സിനിമ സംസാരിച്ച ഏഴു ദിവസങ്ങൾ
(23-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള അവലോകനം)
നഷ്ടബോധവും വേർപാടും തളർത്തിയ ജീവിതങ്ങൾക്ക് കലയിലൂടെ അതിജീവന സന്ദേശം പകർന്ന് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 23ാം പതിപ്പിന് തിരുവനന്തപുരത്ത് കൊടിയിറങ്ങി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ പൊലിമ കുറച്ചാണ് മേള നടത്തിയതെങ്കിലും ലോകസിനിമയിലെ ഏറ്റവും പുതിയ മാറ്റങ്ങളും പ്രവണതകളും തിരിച്ചറിയാൻ എണ്ണായിരത്തിലേറെ ചലച്ചിത്ര പ്രേമികളാണ് നഗരത്തിലെത്തിയത്.
പ്രളയക്കെടുതിയുടെയും പുനർനിർമ്മാണത്തിന്റെയും പശ്ചാത്തലത്തിൽ സർക്കാർ ഫണ്ടില്ലാതെ ഡെലിഗേറ്റ് ഫീസും സ്‌പോൺസർഷിപ്പും കൊണ്ടു മാത്രമായിരുന്നു ചലച്ചിത്ര അക്കാഡമി ഇത്തവണ മേള നടത്തിയത്. ആഘോഷങ്ങളും ആർഭാടങ്ങളും വേണ്ടെന്നുവച്ചെങ്കിലും തിയേറ്ററിനകത്തെ കാഴ്ചവൈവിദ്ധ്യങ്ങൾക്ക് ഇത് പരിമിതിയായില്ല. മികച്ച ഒട്ടേറെ ചിത്രങ്ങളുടെ പ്രദർശനം കൊണ്ടാണ് മേള ശ്രദ്ധേയമായത്.
പ്രളയം കവർന്നെടുത്ത നാടിന്റെ വേദനയോട് ചേർന്നു നിന്ന് പുനർനിർമ്മാണത്തിന്റെ ഓർമ്മപ്പെടുത്തലുമായുള്ള
സിഗ്‌നേച്ചർ ഫിലിമോടെയാണ് ഡിസംബർ ഏഴിന് മേളയുടെ ആദ്യപ്രദർശനത്തിന് സ്‌ക്രീനിൽ നിറങ്ങൾ തെളിഞ്ഞത്. മനോബലത്തിന്റെയും ഒരുമയുടെയും പിൻബലത്തിൽ മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിനുള്ള ആദരവായിരുന്നു മേളയുടെ സിഗ്‌നേച്ചർ ഫിലിം. പരസ്പരം കൈകൾ കോർത്ത് മഹാപ്രളയത്തെ അതിജീവിച്ച അതേ ഒരുമയോടെ ഇനി പുനർനിർമ്മാണത്തിനായി കൈ കോർക്കാം എന്ന് ഓർമ്മപ്പെടുത്തിയ സിഗ്‌നേച്ചർ ഫിലിം നിറഞ്ഞ കരഘോഷത്തോടെയാണ് ഡെലിഗേറ്റുകൾ ഏറ്റെടുത്തത്.
ഡിസംബർ 13 വരെ നഗരങ്ങളിലെ 13 തിയേറ്ററുകളിലായിട്ടായിരുന്നു മേള. സർക്കാർ തിയേറ്ററുകൾക്കു പുറമെ സ്വകാര്യ തിയേറ്ററുകൾ പകുതി വാടക മാത്രം ഈടാക്കിയായിരുന്നു ഇത്തവണ മേളയ്ക്ക് വിട്ടുകൊടുത്തത്.
മികച്ച സിനിമകളുടെ മേള
ആറു ഭൂഖണ്ഡങ്ങളിലെ 72 രാജ്യങ്ങളിൽ നിന്നുള്ള 163 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ 'എവരിബഡി നോസ്' ആയിരുന്നു ഉദ്ഘാടന ചിത്രം. കാൻ മേളയുടെ ഉദ്ഘാടന ചിത്രമായിരുന്ന എവരിബഡി നോസിന്റെ ആദ്യ ഇന്ത്യൻ പ്രദർശനമായിരുന്നു ഇത്.
ലോകസിനിമാ വിഭാഗത്തിൽ 92 ചിത്രങ്ങളും മത്സര വിഭാഗത്തിൽ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക വൻകരകളിൽ നിന്നായി 14 ചിത്രങ്ങളും പ്രദർശിപ്പിച്ചു. ഈ.മ.യൗ, സുഡാനി ഫ്രം നൈജീരിയ' എന്നീ ചിത്രങ്ങളാണ് മലയാളത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനുണ്ടായിരുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാൻ പ്രചോദനമാകുന്ന അഞ്ച് ചിത്രങ്ങളടങ്ങിയ 'ദ ഹ്യുമൻ സ്പിരിറ്റ്: ഫിലിംസ് ഓൺ ഹോപ്പ് ആന്റ് റീബിൽഡിംഗ്' ഉൾപ്പെടെ 11 വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്.
