Sunday, 13 January 2019


അനന്തപുരിയിൽ സിനിമാപ്പൂരം


ഒരു ഡിസംബർ മുതൽ അടുത്ത ഡിസംബർ വരെയുള്ള കാത്തിരിപ്പിന്റെ ദൂരമുണ്ട് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക്. കഴിഞ്ഞ ഡിസംബറിൽ ഒരാണ്ടു കഴിഞ്ഞു കാണാമെന്ന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ഡെലിഗേറ്റുകൾ വർഷാവസാനം വീണ്ടും അനന്തപുരിയിലെത്തി. ഒരാണ്ടത്തെ കാത്തിരിപ്പിനു വിരാമമിട്ട് കൊട്ടകകളിലെ വെള്ളിത്തിരയിൽ ലോക സിനിമാ കാഴ്ചകളുടെ വൈവിദ്ധ്യം നിറഞ്ഞതോടെ അനന്തപുരി ചലച്ചിത്രപുരിയായി. ഇനി സിനിമയിൽ ജീവിക്കുന്ന ആറു ദിവസങ്ങൾ.
ആഡംബരങ്ങളും പൊലിമകളുമില്ലാതെയായിരുന്നു 23ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തലസ്ഥാനത്ത് തുടക്കമായത്. പ്രളയം കവർന്നെടുത്ത നാടിന്റെ വേദനയോട് ചേർന്നു നിന്ന് പുനർനിർമ്മാണം എന്ന ഓർമ്മപ്പെടുത്തലുമായുള്ള
സിഗ്‌നേച്ചർ ഫിലിമോടെ രാവിലെ 9ന് കൈരളി തിയേറ്ററിൽ മേളയുടെ ആദ്യപ്രദർശനത്തിന് സ്‌ക്രീനിൽ നിറങ്ങൾ തെളിഞ്ഞു. മനോബലത്തിന്റെയും ഒരുമയുടെയും പിൻബലത്തിൽ മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിനുള്ള ആദരവാണ് മേളയുടെ സിഗ്‌നേച്ചർ ഫിലിം. പരസ്പരം കൈകൾ കോർത്ത് മഹാപ്രളയത്തെ അതിജീവിച്ച അതേ ഒരുമയോടെ ഇനി പുനർനിർമ്മാണത്തിനായി കൈ കോർക്കാം എന്ന് ഓർമ്മപ്പെടുത്തിയ ചിത്രത്തെ നിറഞ്ഞ കരഘോഷത്തോടെയാണ് ഡെലിഗേറ്റുകൾ ഏറ്റെടുത്തത്.


