതിനില്‍ക്കുന്നുവെന്നും കാണിക്കുന്ന സിനിമകള്‍ കൊണ്ട് സമ്പന്നമാണ് ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രമേള.    
 രാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും വിഷയമാക്കുമ്പോള്‍ അത് നമ്മുടെ ജീവിതത്തോട് അടുത്തുനില്‍ക്കുന്നതായി അനുഭവപ്പെടും. പ്രദേശങ്ങളും ഭാഷയും ജീവിതരീതികളും മാത്രമേ വ്യത്യാസപ്പെടുന്നുള്ളൂ. മാനുഷികപ്രശ്‌നങ്ങള്‍ അടിസ്ഥാനപരമായി എല്ലായിടത്തും ഒന്നുതന്നെയാണെന്ന് ഇത്തരം സിനിമകള്‍ പറഞ്ഞുവെയ്ക്കുന്നു.    

യുദ്ധം തകര്‍ത്ത വടക്കന്‍ നേപ്പാളില്‍ താത്കാലിക വെടിനിര്‍ത്തലില്‍ ആഹ്ലാദിക്കുന്ന ജനതയുടെ ജീവിതത്തിന്റെ നൈരന്തര്യം പറയുന്നു നേപ്പാളി ചിത്രമായ ദ ബ്ലാക്ക് ഹെന്‍. പട്ടാളജീവിതത്തിന്റെ ഭീകരത മനസ്സിലാക്കാതെ ദിവസജീവിതം തള്ളിനീക്കുന്ന സാധാരണക്കാരുടെ നിഷ്‌ക്കളങ്കത കാഴ്ചക്കാരന്റെ ഉള്ളുലയ്ക്കും. ലോകത്തെവിടെയും വാഴുന്ന ഭരണകൂട ഭീകരതയുടെ ഇരകളാണ് സാധാരണ ജനങ്ങളെന്ന് 'ദ ബ്ലാക്ക് ഹെന്നി'ല്‍ മിന്‍ ബഹാദൂര്‍ ഭാം പറഞ്ഞുവെയ്ക്കുന്നു.  പ്രകൃതിദുരന്തത്തിന് ഇരയാക്കപ്പെട്ട മനുഷ്യരുടെ പിന്നീടുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയാണ് ഫ്രഞ്ച്‌ഹെയ്തിയന്‍ ചിത്രമായ 'മര്‍ഡര്‍ ഇന്‍ പകേറ്റ്'. 2010ലെ ഭൂകമ്പത്തില്‍ തകര്‍ത്തെറിയപ്പെട്ട ഹെയ്തിയിലെ മനുഷ്യരുടെ ദുരിതജീവിതം ഒരു കുടുംബത്തിലൂടെ ആവിഷ്‌ക്കരിക്കുന്ന ചിത്രം ജനങ്ങളുടെ നിസ്സഹായതയെ ഭരണകൂടം ചൂഷണം ചെയ്യുന്നതും വിഷയമാക്കുന്നു. ദുരന്തങ്ങളുടെ പശ്ചാത്തലത്തിലുണ്ടാകേണ്ട ഉത്തരവാദിത്തങ്ങളെയും നീതിയെയും സംബന്ധിച്ച അടിസ്ഥാനചോദ്യങ്ങള്‍ ചിത്രം ഉയര്‍ത്തുന്നുണ്ട്.    
സംഘര്‍ഷങ്ങളൊടുങ്ങാത്ത ഗാസാ മുനമ്പിലെ ഒറ്റ ദിവസത്തെ ആവിഷ്‌ക്കരിക്കുകയാണ് അറബ് അബുനസീരും ടാര്‍സന്‍ അബുനസീരും ഡീഗ്രേഡ് എന്ന ചിത്രത്തിലൂടെ. ഭീകരവാദികളുടെ തോക്കിന്‍കുഴലിലെ ജീവിതം എത്രമാത്രം അനിശ്ചിതത്വം നിറഞ്ഞതാണെന്ന് ഡീഗ്രേഡ് ഓര്‍മ്മപ്പെടുത്തുന്നു. ഒപ്പം ഭീകരവാദ ഭീഷണിയും ആഭ്യന്തരകലാപങ്ങളും ഭീതിവിതയ്ക്കാത്ത നാടുകളിലെ ജീവിതം എത്ര സുരക്ഷിതമാണെന്നും. യുദ്ധം കലുഷിതമാക്കിയ അഫ്ഗാന്‍ ജീവിതത്തിലൂടെ കടന്നുപോകുന്ന ഹസന്‍ നാസറിന്റെ 'ഉട്ടോപ്യ' സംസാരിക്കുന്നതും സാധാരണക്കാരന്റെ സുരക്ഷയെപ്പറ്റിയാണ്.    
ശ്രീലങ്കയിലെ ആഭ്യന്തരകലാപത്തിന്റെ ഇരകളായി നാടുവിടേണ്ടിവരുന്ന പട്ടാളക്കാരനും യുവതിയും കൊച്ചുപെണ്‍കുട്ടിയും കാഴ്ചക്കാരനില്‍ അവശേഷിപ്പിക്കുന്ന ഉണങ്ങാത്ത മുറിവുകളാണ് 'ധീപന്‍' സമ്മാനിക്കുന്നത്. 'മര്‍ഡര്‍ ഇന്‍ പകറ്റി'ലേതുപോലെ ദുരന്തത്തിനു ശേഷമുള്ള മനുഷ്യജീവിതത്തിലേക്കാണ് ഫ്രഞ്ചും തമിഴും സംസാരിക്കുന്ന 'ധീപനും' കണ്ണയക്കുന്നത്.  ഫുക്കുഷിമ ആണവദുരന്തത്തെ തുടര്‍ന്ന് ജപ്പാനിലേക്ക് കുടിയേറുന്ന ദമ്പതികളുടെ കഥ പറയുന്ന കിം കി ഡുക്ക് ചിത്രം 'സ്റ്റോപ്പ്' ആണവദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്ന് ഓര്‍മ്മപ്പെടുത്തുന്നു. ദുരന്തത്തിനുശേഷം അണുവികരണസാധ്യത നിലനില്‍ക്കുന്ന പ്രദേശത്തെ ജീവിതം ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു. ജനങ്ങളുടെ ചോദ്യങ്ങള്‍ ഭരണകൂടത്തിനും നിക്ഷിപ്ത താത്പര്യക്കാരിലേക്കും തന്നെയാണ് പാഞ്ഞുചെല്ലുന്നത്.   കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തം ഭീതിവിതച്ച കാസര്‍കോടന്‍ ഗ്രാമങ്ങളെ ഒരു ഫോട്ടോഗ്രാഫറുടെ കണ്ണുകളിലൂടെ നോക്കുകയാണ് ഡോ.ബിജുവിന്റെ 'കറുത്ത ചിറകുള്ള പക്ഷികള്‍'.  മുഖ്യധാരയില്‍നിന്ന് പാടേ മാറ്റിനിര്‍ത്തപ്പെട്ട ഈ ജീവിതങ്ങള്‍ ഇരയാക്കപ്പെടലിന്റെ വലിയ ചിത്രങ്ങളായി അവശേഷിക്കുകയും തുടരുകയും ചെയ്യുന്നു.  
മുംബൈ ഭീകരാക്രമണം പശ്ചാത്തലമാക്കുന്ന ഫ്രഞ്ച്ഇംഗ്ലീഷ് ചിത്രം താജ്മഹല്‍ കലാപങ്ങളില്‍ നിസ്സഹായരാക്കപ്പെടുന്ന മനുഷ്യരെ അടയാളപ്പെടുത്തുമ്പോള്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള ഭരണകൂട ചെയ്തികളെ ചോദ്യം ചെയ്യുകയാണ് വിഖ്യാത ഇറാന്‍ സംവിധായകന്‍ ജാഫര്‍ പനാഹി തന്റെ പുതിയ ചിത്രമായ ടാക്‌സിയിലൂടെ. പനാഹിക്ക് ഇറാനില്‍ സിനിമ നിര്‍മ്മിക്കാന്‍ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ഒരു ടാക്‌സി കാര്‍ കേന്ദ്രമാക്കി ചിത്രീകരിച്ചിരിക്കുകയാണ് ഈ ചിത്രം. കാറിലെ ഡാഷ്‌ബോഡില്‍ സ്ഥാപിച്ചിരിക്കുന്ന കാമറ ഇറാന്‍ സമൂഹത്തിലേക്കു തന്നെയാണ് നോട്ടമയച്ചിരിക്കുന്നത്. യുദ്ധാനന്തരം കുര്‍ദ്ദിസ്താനില്‍ ഒരു സിനിമ നിര്‍മ്മിക്കുകയെന്ന സാഹസികദൗത്യം ചിത്രികരിച്ചിരിക്കുന്നു മെമ്മറീസ് ഓണ്‍ സ്റ്റോണ്‍ എന്ന ഇറാക്ക് ചിത്രം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റം പരിചിതമല്ലാത്ത ഇന്ത്യന്‍ സമൂഹത്തിന് അത്ഭുതം സമ്മാനിക്കാന്‍ പോന്നതാണ് ടാക്‌സിയും മെമ്മറീസ് ഇന്‍ സ്റ്റോണും പോലുള്ള സിനിമകള്‍.    
ചുറ്റുപാടും സംഘര്‍ഷം വിളയാടുമ്പോള്‍ കാമറ സ്വാഭാവികമായും തിരിയുക അവിടങ്ങളിലേക്കായിരിക്കും. പലസ്തീന്‍ സംവിധായകനായ ഹനി അബു ആസാദിന്റെ ചിത്രങ്ങളിലെല്ലാം സംഘര്‍ഷങ്ങളിലേക്കു തിരിച്ചുവച്ച ഈ കാമറക്കണ്ണു കാണാം. പുതിയ ചിത്രമായ 'ദ ഐഡലി'ലും സ്ഥിതി മറിച്ചല്ല. ഗാസാ മുനമ്പില്‍ നിന്നുള്ള പലസ്തീന്‍ യുവാവിന്റെ അവിശ്വസനീയമായ കഥ പറയുന്ന ഐഡല്‍ വിഭജിത പലസ്തീനെ ഒരുമിപ്പിക്കുന്ന പ്രതീക്ഷയെ ചിത്രീകരിക്കുന്നു.    
ആഫ്രിക്കയിലെ ആഭ്യന്തര യുദ്ധങ്ങളില്‍ പങ്കാളികളാകുന്ന കുട്ടിപ്പട്ടാളക്കാരെ അടയാളപ്പെടുത്തുന്നു ജൂറിച്ചിത്രമായ എസ്ര. ലോകത്തെമ്പാടുമായി മൂന്നു ലക്ഷത്തിലേറെ കുട്ടിപ്പട്ടാളക്കാരുണ്ട്. അവരില്‍ ഭൂരിഭാഗവും അതത് പ്രദേശങ്ങളിലെ ആഭ്യന്തര യുദ്ധങ്ങളില്‍ പങ്കാളികളാണ് തുടങ്ങിയുള്ള സത്യങ്ങള്‍ വിളിച്ചുപറയുന്ന സംവിധായകന്‍ സിയോറോ ലിയോണില്‍ നടക്കുന്ന കലാപമാണ് ചിത്രത്തില്‍ പശ്ചാത്തലമാക്കിയിരിക്കുന്നത്.
മാതൃഭൂമി, ഡിസംബര്‍ 8