തിരഞ്ഞെടുത്തു കാണാൻ ഒട്ടേറെ സിനിമകളുണ്ടായിരുന്ന മേളയിൽ ലോക സിനിമാവിഭാഗത്തിൽ പ്രദർശിപ്പിച്ച നാദീൻ ലബാക്കിയുടെ ലെബനീസ് ചിത്രം 'കേപർനോം' ആണ് കാണികളുടെ പ്രിയ ചിത്രമായത്. ലോകസിനിമാ വിഭാഗത്തിൽ ആയിരുന്നു കാപർനോമിന്റെ പ്രദർശനം. ആകെയുണ്ടായിരുന്ന മൂന്നു പ്രദർശനത്തിനു ശേഷവും ഡെലിഗേറ്റുകളുടെ ആവശ്യപ്രകാരം മേളയിലെ ഏറ്റവും വലിയ തിയേറ്ററായ നിശാഗന്ധിയിൽ പ്രത്യേക പ്രദർശനമൊരുക്കിയത് 'കാപർനോമി'ന്റെ മികവിന് തെളിവായി. ജാപ്പനീസ് ചിത്രം 'ഷോപ്പ് ലിഫ്റ്റേഴ്സും' അലി അബ്ബാസിയുടെ സ്വീഡിഷ് ചിത്രം 'ബോർഡറു'മാണ് മേളയിൽ കാപർനോമിനെ പോലെ വലിയൊരു വിഭാഗം കാണികളുടെയും പ്രീതി നേടിയെടുത്ത മറ്റു ചിത്രങ്ങൾ.
ഐ.എഫ്.എഫ്.കെ പ്രേക്ഷകരുടെ ഇഷ്ട പാക്കേജുകളായ ഇറാൻ സിനിമകളും കിം കി ഡുക്കിന്റെ സിനിമയും ഇത്തവണയും മേളയെ ആകർഷകമാക്കി. കാൻ മേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ ജാഫർ പനാഹിയുടെ ത്രീ ഫേസസും ബെർലിൻ മേളയിൽ പ്രത്യേക ജൂറി പരാമർശം നേടിയ ഡ്രസേജ് എന്ന ചിത്രവും ഇറാൻ ചിത്രങ്ങളിലെ ആകർഷണമായി മേളയിലുണ്ടായിരുന്നു. റോഹോല്ലാ ഹെഹാസി സംവിധാനം ചെയ്ത ഡാർക്ക് റൂം, മുസ്തഫ സെറിയുടെ ദ ഗ്രേവ്‌ലെസ്, ബെഹ്മാൻ ഫർമനാരയുടെ ടെയ്ൽ ഓഫ് ദ സീ എന്നിവയാണ് മേളയിൽ പ്രദർശിപ്പിച്ച മറ്റ് ഇറാനിയൻ ചിത്രങ്ങൾ.
ഇറാനു പുറമെ തുർക്കി,പാലസ്തീൻ, ഈജിപ്ത്, കിർഗിസ്ഥാൻ തുടങ്ങി മദ്ധ്യ,പൂർവ്വേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളും പതിവു പോലെ പ്രേക്ഷകപ്രീതി നേടി. കിർഗിസ്ഥാൻ ചിത്രങ്ങളായ സുലൈമാൻ മൗണ്ടെൻ,നൈറ്റ് ആക്സിഡന്റ്, തുർക്കിയിൽ നിന്നുള്ള ്ര്രെഡബ്, അനൗൺസ്‌മെന്റ്, പാലസ്തീൻ ചിത്രം സ്‌ക്രൂ ഡ്രൈവർ തുടങ്ങിയ മദ്ധ്യ,പൂർവ്വേഷ്യൻ ചിത്രങ്ങൾ സജീവ ചർച്ചയായി.
മനുഷ്യനിലെ മൃഗീയതയും അതിന്റെ ഭാവിയും വിഷയമാകുന്ന കിം കി ഡുക്ക് ചിത്രം 'ഹ്യൂമൻ, സ്‌പേസ്, ടൈം ആൻഡ് ഹ്യൂമൻ' ആണ് ആളെക്കൂട്ടിയ മറ്റൊരു സിനിമ. ലോകസിനിമാ വിഭാഗത്തിലാണ് ഡുക്ക് സംവിധാനം ചെയ്ത 23ാമത് ചിത്രമായ 'ഹ്യൂമൻ, സ്‌പേസ്, ടൈം ആന്റ് ഹ്യൂമൻ' പ്രദർശിപ്പിച്ചത്. മോബിയസ്, പിയാത്തെ തുടങ്ങിയ ഡുക് ചിത്രങ്ങളുടെ രൂപപരമായ തുടർച്ചയായ ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെയാണ് കാണികൾ സ്വീകരിച്ചത്.