സൗഹൃദം പുതുക്കൽ; ടാഗോർ മുറ്റത്തെ മേള

ചലച്ചിത്ര മേളയിൽ ഉണ്ടായ പരിചയങ്ങൾ, ഓരോ വർഷവും മേളയിൽ മാത്രം കണ്ടു സംസാരിച്ച് പിരിയുന്ന സൗഹൃദങ്ങൾ, മേളയിൽ പുതുക്കുന്ന പരിചയങ്ങൾ തുടങ്ങി തിയേറ്ററിനു പുറത്തെ മേളക്കാഴ്ചയ്ക്ക് പറയാൻ ഏറെ സൗഹൃദങ്ങളുടെ കഥയുണ്ട്. 23 ആണ്ടായി മേളയിൽ വരുന്നവരുണ്ട്. പത്തും പതിനഞ്ചും കൊല്ലമായി വരുന്നവർ, അടുത്ത കാലത്ത് വന്നുതുടങ്ങിയവർ, ആദ്യമായി വരുന്നവർ, സെലിബ്രിറ്റികൾ, പതിവായി എത്തുന്ന വിദേശ പ്രതിനിധികൾ അങ്ങനെ മേളപ്പറമ്പിലെ കാഴ്ചകൾ പല വിധമാണ്. സിനിമയ്‌ക്കൊപ്പം സൗഹൃദത്തിന്റെ ഒത്തുചേരലിനും ഈടുവയ്പിനും സാക്ഷിയാണ് ഓരോ ചലച്ചിത്രമേളയും. മുമ്പ് കൈരളിപ്പടവുകളിലാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ സൗഹൃദക്കൂട്ടങ്ങൾ സജീവമായിരുന്നതെങ്കിൽ ഇപ്പോഴത് ടാഗോർ മുറ്റത്താണ്. ടാഗോർ മുറ്റത്തെ ഇന്നലത്തെ പ്രധാന കാഴ്ചയും ഈ സൗഹൃദ കൂട്ടായ്മകൾ തന്നെയായിരുന്നു. ഒരാണ്ടിനു ശേഷം കണ്ടതിന്റെ സൗഹൃദത്തിലായിരുന്നു എല്ലാവരും. കൈകൊടുത്തും കെട്ടിപ്പിടിച്ചും ചിരിച്ച് വിശേഷങ്ങൾ തിരക്കിയും സൗഹൃദം പുതുക്കിയാണ് എല്ലാവരും തിരക്കാഴ്ചയിലേക്ക് പോയത്.
പ്രതിനിധികളുടെ തിരക്കിനുപുറമെ മേളയുടെ ഓപ്പൺ ഫോറം, ഡെലിഗേറ്റ് സെൽ, ഫെസ്റ്റിവൽ ഓഫീസ്, മീഡിയ സെൽ, വിവിധ പവലിയനുകൾ തുടങ്ങിയവയെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് ടാഗോറിലാണ്.



