Monday, 23 December 2013

ചരട്‌  

ഓരോ 
പെണ്ണിന്റെ 
വിരല്‍ത്തുമ്പിലും 
പോറിയിട്ടുണ്ട്‌
 ഒരു കാണാച്ചരട്‌. 

കൈവട്ടം 
കറക്കുമ്പോഴും 
കൂത്തുപാവയിലേക്ക്‌ 
എറിഞ്ഞിട്ടുണ്ടാകും 
ഒരു പാവകളിക്കാരന്റെ നോട്ടം.
നേര്‍ച്ചപ്പെട്ടി
 

കുരുടനും 
കൂനനും 
ചട്ടുകാലനുമൊക്കെയുള്ള 
അരവയറിന്മേലാണ്‌ 
ഈ മഹാപാപിയുടെ 
ഏമ്പക്കമത്രയും!
നീരുറവകള്‍ പൂക്കുന്നത്‌

ഒരഗ്നിപര്‍വ്വതമുണ്ട്‌ 

സുഷുപ്‌തിയിലാണ്ട്‌ 

എപ്പൊഴുമാവാം 
അതിന്റെയാ 
അടക്കം പറച്ചില്‍. 

ചീറ്റിയടുക്കുമ്പോള്‍ 
വലിയ വായിലെ 
ചുടുപ്രവാഹത്തിലൊന്നു 
കൈ കഴുകണം. 

ആശ്വാസത്തിന്റെ 
മുഖം തുടയ്‌ക്കണം. 

നിര്‍വൃതിയിലാണ്ട്‌ 
നിശ്വാസമുതിര്‍ക്കണം. 

പറ്റിയാലൊന്നു
 മുങ്ങിക്കുളിക്കണം, 
അടിത്തട്ടു കാണണം. 

കര കയറിയാലുടനെ 
തല തുടച്ചുതന്ന്‌ 
കൈത്തലമൊന്നു ചേര്‍ക്കാന്‍ 
കാത്തുനില്‍പ്പുണ്ടാവും 
കൂട്ടുവെച്ചുപോയൊരു ജീവന്‍..

Thursday, 19 December 2013

പുറത്തു മഴ പെയ്യുന്നുണ്ട്‌


മഴത്തുളളികള്‍ 

ഒത്തുകൂടി. 

കുഞ്ഞുങ്ങളെ 
ഒക്കത്തുവെച്ച്‌ 
അമ്മമഴകള്‍ 
ചവിട്ടിയരച്ചുപോയ 
വണ്ടിക്കാലുകളെയും 
തെരുവിലിറക്കിയ 
ഫ്‌ളാറ്റുകൂമ്പാരത്തെയും 
അളന്നെടുത്തു. 

കാനയില്‍ 
കൂട്ടംകൂടി 
തട്ടിയും തെറുത്തുവീഴ്‌ത്തിയും 
തിങ്ങിയൊഴുകി. 

തള്ളിമാറ്റപ്പെട്ടവര്‍ 
വില്ലകള്‍ തഴച്ചുവളരുന്ന 
പാടവരമ്പുവഴി 
തോടുകളില്‍ ചാടി 
ആത്മഹത്യചെയ്‌തു. 

നിരോധിക്കപ്പെട്ട 
പ്ലാസ്റ്റിക്ക്‌ കവറുകളോടും 
ഇറച്ചി മാലിന്യങ്ങളോടും 
 വര്‍ത്തമാനം പറഞ്ഞ്‌ 
തിരസ്‌കൃത വിഭാഗത്തിന്റെ ലഹള 
പുഴയിടത്തിലേക്ക്‌ 
മാര്‍ച്ചുചെയ്‌തു. 

കറുത്ത ചെളിമണ്ണുമാറ്റി 
കൈകള്‍ കൂട്ടിപ്പിടിച്ച്‌ 
മഴയും പുഴയും 
ഒന്നിച്ചുകരഞ്ഞു. 

കടലുകാണാന്‍ പോകുമ്പോള്‍ 
നഷ്ടങ്ങളില്‍പെട്ട്‌ 
അവര്‍, 
വാതോരാതെ 
പെയ്‌തുകൊണ്ടിരുന്നു..

Wednesday, 11 December 2013

മാങ്ങ പെറുക്കാന്‍ പോയ ഒരുണ്ണിയും തിരികെയെത്തിയില്ല..


ഇടവഴിയിലെ 

വേലിപ്പൊത്തിലൂടെ നൂഴ്‌ന്ന്‌ 
പാതി കൊത്തിയ 
മൂവാണ്ടന്‍ മാങ്ങ എടുക്കും. 

കൈത്തണ്ടയിലുള്ള 
വല്ലാത്ത നീറ്റലോ ചൊറിച്ചിലോ 
രസികന്‍ 
മധുരത്തിനു മുന്‍പില്‍ 
അലിഞ്ഞില്ലാതാകും. 

ഇന്നലെയും 
ഒരുണ്ണി 
മാങ്ങ പെറുക്കാന്‍ 
പോയിരുന്നു; 
ഇതുവരേയും മടങ്ങിവന്നില്ല. 

ചുണ്ടില്‍ 
പടര്‍ന്നുപറ്റിയ മാഞ്ചുന 
ഇപ്പോള്‍ 
വല്ലാതെ ഭീതിപ്പെടുത്തുന്നുണ്ടാവണം! 

നാളെ, 
ഒറ്റക്കോളത്തിലൊതുങ്ങി 
നാമാവശേഷമാകും മുമ്പ്‌ 
ഞങ്ങള്‍ 
നിന്നെയൊന്ന്‌ 
തിരയുന്നുണ്ട്‌; 
അതേ മാഞ്ചോട്ടില്‍ 
പുഴനിലാവത്തെ 
രാത്രിമണലില്‍ 
മാന്തിച്ചുവപ്പിച്ച
കുന്നിന്റെ വയറില്‍.. 

എവിടെ നിന്നാകും 
മണ്ണോ മണലോ പറ്റി 
നിന്റെ ഉമിനീര്‍മാങ്ങ 
കണ്ടെടുക്കാനാകുക!

Tuesday, 10 December 2013

ഇലമുറിവുകള്‍ പെയ്യുന്നു


നീ വിളിച്ചപ്പോള്‍ 

ഒരു വേനല്‍ക്കാലവുമായാണ്‌ 
വന്നുകയറിയത്‌. 

നാട്ടുചുനയുള്ള മാമ്പഴവും 
ചുക്കുവെള്ളവും 
തിടുക്കവും. 
നിന്റെയുള്ളിലും 
മറ്റൊരു വേനലായിരുന്നോ? 

എനിക്കോര്‍മ്മയുണ്ട്‌ 
നീ തീരെ ചിരിച്ചിരുന്നില്ല, 
പിന്നീടെപ്പൊഴോ 
കരയാതെയായത്‌. 

നിന്റെ ഭ്രാന്തന്‍ ചുരുളുകള്‍ 
അഴിക്കുവാന്‍ ശ്രമിച്ചത്‌. 
ഒടുവില്‍ ചുരുളുകള്‍ 
എന്നിലേക്കു പടര്‍ത്തിയത്‌. 

പുഴയായിരുന്നുവെന്നും 
കൂട്ടൊഴുകാന്‍ വന്നതെന്തിന്‌? 
നിറകണ്ണും കാട്ടി 
ഇച്ചോദ്യമിനിയുമായാല്‍ 
വേലിപ്പടര്‍പ്പിലെ മുള്‍വാകയാകും. 

 നിന്റെ കറുപ്പുവിരലുകളിലെ 
പൂതലിപ്പിന്റെ ഭാഷ്യമുള്ള 
കവിതകള്‍. 

ചായക്കൂട്ടുകളുള്ള 
വിവാഹസമ്മാനം 
നീ വരയ്‌ക്കാറുള്ള 
പൂക്കളുടേതായിരുന്നു..

Tuesday, 3 December 2013

ഗാന്ധിത്തല 
 
ഈ ഗാന്ധി 

വല്ലാത്തൊരാളാ, 
എപ്പൊഴും ചിരിക്കും 
എന്തുകണ്ടാലും. 

ഞങ്ങടെ പുരയിടം 
അപ്പാടെ മാന്തിയെടുത്ത 
സുലൈമാന്‍ മൊതലാളി 
അഞ്ചു ഗാന്ധി നീട്ടി. 

പിന്നെ അവളാണ്‌, 
ഓപ്പറേഷന്‍ തീയറ്ററിനുമുമ്പില്‍ 
കരഞ്ഞുചുവന്ന്‌ 
ഒറ്റക്കെട്ടു ഗാന്ധിയെ തന്നത്‌; 
ചോദിച്ചപ്പോള്‍ 
അവള്‍ക്കുനേരെയും 
ഇതുപോലൊരാള്‍ 
ചിരിച്ചുനുണഞ്ഞ്‌ 
നീട്ടിയതാണെന്ന്‌. 

കനംകുറഞ്ഞ മാസപ്പടി 
എണ്ണിവാങ്ങുമ്പോള്‍ 
ആ ദിവസവും 
പിന്നെ ചുറ്റിലും 
കുറേ കണ്ണുകളും 
ചൂണ്ടിനില്‍ക്കും 
ഗാന്ധിയുടെ 
തല കൊയ്യാനുള്ള 
കാഞ്ചിയുമേന്തി.

Friday, 29 November 2013

ആറാം പിരീഡില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി 

ഉച്ചയ്‌ക്കുശേഷം 
നിറയെ ചാര്‍ട്ടുകളും 
തോരണങ്ങളുമുള്ള 
ക്ലാസ്സ്‌മുറിയില്‍ 
പെണ്‍കുട്ടി തനിച്ചായി. 

നാലുമണിക്ക്‌ 
ബസ്‌ സ്റ്റാന്‍ഡിലെ 
അളവെടുപ്പും 
രാവിലെ 
എട്ടേ പതിനഞ്ചിന്റെ 
കടും നീല ബസ്സില്‍ 
പിറകിലേക്കിറങ്ങാനുള്ള 
കിളിമൊഴിയും 
മുന്നോട്ടുള്ള തള്ളലും 
പുറത്തെ ഇലനനവില്‍ 
അവള്‍ നോക്കിയിരുന്നു. 

മഴച്ചാറലില്‍ 
നനുത്തുവന്ന 
കാലൊച്ച 
മുട്ടിയുരുമ്മി 
തൊണ്ട തൊടാതെ വിഴുങ്ങി. 

ആറാം പീരീഡില്‍ 
ബെല്‍ മുഴങ്ങിയപ്പോള്‍ 
ഗ്രൂപ്പംഗങ്ങളെ തേടിയിറങ്ങിയ 
പ്രൊജക്ട്‌ പുസ്‌തകം 
കൂട്ടുകാരിക്ക്‌ 
നനുത്ത കൈവിരല്‍ 
സമ്മാനിച്ചു. 

വൈകുന്നേരം 
ദേശീയഗാനവും കഴിഞ്ഞ്‌ 
ചിതറിയോടാത്ത കുട്ടികളായി 
കുട്ടികള്‍ പടിയിറങ്ങവെ 
നിറയെ ചാര്‍ട്ടുകളും 
തോരണങ്ങളുമുള്ള 
ക്ലാസ്സ്‌മുറിയില്‍ 
മുഴച്ചുനില്‍പ്പുണ്ട്‌ 
പാഠ്യപദ്ധതിയിലൊതുങ്ങാത്ത 
രണ്ടു കനത്ത നിശ്ശബ്ദത.

Thursday, 28 November 2013

ഉച്ചപ്പടം 

തലയില്‍ മുണ്ടിട്ട്‌ 
കയറിപ്പോയവന്മാരുടെ 
കഥയൊന്നുമല്ല കേട്ടോ, 

ഒരു കുട്ടിയുണ്ടായിരുന്നു 
ഇന്നത്തെ സിനിമ വായിച്ച്‌ 
ഇടയ്‌ക്ക്‌ തരമാവുന്ന യാത്രകളില്‍ 
സിനിമാ പോസ്‌റ്ററുകളെ പ്രണയിച്ച 

ചുറ്റുവട്ടത്തെ 
ടാക്കീസുകളൊക്കെ 
അടച്ചുപൂട്ടുന്നതുകണ്ട്‌ 
നോട്ടീസിലെ താരങ്ങളോട്‌ 
സങ്കടം പറഞ്ഞ്‌. 

ഇന്നത്തെ സിനിമ വായിച്ചുവായിച്ച്‌ 
വലുതായ കുട്ടി 
ടിക്കറ്റു കീറുന്ന പണിക്കാരനായി. 
ആകെ മാത്രം കൊട്ടകകളൊക്കെ 
റിലീസുമേറ്റെടുത്ത്‌ 
ഒന്നുരണ്ടു ദിവസം 
തള്ളിവരുന്ന 
വാടകക്കൂവലുകാര്‍ക്കു മുമ്പില്‍ 
ചിത്രം വിതറി 
വെളുത്ത തുണിയില്‍ 
കണ്ണുതുടച്ചുനിന്നു. 

ഒരു ദിവസം 
രണ്ടുപേരും കൂടെ 
ഉച്ചച്ചൂടും തലയില്‍ വലിച്ചിട്ട്‌ 
കല്ലും മുട്ടിയും നിറഞ്ഞ 
പഞ്ചായത്ത്‌ റോഡും പിന്നിട്ട്‌ 
പഴയ നാട്ടിലെ 
ഴയ വീട്ടില്‍ ചെന്ന്‌ 
വീട്ടുകാരെ തട്ടിവിളിച്ച്‌ 
വലിയ ഇടനാഴിയിലെ 
ഹോം തീയറ്ററിനുള്ളിലേക്ക്‌ 
പാഞ്ഞുകയറി 
 പിറകിലേക്കൊറ്റ നോട്ടം.

Tuesday, 26 November 2013

ചിത്രകഥ 

വായിച്ചു തുടങ്ങിയപ്പഴേ 
കള്ളികളിലൊതുങ്ങിയില്ല. 

 പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു 
ഒരിക്കലെങ്കിലും, കാലിയ 
ചമതകന്റെയും ഡൂഡുവിന്റെയും 
പിടിയിലാവാന്‍. 

കിഷ്‌കുവും കപീഷും 
തോറ്റുകാണാന്‍. 

മന്ത്രിയുടെ തന്ത്രങ്ങള്‍ 
രാജാവാകുന്ന ദിവസം. 

ഏറ്റില്ല, 
അവരൊക്കെ 
പിന്നെയും ജയിച്ചു. 

ഇനി, താമസിക്കില്ല 
വൈദ്യരെ കണ്ട്‌ 
ശക്തിമരുന്ന്‌ കഴിക്കണം. 
അല്ലെങ്കിലൊരു 
ശാസ്‌ത്രജ്ഞന്റെ 
കൈയിലകപ്പെടണം. 

പുസ്‌തകത്തിലേക്കിറങ്ങിച്ചെന്ന്‌ 
കുറേപ്പേരെയൊക്കെ 
ബന്ദിയാക്കി 
വിക്രമനും മുത്തുവിനും 
നല്ലൊരു ബാങ്ക്‌ കൊള്ള 
ഒത്താശ ചെയ്യണം. 
അടപ്പുറപ്പുള്ള 
ഒരു കുപ്പി വാങ്ങി 
കുട്ടൂസനു കൊടുക്കണം. 

പിന്നെയതിലെ 
പഴങ്ങളായ പഴങ്ങളും 
പലഹാരങ്ങളുമൊക്കെ തിന്ന്‌ 
വിശപ്പാറ്റണം. 

സുന്ദരിയായ
രാജകുമാരിയെ 
രാക്ഷസന്‌ 
വിട്ടുകൊടുത്ത്‌ 
കൊട്ടാരവെളിച്ചത്തില്‍ നിന്നും 
തുരങ്കം വഴി 
വാടകവീട്ടിലേക്കെത്തണം.

Monday, 25 November 2013

മഴ 

കനത്തതും
ദൈര്‍ഘ്യവുമേറിയ 
മൗനങ്ങള്‍ 
വിയര്‍ത്തു വീശിയപ്പോള്‍ 
ചാറിത്തുടങ്ങി.
ഇര 

രണ്ടു ചെന്നായ്‌ക്കള്‍
ഒരിക്കല്‍ 
കടിപിടി കൂടി 
തുണ്ടുമാംസത്തിന്‌. 

ഇളം മാംസത്തിന്‌ 
രുചി കൂടുമെന്ന്‌ 
ഒരുത്തന്‍. 

ആര്‍ത്തിയുടെ 
കണ്‍നിറവിലായിരുന്നു 
അപ്പോഴും
മറ്റേയാള്‍. 

ക്ഷമകെട്ട മാംസം 
ചെന്നായ്‌ക്കളെ 
ഉപേക്ഷിച്ച്‌ 
യാത്ര തിരിച്ചു; 
പുതിയ ഇരയെ തേടി.

Tuesday, 12 November 2013

നേര്‍ച്ചപ്പെട്ടി 

കുരുടനും
 കൂനനും 
ചട്ടുകാലനുമൊക്കെയുള്ള
അരവയറിന്മേലാണ്‌ 
ഈ മഹാപാപിയുടെ 
ഏമ്പക്കമത്രയും.