2009ലെ മേളയിൽ ലൈംഗികതയുടെയും ഹിംസയുടെയും അതിഭീതിദമായ ആവിഷ്‌കാരം കൊണ്ട് ശ്രദ്ധയും വിമർശനവും നേടിയ 'ആന്റിക്രൈസ്റ്റ്' എന്ന ചിത്രത്തിനു ശേഷം ഡാനിഷ് സംവിധായകൻ ലാർസ് വോൺട്രയരുടെ 'ദി ഹൗസ് ദാറ്റ് ജാക്ക് ബ്വിൽറ്റ്' എന്ന ചിത്രം സജീവചർച്ചയായതും ശ്രദ്ധേയമായി.
ലോകസിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ഡോഗ് മാൻ, ബ്ലാക്ക് ക്ലാസ്മാൻ, മിഡ്‌നൈറ്റ് റണ്ണർ, ജമ്പ്മാൻ, തുംബാദ്, വുമൺ അറ്റ് വാർ, എവരിബഡി നോസ്, ദി ഹൗസ് ഒഫ് മൈ ഫാദേഴ്സ്, മാന്ററേ, വുമൺ അറ്റ് വാർ, വൈൽഡ് പിയർ ട്രീ തുടങ്ങിയ സിനിമകളും പ്രേക്ഷകരെ ആകർഷിച്ചു.
മത്സരവിഭാഗത്തിൽ കിർഗിസ്ഥാൻ ചിത്രം നൈറ്റ് ആക്സിഡന്റ്, ഈജിപ്ഷ്യൻ ചിത്രം പോയ്സണസ് റോസസ്, അർജന്റീനിയൻ ചിത്രം ദി ബെഡ്, സ്പാനിഷ് ചിത്രം എൽ ഏഞ്ചൽ, ഇറാൻ ചിത്രം ദി ഡാർക്ക് റൂം, ഭൂട്ടാൻ ചിത്രം ദി റെഡ് ഫാലസ്, കൊളംബിയൻ ചിത്രം 'ദി സൈലൻസ്, ഇന്ത്യൻ ചിത്രം 'ടേക്കിംഗ് ദ ഹോഴ്സ് ടു ഈറ്റ് ജിലേബീസ്' എന്നിവയാണ് കൈയടി നേടിയത്.
മത്സര വിഭാഗത്തിൽ ഉൾപ്പെടെ പ്രദർശിപ്പിച്ച മലയാള ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ഇക്കുറി മേളയിൽ ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, വിപിൻ രാധാകൃഷ്ണന്റെ ആവേ മരിയ, ബിനു ഭാസ്‌കറിന്റെ കോട്ടയം, ഉണ്ണിക്കൃഷ്ണൻ ആവളയുടെ ഉടലാഴം, ഗൗതം സൂര്യ,സുദീപ് ഇളമൺ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സ്ലീപ്ലെസ്ലി യുവേഴ്സ തുടങ്ങിയ ചിത്രങ്ങളാണ് മലയാളത്തിന്റെ അഭിമാനമായത്. ചലച്ചിത്ര മേളയിൽ കാണികളെ ആകർഷിച്ച ചില സിനിമകളിലൂടെ
കാപർനോം
നാദിൻ ലെബാക്കിയുടെ കാപർനോം ആണ് 23ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഏറ്റവുമധികം പേരെ ആകർഷിച്ച ചിത്രം. അനധികൃത കുടിയേറ്റക്കാരായ കുടുംബത്തിൽ നിന്നുള്ള സെയിൻ എന്ന ബാലനിൽ കേന്ദ്രീകരിച്ച് കാപർനോം സഞ്ചരിക്കുന്നത് ലെബനിലെ അനധികൃത കുടിയേറ്റക്കാരുടെ യാതനകളിലേക്കാണ്. സിറിയൻ യുദ്ധത്തിനു ശേഷം കുടിയേറിപ്പാർത്ത അനധികൃത അഭയാർഥി ജീവിതമാണ് കാപർനോം ചർച്ചചെയ്യുന്നത്. രണ്ടു കുട്ടികളിലൂടെ കഥ പറയുന്നതിലൂടെയാണ് കാപർനോം കാണികളുടെ ഉള്ളിൽ ചെന്നു തൊടുന്നത്. സിനിമയുടെ ഏറ്റവും വലിയ അത്ഭുതവും ഈ പന്ത്രണ്ട് വയസ്സുകാരനെയും രണ്ട് വയസ്സുകാരനെയും വച്ച് സംവിധായിക കഥ പറഞ്ഞുവെന്നതാണ്. സെയിനിനെ അവതരിപ്പിച്ചത് സെയിൻ അൽ റഫീ എന്ന യഥാർഥ അഭയാർഥി ബാലൻ തന്നെയാണ്. ലോകത്തെ വലിയൊരു വിഭാഗം ജനം നേരിടുന്ന ജീവിത യാഥാർത്ഥ്യങ്ങളെ വിളിച്ചോതിക്കൊണ്ട് പല തരത്തിലുള്ള രാഷ്ട്രീയം പറയുന്ന സിനിമയാണ് കാപർനോം.