സിനിമകളിലെ കൗമാരജീവിതം

എക്‌സിനും ഷെര്‍ളിക്കും പ്രായം പതിമൂന്ന്. ഈ പ്രായത്തില്‍ അക്രമവും മയക്കുമരുന്നും പോര്‍ണോഗ്രഫിയുമെല്ലാം അവര്‍ക്ക് നിത്യപരിചിതമാണ്. സ്‌കൂളില്‍വച്ചും അല്ലാതെയും ഇതിലൂടെയാക്കെ അവര്‍ കടന്നുപോകുന്നുമുണ്ട്. ഈ പറഞ്ഞത് ഒരു സിനിമാക്കഥയാണ്. ഡൊനാറ്റോ റോറ്റുനോ സംവിധാനം ചെയ്ത കൊളംബിയന്‍ ചിത്രം ബൈബി (എ) ലോണ്‍  എന്ന സിനിമയില്‍നിന്നും. എന്നാല്‍ സിനിമ പറയുന്ന വിഷയം ഏതെങ്കിലും ഒരു പ്രദേശത്തിനോ രാജ്യത്തിനോ മാത്രം ബാധകമായതല്ല.     
 കൗമാരജീവിതത്തിനു പിറകെ സഞ്ചരിക്കുന്ന പത്തോളം സിനിമകളാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചത്. പല രാജ്യങ്ങളില്‍നിന്നും വന്ന ഈ സിനിമകള്‍ ഏകതാനമായ പ്രത്യേകതകള്‍കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. പുതിയകാലത്ത് കൗമാരത്തിനുചുറ്റും ആകര്‍ഷകമായ വലകളാണുള്ളത്. അകപ്പെടാനും തിരഞ്ഞെടുക്കാനും അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.    
 ചിക്കോ ടെക്‌സീരിയയുടെ പോര്‍ച്ചുഗീസ് ചിത്രമായ ആബ്‌സെന്‍സ് കൗമാരത്തിലേക്കു കടക്കുന്ന ബാലന്റെ അനാഥത്വവും മാതൃകാ പുരുഷനുവേണ്ടിയുള്ള അന്വേഷണവും വിഷയമാക്കുമ്പോള്‍ ഫ്രഞ്ച് ചിത്രം 'എ ചൈല്‍ഡ്ഹുഡ്' വഴിതെറ്റിയ കുടുംബത്തില്‍ പ്രതീക്ഷയറ്റ കൗമാരക്കാരനിലൂടെയാണ് കടന്നുപോകുന്നത്. സ്‌കൂള്‍ ക്ലാസ്സില്‍ വെച്ച് ഗര്‍ഭിണിയാകുന്ന ലൈലയുടെ ജീവിതമാണ് ജര്‍മ്മന്‍യു.എസ്. ചിത്രം പെറ്റിങ് സൂ പറയുന്നത്. പതിനേഴു വയസ്സില്‍ ഗര്‍ഭം ധരിക്കുന്ന അവള്‍ തന്റെ ചുറ്റുമുള്ള ലോകത്തെ വേറിട്ട രീതിയിലാണ് കാണുന്നത്.     
 വിരസജീവിതം നയിക്കുന്ന പെറുവിലെ ഒരുപറ്റം കൗമാരക്കാര്‍ സൈബര്‍ സ്‌പേസ് ഉപയോഗിച്ച് തങ്ങളുടെ തീവ്രമായ അഭിനിവേശങ്ങള്‍ക്ക് ശമനം കണ്ടെത്താന്‍ ശ്രമിക്കുകയാണ് 'വീഡിയോ ഫീലിയ ആന്‍ഡ് അദര്‍ വൈറല്‍ സിന്‍ഡ്രോംസ്' എന്ന സ്പാനിഷ് ചിത്രത്തില്‍. ലൈംഗികതയും മദ്യവും മയക്കുമരുന്നുമാണ് താത്കാലിക ആഗ്രഹ പൂര്‍ത്തീകരണത്തിന് അവര്‍ ഉപാധിയായി കണ്ടെത്തുന്നത്. ഇന്റര്‍നെറ്റിന്റെ ഭാഷയും സാമൂഹിക മാധ്യമങ്ങളുടെ സൗന്ദര്യശാസ്ത്രവും ഇടകലരുന്ന ദൃശ്യപരിചരണ രീതിയാണ് സംവിധായകന്‍ അവലംബിച്ചിട്ടുള്ളത്.    

അസാന്മാര്‍ഗ്ഗിക രീതിയില്‍ പണം  കൈയില്‍ വരികയും വീണ്ടും അതേവഴി പിന്തുടരുകയും ചെയ്യുന്ന ചെറുപ്പക്കാരാണ് മെക്‌സിക്കന്‍ ചിത്രം 600 മൈല്‍സില്‍. ആയുധക്കടത്താണ് ഇതില്‍ ചെറുപ്പക്കാര്‍ ധനസമ്പാദനത്തിനായി കണ്ടെത്തുന്ന വഴി. പോര്‍ച്ചുഗീസ് ചിത്രങ്ങളായ മൊന്‍ടാന, ഹോപ്ഫുള്‍സ്, ലിത്വാനിയന്‍ ചിത്രം ദ ബ്യൂട്ടി തുടങ്ങിയവയും കൗമാരത്തിന്റെ ആശങ്കകളാണ് പങ്കുവെക്കുന്നത്.

മാതൃഭൂമി, ഡിസംബര്‍ 9

പ്രകൃതിയുടെ നിഗൂഢതയും സ്വാതന്ത്ര്യവും വരച്ചുകാട്ടി വൂള്‍ഫ് ടോട്ടം 

പരുക്കനും വന്യവുമായ പ്രകൃതിയുടെ നിഗൂഢതയും സ്വാതന്ത്ര്യവും കടന്നുവരുന്ന ജീന്‍ ഴാക്ക് അന്നൗഡിന്റെ വൂള്‍ഫ് ടോട്ടം ആസ്വാദകശ്രദ്ധനേടി. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഉദ്ഘാടന ചിത്രമായി നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ച വൂള്‍ഫ് ടോട്ടം 1967 ലെ ചൈനയുടെ വനപ്രദേശങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ്. സിനിമയില്‍ വന്യത അതിന്റെ രൗദ്രതയില്‍ ആവിഷ്‌ക്കരിക്കപ്പെടുന്നു. പ്രകൃതിയുടെ മാസ്മരികത ത്രീഡി വിസ്മയത്തില്‍ കാഴ്ചക്കാരില്‍ എത്തിച്ചാണ് കേരള രാജ്യാന്തര മേളയില്‍ ഈ ചിത്രം ശ്രദ്ധ നേടിയത്. 
ബീജിങില്‍ നിന്നുളള വിദ്യാര്‍ഥിയായ ചെന്‍ ഷെന്‍ ഗോത്രവര്‍ഗ ആട്ടിടയന്മാരുടെ ജീവിതം പഠിക്കുന്നതിനായാണ് മംഗോളിയയില്‍ എത്തുന്നത്. ചെന്നായ്ക്കളും ഇടയന്മാരും തമ്മിലുള്ള നിഗൂഢബന്ധത്താല്‍ വശീകരിക്കപ്പെടുന്ന ചെന്‍ ഒരു ചെന്നായ്ക്കുട്ടിയെ മെരുക്കാന്‍ ശ്രമിക്കുന്നു. സര്‍ക്കാറിന്റെ ഇടപെടലോടെ പ്രതിസന്ധിയിലാകുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം സിനിമ വരച്ചുകാട്ടുന്നു. ആട്ടിടയ സമൂഹത്തിന്റെ ജീവിതം, സ്വാതന്ത്ര്യം, ഉത്തരവാദിത്വവും അവരുടെ ഏറ്റവും വലിയ ശത്രുവായ പുല്‍മേട്ടിലെ ചെന്നായയുടെ വന്യതയുമെല്ലാം സിനിമയുടെ പശ്ചാത്തലമായി വരുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുളള ബന്ധവും അതിന്റെ സങ്കീര്‍ണതകളും ചിത്രത്തിന് രാഷ്ട്രീയമായ നിറവും നല്‍കുന്നു. 
കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന ത്രീഡി സിനിമ എന്ന നിലയില്‍ ഏറെ കൗതുകത്തോടെയാണ് ഡെലിഗേറ്റുകള്‍ ചിത്രത്തെ കണ്ടത്. ചിത്രത്തില്‍ ചെന്നായ്ക്കളുടെ വന്യത പ്രത്യക്ഷമാകുന്ന ദൃശ്യങ്ങളിലാണ് ത്രീഡി കാഴ്ച ഏറെ വിസ്മയം സമ്മാനിച്ചത്.
വോള്‍ഫ് ടോട്ടത്തിനുപുറമെ ആറു ത്രിഡി ചലച്ചിത്രങ്ങളാണ് വരുംദിവസങ്ങളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഫാന്റസിയില്‍നിന്ന് വ്യത്യസ്തമായി ജീവിതഗന്ധിയായ ചലച്ചിത്രങ്ങള്‍ ത്രീഡിയില്‍ ഒരുക്കിയിട്ടുളളത് ചലച്ചിത്രപ്രേമികള്‍ക്ക് നവ്യാനുഭവമാകും.
രമ്യ, ന്യൂ സ്‌ക്രീന്‍-1 എന്നിവിടങ്ങളിലാണ് ത്രീഡി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. എല്ലാ പ്രദര്‍ശനവേദികളിലും ത്രീഡി കണ്ണടകള്‍ പ്രേക്ഷകര്‍ക്ക് നല്‍കും. ആങ് ലീയുടെ ലൈഫ് ഓഫ് പൈ, റിഡ്‌ലി സ്‌കോട്ടിന്റെ ദി മാര്‍ട്ടിന്‍ എന്നിവ ഇതിനകം കേരളത്തില്‍ റിലീസ് ചെയ്തിട്ടുളളവയാണ്. ഫാന്റസി വിഭാഗത്തില്‍ പെടുന്ന മറ്റൊരു ചിത്രമായ ജോണ്‍ റൈറ്റിന്റെ പാന്‍ ആദ്യമായാണ് സംസ്ഥാനത്തെത്തുന്നത്. ലവ്, എവരിതിംഗ് വില്‍ ബി ഫൈന്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

