Monday, 7 January 2019

 
ജോസഫ് എന്ന രക്തസാക്ഷി
'ബീഡിക്കറയിൽ കരിഞ്ഞ ഹൃദയത്തിലൂറുന്ന
സ്‌നേഹത്തിനും കൊടും കയ്പാണ്
കീറിപ്പറിഞ്ഞൊരെൻ ചുണ്ടിന്റെ ചുംബനം
പോലും കഠാരതൻ കുത്തലാണെങ്കിലും,
ആരോ വരാനായ് തുറന്നു വയ്ക്കാറുണ്ട്
വാതിൽ  വരികില്ലൊരിക്കലുമെങ്കിലും..'

    ജോസഫ് രക്തസാക്ഷിയാണ്. സമൂഹത്തിനു മുന്നിലേക്ക് തീക്ഷ്ണ യാഥാർഥ്യങ്ങളുടെ തിരുശേഷിപ്പുകൾ തുറന്നിട്ടുകൊടുത്ത് സ്വയം രക്തസാക്ഷിത്വം വരിച്ചവൻ. ഭൂതകാലത്തിലെ മുറിവുകൾ ഉണക്കം തട്ടാതെ തികട്ടി പിന്തുടരമ്പോൾ നിസ്സഹായനായിപ്പോകുന്ന പച്ചപ്പാർന്ന  മനുഷ്യൻ. മറുതുരുത്തിൽ ജോസഫ് എന്നത് ആത്മധൈര്യത്തിന്റെ ഉറച്ച പേരു കൂടിയാണ്.
      നല്ലത് സ്വീകരിക്കുന്നവരാണ് മലയാളികൾ എന്നൊരു പ്രബല പ്രയോഗം നിലവിലുണ്ടെങ്കിലും നമ്മുടെ കാഴ്ചശീലത്തിൽ ഈ നല്ലതിന് 'നായക കേന്ദ്രീകൃതം' എന്നതാണ് ശരിയായ അർഥമെന്ന് ആളുകൾ കണ്ടു വിജയിപ്പിച്ച സിനിമകളുടെ ലിസ്റ്റ് എടുത്തു നോക്കിയാൽ മനസ്സിലാകും. അതുകൊണ്ടുതന്നെ 'ജോസഫ്' എന്ന എം.പത്മകുമാർ സിനിമ എത്ര പേർ തിയേറ്ററിൽ നിന്നു കാണുമെന്ന് കണ്ടു തന്നെ അറിയണം. സിനിമ കാണാൻ നമുക്ക് ഒരു നാഥൻ വേണമെന്നതാണ് കീഴ്വഴക്കം. മമ്മൂട്ടിയുടെ സിനിമ, മോഹൻലാലിന്റെ സിനിമ, ദുൽഖറിന്റെ സിനിമ.. എന്നിങ്ങനെ. അതിനാൽ ഇൻഡസ്ട്രിയിലുള്ളവരും വലിയ താരങ്ങൾക്കു പിറകെ പോകും. സാറ്റലൈറ്റ് മൂല്യമുള്ള പ്രധാന നായക നടന്മാരുടെ പേരിലല്ലാതെ പുറത്തിറങ്ങി തിയേറ്ററിൽ ശ്രദ്ധിക്കപ്പെട്ട 'ഇ മ യൗ', 'സുഡാനി ഫ്രം നൈജീരിയ' പോലുള്ള സിനിമകൾ ഇതിന് അപവാദമാണ്.
     