ദി ഡാർക്ക് റൂം
ഇറാനിയൽ ചിത്രം ഡാർക്ക് റൂം ഏതു ദേശത്തും പ്രസക്തമായ കുടുംബജീവിതത്തിലെ പ്രതിസന്ധികളെ തീക്ഷ്ണമായി ആവിഷ്‌കരിച്ചാണ് ശ്രദ്ധ നേടുന്നത്. ഭാര്യാഭർത്താക്കന്മരായ ഫർഹദും ഹലേയും അഞ്ചുവയസ്സുള്ള മകൻ അമിറുമാണ് സിനിമയിലെ കഥാപാത്രങ്ങൾ. ഒരു ദിവസം കുട്ടിയെ കാണാതാകുന്നു.പിന്നീട് കണ്ടെത്തുമ്പോൾ താൻ നഗ്നനാക്കപ്പെട്ടതായി കുട്ടി അച്ഛനോട് പറയുന്നു. മകൻ പീഡനത്തിനിരയായി എന്ന ചിന്ത കുടുംബത്തെ ഉലയ്ക്കുന്നു. കുടുംബത്തിനുള്ളിലെ നീറുന്ന വേദനയെ അതിശക്തമായി സംവദിപ്പിക്കാൻ റൗഹള്ള ഹെജാസി കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്ത ചിത്രത്തിനാകുന്നുണ്ട്. ശക്തമായ സ്ത്രീകഥാപാത്രങ്ങൾ ഉണ്ടാകാറുള്ള ഇറാനിയൻ സിനിമകളുടെ പതിവ് ഡാർക്ക് റൂമിലും വ്യത്യസ്തമാകുന്നില്ല. ഹലേ എന്ന കഥാപാത്രമാണ് ചിത്രത്തിന്റെ കരുത്ത്. സൂചനകളിലൂടെയും ബിംബങ്ങളിലൂടെയും കാഴ്ചക്കാരന്റെ ശ്രദ്ധയാകർഷിക്കാൻ സിനിമയുടെ ദൃശ്യപരിചരണത്തിനാകുന്നുവെന്നതാണ് ഡാർക്ക് റൂമിന് ലോക നിലവാരം കൈവരുത്തുന്നത്.
ഷോപ് ലിഫ്‌റ്റേഴ്സ്
ഏതൊരു ദേശത്തിനും പുറം ലോകത്തിനു മുന്നിലേക്ക് തുറന്നുപിടിച്ച പളപളപ്പുള്ള ഒരു മുഖവും മറുവശത്ത് കൊടുംയാതനകളാൽ നട്ടംതിരിയുന്ന സാധാരണ മനുഷ്യന്റെ മറ്റൊരു മുഖവുമുണ്ടായിരിക്കും. നമുക്കത്ര പരിചിതമല്ലാത്ത ജാപ്പാനീസ് ജനതയുടെ ദരിദ്ര മുഖത്തിലേക്കാണ് ഹിരോകാസു കൊരീദ സംവിധാനം ചെയ്ത ഷോപ് ലിഫ്‌റ്റേഴ്സ് ക്യാമറ വയ്ക്കുന്നത്. ജപ്പാനിൽ നിന്ന് അടുത്തിടെയുണ്ടായ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് ഷോപ് ലിഫ്‌റ്റേഴ്സ്. വിശപ്പടക്കാൻ വേണ്ടി മോഷണം നടത്തുന്ന അഞ്ചംഗ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടുനീങ്ങുന്നത്. മനുഷ്യ ബന്ധങ്ങളുടെ അന്തസത്ത വിചാരണ ചെയ്യുന്ന ഷോപ് ലിഫ്‌റ്റേഴ്സ് പതിവ് ജപ്പാൻ ചിത്രങ്ങളുടെ പ്രമേയ പരിസരത്തിൽ നിന്ന് ഏറെ അകലം പാലിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് ഈ ചിത്രം ദേശാതിവർത്തിയാകുന്നതും.
