Monday, 7 January 2019


പ്രണയത്തിന്റെ മെഴുതിരി അത്താഴങ്ങൾ

ബഹളങ്ങളും അമിത സംഘർഷങ്ങളുമില്ലാതെ തുടങ്ങിയവസാനിക്കുന്ന സോഫ്റ്റ് പ്രണയകഥയാണ്  'എന്റെ മെഴുതിരി അത്താഴങ്ങൾ'. മെഴുതിരി വെളിച്ചത്താൽ ഇരുട്ടിനെ പ്രകാശപൂരിതമാക്കുന്ന പ്രണയമാണ് ചിത്രത്തിലെങ്ങും. പ്രണയം നിറഞ്ഞൊഴുകുന്ന കഥാപാത്രങ്ങളും പ്രകൃതിയും പശ്ചാത്തലവും. ഇത്തരത്തിൽ സർവ്വം പ്രണയമയമാകുന്ന മെഴുതിരി അത്താഴങ്ങൾ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്ത എല്ലാ മനുഷ്യരെയും തെല്ലു നേരത്തേക്ക് ഏറ്റവും വികാരഭരിതരാക്കും.
    'പാവ'യ്ക്കു ശേഷം സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളുടെ ജോലി, പ്രണയം എന്നിവയുമായി ബന്ധപ്പെട്ടതാണ് 'എന്റെ മെഴുതിരി അത്താഴങ്ങൾ' എന്ന പേര്. അനൂപ് മേനോന്റെ സഞ്ജയ് പോൾ എന്ന നായക കഥാപാത്രം ഒരു ഷെഫ് ആണ്. രുചികരമായ ഭക്ഷണ വൈവിദ്ധ്യങ്ങൾക്കൊപ്പമാണ് ഈ കഥാപാത്രത്തിന്റെ മനസ്. മിയ അവതരിപ്പിക്കുന്ന അഞ്ജലി എന്ന കഥാപാത്രം ഡിസൈനർ ക്യാൻഡിലുകൾ നിർമ്മിക്കുന്ന ആളാണ്. ഡിസൈനർ ക്യാൻഡിലുകളോടും സഞ്ജയ് ഉണ്ടാക്കുന്ന ഭക്ഷണത്തോടും അഞ്ജലിക്ക് പ്രണയമുണ്ട്. ഇവർ കണ്ടുമുട്ടുകയും പരിചയപ്പെടുകയും ഇവർക്കിടയിലൊരു ബന്ധം വളരുകയും പിന്നീടത് ദൃഢസൗഹൃദവും പ്രണയവും, പ്രണയത്തിനപ്പുറമുള്ള മാനസിക ഐക്യവുമായി മാറുന്നതിനൊപ്പമാണ് മെഴുതിരി അത്താഴങ്ങൾ സഞ്ചരിക്കുന്നത്.
    147 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ 80 ശതമാനത്തോളം സ്‌ക്രീൻസ്‌പേസും അനൂപ് മേനോനും മിയയുമാണ് പങ്കിടുന്നത്. ഇരുവരുടെയും സ്‌ക്രീൻ പ്രസൻസുള്ള മുഖങ്ങൾ പ്രണയത്തിന്റെ രുചികരമായ അത്താഴവും വെളിച്ചവുമായി മാറുന്നുണ്ടെങ്കിലും സിനിമ ഈ ബന്ധത്തിൽ തന്നെ കേന്ദ്രകരിച്ച് മുന്നോട്ടുപോകുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന മന്ദഭാവം ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. സിനിമ സംഘർഷങ്ങളിലേക്ക് പോകാൻ മെനക്കെടാതെ രണ്ടു വ്യക്തികൾക്കിടയിലെ ബന്ധത്തിൽ തന്നെ തുടരാനാണ് താത്പര്യപ്പെടുന്നത്. പ്രധാന കഥാപാത്രങ്ങൾക്കൊപ്പം അവർക്കൊപ്പമുള്ള മറ്റു മനുഷ്യർക്കിടയിലെ ഊഷ്മള ബന്ധത്തിലേക്കും സിനിമ സഞ്ചരിക്കുന്നുണ്ടെങ്കിലും പെട്ടെന്നു തന്നെ സഞ്ജയിലേക്കും അഞ്ജലിയിലേക്കും തിരിച്ചെത്താൻ തിരക്ക് കൂട്ടുന്ന പോലെയാണ് കാണികൾക്കനുഭവപ്പെടുക. ബൈജു, അലൻസിയർ എന്നിവരുടെ കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് ആശ്വാസമാണ്. പ്രത്യേകിച്ച് ബൈജുവിന്റെ കഥാപാത്രം. ഏറെക്കാലത്തിനു ശേഷം ഈ നടന് പ്രതിഭ പുറത്തെടുക്കാൻ കിട്ടിയ അവസരമാണ മെഴുതിരി അത്താഴങ്ങളിലെ സ്റ്റീഫൻ ഇച്ചായൻ എന്ന കഥാപാത്രം. വി.കെ പ്രകാശ്, ലാൽ ജോസ്, ദിലീഷ് പോത്തൻ, ശ്രീകാന്ത് മുരളി എന്നീ സംവിധായകരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നുണ്ട്. ഹന്ന റെജി കോശി, നിസ എന്നിവർ പ്രാധാന്യമുള്ള സ്ത്രീകഥാപാത്രങ്ങളാകുന്നു.
    ഊട്ടിയാണ് പശ്ചാത്തലം. സിനിമയിൽ സ്ഥിരം ചിത്രകരിക്കുന്ന ഊട്ടി ടൗണിൽ ക്യാമറ കേന്ദ്രകരിക്കാതെ ഉൾപ്രദേശങ്ങളാണ് പശ്ചാത്തലമാക്കിയിട്ടുള്ളത്. കഥയ്ക്കനുയോജ്യമായി ഇരുളും വെളിച്ചവും മാറിമാറിവരുന്ന ജിത്തു ദാമോദറിന്റെ മനോഹരങ്ങളായ ഫ്രെയിമുകൾ മെഴുതിരി അത്താഴങ്ങളുടെ കാഴ്ചയെ മികച്ചതാക്കുന്നു. പാരീസും എറണാകുളവുമാണ് ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകൾ.