    ഈയവസരത്തിലാണ് കൂട്ടത്തിലൊരാളായും വില്ലനായും തമാശ പറയുന്ന സഹനടനായും നിർമ്മാതാവായും രണ്ടു പതിറ്റാണ്ടോളമായി മലയാള സിനിമയിൽ സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്ന ജോജു ജോർജ് നായകനായി സാമാന്യം വലിയ പശ്ചാത്തലത്തിൽ ഒരു സിനിമയെത്തുന്നത്. മമ്മൂട്ടിയെയോ മോഹൻലാലിനെയോ ബിജു മേനോനെയോ പോലെ സീനിയറായ, മുൻനിരയിലുള്ള, വിജയ സാധ്യതയുള്ള, ഗൗരവമുള്ള വേഷങ്ങൾ ചെയ്തു ഫലിപ്പിക്കാൻ ശേഷിയുള്ള ഒരു നടൻ ചെയ്യേണ്ടിയിരുന്ന സിനിമയായിരുന്നു 'ജോസഫ്'. ഇത്തരമൊരു മാൻലി കാരക്ടറിന് സ്വാഭാവികമായും അവരെപ്പോലുള്ള ഒരാളായിരിക്കും ഫസ്റ്റ് ചോയ്സ്. ആ ചോയ്സിൽ നിന്നും സേഫ് സോണിൽ നിന്നുമുള്ള മാറ്റത്തിൽ തുടങ്ങുന്നു 'ജോസഫ്' എന്ന സിനിമയുടെ വ്യത്യസ്തതയും സവിശേഷമായ മന്നോട്ടപോക്കും.
    ഒരു ഹൈപ്പർ ക്വാളിറ്റി പോലിസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവിയൊന്നുമല്ല ജോസഫ്. പക്ഷേ അന്വേഷണത്തിലേക്കു നയിക്കുന്ന സംഭവങ്ങളും എത്തിച്ചേരുന്ന വഴികളിലുമാണ് ഈ ഇമോഷണൽ ഡ്രാമ പുതുമ തീർക്കുന്നത്. ഒരു മനുഷ്യന്റെ ജീവിതത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന സംഭവങ്ങളും, അയാൾ പോലിസുകാരനായതു കൊണ്ടു മാത്രം സാധ്യമാകുന്ന സംശയങ്ങളിലേക്കും തുടരന്വേഷണങ്ങളിലേക്കുമാണ് സിനിമയുടെ സഞ്ചാരം.
    കുറ്റാന്വേഷണത്തിൽ അതീവ മിടുക്ക് കാട്ടിയിരുന്ന ജോസഫിന്റെ ഏകാന്തത നിറഞ്ഞ റിട്ടയർഡ് ജീവിതത്തിൽ നിന്ന് തുടങ്ങുന്ന സിനിമ പിന്നീട് ക്രൈം ത്രില്ലർ ഇൻവെസ്റ്റിഗേഷൻ മോഡിലേക്ക് സ്വാഭാവികമായി പരിണമിക്കുകയാണ്. ഉറ്റവരുടെ മരണത്തിലെ അസ്വാഭാവികതകൾ തേടിച്ചെല്ലുന്ന അയാളിലേക്ക് വലിയൊരു സാമൂഹിക വിപത്തിനെക്കുറിച്ചുള്ള തെളിവുകളാണ് വന്നുചേരുന്നത്. ഇത് നിയമത്തിനു മുന്നിൽ ഹാജരാക്കുന്നതിന് ജോസഫ് സ്വീകരിക്കുകയും കടന്നുപോകുകയും ചെയ്യുന്ന വഴികളാണ് ഈ സിനിമയെ സാധാരണ കുറ്റാന്വേഷണ സിനിമകളിൽ നിന്ന് വേറിട്ടു നിർത്തുന്നത്. മുൾമുനയിൽ നിർത്തുന്ന ത്രില്ലിംഗ് മൂഡ് അല്ല, വൈകാരികതയും ബന്ധങ്ങളിലെ തീവ്രതയുമാണ് 'ജോസഫി'ന്റെ കരുത്ത്. ഈ വൈകാരിക തീവ്രത കാണിക്കാൻ പശ്ചാത്തലത്തോട് ചേർന്നു നിൽക്കുംവിധം ഉപയോഗിച്ചിരിക്കുന്ന പാട്ടുകൾ ജോസഫിന്റെ മികവാണ്. കുറ്റാന്വേഷണ സിനിമ എന്ന രീതിയിൽ ആ ഒരു ലക്ഷ്യത്തിലേക്ക് മാത്രം ക്യാമറ വയ്ക്കാതെ പ്രധാന കഥാപാത്രത്തിന്റെ ഭൂതകാലത്തിലേക്കും സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും കുടുംബ ജീവിതത്തിലേക്കുമെല്ലാം സിനിമ സഞ്ചരിക്കുന്നുണ്ട്. ഇതെല്ലാം കേന്ദ്രപ്രമേയത്തോട് ഇഴചേർന്നു നിൽക്കും വിധം തിരക്കഥയിൽ കൊണ്ടുവരാനാകുന്നു. പോലീസ് ഉദ്യോഗസ്ഥനായ ഷാഹി കബീറിന്റെതാണ് തിരക്കഥ.
      