Saturday, 9 November 2013

പച്ച
 

ആകെ 
നനഞ്ഞൊട്ടിയ 
പച്ചയിലൂടെ
മഴ പിന്നെയും 
നഗ്നയായിഴയുന്നു.
തുന്നല്‍ക്കാരി 

എത്ര 
വിദഗ്‌ധമായാണ്‌ 
നമ്മള്‍ 
വലകള്‍ നെയ്യുന്നത്‌. 
നീ എന്നെയും
ഞാന്‍ നിന്നെയും
അടയിരുന്ന
നാള്‍ മുതല്‍..

Friday, 8 November 2013

മറുക്‌ 

എത്ര 
പെയ്‌താലും
ബാക്കിനില്‍ക്കും
നികത്താവിടവായി 
നീ കുറിച്ചിട്ട 
കാക്കാപ്പുള്ളി മറുക്‌.

Friday, 1 November 2013

ചിലന്തി 

 എനിക്കു മുന്‍പിലെ
 ഓരോ
 വാതിലിനും 
സാക്ഷയിട്ട്‌ 
നീ 
സകലതുമിങ്ങനെ 
തുറന്നിടുമ്പോഴാണ്‌ 
നമുക്കിടയിലെ 
ചിലന്തി 
വല്ലാതെ
 വലകള്‍ നെയ്യുന്നത്‌..

Thursday, 31 October 2013

സഹയാത്രിക

 നടന്ന്‌ നടന്ന്‌
 കയറിക്കഴിഞ്ഞപ്പോഴാണ്‌
 നിന്നെക്കുറിച്ചോര്‍ത്തത്‌; 
നീയപ്പോഴും 
തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ..

Wednesday, 30 October 2013

വാഴയില

മരിച്ചയാള്‍ക്ക്‌ 

കിടക്കുവാനുള്ള
 ഇല 
എന്റെ കൈവശമായിരുന്നു; 
ഇതില്‍ത്തന്നെയല്ലേ 
തൊട്ടുനാള്‍മുമ്പ്‌ 
ഞങ്ങളൊരുമിച്ച്‌ 
ഇലസദ്യ 
വിളമ്പിയത്‌!

Friday, 25 October 2013

പുതപ്പ്‌ 

മുഷിഞ്ഞാലും 
പിഞ്ഞിയാലും
 ചേര്‍ത്തണയ്‌ക്കുന്ന 
കടപ്പാടിന്റെ
 തീരാകൗതുകം.
പ്രണയം

എടുത്തു ചാടുമ്പോള്‍ 
പറഞ്ഞതല്ലേ 
ആഴമുണ്ടെന്ന്‌;
എന്നിട്ടിങ്ങനെ 
കൈകാലിട്ടടിച്ചാല്‍ 
എന്തു ചെയ്യാനാകും.
നെല്ലിക്ക
 
ഒരിറ്റു വെളളം

 കടമ്പ കടന്നു 
മധുരമെങ്കിലും 
കയ്‌പുവഴിയില്‍ 
കാല്‍ കഴയ്‌ക്കും.
അല്‍ഷിമേഴ്‌സ്‌
 

മറവിയുടെ 
കരിമ്പടത്തിന്‌ 
ചെറിയൊരു 
തുളയുണ്ട്‌;
ഓര്‍മ്മയുടെ.
വളപ്പൊട്ടുകള്‍
 
എനിക്ക്‌ പൂരം വേണ്ട
ആളും ആരവവും ഒഴിഞ്ഞ
പറമ്പുമതി;
പെറുക്കിയെടുക്കാന്‍
ഇത്തിരി വളപ്പൊട്ടുകളും..

Wednesday, 8 May 2013

പൃഥിരാജ്‌

എതിര്‍ക്കാന്‍ എളുപ്പമാണ്. പക്ഷേ ഉള്ളത് തുറന്നു പറഞ്ഞില്ലെങ്കില്‍ അത് നീതികേടാകും. പൃഥ്വിരാജിനെക്കുറിച്ചാണ്. പറയാന്‍ ഇടയാക്കിയത്, മുംബൈ പോലീസിലെ പ്രകടനം. സ്റ്റോപ്പ് വയലന്‍സായിരുന്നു ഈ നടനെ ആദ്യം ശ്രദ്ധിക്കാന്‍ കാരണമാക്കിയത്. പിന്നെ വര്‍ഗം, തലപ്പാവ്, പുതിയ മുഖം അത്രയൊക്കെയേ തോന്നിയൊള്ളൂ..
ഇന്റര്‍വ്യൂകളില്‍ പറയുന്നത് സിനിമയില്‍ കാണാനില്ലാത്തതുകൊണ്ട് ഈ നടന്റെ സിനിമ കാണലും ഇടക്കാലത്ത് നിര്‍ത്തി. ജനത്തിന് ആകെപ്പാടെയുള്ള മടുപ്പ് ബോധ്യപ്പെട്ടതുകൊണ്ടാകും താരം നടനായി അയാളും ഞാനും തമ്മിലും സെല്ലുലോയ്ഡുമൊക്കെ ചെയ്തത്.
എന്തായാലും മുംബൈ പോലീസിലെ പെര്‍ഫോമന്‍സ് കണ്ടപ്പോ ഒരു കാര്യം ഉറപ്പായി. ഇയാള്‍ക്കിനിയും ഒരുപാട് ചെയ്യാന്‍ കഴിയും. അതിനുള്ള മരുന്ന് ഇത്തിരിയല്ല ഒത്തിരി തന്നെയുണ്ട്. സ്റ്റാര്‍ഡം എന്ന സംഗതി നോക്കാതെ ഇത്തരമൊരു റോള്‍ ഏറ്റെടുക്കാന്‍ കാണിച്ച ധൈര്യ (ചങ്കൂറ്റ)ത്തിന് തന്നെ ആദ്യ കൈയടി. പിന്നെയത് ഏറ്റവും നന്നായി ചെയ്തതിനും. ശബ്ദത്തിലും നോട്ടത്തിലും വരെ പൃഥ്വിരാജ് നടനാകുന്ന കാഴ്ച നല്ലതാണ്, നല്ല ലക്ഷണമാണ്.

Thursday, 18 April 2013

ഒറ്റ ഫ്രേമിലൊതുങ്ങാത്ത വൈവിധ്യം




ചിലത് അങ്ങനെയാണ് എത്ര ചേര്‍ത്തുവെച്ചാലും ഒറ്റ ഫ്രേമില്‍ ഒതുക്കുക അസാധ്യമായ പരിശ്രമമാകും. അത്രമാത്രം പരന്നൊഴുകുന്ന വിശേഷസരണിയായി അതങ്ങനെ തുടര്‍ന്നുപോകും. സുകുമാരിയെന്ന അഭിനേത്രിയുടെ കഥാപാത്രങ്ങളെ എടുത്തുനോക്കിയാല്‍ ഈയൊരു വിശേഷത വ്യക്തമാകും. അത്രയധികം വറൈറ്റിയാണ് അവര്‍ കാത്തുസൂക്ഷിച്ചത്. ഒരു കഥാപാത്രത്തെ ഓര്‍ക്കാന്‍ ശ്രമിച്ചാല്‍ ഒരുപാടെണ്ണം ഒരേ നേരം ഓടിവരുന്നത്രയും വൈവിധ്യം അതില്‍ നിറഞ്ഞുകാണാം.
   മലയാള സിനിമയുടെ ആകെ വര്‍ഷപ്പഴക്കമെടുത്താല്‍ അതിലൊരു മുക്കാല്‍ പങ്കും സുകുമാരിയുടെ അഭിനയത്തിന്റെ പകര്‍ന്നാട്ടം കണ്ടതാണ്. തമിഴില്‍ അരങ്ങേറി പല ഭാഷകളിലും അഭിനയിച്ചെങ്കിലും മലയാളത്തിലായിരുന്നു പരിപൂര്‍ണ്ണത കൈവന്നത്. 1957-ല്‍ പുറത്തിറങ്ങിയ തസ്‌കരവീരന്‍ അഭിനയവഴിയിലെ ആദ്യ ശ്രദ്ധേയ കഥാപാത്രമായപ്പോള്‍ അറുപതുകള്‍ സുകുമാരിയുടേതായി മാറി. ഓമനക്കുട്ടന്‍, അമ്മു, ഭൂമിയിലെ മാലാഖ, കളഞ്ഞുകിട്ടിയ തങ്കം, കായംകുളി കൊച്ചുണ്ണി, തച്ചോളി ഒതേനന്‍, യക്ഷി, ചേട്ടത്തി, കുഞ്ഞാലി മരക്കാര്‍, അന്വേഷിച്ചു കണ്ടെത്തിയില്ല,  ഉദ്യോഗസ്ഥ, അശ്വമേധം, ശ്യാമളച്ചേച്ചി, കുപ്പിവള, ചിത്രമേള, നഗരമേ നന്ദി,  ഖദീജ, കളക്ടര്‍ മാലതി, അനാഛാദനം തറവാട്ടമ്മ, ലക്ഷപ്രഭു, തുടങ്ങിയവ അറുപതുകളിലെ സുകുമാരിയുടെ ശ്രദ്ധേയ ചിത്രങ്ങളാണ്.
   മലയാളത്തിന്റെ ആദ്യ സൂപ്പര്‍സ്റ്റാറായ തിക്കുറുശ്ശി മുതല്‍ പ്രേംനസീര്‍, സത്യന്‍, മധു, ജയന്‍, സോമന്‍, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ഏറ്റവും പുതിയ തലമുറയോടൊപ്പം വരെ സുകുമാരി അഭിനയിച്ചു. കാലവും തലമുറകളും മാറിവരുമ്പോഴും അവിടെയെല്ലാം സ്വന്തം സ്‌പേസ് കണ്ടെത്താന്‍ കഴിയുകയെന്ന ഒരു അഭിനേതാവിന്റെ ഏറ്റവും വലിയ ശേഷീ പരീക്ഷണത്തെ അറുപതാണ്ടുകളാണ് ഈ നടി മറി കടന്നതെന്നോര്‍ക്കുമ്പോള്‍ സിനിമയ്ക്കും കാലത്തിനും അവരെ എത്രമാത്രം ആവശ്യമായിരുന്നെന്നും പ്രതിഭയുടെ മാനദണ്ഡം മുഴുവനായും ശരിയായ അളവ് കാണിക്കുന്നുവെന്നും മനസ്സിലാവും.
  ജയലളിതയുടെ അമ്മവേഷം ചെയ്തു തുടങ്ങിയ അഭിനേത്രി മാറിമാറി വന്ന ഒരുപാട് തലമുറയുടെ തന്നെ അമ്മയായി. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഈ അമ്മവേഷങ്ങളുടെ ജനകീയത കണ്ണു നനയിച്ചും വാത്സല്യം ചൊരിഞ്ഞും സ്വതസിദ്ധമായ നര്‍മ്മം കലര്‍ത്തിയും ആസ്വാദകരുടെ സ്വന്തമാകുകയായിരുന്നു. സന്മനസ്സുളളവര്‍ക്ക് സമാധാനം, ചിത്രം, ഹിസ് ഹൈനസ് അബ്ദുളള, ദശരഥം, റാംജിറാവ് സ്പീക്കിങ്, ആധാരം, മീശമാധവന്‍, അമ്മക്കിളിക്കൂട്, മഴത്തുള്ളിക്കിലുക്കം, ക്ലാസ്‌മേറ്റ്‌സ്, ചാന്തുപൊട്ട്, മിഴികള്‍ സാക്ഷി അങ്ങനെ ഒരുപാട് സിനിമകളിലെ സുകുമാരിയമ്മ..
  ഇവിടെയാണവര്‍ ഇമേജുകളില്‍ തളച്ചിടപ്പെടുകയെന്ന ദുര്യോഗത്തെ മറികടക്കുന്നത്. അതുതന്നെയാണ് ആ റേഞ്ച് വെളിപ്പെടുത്തുന്ന ഘടകവും. തമിഴ് ബ്രാഹ്മിണ്‍, ആംഗ്‌ളോ ഇന്ത്യന്‍ ആന്റി, സമ്പന്നയായ കൊച്ചമ്മ, വടക്കന്‍പാട്ട് കഥകളിലെ ആഢ്യസ്ത്രീ, സിസ്റ്റര്‍.. സുകുമാരിയുടെ ഇത്തരം വേഷങ്ങളെല്ലാം ആവര്‍ത്തിക്കപ്പെടുമ്പോഴും പകര്‍ന്നുതരുന്നൊരു ഭംഗിയും ദൃഢതയുമുണ്ട്. ഒരു അഭിനേതാവ് എത്തരത്തില്‍ സ്വയം മറികടക്കണമെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി മാരുന്നു അങ്ങനെ ആ കഥാപാത്രങ്ങള്‍.
   ഓടരുതമ്മാവാ ആളറിയാം, പൂച്ചക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, വന്ദനം തുടങ്ങി എണ്‍പതുകളിലെ ജനപ്രിയ പ്രിയദര്‍ശന്‍ ചിത്രങ്ങളിലെ സുകുമാരിയുടെ കഥാപാത്രങ്ങള്‍ ഏറെ ചിരിപ്പിച്ചതോടൊപ്പം വേരുളള ഹാസ്യവേഷങ്ങളായി ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചും പിന്നെയും കാണാന്‍ തോന്നുന്നൊരു രസതന്ത്രമായി സവിശേഷം നിലകൊള്ളുകയും ചെയ്യുന്നു.
   ഏറെ കലാപാരമ്പര്യം അവകാശപ്പെടാവുന്ന കുടുംബത്തില്‍നിന്നും നൃത്തവൈഭവം കൂടി സ്വായത്തമാക്കി സിനിമയിലെത്തിയ സുകുമാരി തുടക്കകാലം മുതല്‍ റോളുകളിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു. നടിമാര്‍ ഹാസ്യം ചെയ്യുകയെന്ന രീതി ഇല്ലാതിരുന്നൊരു കാലത്ത് ആ സങ്കല്‍പ്പത്തെ അട്ടിമറിച്ചുകൊണ്ട് സുകുമാരി അടൂര്‍ ഭാസിക്കൊപ്പം മത്സരിച്ചഭിനയിച്ചു. നായര് പിടിച്ച പുലിവാല് എന്ന സിനിമയിലെ വിരലൊന്നില്ലെങ്കിലും വീരനല്ലെങ്കിലും എന്ന മുഴുനീള ഹാസ്യഗാനം ഇതിന് ദൃഷ്ടാന്തമാണ്. ഒരു പക്ഷേ പില്‍ക്കാലത്ത് രൂപപ്പെട്ട ഹാസ്യനായക-നായിക കോമ്പിനേഷനുകളുടെ തുടക്കമിടാനും ഈ ജോഡിയുടെ വിജയം പ്രേരകമായി.
   നടനചാരുത വെള്ളിവെളിച്ചത്തില്‍ നിന്നുമകന്ന് നിത്യശാന്തിയിലേക്ക് ആണ്ടുപോകുമ്പോള്‍ മലയാള സിനിമയുടെ ഒരു കാലഘട്ടവും കൂടി ഒപ്പം സുഷുപ്തിലാഴുകയാണ്. ഒറ്റ ഫ്രേമിലൊതുക്കാനാകും ക്യാമറാക്കണ്ണിലെയും അക്ഷരത്തിലെയും മരണത്തെ...  ഒതുക്കാനാവില്ല അവര്‍ തന്ന ചിരിയും കണ്ണു നനച്ചിലും വൈവിധ്യവും...

