Sunday, 13 January 2019



കല കൊണ്ടു മുറിവുണക്കാൻ ചലച്ചിത്ര മേള


ഈ ഒരാഴ്ചക്കാലം അനന്തപുരി സിനിമാപ്രേമികളുടേതാണ്. വിവിധ ദേശങ്ങളിൽനിന്നായി സിനിമയെന്ന ഒറ്റവികാരത്തിനു മുന്നിൽ ഒരുമിക്കാനായി എത്തിച്ചേരുന്നവർ. ഒരാഴ്ചക്കാലം സിനിമ മാത്രം സംസാരിച്ച് സിനിമയിൽ ജീവിച്ച് കടന്നുപോകുന്ന പകലിരവുകൾ. ഒരു ദിവസം ആകെയുള്ള അഞ്ചു പ്രദർശനവും മുടങ്ങാതെ കാണാനായി തിയേറ്ററുകളിലേക്കുള്ള ഓട്ടം. എങ്ങും ഉയർന്നുകേൾക്കുക സിനിമാചർച്ചകളും ആരവങ്ങളും. 22 വർഷമായുള്ള തലസ്ഥാനനഗരത്തിന്റെ ഈ പതിവിന് നാളെ തുടക്കമാകും. ജലംകൊണ്ട് ഏറ്റ മുറിവുകൾ കലകൊണ്ട് ഉണക്കുന്നു എന്നതാണ് 23ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സവിശേഷത. പ്രളയക്കെടുതിയുടെയും പുനർനിർമ്മാണത്തിന്റെയും പശ്ചാത്തലത്തിൽ സർക്കാർ ഫണ്ടില്ലാതെ ഡെലിഗേറ്റ് ഫീസും സ്‌പോൺസർഷിപ്പും കൊണ്ടു മാത്രമാണ് ഇത്തവണ ചലച്ചിത്ര അക്കാഡമി മേള നടത്തുന്നത്. ആഘോഷങ്ങളും ആർഭാടങ്ങളും വേണ്ടെന്നുവച്ചെങ്കിലും തിയേറ്ററിനകത്തെ കാഴ്ചവൈവിദ്ധ്യങ്ങൾക്ക് ഇത് പരിമിതിയാകില്ല.
പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങിയതോടെ നഗരം ഫെസ്റ്റിവൽ മൂഡിലായിട്ടുണ്ട്. നൂറുകണക്കിനുപേർ മൂന്നു ദിവസത്തിനിടെ ഡെലിഗേറ്റ് പാസും ഫെസ്റ്റിവൽ കിറ്റും വാങ്ങിക്കഴിഞ്ഞു. കൂടുതൽ ഡെലിഗേറ്റുകൾ ഇന്നെത്തുമെന്നാണ് പ്രതീക്ഷ. ഇതോടെ മേളയും നഗരവും ഫുൾ സ്വിംഗിലാകും. പിന്നെ ഒരാഴ്ച സിനിമയുടെയും ഒത്തുചേരലിന്റെയും ആഘോഷമാണ്.


