Sunday, 13 January 2019

വയലൻസിനെ സർഗാത്മകമാക്കി ലാർസ് വോൺട്രയർ
കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകൾക്ക് ഏറെ പരിചിതനാണ് ഡാനിഷ് സംവിധായകൻ ലാർസ് വോൺട്രയർ. 2009ലെ മേളയിൽ പ്രദർശിപ്പിച്ച ആന്റിക്രൈസ്റ്റ് എന്ന ചിത്രത്തോടെയാണ് വോൺട്രയറുടെ പേര് കേരളത്തിലെ കാണികൾ മനസ്സിൽ കുറിച്ചിട്ടത്. ലൈംഗികതയുടെയും ഹിംസയുടെയും അതിഭീതിദമായ ആവിഷ്‌കാരം അതുവരെയുള്ള മേളയുടെ കാഴ്ചശീലങ്ങളെ കീഴ്‌മേൽ മറിക്കുന്നതായിരുന്നു. ആന്റിക്രൈസ്റ്റിന്റെ ആസ്വാദനം ഉണ്ടാക്കിയ ഭീതിയും ആഘാധവും പതിറ്റാണ്ടിനിപ്പുറവും കാണികളിൽ ശേഷിക്കുന്നുണ്ട്. ആന്റിക്രൈസ്റ്റ് ഉണ്ടാക്കായി പ്രശസ്തിക്കും വിവാദങ്ങൾക്കും ശേഷം മെലങ്കോളിയ, നിംഫോമാനിയാക് എന്നീ ചിത്രങ്ങളുമായാണ് വോൺട്രയർ എത്തിയത്. എന്നാൽ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ ഡെലിഗേറ്റുകൾക്കിടയിൽ വോൺട്രയർ വീണ്ടും സജീവചർച്ചയാകുന്നത് പുതിയ ചിത്രമായ 'ദി ഹൗസ് ദാറ്റ് ജാക്ക് ബ്വിൽറ്റ്'ഉണ്ടാക്കിയ ഭീതിദാനുഭവം കൊണ്ടാണ്. കാൻ മേളയിലും ഗോവയിലും അംഗീകാരങ്ങൾക്കൊപ്പം വിവാദവുമുണ്ടാക്കിയ ചിത്രം ഐ.എഫ്.എഫ്.കെയിലും അതേ അനുഭവമാണ് ഉണ്ടാക്കിയത്. ആഖ്യാനത്തിലെ മികവും പരീക്ഷണവും കൊണ്ട് കൈയടി നേടുമ്പോഴും അമിതമായ വയലൻസ് കാരണം ചിത്രം തുടർന്നു കണ്ടിരിക്കാനാകാതെ കാണികൾ എഴുന്നേറ്റു പോകുന്നത് കാനിലെയും ഗോവയിലെയും പോലെ തിരുവനന്തപുരത്തെയും കാഴ്ചയായി.
     20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലണ്ടനിൽ ജീവിച്ചിരുന്ന കുപ്രസിദ്ധ സീരിയൽ കില്ലറായ റിപ്പർ ജാക്കിന്റെ ജീവിതമാണ് 'ദി ഹൗസ് ദാറ്റ് ജാക്ക് ബ്വിൽറ്റി'ൽവോൺട്രയർ ആവിഷ്‌കരിച്ചിരിക്കുന്നത്. ആർകിടെക്ടായിരുന്ന ജാക്ക് പിന്നീട് മനുഷ്യശരീരംകൊണ്ടാണ് വീടുകൾ പണിയുന്നത്. വയലൻസിനെ സർഗാത്മകമായി ആവിഷ്‌കരിക്കാനുള്ള വോൺട്രയറിന്റെ ശേഷി തന്നെയാണ് പുതിയ ചിത്രത്തിലും വിജയം കാണുന്നത്. ചരിത്രത്തിൽ സംഭവിച്ചിട്ടുള്ള വലിയ മനുഷ്യക്കുരുതികളെ പരാമർശിച്ചുപോകുന്ന ചിത്രം ഫാന്റസിയും ചിത്രകലയിലേക്കുമെല്ലാം കടന്നുചെല്ലുന്നുണ്ട്. അഞ്ച് സംഭവങ്ങളിലായി കൊലപാതകങ്ങൾ വിശദീകരിക്കുന്ന ചിത്രം അസാധാരണമായ കാഴ്ചാനുഭവമാണ് കാണികൾക്ക് സമ്മാനിക്കുന്നത്.
    ലോകസിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച നാദീൻ ലബാക്കിയുടെ ലെബനീസ് ചിത്രം 'കാപെർനോം' ആണ് എതിരഭിപ്രായമില്ലാതെ ഡെലിഗേറ്റുകളുടെ ഇഷ്ടം പിടിച്ചെടുത്ത ചിത്രം. മേളയിലെ ആദ്യപ്രദർശനം കൊണ്ട് വലിയ അഭിപ്രായം നേടിയ 'കാപെർനോം'ഏറ്റവുമധികം പേർ കാണാനായി പരസ്പരം നിർദേശിച്ച ചിത്രമെന്ന ഖ്യാതിയും നേടി. തന്റെ മാതാപിതാക്കൾക്ക് നേരെ തന്നെ ജനിപ്പിച്ചതിനെതിരെ കേസ് കൊടുക്കുകയും തെരുവിലേക്ക് ഇറങ്ങുകയും ചെയ്യുന്ന ലബനീസ് ബാലനെ കേന്ദ്രീകരിച്ച് നീങ്ങുന്ന 'കാപെർനോം'സമൂഹത്തിന്റെ മനുഷ്യത്വരാഹിത്യത്തെയാണ് ചോദ്യം ചെയ്യുന്നത്.
    മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ഡെ്ര്രബ്, എൽ ഏയ്ഞ്ചൽ, ദി ഗ്രേവ്‌ലെസ് എന്നീ ചിത്രങ്ങൾ കാണാനായിരുന്നു നാലാംദിനം ഏറ്റവുമധികം തിരക്ക്. സുലൈമാൻ മൗണ്ടൈൻ,പിൽഗ്രിമേജ്,കോട്ടയം,മൻഡോ,സ്ലീപ്ലെസ്ലി യുവേഴ്‌സ്,ബിഫോർ ദി ഫ്‌ളഡ് തുടങ്ങിയ സിനിമകളും ഇന്നലെ അഭിപ്രായമുണ്ടാക്കിയവയാണ്.

കേരളകൗമുദി, 2018, ഡിസംബർ 11

No comments:

Post a Comment