ജനയുഗം, 2013 മാര്‍ച്ച് 27

Sunday, 7 April 2013



നവസിനിമ അഥവാ ഓരോ കാലത്തേയും വഴിമാറിനടപ്പ് 

മുഖ്യധാരയില്‍ നിലനില്‍ക്കുകയും ഭരിക്കുകയും ചെയ്യുന്ന ഒരു കൂട്ടം എന്നും സിനിമയിലുണ്ടാകും. അവര്‍ അപനിര്‍മ്മിക്കുന്ന ഒരു വിജയമാതൃകയെ പിന്തുടരാനായിരിക്കും ഭൂരിഭാഗത്തിന്റേയും ശ്രമം. അതൊരു തരത്തില്‍ ഒരെളുപ്പമാര്‍ഗ്ഗത്തിലൂടെയുളള വഴിനടത്തവുമാകും. അപൂര്‍വ്വം ചിലര്‍ വഴിമാറി നടക്കും. വഴി വെട്ടുകയും അതുവഴി നടക്കാന്‍ ധൈര്യം കാണിക്കുകയും ചെയ്യും. അവരെ പുതുനിര, പുതുശബ്ദം എന്നിങ്ങനെയെല്ലാം പേരുചൊല്ലി വിളിക്കും.
പിറവിയുടെ എണ്‍പതാണ്ടുകള്‍ പിന്നിട്ട മലയാള സിനിമയെ എടുത്താല്‍ മുന്‍ വിജയഘടകങ്ങള്‍ സമം ചേര്‍ത്ത് വാര്‍പ്പുമാതൃകകള്‍ ആവര്‍ത്തിക്കാനുളള ശ്രമങ്ങള്‍ ഏതു കാലത്തുമുണ്ടായതായി ദൃശ്യമാകും. മറുവഴിയേ ഓരം ചേര്‍ന്ന് ആളും ആരവവുമൊഴിഞ്ഞ പാതയില്‍ ചിലര്‍ നടന്നു. മറ്റു ചിലത് ബഹളത്തിനിടയില്‍ നിലനില്‍പ്പ് നഷ്ടപ്പെട്ട് ഉഴന്നു. ഇനിയും ചിലത് കണ്ണും കാതും കുളിര്‍പ്പിച്ച് കോടികളുടെ കിലുക്കവും തീയറ്ററില്‍ മൂന്നക്ക ദിവസങ്ങളുടെ വിജയക്കണക്കും സൂചിപ്പിച്ച് ആഘോഷങ്ങളായി. മറിച്ചു സഞ്ചരിക്കുന്നവയ്ക്ക് ഇതൊന്നും അവകാശപ്പെടാനാവില്ല. എന്നാല്‍ അവയില്‍ പലതും സഞ്ചരിക്കുക കണ്ണിനും കാതിനുമൊപ്പം ഹൃദയവഴി കൂടിയായിരിക്കും.
നവസിനിമ ഒരു പ്രത്യേക കാലഘട്ടത്തില്‍ മാത്രം സംഭവിക്കുന്നതല്ല. അന്‍പതുകളില്‍ തീയറ്ററുകളില്‍ വിജയം കണ്ട ചില ഹിറ്റുകളിലൂടെ മലയാള സിനിമ ഒരു ജനപ്രിയ കലാരൂപം എന്ന നിലയില്‍ മുഖം പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഇതിന്റെ പ്രതിഫലനമെന്നോണം അറുപതുകളില്‍ കൂടുതല്‍ സിനിമകളുണ്ടാകുകയും ജനങ്ങളോട് അടുക്കുകയും ചെയ്തു.
എഴുപതുകള്‍ കേരളസമൂഹം വലിയ പരിവര്‍ത്തനത്തിന് വിധേയമായൊരു കാലഘട്ടമെന്ന നിലയില്‍ സാഹിത്യത്തിലും കലയിലും ആ മാറ്റം പ്രകടമായി. ബൗദ്ധികചിന്തയിലുണ്ടായ ഉണര്‍വ് അത്തരം സിനിമകള്‍ ഉരുത്തിരിയാനിടയാക്കി. പുതിയ ആശയങ്ങളും പരീക്ഷണങ്ങളുമായി  പുതിയ ആളുകള്‍ കടന്നുവന്നു. മുഖ്യധാരയ്ക്ക് ഭീഷണിയോ വഴിമുടക്കലോ ആകാതെ അവര്‍ നടന്നുനീങ്ങി. വ്യത്യസ്ത കാഴ്ചാവഴി കണ്ട പ്രേക്ഷകന് അത് നവമായി അനുഭവപ്പെട്ടു. ഈ വഴിവെട്ടലിന് എഴുപതുകളില്‍ ഉച്ചപ്പടം എന്നൊരു പേരും ഉരുവപ്പെട്ടതായി കാണാം.
ഔട്ട്‌ഡോറിലേക്ക് ആദ്യം സഞ്ചരിച്ച പി എന്‍ മേനോന്റെ ഓളവും തീരവും പറഞ്ഞ കഥയിലും പറച്ചില്‍ രീതിയിലും പുതുമ സ്വീകരിച്ചു. 1970 ല്‍ ഈ സിനിമ കൊണ്ടുവന്നത് വിപ്ലവമായിരുന്നു. 72-ല്‍ ജോണ്‍ എബ്രഹാം വിദ്യാര്‍ഥികളേ ഇതിലേയുമായി സിനിമയുടെ വലിയ സ്‌ക്രീനിലേക്ക് കടന്നുവന്നു. വിപ്ലവവും രാഷ്ട്രീയാവബോധവും സമൂഹസിരകളില്‍ ചൂട് പടര്‍ത്തിയ കാലം അത്തരം സിനിമകള്‍ ആവശ്യപ്പെട്ടപ്പോള്‍ പി എ ബക്കറിന്റെ കബനീനദി ചുവന്നപ്പോള്‍, മണിമുഴക്കം, ചുവന്ന വിത്തുകള്‍ എന്നിവ ഉണ്ടായി.
എഴുപതുകളില്‍ മുഖ്യധാരാ സ്‌ക്രീനില്‍ സ്ഥിരമായി എഴുതപ്പെട്ട ശശികുമാര്‍, കെ എസ് സേതുമാധവന്‍, രാമു കാര്യാട്ട്, കുഞ്ചാക്കോ, എ ബി രാജ്, വിന്‍സെന്റ്, തോപ്പില്‍ ഭാസി, അപ്പച്ചന്‍ എന്നീ സംവിധായക നാമങ്ങള്‍ നിലനില്‍ക്കെ തന്നെ ഹരിഹരന്‍, ജേസി, ഭരതന്‍, ജി അരവിന്ദന്‍, കെ ജി ജോര്‍ജ്, മോഹന്‍, അടൂര്‍, രാജീവ്‌നാഥ് എന്നിങ്ങനെ പുതിയ പേരുകളും മലയാള സിനിമ കേട്ടുതുടങ്ങി.
അരവിന്ദന്റെ ഉത്തരായനം, ഭരതന്റെ പ്രയാണം, മോഹന്റെ രണ്ടു പെണ്‍കുട്ടികള്‍, കെ ജി ജോര്‍ജിന്റെ സ്വപ്നാടനം, ഉള്‍ക്കടല്‍, അടൂരിന്റെ കൊടിയേറ്റം, പവിത്രന്റെ ഉപ്പ്, യൂസഫലി കേച്ചേരിയുടെ നീലത്താമര, രാജീവ്‌നാഥിന്റെ തീരങ്ങള്‍, ടി വി ചന്ദ്രന്റെ കൃഷ്ണന്‍കുട്ടി, തുടങ്ങിയ സിനിമകള്‍ എഴുപതുകളുടെ രണ്ടാംഘട്ടത്തില്‍ പുതിയ സമീപനങ്ങള്‍ പറഞ്ഞുവന്നു.
മലയാള സിനിമ വ്യവസായത്തിലും കലയിലും ഏറ്റവും ഔന്നത്യത്തിലേക്കുയര്‍ന്ന എണ്‍പതുകളിലും മേല്‍പ്പറഞ്ഞ സമീപനത്തിന്റെ തുടര്‍ച്ചയെന്നോണമുളള സിനിമകളുണ്ടായി. ശാലിനി എന്റെ കൂട്ടുകാരി, ഒരു കഥ ഒരു നുണക്കഥ (മോഹന്‍), തകര, നിദ്ര, ഓര്‍മ്മയ്ക്കായ്, പാളങ്ങള്‍, ലോറി (ഭരതന്‍), എസ്തപ്പാന്‍, ചിദംബരം, പോക്കുവെയില്‍, ഒരിടത്ത് (ജി അരവിന്ദന്‍) വേനല്‍, ചില്ല് (ലെനിന്‍ രാജേന്ദ്രന്‍), ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍ (കെ ജി ജോര്‍ജ്), കള്ളന്‍ പവിത്രന്‍, നവംബറിന്റെ നഷ്ടം, ദേശാടനക്കിളി കരയാറില്ല, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, പെരുവഴിയമ്പലം, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, സീസണ്‍ (പത്മരാജന്‍), മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എന്നെന്നും കണ്ണേട്ടന്റെ, നോക്കത്താദൂരത്ത് കണ്ണുംനട്ട് (ഫാസില്‍), നഖക്ഷതങ്ങള്‍, പഞ്ചാഗ്നി, ആരണ്യകം (ഹരിഹരന്‍) സുഖമോ ദേവി, സര്‍വകലാശാല (വേണു നാഗവളളി) എന്നിങ്ങനെ എടുത്തു പറയാവുന്നവ നിരവധി.
മലയാളി ജീവിതത്തില്‍ ഗള്‍ഫ് പണം നിര്‍ണ്ണായക സാന്നിധ്യമായി മാറിയ എണ്‍പതുകളില്‍ ജീവിതനിലവാരത്തിലും കാഴ്ചവട്ടത്തിലും വ്യതിയാനമുണ്ടായി. സിനിമ വ്യവസായം എന്ന നിലയില്‍ മാറിയ സാഹചര്യത്തില്‍ മൂല്യവത്തായ സിനിമകള്‍ക്കും ഇടമുണ്ടായെന്നത് ശ്രദ്ധേയമായ കാര്യമാണ്. തീയറ്ററുകള്‍ നിറഞ്ഞുകവിയുന്ന തിരക്കും കൂടുതല്‍ തീയറ്ററുകള്‍ നിര്‍മ്മിക്കപ്പെടാനുള്ള പ്രേരണയും ഈ കാലഘട്ടത്തിലെ കച്ചവട സിനിമകള്‍ ഓര്‍മ്മിപ്പിച്ച പടി അത്തരത്തില്‍ കേരളത്തിന് ഉള്‍ക്കൊള്ളാവുന്നതിനും അപ്പുറത്തേക്കൊരു വ്യാപനം സിനിമക്കുണ്ടായി. കച്ചവടവും കലയും സമാന്തരഘടനയും ഒത്തുചേര്‍ന്നൊരു വലിയ ഭൂമിക എണ്‍പതുകളുടെ സിനിമ കണ്ടു.
തൊണ്ണൂറുതുടക്കത്തിലും ഇത് തുടര്‍ന്നുകണ്ടു. എന്നാല്‍ എഴുപതുകളിലോ എണ്‍പതുകളിലോ ഉണ്ടായ വഴിമാറ്റസിനിമയെ തൊണ്ണൂറുകളില്‍ കാണാന്‍ സാധിക്കുകയില്ല. കോമഡി ട്രാക്കും താരങ്ങളുടെ ഒറ്റയാള്‍ പ്രകടനവും സിനിമയെ ഭരിച്ചു. ഇടയ്‌ക്കൊക്കെ എന്നുടെ ഒച്ച കേട്ടുവോ വേറിട്ട് എന്ന് ചോദിച്ച് ചില ശബ്ദങ്ങള്‍ കടന്നുവന്നെങ്കിലും അത് കൂട്ടായൊരു ഒച്ചയായി മാറിയില്ല.
പുതു സഹസ്രാബ്ദത്തുടക്കത്തില്‍ നായകരൂപങ്ങളെല്ലാം അവതാരങ്ങളാകുകയും ഉഗ്രമൂര്‍ത്തികളെ കണ്ട് ജനങ്ങള്‍ പേടിക്കുകയും ചെയ്തു. തമാശനായകന്മാരുടെ തുടര്‍ച്ചയുമുണ്ടായപ്പോള്‍ കണ്ട കാഴ്ചകളുടെ ആവര്‍ത്തനങ്ങള്‍ മാത്രമായി സിനിമ വ്യാവസായികമായി തകരുകയും കല എന്ന നിലയില്‍  അടയാളപ്പെടുത്താനാകാതെ ഉഴറുകയും ചെയ്തു. തീയറ്ററുകള്‍ അടച്ചുപൂട്ടി നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം പറഞ്ഞ് സിനിമ ആളൊഴിഞ്ഞ പ്രദേശമായി അവശേഷിച്ചു.
ദശകത്തിന്റെ ഒടുക്കം ചില നല്ല ശ്രമങ്ങളും പരീക്ഷണങ്ങളുമായി കുറച്ചുപേര്‍ മുന്നോട്ടുവന്നു. ആരും പുതിയവരായിരുന്നില്ല. മുന്‍ മാതൃകകളില്‍  സ്വയം മടുത്ത് തിരുത്തലിനു തയ്യാറായി വന്നവരില്‍ രഞ്ജിത്തും ശ്യാമപ്രസാദുമെല്ലാം ഉണ്ടായിരുന്നു. കൈയൊപ്പ്, തിരക്കഥ, പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കേരളാ കഫേ, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയ്ന്റ് തുടങ്ങിയ സിനിമകളുമായി രഞ്ജിത്ത് വഴി കാണിച്ചു കൊടുത്തപ്പോള്‍ കഴിവും ആത്മാര്‍പ്പണവും കൈമുതലായുള്ള ഒരുപാടുപേര്‍ മുന്നോട്ടുവന്നു. ഏറെക്കാലം സൂപ്പര്‍താരങ്ങള്‍ ഭരിച്ച സിനിമയില്‍ അടഞ്ഞിരുന്ന വഴി തുറക്കാനുള്ള ധൈര്യം വീണ്ടെടുക്കലായി മാറി ഈ കാലം. രഞ്ജിത്ത് ചിത്രങ്ങള്‍ക്ക് പുറമേ ശ്യാമപ്രസാദിന്റെ ഋതു, രഞ്ജിത്ത് ശങ്കറിന്റെ പാസഞ്ചര്‍ എന്നിവയും പുതുനിരക്കാര്‍ക്ക് ആത്മവിശ്വാസമേകി. ഋതു പുതിയ ജനറേഷന്‍ സിനിമകളുടേയും താരങ്ങളുടേയും ജീവിതത്തിന്റേയും പ്രഖ്യാപനമായി.
2011 എന്ന വര്‍ഷം ഇത്തരം ചിത്രങ്ങളുടെ സജീവത കൊണ്ടുതന്നെ കാഴ്ചക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമിടയില്‍ വലിയ ചര്‍ച്ചയായി. രാജേഷ് പിള്ളയുടെ ട്രാഫിക്ക് പുതുനിര സിനിമയുടെ വേഗവും അടയാളപ്പെടുത്തലുമായി. ഇതിനെ തുടര്‍ന്ന് ആഷിഖ് അബുവിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍, സമീര്‍ താഹിറിന്റെ ചാപ്പാ കുരിശ്, മാധവ് രാംദാസിന്റെ മേല്‍വിലാസം, രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പീ, വി കെ പ്രകാശിന്റെ ബ്യൂട്ടിഫുള്‍ എന്നീ സിനിമകള്‍ വേറിട്ട വഴി കാണിച്ചു.
തൊട്ടടുത്ത വര്‍ഷം കൂടുതല്‍ സിനിമകള്‍ ഈ വഴി നടന്നു. ഈ അടുത്ത കാലത്ത്, നിദ്ര, സെക്കന്റ് ഷോ, 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ക്‌ലേസ്, ഉസ്താദ് ഹോട്ടല്‍, തട്ടത്തിന്‍ മറയത്ത്, സിനിമാ കമ്പനി, ഫ്രൈഡേ, ഒഴിമുറി, ട്രിവാന്‍ഡ്രം ലോഡ്ജ്, പോപ്പിന്‍സ്, ടാ തടിയാ തുടങ്ങിയവ പ്രേക്ഷകപ്രീതി പിടിച്ചുപറ്റി. 80-കള്‍ക്കു ശേഷം നൂറിലേറെ സിനിമകള്‍ നിര്‍മ്മിക്കപ്പെടുകയും വ്യവസായം പച്ചപ്പ് കാണിച്ചുതുടങ്ങുകയും ചെയ്തു.
അന്നയും റസൂലും, നീ കൊ ഞാ ചാ, നത്തോലി ഒരു ചെറിയ മീനല്ല, ഷട്ടര്‍, കിളി പോയി, ആമേന്‍ തുടങ്ങി ഈ വര്‍ഷത്തുടക്കത്തിലും നവസിനിമയുടെ ഗണത്തിലെ രൂപം മാറിയ നല്ല സിനിമകള്‍ കാണാന്‍ കഴിയുമ്പോള്‍ മലയാള സിനിമ നല്ല മാറ്റത്തിലൂടെ തന്നെയാണ് കടന്നു പോകുന്നതെന്ന് സംശയലേശമന്യേ പറയാം.
വിദേശത്തും ഉത്തരേന്ത്യയിലുമൊക്കെ വിജയം കണ്ട മള്‍ട്ടിപ്ലക്‌സുകളും മാളുകളും കേരളത്തില്‍  വന്നുതുടങ്ങുകയും ജീവിതരീതിയിലെ മാറ്റം അടയാളപ്പെടുത്തുന്ന തരത്തിലുള്ള സിനിമകള്‍ ഉണ്ടാവുകയും ചെയ്യുമ്പോള്‍ പുതിയൊരു സിനിമാ സംസ്‌കാരമാണ് വളര്‍ന്നുവരുന്നത്. 200ഉം 300ഉം സീറ്റുകളുളള മള്‍ട്ടിപ്ലക്‌സുകളില്‍ സിനിമ വിജയമാകുമ്പോള്‍ ന്യൂ ജനറേഷന്‍ എന്ന പ്രയോഗത്തിന് കാലത്തിന്റെ പുതിയ അര്‍ഥം കൈവരുന്നു.
ആഖ്യാനത്തിലും ടെക്‌നിക്കല്‍ മേഖലയിലും കാലഘട്ടങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ പുതുമ ജനിപ്പിക്കുന്നതാണ്. പുതിയ രീതികളും സമീപനങ്ങളും ഉണ്ടാകുകയും മാറ്റങ്ങളെ അതതു തലമുറ ഉള്‍ക്കൊള്ളുകയും ചെയ്യുമ്പോള്‍ നവം എന്ന വാക്കിന് പുതുമ മായില്ല. അങ്ങനെ പുതിയ ജനറേഷനും സിനിമയും നവംനവങ്ങളായി പുനര്‍നിര്‍മ്മിക്കപ്പെട്ടു കൊണ്ടേയിരിക്കും.