ഐ.എഫ്.എഫ്.കെ-2015
മാതൃഭൂമി ഓണ്‍ലൈന്‍
'മൂര്‍' വ്യക്തിത്വമുള്ള പാക് ചിത്രം

പാകിസ്താനി കുടുംബബന്ധങ്ങളെ അവിടത്തെ സാമൂഹികവ്യവസ്ഥിതി ഏതൊക്കെ തരത്തില്‍ ബാധിക്കുന്നുവെന്ന് പറയുകയാണ് ജംഷദ് മഹമൂദ് സംവിധാനം ചെയ്ത 'മൂര്‍'. പാകിസ്താനില്‍ നിന്ന് ഓസ്‌കര്‍ നോമിനേഷന്‍ നേടിയിട്ടുള്ള ഈ ചിത്രം ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ഗോവയില്‍ നടന്ന ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചിരുന്നു. രണ്ടിടങ്ങളിലും വലിയ തോതിലുള്ള പ്രേക്ഷക ശ്രദ്ധയും പ്രശംസയും ഈ ചലച്ചിത്രം നേടി.
മൂര്‍ എന്ന ഉറുദു വാക്കിന്റെ അര്‍ത്ഥം അമ്മ എന്നാണ്. പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയിലെ ഉള്‍നാടന്‍ ഗ്രാമമായ ഷേലേ ബാഗിലാണ് കഥാകേന്ദ്രം. യഥാര്‍ഥ സംഭവത്തെ അധികരിച്ച് നിര്‍മ്മിച്ച ചിത്രത്തില്‍ ഷേലേബാഗ് റെയില്‍വേസ്റ്റേഷനും പാകിസ്താന്‍ റെയില്‍വേയും മുഖ്യ ഭൂമികയാകുന്നു. ദുരന്തങ്ങള്‍ വിട്ടൊഴിയാതെ പനേരിടേണ്ടിവരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രമായ വാഹിദിന്. ജീവിതത്തില്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കിലും നാടിനോടും വീടിനോടും ആദര്‍ശങ്ങളോടുമുള്ള പ്രതിബദ്ധത വെളിപ്പെടുത്തുകയാണ് വാഹിദ്. 
പാകിസ്താനി കൗമാരവും യുവത്വവും തെറ്റുകളിലേക്ക് പോകുന്നതെങ്ങനെയെന്ന് സിനിമ കാട്ടിത്തരുന്നു. അഴിമതിയും കെടുകാര്യസ്ഥതയും ഒരു സര്‍ക്കാര്‍ സ്ഥാപനത്തെ തകര്‍ക്കുന്നതെന്നത് പാക്കിസ്ഥാന്‍ റെയില്‍വേയിലൂടെ നമുക്ക് ബോധ്യപ്പെടുത്തിത്തരുകയാണ് സംവിധായകന്‍ ജംഷദ് മഹമൂദ്. ജീവിതത്തിനൊപ്പം റെയില്‍വേ എന്ന സ്ഥാപനത്തെയും നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന കുറെ ജീവിതങ്ങളെക്കൂടി ഇത് ബാധിക്കുന്നത് ചിത്രത്തില്‍ വിഷയമാകുന്നു.
ബലൂചിസ്താന്റെ മഞ്ഞു മൂടിയ പ്രകൃതി ചടിത്രത്തിന് സവിശേഷഭംഗി നല്‍കുന്നു. തീവ്രവാദികള്‍ക്ക് താവളമായി മാറുന്നത് ഈ സ്ഥലമാണോയെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നും. 
പാകിസ്താന്‍ റെയില്‍വേയിലെ എല്ലാ നല്ല ജോലിക്കാര്‍ക്കുമായി സമര്‍പ്പിച്ചിരിക്കുന്ന ചിത്രം പാക് സിനിമയുടെ മാറ്റവും സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞതിന്റെ വ്യക്തമായ തെളിവുമാണ് പ്രേക്ഷകനുമുന്നില്‍ സമര്‍പ്പിക്കുന്നത്. ബോളിവുഡ് സിനിമകളെ അനുകരിക്കുന്ന പരമ്പരാഗത പാക് സിനിമാ രീതിയ്ക്കും മൂര്‍ മാറ്റം വരുത്തുന്നുണ്ട്.

ഐ.എഫ്.എഫ്.കെ-2015
മാതൃഭൂമി ഓണ്‍ലൈന്‍

ബ്ലാക്ക് ആന്റ് വൈറ്റില്‍ ആമസോണ്‍ ജീവിതം

ബ്ലാക്ക് ആന്റ് വൈറ്റ് സങ്കേതം ഉപയോഗിച്ച് ഒരു നൂറ്റാണ്ടു മുമ്പുള്ള കഥപറഞ്ഞ് പ്രേക്ഷകന് പൂര്‍ണ്ണ സംവേദനാത്മകത പകര്‍ന്നു നല്‍കുകയാണ് കൊളംബിയന്‍ സംവിധായകനായ സിറോ ഗുവേര. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലോക സിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അര്‍ജന്റിനിയന്‍ ചിത്രം 'എംബ്രേസ് ഓഫ് സര്‍പന്റ്' ആണ് ഈ പ്രത്യേകതകൊണ്ട് ശ്രദ്ധേയമായത്. 'ദി വിന്‍ഡ് ജേര്‍ണീസി'നു ശേഷം പുറത്തിറങ്ങുന്ന ഗുവേരയുടെ ചിത്രമാണിത്. ഇതിനോടകം പത്തോളം അന്താരാഷ്ട ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അത്രതന്നെ പുരസ്‌ക്കാരങ്ങള്‍ നേടുകയും ചെയ്ത എംബ്രേസ് ഓഫ് സര്‍പന്റ് ഐ.എഫ്.എഫ്.കെയുടെയും ഇഷ്ടചിത്രമായി മാറിക്കഴിഞ്ഞു.
കൊളോണിയല്‍ കാലത്തെ കൊള്ളയുടെയും അധിനിവേശങ്ങളുടെയും ഫലമായി വടക്കേ അമേരിക്കയില്‍ കരനിഴല്‍ വീഴ്ത്തിയ ജീവിതസാഹചര്യങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ചിരിക്കുകയാണ് ഈ ചിത്രം. ആമസോണ്‍ നദി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലെ ജീവിതം വിഷയമാകുന്ന എംബ്രേസ് ഓഫ് സര്‍പന്റ് ഒരു കാലഘട്ടത്തെ തീവ്രമായി അടയാളപ്പെടുത്തുകയും കൊള്ളരുതായ്മകളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ കാരമാകറ്റേ ആമസോണ്‍കാരനായ മന്ത്രവാദിയാണ്. തന്റെ വംശത്തിലെ അവസാന കണ്ണി കൂടിയാണദ്ദേഹം. കാരമാകറ്റേയുടെ ജീവിതത്തിലെ രണ്ടു കാലഘട്ടങ്ങളില്‍ നിര്‍ണ്ണായക സാന്നിധ്യമായി മാറുന്ന ആമസോണിലെത്തുന്ന ശാസ്ത്രജ്ഞന്മാരോട് ഇഴചേരുന്നതാണ് ആ ജീവിതം. മനസ്സിനും ശരീരത്തിനും ആനന്ദവും ഉന്മാദവും പകരുന്ന കണ്ടെത്താന്‍ ഏറെ പ്രയാസമുള്ള യാക്കുരാനാ ചെടിയന്വേഷിച്ച് കൊളംബിയന്‍-ആമസോണ്‍ വനങ്ങളിലൂടെയുള്ള യാത്ര കൂടിയാണ് ചിത്രം. ആമസോണ്‍ നദിയുടെ വന്യതയും സൗന്ദര്യവും ചിത്രം ആകര്‍ഷകമായി പകര്‍ത്തിവെയ്ക്കാനും ചിത്രത്തിനാകുന്നു. സിരോ ഗുവേരയുടെ മൂന്നു ചിത്രങ്ങളില്‍ കൂടുതല്‍ അംഗീകാരം നേടിയെന്നതിനപ്പുറം സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ക്ലാസ് എന്ന് ആസ്വാദകരെക്കൊണ്ട് പറയിപ്പിക്കാനും'എംബ്രേസ് ഓഫ് സര്‍പന്റ്ി'നാകുന്നുണ്ട്.