ദി ഹൗസ് ദാറ്റ് ജാക്ക് ബ്വിൽറ്റ്
ആന്റിക്രൈസ്റ്റ് എന്ന ചിത്രത്തോടെയാണ് ഡാനിഷ് സംവിധായകൻ ലാർസ് വോൺട്രയറുടെ പേര് ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികൾ മനസ്സിൽ കുറിച്ചിടുന്നത്. ആന്റികൈസ്റ്റിലെ ലൈംഗികതയുടെയും ഹിംസയുടെയും അതിഭീതിദമായ ആവിഷ്‌കാരം അതുവരെയുള്ള കാഴ്ചശീലങ്ങളെ കീഴ്‌മേൽ മറിക്കുന്നതായിരുന്നു. ആന്റിക്രൈസ്റ്റിന്റെ ആസ്വാദനം ഉണ്ടാക്കിയ ഭീതിയും ആഘാതവും പതിറ്റാണ്ടിനിപ്പുറവും കാണികളിൽ ശേഷിക്കുന്നുണ്ട്. ആന്റിക്രൈസ്റ്റ് ഉണ്ടാക്കിയ പ്രശസ്തിക്കും വിവാദങ്ങൾക്കും ശേഷം മെങ്കോളിയ, നിംഫോമാനിയാക് എന്നീ ചിത്രങ്ങളുമായാണ് വോൺട്രയർ എത്തിയത്. വോൺട്രയർ വീണ്ടും സജീവചർച്ചയാകുന്നത് പുതിയ ചിത്രമായ 'ദി ഹൗസ് ദാറ്റ് ജാക്ക് ബ്വിൽറ്റ്' ഉണ്ടാക്കിയ ഭീതിദാനുഭവം കൊണ്ടാണ്. കാൻ മേളയിലും ഗോവയിലും അംഗീകാരങ്ങൾക്കൊപ്പം വിവാദവുമുണ്ടാക്കിയ ചിത്രം ഐ.എഫ്.എഫ്.കെയിലും അതേ അനുഭവമാണ് ഉണ്ടാക്കിയത്. ആഖ്യാനത്തിലെ മികവും പരീക്ഷണവും കൊണ്ട് കൈയടി നേടുമ്പോഴും അമിതമായ വയലൻസ് കാരണം ചിത്രം തുടർന്നു കണ്ടിരിക്കാനാകാതെ കാണികൾ എഴുന്നേറ്റു പോകുന്നത് കാനിലെയും ഗോവയിലെയും പോലെ തിരുവനന്തപുരത്തെയും കാഴ്ചയായിരുന്നു.
20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലണ്ടനിൽ ജീവിച്ചിരുന്ന കുപ്രസിദ്ധ സീരിയൽ കില്ലറായ റിപ്പർ ജാക്കിന്റെ ജീവിതമാണ് 'ദി ഹൗസ് ദാറ്റ് ജാക്ക് ബ്വിൽറ്റി'ൽ വോൺട്രയർ ആവിഷ്‌കരിച്ചിരിക്കുന്നത്. ആർക്കിടെക്ടായിരുന്ന ജാക്ക് പിന്നീട് മനുഷ്യശരീരംകൊണ്ടാണ് വീടുകൾ പണിയുന്നത്. വയലൻസിനെ സർഗാത്മകമായി ആവിഷ്‌കരിക്കാനുള്ള വോൺട്രയറിന്റെ ശേഷി തന്നെയാണ് പുതിയ ചിത്രത്തിലും വിജയം കാണുന്നത്. ചരിത്രത്തിൽ സംഭവിച്ചിട്ടുള്ള വലിയ മനുഷ്യക്കുരുതികളെ പരാമർശിച്ചുപോകുന്ന ചിത്രം ഫാന്റസിയും ചിത്രകലയിലേക്കുമെല്ലാം കടന്നുചെല്ലുന്നുണ്ട്. അഞ്ച് സംഭവങ്ങളിലായി കൊലപാതകങ്ങൾ വിശദീകരിക്കുന്ന ചിത്രം അസാധാരണമായ കാഴ്ചാനുഭവമാണ് കാണികൾക്ക് സമ്മാനിക്കുന്നത്.
