Monday, 7 January 2019

 

മീശ- നോവൽ വായന

പ്രകൃതിപാഠങ്ങളുടെ വീണ്ടെടുപ്പ്


എഴുപതെൺപതാണ്ടുകൾക്കു മുമ്പ് കേരളം കേരളമായി മാറിയിട്ടില്ലാത്ത കാലത്തെ കുട്ടനാടും, അപ്പർ, വടക്കൻ കുട്ടനാടുമുൾക്കൊള്ളുന്ന ഇന്നത്തെ കോട്ടയം, ആലപ്പുഴ ജില്ലയിലുൾപ്പെട്ട പ്രദേശങ്ങളിലെ കീഴാള മനുഷ്യരുടെ കഷ്ടത നിറഞ്ഞ ജീവിതം കഥയും കെട്ടുകഥയും ചരിത്രവും മിത്തും ഫാന്റസിയും ഉൾച്ചേർത്ത് ഭ്രമാത്മകവും ഒട്ടു കാവ്യാത്മകവുമായി എഴുതിയിടുകയാണ് എസ്.ഹരീഷിന്റെ മീശയെന്ന നോവലിൽ. മനുഷ്യനും പ്രകൃതിയും രണ്ടാല്ലാത്തവിധം ഒന്നായിക്കഴിഞ്ഞിരുന്നൊരു കാലത്തിന്റെ വീണ്ടെടുപ്പാണിത്. മനുഷ്യരുടേതു പോലെത്തന്നെ ഒരു പ്രദേശവുമായി ഇണങ്ങിക്കഴിഞ്ഞുകൂടുന്ന ജീവജാലങ്ങളുടെ ജീവനത്തിന്റെയും അതിജീവനത്തിന്റെയും കഥ കൂടിയാകുന്നു മീശ. തോടുകൾക്കും കായലിനും മീനുകൾക്കും മുതലകൾക്കുമെല്ലാം മനുഷ്യനോട് തൊട്ടുരുമ്മി നിൽക്കുന്ന ആദിമധ്യാന്ത ചരിത്രമുണ്ടിതിൽ.
    കായലിൽ നിന്ന് ചെളി കുത്തിയെടുത്ത് കരയും വയലും രൂപപ്പെടുത്തി ജന്മിക്കുവേണ്ടി മണ്ണിൽ വിത്തിറക്കുകയും കുടിൽ കെട്ടിക്കഴിയുകയും ചെയ്തുപോന്നിരുന്ന പുലയനും പറയനും സമൂഹം തൊഴിലാളിയെന്ന സ്വത്വം അന്ന് രൂപപ്പെടുത്തി കൊടുത്തിട്ടില്ലായിരുന്നു. അടിമഉടമ ദ്വന്ദ്വങ്ങൾ മാത്രം നിലനിന്ന അക്കാലത്ത് സൂര്യനെത്തിയൊടുങ്ങുവോളം പണിയെടുത്തിട്ടും പണിയാളർക്ക് പട്ടിണി മാത്രം ബാക്കിയായി. ദിവസങ്ങളോളം പട്ടിണി കിടന്ന് ചിരട്ടയിലെ കഞ്ഞിവെള്ളവും മുകൾപരപ്പിലെ കട്ടിപ്പാടയും അടിയിലെ രണ്ടു വറ്റും എന്നെങ്കിലും മാത്രം യാഥാർഥ്യമായി വരുന്ന സ്വപ്നമായിരുന്നു അവർക്ക്. കാഞ്ഞുകാഞ്ഞില്ലാതായ വയറിന് എന്തെങ്കിലും കൊടുക്കാനാകുമോയെന്ന് ദൂരദൂരം നടന്നുതിരഞ്ഞവർ തിരിച്ചുകടിക്കാത്ത ഇലകളും കായ്കളും ജന്തുക്കളെയുമെല്ലാം ഭക്ഷണമാക്കി. കപ്പയുടെ മൂടിനായി എലിയും മനുഷ്യനുമെല്ലാം ഒരുപോലെ മത്സരിച്ചു. ആദ്യമെത്തുന്നവർക്ക് അത് ഭക്ഷണമായി. കപ്പയിലയും ചൊറിയുന്ന ഇലകളും തിളപ്പിച്ച് കട്ടു കളഞ്ഞ് തിന്നുപോന്നിരുന്ന ആവർത്തിക്കുന്ന പട്ടിണിദിവസങ്ങൾ അവരെ തളർത്തി.


