കാഴ്ചവസന്തത്തിന് ഇന്ന് കൊടിയിറക്കം
ഒരാഴ്ചക്കാലം സിനിമ മാത്രം സംസാരിച്ച നഗരം ഇനി ഒരു വർഷത്തെ കാത്തിരിപ്പിലേക്കു കടക്കും. ലോകസിനിമകളെ അടുത്തറിഞ്ഞ് സിനിമയിൽ ജീവിച്ച ദിവസങ്ങൾ അയവിറക്കി ഡെലിഗേറ്റുകൾ ഇന്ന് വണ്ടികയറും. ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശീല വീഴുമ്പോൾ സിനിമ മാത്രം മുന്നിൽനിന്ന ഏഴു ദിവസങ്ങൾക്കു കൂടിയാകും വിരാമമാകുക.
നഷ്ടബോധവും വേർപാടും തളർത്തിയ ജീവിതങ്ങൾക്ക് കലയിലൂടെ അതിജീവന സന്ദേശം പകർന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 23ാം പതിപ്പ് വൈകിട്ട് നിശാഗന്ധിയിൽ നടക്കുന്ന പുരസ്‌കാരദാന ചടങ്ങോടെ കൊടിയിറങ്ങും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ആർഭാടവും പൊലിമയും കുറവായിരുന്നെങ്കിലും ലോകസിനിമയിലെ ഏറ്റവും പുതിയ മാറ്റങ്ങളും പ്രവണതകളും തിരിച്ചറിയാൻ എണ്ണായിരത്തിലേറെ ചലച്ചിത്ര പ്രേമികളാണ് നഗരത്തിലെത്തിയത്.
മികച്ച സിനിമകളുടെ മേള
ആറു ഭൂഖണ്ഡങ്ങളിലെ 72 രാജ്യങ്ങളിൽ നിന്നുള്ള 164 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. ലോകസിനിമാ വിഭാഗത്തിൽ 92 ചിത്രങ്ങളും മത്സര വിഭാഗത്തിൽ 14 ചിത്രങ്ങളും പ്രദർശിപ്പിച്ചു. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാൻ പ്രചോദനമാകുന്ന അഞ്ച് ചിത്രങ്ങളടങ്ങിയ 'ദ ഹ്യുമൻ സ്പിരിറ്റ്: ഫിലിംസ് ഓൺ ഹോപ്പ് ആൻഡ് റീബിൽഡിംഗ്' ഉൾപ്പെടെ 11 വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്.
തിരഞ്ഞെടുത്തുകാണാൻ ഒട്ടേറെ സിനിമകളുണ്ടായിരുന്ന മേളയിൽ ലോക സിനിമാവിഭാഗത്തിൽ നാദീൻ ലബാക്കിയുടെ 'കേപർനോം' ആണ് ഡെലിഗേറ്റുകളുടെ പ്രിയചിത്രമായത്. ജാപ്പനീസ് ചിത്രം 'ഷോപ്പ് ലിഫ്‌റ്റേഴ്‌സും' അലി അബ്ബാസിയുടെ സ്വീഡിഷ് ചിത്രം 'ബോർഡറും' വലിയൊരു വിഭാഗം കാണികളുടെ പ്രിയപ്പെട്ട ചിത്രമായി.
മത്സരവിഭാഗത്തിൽ കിർഗിസ്ഥാൻ ചിത്രം നൈറ്റ് ആക്‌സിഡന്റ്, ഈജിപ്ഷ്യൻ ചിത്രം പോയ്‌സണസ് റോസസ്, അർജന്റീനിയൻ ചിത്രം ദി ബെഡ്, സ്പാനിഷ് ചിത്രം എൽ ഏഞ്ചൽ, ഇറാൻ ചിത്രം ദി ഡാർക്ക് റൂം, ഭൂട്ടാൻ ചിത്രം ദി റെഡ് ഫാലസ്, കൊളംബിയൻ ചിത്രം 'ദി സൈലൻസ് എന്നിവ അഭിപ്രായത്തിൽ മുന്നിലെത്തി.
ലോകസിനിമ വിഭാഗത്തിൽ 'ദി ഹൗസ് ദാറ്റ് ജാക്ക് ബ്വിൽറ്റ്, ഡോഗ്മാൻ, ബ്ലാക്ക് ക്ലാസ്മാൻ, മിഡ്‌നൈറ്റ് റണ്ണർ, ജമ്പ്മാൻ, തുംബാദ്, വുമൺ അറ്റ് വാർ, എവരിബഡി നോസ്, ബോർഡർ, ദി ഹൗസ് ഒഫ് മൈ ഫാദേഴ്‌സ്, ഹ്യുമൻ സ്‌പേസ് ടൈം ആൻഡ് ഹ്യുമൻ, മാന്ററേ, വുമൺ അറ്റ് വാർ, സുലൈമാൻ മൗണ്ടേൻ, വൈൽഡ് പിയർ ട്രീ തുടങ്ങിയ സിനിമകളും പ്രേക്ഷകാഭിപ്രായത്തിൽ മുന്നിലെത്തി.