Sunday, 24 February 2013

മലയാള സിനിമ, സംസ്ഥാന അവാര്‍ഡ്-2012

വരുന്നുണ്ട് പുതിയ പേരുകള്‍;എങ്കിലും


മലയാള സിനിമയില്‍ കഴിഞ്ഞ മൂന്നാല് വര്‍ഷമായുണ്ടായ ഉണര്‍വിന്റെ കാറ്റ് അവാര്‍ഡ് നിര്‍ണ്ണയത്തിലേക്കും കടന്നുചെന്നത് നമുക്ക് ദൃശ്യമായല്ലോ. എണ്ണത്തിന്റെ കാര്യത്തിലാണ് ഇത് കൂടുതല്‍ കണ്ടത്. 86 സിനിമകളാണ് ഇത്തവണ മത്സരത്തിനുണ്ടായത്. ഇത്രയും സിനിമകള്‍ കണ്ടുതീര്‍ത്ത് അവാര്‍ഡ് നിര്‍ണ്ണയിക്കുക എന്നത് ജൂറിക്ക് ബാലികേറാമല തന്നെയായിരുന്നു. ഈ എണ്‍പത്തിയാറില്‍ നിലവാരമുള്ളവ എന്നുതോന്നുന്ന ചിലത് മാത്രമായിരിക്കും ജൂറി കണ്ടുകാണുക എന്ന് നമുക്ക് ഊഹിക്കാമല്ലോ.
എന്തായാലും താരതമ്യേന ഭേദപ്പെട്ട ഒരു അവാര്‍ഡ് നിര്‍ണ്ണയം ഇത്തവണ നടന്നുവെന്ന് പറയാം. മലയാള സിനിമയുടെ പിതാവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള സിനിമയ്ക്ക് ഏഴ് അവാര്‍ഡുകള്‍ ലഭിച്ചതിലൂടെ 'സെല്ലുലോയിഡി'നൊപ്പം മലയാള സിനിമയ്ക്കും ഡാനിയേലിനുമുള്ള ആദരമായി മാറി അത്. പൃഥ്വിരാജിന് അര്‍ഹതപ്പെട്ട അവാര്‍ഡായി; റീമയ്ക്കും. ഈ തിളക്കത്തില്‍ മികച്ച നടനാകാന്‍ മത്സരിച്ച ഫഹദ് (അന്നയും റസൂലും, , 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നെക്ലേസ്), ലാല്‍ (ഒഴിമുറി), പ്രതാപ് പോത്തന്‍ ( 22 ഫീമെയില്‍ കോട്ടയം, അയാളും ഞാനും തമ്മില്‍) എന്നിവരുടെ പ്രകടനത്തെ ഓര്‍ക്കാതെ പോക വയ്യ. അതുപോലെ മംമ്ത മോഹന്‍ദാസ്(സെല്ലുലോയ്ഡ്), ശ്വേതാമേനോന്‍, മല്ലിക (ഒഴിമുറി)എന്നീ നടിമാരുടെ അഭിനയമികവും.
ഇനി കരടും കയ്പുമായ ചിലതിലേക്ക്. ആദ്യപേര് മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ലാല്‍ജോസിന്റേതാണ്. അയാളും ഞാനും തമ്മില്‍ ഭേദപ്പെട്ട സിനിമയാണ്. എന്നാല്‍ അതിനേക്കാള്‍ പരാമര്‍ശയോഗ്യമായവ ഉണ്ടായിരുന്നൂവെന്ന് കഴിഞ്ഞ വര്‍ഷത്തെ സിനിമകള്‍ ശ്രദ്ധിച്ചവര്‍ക്കറിയാം. ആഷിഖ് അബു (22 ഫീമെയില്‍ കോട്ടയം), അരുണ്‍കുമാര്‍ അരവിന്ദ് (ഈ അടുത്ത കാലത്ത്), രാജീവ് രവി (അന്നയും റസൂലും), കമല്‍ (സെല്ലുലോയ്ഡ്), ഷട്ടര്‍ (ജോയ്മാത്യു) എന്നിവരെല്ലാം ലാല്‍ജോസിനേക്കാള്‍ യോഗ്യരായിരുന്നുവെന്ന് പയാന്‍ മടിക്കുന്നില്ല.
അടുത്ത പേര് അഞ്ജലിമേനോന്റേതാണ്. തുടര്‍ച്ചയായി രണ്ട് തവണ അവാര്‍ഡ് പരാമര്‍ശത്തിന് പരിഗണിക്കുക വഴി അഞ്ജലിമേനോന്റെ 'മഞ്ചാടിക്കുരു' വിവാദത്തില്‍ പെട്ടിരിക്കുകയാണ്. എണ്‍പതുകളിലെ നായര്‍ തറവാടും കുട്ടികളും കുട്ടിക്കാലവും പറഞ്ഞ് നൊസ്റ്റാള്‍ജിയയെ ഏറ്റവുമധികം താലോലിക്കുന്ന മലയാളിവര്‍ഗ്ഗത്തിന്റെ താല്‍പ്പര്യങ്ങള്‍ മാത്രം തൃപ്തിപ്പെടുത്തിയ മഞ്ചാടിക്കുരുവിന്റെ തിരക്കഥയ്ക്ക് അവാര്‍ഡ് നല്‍കിയത് തീര്‍ത്തും തെറ്റായ തീരുമാനമായിപ്പോയി. തിരക്കഥാരചനയില്‍ നവീനത കൊണ്ടുവന്ന മുരളീഗോപിയുടെ (ഈ അടുത്ത കാലത്ത്), അഭിലാഷ് കുമാര്‍, ശ്യം പുഷ്‌ക്കരന്‍ (22 ഫീമെയില്‍ കോട്ടയം), ജയ്‌മോഹന്‍ (ഒഴിമുറി) തുടങ്ങിയ പേരുകള്‍ മറന്നുപോകുമ്പോള്‍ ഇല്ലാതാകുന്നത് അര്‍ഹതപ്പെട്ട അംഗീകാരങ്ങളാണ്.
പശ്ചാത്തലസംഗീതത്തിലും പാട്ടിലും മാറ്റങ്ങളും പരീക്ഷണങ്ങളും ഏറെ വന്ന വര്‍ഷമായിരുന്നു 2012. ഒട്ടേറെ പുതിയ സംഗീതസംവിധായകര്‍ കടന്നുവന്നു. മിക്കവരും പ്രതിഭാധനര്‍. ബിജിബാല്‍, ഗോപീസുന്ദര്‍, രാഹുല്‍രാജ്, ഷാന്‍ റഹ്മാന്‍, രതീഷ് വേഗ തുടങ്ങി പരിഗണിക്കാമായിരുന്ന പേരുകള്‍ ഏറെയുളളിടത്തേക്കാണ് എം ജയചന്ദ്രന്റെ പേര് പിന്നെയും കടന്നുവരുന്നത്.
കേരളക്കരയാകെ ഏറ്റുപാടിക്കൊണ്ടിരിക്കുന്ന സെല്ലുലോയ്ഡിലെ രണ്ട് പാട്ടുകളും മികച്ചതാണ്. നന്നായി പാടിയിട്ടുമുണ്ട്. എന്നാല്‍ സംഗീതത്തില്‍ യാതൊരു പുതുമയും അവകാശപ്പെടാനില്ലാത്ത ഈ പാട്ടുകളിലും നേരത്തേ പറഞ്ഞ മലയാളിയുടെ ഗൃഹാതുരതയെ വിറ്റ് കാശാക്കാനാണ് ശ്രമിച്ചത്. നാടോടിസംഗീതത്തേയും നാടകസംഗീതത്തെയും ഓര്‍മ്മിപ്പിക്കുന്ന ഉപകരണങ്ങളും സംഗീതവും ജയചന്ദ്രന്‍ സമര്‍ഥമായി എളുപ്പത്തില്‍ പ്രയോഗിച്ചപ്പോള്‍ പാട്ട് ജനപ്രിയമായി. അവാര്‍ഡും വഴിക്കുവന്നു. അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പുതുമകളെയും പുതിയ മുഖങ്ങളെയും പേരുകളെയും സ്വീകരിക്കാന്‍ തയ്യാറാകുമ്പോള്‍ തന്നെയാണ് സിനിമാസംഗീതത്തില്‍ സ്വയം അനുകരിച്ച് ആവര്‍ത്തനങ്ങള്‍ മാത്രം സമ്മാനിക്കുന്ന ജയചന്ദ്രനെപ്പോലൊരാളെ പുരസ്‌കൃതനാക്കുന്ന മറുമുഖവും സംഭവിക്കുന്നത്. ഇത് നീതികേടും വിവരക്കേടും വ്യക്തമായ താല്‍പ്പര്യവുമാണെന്നത് പച്ചയായ യാഥാര്‍ഥ്യമാകുന്നു.
ഒരു കാര്യം കൂടി ചൂണ്ടിക്കാണിച്ച് അവസാനിപ്പിക്കട്ടെ- സലിംകുമാര്‍ അനുഗൃഹീത നടനാണെന്നത് നിസ്തര്‍ക്കമായ കാര്യമാണ്. മികച്ച നടനുള്ള സംസ്ഥാന-ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള ഈ നടന്‍ മലയാളത്തിലെ മികച്ച റേഞ്ചുള്ള അഭിനേതാക്കളില്‍ ഒരാള്‍ കൂടിയാണ്. സലീമിന്റെ ഹാസ്യരംഗങ്ങള്‍ നമ്മള്‍ ദിവസജീവിതത്തില്‍ ഒരുപാട് ഓര്‍ക്കും, പറയും, ഓര്‍ത്തുചിരിക്കും, അനുകരിക്കും. ഇത്തവണത്തെ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മികച്ച ഹാസ്യനടന്‍ എന്ന ലേബലാണ് സലിംകുമാറിന് നല്‍കിയിട്ടുള്ളത്. അവാര്‍ഡ് ലഭിച്ച അയാളും ഞാനും തമ്മിലിലെ വേഷം മികച്ചതായിരുന്നു. അത്രയൊന്നും ചെയ്യാനില്ലാത്തൊരു വേഷം സലിംകുമാറിന് മാത്രം കഴിയാവുന്ന രീതിയില്‍ അദ്ദേഹം മികച്ചതാക്കി. എന്നാല്‍ സംശയമിതാണ്. ദേശീയതലത്തില്‍ വരെ അംഗീകരിക്കപ്പെട്ട ഒരു നടനെ പിന്നെയും ഹാസ്യനടനുള്ള അവാര്‍ഡ് നല്‍കിയതിന്റെ മാനദണ്ഡമെന്താണ്?! (ഹാസ്യനടന്‍ മോശം അവാര്‍ഡ് ആണെന്ന് വായിക്കരുതേ..) നല്ല ഉദ്ദേശത്തിലാണെങ്കില്‍ നല്ലത്. അതല്ല, അല്‍പ്പം പ്രതികരണശേഷിയുള്ള അപൂര്‍വ്വം ചിലരില്‍ (വ്യക്തി/നടന്‍) ഒരാളായതുകൊണ്ട് സലിംകുമാറിന്റെ വായടപ്പിക്കാനോ ഒതുക്കാനോ ഉള്ള ശ്രമമാണെങ്കില്‍ അത് മോശമായിപ്പോയി, വളരെ...