വാവച്ചന്റെ യാത്രകൾ


തോടും വയലും കായലും കടന്നുള്ള വാവച്ചനെന്ന മീശയുടെ തുടർയാത്രകളും ആദ്യമാദ്യം പട്ടിണി മാറ്റാൻ വേണ്ടിയായിരുന്നു. പിന്നെയത് സീതയെന്ന ലക്ഷ്യത്തിനു വേണ്ടിയായി മാറി. ജന്മികൾക്കു കീഴിലുള്ള മൃഗതുല്യ ജീവിതത്തിൽ നിന്ന് സ്വയം മുക്തി നേടിയ ആളായിരുന്നു വാവച്ചൻ. വാവച്ചന്റെ പിതാവ് പവിയാനാകട്ടെ കൊടുംയാതനകൾ അനുഭവിച്ചുപോന്ന പുലയന്റെ പ്രതിനിധിയും.
    താണ ജാതിക്കാർക്ക് മീശ വച്ചുകൂടാത്തൊരു കാലത്ത് കൈപ്പുഴയിൽ നാടകമവതരിപ്പിക്കാൻ എത്തിയ എഴുത്തച്ഛൻ വാവച്ചന്റെ ശരീരഗാംഭീര്യം കണ്ട് ഇഷ്ടപ്പെട്ട് നാടകത്തിൽ മീശ വച്ച് അഭിനയിപ്പിക്കുന്നതോടെയാണ് വാവച്ചൻ മീശയാകുന്നതും അയാളുടെ ജീവിതം പാടേ മറ്റൊന്നായി മാറുന്നതും. പിന്നീടങ്ങോട്ട് വാവച്ചനെ ചൊല്ലിയുള്ള കഥകൾ ഉള്ളതിനെക്കാൾ പരത്തിപ്പറഞ്ഞ് അത്ഭുതം കൂറുന്നതും വീരാരാധനയും ഭീതിയുമേറ്റുന്നതുമായിരുന്നു. വടക്ക് കൊച്ചിരാജ്യത്തെ പെരിയാറ്റിൻകര തൊട്ട് തെക്ക് വേണാട്ടും അഷ്ടമുടിക്കായലിനുമപ്പുറം വടക്കൻ തിരുവിതാംകൂറു വരെ പടർന്നെത്തിയ മീശചരിതങ്ങൾ. അങ്ങനെ താൻ പോലുമറിയാതെ കെട്ടുകഥകളിലെ ഇതിഹാസ നായകനായി മാറുകയായിരുന്നു വാവച്ചൻ.
  