മത്സര വിഭാഗത്തിൽ ഉൾപ്പെടെ പ്രദർശിപ്പിച്ച മലയാള ചിത്രങ്ങൾക്ക് വൻസ്വീകാര്യതയാണ് ഇക്കുറി മേളയിൽ ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ, വിപിൻ രാധാകൃഷ്ണന്റെ ആവേ മരിയ, ബിനു ഭാസ്‌കറിന്റെ കോട്ടയം, ഉണ്ണിക്കൃഷ്ണൻ ആവളയുടെ ഉടലാഴം, ആഷിക് അബുവിന്റെ മായാനദി, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ തുടങ്ങിയ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
വെള്ളിത്തിരയിൽ കാലാതീതമായ യൗവനമുള്ള ബർഗ്മാന്റെ സിനിമകളായ സമ്മർ വിത്ത് മോണിക്ക, സമ്മർ ഇന്റർല്യൂഡ് 'ഓട്ടം സൊനാറ്റ, ക്രൈസ് ആൻഡ് വിസ്‌പേഴ്‌സ്, 'റിമംബറിംഗ് ദി മാസ്റ്റർ' വിഭാഗത്തിൽ വിഖ്യാത ചെക്ക് അമേരിക്കൻ സംവിധായകൻ മിലോസ് ഫോർമാന്റെ ചിത്രങ്ങളായ ടാലന്റ് കോംപറ്റീഷൻ, ബ്ലാക്ക് പീറ്റർ, വൺ ഫ്‌ളൂ ഓവർ ദി കുക്കൂസ് നെസ്റ്റ് എന്നിവയ്ക്കും ഏറെ കാഴ്ചക്കാരുണ്ടായിരുന്നു ഇന്ന് വിവിധ വിഭാഗങ്ങളിലായി 37 ചിത്രങ്ങളുടെ പ്രദർശനം നടക്കും.
പരാതികളും സംഘർഷങ്ങളും കുറവ്
പരാതികളും സംഘർഷങ്ങളും കുറഞ്ഞ് എല്ലാവർക്കും സിനിമ കാണാൻ അവസരം ലഭിച്ച മേളയായിരുന്നു ഇത്തവണത്തേത്. ഡെലിഗേറ്റ് പാസുകളുടെ എണ്ണം കുറഞ്ഞതോടെ എല്ലാവർക്കും സിനിമ കാണാൻ അവസരമുണ്ടായി. ഇതോടെ സീറ്റിനു വേണ്ടിയുള്ള ഇടിയും കുറഞ്ഞു. ശാന്തരായി ക്യൂ നിന്ന് തിയേറ്ററിനകത്തു കയറി സിനിമ കാണുന്ന ഡെലിഗേറ്റുകൾ എല്ലാ തിയേറ്ററിൽ നിന്നുമുള്ള കാഴ്ചയായിരുന്നു. കനകക്കുന്നിൽ ഡെലിഗേറ്റുകളും പൊലീസും തമ്മിലുണ്ടായ സംഘർഷവും ടാഗോറിൽ പ്രദർശനത്തിനിടെ പ്രൊജക്ടർ നിലച്ചതും അപ്രതീക്ഷിത ഹർത്താലുമൊഴിച്ചാൽ മേളയിൽ മറ്റു വിഷയങ്ങൾ രസം കെടുത്തിയില്ല. ഏഴു ദിവസത്തെ മേളയ്ക്കിടയിലെ രണ്ടാംശനിയും ഞായറുമാണ് ഏറ്റവുമധികം ഡെലിഗേറ്റുകൾ സിനിമ കാണാനെത്തിയത്.
സമാപന ചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനവും പുരസ്‌കാരവിതരണവും വൈകിട്ട് 6ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യാതിഥിയായിരിക്കും. മന്ത്രി എ.കെ. ബാലൻ മാദ്ധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. വി.എസ്. ശിവകുമാർ എം.എൽ.എ, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, വൈസ് ചെയർപേഴ്‌സൺ ബീനാപോൾ, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് മത്സരവിഭാഗത്തിലെ മികച്ച ചിത്രത്തിന്റെ പ്രദർശനം നടക്കും. വിവിധ വിഭാഗങ്ങളിൽ എട്ട് പുരസ്‌കാരങ്ങളാണ് നൽകുന്നത്. ഇത്തവണ ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് കെ.ആർ. മോഹനൻ എൻഡോവ്‌മെന്റും ഏർപ്പെടുത്തിയിട്ടുണ്ട്. മത്സര വിഭാഗത്തിലെ ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പെടെയുള്ളവയാണ് ഈ പുരസ്‌കാരത്തിനായി പരിഗണിക്കുക.
ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ 14 ചിത്രങ്ങളാണ് ഇത്തവണ രാജ്യാന്തര മത്സരവിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ.മ.യൗ, സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്നീ മലയാളചിത്രങ്ങളും സുവർണചകോരത്തിനായി മത്സരരംഗത്തുണ്ട്.
കേരളകൗമുദി, 2018, ഡിസംബർ 13
No comments:
Post a Comment