ടേക്കിംഗ് ദ ഹോഴ്സ് ടു ഈറ്റ് ജിലേബീസ്
യഥാർത്ഥ ഇന്ത്യനും ഇന്ത്യയും എങ്ങനെ ജീവിക്കുന്നു എന്ന യാഥാർഥ്യം പൗരാണിക ഡൽഹിയുടെ ചരിത്രവും പുതിയ ഡൽഹിയിലെ തെരുവുകളും ഇഴചേർത്ത് പറയുകയാണ് 'ടേക്കിംഗ് ദ ഹോഴ്സ് ടു ഈറ്റ് ജിലേബീസ്' എന്ന ഹിന്ദി ചിത്രത്തിലൂടെ. അനാമിക ഹസ്‌കർ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ നാലോ അഞ്ചോ താരങ്ങളെ ഒഴിവാക്കിയാൽ കാസ്റ്റിംഗ് പൂർണമായി ഡൽഹി നഗരപ്രാന്ത പ്രദേശങ്ങളിൽ ജീവിക്കുന്ന മനുഷ്യരാണ്. പല നാടുകളിൽ നിന്നും ഡൽഹിയിലെ ചേരികളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ചെറിയ ജോലി ചെയ്ത് ജീവിക്കുന്നവരാണ് സിനിമയിലെ കഥാപാത്രങ്ങൾ. ഡൽഹിയുടെ ചരിത്രവും ഫാന്റസിയും ആക്ഷേപഹാസ്യവും കലർത്തിയുള്ള ആഖ്യാനമാണ് രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന്റേത്.
വിഡോ ഓഫ് സൈലൻസ്
ഇന്ത്യൻ ഭരണകൂട വ്യവസ്ഥിതിയും നിയമവും സാധാരണ പൗരനോട് എങ്ങനെ പെരുമാറുന്നുവെന്ന് ചിന്തിപ്പിക്കുകയാണ് 'വിഡോ ഓഫ് സൈലൻസ്'. പ്രശ്നമുഖരിതമായ കാശ്മീരിലെ വിധവയായ മുസ്ലിം സ്ത്രീ, ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റിനായി സർക്കാരിനെ സമീപിക്കുമ്പോൾ നേരിടുന്ന പ്രതിസന്ധികളാണ് വിഡോ ഓഫ് സൈലൻസ് ചർച്ച ചെയ്യുന്നത്. വിധവയായ സ്ത്രീ, അവരുടെ മകൾ, പ്രായമായ അമ്മ എന്നീ മൂന്നു സ്ത്രീകഥാപാത്രങ്ങളിലൂടെ അധികാര സ്ഥാപനങ്ങളുടെ നിലനില്പിനെയും സത്യസന്ധതയെയും ചോദ്യം ചെയ്യുന്നുണ്ട് സിനിമയിൽ. കാശ്മീർ ജനത നേരിടുന്ന പ്രതിസന്ധികളിലേക്കും സ്വത്വ പ്രശ്നങ്ങളിലേക്കും അതിർത്തി രാഷ്ട്രീയ വിഷയങ്ങളും പ്രേക്ഷകർക്ക് മുന്നിൽ തുറന്നുകാട്ടാനും സംവിധായകൻ പ്രവീൺ മോർച്ചാലെ വഡോ ഓഫ് സൈലൻസിലൂടെ തയ്യാറാകുന്നു.
നൈറ്റ് ആക്സിഡന്റ്
പരിപൂർണമായ കലാസൃഷ്ടി എന്ന ഖ്യാതിയിൽ ഏറെക്കാലം പ്രേക്ഷകമനസ്സിൽ ജീവിക്കാൻ ശേഷിയുള്ളതാണ് കിർഗിസ്ഥാൻ ചിത്രം 'നൈറ്റ് ആക്സിഡന്റ്'.ഏകാന്തനും അപമാനിതനുമായി ജീവിതം നയിക്കുന്ന ഒരു വൃദ്ധനും അയാളുടെ ജീവിതത്തിലേക്ക് പ്രകാശം പരത്തി വന്നുചേരുന്ന യുവതിയുമാണ് മുഖ്യകഥാപാത്രങ്ങൾ. ആഖ്യാനത്തിലെയും അഭിനയത്തിലെയും സ്വാഭാവികത കൊണ്ടാണ് ഈ സിനിമ ശ്രദ്ധേയമാകുന്നത്. ഒരാളെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലുമൊന്ന് വന്നു ചേരുമ്പോൾ അയാളിലുണ്ടാകുന്ന പ്രതീക്ഷയും മാറ്റവുമാണ് രണ്ടു കഥാപാത്രങ്ങളിലൂടെ സിനിമ ആവിഷ്‌കരിക്കുന്നത്. കടലോര പശ്ചാത്തലവത്തിലെ വീടും, കിർഗ് മലകളും ബഹളങ്ങളില്ലാത്ത ജീവിതാന്തരീക്ഷവും പകർത്തുന്ന ക്യാമറയും കേന്ദ്ര പ്രമേയത്തിൽ മാത്രം നിലകൊണ്ടുള്ള ആഖ്യാനവും നൈറ്റ് ആക്സിഡന്റിനെ ഭാഷയുടെ അതിർത്തികൾ മറികടക്കുന്ന കാഴ്ചയാക്കുന്നു.