സെല്ലുലോയ്ഡ്‌

സെല്ലുലോയ്ഡിന്റെ കാവ്യനീതി

ഒട്ടുമുക്കാല്‍ പങ്ക് ആളുകള്‍ക്കും ഇഷ്ടപ്പെടുന്നൊരു വിനോദോപാധിയാണ് സിനിമ. സിനിമ ഇഷ്ടപ്പെടുന്ന അത്രയുംതന്നെ ആളുകള്‍ക്ക് ഇഷ്ടമാകുന്നൊരു സിനിമയാണ് സെല്ലുലോയ്ഡ്. സെല്ലുലോയ്ഡ് സിനിമ തന്നെയാണ്. സിനിമയ്ക്കുളളിലെ സിനിമ പോലുമല്ല. സിനിമയുടെ നേര്‍ദൃശ്യം. ആദ്യസിനിമയുടെ കാഴ്ച.
വിഗതകുമാരനെന്ന മലയാളത്തിലെ ആദ്യസിനിമ ഉണ്ടാകുന്ന വഴിയും ജീവിതവും അതിന് നിമിത്തമാകുന്ന ജെ സി ഡാനിയേലിന്റേയും നായിക റോസിയുടേയും ജീവിതത്തിലേക്കുളള അന്വേഷണവുമാണ് സെല്ലുലോയ്ഡ്. അങ്ങനെ മലയാള സിനിമയുടെ പിതാവിനും ആദ്യനായികയ്ക്കുമുളള ആദരം കൂടിയാകുന്നു ഈ സിനിമ. ഇതിന് പ്രതിബദ്ധത കാണിച്ച സംവിധായകന്‍ കമലിനും കൂട്ടര്‍ക്കും അഭിമാനിക്കാം.
ചരിത്രാന്വേഷണ, പഠനസ്വഭാവമുളള സിനിമകള്‍ സാധാരണ പ്രേക്ഷകര്‍ക്ക് അത്ര രുചിക്കുന്ന ഒന്നാകാറില്ല. എന്നാല്‍ സെല്ലുലോയ്ഡിന്റെ കാര്യത്തില്‍ ഇത് മറിച്ചാണ്. സിനിമ റിലീസ് ചെയ്ത നാള്‍ മുതല്‍ ജനം കാണാന്‍ തയ്യാറായി. കണ്ടവര്‍ക്കാകട്ടെ നല്ലതല്ലാതെ മറിച്ചൊരഭിപ്രായവും പറയാനില്ല. അതുകൊണ്ടുതന്നെ സിനിമയ്ക്ക് പിന്നെയും കാഴ്ചക്കാരുണ്ടാകുന്നു. പഴയ കാലത്തിനെയും കഥാപാത്രങ്ങളെയും പുനസൃഷ്ടിക്കുക എന്ന ശ്രമകരമായ ദൗത്യം വിജയത്തിലെത്തിക്കാന്‍ കമലിന് കഴിഞ്ഞിരിക്കുന്നു. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലും അവര്‍ അതിനോട് കാണിച്ചിരിക്കുന്ന അര്‍പ്പണമനോഭാവവും എടുത്തുപറയേണ്ടതാണ്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രമാകുന്നു ഇതെന്ന കാര്യത്തില്‍ സംശയമേതുമില്ല. വ്യത്യസ്ത കാലങ്ങളിലെ (യഥാക്രമം 25, 35, 70 വയസ്സുകളിലെ) ഡാനിയേലായി സൂക്ഷ്മാഭിനയം കാഴ്ചവയ്ക്കാന്‍ പൃഥ്വിരാജിലെ നടന് കഴിഞ്ഞിരിക്കുന്നു. ഈയൊരു പ്രകടനത്തിലൂടെ കഴിഞ്ഞ കുറേയധികം സിനിമകളിലെ കളങ്കം മായ്ച്ചുകളയാനും അദ്ദേഹത്തിനാകുന്നു. കൂടെ വേഷമിട്ട മംമ്ത, ചാന്ദ്‌നി, രമേഷ് പിഷാരടി എന്നിവര്‍ക്കും വൈക്കം വിജയലക്ഷ്മി, സിത്താര, ശ്രീറാം (ഗായകര്‍), പട്ടണം റഷീദ് (മേക്കപ്പ്), വിനു എബ്രഹാം (സിനിമയ്ക്ക് ആധാരമായ നഷ്ടനായിക എന്ന നോവലിന്റെ രചയിതാവ്), വേണു (സിനിമോട്ടോഗ്രഫി), കെ രാജഗോപാല്‍ (എഡിറ്റിംഗ്), ഉബൈദ് (നിര്‍മ്മാണം) തുടങ്ങി പലര്‍ക്കും കരിയറിലെ വലിയൊരു ബ്രേക്കുണ്ടാക്കാന്‍ പോന്നതാണ് ഈ സിനിമ.
റോസിയുടെ, ഡാനിയേലിന്റെ സിനിമാജീവിതം, സിനിമയ്ക്കു പുറത്തെ ജീവിതം- രണ്ടും സെല്ലുലോയ്ഡ് പറയുന്നുണ്ട്. ബോംബെയിലും മദിരാശിയിലും മാത്രം ഉണ്ടായിരുന്ന സിനിമയെ മലയാളക്കരയിലേക്ക് കൊണ്ടുവരാന്‍ ഡാനിയേല്‍ നടത്തിയ പരിശ്രമങ്ങള്‍, സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം, ജാതീയത നിലനിന്നിരുന്ന തീര്‍ത്തും അപരിഷ്‌കൃതമായ ഒരു സമൂഹം, ഇത്തരമൊരു നൂതനത വരുമ്പോഴത്തെ വെല്ലുവിളികള്‍ എല്ലാം ഡാനിയേലിനുണ്ടായിരുന്നു. അങ്ങനെയൊരു കാലത്ത് നടിക്കാനൊരു നടിയെ കിട്ടുക അതിലേറെ പ്രയാസം..
മലയാള സിനിമയിലെ ആദ്യനായിക മാത്രമായിരുന്നില്ല റോസി. വിപ്ലവകാരി കൂടിയായിരുന്നു. കലയെ സ്‌നേഹിക്കുന്ന മനസ്സും അതിനനുവദിക്കാത്ത ഒരു  സമൂഹത്തിനെ ധിക്കരിച്ച് ഇറങ്ങിത്തിരിക്കാനുള്ള ആര്‍ജവവും കൂടിയാണവള്‍ കാണിച്ചത്. മുഖം സ്‌ക്രീനില്‍ കാണുന്ന നാളില്‍ ഏറ്റവും വലിയ ആഗ്രഹത്തോടെ തിയേറ്ററിനു മുമ്പില്‍ എത്തുന്ന റോസിക്ക് സിനിമ കാണാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, സവര്‍ണ മേല്‍ക്കോയ്മയുടെ ആക്രമണത്തില്‍ നിന്ന് ജീവനെ രക്ഷിക്കാന്‍ ഇരുട്ടിലേക്ക്, തെരുവിലേക്ക് ഓടിമറയേണ്ടി കൂടിവരുന്നു. ഇത് ഒരുപാട് പഴയ ചരിത്രമല്ല, സിനിമയ്ക്കുവേണ്ടി എഴുതപ്പെട്ട കാര്യവുമല്ല. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിനോടു ചേര്‍ന്ന് മാത്രം നടന്നൊരു സംഭവമാണെന്ന് ഓര്‍ക്കുമ്പോള്‍ റോസി വല്ലാത്തൊരു വിങ്ങലും വേദനയുമായി അവശേഷിക്കുന്നു.
ഡാനിയേലിന്റെ ജീവിതവും സമാനഗതിയില്‍ സഞ്ചരിച്ച ഒന്നായിമാറുന്നു. ജീവിതത്തിലെ വലിയ പ്രതീക്ഷയായ ആദ്യസിനിമ ദുരന്തമായി അവസാനിച്ച ഡാനിയേലിന് തമിഴ്‌നാട്ടിലേക്ക് തിരിച്ചുപോകേണ്ടിവരുന്നു. ദന്തവൈദ്യവും അതില്‍നിന്നുള്ള പച്ചപിടിക്കലും പിന്നെയും സിനിമയ്ക്കുപിന്നാലെ പായാനുള്ള മനസ്സ് കാരണം പൊടിച്ചുവന്ന പച്ചപ്പിന്റെ കരിയലിലും ഇടയൊരുങ്ങുന്നു. ജീവിതം പിന്നെയും നിറമില്ലാത്ത വഴിയില്‍ ഒതുങ്ങിക്കൂടുന്നു. എല്ലാ ഉയര്‍ച്ചതാഴ്ചകള്‍ക്കും കൂടെ നില്‍ക്കുന്ന ഭാര്യ ജാനറ്റ്. ഡാനിയേല്‍-ജാനറ്റ് ബന്ധം അതിന്റെ നന്മയും തീവ്രതയും നന്നായി ഉള്‍ക്കൊണ്ട് ആവിഷ്‌കരിച്ചിരിക്കുന്നത് നമുക്ക് അനുഭവപ്പെടുന്നുണ്ട്. മരണത്തോടടുത്തു കിടക്കുന്ന ഡാനിയേല്‍ ജാനറ്റിനോട്, കാറ്റില്‍ ഇളകിയാടുന്ന ഇലകളുടെ ദൃശ്യം രാത്രിവെളിച്ചത്തില്‍ ചുവരില്‍ പതിയുന്നത് കാണിച്ചുകൊടുത്തുകൊണ്ട് പറയുന്നത് 'ജാനറ്റേ നീ കാണുന്നുണ്ടോ കാപ്പിറ്റോള്‍ തിയേറ്ററില്‍ സിനിമ കളിക്കുന്നത്' എന്നാണ്. സെല്ലുലോയ്ഡിലെ നല്ല ദൃശ്യങ്ങളിലൊന്നാണ് ഈ സര്‍ഗാത്മകമായ മരണവും സിനിമയോടുള്ള ആ മനുഷ്യന്റെ അടങ്ങാത്ത പ്രണയവും.
ചരിത്രത്തില്‍ മറഞ്ഞ്, ആരും ഓര്‍ക്കാതെ പോകുമായിരുന്ന വലിയ മനുഷ്യനെ കണ്ടെത്തിയ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ എന്ന പത്രപ്രവര്‍ത്തകന്റെ ശ്രമം എത്രമാത്രം വിലപ്പെട്ടതായിരുന്നുവെന്ന് ഒരുപക്ഷേ ഈ സിനിമ കാണുമ്പോഴെങ്കിലും വലിയൊരു വിഭാഗം തിരിച്ചറിയും. നിയമത്തിന്റെ നൂലാമാലയ്ക്കും പരിശ്രമങ്ങള്‍ക്കുമൊടുവില്‍ കേരള സര്‍ക്കാര്‍ ജെ സി ഡാനിയേലിനെ അറിയുകയും മലയാള സിനിമയുടെ പിതാവായി അംഗീകരിക്കുകയും ചെയ്യുമ്പോള്‍ ചേലങ്ങാട്ടിലെ പത്രപ്രവര്‍ത്തകനും മനുഷ്യനും കൂടിയാകുന്നു സായൂജ്യം.
ചേലങ്ങാട്ടും ഡാനിയേലും മരിച്ച് മുപ്പതു, മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ഇത്തരമൊരു ഉദ്യമത്തിന് കമല്‍ തയ്യാറായപ്പോള്‍ മലയാള സിനിമ ഈ സംവിധായകനു മുമ്പില്‍ ശിരസ് നമിക്കുകയാണ്. കേവലമൊരു സിനിമാഡ്രാമയ്ക്കുപകരം നമ്മുടെ സിനിമ രേഖപ്പെടുത്തി വയ്‌ക്കേണ്ടുന്ന ഏറ്റവും വലിയ പേരിനെ അടയാളപ്പെടുത്തിയതിന്. അതിന് മികച്ച രീതിയില്‍ ദൃശ്യാവിഷ്‌കാരം ഒരുക്കിയതിന്. അത് കാഴ്ചക്കാരുടെ കണ്ണും മനസ്സും നിറയ്ക്കുന്ന രീതിയില്‍ നല്ലൊരു അനുഭവമാക്കിയതിന്. അങ്ങനെ മുപ്പതിലേറെ സിനിമകള്‍ എടുത്ത കമല്‍ എന്ന സംവിധായകന്റെ മാസ്റ്റര്‍പീസ് എന്നു വിശേഷിപ്പിക്കാവുന്ന സിനിമയായി മാറുന്നു സെല്ലുലോയ്ഡ്. ഒരുപക്ഷേ, ഒരു കലാകാരന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ക്ലാസിക്. ക്ലാസിക് അതൊന്നേയുള്ളൂ എന്ന പ്രയോഗത്തിന് പിന്നെയും അന്വര്‍ഥത കൈവരുന്നു.
സെല്ലുലോയ്ഡ് സിനിമയുടെ ക്ലൈമാക്‌സില്‍ ഡാനിയേലിന്റെ മകനെ കഥാപാത്രമായി കൊണ്ടുവരുന്നു. വിഗതകുമാരന്‍ എന്ന സിനിമ കാവ്യനീതിയായി മാറുന്നതിന് നിദാനമായ വ്യക്തി. ആറാം വയസ്സിലെ കുസൃതിക്കിടയില്‍ അഗ്‌നിക്കിരയാക്കുന്ന വിഗതകുമാരന്റെ ഫിലിം റോള്‍. ചലനമറ്റ കണ്ണോടും മനസ്സോടും  കാഴ്ചക്കാരനാകുന്ന ഡാനിയേല്‍. അങ്ങനെ റോസിക്ക് കാണാനാകാതെപോയ വിഗതകുമാരന്‍ നമുക്കും കാണാക്കാഴ്ചയായി മാറിയ കാവ്യനീതി സിനിമാക്കഥയേയും വെല്ലുന്നതായി അശേഷിക്കുന്നു.
ദൈവമായി മണ്ണില്‍ അവതരിച്ച നായകരൂപത്തെയും സിനിമ കലാരൂപത്തിനുമപ്പുറത്തെ താരാരാധനയായി മാറിയ കാലത്തിന്റെയും ഒരു നേര്‍ചിത്രം സിനിമയ്‌ക്കൊടുവില്‍ കാണിക്കുന്നുണ്ട്. ഇത് നമ്മള്‍ കാണുന്നത് ഡാനിയേലിന്റെ മകനിലൂടെയാണ്. അതൊരു പ്രതീകമാണ്. സിനിമയെന്ന കേവല വിനോദോപാധിയും  സിനിമയെന്ന കലാരൂപത്തിനോടുളള അര്‍പ്പണവും തമ്മിലുളള സംഘര്‍ഷവും വിപരീതദ്വന്ദ്വങ്ങളുടെ കൂടിച്ചേരലും ഇഴപിരിയലും..

എല്ലാ തിരക്കാഴ്ചയ്ക്കും
സാക്ഷ്യമാര്‍ന്ന്
ഓരോ തീയറ്ററും
ക്യാപ്പിറ്റോളാക്കി
ഓരോ സിനിമയിലും
ആദ്യസിനിമ കണ്ട്
ഡാനിയേല്‍
ഇപ്പോഴും
നമുക്കൊപ്പമിരുന്ന്
സിനിമ കാണുന്നുണ്ടാകും!



Tuesday, 19 February 2013


ബലോടെലി

കഴിഞ്ഞ യൂറോ കപ്പ് (2012) കാലത്ത് എഴുതിയ ഫുട്‌ബോള്‍ കവിത

യൂറോ സെമി കണ്ടത് ജര്‍മന്‍ആരാധകനായി...ഇറ്റലിയുടെ ആദ്യ ഗോള്‍കാര്യമാക്കിയില്ല..എന്നാല്‍
മുപ്പത്തിയാരാം മിനുട്ടില്‍ബാല്ലോട്ടെലിയുടെ ഷോട്ട്..ആ നില്‍പ്പ്.....അങ്ങനെയാണ് ഞാന്‍ അസൂരിപ്പടയ്കു പിറകെ പോയത്..അതിനു ശേഷമാണ് ടെലിയെ കൂടുതല്‍ അറിയാന്‍
ശ്രമിച്ചത്...ഒരു ഹീറോ ജനിച്ചത്.. ആ ജീവിതം അറിഞ്ഞത്....





ടെല്ലീ....

ബലോടെല്ലീ*....
കറുത്തവനേ,
വംശാവലിയില്‍
കറുപ്പുചേര്‍ത്ത്
വരകള്‍ നെയ്തവര്‍ക്ക് നേരെ
നീ തൊടുത്ത അമ്പുകള്‍.

തലകൊണ്ട് ചെത്തിയെറിഞ്ഞത്
ബുള്ളറ്റ് വേഗമറിഞ്ഞ്
വലയിലേക്ക് പാഞ്ഞുചെന്നത്...
എത്ര നിസ്സഹായനായിരുന്നു
നൊയര്‍*

പ്രതിരോധപ്പടയാകെ
ആലസ്യം വെടിഞ്ഞ
രാത്രിയിലാണ്
അതിര് പാകിയ
മൊട്ടത്തലകൊണ്ട്
നീ ജര്‍മ്മന്‍ വലയെ
ഉണര്‍ത്തി വിട്ടത്

പകുതിവേളക്കും മുന്‍പേ
രണ്ടാമതും വലക്കണ്ണികളോട്
പരിചയം പുതുക്കി ആ നില്പ്,
എത്ര വേഗമാണത്
മനസ്സുകളുടെ പോസ്റ്റുകളെല്ലാം
തകര്‍ത്ത് പാഞ്ഞുകയറിയത്!

ഇറ്റലിക്കും
യൂറോപ്പിനുമപ്പുറത്തെ
ക്യാമറ കൂടി
നിന്നെ മാത്രം
ഫോക്കസിലാക്കുമ്പോഴും
ടെല്ലീ, നീയെത്ര
നിര്‍മമനായിരുന്നു.
ഏതു വികാരവേഗത്തിലും
ഇത്ര സമചിത്തനായി
എങ്ങനെ ലോകനെറുകയില്‍
നില്‍ക്കാനാകുന്നു!

ടെല്ലീ,
ഇനി നീ ഓര്‍ക്കപ്പെടുക
ജൂണ്‍ മാസമൊടുവില്‍
ജര്‍മ്മന്‍ വലകളെ
വിറപ്പിച്ച
കരുത്തുകൊണ്ടായിരിക്കും.

ഇതുവരേക്കും കൂട്ടുകൂടാത്ത
ഗോള്‍വലകളൊക്കെയും
ഇപ്പോള്‍
നിന്റെ വലംകാലുകളിലാണ്.

നിന്റെ മൊട്ടത്തലയിലെ
രണ്ടായി പകുത്ത
മുടിയതിരിനെ
പിന്നെയും
കടമെടുക്കുന്നു.

അതിരുകള്‍ക്കപ്പുറമിപ്പുറത്തുനിന്ന്
ഇനി നിനക്ക്
കയറിച്ചെല്ലാനുള്ളത്
സ്പാനിഷ് വേഗങ്ങളിലേക്കാണ്.

മുടിയതിരില്‍ നിന്നും
വിയര്‍പ്പുചാലായി
താഴേക്കു പടര്‍ന്ന്
ചുണ്ടുകളിലെത്തി
നില്‍ക്കുമ്പോള്‍
അവിടെക്കാണും ചിരി
നിന്റേതു തന്നെയാകും ടെല്ലീ........

* ഇറ്റാലിയന്‍ ഫുട്‌ബോള്‍ സ്‌െ്രെടക്കര്‍. ഘാന വംശജനായ ടെല്ലി വംശീയാധിക്ഷേപത്തിന് നിരവധി തവണ ഇരയായിട്ടുണ്ട്. ഇറ്റാലിയന്‍ പത്രമായ 'ഗസ്‌റ്റോ ഡെല്ലോ സ്‌പോര്‍ട്ടില്‍' ഈയിടെ വന്ന കാര്‍ട്ടൂണും വിവാദമായിരുന്നു. ഇത്തവണ യൂറോ ഫൈനലിലേക്ക് ഇറ്റലിയെ നയിച്ചത് ടെല്ലി നേടിയ രണ്ട് ഗോളുകളായിരുന്നു