     വാവച്ചൻ തോട്ടിൽ മുഖം കഴുകുമ്പോൾ വേരുകളായി വെള്ളത്തിൽ പടർന്നുപരക്കുന്ന മീശ. അതിൽ കയറി താമസമുറപ്പിച്ച് മുട്ടയിട്ട് പെരുകുന്ന മീനുകളും തവളപ്പൊട്ടലുകളും കൂടുകെട്ടുന്ന തൂക്കണാംകുരുവികളും മറ്റൊരു മരത്തിന്റെ വേരുകളാണിതെന്ന് തെറ്റിദ്ധരിക്കുന്ന മരങ്ങളും. ആളൊഴിഞ്ഞ തോട്ടിൻകരയിലും കായൽവക്കത്തും ദിവസങ്ങളോളം മൗനിയായിരിക്കുന്ന വാവച്ചൻ. വാവച്ചനിൽ നിന്ന് ദിവസവും പരിസരങ്ങളിലേക്ക് വളർന്നുപടരുന്ന മീശ. തമ്മിൽ മുട്ടിയാൽ തിരിച്ചറിയാത്ത ഇരുട്ടുരാത്രികളിൽ തോണിയാത്രകളിലും കായൽവക്കത്തെ രാത്രിനടത്തകളിലും ആളുകളിൽ ഭീതിനിറച്ച വലിയ രൂപമാകുന്നു വാവച്ചൻ. മീശയാകട്ടെ ആളുകളുടെ പേടിയിലോ മറ്റു വിഷയങ്ങളിലോ ശ്രദ്ധ വയ്ക്കുന്നേയില്ല. തന്റെ യാത്രകളിൽ പ്രേതങ്ങളെയും പരലോകം പൂകിയ പൂർവ പരമ്പരകളിൽ പെട്ടവരെയും കാലനെത്തന്നെയും കണ്ടുമുട്ടുന്നുണ്ട് അയാൾ.
    കുട്ടനാട്ടെ വലിയ പ്രളയകാലങ്ങളിലൊന്നിൽ അമ്മ ചെല്ലയെ ദംശിച്ച പാമ്പുകളോട് പ്രതികാരം ചെയ്യുന്നുണ്ട് വാവച്ചൻ. കിഴക്കൻ മലകളിൽ നിന്ന് മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ച് ആറുകളും കടന്ന് കൈവഴികളായ കുട്ടനാട്ടെ കൈത്തോടുകളിലേക്കും കായൽപരപ്പിലേക്കും ഒഴുകിയെത്തിയ പലജാതി പാമ്പുകളെ കൂട്ടത്തോടെ തലയ്ക്കടിച്ചും നിലത്തെറിഞ്ഞും കൊന്നുതീർക്കുകയാണ് മീശ. ആകാശത്ത് പറന്നുപോകുന്ന പരുന്ത് 'നമ്മൾ ഒന്നിച്ചാണിനി. ഞങ്ങൾ മുകളിലും താഴെ നീയും' എന്ന് വാവച്ചനോട് പറയുന്നുണ്ട്. ഒരു വലിയ തോണി നിറച്ച് പാമ്പുകളുമായി കായലിൽ തുഴയെറിഞ്ഞ് ക്രൗര്യഭാവവുമായി വരുന്ന വാവച്ചന്റെ ഒരു അസാധ്യ എഴുത്തുചിത്രമുണ്ട് 'പാമ്പുകൾ' എന്ന അധ്യായത്തിൽ.
        'മീശ വരണ വരവിതുകണ്ടോ
         കൈപ്പുഴക്കരേലേ മീശ വരിണേ    
        തെക്കനെരുത്തിലു പുത്തനെരുത്തിലു
        ആതാളിവീതാളി കോരിയെരുത്തിലു
        കുന്നേലത്തൂന്നി കരിങ്കത്തളത്തിലു
        കെട്ടിമറിഞ്ഞു വരികയല്ലോ
        മാനം തൊടുംതൊടും മീശയുണ്ടേ
        പൂമി തൊടുംതൊടും കൈകളുണ്ടേ'


മീശപ്പാട്ടുകളും ചരിതങ്ങളും അങ്ങനെയങ്ങനെ ചെവികളിൽ നിന്ന് ചെവികളിലേക്ക് പടർന്ന് വെവ്വേറെ നാടുകളിലേക്ക് സഞ്ചരിക്കുമ്പോഴും ദിവസവും പുതിയ കെട്ടുകഥകൾ പരക്കുമ്പൊഴും നാട്ടിലെ എല്ലാ ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണം താനാണെന്ന കിംവദന്തി പരക്കുമ്പോഴും തന്നെ വേട്ടയാടാൻ ഭരണാധികാരികളും പൊലിസും വേട്ടക്കാരും പിറകെയുണ്ടെന്ന് അറിഞ്ഞിട്ടും ഒന്നും കൂസാതെ തന്റെ ലക്ഷ്യത്തിലേക്ക് നടന്നകന്നും നീന്തിക്കയറിയും മറുകരകൾ തേടി പോകുകയാണ് വാവച്ചൻ. സമൂഹം എന്നും അങ്ങനെയാണ്. അവർക്ക് നേരായ കഥകൾ വേണ്ട, കെട്ടുകഥകളിലും ഊഹാപോഹങ്ങളിലുമാണ് താത്പര്യം.
  