ടാഗോർ മുറ്റത്തെ മേള


മുൻപ് കൈരളിപ്പടവുകളായിരുന്നു മേളപ്പറമ്പെന്നാൽ ഇപ്പോഴത് ടാഗോർ മുറ്റമാണ്. സിനിമ കാണാൻ ഏതു തിയേറ്ററിലും പോകാം. പക്ഷേ ടാഗോറിലെത്തിയാലേ മേളയുടെ ഓളം അനുഭവിക്കാനാകൂവെന്നതാണ് പുത്തൻ ട്രെൻഡ്. ചലച്ചിത്ര മേളയെന്നാൽ തിയേറ്ററിനകത്തിരുന്ന് സിനിമ കാണുന്നതു മാത്രമല്ല, പുറത്തെ ആഘോഷങ്ങളും സൗഹൃദചർച്ചകളും കൂടിയാണെന്ന് ചിന്തിക്കുന്ന ഭൂരിഭാഗവും ടാഗോർ മുറ്റത്താണ് കേന്ദ്രീകരിക്കുക. രാവിലെ മുതൽ പ്രതിനിധികളുടെയും ചലച്ചിത്രപ്രവർത്തകരുടെയും തിരക്ക് തുടങ്ങുന്ന ടാഗോറിൽ രാവേറെ ചെല്ലുന്തോറും ആളും ആരവവും തുടരും. പ്രതിനിധികളുടെ തിരക്കിനു പുറമെ മേളയുടെയും ചലച്ചിത്ര സംഘടനകളുടെയും പവലിയനുകളുമെല്ലാം ടാഗോർ കേന്ദ്രീകരിച്ചാണ്. ഡിസംബർ 13 വരെ നഗരങ്ങളിലെ 13 തിയേറ്ററുകളിലായാണ് മേള നടക്കുക. സർക്കാർ തിയേറ്ററുകൾക്കു പുറമെ സ്വകാര്യ തിയേറ്ററുകൾ പകുതി വാടക മാത്രം ഈടാക്കിയാണ് മേളയ്ക്ക് വിട്ടുകൊടുത്തിരിക്കുന്നത്.



72 രാജ്യങ്ങൾ; 160 ചിത്രങ്ങൾ

നഷ്ടബോധവും വേർപാടും തളർത്തിയ ജീവിതങ്ങൾക്ക് അതിജീവനത്തിന്റെ സന്ദേശം പകരുകയെന്നതാണ് മേളയുടെ പ്രമേയം. ആറു ഭൂഖണ്ഡങ്ങളിലെ 72 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ മേളയിലുണ്ട്. ലോകസിനിമാ വിഭാഗത്തിലെ 92 ചിത്രങ്ങളടക്കം 160 ലധികം ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.അറബ് സംവിധായകനായ അഹ്മദ് ഫൗസി സാലെയുടെ പോയ്‌സണസ് റോസസ്', ഉറുദു സംവിധായകനായ പ്രവീൺ മോർച്ചലയുടെ 'വിഡോ ഒഫ് സൈലൻസ്' എന്നിവയുൾപ്പെടെ 14 മത്സരചിത്രങ്ങളാണ് മേളയിലുള്ളത്. ഈ.മ.യൗ, സുഡാനി ഫ്രം നൈജീരിയ' എന്നിവ മലയാളത്തെ പ്രതിനിധീകരിച്ച് മത്സരിക്കും.
    ലോകസിനിമാ ചരിത്രത്തിലെ വിസ്മയ പ്രതിഭ ബർഗ്മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് സ്‌മൈൽസ് ഒഫ് എ സമ്മർ നൈറ്റ്, പെഴ്‌സോണ, സീൻസ് ഫ്രം എ മാര്യേജ് എന്നിവയുൾപ്പെടെ എട്ട് ചിത്രങ്ങളും 'റിമെമ്പറിംഗ് ദ മാസ്റ്റർ' വിഭാഗത്തിൽ ചെക്ക് സംവിധായകനായ മിലോസ് ഫോർമാന്റെ ആറ് ചിത്രങ്ങളും റെട്രോസ്‌പെക്ടീവ് വിഭാഗത്തിൽ ലെനിൻ രാജേന്ദ്രന്റെ ആറ് ചിത്രങ്ങളും പ്രദർശിപ്പിക്കും.
      മായാനദി, ബിലാത്തിക്കുഴൽ, ഈട, കോട്ടയം, ആവേ മരിയ, പറവ, ഓത്ത് തുടങ്ങി 12 ചിത്രങ്ങളാണ് 'മലയാള സിനിമ ഇന്ന്' വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
     പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാൻ പ്രചോദനമാകുന്ന അഞ്ച് ചിത്രങ്ങളടങ്ങിയ 'ദ ഹ്യുമൻ സ്പിരിറ്റ്:ഫിലിംസ് ഓൺ ഹോപ്പ് ആൻഡ് റിബിൽഡിംഗ്' ഉൾപ്പെടെ 11 വിഭാഗങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. മെൽ ഗിബ്‌സണിന്റെ 'അപ്പോകാലിപ്‌റ്റോ', ജയരാജിന്റെ 'വെള്ളപ്പൊക്കത്തിൽ', ഫിഷർ സ്റ്റീവൻസിന്റെ 'ബിഫോർ ദ ഫ്‌ളഡ്', 'മണ്ടേല: ലോങ്ങ് വാക്ക് ടു ഫ്രീഡം' തുടങ്ങിയ ആറ് ചിത്രങ്ങളാണ് ഹോപ്പ് ആൻഡ് റീബിൽഡിംഗ് വിഭാഗത്തിൽ പ്രദർശിപ്പിക്കുക.