മൗനകാണ്ഡം
ശ്രീലങ്കയിലെ വടക്കൻ പ്രവിശ്യയിലെ ഒഴിയാത്ത സംഘർഷങ്ങളിൽ പലതവണ പതിഞ്ഞ മോഷൻ കാമറാക്കണ്ണ് ഒരിക്കൽക്കൂടി തമിഴ്സിംഹള അതിർത്തി ഗ്രാമത്തിലേക്ക് കാണികളെ കൊണ്ടുപോകുകയാണ്. സുബ ശിവകുമാരൻ രചനയും സംവിധാനവും നിർവ്വഹിച്ച ലങ്കൻ ചിത്രം 'മൗനകാണ്ഡ'(ഹൗസ് ഒഫ് മൈ ഫാദേഴ്സ്)ത്തിന് പതിറ്റാണ്ടുകളായി യുദ്ധത്തിലുള്ള സിംഹള, തമിഴ് അതിർത്തി ഗ്രാമമാണ് പശ്ചാത്തലമാകുന്നത്. ശ്രീലങ്കൻ ആഭ്യന്തര കലാപവും പലായനവും നേരത്തേ ശ്രദ്ധേയമായി കൈകാര്യം ചെയ്തിട്ടുള്ള മണിരത്നത്തിന്റെ 'കന്നത്തിൽ മുത്തമിട്ടാൽ', ജാക്വിസ് ആഡിയാർഡിന്റെ 'ദീപൻ' അടക്കമുള്ള സിനിമകളിലേതുപോലെ തീവ്രമായ ആവിഷ്‌കാരമല്ല 'മൗനകാണ്ഡ'ത്തിൽ. റിയാലിറ്റിയും ഫാന്റസിയും ചേർന്നുള്ള അവതരണ ശൈലിയാണ് തമിഴും സിംഹളയും സംസാരിക്കുന്ന ഈ ചിത്രത്തെ വേറിട്ടു നിറുത്തുന്നത്.
പരസ്പര ശത്രുതയിലുള്ള രണ്ടു ഗ്രാമങ്ങളിലും വന്ധ്യത ബാധിക്കുമ്പോൾ അവർക്ക് ദൈവത്തിൽ നിന്ന് ഒരു സന്ദേശം ലഭിക്കുന്നു. അത് പ്രകാരം സിംഹള ഗ്രാമത്തിൽ നിന്നുള്ള അശോകയെന്ന പുരുഷനെയും തമിഴ് ഗ്രാമത്തിൽ നിന്ന് അഹല്യയെന്ന സ്ത്രീയെയും ഒറ്റപ്പെട്ട സ്ഥത്തേക്ക് പറഞ്ഞയയ്ക്കുന്നു. അവരിൽ ഒരാൾ മാത്രമേ അവശേഷിക്കുകയുള്ളൂ. മരണത്തിന്റെ കാടുകളിൽ അശോകയും അഹല്യയും അവരുടെ ഗ്രാമങ്ങളിലെ രഹസ്യങ്ങൾ സൂക്ഷിക്കാൻ ബാദ്ധ്യതയുള്ളവരായി ജീവിക്കുന്നതാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം. ബോംബും തോക്കും നിരന്തരം അസ്വസ്ഥമാക്കുന്ന കലാപബാധിത ദേശത്തെ മനുഷ്യരുടെ ജീവിതവും പലായനവും കുടിയേറ്റവും സമാന്തരമായി കടന്നുവരുന്നു. കലാപം അവിടത്തെ മനുഷ്യരിൽ ആഴത്തിൽ ഏല്പിച്ച മുറിവുകൾ അവരുടെ ഉറക്കത്തിലും ഉണർച്ചയിലും ഒരുപോലെ കടന്നുവരുന്നുണ്ട്.
