Sunday, 13 January 2019


മേളയിൽ മദ്ധ്യ ,പൂർവ്വേഷ്യൻ സിനിമാവസന്തം

മദ്ധ്യ,പൂർവ്വേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളെ എക്കാലവും സ്വീകരിച്ചിട്ടുള്ളവരാണ് കേരള ചലച്ചിത്ര മേളയിലെ കാണികൾ. ഇറാൻ,തുർക്കി,പാലസ്തീൻ, ഈജിപ്ത്, കിർഗിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ സിനിമകൾ അവയിലെ രാഷ്ട്രീയം കൊണ്ടും അവിടങ്ങളിലെ സാമൂഹികാന്തരീക്ഷത്തിന്റെ ആവിഷ്‌കാരം കൊണ്ടും ശ്രദ്ധിക്കപ്പെടുന്ന പതിവിന് ഈ മേളയിലും മാറ്റമില്ല.
    മേളയുടെ രണ്ടാംദിനം കാണികളുടെ ഇഷ്ടം നേടിയെടുത്തത് മത്സരവിഭാഗത്തിലെ കിർഗിസ്ഥാൻ ചിത്രം 'നൈറ്റ് ആക്‌സിഡന്റും' ഇറാൻ ചിത്രം 'ടെയ്ൽ ഓഫ് ദി സീ'യുമാണ്. മത്സരവിഭാഗത്തിലെ തന്നെ തുർക്കി സിനിമ 'ഡെ്ര്രബും' കാണികളെ നിരാശരാക്കിയില്ല. ലോകസിനിമയിൽ പ്രദർശിപ്പിച്ച ഇറാൻ ചിത്രം 'ഡ്രെസേജും' കൈയടി നേടി.
    അനൗൺസ്‌മെന്റ് (തുർക്കി ), സ്‌ക്രൂ ഡ്രൈവർ (പാലസ്തീൻ ), സുലൈമാൻ മൗണ്ടെൻ (കിർഗിസ്ഥാൻ) തുടങ്ങി ആദ്യദിനം അഭിപ്രായമുണ്ടാക്കിയ ചിത്രങ്ങളിലേറെയും മദ്ധ്യ,പൂർവ്വേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവയായിരുന്നു.
    ക്രൂരമായ കൊലപാതകത്തിന് സാക്ഷിയായി മനോനില തകർന്ന എഴുത്തുകാരനായ താഹെർ മൊഹെബിയുടെ ജീവിതത്തിലേക്കാണ് പേർഷ്യൻ ഭാഷ സംസാരിക്കുന്ന 'ടെയ്ൽ ഓഫ് ദി സീ'സഞ്ചരിക്കുന്നത്.മൂന്നുവർഷം മാനസികാരോഗ്യ കേന്ദ്രത്തിൽ ജീവിച്ച് പുറത്തുവന്ന ശേഷവും ഭ്രമകൽപ്പനകളിൽ നിന്ന് മുക്തനാകാൻ താഹെറിനാകുന്നില്ല. മുതിർന്ന ഇറാനിയൻ സംവിധായകൻ ബെഹ്മാൻ ഫർമാനറയുടെ പുതിയ ചിത്രമായ 'ടെയ്ൽ ഓഫ് ദി സീ'യിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും അദ്ദേഹമാണ്. ബെഹ്മാന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
    പരിപൂർണമായ കലാസൃഷ്ടി എന്ന ഖ്യാതിയിൽ ഏറെക്കാലം പ്രേക്ഷകമനസ്സിൽ ജീവിക്കാൻ ശേഷിയുള്ളതാണ് കിർഗിസ്ഥാനി ചിത്രം 'നൈറ്റ് ആക്‌സിഡന്റ്'.ഏകാന്തനും അപമാനിതനുമായി ജീവിതം നയിക്കുന്ന ഒരു വൃദ്ധനും അയാളുടെ ജീവിതത്തിലേക്ക് പ്രകാശം പരത്തി വന്നുചേരുന്ന യുവതിയുമാണ് മുഖ്യകഥാപാത്രങ്ങൾ. ആഖ്യാനത്തിലെയും അഭിനയത്തിലെയും സ്വാഭാവികതയാണ് ഈ കലാസൃഷ്ടി മദ്ധ്യേഷ്യൻ സിനിമകളിൽ ഏറ്റവും ശ്രദ്ധേയമാകുന്നത്. ആദ്യപ്രദർശനത്തിൽ കൈയടിനേടിയ ചിത്രം സുവർണചകോരത്തിനുള്ള മത്സരത്തിൽ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞു.
    വുസ്ലത് സരകൊഗ്ലുവിന്റെ തുർക്കി ചിത്രം 'ഡെ്ര്രബ്'നശിച്ചിട്ടില്ലാത്ത മാനവികതയും ബന്ധങ്ങളുടെ ഇഴയടുപ്പവും കാണികളിലേക്കു പകർത്തുന്നു.
ഇറാൻ സിനിമകളിലെ സ്ഥിരപശ്ചാത്തലമായ ടെഹ്രാൻ നഗരത്തിലേക്ക് ഒരിക്കൽകൂടി കാമറ വച്ച് ഏകാകിയായ ഗോൾസ എന്ന പെൺകുട്ടിയുടെ കഥപറയുകയാണ് 'ഡ്രസേജ്'എന്ന സിനിമയിൽ. ഇറാനിലെ മദ്ധ്യവർത്തി കുടുംബങ്ങളിലെ പ്രശ്‌നങ്ങളും ചെറുപ്പക്കാരുടെ അസാന്മാർഗിക ജീവിതവും ചലനാത്മകമായി അവതരിപ്പിക്കുകയാണ് 'ഡ്രസേജി'ൽ.

കേരളകൗമുദി, 2018 ഡിസംബർ 9

No comments:

Post a Comment