* ജര്‍മ്മന്‍ ഗോള്‍കീപ്പര്‍

തട്ടത്തിന്‍ മറയത്ത് 
തട്ടത്തിന്‍ മറയത്തെ പ്രണയം


ജനയുഗം വാരാന്തം ജൂലൈ 22 / 2012



കേരളത്തിലെ തീയറ്ററുകള്‍ ഒരു ചെറിയ സിനിമയുടെ വലിയ വിജയത്തിന്റെ ഭാഗമാവുകയാണ്.സന്തോഷം നല്‍കുന്ന ഈ കാഴ്ച നല്‍കുന്നത് വിനീത് ശ്രീനിവാസനാണ്. രണ്ടു വര്‍ഷം മുന്‍പ് ഏതാണ്ടിതേ കാലത്ത് വിനീതിന്റെ മറ്റൊരു പുതുനിര സിനിമയും തീയറ്ററിനെ പ്രീതിപ്പെടുത്തി മുന്നേറിയിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ആദ്യ സംവിധായക സംരംഭം. ആ സിനിമ ഒരു വിലയിരുത്തലായിരുന്നു. ഒരുപാട് പുതിയ മുഖങ്ങളുടെ അരങ്ങേറലും. വലിയൊരു മാറ്റമൊന്നും നല്‍കാതെ എന്നാല്‍ ഒരു വേഗവും ഊര്‍ജവും നല്‍കാന്‍ കഴിയുന്നതായിരുന്നു മലര്‍വാടി.
രണ്ടു വര്‍ഷം കഴിഞ്ഞ് രണ്ടാം സിനിമയുമായി വിനീത് നമുക്കിടയില്‍ വന്നിരിക്കുന്നു. ഇത്തവണ ഒന്നുകൂടെ ലാളിത്യവുമായാണ് വരവ്. മലയാളവും മറ്റെല്ലാ ഭാഷകളും ഒട്ടേറെ പറഞ്ഞുകഴിഞ്ഞ വ്യത്യസ്ത മത പ്രണയം വിഷയീകരിച്ച്. എന്നാല്‍ അത്തരമൊരു പറച്ചില്‍ എത്രമാത്രം നന്നായി പറയാം എന്നതിന്റെ അറ്റം വരെ പോയി എന്നതു തന്നെയാണ് വിനീതിന്റെയും തട്ടത്തിന്‍ മറയത്തിന്റെയും വിജയം.സിനിമ കാണുന്ന ഓരോരുത്തര്‍ക്കും അല്ലെങ്കില്‍ അതേപ്പററി കേള്‍ക്കുന്നവര്‍ക്കും അറിയാം ഒട്ടും പുതുമയില്ലാത്ത കഥാപരിസരം. പക്ഷേ അതിനെ പറഞ്ഞിരിക്കുന്ന രീതിയും രചനാസങ്കേതവും കണ്ടെത്തിയ അഭിനേതാക്കളും ചേര്‍ന്ന് ഈ സിനിമയെ കാഴ്ചക്കാര്‍ക്ക് ഇഷ്ടപ്പെടുത്തുന്ന ഒന്നാക്കി മാറ്റും.
പ്രണയം ആരുടെ തോന്നലാണ്? മനസിന്റയെന്നത് ഒരു പരിധി വരെ പുറം പറച്ചിലായിരിക്കാമെന്നത് ഉളളിലേക്കൊന്നു ചൂണ്ടയിട്ട് നോക്കിയാല്‍ തെളിഞ്ഞു കാണും. ശരീരത്തിന്റെ സാധ്യതയും ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണവും തന്നെയാണ് ഈ വികാരത്തില്‍ വലിയൊരു പങ്കാളിയായി മുന്നോട്ടുവരിക. അങ്ങനെ നോക്കുമ്പോള്‍ സിനിമയിലെ വിനോദ് അയിഷയില്‍ കണ്ട പുറം സൗന്ദര്യത്തെ കുറ്റം പറയാനൊക്കില്ല.നായകന്റെ ഉറക്കം കളയുന്നത് ഓളടെ തട്ടത്തിന്‍ മറയത്തെ മൊഞ്ചു തന്നെയാണ്. ഓളെയൊന്ന് തൊടാനും ഉമ്മ വെയ്ക്കാനും അതുകൊണ്ടു തന്നെയാണ് അവന്‍ മറ്റേതൊരു കാമുകനേയും പോലെ വല്ലാതെ ആഗ്രഹിക്കുന്നത്.
പുതുതലമുറയും അവര്‍ക്ക് പരിചിതമായ പരിസരങ്ങളുമാണ് ഈ സിനിമയെ യുവത്വം ഏറെറടുക്കുന്നതാക്കുന്നത്. മതവും വിശ്വാസവും വര്‍ഗീയതയും സംഘട്ടനവുമെല്ലാം കയറിക്കളിക്കാന്‍ സാധ്യതയുണ്ടായിരുന്നു തട്ടത്തിന്‍ മറയത്തെ മുസ്ലീംനായര്‍ പ്രണയത്തിന്. സദാചാരപ്പോലീസ് കേരളത്തെ അടുത്ത കാലത്ത് ഭരിച്ചിടപെടുന്ന വൃത്തികെട്ട ഇടപെടലിനെ ഇത് പാക്കിസ്ഥാനല്ല, ഇന്ത്യയാണ് എന്ന ഒറ്റ വാചകം കൊണ്ട് ഇല്ലാതാക്കുന്നു. ഈയൊരു ചെറുതുകളുടെ വലിയ പറച്ചിലും രാഷ്ട്രീയവും തന്നെയാണ് തട്ടത്തിന്‍ മറയത്തില്‍ ആകെയുളളത് വെടിയും പുകയും അടിയും അടക്കം പറച്ചിലുമില്ലാതെ ഒരു പ്രണയത്തെ കൈ ചേര്‍ത്തു നടത്തുന്ന നല്ല പ്രക്രിയ.
ജനമൈത്രി പൊലീസിന്റെ അമിത ഇടപെടല്‍ തെല്ല് അതിശയോക്തി ഉളവാക്കുമെങ്കിലും ക്ഷമിക്കാന്‍ കഴിയുന്നതായി ഇത് മാറുന്നത് വിനോദിന്റെ ഭ്രാന്തമായതും അയിഷയുടെ ചങ്ങലക്കെട്ടുകള്‍ മറികടക്കലിന് തയ്യാറാകുന്നതുമായ പ്രണയത്തിന് മധ്യസഹായവര്‍ത്തികളാകുന്നതുകൊണ്ടാണ്. പുതുമയുടെ സംഗീതമല്ല തട്ടത്തിന്‍ മറയത്തിലെ പാട്ടുകളുടേത്. ഒരു പ്രണയസിനിമയില്‍ വേണ്ട വിധം അതൊരുക്കി എന്നതാണ് ഷാനിന്റെ പ്രത്യേകത. റിലീസിംഗിനു തൊട്ടുമുന്‍പു മുതല്‍ ഇപ്പോഴും കേരളം മുത്തുച്ചിപ്പിപോലെ വന്ന് കിന്നാരം പറഞ്ഞ പാട്ടുകളെ മൂളുന്നുണ്ട്. എല്ലാവരിലുമുളള പ്രണയം കൊണ്ടു തന്നെയാകും ഈ മൂളലും ഏറെറടുക്കലും.
നിവിന്‍ പോളിയുടെ കരിയറിലെ വലിയ ബ്രേക്കായി മാറുന്നു ഈ സിനിമ. മുന്‍പ് നാലഞ്ചു സിനിമകളില്‍ കൂട്ടത്തിലൊരാള്‍ മാത്രമായിപ്പോയ ഈ നടന്റെ രൂപമാററം അത്രയേറെ അഭിനന്ദനത്തിന് ഇട നല്‍കിയിരിക്കുകയാണ്. കൂടെ ഇഷാ തല്‍വാര്‍,അജു,അപര്‍ണ,ശ്രാനിവാസന്‍ എന്നിവരൊക്കെയും ഓര്‍ക്കാന്‍ ചിലത് നല്‍കുന്നു.
മാററങ്ങളുടെ പുതുസിനിമാക്കാലത്തിന് ജനങ്ങള്‍ ഏറ്റെടുക്കുന്ന വിജയങ്ങള്‍ ആവശ്യമാണ്.ഉസ്താദ് ഹോട്ടലിനു പിന്നാലെ ജനമറിയുന്ന വിജയമായി ഒരു പുതുനിര സിനിമ കൂടി തീയറററുകള്‍ കീഴടക്കുന്നത് മലയാളസിനിമയ്ക്കാകെ ഉണര്‍വ് നല്‍കുന്ന ഘടകമാണ്.മൂന്നാലു വര്‍ഷമായി മാറിക്കൊണ്ടിരിക്കുന്ന മലയാളസിനിമയുടെ കാഴ്ചവട്ടങ്ങള്‍ക്ക് തുടര്‍ച്ചയും ആത്മവിശ്വാസവുമാകുന്നു ഈ വിജയം.


Sunday, 10 February 2013

അന്നയും റസൂലും

പ്രണയത്താല്‍ പുതപ്പിക്കുക

അടുത്ത കാലത്തിറങ്ങിയ ഏറ്റവും വ്യക്തിത്വമുളള സിനിമയാണ് അന്നയും റസൂലും. സിനിമ പുറത്തിറങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. എ ക്ലാസ് തീയറ്ററുകളില്‍ നിന്ന് പടിയിറങ്ങുകയും ചെയ്തു. നാടാഘോഷിച്ച വിജയമായില്ലെങ്കില്‍ക്കൂടി സാമാന്യം ജനം കണ്ടു. അന്നയേയും റസൂലിനേയും പറ്റി പറയാന്‍ ഇതൊന്നുമല്ല വിഷയമാകുന്നത്.
    ഒട്ടനവധി തവണ പറഞ്ഞ് പിന്നെയും പറയുന്ന ഇനിയുമേറെ പറച്ചിലിന് സാധ്യത അവശേഷിപ്പിക്കുന്ന പ്രണയമെന്ന വികാരവും വിശേഷവും വിഷയവും. ജീവിതത്തില്‍ ആ വികാരം ആവര്‍ത്തിക്കുന്നപോലെ സിനിമയിലും വിഷയമാക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. പ്രണയത്തിലകപ്പെടാന്‍ എളുപ്പമാണ്. അതിനെ സമീപിക്കുന്ന രീതിയാണ് മുന്നോട്ടുപോക്കും അന്തിമ വിശകലനത്തിനും ഇടയും സാധ്യതയും നല്‍കുന്നത്. ഈയൊരു ജീവിതവായന സിനിമയിലേക്ക് പകര്‍ത്തിപ്പറയുകയാണെങ്കില്‍ അത് ഇങ്ങനെയാകും- ആകെ കുറച്ച് വിഷയങ്ങളേ ജീവിതത്തിലുളളൂ. പ്രണയം അതില്‍ സവിശേഷ ഇടം അര്‍ഹിക്കുന്ന ഒന്നും.  അതുകൊണ്ടുതന്നെ പ്രണയം പറഞ്ഞുപോകുന്ന സിനിമകള്‍ ഏതുകാലവുമുണ്ടാകുന്നു. അവ മുഴുനീള പ്രമേയങ്ങളോ ഭാഗിക പറച്ചിലുകളോ ആവാം. ഇങ്ങനെ നിരന്തരം വിഷയമാകുന്ന പ്രണയത്തിന്റെ സമീപനരീതിയിലെ പുതുമ എന്നും സ്വീകരിക്കപ്പെട്ടിട്ടുണ്ട് ഏതു ഭാഷയിലും ലോകത്തും എല്ലാ സീമകള്‍ക്കും അപ്പുറത്ത്.
    മലയാളത്തിലെ പ്രണയ സിനിമാചരിത്രം പരിശോധിക്കുമ്പോള്‍ ഓരോ കാലഘട്ടവും ആവശ്യപ്പെടുന്ന തരത്തില്‍ നവീകരിക്കപ്പെട്ടും പില്‍ക്കാലത്ത് പുതുമ നഷ്ടപ്പെട്ടും തുടരുന്ന പരിണതിയായി അത്തരം സിനിമകള്‍ വാഴുന്നു. തൊട്ടു മുന്‍വാചകം ആശയക്കുഴപ്പത്തില്‍ എത്തിക്കുന്നുവെങ്കില്‍ ചെറിയൊരു ഉദാഹരണം പറഞ്ഞുപോകാം. 1980ല്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ അല്ലെങ്കില്‍ 1997ലെ അനിയത്തിപ്രാവ്. തീയറ്ററുകളും യുവത്വവും ആഘോഷിച്ചും അനുകരിച്ചും നൂറുകണക്കിന് ദിവസത്തിലെത്തിയ ചരിത്രമാണ് ഈ സിനിമകള്‍ക്ക് പറയാനുളളത്. എന്നാല്‍ ഇപ്പോഴിവ കാണുക അസഹനീയമായിരിക്കും. അന്നത്തെ ജീവിതത്തിന്റെ പോസ്റ്റ് മോഡേണിസമായിരിക്കും അതില്‍ ദൃശ്യമാകുക. ജീവിതശൈലിയിലും സാഹചര്യത്തിലും വന്ന മാറ്റം സിനിമയുടെ പറച്ചില്‍ രീതികളിലേക്കുകൂടി ചേര്‍ന്നുവരുമ്പോഴാണീ രസച്ചരട് പൊട്ടല്‍ അനുഭവപ്പെടുക.
     മേല്‍പ്പരാമര്‍ശിച്ച സിനിമകളോടോ അല്ലെങ്കില്‍ ഒരു കാലം വായിച്ച് തുടര്‍ച്ച കാത്തിരുന്ന മംഗള, മനോരമ, മനോരാജ്യ വാരികകളിലെ പൈങ്കിളി നോവലുകളുടെ കഥാതുടര്‍ച്ചയോ മാത്രമേ അന്നയ്ക്കും റസൂലിനും പറയാനുളളൂ. പറച്ചിലില്‍/സമീപനത്തില്‍ ഉളള വ്യത്യസ്തതയാണ്  ഈ ചലച്ചിത്രത്തെ അനുഭവമാക്കുന്നത്. ഇവിടെ കാവ്യം എന്ന വാക്ക് ചേര്‍ത്തുവെയ്ക്കട്ടെ. കവിത എന്ന വാക്ക് മതിയാകാതെവരും. ലഘുവായ തലത്തില്‍ ഇത്തിരി വാക്കുകളിലല്ല അന്നയുടേയും റസൂലിന്റേയും കഥ പറഞ്ഞുപോകുന്നത്. അവരിരുവരും നിലനില്‍ക്കുന്ന ജീവിതത്തിന്റെ പരിചിതസ്ഥലികളും മനുഷ്യരുമെല്ലാം ഇവിടെ കഥാപാത്രങ്ങളാകുകയും കൂടെക്കൂടി ജീവിക്കുന്നവരുമാകുന്നു. അപ്പോള്‍ കേവലം രണ്ടുപേരിലൊതുങ്ങാത്തൊരു ബൃഹദാഖ്യാനസ്വഭാവം കൈവരുന്നു.
    സിനിമ സഞ്ചരിക്കുന്നതും സ്വീകരിക്കുന്നതും പതിഞ്ഞ വഴിയാണ്. എത്രയൊക്കെ വേഗതയും തിരക്കും അവകാശപ്പെടുമെങ്കിലും നമ്മുടെയൊക്കെ ജീവിതത്തില്‍ നിശബ്ദതയ്ക്കും പതിഞ്ഞ താളത്തിനും ഇടമേറെയാണ്. ജീവിതമാവശ്യപ്പെടുന്ന ആ നിശബ്ദതയ്ക്ക് കൃത്യമായ സ്‌പേസുണ്ട് ഈ സിനിമയില്‍. ഇവിടെയാണ് കെ യുടെ പശ്ചാത്തലസംഗീതത്തിന് സിനിമയില്‍ പ്രഥമഗണന കൈവരുന്നത്. ഷോട്ടുകളുടെ ഇഴചേരലിലെ നേര്‍ത്ത നൂലിഴ പോലുമടയ്ക്കാന്‍ ഈ സംഗീതം പ്രാപ്തമാണ്. സിനിമയിലെ പാട്ടുകള്‍ക്കുമുണ്ട് കഥയോടും ദൃശ്യത്തോടും സന്ദര്‍ഭങ്ങളോടുമുളള ഈ ഇഴചേര്‍ച്ച. ഒന്നും പാഴായ പരിശ്രമങ്ങളാകുന്നില്ല. മാത്രമല്ല ഏറ്റവും ചേരുന്നിടത്തെ ചേര്‍ച്ചകളുമാകുന്നു. അപ്പോള്‍ മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയും പൊന്നാനിയും ഇടുക്കിയിലെ മലയോരഗ്രാമവുമെല്ലാം വിശദമായ ആഖ്യാനങ്ങളാകുന്നു. ഇവിടെയെല്ലാം കഥാപാത്രങ്ങളും സംസാര, ശരീരഭാഷകളും പ്രണയം, സൗഹൃദം, മനുഷ്യത്വം, മതം ഇങ്ങനെ വിഭിന്നരൂപങ്ങളില്‍ എത്തിച്ചേരുകയും തേടിച്ചെല്ലുകയും ചെയ്യുന്നുമുണ്ട്.
    കഥാപാത്രത്തെ പഠിക്കാനും മനോധര്‍മ്മവും ശരീരഭാഷയും സൂക്ഷിക്കാനും ഫഹദ് ചെയ്യുന്ന ശ്രമങ്ങള്‍ ഓരോ സിനിമയിലും ഇയാളെ മുന്നോട്ടുനയിക്കുന്നു. തിരിച്ചുവരവിന്റെ ആദ്യസിനിമകളില്‍ നിലനിന്നിരുന്ന മെട്രോബോയ് ഇമേജ് ഫ്രൈഡേയില്‍ മറികടക്കാന്‍ ഫഹദിന് കഴിഞ്ഞിരുന്നു. താരശരീരം ഓട്ടോ ഡ്രൈവറുടെ സീറ്റിലേക്ക് എങ്ങനെ ഏറ്റവും സുരക്ഷിതമായി ഒതുങ്ങുന്നുവെന്നത് ഫ്രൈഡേയില്‍ കാണാനാകും. ഇതിന്റെ തുടര്‍ച്ചയായി മറ്റൊരു ചിന്തയ്ക്കും ആശങ്കയ്ക്കും വകനല്‍കാതെ എത്ര അനായാസമായാണ് ഈ നടന്‍ കൊച്ചിയിലെ ചെറുപ്പക്കാരനായി മാറുന്നത്. ഫഹദിനെക്കൂടാതെ അന്ന (ആന്‍ഡ്രിയ), ആഷ്‌ലി (സണ്ണി വെയ്ന്‍), കോളിന്‍ (സൗബിന്‍ താഹിര്‍), അബു (ഷൈന്‍ ടോം ചാക്കോ), ഫസീല (സൃന്ദ അഷബ്) ഹൈദര്‍ (ആഷിഖ് അബു) ഇവരെല്ലാം പകരം ചിന്തിക്കലില്ലാത്ത കഥാപാത്ര നീതീകരണം നടത്തിയിരിക്കുന്നു.
   കൊച്ചിക്ക് മലയാള സിനിമ കല്‍പ്പിച്ചുനല്‍കിയിട്ടുളള നല്ലതല്ലാത്ത മുഖത്തെ ആവര്‍ത്തിക്കാതെ കുറേക്കൂടി സത്യസന്ധമായ ഒരു പൊളിച്ചെഴുത്ത് നടത്താന്‍ രാജീവ് രവിയും സന്തോഷ് ഏച്ചിക്കാനവും ശ്രമിച്ചിരിക്കുന്നു. ഒറ്റവാക്കില്‍ അന്നയും റസൂലും എന്ന സിനിമയ്ക്ക് അവകാശപ്പെടാവുന്നത് മേക്കിംഗിലെ പുതുമയാണ്. മധു നീലകണ്ഠന്റെ ക്യാമറ, അജിത്കുമാറിന്റെ എഡിറ്റിംഗ്, കെ യുടെ സംഗീതം, ഇവയെല്ലാം ഏകോപിപ്പിച്ച രാജീവ് രവിയുടെ മിടുക്ക്... സിനിമയുടെ പുതുമയ്ക്ക് ഇതെല്ലാം സമം ചേര്‍ന്നിരിക്കുന്നു.
  കൃത്രിമത്വം സിനിമയുടെ വിശ്വാസ്യതയെ നശിപ്പിക്കുന്ന ഒന്നാണ്. ഈ സിനിമ മറികടന്നിരിക്കുന്ന ആ സവിശേഷത ചൂണ്ടിക്കാട്ടാതെ വയ്യ. സംഭാഷണത്തിലാണ് ഈ വിശ്വാസ്യത ആദ്യം കാണാനാകുക. മെഹബൂബ്, പി എ കാസിം, ബാബുരാജ്, മേപ്പളളി ബാലന്‍ ഇവരെയെല്ലാം ഓര്‍മ്മയില്‍ കൊണ്ടുവരുന്ന പാട്ടുകള്‍, പലയിടങ്ങളിലും ഉപയോഗിച്ചിരിക്കുന്ന സ്‌പോട്ട് ഡബ്ബിംഗ്, കൃത്രിമവെളിച്ചങ്ങള്‍ ഒഴിവാക്കിയും തിരക്കറിയ ആള്‍ക്കൂട്ടത്തിനുമിടയിലെ ക്യാമറയുടെ സഞ്ചാരം എല്ലാം രാജീവ് രവിയുടെ സിനിമയെ വേറിട്ടുനിര്‍ത്തുന്നു.
     പുഴയില്‍ മുങ്ങാംകുഴിയിട്ട് കണ്ണും തുറന്നുപിടിച്ച് പ്രിയപ്പെട്ടവളെ കാണുന്ന പ്രണയം പുഴയാഴങ്ങള്‍ക്കും ആഴത്തിലാണ്. പ്രണയത്തിലാണ്ട് പ്രണയം പുതച്ച് മൗത്തായ (മരണം) പ്രണയത്തെ ജീവിതത്തിന്റെ തുടര്‍ച്ചയാക്കിമാറ്റുമ്പോള്‍ മുഹമ്മദ് നബി ഖദീജയോട് പറഞ്ഞത് റസൂല്‍ അന്നയോട് പറയുന്നതായി നമ്മള്‍ കേള്‍ക്കും.. അറിയും..സമ്മിലൂനീ...പ്രണയത്താല്‍ നീയെന്നെ പുതപ്പിക്കുക...

