ടേക്കിംഗ് ദ ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ്', 'വിഡോ ഓഫ് സൈലൻസ്' രണ്ട് ഇന്ത്യൻ യാഥാർത്ഥ്യങ്ങൾ
എല്ലാ ലോകരാജ്യങ്ങൾക്കും പുറംലോകത്തിനു മുന്നിൽ അഭിമാനത്തോടെ ഉയർത്തിക്കാണിക്കാൻ തിളങ്ങുന്ന ഒരു മുഖവും മറുവശത്ത് നിറങ്ങളില്ലാത്ത മറ്റൊരു മുഖവുമുണ്ടായിരിക്കും. 'തിളങ്ങുന്ന ഇന്ത്യ' എന്ന പരസ്യവാചകത്തിനപ്പുറം യഥാർത്ഥ ഇന്ത്യയും ഇന്ത്യനും എങ്ങനെ ജീവിക്കുന്നു എന്ന് പുരാതന ദില്ലിയുടെ ഭൂതകാലവും വർത്തമാനവും അടയാളപ്പെടുത്തി പറയുകയാണ് 'ടേക്കിംഗ് ദ ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ്'എന്ന ഹിന്ദി ചിത്രം. അനാമിക ഹക്‌സർ രചനയും സംവിധാനവും നിർവ്വഹിച്ച സിനിമ രാജ്യാന്തര ചലച്ചിത്ര മേളയിൽ മത്സരവിഭാഗത്തിലെ ഇന്ത്യൻ പ്രതീക്ഷയാണ്.
പല നാടുകളിൽ നിന്ന് ഡൽഹിയിലെത്തി ചേരിയിലും ചന്തയിലും വൃത്തിഹീനമായ സാഹചര്യത്തിൽ ചില്ലറ തൊഴിലെടുത്ത് ജീവിക്കുന്നവരാണ് സിനിമയിലെ കഥാപാത്രങ്ങൾ. സിനിമയ്ക്ക് വേണ്ടി നാലോ അഞ്ചോ താരങ്ങളെ ഒഴിവാക്കിയാൽ കാസ്റ്റിംഗ് പൂർണമായി നഗരപ്രാന്ത പ്രദേശത്ത് ജീവിക്കുന്ന മനുഷ്യരാണ്. ഒരു അഭയാർത്ഥി ജീവിതം പോലെ നീങ്ങുന്ന ചിത്രം സമർപ്പിച്ചിരിക്കുന്നത് തെരുവിൽ ചുമടെടുക്കുന്ന തൊഴിലാളികൾക്കും ചെറുകിട കച്ചവടക്കാർക്കും റിക്ഷാവാലകൾക്കും പോക്കറ്റടിക്കാർക്കുമാണ്. ഡൽഹിയുടെ ചരിത്രവും ഫാന്റസിയും ആക്ഷേപഹാസ്യവും കലർത്തിയുള്ള ആഖ്യാനമാണ് രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന്റേത്.
ഇന്ത്യയിൽ നിന്നുള്ള മറ്റൊരു മത്സരവിഭാഗം ചിത്രമായ 'വിഡോ ഓഫ് സൈലൻസ്'മുന്നോട്ടുവയ്ക്കുന്ന പ്രസക്തമായ രാഷ്ട്രീയം കൊണ്ടാണ് ഡെലിഗേറ്റുകളിൽ ചർച്ചയായത്. പ്രശ്‌നമുഖരിതമായ കാശ്മീരിൽ ജീവിക്കുന്ന വിധവയായ മുസ്ലീം സ്ത്രീ, ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റിനായി സർക്കാരിനെ സമീപിക്കുന്നതോടെ നേരിടുന്ന പ്രതിസന്ധികളിലേക്കാണ് ചിത്രം സഞ്ചരിക്കുന്നത്. കാശ്മീർ ജനത നേരിടുന്ന സ്വത്വപ്രതിസന്ധിയിലേക്കും പ്രാദേശികവാദത്തിലേക്കും കടന്നുചെന്ന് അവരുടെ തീവ്രപ്രശ്‌നങ്ങൾ തുറന്നുകാട്ടുകയാണ് 'വിഡോ ഓഫ് സൈലൻസി'ലൂടെ സംവിധായകനായ പ്രവീൺ മോർച്ചാലെ.
കേരളകൗമുദി, 2018, ഡിസംബർ 12
No comments:
Post a Comment