ഐ.എഫ്.എഫ്.കെ-2015
മാതൃഭൂമി ഓണ്‍ലൈന്‍

ഒറ്റാലിന്റെ ജീവിതപാഠം

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ ആസ്വാദകപ്രശംസ പിടിച്ചുപറ്റി ജയരാജിന്റെ ഒറ്റാല്‍. മേളയിലെ ലോകസിനിമകളോട് മത്സരിക്കാന്‍ എന്തുകൊണ്ടും യോഗ്യമാണെന്ന് ഒറ്റാല്‍ ആദ്യ പ്രദര്‍ശനത്തോടെ തെളിയിച്ചു. തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ തീയറ്ററായ ശ്രീകുമാറിലെ നിറഞ്ഞ സദസ്സിന്റെ നിലയ്ക്കാത്ത കൈയ്യടി ഒറ്റാലിനുള്ള അംഗീകാരമായി.
ആന്റണ്‍ ചെക്കോവിന്റെ 'വാങ്കേ' എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌ക്കാരമാണ് ഒറ്റാല്‍. നഗരത്തില്‍ ജോലിക്ക് വന്ന കുട്ടി അവന്റെ ദയനീയമായ ജീവിതാവസ്ഥ മുത്തച്ഛനെ കത്തിലൂടെ അറിയിക്കുന്നതിന്റെ ആവിഷ്‌ക്കാരമാണ് ചെക്കോവിന്റെ 'വാങ്കേ'. അതിനെ മറ്റൊരു കഥാപശ്ചാത്തലത്തിലേക്ക് മാറ്റുകയായിരുന്നു ജയരാജ്.
കുട്ടനാട് പശ്ചാത്തലമാകുന്ന ചിത്രം വൃദ്ധനായ താറാവു കര്‍ഷകനും പേരക്കുട്ടിയും തമ്മിലുള്ള ബന്ധമാണ് പറയുന്നത്. കുമരകം വാസുദേവന്‍ എന്ന മത്സ്യത്തൊഴിലാളിയാണ് താറാവു കര്‍ഷകനെ അവതരിപ്പിക്കുന്നത്. പരുഷമായ ജീവിത സത്യങ്ങളും വിസ്മയിപ്പിക്കുന്ന പ്രകൃതിഭംഗിയും തനിമയാര്‍ന്ന സംഗീതവും ഇഴചേര്‍ന്ന ഒറ്റാല്‍ നേര്‍ത്ത വിങ്ങലോടെ കണ്ടവസാനിപ്പിക്കാനാകില്ല.
കുട്ടനാടന്‍ പ്രകൃതിയും മാനുഷികബന്ധവും പറയുമ്പോഴും ബാലവേലയുടെ ദുരിതം പേറുന്ന കുട്ടികളെയും ചിത്രം വിഷയമാക്കുന്നു. ഭരണകൂടത്തിന്റെ ഒത്താശയില്‍ നടക്കുന്ന ശിവകാശിയിലെ പടക്കക്കമ്പനികളില്‍ ആയിരക്കണക്കിന് കുട്ടികള്‍ ജോലി ചെയ്യുന്നുണ്ട്. അകപ്പെട്ടാല്‍ രക്ഷപ്പെട്ട് പുറത്തുപോകാന്‍ കഴിയാത്ത വലയാണിത്തരം കമ്പനികളെന്നത് സാമൂഹിക യാഥാര്‍ഥ്യമാണ്. അങ്ങനൊയൊരു ലോകത്താണ് ഒറ്റാലിലെ കുട്ടപ്പായി എന്ന ബാലനും പെട്ടുപോകുന്നത്. അവന്റെ നഷ്ടമായ നല്ല ജീവിതമാണ് ചിത്രം കാണിക്കുന്നത്.
എം.ജെ. രാധാകൃഷ്ണന്റെ ഛായാഗ്രഹണവും ശ്രീവത്സന്‍.ജെ.മേനോന്റെ പശ്ചാത്തലസംഗീതവും ഒറ്റാലിന്റെ മാറ്റുകൂട്ടുന്നു. ലൈവ് സൗണ്ടില്‍ ചിത്രീകരിച്ചുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
മികച്ച പരിസ്ഥിതി ചിത്രം, മികച്ച അവലംബിത തിരക്കഥ (ജോഷി മംഗലത്ത്) എന്നിവയ്ക്കുള്ള 2014ലെ ദേശീയ പുരസ്‌കാരവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ഒറ്റാലിന് ലഭിച്ചിരുന്നു.

മാതൃഭൂമി, ഡിസംബര്‍ 6

ജീവിതത്തിനും ദുരന്തത്തിനുമിടയില്‍

പ്രകൃതിദുരന്തത്തിന് ഇരയാക്കപ്പെട്ട മനുഷ്യരുടെ പിന്നീടുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയാണ് ഫ്രഞ്ച്-ഹെയ്ത്തിയന്‍ ചിത്രമായ 'മര്‍ഡര്‍ ഇന്‍ പാകോത്'. 2010ലെ ഭൂകമ്പത്തില്‍ തകര്‍ത്തെറിയപ്പെട്ട ഹെയ്തിയിലെ മനുഷ്യരുടെ ദുരിതജീവിതം ഒരു കുടുംബത്തിലൂടെ ആവിഷ്‌ക്കരിക്കുന്ന ചിത്രം ജനങ്ങളുടെ നിസ്സഹായതയെ ഭരണകൂടം ചൂഷണം ചെയ്യുന്നതും വിഷയമാക്കുന്നു. ദുരന്തങ്ങളുടെ പശ്ചാത്തലത്തിലുണ്ടാകേണ്ട ഉത്തരവാദിത്തങ്ങളെയും നീതിയെയും സംബന്ധിച്ച അടിസ്ഥാനചോദ്യങ്ങള്‍ ചിത്രം ഉയര്‍ത്തുന്നുണ്ട്.
കരീബിയന്‍ രാജ്യമായ ഹെയ്ത്തിയില്‍ 2010ലുണ്ടായ ഭൂകമ്പത്തെ അതിജീവിച്ചത് വളരെ വേഗത്തിലായിരുന്നു. ഹെയ്ത്തിയന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യമാണ് അതില്‍ പ്രതിഫലിച്ചത്. ഹെയ്ത്തിയിലെ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ അവിടുത്തെ ജനങ്ങളുടെ ജീവിതവും സാമൂഹ്യ പശ്ചാത്തലവും അന്വേഷിക്കുകയാണ് 'മര്‍ഡര്‍ ഇന്‍ പാകോത്' എന്ന സിനിമ.
റൗള്‍ പെക് സംവിധാനം ചെയ്ത ഈ ചലച്ചിത്രം 1968ല്‍ പുറത്തിറങ്ങിയ തിയറം എന്ന ചലച്ചിത്രത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രീകരിച്ചിട്ടുള്ളത്. ഹെയ്ത്തിയുടെ തലസ്ഥാന നഗരമായ പോര്‍ട്ട്ഓഫ്പ്രിന്‍സില്‍ താമസിക്കുന്ന മധ്യവര്‍ഗ്ഗത്തില്‍പെട്ട ഒരു കുടുംബവുമായി ബന്ധപ്പെട്ടാണ് 'മര്‍ഡര്‍ ഇന്‍ പാകോതി'ന്റെ കഥ. ജീവിതസാഹചര്യവും വീടും രണ്ടു കാറുകളുമൊക്കെയുണ്ടായിരുന്ന കുടുംബത്തിന് ഭൂകമ്പത്തോടെ എല്ലാം നഷ്ടപ്പെടുന്നു. വലിയ വീടിന് കാര്യമായ കേടുപാട് സംഭവിക്കുന്നുണ്ടെങ്കിലും അത് ശരിയാക്കിയെടുക്കാനുള്ള പണം അവരുടെ പക്കലില്ല. വീട് ഉടന്‍ നന്നാക്കിയെടുത്തില്ലെങ്കില്‍ കെട്ടിടം പൊളിച്ചു മാറ്റുമെന്ന മുന്നറിയിപ്പ് സര്‍ക്കാരിന്റെ കെട്ടിട വകുപ്പ് നല്‍കിയിട്ടുമുണ്ട്.
വിനാശകരമായ ഭൂകമ്പം യാഥാസ്ഥിതികമായ മാമൂലുകളെ പിന്തുടരുന്ന ഒരു സമൂഹത്തിലുണ്ടാക്കുന്ന മനശാസ്ത്രപരവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ മാറ്റങ്ങളെ അന്വേഷിക്കുകയാണ് 'മര്‍ഡര്‍ ഇന്‍ പാകോത്'.