 
അനൂപ് മേനോൻ ഫോർമുല

അനൂപ് മേനോൻ ഫോർമുലകളെല്ലാം വേണ്ടവിധം ചേർത്തൊരുക്കിയ സ്‌ക്രി്ര്രപാണ് എന്റെ മെഴുതിരി അത്താഴങ്ങളുടേത്. അനൂപ് മേനോൻ തിരക്കഥയെഴുതുകയെന്നാൽ ആ സിനിമയുടെ ടോട്ടാലിറ്റിയിൽ ഒരു അനൂപ് മേനോൻ ടച്ച് ഉണ്ടായിരിക്കും. ഡയറക്ടറുടെ റോൾ പോലും ഒരുപക്ഷേ അതിന് താഴെയായിരിക്കും. അനൂപ് മേനോൻ തിരക്കഥയെഴുതിയ പകൽനക്ഷത്രങ്ങൾ, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ തുടങ്ങിയ മുൻചിത്രങ്ങളിലെല്ലാം ഈ പ്രത്യേകത കാണാം. സംവിധായകർ ആരായിരുന്നാലും അനൂപ് മേനോൻ തിരക്കഥ അല്പം ഉപരിപ്ലവമായി നിൽക്കുകയാണ് പതിവ്. സിനിമയുടെ കേന്ദ്രപ്രമേയം ആവശ്യപ്പെടുന്നില്ലെങ്കിൽ പോലും ജീവിതത്തെയും പ്രണയത്തെയും മനുഷ്യന്റെ സാമൂഹിക ഇടപെടലിനെയും സ്ത്രീപുരുഷ ബന്ധത്തെയുമെല്ലാം കുറിച്ച് അനൂപ് മേനോൻസ് ഫിലോസഫികളും അറിവുകളും ആവോളം ചേർത്തിരിക്കും. രസകരമായ ഫോർമാറ്റിൽ അദ്ദേഹമിത് എഴുതാറുണ്ടെങ്കിലും പറയുന്ന വിഷയങ്ങളുടെ ആവർത്തനവിരസത കൊണ്ടും അസാധാരണത കൊണ്ടും ആസ്വാദനത്തിന്റെ തുടർച്ചയെ പലപ്പൊഴും ഇത് ബാധിക്കാറുണ്ട്. വിഷ്വൽ ലാംഗ്വേജിനേക്കാൾ സിനിമ ആത്മകഥനവും ഡയലോഗ് ഓറിയന്റഡും ആയിപ്പോകുന്നതാണ് ഇതിലെ പ്രധാന പ്രശ്നം. എന്റെ മെഴുതിരി അത്താഴങ്ങളിലും ഇത്തരം ആവർത്തനവിരസമായ ചിന്തകളും എഴുത്തും അരോചകമാകുന്നുണ്ട്. ഈ സിനിമയ്‌ക്കൊടുവിൽ റിട്ടൺ ആന്റ് ഡിസൈൻഡ് ബൈ അനൂപ് മേനോൻ എന്നാണ് സ്‌ക്രീനിൽ എഴുതിക്കാണിക്കുന്നതു പോലും.

2018 ജൂലൈ 27, കേരളകൗമുദി ഓൺലൈൻ


No comments:

Post a Comment