ആദ്യദിനം തിയേറ്ററുകളെല്ലാം ഫുൾ

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഡെലിഗേറ്റ് ഫീസ് ഉയർത്തിയതോടെ ഇത്തവണ പ്രതിനിധികളുടെ എണ്ണം എണ്ണായിരത്തോളമായി കുറഞ്ഞു. 13000 വരെ ഡെലിഗേറ്റ് വരുന്നിടത്താണിത്. രജിസ്റ്റർ ചെയ്തതിൽ 80 ശതമാനത്തിലേറെ ഡെലിഗേറ്റുകൾ ഇന്നലെ നഗരത്തിൽ എത്തിയതോടെ രാവിലെ 9 മണി മുതൽക്കുള്ള ഷോകൾക്ക് തിയേറ്റർ നിറഞ്ഞു. പരമാവധി മികച്ച സിനിമകൾ തിരഞ്ഞെടുത്തു കാണുക എന്നതാണ് ഇത്തവണത്തെ പ്രഥമ ലക്ഷ്യമെന്നാണ് ഡെലിഗേറ്റുകളുടെ പൊതു അഭിപ്രായം. രാവിലെ ടാഗോറിൽ പ്രദർശിപ്പിച്ച എ ഫാമിലി ടൂർ, കൈരളിയിൽ ജമ്പ്മാൻ, ന്യൂ സ്‌ക്രീൻ ഒന്നിലെ സുലൈമാൻ മൗണ്ടെയ്ൻ, സ്‌ക്രീൻ രണ്ടിലെ
ദി ലോഡ്, നിളയിലെ സ്‌ക്രൂ ഡ്രൈവർ എന്നീ ചിത്രങ്ങൾക്കായിരുന്നു കൂടുതൽ തിരക്ക്. മേളയുടെ തുടക്കമായതിനാൽ മികച്ച ചിത്രങ്ങളെപ്പറ്റി പ്രേക്ഷകാഭിപ്രായം രൂപപ്പെട്ടിട്ടില്ല. ഇതോടെ ഓൺലൈൻ സൈറ്റുകളിലെ റേറ്റിംഗും, ഇതര ചലച്ചിത്ര മേളകളിലെ അഭിപ്രായവും മുഖവിലയ്‌ക്കെടുത്താണ് ഡെലിഗേറ്റുകൾ സിനിമ തിരഞ്ഞെടുത്തത്. ടർക്കിഷ് ചിത്രം ദി അനൗൺസ്‌മെന്റ്, ശ്രീലങ്കൻ ചിത്രം ഹൗസ് ഒഫ് മൈ ഫാദേഴ്‌സ്, ചെക്ക് റിപ്പബ്ലിക്കൻ ചിത്രം വൺ െ്രസ്രപ്പ് ബിഹൈൻഡ് ദി സർഫിം എന്നിവയ്ക്കും പ്രതിനിധികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. എല്ലാ തിയേറ്ററുകൾക്കു മുന്നിലും ഡെലിഗേറ്റുകളുടെ നീണ്ട വരി ഷോ തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ രൂപപ്പെട്ടു. പ്രതിനിധികളുടെ എണ്ണം കുറഞ്ഞതിനാൽ പരമാവധി എല്ലാവർക്കും ഇടികൂടാതെ സിനിമ കാണാൻ അവസരം കിട്ടുന്നുണ്ട്.
ഹോപ് ആൻഡ് റീബിൽഡിംഗ് വിഭാഗത്തിൽ ഉൾപ്പെട്ട മെൽ ഗിബ്‌സൺ സംവിധാനം ചെയ്ത അപ്പോകാലപ്‌റ്റോയുടെയും ഇംഗ്മർ ബർഗ്മാന്റെ ക്രൈസ് ആൻഡ് വിസ്‌പേഴ്‌സിന്റെയും ഏക പ്രദർശനവും ഇന്നലെ നടന്നു. ഉദ്ഘാടന ചിത്രമായ അസ്ഹർ ഫർഹാദിയുടെ സ്പാനിഷ് സൈക്കോ ത്രില്ലർ 'എവരിബഡി നോസ്' അടക്കം 34 സിനിമകളാണ് 12 തിയേറ്ററുകളിലായി ആദ്യദിവസം പ്രദർശിപ്പിച്ചത്.
റിസർവേഷൻ സിസ്റ്റം ഓപ്പൺ ആയതോടെ ഇന്ന് പ്രദർശിപ്പിക്കുന്ന മികച്ച അഭിപ്രായമുള്ള സിനിമകൾക്കെല്ലാം സീറ്റുകൾ ഇന്നലെ വൈകിട്ടു തന്നെ ഫുള്ളായി.
ക്യൂ ഒഴിവാക്കുന്നതിനായി ഇത്തവണ അക്കാഡമി ഏർപ്പെടുത്തിയ കൂപ്പൺ സമ്പ്രദായത്തിന് ഇന്നു തുടക്കമാകും. ഒഴിവുള്ള സീറ്റുകളുടെ കൂപ്പണുകൾ പ്രദർശനത്തിന് രണ്ട് മണിക്കൂർ മുൻപ് തിയേറ്ററുകളിലെ കൗണ്ടറുകളിൽ ലഭ്യമാകും.


മത്സര വിഭാഗം സിനിമകൾ ഇന്നുമുതൽ

മേളയിലെ ഗ്ലാമർ വിഭാഗമായ മത്സരവിഭാഗം സിനിമകളുടെ പ്രദർശനം ഇന്നു തുടങ്ങും. നാലു സിനിമകളാണ് ഈ വിഭാഗത്തിൽ ഇന്ന് പ്രദർശിപ്പിക്കുക. ഇതിൽ മൂന്നും മുഖ്യവേദിയായ ടാഗോറിലാണ്. ടാഗോറിൽ രാവിലെ 11.30ന് ടർക്കിഷ് സിനിമ ഡെ്ര്രബ്, 2.15ന് അർജന്റിനബ്രസീൽജർമ്മൻ സംയുക്ത സംരംഭം ദി ബെഡ്, 6ന് കിർഗിസ്ഥാനിൽ നിന്നുള്ള നൈറ്റ് അക്‌സിഡന്റ്, ധന്യയിൽ ഉച്ചയ്ക്ക് 3ന് ഇറാൻ ചിത്രം ടെയ്ൽ ഒഫ് ദി സീ എന്നിവയാണ് പ്രദർശിപ്പിക്കുക. എഴുപതുകളിലെ അർജന്റീനിയൻ രാഷ്ട്രീയ സാമൂഹിക സാഹചര്യം പശ്ചാത്തലമാക്കിയ ഉദ്വേഗജനകമായ ചിത്രം റോജോയുടെ ആദ്യ പ്രദർശനവും ഇന്ന് നടക്കും. ന്യൂ തിയേറ്ററിലെ സ്‌ക്രീൻ രണ്ടിൽ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് പ്രദർശനം. ട്രാജിക് കോമഡി വിഭാഗത്തിൽപ്പെട്ട ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദർശനം കൂടിയാണിത്. റോജോ അടക്കം ലോക സിനിമ വിഭാഗത്തിൽ 44 സിനിമകളാണ് ഇന്ന് പ്രദർശിപ്പിക്കുക.