ഐ.എഫ്.എഫ്.കെ-2015
മാതൃഭൂമി ഓണ്‍ലൈന്‍


'ജലാല്‍സ് സ്റ്റോറി' -കാപട്യങ്ങള്‍ തുറന്നുകാട്ടുന്ന കണ്ണാടി


നദിക്കരയില്‍ രൂപപ്പെടുന്ന ജീവിതങ്ങളുടെ കഥ പറയുന്ന ബംഗ്ലാദേശി സിനിമ 'ജലാല്‍സ് സ്റ്റോറി' ബംഗ്ലാദേശിലെ മതപരവും സാമൂഹ്യവും രാഷ്ട്രീയപരവുമായ കാപട്യങ്ങള്‍ക്കു നേരെ പിടിച്ച കണ്ണാടിയാണ്. സംവിധായകന്‍ അബു ഷാഹേദ് ഇമോന്റെ ആദ്യ സിനിമയാണിത്. 
ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'ജലാല്‍സ് സ്റ്റോറി' ബംഗ്ലാദേശി ജീവിതത്തോട് ഏറെ അടുത്തുനില്‍ക്കുന്ന സിനിമ കൂടിയാണ്. ജനിച്ചു വീണതുമുതല്‍ നദിയില്‍ ഒഴുകി നടക്കുന്ന ജലാലിന്റെ ജീവിതത്തെയാണ് സിനിമ കേന്ദ്രീകരിക്കുന്നത്. നദിയാണ് അവന്റെ എല്ലാം. അതുകൊണ്ടുതന്നെ നദി സിനിമയില്‍ ഒരു പ്രധാന കഥാപാത്രം കൂടിയാകുന്നു.
ബംഗ്ലാദേശി ജീവിതം ഇപ്പൊഴും എത്രത്തോളം യാഥാസ്ഥിതികവും പാരമ്പര്യ മാമൂലുകളില്‍ ഒതുങ്ങുന്നതുമാണെന്ന് സിനിമ തുറന്നുപറയുന്നു. അന്ധവിശ്വാസങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന ബംഗ്ലാദേശി ജീവിതത്തെ രസകരവും വിമര്‍ശനാത്മകവുമായാണ് സമീപിച്ചിരിക്കുന്നത്. നദിയില്‍ നിന്നുകിട്ടുന്ന കുട്ടിയും വിശ്വാസങ്ങളുടെ ഭാഗമാകുകയാണ്. കുട്ടിക്ക് ദിവ്യശക്തിയുണ്ടെന്ന് പ്രചരിക്കപ്പെടുന്നു. വിശ്വാസം വിറ്റ് എങ്ങനെ കാശാക്കാമെന്നും ചിലര്‍ കണക്കുകൂട്ടുന്നു. 
അറബിക്കഥപോലെ രസകരമാണ് ജലാലിന്റെ ജീവിതം. ഓരോ സ്ഥലത്തുനിന്നും ഒഴിവാക്കപ്പെടുമ്പോഴും ജലാല്‍ വീണ്ടും നദിയിലെത്തുകയും പിന്നീട് വേറെയേതെങ്കിലും ഗ്രാമത്തില്‍ എത്തിച്ചേരുകയും ചെയ്യുന്നു. അന്ധവിശ്വാസങ്ങളും ക്രിമിനല്‍ സ്വഭാവും ബാധിച്ച ഒരു സമൂഹത്തിനെ തുറന്നുകാട്ടുകയാണ് സംവിധായകന്‍. 
നദിയിലൂടെയുള്ള ജലാലിന്റെ ഒഴുകിവരവിന്റെ ഇടവേളകളെ ഉപയോഗപ്പെടുത്തി ചിത്രത്തെ മൂന്നായി വിഭജിച്ചാണ് അവതരിപ്പിച്ചിട്ടുള്ളത്. വളരെ രസകരമായി കണ്ടു തീര്‍ക്കാവുന്നതും പലപ്പോഴും നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ തന്നെ സംഭവിക്കന്ന കഥയാണെ് വിശ്വസിച്ചുകൊണ്ടു കാണാവുന്നതുമാണ് 'ജലാല്‍സ് സ്റ്റോറി'. 

ഐ.എഫ്.എഫ്.കെ-2015
മാതൃഭൂമി ഓണ്‍ലൈന്‍

മൂന്ന് പ്രകൃതിച്ചിത്രങ്ങള്‍

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഈ വര്‍ഷം പരിസ്ഥിതി വിഷയമാകുന്ന മൂന്നു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മലയാളത്തില്‍ നിന്ന് രണ്ടും ഒരു കസാഖ് ചിത്രവുമാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കാണിച്ച് പ്രേക്ഷകശ്രദ്ധ നേടിയത്. 

ബോപെം
ഷന്ന ഇസ്സബയേവ സംവിധാനം ചെയ്ത 'ബോപെം' 14 വയസ്സുള്ള ഒരു ബാലന്റെ കഥയാണ്. അവന്റെ സമീപ പ്രദേശത്തുള്ള കടല്‍ ഇല്ലാതാവുന്നതിനോടും സ്വന്തം അമ്മ മരിക്കുന്നതിനോടും പൊരുത്തപ്പെടാന്‍ കഴിയാതെ ക്‌ളേശിക്കുന്ന ബാലന്റെ കഥ. കസഖ്സ്ഥാനിലെ ആരല്‍ കടല്‍ ഇല്ലാതാവുന്നതാണ്  ഈ സിനിമയ്ക്കു പ്രചോദനമായത്. ആരല്‍ കടല്‍ ഇല്ലാതാകുന്ന സാഹചര്യങ്ങളും അതിനെ അശ്രയിച്ചു കഴിഞ്ഞ ജനങ്ങളുടെ കഷ്ടപ്പാടുകളും അണ് സംവിധായികയെ ഈ ചിത്രമെടുക്കാന്‍  പ്രേരിപ്പിച്ചത്.  കസഖ്സ്ഥാനെയും ഉസ്‌ബെക്കിസ്ഥാനെയും തൊട്ടുകിടന്നിരുന്ന അരാല്‍ കടല്‍ അപ്രത്യക്ഷമായത് 

മണ്‍റോതുരുത്ത്
നവസംവിധായകന്‍ മനു പി.എസിന്റെ 'മണ്‍റോതുരുത്ത്' കൊല്ലത്തിനടുത്തുള്ള ഒരു ദ്വീപില്‍ ജീവിക്കുന്ന കുടുംബത്തെ കേന്ദ്രീകരിച്ചുള്ളതാണ്. ദ്വീപ് സാവധാനം മുങ്ങുകയാണ്. അതോടൊപ്പം വ്യക്തിബന്ധങ്ങളും പ്രത്യേകിച്ച് മുതിര്‍ന്ന തലമുറയും യുവതലമുറയും തമ്മിലുള്ള ബന്ധം ഇല്ലാതാകുന്നു.
 കല്ലടയാറ്റില്‍ അണക്കെട്ടു പണിയുന്നതടക്കം പലവിധ കാരണങ്ങളാല്‍ അഷ്ടമുടിക്കായലിലെ ചെറു ദ്വീപുകളുടെ കൂട്ടമായ മണ്‍റോതുരുത്ത് ക്രമേണ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് ശാസ്ത്രജ്ഞന്മാരുടെ പക്ഷം.

ഒറ്റാല്‍
ആന്റണ്‍ ചെക്കോവിന്റെ വാങ്കേ എന്ന കഥയുടെ ചല്ചചിത്രാവി,്ക്കാരമാണ് ഒര്‌റാല്‍. എന്നാല്‍ ചെക്കോവിന്റെ കഥാപരിസരം തീര്‍ത്തും വ്യത്യസ്തമാണ്. ഇതിനെ കുട്ടനാടന്‍ പ്രകൃതിയിലേക്ക് പറിച്ചുനടുകയായിരുന്ന ജയരാജ്. 'ഒറ്റാല്‍' മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഈ വര്‍ഷം നേടിയിരുന്നു.  
ഒറ്റാലില്‍ കായല്‍ ശക്തമായ ഒരു കഥാപാത്രമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധം ഒറ്റാലില്‍ കാണാം. കുട്ടികളെ മണ്ണിലേക്കിറക്കുന്ന ചിത്രം കാടും മലയും പുഴയും അറിയാതെ വളരുന്ന തലമുറയെക്കുറിച്ചു് ചോദ്യവും ഉന്നയിക്കുന്നുണ്ട്.
പരിസ്ഥിതി ഇതിവൃത്തമാക്കിയ ജയരാജ് ചിത്രം മുന്‍പും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍  'വെള്ളപ്പൊക്കത്തില്‍' എന്ന ചിത്രത്തിന് ജയരാജിനു മികച്ച സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട് . കുട്ടനാട്ടില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കത്തെക്കുറിച്ചാണ് ആ ചിത്രം. തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥയാണ് ഈ ചിത്രത്തിനു പ്രചോദനമായത്.

ഐ.എഫ്.എഫ്.കെ-2015
മാതൃഭൂമി ഓണ്‍ലൈന്‍

ആസ്വാദകപ്രശംസ നേടി കൊറിയന്‍ സിനിമകള്‍


കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇത്തവണ ദക്ഷിണ കൊറിയയില്‍നിന്നുള്ള സിനിമകളുടെ പ്രത്യേക പാക്കേജ് അവതരിപ്പിച്ചത് കൊറിയന്‍ സിനിമകളോടുള്ള മലയാളികളുടെ താല്പര്യം മുന്നില്‍ കണ്ടുകൊണ്ടാണ്. ഈ താത്പര്യം ശരിവയ്ക്കുംവിധം കൊറിയന്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ച തീയറ്ററുകളില്‍ ഡെലിഗേറ്റുകളുടെ തള്ളിക്കയറ്റമുണ്ടാവുകയും ചെയ്തു. 
ദക്ഷിണ കൊറിയന്‍ സംവിധായകരില്‍ കിം കി ഡുക്കിനാണ് ഏറ്റവുമധികം മലയാളി പ്രേക്ഷകര്‍ ഉള്ളത്. ഐ.എഫ്.എഫ്.കെയുടെ കഴിഞ്ഞ നാല് എഡിഷനുകളില്‍ പ്രദര്‍ശിപ്പിച്ച കിം കി ഡുക്ക് ചിത്രങ്ങള്‍ അത്ര മികവ് പുലര്‍ത്താതിരുന്നിട്ടും ഇത്തവണയും കിം ചിത്രം കാണാന്‍ ആരാധകര്‍ ഇടിച്ചുകയറി. 
കൊറിയന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സ്റ്റോപ്പ് ആണ് ഇത്തവണത്തെ ഐ.എഫ്.എഫ്.കെയിലെ കിം കി ഡുക്ക് ചിത്രം. ഫുക്കുഷിമ ആണവ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സ്റ്റോപ്പ് ദുരന്തങ്ങളില്‍ ഇരയാക്കപ്പെടുന്ന മനുഷ്യരുടെ നിസ്സഹായവസ്ഥും ഭരണകൂടത്തിന്റെ ഇടപെടലുകളും വിഷയമാക്കുന്നു. കിം കിഡുക്കിന്റെ മാറിയ ശൈലി ഈ സിനിമയില്‍ കാണാനാകും.
വാണിജ്യ സിനിമയുടെ പരമ്പരാഗത ശൈലിയില്‍ ചിത്രീകരിച്ചിട്ടുള്ളകിം സംഗ് ജെ സംവിധാനം ചെയ്ത 'ദി അണ്‍ ഫെയര്‍' ആണ് ഇത്തവണ പ്രദര്‍ശിപ്പിച്ച മറ്റൊരു കൊറിയന്‍ ചിത്രം. കൊറിയന്‍ വാണിജ്യ സിനിമ നേരിടുന്ന വെല്ലുവിളികളും നിലനില്‍പ്പിനായുള്ള പോരാട്ടവും എത്രത്തോളമുണ്ടെന്ന ചിന്തയാണ് പ്രേക്ഷകനില്‍ സൃഷ്ടിക്കുന്നത്. സാധാരണക്കാരും പോലീസും തമ്മിലുള്ള സംഘര്‍ഷവും കുറ്റാന്വേഷണവുമെല്ലാമടങ്ങുന്ന സ്ഥിരം വാണിജ്യ സിനിമകളുടെ ചേരുവകള്‍ ചേര്‍ത്തു വച്ചൊരു സിനിമയാണിതും. എങ്കിലും പലഘട്ടത്തിലും വാണിജ്യവത്കരണത്തിന്റെ ചേരുവകളെ മറച്ചുവച്ച് 'നല്ല  സിനിമയുടെ' മുഖവും 'ദി അണ്‍ഫെയര്‍' അണിയുന്നുണ്ട്. 
ഒരു അന്വേഷണാത്മക സിനിമ പ്രേക്ഷകനുള്ളില്‍ ഉണ്ടാക്കുന്ന ജിജ്ഞാസയും അമ്പരപ്പുമൊന്നും 'ദി അണ്‍ഫെയര്‍'എന്ന സിനിമയ്ക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ദക്ഷിണ കൊറിയയുടെ സാമൂഹ്യ രാഷ്ട്രീയാവസ്ഥകളെ മനസ്സിലാക്കിത്തരുവാന്‍ ചിത്രത്തിനായിട്ടുണ്ട്. 
ക്ലൗണ്‍ ഓഫ് എ സെയില്‍സ്മാന്‍, മഡോണ, ഓഫീസ്, റൈറ്റ് നൗ റോങ് ദെന്‍ എന്നീ ചിത്രങ്ങളാണ് കൊറിയന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മറ്റു ചിത്രങ്ങള്‍.