Wednesday, 23 January 2013


ഐ എഫ് എഫ് കെ-2012

നോസ് വെമോസ് പാപ്പാ
മെക്‌സിക്കോ/2011

ഏറ്റവും പ്രിയപ്പെട്ട ഒന്ന് നമുക്ക് തൊട്ടടുത്തുതന്നെ ഉണ്ടെന്ന തോന്നലുണ്ടായാല്‍ ലോകത്തിന്റെ ഒരറ്റത്തേയ്ക്കും സഞ്ചരിക്കേണ്ടതില്ല. ചിലത്, ചില ബന്ധങ്ങള്‍ അങ്ങനെയാണ്. നമ്മളെല്ലാം ഉണ്ടായ കാലം മുതലേ അന്വേഷിക്കുകയും ആവശ്യപ്പെടുകയും എത്തപ്പെടുകയും നഷ്ടപ്പെടുകയും പിന്നെയും തേടിനടക്കുകയും ചെയ്ത വികാരവിശേഷങ്ങള്‍. സ്‌നേഹം, വാത്സല്യം, പരിചരണം ഇങ്ങനെ പല പേരുകളിലുള്ള അന്വേഷണവും അനുഭവിക്കലും തുടരുന്നു. മനുഷ്യജീവിതത്തിന്റെ, അല്ലെങ്കില്‍ ജീവജാലങ്ങളുടെയാകെ ജീവിതത്തിന്റെ വലിയ ശരിയും സാധ്യതയുമാണത്.
ഇവിടെ ഈ സിനിമയില്‍ പിലാറിന് അച്ഛന്റെ മരണത്തോടെ നഷ്ടമാകുന്നത് അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ അത്താണിയാണ്. പക്ഷേ, മരണത്തിനുമപ്പുറത്തൊരു ശരിയും ജീവിതവും ചില ബന്ധങ്ങള്‍ക്കുണ്ടെന്ന് ഇഷ്ടപ്പെടാനാണ് പിലാറിനുമിഷ്ടം. അച്ഛന്റെ ജീവസ്സുറ്റ സാന്നിധ്യം നഷ്ടമായത് അംഗീകരിക്കാതെ അവള്‍ അച്ഛനോടൊപ്പം ഭക്ഷണം കഴിക്കുന്നു, ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടുന്നു, സംസാരിക്കുന്നു..
മാനസികമായ ശരികേട് എന്ന് ചുറ്റുമുള്ളവര്‍ക്ക് തോന്നലുളവാകുമെങ്കിലും അവളെ സംബന്ധിച്ച് അത് വിഷയമേ ആകുന്നില്ല. അവള്‍ അവളുടെ ജീവിതവും ഇഷ്ടങ്ങളുമാണ് ജീവിച്ചുതീര്‍ക്കുന്നത്. മറ്റു സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ട് പുറം സാഹചര്യങ്ങളുമായി ഇണങ്ങാന്‍ അവള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഗംഭീരമായി പരാജയപ്പെടുന്നു. അച്ഛനുണ്ടായിരുന്ന വീടും അച്ഛന്റെ സാന്നിധ്യവും വിട്ട് മറ്റെങ്ങും പോകാനാവില്ലെന്നും പോകാനില്ലെന്നുമുള്ള തിരിച്ചറിവ് അവളെ അതേ മണ്ണില്‍ത്തന്നെ തിരിച്ചെത്തിക്കുന്നു.
പുതിയൊരു ജീവിതകാലവുമായി ഇണക്കിനോക്കിയാല്‍ ഏകാന്തതയെ മറികടക്കാന്‍ സ്‌നേഹം ആവശ്യപ്പെടുന്ന ഒരു കൂട്ടത്തെ പ്രതിനിധീകരിക്കാം. ഏറ്റവും ആവശ്യമായ ഒന്നിനെ/ചുറ്റുപാടിനെ  മറികടന്ന് പോകുക പ്രയാസമാണ് എല്ലാവര്‍ക്കും. വലിയൊരു ഇഷ്ടത്തേയും ആവശ്യത്തേയും മറികടക്കാന്‍ ആര്‍ക്കും പറ്റില്ല. അതാണ് പിലാറിനും സാധിക്കാത്തത്. മറികടന്ന് പോകുന്നവരെല്ലാം അഭിനയിക്കാനറിയുന്നവരും ചായംതേച്ച മുഖങ്ങളുടേയും ചിരികളുടേയും കൂട്ടുകാരുമാകുന്നു. പിലാറിന്റെ അല്ലെങ്കില്‍ അതുപോലൊരു ജീവിതത്തിന് പതിവ് ജീവിതനിറങ്ങളല്ല പരിചിതം. അതിന്റേത് മങ്ങിയ നിറങ്ങളില്‍ നിറങ്ങള്‍ സൃഷ്ടിക്കലാണ്. സിനിമയില്‍ മുഴുവന്‍ ആ നിറങ്ങളാണ്. അല്ലാത്ത നിറങ്ങള്‍ വന്നുചേരുമ്പോള്‍ തന്നെ പെട്ടെന്ന് മങ്ങലിലേക്കും പിലാറിലേക്കും തിരിച്ചെത്തുന്നു. അതുതന്നെയാണ് സിനിമയുടേയും ജീവിതത്തിന്റെയും ശരി.



ഇവാന്‍സ് വുമണ്‍
ചിലി/2011

സ്പാനിഷ് ഭാഷ സംസാരിക്കുന്ന ചിലിയന്‍ സിനിമ ഇവാന്‍സ് വുമണ്‍ രണ്ട് മനുഷ്യരിലൂടെ മാത്രം നീങ്ങുന്നു. പുറംലോകം കാണാതെ ഇവാന്റെ വീട്ടില്‍ കുട്ടിക്കാലം മുതല്‍ കഴിഞ്ഞുപോരുകയാണ് നതാലിയ. ഒരര്‍ഥത്തില്‍ വളര്‍ത്തച്ഛനും മുഴുവന്‍ രക്ഷിതാവുമാണ് ഇവാന്‍. അധികം സംസാരിക്കാതെ വീടിനുള്ളിലെ നിഴലിലും ഇരുട്ടിലും നോട്ടങ്ങളിലും ഇവര്‍ സംവദിക്കുന്നു. സിനിമയുടെ സഞ്ചാരത്തിന്റെ താളവും അതാണ്. പുറംലോകത്തിന്റെ നിറങ്ങളൊന്നും അറിയാതെയും നതാലിയ ചിത്രങ്ങള്‍ വരയ്ക്കുന്നു. ലൈംഗികചോദനകള്‍ ഉണരുന്നതോടെ തെറ്റിനും ശരിക്കുമിടയില്‍പ്പെട്ട സംഘര്‍ഷത്തിനും പുറംലോകത്തിന്റെ സ്വാതന്ത്ര്യവും അവള്‍ ആഗ്രഹിക്കുന്നുണ്ട്.
ജനലിനപ്പുറത്തെ പകലിന്റെ വെളിച്ചം ആദ്യമായി അറിഞ്ഞുനില്‍ക്കുന്ന നതാലിയ വല്ലാത്തൊരു ചിത്രവും പ്രതീകവുമാണ്. വെളിച്ചം, മരം, മണ്ണ്, കടല്‍ ഓരോ കാഴ്ചകളും പുതിയ കാഴ്ചകളാകുന്നു. സ്വാതന്ത്ര്യത്തിന്റെ ലോകം വിശാലമാണ്. പക്ഷേ നതാലിയയ്ക്ക് അത് ഒട്ടും പരിചിതമല്ല. ഒടുവില്‍ ഓടിപ്പോകുന്നുണ്ടവള്‍. സ്വാതന്ത്ര്യത്തിനും തടങ്കലിനുമിടയില്‍ ഏതെടുത്തണിയണമെന്നും എന്തൂരിവയ്ക്കണമെന്നുമുള്ള ചോദ്യവുമായി നില്‍ക്കുമ്പോള്‍ നമുക്കും തെരഞ്ഞെടുപ്പ് അവശേഷിക്കുന്നു.
ഒന്നര മണിക്കൂറിനോടടുത്ത് ദൈര്‍ഘ്യമുള്ള സിനിമ രണ്ട് മനുഷ്യരിലൂടെയും ഒരു വീട്ടകത്തിലും മാത്രം ചുറ്റപ്പെടുന്നു. പക്ഷേ ഇവിടെ വിരസതയ്ക്ക് സ്ഥാനമേതുമില്ല. എന്നാല്‍ അകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാരത്തിന് ഏറെ സ്ഥാനവും ബാക്കിവയ്ക്കുന്നു.

റോസ്
പോളണ്ട്/2012

   യുദ്ധവും അധിനിവേശവും നാശം വിതച്ച മണ്ണില്‍നിന്നും ഉയിര്‍ക്കൊളളുന്ന വിശുദ്ധപ്രണയത്തിന്റെ പേരാണ് റോസ്. രണ്ടാം ലോക മഹായുദ്ധമാണ് കാലവും ഭൂമികയും. ജര്‍മ്മന്‍ സൈനികന്റെ വിധവയായ റോസിനെ തേടിയെത്തുന്ന തദേയൂസ് എന്ന പട്ടാളക്കാരന്‍. തദേയൂസിനോട് ഒരു താത്പര്യവും കാണിക്കാത്ത റോസ്. പിന്നീട് അവര്‍ക്കിടയില്‍ ഉടലെടുക്കുന്ന വലിയ ഇഷ്ടം. യുദ്ധത്തിനും നാശങ്ങള്‍ക്കുമപ്പുറം അത് പിടിവിടാതെ പിന്തുടരുന്ന ജനങ്ങളേയും അവര്‍ അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളേയും സിനിമ കാണിക്കുന്നു. 
  സത്യസന്ധതയാണ് റോസ് സിനിമയുടെ ആവിഷ്‌ക്കാരത്തിലെ പ്രത്യേകത. യുദ്ധം പശ്ചാത്തലമാണ്. തുടര്‍ന്നുളള പീഡനങ്ങള്‍ നമ്മുടേതു കൂടിയാക്കിമാറ്റുന്ന അനുഭവിപ്പിക്കല്‍. ഇങ്ങനെയൊക്കെയായിരുന്നു ഒരു ജനത അനുഭവിച്ചിരുന്ന കാര്യങ്ങള്‍ എന്ന ഞെട്ടിപ്പിക്കല്‍. പിന്നെ പ്രണയം. ശരീരത്തിനുമപ്പുറത്ത് നമുക്കൊക്കെ പലപ്പോഴും എത്തിപ്പിടിക്കാനും പൊരുത്തപ്പെടാനും പറ്റാത്ത പ്രണയമാണ് റോസും തദേയൂസും അനുഭവിക്കുന്നതും അനുഭവിപ്പിക്കുന്നതും. അങ്ങനെയാണ് റോസ് പ്രണയകാവ്യമായി മാറുന്നത്. റോസ് വേഗമേറിയ സിനിമയല്ല. ശബ്ദങ്ങളേക്കാള്‍ നിശബ്ദത ഭരിക്കുന്നുണ്ട് സിനിമയെ. അതുതന്നെയാണ് ഇതിനെ മികച്ചൊരു സൃഷ്ടിയാക്കി മാറ്റുന്നതും.

ദ റെപ്പറ്റന്റ്
അള്‍ജീരിയ/2012

   തീവ്രവാദവും മതവിദ്വേഷവും തുടച്ചുനീക്കാന്‍ കഴിയാത്ത ഒന്നായി തുടരുകയും അത് സൃഷ്ടിക്കുന്ന ഇരകളുടെ ജീവിതത്തേയും കാണിച്ചുതരുന്നു ദ റെപ്പറ്റന്റ്. സാര്‍വ്വലൗകികമായ ഈ വിഷയം എല്ലാ രാജ്യങ്ങളേയും അതിര്‍ത്തികളേയും ഭരിക്കുകയും വേട്ടയാടുകയും ചെയ്തുകൊണ്ടിരിക്കുന്നു. അള്‍ജീരിയയാണ് ഇവിടെ ഭൂമിക. മലയിടുക്കുകളില്‍നിന്നും ഗ്രാമത്തിലേക്ക് മടങ്ങിപ്പോരുകയാണ് റാഷിദ്. കീഴടങ്ങലിനും ദേശീയ ഐക്യത്തിനും നിയമം പാലിക്കുന്നതിനും തയ്യാറാവുന്നുണ്ട് ഇയാള്‍. എന്നാല്‍ത്തന്നെയും അവയൊന്നും മറികടക്കാനാകാതെ അതില്‍ത്തന്നെ പെട്ടുപോകുന്ന നിസ്സഹായാവസ്ഥയേയും നേരിടേണ്ടിവരുന്നു.
   തോക്കിന്‍മുനയിലാണ് ജീവിതമെന്ന് തിരിച്ചറിയുമ്പോഴും നന്മയ്ക്ക് വേണ്ടിയുളള ശ്രമം നടത്തുന്നു. ചോരയും മാംസവും മരണവും പ്രദര്‍ശിപ്പിക്കാതെ മൂന്ന് വെടിയൊച്ചകള്‍കൊണ്ട് അവസാനിപ്പിക്കുകയാണ്  സിനിമ. യാഥാര്‍ഥ്യം ബോധ്യപ്പെടുന്ന കാഴ്ചക്കാരന് അത് മാത്രം മതി ഞെട്ടലുണ്ടാക്കാനും ഭീതി അവശേഷിപ്പിക്കാനും.