പേടിപ്പിക്കാൻ ഇന്ന് പാതിരാത്രി 'തുംബാദ്'


പ്രേക്ഷകർക്ക് സംഭ്രമത്തിന്റെ പാതിര സമ്മാനിക്കാൻ മിഡ്‌നെറ്റ് സ്‌ക്രീനിംഗിൽ ഇന്ന് രാത്രി 12ന് നിശാഗന്ധിയിൽ തുംബാദ് എത്തും. മേളയിൽ കഴിഞ്ഞ വർഷം ആരംഭിച്ച മിഡ്‌നൈറ്റ് സ്‌ക്രീനിംഗ് വിഭാഗത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം പ്രദർശിപ്പിക്കുന്നത്.
ഹസ്തർ എന്ന ഭീകരസത്വത്തിന്റെ കൈയിൽനിന്നു സ്വർണം തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഒരു ഗ്രാമീണ കുടുംബത്തിന്റെ ഭയാനകമായ അനുഭവമാണ് ഇതിവൃത്തം. മിത്തുകളിലൂടെയും യാഥാർത്ഥ്യങ്ങളിലൂടെയും സഞ്ചരിക്കുന്ന ചിത്രം ദുരാഗ്രഹം മനുഷ്യരെ എങ്ങനെ സത്വങ്ങളാക്കി മാറ്റുന്നതെന്ന് ചിത്രീകരിക്കുന്നു. ആറുവർഷം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ഈ ഹൊറർ/ഫാന്റസി ചിത്രത്തിന്റെ സംവിധായകർ റാഹി അനിൽ ബർവെയും ആദേശ് പ്രസാദുമാണ്.

സായാഹ്നങ്ങൾ സംഗീതസാന്ദ്രമാകും


രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തിയേറ്റർ അങ്കണത്തിൽ സംഗീതസന്ധ്യ അരങ്ങേറും. എല്ലാ ദിവസവും വൈകിട്ട് 6.30 നാണ് സായാഹ്നങ്ങളെ സംഗീത സാന്ദ്രമാക്കാൻ വിവിധ ബാൻഡുകൾ എത്തുന്നത്. അകാലത്തിൽ പൊലിഞ്ഞ വയലിൻ മാന്ത്രികൻ ബാലഭാസ്‌കറിന്റെ ദ ബിഗ് ബാൻഡ് ഉൾപ്പെടെ അഞ്ചു ബാൻഡുകളാണ് സംഗീതനിശയിൽ പങ്കുചേരുക.
ഇന്ന് 'പാടാൻ ഓർത്തൊരു മധുരിത ഗാനം' എന്ന പേരിൽ പി. ഭാസ്‌കരൻ നിശ അരങ്ങേറും. നാളെ ജയചന്ദ്രൻ കടമ്പനാടിന്റെ നേതൃത്വത്തിൽ ബ്രുയിസ് റീഡ് ബാൻഡ് നാടൻ പാട്ടുകൾ അവതരിപ്പിക്കും. 10ന് ദ ബിഗ് ബാൻഡിന്റെ ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ മ്യൂസിക്, 11ന് പദ്മകുമാറും സംഘവും അവതരിപ്പിക്കുന്ന ഗസൽ സന്ധ്യ, 12ന് ദ പോൾസ് ബാൻഡിന്റെ ഡി.ജെ എന്നിവ അരങ്ങേറും.

കേരളകൗമുദി, 2018 ഡിസംബർ 8

No comments:

Post a Comment