ദി ബെഡ്ഡും മിലോസ് ഫോർമാനും മലയാള സിനിമകളും
അതിശയിപ്പിക്കുന്ന സിനിമകളില്ലാതെ കടന്നുപോയ ചലച്ചിത്ര മേളയുടെ മൂന്നാംദിനം ചർച്ചയായത് മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച 'ദി ബെഡ്ഡും' മലയാള സിനിമകളും. മോണിക്ക ലൈറാന തിരക്കഥയും സംവിധാനവും നിർവ്വഹിച്ച അർജന്റീനബ്രസീൽനെതർലാന്റ്‌സ്ജർമ്മനി സംയുക്ത സംരംഭമായ ദി ബെഡ് കൈരളിയിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. ചിത്രത്തിന്റെ ആദ്യപ്രദർശനം ടാഗോറിൽ പ്രൊജക്ടർ തകരാറിലായതിനെ തുടർന്ന് ഇടയ്ക്കുവച്ച് തടസ്സപ്പെട്ടിരുന്നു.
ജോർജ്, മേബൽ എന്നീ രണ്ടു കഥാപാത്രങ്ങൾ മാത്രമുള്ള 'ബെഡ്ഡി'ന്റെ ദൈർഘ്യം 95 മിനിറ്റാണ്. സിനിമയുടെ പശ്ചാത്തലം ഒരു വീടിനകത്ത് മാത്രമായി ഒതുങ്ങുന്നുവെങ്കിലും ആഖ്യാനത്തിലെ ചലനാത്മകത കൊണ്ട് ചിത്രം കാണികളിൽ വിരസതയുണ്ടാക്കില്ല. അർജന്റിനിയൻ താരങ്ങളായ സാന്ദ്ര സൻഡ്രിനി, അലേജോ മാൻഗോ എന്നിവരുടെ സ്വാഭാവിക അഭിനയമാണ് 'ബെഡ്ഡി'നെ കാണികളുടെ പ്രിയസിനിമയാക്കി മാറ്റിയത്.മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച കിർഗിസ്ഥാൻ ചിത്രം നൈറ്റ് ആക്‌സിഡന്റ് ആണ് കാണികളുടെ കൈയടി നേടിയ മറ്റൊരു ചിത്രം.
'വൺസ് എ മാസ്റ്റർ ഓൾവേയ്‌സ് എ മാസ്റ്റർ'എന്ന പ്രയോഗത്തെ അർത്ഥവത്താക്കുന്നതായിരുന്നു വിഖ്യാത ചെക്ക്അമേരിക്കൻ സംവിധായകൻ മിലോസ് ഫോർമാന്റെ ചിത്രങ്ങൾക്ക് മേളയിലുണ്ടായ തിരക്ക്. ഇക്കഴിഞ്ഞ ഏപ്രിലിൽ അന്തരിച്ച ഫോർമാന് ആദരമർപ്പിക്കുന്ന 'റിമമ്പറിംഗ് ദി മാസ്റ്റർ'വിഭാഗത്തിൽ യുവഗായകരായ ബ്ലൂമെന്റലിന്റെയും വ്‌ലാദയുടേയും സംഗീതജീവിതം ആവിഷ്‌കരിച്ച 'ടാലന്റ് കോംപറ്റീഷൻ' ആണ് ആദ്യം പ്രദർശിപ്പിച്ചത്. നിറഞ്ഞ കൈയടിയോടെയാണ് ഫോർമാൻ ചിത്രത്തെ പ്രേക്ഷകർ ഏറ്റുവാങ്ങിയത്. ഫോർമാൻ ആരാധകരിൽ എക്കാലത്തും തിളങ്ങിനിൽക്കുന്ന ബ്ലാക്ക് പീറ്റർ, വൺ ഫ്‌ളൂ ഓവർ ദി കുക്കൂസ് നെസ്റ്റ്, ലവ്‌സ് ഓഫ് എ ബ്ലണ്ട് എന്നീ ചിത്രങ്ങൾക്കും ആസ്വാദകരേറെയായിരുന്നു.ഈ പാക്കേജിൽ മൊസാർട്ടിന്റെ കല്പിത ജീവിതാഖ്യായികയായ'അമദ്യൂസ്'ഇന്ന് പ്രദർശിപ്പിക്കും.
ഗൗതം സൂര്യയുടെ 'സ്ലീപ്‌ലെസ്ലി യുവേഴ്‌സ്',പി.കെ ബിജുക്കുട്ടന്റെ 'ഓത്ത്',ജയരാജിന്റെ 'ഭയാനകം',വിപിൻ രാധാകൃഷ്ണന്റെ 'ആവേ മരിയ',ഉണ്ണികൃഷ്ണൻ ആവളയുടെ 'ഉടലാഴം',ബി.അജിത്കുമാറിന്റെ 'ഈട', ഡോ.ബിജുവിന്റെ 'പെയിന്റിംഗ് ലൈഫ്'തുടങ്ങി ഇന്നലെ പ്രദർശിപ്പിച്ച മലയാള ചിത്രങ്ങൾക്കും മികച്ച പ്രേക്ഷകപിന്തുണയാണ് ലഭിച്ചത്
ഐ.എഫ്.എഫ്.കെയിൽ ഏറെ ആരാധകരുള്ള കിം കി ഡുക്കിന്റെ 'ഹ്യൂമൺ സ്‌പേസ് ടൈം ആന്റ് ഹ്യൂമൺ' എന്ന ചിത്രത്തിന്റെ ആദ്യപ്രർശനത്തിന് വൻ വരവേല്പാണ് ഡെലിഗേറ്റുകൾ നൽകിയത്. 2500 പേരെ ഉൾക്കൊള്ളുന്ന നിശാഗന്ധി ആഡിറ്റോറിയം സിനിമ തുടങ്ങുന്നതിനു മിനിറ്റുകൾക്കുമുമ്പേ നിറഞ്ഞിരുന്നു. മിഡ്‌നൈറ്റ് റണ്ണർ,ജമ്പ്മാൻ,എവരിബഡി നോസ്,ഗ്രീവ്‌ലെസ്,ദി ഹൗസ് ദാറ്റ് ജാക്ക് ബ്വിൽറ്റ്, എ ഫാമിലി ടൂർ, പിറ്റി എന്നിവയാണ് മൂന്നാംദിനം അഭിപ്രായമുണ്ടാക്കിയ മറ്റു സിനിമകൾ.
കേരളകൗമുദി, 2018 ഡിസംബർ 10
No comments:
Post a Comment