ഐ.എഫ്.എഫ്.കെ-2015
മാതൃഭൂമി ഓണ്‍ലൈന്‍

ഒറ്റ ഷോട്ടില്‍ 'ഷാഡോ ബിഹൈന്‍ഡ് ദി മൂണ്‍'

ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഫിലിപ്പീന്‍സ് ചിത്രം 'ഷാഡോ ബിഹൈന്‍ഡ് ദി മൂണ്‍' ശ്രദ്ധേയമാകുന്നത് ഒറ്റ ഷോട്ടില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി എന്നതിലാണ്. ഫിലിപ്പീന്‍സിന്റെ രാഷ്ട്രീയ സാഹചര്യങ്ങളും സായുധവിപ്ലവവും പട്ടാളനടപടിയും വരുത്തിവച്ച അരക്ഷിതാവസ്ഥയും പറയുന്ന സിനിമയില്‍ മൂന്ന് കഥാപാത്രങ്ങള്‍ മാത്രമാണുള്ളത്. ഒരുവീടിന്റെ ഉള്‍മുറിയും പുറത്തെ പരിസരവുമാണ് സിനിമയില്‍ കടന്നുവരുന്നത്. രണ്ടു മണിക്കൂറിനുള്ളില്‍ ഒരിടത്തു പോലും കാഴ്ച മുറിയുന്നില്ല. ജൂണ്‍ റോബിള്‍സ് ലാനയുടെ ഈ ചിത്രം ഫിലിപ്പീന്‍സില്‍ നിന്നുള്ള സിനിമാകാഴ്ചയില്‍ ആദ്യമാണെന്ന് പറയാം. സായുധ വിപ്ലവത്തെ തുടര്‍ന്ന് കാടിനു നടുവില്‍ ഒളിച്ചുതാമസിക്കുന്ന ദമ്പതികളും വിപ്ലവം അടിച്ചമര്‍ത്താനായി നിയോഗിച്ചിട്ടുള്ള പട്ടാളക്കാരനുമാണ് കഥാപാത്രങ്ങളായി വരുന്നത്.
സായുധ വിപ്ലവം ഫിലിപ്പീന്‍സ് എന്ന ചെറു ദ്വീപുരാജ്യത്തെ പട്ടിണിയിലും അരാജകത്വത്തിലുമാണെത്തിച്ചത്. അതില്‍ പട്ടാളക്കാരും സാധാരണക്കാരും കുട്ടികളുമെല്ലാമുണ്ട്. സായുധ വിപ്ലവത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അതിലും ഭീകരമായിരുന്നു കാര്യങ്ങള്‍. അരാജകത്വത്തില്‍ നിന്ന് അരാജകത്വത്തിലേക്കായിരുന്നു ഫിലിപ്പീന്‍ ജനതയുടെ യാത്ര സിനിമയില്‍ കടന്നുവരുന്നു. 
മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളില്‍ പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളില്‍ ഇടംപിടിക്കാന്‍'ഷാഡോ ബിഹൈന്‍ഡ് ദി മൂണി'ന് സാധിച്ചിട്ടുണ്ട്. ഒരു രാത്രിയില്‍ സംഭവിക്കുന്ന സിനിമ ഫിലിപ്പീന്‍സിന്റെ ചരിത്രത്തിലൂടെയാണ് പ്രേക്ഷകനെ കൊണ്ടുപോകുന്നത്.


ഐ.എഫ്.എഫ്.കെ-2015
മാതൃഭൂമി ഓണ്‍ലൈന്‍

Thursday, 26 November 2015

പത്മിനിയുടെ യാത്ര; റാണിയുടെയും


വീട്ടില്‍ ഒറ്റയ്ക്കാവുന്ന സ്ത്രീക്ക് നേരിടാവുന്നതില്‍ കൂടുതലൊന്നും പുറത്ത് അവരെ കാത്തിരിക്കുന്നില്ലെന്ന് പറഞ്ഞ് തുടങ്ങുന്ന റാണിപത്മിനി രണ്ടു സ്ത്രീകളുടെ യാത്രയാണ്. യാത്രകള്‍ പുരുഷന്റെതാണ് പലപ്പൊഴും. സ്ത്രീക്ക് യാത്രകള്‍ക്കു പോലും പുരുഷനെ ആശ്രയിക്കേണ്ടതുണ്ട് എന്നതാണ് നടപ്പുരീതിയും പറച്ചിലും. നമ്മുടെ സിനിമകള്‍ പോലും പറഞ്ഞുവച്ചിട്ടുള്ളതും ശീലിപ്പിച്ചിട്ടുള്ളതും അങ്ങനെയാണ്. അപൂര്‍വ്വം സിനിമകളില്‍ സ്ത്രീകള്‍ തനിച്ചു നടത്തുന്ന യാത്രകളില്‍ അവരെ അപകടങ്ങള്‍ കാത്തിരിക്കുന്നതായിട്ടാണ് ചിത്രീകരിക്കാറുള്ളതും.
ഇവിടെ യാത്ര ചെയ്യുന്ന രണ്ടു സത്രീകളെ സ്വീകരിക്കുന്നത് സ്വാതന്ത്ര്യത്തിന്റെ വലിയ ആകാശമാണ്. വീട്ടകത്തില്‍ നിന്നുമിറങ്ങിയാല്‍ പിന്നെ കാണുന്നത് വലിയൊരു പുറംലോകമാണ്. അവിടെ ഇതുവരെ കാണാത്ത കാഴ്ചകളുണ്ട്, മനുഷ്യരുണ്ട്, അനുഭവങ്ങളുണ്ട്. നമ്മള്‍ മറ്റൊരാളായിത്തീരും. അല്ലെങ്കില്‍ ഇതുവരെയുണ്ടായിരുന്ന നമ്മളെന്നയാളെ സ്വയം വിശകലനത്തിന് വിധേയമാക്കും. പല ധാരണകള്‍ക്കും മാറ്റം വരുന്നതായി മനസ്സിലാവും.

'അടക്കവും ഒതുക്കവുമുള്ള കുട്ടി' എന്നത് വലിയൊരു കെണിയാണെന്ന് താന്‍ വളര്‍ന്ന സാഹചര്യത്തെ ഓര്‍മ്മിച്ച് പത്മിനി ഒരിക്കല്‍ പറയുന്നുണ്ട്. ആകാശവും വന്‍മലനിരകളും പൈന്‍മരക്കാടുകളും നിറഞ്ഞുനില്‍ക്കുന്ന ഗാംഭീര്യത്തിനു മുന്നില്‍ റാണിയുടെയും പത്മിനിയുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതും അതുകൊണ്ടുതന്നെ. 'നീയൊരു പെണ്ണാണ.് ആ ഓര്‍മ വേണം, അടങ്ങി ഒതുങ്ങിയിരുന്നോണം...' എന്ന വാക്കുകള്‍ക്കു മുകളിലൂടെയായിരുന്നു സത്യത്തില്‍ അവരിരുവരും ആ നിമിഷം പറന്നുയര്‍ന്നത്.
വീടു വിട്ടുള്ള പത്മിനിയുടെ യാത്രയ്‌ക്കൊരു ലക്ഷ്യമുണ്ടായിരുന്നു. ആ യാത്രയില്‍ അവിചാരിതമായി പങ്കുചേരുകയാണ് റാണി. പിന്നീടവര്‍ ഒരുമിച്ചു നടത്തുന്ന യാത്രയാണീ സിനിമ. ലക്ഷ്യങ്ങളെക്കാളും സിനിമ ആവശ്യപ്പെടുന്ന പതിവു സംഘര്‍ഷങ്ങളെക്കാളും യാത്രയും പ്രകൃതിയുമാണ് റാണിപത്മിനിയില്‍ മുന്നിട്ടു നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനെ 'ട്രാവല്‍ മൂവി'യെന്ന ഗണത്തില്‍ പെടുത്താന്‍ സാധിക്കും. നിയതമായ ചട്ടക്കൂടുകളിലൊന്നും ഈ സിനിമ നില്‍ക്കുന്നില്ല. അത്ര കാമ്പില്ലാത്ത ഒരു തീമിനെ തിരക്കഥയാക്കുകയാണ് ചെയ്തിട്ടുള്ളത്. പതിവു സങ്കേതങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയുള്ള ആഖ്യാനമാകയാല്‍ത്തന്നെ റാണിപത്മിനി അത്രകണ്ട് രസിപ്പിക്കുന്ന സിനിമയാകില്ല.