 
മീശയിലെ പ്രകൃതിപാഠങ്ങൾ

പക്ഷികൾ, മുതലകൾ, പാമ്പുകൾ, മീനുകൾ, മരങ്ങൾ, കൂണുകൾ തുടങ്ങി കുട്ടനാടിന്റെ ഭൂമികയിൽ ഇടമുള്ള ഭൂമിയുടെ അവകാശികളായ പലജാതി ജീവജാലങ്ങളെ മനുഷ്യന്റെ കഥയ്‌ക്കൊപ്പം കൊണ്ടുവന്ന് പ്രകൃതിപാഠങ്ങളുടെ തെളിമയാർന്ന വീണ്ടെടുപ്പാണ് ഹരീഷ് നടത്തുന്നത്. മനുഷ്യനെക്കാൾ മുമ്പ് ഭൂമിയിലെത്തിയ ജീവികളും സസ്യങ്ങളുമെല്ലാം മീശയിൽ മനുഷ്യരെപ്പോലെ സംസാരിക്കുന്നവരും ചിന്തിക്കുന്നവരുമാണ്. മനുഷ്യനോടു കെട്ടുപിണഞ്ഞുകിടക്കുന്ന കഥകളും മിത്തുകളും വിശ്വാസങ്ങളും അവർക്കുണ്ട്. പാമ്പുകളും കട്ടപ്പുളവനും വലിയ മുതലയും ചെമ്പല്ലിയും നോവലിൽ മനുഷ്യരെപ്പോലെ തന്നെ കഥാപാത്രങ്ങളാകുന്നു.
    അഞ്ചു വയസ്സുള്ളപ്പോൾ വിഷക്കൂണു തിന്നു മരിച്ച ചേച്ചി ഒരു പെരുമഴയത്ത് ആളൊഴിഞ്ഞ പാടത്ത് വാവച്ചന് വലിയൊരു കൂൺകുടയായി നിന്നു കൊടുക്കുന്നുണ്ട്.  പിന്നീടൊരിക്കൽ വാവച്ചന്റെ അമ്മ ചെല്ല ഈ കൂണിനടുത്ത് വരുമ്പോൾ ഇതു തന്റെ ആദ്യ പേറ്റുനോവിലുണ്ടായതാണെന്ന് തിരിച്ചറിയുന്നുമില്ല. ഒരു വേലിയേറ്റ സമയത്ത് വെള്ളം നിറഞ്ഞുകവിഞ്ഞ തോട്ടിൻകരയിൽ നീന്തൽ മറന്നുനിന്ന പവിയാനെ തോളിലേറ്റി തോട്ടിലൂടെയും കായലിലൂടെയും മിണ്ടിയും പറഞ്ഞും വീട്ടിലെത്തിക്കുന്നത് കുട്ടനാട്ടെ ജലപ്പരപ്പിനെ മനുഷ്യനെക്കാൾ നന്നായറിയുന്ന വലിയ മുതലയാണ്. മനുഷ്യർക്കും മുമ്പ് കുട്ടനാട്ടെ കായലിൽ വന്ന ഈ മുതലകളുടെ വംശാവലിയെ ഒന്നാകെ മനുഷ്യർ പിന്നീട് കൊന്നൊടുക്കിയെന്നത് മറ്റൊരു യാഥാർഥ്യം.
    അറിയാതെ ചെമ്പല്ലി വിഴുങ്ങി മരിച്ച ചോവന്റെ പ്രേതം തോട്ടിലൂടെ തോണിയിൽ രാത്രി വരുന്നവരെ സ്ഥിരമായി വഴിതെറ്റിക്കാറുണ്ട്. പവിയാനും വാവച്ചനും ഒരിക്കൽ അതിൽ പെടുന്നുമുണ്ട്. ചിരിക്കുകയും വർത്തമാനം പറയുകയും ചിന്തിക്കുകയും ചെയ്യുന്ന മീനുകളും മുതലകളും തോട്ടുവക്കത്തെ കൈതകളും ചോവന് ദാഹംമാറ്റാൻ കരിക്കുമായി തലകുനിച്ചുകൊടുക്കുന്ന തെങ്ങുകളും താനേ കൊയ്യുന്ന പാടങ്ങളും തോണിയെയും തുഴയെറിയുന്നവരെയും തിരിച്ചറിയുന്ന വെള്ളപ്പരപ്പും നമ്മളെ കൗതുകത്തിലകപ്പെടുത്തും.
  