ടുഡേ
സെനഗല്‍-ഫ്രാന്‍സ്/2012


   ജീവിതത്തിലെ ഏറ്റവും അവസാനദിവസത്തെയും ഏറ്റവും സര്‍ഗ്ഗാത്മകമായി നേരിടുകയാണ് സാച്ചേ. അന്ത്യദിനമാണെന്ന് അറിയാം അയാള്‍ക്ക്. കരഞ്ഞും ഭീതിപ്പെട്ടും അതിനെ നേരിടുന്നതിനു പകരം ജന്മനഗരത്തിലെ പരിചിതസ്ഥലികളിലൂടെ സഞ്ചരിക്കുകയാണയാള്‍. പ്രിയപ്പെട്ടവരെയെല്ലാം കാണുന്നു, ഇഷ്ടവൃത്തികളില്‍ ഏര്‍പ്പെടുന്നു. കൂട്ടുകാര്‍, അയല്‍ക്കാര്‍, നഗരം, നഗരവാസികള്‍... ഒരു ദിനമൊട്ടാകെ സാച്ചെ ജീവിതത്തെ കാണുന്നു. ദിനാന്ത്യത്തില്‍ തിരികെ വീടെത്തി, വീട്ടുകാരനായി, ഭര്‍ത്താവും പിതാവുമായി ചുമരുകളിലും നിലത്തും മുറ്റത്തെ പൊടിമണ്ണിലുമൊക്കെ തന്നെക്കണ്ട്, പടര്‍ത്തി എത്ര തട്ടിമാറ്റിയാലും പിന്നെയും പറ്റിക്കൂടുന്ന, എന്തൊക്കെ പറഞ്ഞുനോക്കിയാലും തിരികെ പ്രതികരിക്കാതെ നേര്‍ത്തൊരു ചിരിയും ചിരിച്ച് മരണമെത്തുമ്പോള്‍ സാച്ചെയ്ക്ക് കീഴടങ്ങാതെ വയ്യ. 
   മരണമോ അനുബന്ധവിശേഷ ബഹളങ്ങളോ സിനിമ കാണിക്കുന്നില്ല. പക്ഷേ അറിയാനാകും ജീവിതത്തിന്റെയും മരണത്തിന്റെയുമിടയിലെ കുഞ്ഞുനൂലിഴയെ. കറുപ്പ്, വെളുപ്പ്, മതം, രാഷ്ട്രം, അതിര് ഇവയ്‌ക്കൊക്കെയപ്പുറം മനുഷ്യന്‍, ജീവിതം, മരണം, സ്‌നേഹം തുടങ്ങി ചില വാക്കുകള്‍ക്ക് എത്ര സാര്‍വ്വലൗകികമായ തലമാണുളളതെന്ന് ഓര്‍മ്മപ്പെടുത്തുന്നു ടുഡേ.

ഫിലിമിസ്ഥാന്‍
ഇന്ത്യ/2012

    നിതിന്‍ കക്കറുടെ ഫിലിമിസ്ഥാന്‍. ദേശീയഗാനം പാടാതെ ഭാരതമാതാവിനെ വിളിക്കാതെ നിറയെ ദേശസ്‌നേഹം പകര്‍ന്നുതരുന്ന സിനിമ. ഹിന്ദുസ്ഥാന്‍, പാക്കിസ്ഥാന്‍, ഫിലിമിസ്ഥാന്‍ അങ്ങനെയൊരു ത്രിമാനമാനം ഈ സിനിമയ്ക്ക് നല്‍കാനാണ് തോന്നുന്നത്. ദേശസ്‌നേഹം വിളിച്ചോതുന്ന എത്ര സിനിമകളാണ് നമ്മള്‍ കണ്ടുകൂട്ടിയത്. മാനത്തുയര്‍ന്നു പറക്കുന്ന ദേശീയപതാക നോക്കി നമ്മളും വികാരം കൊണ്ട് തീയറ്ററില്‍ നിന്നിറങ്ങുന്ന ദേശസ്‌നേഹികളായി; പിന്നെ പഴയ കണക്കും. 
   ഫിലിമിസ്ഥാന്‍ ഇത്തരത്തിലൊന്നുമല്ല വ്യത്യസ്തമാകുന്നത്. ഒരു ഫെസ്റ്റിവല്‍ സിനിമയ്ക്കപ്പുറം നില്‍ക്കുമിത്. തീയറ്ററില്‍ റിലീസ് ചെയ്താലും വലിയൊരു വിജയത്തിലെത്തുന്നൊരു തലമുണ്ടിതിന്. ഹിന്ദി വിജയചിത്രങ്ങളുടെ ഫോര്‍മുലയിലും കച്ചവടത്തിലും നിന്ന് സിനിമയ്‌ക്കൊപ്പം സഞ്ചരിക്കുന്നൊരനുഭവം വലുതാണ്. പ്രധാന കഥാപാത്രമായ സണ്ണിയുടെ കൂടെ നമ്മള്‍ പാക്കിസ്ഥാനിലേക്കും തിരികെ ഇന്ത്യയിലേക്കും യാത്ര ചെയ്യും. അതിര്‍ത്തിഗ്രാമത്തിലെ ജീവിതത്തില്‍ ഒപ്പം കൂടും. ഒടുവില്‍ സണ്ണിയെപ്പോലെ നമ്മളും പറയും- പാക്കിസ്ഥാനികള്‍ നല്ലതെന്ന്. അവര്‍ തിരിച്ചും പറയും ഇന്ത്യക്കാരന്‍ എന്റെ സഹോദരനാണ്. അങ്ങനെ നമ്മള്‍ സഹോദരങ്ങളാകും.
    ഇന്ത്യയും പാക്കിസ്ഥാനും ഒരേ സംസ്‌ക്കാരത്തിന്റെ തുടര്‍ച്ചകളാണെന്നും സഹവര്‍ത്തിത്വത്തിന്റേതല്ലാതെ ഒരു പാതയും നമുക്ക് വേണ്ടെന്നും നമുക്ക് വിനിമയം ചെയ്യാനുളളത് ഒരേ ആശയവും വികാരവുമാണെന്നും ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഹിന്ദുസ്ഥാനും പാക്കിസ്ഥാനുമിടയ്ക്ക് നൂലിഴ പോലുമില്ലാതെ ഒന്നാകുന്നൊരു കാഴ്ചയും അവസ്ഥയും സംജാതമാകുന്നു.

ഐ ഡി 
ഇന്ത്യ/2012 



നമ്മളിലേക്കു തന്നെയുള്ള ഒരു നോട്ടമാണ് ഐ ഡി. പശ്ചാത്തലം മുംബൈ നഗരവും. ആള്‍ക്കൂട്ടത്തിനിടയില്‍ മുഖം നഷ്ടപ്പെട്ടുപോകുന്ന ഓരോ നഗരജീവിയുടേയും പ്രതിനിദാനമാകുന്നു സിനിമ. പ്രധാന കഥാപാത്രമായ ചാരുവിന്റെ വീട്ടില്‍ പെയിന്റിംഗ് ജോലിക്ക് വരുന്ന മനുഷ്യന്‍ മരിച്ചുപോകുന്നു. തിരിച്ചറിയാനുള്ള ഉപാധികളൊന്നും തന്നെ ശേഷിപ്പിക്കാതെ മരിക്കുന്ന ഇയാളെ കണ്ടെത്താനുള്ള ശ്രമമാണ് പിന്നീട്. ശ്രമം പരാജയപ്പെട്ടുപോകുന്ന കാവ്യനീതി ആ സത്യം കൂടി വെളിവാക്കുന്നു. ഒരു മുഖത്തിന്റെ, മനുഷ്യന്റെ പ്രസക്തി അയാളുമായി ഏറ്റവുമടുത്ത ഇടങ്ങളും വ്യക്തികളുമാണ്. നഗരത്തില്‍ ആര്‍ക്കും മുഖമില്ല. അവിടെ തിരിച്ചറിയപ്പെടാതെ അനാഥമാക്കപ്പെട്ട് പോകുന്ന ജീവിതം ഏതുകാലത്തും പ്രസക്തമാണ്. സാഹിത്യത്തിലും സിനിമയിലും ഏറെ പറഞ്ഞിട്ടുമുണ്ടിത്. മനുഷ്യനുള്ളിടത്തോളം ഈ സമസ്യ തീരാത്തതുകൊണ്ട് ഇനിയും പറയപ്പെടുകയും ചെയ്യും. 
സിനിമ വ്യത്യസ്തമാകുന്ന ചില കാര്യങ്ങളില്‍ ആദ്യത്തേത് ഗീതാഞ്ജലി താപ്പ അവതരിപ്പിച്ച നായികാ കഥാപാത്രത്തിന്റെ അഭിനയമികവ് തന്നെയാകും. മുംബൈ ചേരിപ്രദേശങ്ങളും നഗരജീവിതവും തിരക്കും ആവിഷ്‌കരിച്ചിരിക്കുന്നതിലെ കമാലിന്റെ മിടുക്ക്, റസൂല്‍ പൂക്കുട്ടിയുടെ ശബ്ദമിശ്രണ മികവ് ഐ ഡി ക്ക് ഐഡന്റിറ്റി നല്‍കുന്നുണ്ട്. പ്രത്യേകിച്ച് മുംബൈ നഗരത്തിന്റെ തിരക്കിനെ ഏറ്റവുമധികം എടുത്തുകാണിക്കുന്ന ട്രെയിനുകളുടെ ശബ്ദവും തിരക്കും ചേരിജീവിതത്തിന്റെ ശബ്ദായമാന അന്തരീക്ഷവും കേള്‍പ്പിക്കുന്നതില്‍ കാണിച്ച ശ്രദ്ധ. പിന്നെ അവയെല്ലാം പകര്‍ത്തിയെടുത്ത മധു നീലകണ്ഠന്റെ ക്യാമറയും.

ഹോളി മോട്ടോര്‍സ്
 ഫ്രാന്‍സ്-ജര്‍മ്മനി/2012


    യഥാര്‍ഥ, അയഥാര്‍ഥങ്ങള്‍ക്കിടയില്‍പ്പെട്ട് തിരിച്ചറിയപ്പെടാതെ പോകുന്ന കഥാപാത്രവും നമ്മളും. അതാണ് ഹോളി മോട്ടോര്‍സ്. മോണ്‍ഷ്യര്‍ ഓസ്‌കാര്‍- കൊലയാളി, യാചകന്‍, കമ്പനി മേധാവി, രാക്ഷസന്‍, തൊഴിലാളി, കുടുംബസ്ഥന്‍ എന്നിങ്ങനെ വ്യത്യസ്ത വേഷങ്ങള്‍ കെട്ടുന്നു. ഒറ്റ ദിവസത്തില്‍ ഇത്രയും വേഷങ്ങളിലൂടെ കടന്നുപോകേണ്ടി വരുമ്പോള്‍ എവിടെത്തുടങ്ങി അവസാനിക്കുന്നു ഇവ എന്ന് ആശങ്ക തോന്നും; ഏതാണ് യഥാര്‍ഥ വേഷം എന്നതും. 
   ഭൂതകാലവും സ്ത്രീകളും ഇരകളും അടയാളങ്ങളുമെല്ലാം തേടിച്ചെല്ലുന്നുണ്ട് മോണ്‍ഷ്യര്‍. സമര്‍ഥനായ കൊലയാളിയാണ് അയാള്‍. തോക്കിനിരയാകുന്നുണ്ട്, പിന്നെയും അടുത്ത വേഷത്തിലേക്ക് സമയനിഷ്ഠ പാലിച്ച് കടന്നുചെല്ലുകയും. മാറ്റപ്പെടുകയും പുതിയതായിത്തീരുകയും ചെയ്യുന്ന സാക്ഷ്യപ്പെടുത്തലിന് നിദര്‍ശകമാക്കുകയാണ് സംവിധായകന്‍ തേടുന്ന വഴി. ഭ്രമാത്മകത എന്ന വാക്കിന്റെ അറ്റത്തോളമെത്തുന്ന ഭ്രമാത്മകത സിനിമയില്‍ അനുഭവിക്കാം.
   കാറുകള്‍/യന്ത്രങ്ങള്‍ സംസാരിക്കുന്ന/ഭരിക്കുന്ന ഒരു കാലത്തെ അടയാളപ്പെടുത്തിവെയ്ക്കുന്ന സിനിമയ്ക്കന്ത്യഭാഗത്തെ സീന്‍ വരുംകാലത്തേക്കുളള നോട്ടം കൂടിയാകുന്നു. ഡെനിസ് ലാവന്റ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ വേഷപ്പകര്‍ച്ചകള്‍ ഹോളി മോട്ടോര്‍സിന്റെ ഹൈലൈറ്റ് ആണ്.

ക്ലാന്‍ഡസ്റ്റൈന്‍ ചൈല്‍ഡ്ഹുഡ്
അര്‍ജന്റിന/2011

   സിനിമയിലൂടെ സംവിധായകനായ ബെഞ്ചമിന്‍ ആവില സ്വന്തം കുട്ടിക്കാലത്തെക്കൂടിയാണ് പറഞ്ഞുപോകുന്നത്. സൈനിക സ്വേച്ഛാധിപത്യഭരണം നിലനിന്നിരുന്ന 1979-ലെ അര്‍ജന്റിനയാണ് പ്രതിപാദ്യമാകുന്നത്. ജുവാന്‍, ഏര്‍ണസ്റ്റോ എന്നിങ്ങനെ ദ്വിമുഖങ്ങളില്‍ ജീവിക്കേണ്ടിവരുന്ന അഞ്ചാംക്ലാസ്സുകാരന്റെ പ്രതിസന്ധികള്‍ സിനിമ കാണിച്ചുതരുന്നു.
   ജുവാന്റെ മാതാപിതാക്കള്‍ സൈനിക ഭരണകൂടത്തോട് എതിരിടുന്നവരാണ്. കൂട്ടുകാരേയും പ്രണയിനിയേയും വീടിനേയും എല്ലാം വേണമവന്. ഇതിന്റെയെല്ലാം സംഘര്‍ഷത്തിലകപ്പെടുകയും നഷ്ടമാകുകയും ചെയ്യുമ്പോള്‍ കുട്ടിത്തത്തിനും മനുഷ്യന്റെ പ്രച്ഛന്നവേഷങ്ങള്‍ക്കും ഇടയില്‍പ്പെട്ടുപോകുന്നു ജുവാന്‍. 
   1979 കാലത്തിലൂടെ മാത്രമാണ് സിനിമ സഞ്ചരിക്കുന്നത്. അത് ഏറ്റവും മികച്ചതായി കൊണ്ടുവരാന്‍ ആവിലയ്ക്ക് കഴിയുന്നിടത്താണ് രണ്ടു മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുളള സിനിമ ആസ്വാദ്യവും സംവേദനക്ഷമവുമാകുന്നത്.

ലൗ ലൈക്ക് പോയിസണ്‍
ഫ്രാന്‍സ്/2010

   മതവിശ്വാസങ്ങള്‍ക്കും കൗമാരത്തിലെ ആശങ്കകള്‍ക്കും ലൈംഗിക ചോദനകള്‍ക്കുമിടയില്‍ പെട്ടുപോകുന്ന പതിന്നാലുകാരി അന്നയെ കേന്ദ്രമാക്കുന്നു ലൗ ലൈക്ക് പോയിസണ്‍. ബോര്‍ഡിംഗ് സ്‌കൂളില്‍ നിന്നും അവധിക്കാലം ചെലവഴിക്കാന്‍ വീട്ടിലെത്തുന്ന അന്നയ്ക്ക് അച്ഛനമ്മമാരുടെ അകല്‍ച്ചയും മതവുമെല്ലാം സമ്മര്‍ദ്ദമുണ്ടാക്കുന്നു. 
   കൗമാരക്കാരിയിലൂടെ കഥ പറഞ്ഞുപോകുമ്പോള്‍ കാണുന്ന നിറങ്ങളും പുതുക്കവുമെല്ലാം സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ പ്രകൃതിയും യാത്രയുമെല്ലാം കഥാപാത്രങ്ങളാകുന്നു. പുതുമകളും പുതിയ കാര്യങ്ങള്‍ അറിയാനുളള വാഞ്ചയുമെല്ലാം ഏതൊരു കൗമാരക്കാരിയേയും പോലെ അന്നയേയും തേടിയെത്തുന്നുണ്ട്.
   കൗമാരജീവിതത്തെ പ്രമേയമാക്കി ഫ്രാന്‍സില്‍ പുറത്തുവന്ന ഒരു കൂട്ടം സിനിമകളിലൊന്നാണ് ലൗ ലൈക്ക് പോയിസണ്‍. കേവലമായ ജീവിതചിത്രണങ്ങള്‍ക്കപ്പുറം മനസ്സിന്റെ തലങ്ങളിലേക്കുകൂടി സഞ്ചരിക്കുന്നുണ്ടെന്നത് ഈ സിനിമയെ വേറിട്ടുനിര്‍ത്തുന്നു.