തന്റെ എല്ലാ സിനിമകളിലും ആഷിഖ് അബു എന്ന സംവിധായകന്‍ നല്‍കുന്ന പുതുമ തന്നെയാണ് റാണിപത്മിനിയുടെയും ഹൈലൈറ്റ്. പുതിയ സിനിമ മുന്‍ സിനിമകളെക്കാളും വേറിട്ടുനില്‍ക്കണം എന്ന നിഷ്‌ക്കര്‍ഷ പുലര്‍ത്തുന്ന സംവിധായകാനാണിദ്ദേഹം. വിജയപരാജയങ്ങളെ ആശ്രയിച്ചല്ല ഈ പുതുമകള്‍ നിശ്ചയിക്കുന്നതെന്ന് ആഷിഖ് അബുവിന്റെ സിനിമകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. അതുകൊണ്ടു തന്നെയാകണം രണ്ടു സ്ത്രീകളെ പ്രധാന കഥാപാത്രങ്ങളാക്കി സിനിമയെടുക്കാന്‍ അദ്ദേഹം തയ്യാറായതും. ഡാഡികൂള്‍, ഗ്യാങ്സ്റ്റര്‍ എന്നീ രണ്ടു ചിത്രങ്ങളൊഴികെ മറ്റ് ആഷിഖ് അബു ചിത്രങ്ങളൊന്നും തന്നെ താരാധിപത്യത്തിന്റെതല്ല. എന്നാല്‍ ഈ സിനിമകളെക്കാളും പ്രകീര്‍ത്തിക്കപ്പെട്ടത് മറ്റു സിനിമകളാണെന്നും കാണാം. അത്ര ബലപ്പെട്ട ഒരു തിരക്കഥയുടെ പിന്തുണയില്ലാതിരുന്നിട്ടും റാണിപത്മിനിയെ നിലനിര്‍ത്തുന്നത് ആഷ്ഖ് അബു സൃഷ്ടിച്ചെടുക്കുന്ന ക്രാഫ്റ്റിന്റെ മികവു കൊണ്ടു തന്നെയാണ്. സിനിമ സംവിധായകന്റെയും ദൃശ്യങ്ങളുടെയും കലയാണ് എന്ന അടിസ്ഥാന തത്വത്തോടു നീതി പുലര്‍ത്താനും റാണിപത്മിനിക്കാകുന്നുണ്ട്.

പിന്നീട് പലരും അനുകരിക്കുന്ന എന്തെങ്കിലുമൊരു മാതൃക ഈ സംവിധായകന്റെ എല്ലാ സിനിമകളിലും കാണാനാകും. അത് ഒരു ഷോട്ടോ, ടൈറ്റില്‍ കാര്‍ഡോ, ആഖ്യാനത്തിലെ സവിശേഷതയോ അങ്ങനെ എന്തുമാകാം. ഇവിടെ പത്മിനി എന്ന കഥാപാത്രത്തിന്റെ വളര്‍ച്ചയെ കാണിക്കാന്‍ വേണ്ടി ചിത്രീകരിച്ചിരിക്കുന്ന കല്യാണ വീഡിയോ അത്തരത്തിലൊരു പുതുമയാണ്. ഹിമാചലിന്റെ മനോഹാരിത അനുഭവമാക്കുന്ന മിഴിവില്‍ പകര്‍ത്തിത്തരുന്ന മധു നീലകണ്ഠന്റെ ക്യാമറയും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നതുതന്നെ.
പുരുഷനോ സ്ത്രീയോ, ആരാണ് മുമ്പിലെന്ന ചോദ്യം ഉയര്‍ത്താതെ അതിന് പ്രസക്തിയില്ലെന്ന് പറയാതെ പറഞ്ഞ് ഒരാള്‍ മറ്റൊരാള്‍ക്ക് കൈത്താങ്ങാകുകയാണ് വേണ്ടതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് റാണിപത്മിനി. സ്ത്രീപക്ഷമോ പുരുഷപക്ഷമോ ചേരാതെ പക്ഷത്തിലല്ല തിരിച്ചറിവിലും അംഗീകരിക്കലിലുമാണ് കാര്യമെന്ന പുതിയ പറച്ചിലിനാണ് ഇവിടെ ഇടം. അതുതന്നെയാണ് ഈ സിനിമ നല്‍കുന്ന പുതുമയും.


സ്ത്രീശബ്ദം, നവംബര്‍

Sunday, 18 October 2015

പുതുകാല സിനിമകള്‍ക്ക് സ്ഥിരം ചട്ടക്കൂട് മറികടക്കാനായി-ശ്രീബാല കെ. മേനോന്‍

ഒരാള്‍ക്ക് സിനിമ അയാളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള മാധ്യമം കൂടിയാണ്. നവീനവും വിപ്ലവകരവുമായ അഭിപ്രായങ്ങളാകുമ്പോള്‍ അവയ്ക്ക് സ്വീകാര്യതയുമേറും. ഇത്തരത്തില്‍ നിലപാട് വ്യക്തമാക്കുന്ന സിനിമയാണ് ലൗ 24*7. മലയാള സിനിമയ്ക്ക് അത്ര പരിചിതമല്ലാത്ത മേഖലയിലേക്ക് കടന്നുചെന്ന് കഥ പറയാന്‍ ധൈര്യം കാണിച്ച മലയാളത്തിലെ പ്രമുഖ എഴുത്തുകാരിയും സംവിധായികയുമായ ശ്രീബാല കെ. മേനോന്‍ സംസാരിക്കുന്നു.


സിനിമയിലേക്കുള്ള വഴി
സാമ്പ്രദായിക രീതികള്‍ ശീലിച്ചുവന്ന കുടുംബ പശ്ചാത്തലത്തിലാണ് ജനിച്ചതും വളര്‍ന്നതും. സാഹിത്യവുമായും സിനിമയുമായും ബന്ധമുള്ള ആരും കുടുംബത്തിലില്ല. മറ്റേതൊരു സാധാരണ കുടുംബങ്ങളെയും പോലെ പഠനത്തെ തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനമായിട്ടാണ് വീട്ടുകാര്‍ ഇതിനെയൊക്കെ കണ്ടിരുന്നത്. സ്വാഭാവികമായും വീട്ടുകാരുടെ താത്പര്യത്തിനനുസരിച്ച് പഠനം തുടര്‍ന്നു. ഇംഗ്ലീഷ് സാഹിത്യമായിരുന്നു പഠിച്ചത്. പി.ജിക്കുശേഷം എന്തു ചെയ്യണം എന്നു ചിന്തിച്ചുനില്‍ക്കുന്ന സമയത്തായിരുന്നു സിനിമാ മോഹം മനസ്സില്‍ വന്നത്. സിനിമയിലെ ടെക്‌നിക്കല്‍ ഫീല്‍ഡിനോടായിരുന്നു താത്പര്യം.
എന്റെ കഥകള്‍ വായിച്ചുള്ള പരിചയം സത്യന്‍ അന്തിക്കാടിന്റെ സെറ്റിലെത്തിച്ചു. 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക'യായിരുന്നു സിനിമ. ഈ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഇത് എനിക്കു പറ്റുന്ന പണിയാണോ എന്ന് സ്വയം ചോദിച്ചു. അതിനെ തുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ടുനിന്നു. ഇതിനിടയില്‍ സത്യന്‍ അന്തിക്കാടിന്റെ രണ്ടുമൂന്നു സിനിമകള്‍ പുറത്തുവന്നു.


അച്ചുവിന്റെ അമ്മയും സത്യന്‍ അന്തിക്കാടും
സ്ത്രീകള്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമ എന്നതായിരുന്നു 'അച്ചുവിന്റെ അമ്മ'യിലേക്ക് വിളി വന്നപ്പോള്‍ ആകര്‍ഷിച്ച കാര്യം. വീണ്ടും അന്തിക്കാടിന്റെ സിനിമയിലേക്ക്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പഠിക്കാന്‍ സഹായിച്ചത് ഈ സെറ്റാണ്. സ്‌ക്രിപ്റ്റ് എഴുതുന്നതു മുതല്‍ സിനിമയുടെ 'കംപ്ലീറ്റ് പ്രൊസിജ്വര്‍' മനസ്സിലാക്കാന്‍ സത്യന്‍ അന്തിക്കാടിനെപ്പോലെ ഒരാളുടെ കീഴില്‍ പഠിക്കുന്നതായിരിക്കും നല്ലതെന്ന് അദ്ദേഹത്തോടൊപ്പമുള്ള സിനിമകള്‍ മനസ്സിലാക്കിത്തന്നു. അങ്ങനെ ഇന്ത്യന്‍ പ്രണയകഥ വരെയുള്ള സിനിമകളില്‍ അന്തിക്കാടിനൊപ്പം സഹകരിച്ചു.


ലൗ 24*7, ശ്രീബാല എന്ന സംവിധായിക
ആദ്യസിനിമ എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. അതാണിപ്പോള്‍ സഫലമായത്. ചെറുകഥാ രൂപത്തിലാണ് ലൗ 24*7 ന്റെ ആശയം ആദ്യമെഴുതിയത്. അതില്‍ സിനിമയ്ക്ക് പറ്റിയ കഥ ഉണ്ടെന്ന് തോന്നിയപ്പോള്‍ തിരക്കഥയാക്കുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് സിനിമ തുടങ്ങിയത്.
ലൗ 24*7ന് കിട്ടിയ പ്രതികരണങ്ങളിലൂടെയാണ് സ്വയം വിലയിരുത്തുന്നത്. പലയിടങ്ങളില്‍ നിന്നും പല പ്രായക്കാരായ ആളുകള്‍ സിനിമ കണ്ട് നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. പോസിറ്റീവായ ഇത്തരം പ്രതികരണങ്ങളിലൂടെ ആദ്യസിനിമ എനിക്ക് തൃപ്തിയും സന്തോഷവും തന്നു.