ദി ബെഡ്
മോണിക്ക ലൈറാന തിരക്കഥയും സംവിധാനവും നിർവ്വഹിച്ച അർജന്റീനബ്രസീൽനെതർലാന്റ്സ്ജർമ്മനി സംയുക്ത സംരംഭമായ ദി ബെഡ് പ്രതിപാദിക്കുന്ന വിഷയം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഇന്ത്യൻ സിനിമ്ക്കും സംസ്‌കാരത്തിനും അചിന്തനീയമെന്ന് പറയപ്പെടുന്ന വൈയക്തിക വിഷയങ്ങൾ ഏറെയെളുപ്പത്തിലും പുതുമയിലുമാണ് പല വൈദേശിക ചലച്ചിത്രകാരന്മാരും സിനിമയാക്കുന്നത്. പ്രത്യേകിച്ച് യൂറോപ്പിൽ. ദി ബെഡ് അതിന് ഉത്തമോദാഹരണമാണ്. ഒരുമിച്ച് ജീവിച്ച രണ്ടുപേർ പിരിയുന്ന ദിവസത്തിലൂടെയാണ് സിനിമ കടന്നുപോകുന്നത്. ജോർജ്, മേബൽ എന്നീ രണ്ടു കഥാപാത്രങ്ങൾ മാത്രമുള്ള 'ബെഡ്ഡി'ന്റെ ദൈർഘ്യം 95 മിനിറ്റാണ്. സിനിമയുടെ പശ്ചാത്തലം ഒരു വീടിനകത്ത് മാത്രമായി ഒതുങ്ങുന്നുവെങ്കിലും ആഖ്യാനത്തിലെ ചലനാത്മകത കൊണ്ട് ചിത്രം കാണികളിൽ വിരസതയുണ്ടാക്കില്ല. അർജന്റിനിയൻ താരങ്ങളായ സാന്ദ്ര സൻഡ്രിനി, േേഅജാ മാൻഗോ എന്നിവരുടെ സ്വാഭാവിക അഭിനയമാണ് 'ബെഡ്ഡി'നെ സിനിമയെ ആസ്വാദ്യകരമാക്കി മാറ്റുന്നത്.
പോയ്സണസ് റോസസ്
തുകൽ വ്യവസായത്തിന് പേരുകേട്ട കെയ്‌റോയിലെ തെരുവാണ് അഹമ്മദ് ഫവ്സ് സലെ സംവിധാനം ചെയ്ത 'പോയ്സണസ് റോസസി'ന്റെ പശ്ചാത്തലം. വൃത്തിഹീനമായ ചുറ്റുപാടിൽ പണിയെടുക്കുന്ന സഹോദരനും അവനെ മറ്റെങ്ങും വിട്ടുകൊടുക്കാതെ ജീവനു തുല്യം സ്‌നേഹിക്കുന്ന സഹോദരിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. സദാ ദുർഗന്ധവും വിഷവും വമിക്കുന്ന ചുറ്റുപാടിൽ സ്‌നേഹം കൊണ്ട് സ്വയം ചെമ്പനീർ പൂവായി മാറുകയാണ് താഹെ എന്ന സഹോദരി കഥാപാത്രം. സഹോദരനായ സാഖ്വെർ ഈ ചുറ്റുപാടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴൊക്കെ സഹോദരി അവനെ തടയുന്നുണ്ട്. കെയ്‌റോയിലെ അറപ്പുളവാക്കുന്ന ചേരിപ്രദേശത്തു തന്നെയാണ് സിനിമ ചിത്രീകരിച്ചിട്ടുള്ളത്. യുദ്ധവും യുദ്ധാനന്തരം ജനങ്ങൾ അനുഭവിക്കേണ്ടി വരുന്ന യാതനകളും പ്രമേയമാക്കാറുള്ള പശ്ചിമേഷ്യൻ സിനിമകളുടെ പതിവു പശ്ചാത്തലത്തിൽ നിന്ന് വ്യത്യസ്തമാണ് പോയ്സണസ് റോസസ്. ആഭ്യന്തര സംഘർഷങ്ങൾ പൂർണമായി ഒഴിവാക്കി മനുഷ്യ മനസ്സിലേക്ക് ഏറെ ലാളിത്യത്തോടെ കടന്നു ചെല്ലുകയാണ് സംവിധായകൻ.
ടെയ്ൽ ഓഫ് ദി സീ
ക്രൂരമായ കൊലപാതകത്തിന് സാക്ഷിയായി മനോനില തകർന്ന എഴുത്തുകാരനായ താഹെർ മൊഹെബിയുടെ ജീവിതത്തിലേക്കാണ് പേർഷ്യൻ ഭാഷ സംസാരിക്കുന്ന 'ടെയ്ൽ ഓഫ് ദി സീ'സഞ്ചരിക്കുന്നത്. മൂന്നുവർഷം മാനസികാരോഗ്യ കേന്ദ്രത്തിൽ ജീവിച്ച് പുറത്തുവന്ന ശേഷവും ഭ്രമകൽപ്പനകളിൽ നിന്ന് മുക്തനാകാൻ താഹെറിനാകുന്നില്ല. മുതിർന്ന ഇറാനിയൻ സംവിധായകൻ ബെഹ്മാൻ ഫർമാനറയുടെ പുതിയ ചിത്രമായ 'ടെയ്ൽ ഓഫ് ദി സീ'യിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും അദ്ദേഹമാണ്. ബെഹ്മാന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
സ്ത്രീശബ്ദം, 2019 ജനുവരി