ചരിത്രാഖ്യാനവും പഠന സാധ്യതയും

എഴുത്തുകാരൻ ജനിച്ച നീണ്ടൂർ ഗ്രാമവും അതിനോടു ചേർന്ന കുട്ടനാട്ടെ ഒട്ടേറെ അയൽ നാടുകളുമുൾപ്പെട്ട പ്രദേശങ്ങളിലെ കേട്ടറിഞ്ഞ ചരിത്രവും പ്രായം ചെന്നവരിൽ നിന്നും അറിവുകൾ ഓർത്തുസൂക്ഷിക്കുന്നവരിൽ നിന്നും സമ്പാദിച്ച അനവധിയായ കഥകളും ഉപകഥകളുമാണ് മീശയുടെ കരുത്ത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ കുട്ടനാട്ടെ കാർഷിക, ജീവിത ചിത്രവും ഐതിഹ്യവും മിത്തുകളും ചരിത്രവും അനുബന്ധ കഥകളും അല്പം പിറകിലേക്ക് സഞ്ചരിച്ച് സ്വാതി തിരുനാളിന്റെയും തുടർന്നുവരുന്ന ഉത്രം തിരുനാളിന്റെയും കാലത്തെ തിരുവിതാംകൂർ രാജവംശ ചരിത്രവും ഇടയ്ക്ക് കടന്നുവരുന്നുണ്ട്. ഇങ്ങനെ ഒരേസമയം സ്ഥലകാലചരിത്രങ്ങളുമായി ബന്ധപ്പെടുത്തിയും ഫാന്റസിയും മിത്തും ഇഴചേർത്തുമുള്ളതാണ് മീശയുടെ ആഖ്യാനം.
    അത്രയെളുപ്പം ഓർത്തെടുക്കാനും ചേർത്തുവയ്ക്കാനുമാവുന്ന തരത്തിലുള്ളതല്ല മീശയുടെ എഴുത്തുശൈലി. അതിനുപിന്നിൽ ഒരു വലിയ എഴുത്തുകാരനു മാത്രം സാധ്യമാകുന്ന നിരീക്ഷണ പാടവവും സൂക്ഷ്മ ബോധവുമുണ്ട്. കഥകളും ഉപകഥകളും കെട്ടുകഥകളും ഫാന്റസിയും ഉൾച്ചേർന്ന് ഒരു കാലഘട്ടത്തിന്റെ, പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഒരു കൂട്ടം നാടുകളുടെ പകർത്തിയെഴുത്താകുകയാണ് ഈ പുസ്തകം. പല തലത്തിൽ വായിക്കപ്പെടാവുന്ന ചരിത്രവും മിത്തും കാർഷിക ജീവിതവും സ്ഥല,കാല,കഥാപാത്ര പഠനവുമായി വലിയ പഠന സാധ്യതയാണ് മീശയ്ക്കുള്ളത്. ഇതോടെ ആധുനികാനന്തര മലയാള നോവൽ പഠനത്തിന്റെ പ്രബല മാതൃകയായി മാറാനും മീശയ്ക്ക് കഴിയുന്നു.