പുതിയ കാലം, പുതിയ സിനിമ
സ്ഥിരം ചട്ടക്കൂടില്‍ നിന്നും വിട്ടുമാറി വൈവിധ്യമുള്ള വിഷയങ്ങള്‍ കൊണ്ടുവരാന്‍ മലയാളത്തിലെ പുതുനിര സംവിധായകര്‍ക്കു കഴിഞ്ഞിട്ടുണ്ട്. പലതരം കഥകളും പുതിയ കാഴ്ചപ്പാടുകളും അവതരണരീതികളുമുള്ള ഇത്തരം സിനിമകള്‍ക്ക് പ്രേക്ഷകരില്‍ വലിയ സ്വീകാര്യതയുമുണ്ട്. ഒട്ടേറെ പുതിയ ആളുകള്‍ക്ക് കടന്നുവരാനായതും നല്ല കാര്യമാണ്.

സിനിമ കാണല്‍
നല്ലതെന്ന് കേള്‍ക്കുന്ന സിനിമകളെല്ലാം കാണും. ഇന്ത്യയിലെ പ്രാദേശിക ഭാഷകളില്‍ നിന്നും നല്ല സിനിമകള്‍ വരുന്നുണ്ട്. മറാത്തി സിനിമകള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. അങ്ങനെയുള്ള സിനിമകള്‍ തെരഞ്ഞുപിടിച്ചു കാണാറുണ്ട്. പലപ്പോഴും പ്രാദേശികമായ ഇത്തരം പരിശ്രമങ്ങള്‍ വേണ്ടത്ര കാണാതെയും ചര്‍ച്ച ചെയ്യപ്പെടാതെയും പോകുന്നുണ്ട്. ഫിലിം ഫെസ്റ്റിവലുകളില്‍ ഈ സിനിമകള്‍ക്ക് കുറേക്കൂടി പ്രാതിനിധ്യം നല്‍കണം.

ശ്രീബാല കെ.മേനോന്‍ എന്ന എഴുത്തുകാരി
പതിനഞ്ചോളം കഥകള്‍ മാത്രം എഴുതിയ ഒരാളാണ് ഞാന്‍. വളരെ സമയമെടുത്താണ് കഥകള്‍ എഴുതാറ്. ഇത്ര കുറച്ച് കഥകള്‍ മാത്രം എഴുതിയ ആള്‍ക്ക് ലഭിച്ച വായനക്കാരുടെ പിന്തുണ അത്ഭുതപ്പെടുത്തുന്നതായിരുന്നു. എഴുത്തുകാരി എന്ന നിലയില്‍ വായനക്കാര്‍ അംഗീകരിച്ചതും വിലയിരുത്തിയതും ഗൃഹലക്ഷ്മിയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച '19 കനാല്‍ റോഡ്' എന്ന അനുഭവക്കുറിപ്പുകളാണ്. ഇത് പിന്നീട് ഡി.സി പുസ്തകമാക്കുകയും ഈ പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ഈ അനുഭവക്കുറിപ്പുകളിലൂടെയാണ് എന്റെ സിനിമയിലേക്കുള്ള പ്രവേശനം പോലും. ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചിരുന്ന സമയത്തുതന്നെ സത്യന്‍ അന്തിക്കാട് ഈ കുറിപ്പുകള്‍ ശ്രദ്ധിച്ചിരുന്നു. സിനിമയിലേക്ക് വന്നതോടെ നിരന്തരം എഴുതാനുള്ള സമയം കുറഞ്ഞു.

മലയാള കഥാസാഹിത്യത്തിലെ പുതിയ പ്രതീക്ഷകള്‍, പ്രവണതകള്‍, വായന
പുതിയ എഴുത്തുകളും എഴുത്തുകാരെയും ശ്രദ്ധിക്കാറുണ്ട്. പ്രത്യേകതയുള്ള പുസ്തകമെന്ന് ആരെങ്കിലും അഭിപ്രായപ്പെട്ടവ തേടിപ്പിടിച്ച് വായിക്കും. പൊതുവില്‍ ചില സമയത്ത് കുറേപ്പേര്‍ ഒന്നിച്ചുവരികയും ചിലര്‍ തുടര്‍ന്നും എഴുതിപ്പോരുകയും മറ്റു ചിലര്‍ ഉള്‍വലിയുകയും ചെയ്യുന്ന പതിവാണ് മലയാളത്തില്‍ കാണുന്നത്. എഴുത്തിന്റെ കാര്യത്തിലും അതേ അവസ്ഥയുണ്ട്. കഥകള്‍ ആഘോഷിക്കുന്നൊരു കാലം, അനുഭവക്കുറിപ്പുകള്‍ ആഘോഷിക്കുന്നൊരു കാലം, കവിതയ്‌ക്കൊരു കാലം അങ്ങനെ. ഇപ്പോള്‍ നോവലിന്റെ സമയമാണെന്നു തോന്നുന്നു. സജീവമായി നില്‍ക്കുന്ന മിക്ക എഴുത്തുകാരും നോവലെഴുത്തിലാണ് ശ്രദ്ധിക്കുന്നത്.


സ്ത്രീകളുടെ ഇടം സിനിമയിലും സമൂഹത്തിലും
എല്ലാ മേഖലയിലും ഇന്ന് സ്ത്രീകളുടെ സാന്നിധ്യമുണ്ടെന്നു പറയാം. ഒരു കരിയറില്‍ത്തന്നെ മത്സരിക്കാന്‍ ഒരുപാടുപേര്‍. എന്നാല്‍ ആരും സ്ഥിരമായി നില്‍ക്കുന്നില്ല. കൊഴിഞ്ഞുപോക്ക് വലിയൊരു പ്രശ്‌നമാണ്. ഒരു മേഖലയില്‍ ഒരുപാടുപേര്‍ വരികയും പാതിവഴി നിര്‍ത്തിപ്പോകുകയും ചെയ്യുക. ഇന്ത്യയുടെ പൊതുവായ രീതിയാണത്.
നമുക്ക് അതിയായ താത്പര്യമുള്ള ഒരു പ്രൊഫഷനില്‍ തുടരാന്‍ സ്വയം തീരുമാനിച്ചാല്‍ അതിനായി പരിശ്രമിച്ചാല്‍ വീട്ടുകാരുടേതുള്‍പ്പടെയുള്ള പിന്തുണ കിട്ടാന്‍ വലിയ പ്രയാസമുണ്ടാകില്ല. ഇത് എന്റെ സാക്ഷ്യപ്പെടുത്തലാണ്. പക്ഷേ അതിനു തയ്യാറാകുന്നതാണ് പ്രധാനം. കേരളത്തിലെ പെണ്‍കുട്ടികള്‍ വ്യത്യസ്ത മേഖലകള്‍ കണ്ടെത്തുന്നതിനേക്കാള്‍ ജീവിതം സുരക്ഷിതമാക്കുന്ന ജോലിയില്‍ എത്തിപ്പെടാനാണ് ശ്രമിക്കുന്നത്. ജീവിത സുരക്ഷയ്ക്ക് ആഗ്രഹങ്ങളേക്കാള്‍ അവര്‍ പ്രാധാന്യം നല്‍കുന്നു. ഇങ്ങനെയൊക്കെയാണ് ജീവിക്കേണ്ടത് എന്ന് പഠിപ്പിച്ചുവെച്ചത് അനുശീലിക്കുന്നവര്‍ മാത്രമായിപ്പോകുന്നു ഈ തലമുറ. നാലടി മുന്നോട്ടുവെച്ചാല്‍ രണ്ടടി പിറകോട്ട് എന്ന രീതി മാറണം. സിനിമയുള്‍പ്പടെ ഏതു പ്രൊഫഷനിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരാത്തതിന്റെ കാരണം ഇതൊക്കെയായിരിക്കാം.

അപരലോകം സൃഷ്ടിക്കുന്നവര്‍
സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ ഒരു ലോകം, ഒരു ജീവിതം എന്നത് മാറി എല്ലാവര്‍ക്കും ഒരു അപരലോകം കൂടി സ്വന്തമായി.  നവമാധ്യമങ്ങള്‍ സൃഷ്ടിച്ച പ്രധാന മാറ്റം ഈ അപരജീവിതത്തിനുള്ള സാധ്യതയാണെന്ന് തോന്നുന്നു. സ്ത്രീകള്‍ക്ക് ഇത് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി. യഥാര്‍ഥ ലോകത്തിന്റെ അസ്വാതന്ത്ര്യം അപരലോകം മറികടക്കുന്നു. എല്ലാവരും ഈ അപരലോകത്തിന്റെ സ്വാതന്ത്ര്യം തേടുന്നവരും അനുഭവിക്കുന്നവരുമാണ്. സോഷ്യല്‍ മീഡിയയില്‍ ഞാനും സജീവമാണ്. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളിലും അഭിപ്രായപ്രകടനം നടത്തുന്ന ആളല്ല.
താനിപ്പൊഴും സിനിമ പഠിക്കുന്ന ഒരു വിദ്യാര്‍ഥി മാത്രമാണെന്ന്  ശ്രീബാല പറയുന്നു. എഴുത്തുകാരിയാകണോ സംവിധായികയാകണോ എന്ന ചോദ്യത്തിനുത്തരം ഇതുരണ്ടുമാകാന്‍ ശ്രമിക്കുന്നുവെന്നാണ്. ശ്രീബാലയിലെ എഴുത്തുകാരിയെയും സംവിധായികയെയും ആസ്വാദകര്‍ സ്വീകരിച്ചുകഴിഞ്ഞു. സാഹിത്യത്തിലും സിനിമയില്‍ പ്രത്യേകിച്ചും സ്ത്രീസാന്നിധ്യം ഉണ്ടാകേണ്ടത് കാലത്തിന്റെ കൂടി ആവശ്യമാണ്. അതുകൊണ്ടുതന്നെ ശ്രീബാലയുടെതു പോലുളളവരുടെ വേറിട്ട ശബ്ദങ്ങള്‍ക്കുള്ള കാത്തിരിപ്പിന് പ്രസക്തിയേറുന്നു.


സ്ത്രീശബ്ദം, സെപ്റ്റംബര്‍