ഉദ്ഘാടന ചിത്രം 'എവരിബഡി നോസ് ' നിശാഗന്ധിയിൽ


2009ൽ സുവർണചകോരത്തിന് അർഹമായ എബൗട്ട് എല്ലിയിലൂടെ ഐ.എഫ്.എഫ്.കെ പ്രേക്ഷകർക്ക് പരിചിതനായ ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ 'എവരിബഡി നോസ്' ആണ് മേളയുടെ ഉദ്ഘാടന ചിത്രം. കാൻ മേളയുടെ ഉദ്ഘാടന ചിത്രമായിരുന്ന എവരിബഡി നോസിന്റെ ആദ്യ ഇന്ത്യൻ പ്രദർശനത്തിനാകും മേള വേദിയാകുക.
    നാളെ വൈകിട്ട് 6ന് നിശാഗന്ധിയിൽ ഉദ്ഘാടനച്ചടങ്ങിനുശേഷമാണ് 'എവരിബഡി നോസ്' പ്രദർശിപ്പിക്കുക. 132 മിനിട്ടാണ് ദൈർഘ്യം. കൈരളി, ശ്രീ,നിള, കലാഭവൻ, ടാഗോർ, ധന്യ, രമ്യ, ന്യൂ സ്‌ക്രീൻ1,2,3, ശ്രീപദ്മനാഭ തിയേറ്ററുകളിൽ നാളെ രാവിലെ മുതൽ പ്രദർശനമുണ്ടായിരിക്കും.



ഇറാനിയൻ വസന്തവും കിം കി ഡുക്കും

ഐ.എഫ്.എഫ്.കെ പ്രേക്ഷകരുടെ ഇഷ്ട പാക്കേജുകളായ ഇറാൻ സിനിമകളും കിം കി ഡുക്കിന്റെ സിനിമയും ഇത്തവണയും മേളയെ ആകർഷകമാക്കും. കാൻ മേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ ജാഫർ പനാഹിയുടെ ത്രീ ഫേസസും ബെർലിൻ മേളയിൽ പ്രത്യേക ജൂറി പരാമർശം നേടിയ ഡ്രസേജ് എന്ന ചിത്രവും മേളയിലുണ്ട്. രാജ്യാന്തര ചലച്ചിത്രമേള ജൂറി ചെയർമാനായ മജീദ് മജീദിയുടെ മുഹമ്മദ്: ദ മെസഞ്ചർ ഒഫ് ഗോഡ്, റോഹോല്ലാ ഹെഹാസി സംവിധാനം ചെയ്ത ഡാർക്ക് റൂം, മുസ്തഫ സെറിയുടെ ദ ഗ്രേവ്‌ലെസ്, ബെഹ്മാൻ ഫർമനാരയുടെ ടേൽ ഒഫ് ദ സീ എന്നിവയാണ് മേളയിൽ പ്രദർശനത്തിനെത്തുന്ന മറ്റ് ഇറാനിയൻ ചലച്ചിത്രങ്ങൾ.
   മനുഷ്യനിലെ മൃഗീയതയും അതിന്റെ ഭാവിയും വിഷയമാകുന്ന കിം കി ഡുക്കിന്റെ പുതിയ ചിത്രം 'ഹ്യൂമൻ, സ്‌പേസ്, ടൈം ആൻഡ് ഹ്യൂമൻ' ആയിരിക്കും മേളയിൽ ആളെക്കൂട്ടുന്ന മറ്റൊരു സിനിമ. ലോകസിനിമാ വിഭാഗത്തിലാണ് ഡുക്കിന്റെ 23ാമത് സംവിധാന സംരംഭമായ ചിത്രം പ്രദർശിപ്പിക്കുക. മോബിയസ്, പിയാത്തെ തുടങ്ങിയ ഡുക് ചിത്രങ്ങളുടെ രൂപപരമായ തുടർച്ചയായി കണക്കാക്കാവുന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെയാണ് ബെർലിൻ, ഗോവ അടക്കമുള്ള മേളകളിൽ പ്രേക്ഷകർ സ്വീകരിച്ചത്.