 
വിവാദത്തിനു വേണ്ടിയുള്ള വിവാദങ്ങൾ

ഇന്നുകാണുന്ന ജാതികേരളം എങ്ങനെ രൂപപ്പെട്ടെന്നും കീഴ്ജാതി, മേൽജാതി ബോധങ്ങൾ ജനതയെ എത്രത്തോളം ഭരിക്കുന്നുവെന്നും ഇന്നും ജാതീയത വിട്ടുപോകാതെയും നവോത്ഥാന മൂല്യങ്ങൾ എന്തുകൊണ്ടാണ് തൊലിപ്പുറമേ പോലും സ്പർശിക്കാത്തതെന്നുമുള്ളതിന്റെ കീഴാള,മേലാള ചിത്രങ്ങൾ മീശയിൽ തെളിഞ്ഞു കാണാവുന്നതാണ്. ജാതിവ്യത്യാസങ്ങൾ അന്ന് പ്രത്യക്ഷമായി പറയുകയും ഇന്ന് ഒളിപ്പിച്ചു കടത്തുകയും ചെയ്യുന്നുവെന്ന വ്യത്യാസമേയുള്ളൂ. മേൽ,കീഴ് ജാതി വ്യത്യാസങ്ങൾക്കതീതമായി പെണ്ണുങ്ങൾക്കു നേരെയുള്ള വെറിയുടെയും അക്രമത്തിന്റെയും കാര്യത്തിൽ എല്ലാവരും മത്സരിച്ചു പോന്നതിന്റെ നേർചിത്രങ്ങൾ കേരളചരിത്രത്തിലുടനീളം കാണാം. എസ്.ഹരീഷ് മീശയിൽ ആവിഷ്‌കരിക്കുന്ന കുട്ടനാടിന്റെ ചരിത്ര പഠനത്തിലും അത് പ്രബലമായിത്തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. പുലയനോ പറയനോ ചോവനോ മാപ്പിളയോ നായരോ നാടു ഭരിച്ചിരുന്ന തമ്പുരാനോ സായിപ്പോ എന്ന വ്യത്യാസമില്ലാതെ എല്ലാവരും പെണ്ണിനെ ഉപയോഗിച്ചു. പെണ്ണ് കായലിനു നടുവിലും പാടവരമ്പത്തും തോട്ടിൻകരയിലും ചാളയിലും വീട്ടിലും വച്ച് ഒരുപോലെ ഉപയോഗിക്കപ്പെട്ടു. പെണ്ണിനോടു പുലർത്തിപ്പോന്ന ഈ കാമാർത്തിയും പരാക്രമങ്ങളും നോവലിൽ പലയിടത്തും കാണാം.
    നോവലിന്റെ രണ്ടാമധ്യായത്തിലും 294ാം പേജിലും സൂക്ഷ്മദൃക്കുകൾ കണ്ടെടുത്ത് ആഘോഷിച്ചതും ഇതു തന്നെയാണ്. ഹരീഷിന്റെ തന്നെ വാക്കുകൾ കടമെടുത്താൽ 'നോവൽ എന്ന സ്വതന്ത്രരാജ്യത്ത് കഥാപാത്രങ്ങൾ എങ്ങനെ ചിന്തിക്കുമെന്നും എന്തെല്ലാം പറയുമെന്നും പെരുമാറുമെന്നും എഴുത്തുകാരന്റെ കൈപ്പിടിയിൽ ഒതുങ്ങുന്നതല്ല.' ഈ ചിന്ത ഉൾക്കൊള്ളുമ്പോഴാണ് നോവലിലെ വിവാദ ഭാഗങ്ങൾ തെറിയും അവഹേളനവും വിശ്വാസങ്ങളെ വ്രണപ്പെടുത്തലും അല്ലാതായി മാറുന്നത്. നിർഭാഗ്യവശാൽ പുസ്തകവായന ജീവിതശീലമായി എടുത്തവർക്കു മാത്രമേ ഇത് പൂർണമായി ഉൾക്കൊള്ളാനാകൂവെന്ന പരമാർഥം അംഗീകരിച്ചേ മതിയാകൂ. അല്ലാത്തവർ വാവച്ചനെക്കുറിച്ച് വ്യാജകഥകൾ പടച്ചുവിടുന്ന നാട്ടുകാരെപ്പോലെ സദാ കെട്ടുകഥകളിലും ഊഹോപഹങ്ങളിലും അപവാദ പ്രചരണങ്ങളിലും ജീവിക്കുന്നവരും അതിൽ തുടരാൻ താത്പര്യപ്പെടുന്നവരുമായിരിക്കും.

'ഉടൻ തന്നെ മരിച്ചുപോകേണ്ട ചിലരുടെ ഓർമ്മകളിലും ചിന്തകളിലും മാത്രമാണ് നമ്മൾ ജീവിക്കുന്നത്.'


പ്രസാധകൻ, 2018 ഒക്ടോബർ

No comments:

Post a Comment