       സംവിധായകനെയും തിരക്കഥാകൃത്തിനെയുമെല്ലാം പിറകിലേക്കു മാറ്റി ജോജു ജോർജ് എന്ന നടൻ പൂർണമായി തന്റേതാക്കി മാറ്റുകയാണ് 'ജോസഫ്' എന്ന സിനിമ. ജോജുവിലെ അസാമാന്യ അഭിനയശേഷിയുള്ള നടനെ പുറത്തു കൊണ്ടുവരികയാണ് ഈ സിനിമ. 58 വയസ്സുള്ള റിട്ടയർഡ് പൊലിസ് ഉദ്യോഗസ്ഥന്റെ മദ്യവും ബീഡിപ്പുകയും നിറഞ്ഞ ഏകാന്ത ജീവിതം, അയാളുടെ ഊർജസ്വലമായ ചെറുപ്പകാലം, കുറ്റാന്വേഷണത്തിലും തെളിവു ശേഖരണത്തിലും കാണിക്കുന്ന അനിതരസാധാരണ മികവ്, ജോസഫെന്ന കാമുകൻ, ഭർത്താവ്, അച്ഛൻ, സുഹൃത്ത് ഇങ്ങനെ പല പ്രായ, വേഷ, വികാരങ്ങളെല്ലാം ജോജുവിൽ അയത്നലളിതമാംവണ്ണം ഭദ്രമാകുന്നു. മകൾ ബ്രെയിൻ ഡെത്തായെന്ന വിവരം ഡോക്ടറിൽ നിന്ന് കേൾക്കമ്പോഴുള്ള പൊട്ടിക്കരച്ചിൽ എത്രയെളുപ്പമാണ് കാണിയുടെ നെഞ്ചിലേക്ക് തട്ടിപ്പടരുന്ന നെരിപ്പോടാക്കി മാറ്റാൻ അയാൾക്ക് സാധിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സിനിമയെ പത്മകുമാറിന്റെ, ഷാഹി കബീറിന്റെ എന്നതിനെക്കാൾ ജോജു ജോർജിന്റെ 'ജോസഫ്' എന്നു വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം.
    ചുവന്നു കലങ്ങിയ കണ്ണുകളും, വരണ്ട മുഖവും, നരകയറിയ താടിമീശയും അലസമായ മുടിയുമുള്ള ആ മനുഷ്യൻ ജലാംശമില്ലാത്ത ചുണ്ടിൽ ബീഡി തിരുകി തീപ്പെട്ടി കത്തിച്ച പുകച്ചുരുളുകളിൽ നിറയുന്ന രൂപം കാഴ്ചക്കാരനു മുന്നിൽ ഉണ്ടാക്കുന്ന സ്‌ക്രീൻ പ്രസൻസ് അപാരമാണ്. ഒരുപക്ഷേ ജോജുവിന് പകരം മറ്റേതെങ്കിലും മുതിർന്ന നടനായിരുന്നു ഈ റോൾ ചെയ്തിരുന്നതെങ്കിൽ ഇത്ര പൂർണത കൈവരുമായിരുന്നില്ല. ഇതു തന്നെയായിരിക്കും കാവ്യനീതി. അല്ലെങ്കിൽ തിരക്കഥയിൽ ഇടപെട്ട് വെട്ടിമാറ്റലുകൾക്കും കൂട്ടിച്ചേർക്കലുകൾക്കും ശേഷം പാതിവെന്ത മറ്റൊരു ജോസഫിനെയായിരിക്കും കാഴ്ചക്കാരന് കിട്ടുക.

സ്ത്രീശബ്ദം, 2018 ഡിസംബർ

No comments:

Post a Comment