ക്യൂ സമ്പ്രദായം ഒഴിവാകും


റിസർവേഷൻ കഴിഞ്ഞുള്ള ടിക്കറ്റുകൾക്കായുള്ള ക്യൂ സമ്പ്രദായം ഇക്കുറി ഒഴിവാകും. തിയേറ്ററുകളിൽ ഒഴിവുള്ള സീറ്റുകൾക്ക് കൂപ്പൺ ഏർപ്പെടുത്തുന്നതു വഴിയാണ് ക്യൂ ഒഴിവാകുന്നത്. സിനിമകളുടെ പ്രദർശനം തുടങ്ങുന്നതിനു രണ്ടുമണിക്കൂർ മുൻപ് അതത് തിയേറ്ററുകളിൽ കൂപ്പൺ വിതരണം ചെയ്യും. മേള നടക്കുന്ന എല്ലാ തിയേറ്ററുകളിലും ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഡെലിഗേറ്റ് പാസിനായി അക്കാഡമി വെബ്‌സൈറ്റിലും ടാഗോർ തിയേറ്ററിലെ ഡെലിഗേറ്റ് സെല്ലിൽ നേരിട്ടും നാളെ വരെ രജിസ്‌ട്രേഷൻ നടത്താം.


നിലവാരത്തിൽ വിട്ടുവീഴ്ചയില്ല: കമൽ


'മേളയുടെ നടത്തിപ്പ് ലളിതമായിട്ടാണെങ്കിലും സിനിമകളുടെയോ തിയേറ്ററുകളുടെയോ ഗുണനിലവാരത്തിൽ യാതൊരും വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. അടുത്തകാലത്ത് ഇറങ്ങിയിട്ടുള്ള മികച്ച സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. ലോകോത്തര നിലവാരമുള്ളവയും വിശ്വപ്രസിദ്ധ സംവിധായകരുടെയും ചിത്രങ്ങളാണ് ലോകസിനിമാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.''

നവകേരള സൃഷ്ടിക്ക് കരുത്തുപകരും: മന്ത്രി ബാലൻ


''നവകേരള സൃഷ്ടിക്ക് കരുത്തുപകരുന്നതാകും ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേളയെന്ന് മന്ത്രി എ.കെ. ബാലൻ. ആഘോഷങ്ങൾ സംഘടിപ്പിച്ച് ആശ്വാസം പകരുകയും അതിലൂടെ അതിജീവനത്തിന്റെ സന്ദേശം നൽകുകയുമാണ് ദുരന്തങ്ങൾ ഉണ്ടായ രാജ്യങ്ങൾ ചെയ്തത്. ആ മാതൃകയാണ് കേരളം പിന്തുടരുന്നത്.''

കേരളകൗമുദി, 2018 ഡിസംബർ 6

No comments:

Post a Comment