23-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള അവലോകനം
(വാർത്താവീക്ഷണം)
നഷ്ടബോധവും വേർപാടും തളർത്തിയ ജീവിതങ്ങൾക്ക് കലയിലൂടെ അതിജീവന സന്ദേശം പകർന്ന് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 23ാം പതിപ്പിന് തിരുവനന്തപുരത്ത് സമാപനമായി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ പൊലിമ കുറച്ചാണ് മേള നടത്തിയതെങ്കിലും ലോകസിനിമയിലെ ഏറ്റവും പുതിയ മാറ്റങ്ങളും പ്രവണതകളും തിരിച്ചറിയാൻ എണ്ണായിരത്തിലേറെ ചലച്ചിത്ര പ്രേമികളാണ് നഗരത്തിലെത്തിയത്.
പ്രളയക്കെടുതിയുടെയും പുനർനിർമ്മാണത്തിന്റെയും പശ്ചാത്തലത്തിൽ സർക്കാർ ഫണ്ടില്ലാതെ ഡെലിഗേറ്റ് ഫീസും സ്‌പോൺസർഷിപ്പും കൊണ്ടു മാത്രമായിരുന്നു ചലച്ചിത്ര അക്കാഡമി ഇത്തവണ മേള നടത്തിയത്. ആഘോഷങ്ങളും ആർഭാടങ്ങളും വേണ്ടെന്നുവച്ചെങ്കിലും തിയേറ്ററിനകത്തെ കാഴ്ചവൈവിദ്ധ്യങ്ങൾക്ക് ഇത് പരിമിതിയായില്ല. മികച്ച ഒട്ടേറെ ചിത്രങ്ങളുടെ പ്രദർശനം കൊണ്ടാണ് മേള ശ്രദ്ധേയമായത്.
പ്രളയം കവർന്നെടുത്ത നാടിന്റെ വേദനയോട് ചേർന്നു നിന്ന് പുനർനിർമ്മാണത്തിന്റെ ഓർമ്മപ്പെടുത്തലുമായുള്ള
സിഗ്‌നേച്ചർ ഫിലിമോടെയാണ് ഡിസംബർ ഏഴിന് മേളയുടെ ആദ്യപ്രദർശനത്തിന് സ്‌ക്രീനിൽ നിറങ്ങൾ തെളിഞ്ഞത്. മനോബലത്തിന്റെയും ഒരുമയുടെയും പിൻബലത്തിൽ മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിനുള്ള ആദരവായിരുന്നു മേളയുടെ സിഗ്‌നേച്ചർ ഫിലിം. പരസ്പരം കൈകൾ കോർത്ത് മഹാപ്രളയത്തെ അതിജീവിച്ച അതേ ഒരുമയോടെ ഇനി പുനർനിർമ്മാണത്തിനായി കൈ കോർക്കാം എന്ന് ഓർമ്മപ്പെടുത്തിയ സിഗ്‌നേച്ചർ ഫിലിം നിറഞ്ഞ കരഘോഷത്തോടെയാണ് ഡെലിഗേറ്റുകൾ ഏറ്റെടുത്തത്.
ഡിസംബർ 13 വരെ നഗരങ്ങളിലെ 13 തിയേറ്ററുകളിലായിട്ടായിരുന്നു മേള. സർക്കാർ തിയേറ്ററുകൾക്കു പുറമെ സ്വകാര്യ തിയേറ്ററുകൾ പകുതി വാടക മാത്രം ഈടാക്കിയായിരുന്നു ഇത്തവണ മേളയ്ക്ക് വിട്ടുകൊടുത്തത്.
മികച്ച സിനിമകളുടെ മേള
ആറു ഭൂഖണ്ഡങ്ങളിലെ 72 രാജ്യങ്ങളിൽ നിന്നുള്ള 163 ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്. ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ 'എവരിബഡി നോസ്' ആയിരുന്നു ഉദ്ഘാടന ചിത്രം. കാൻ മേളയുടെ ഉദ്ഘാടന ചിത്രമായിരുന്ന എവരിബഡി നോസിന്റെ ആദ്യ ഇന്ത്യൻ പ്രദർശനമായിരുന്നു ഇത്.
ലോകസിനിമാ വിഭാഗത്തിൽ 92 ചിത്രങ്ങളും മത്സര വിഭാഗത്തിൽ ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക വൻകരകളിൽ നിന്നായി 14 ചിത്രങ്ങളും പ്രദർശിപ്പിച്ചു. ഈ.മ.യൗ, സുഡാനി ഫ്രം നൈജീരിയ' എന്നീ ചിത്രങ്ങളാണ് മലയാളത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനുണ്ടായിരുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാൻ പ്രചോദനമാകുന്ന അഞ്ച് ചിത്രങ്ങളടങ്ങിയ 'ദ ഹ്യുമൻ സ്പിരിറ്റ്: ഫിലിംസ് ഓൺ ഹോപ്പ് ആന്റ് റീബിൽഡിംഗ്' ഉൾപ്പെടെ 11 വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്.
തിരഞ്ഞെടുത്തു കാണാൻ ഒട്ടേറെ സിനിമകളുണ്ടായിരുന്ന മേളയിൽ ലോക സിനിമാവിഭാഗത്തിൽ പ്രദർശിപ്പിച്ച നാദീൻ ലബാക്കിയുടെ ലെബനീസ് ചിത്രം 'കേപർനോം' ആണ് കാണികളുടെ പ്രിയ ചിത്രമായത്. ലോകസിനിമാ വിഭാഗത്തിൽ ആയിരുന്നു കാപർനോമിന്റെ പ്രദർശനം. ആകെയുണ്ടായിരുന്ന മൂന്നു പ്രദർശനത്തിനു ശേഷവും ഡെലിഗേറ്റുകളുടെ ആവശ്യപ്രകാരം മേളയിലെ ഏറ്റവും വലിയ തിയേറ്ററായ നിശാഗന്ധിയിൽ പ്രത്യേക പ്രദർശനമൊരുക്കിയത് 'കാപർനോമി'ന്റെ മികവിന് തെളിവായി. ജാപ്പനീസ് ചിത്രം 'ഷോപ്പ് ലിേ്രഫ്രഴ്‌സും' അലി അബ്ബാസിയുടെ സ്വീഡിഷ് ചിത്രം 'ബോർഡറു'മാണ് മേളയിൽ കാപർനോമിനെ പോലെ വലിയൊരു വിഭാഗം കാണികളുടെയും പ്രീതി നേടിയെടുത്ത മറ്റു ചിത്രങ്ങൾ.
ഐ.എഫ്.എഫ്.കെ പ്രേക്ഷകരുടെ ഇഷ്ട പാക്കേജുകളായ ഇറാൻ സിനിമകളും കിം കി ഡുക്കിന്റെ സിനിമയും ഇത്തവണയും മേളയെ ആകർഷകമാക്കി. കാൻ മേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടിയ ജാഫർ പനാഹിയുടെ ത്രീ ഫേസസും ബെർലിൻ മേളയിൽ പ്രത്യേക ജൂറി പരാമർശം നേടിയ ഡ്രസേജ് എന്ന ചിത്രവും ഇറാൻ ചിത്രങ്ങളിലെ ആകർഷണമായി മേളയിലുണ്ടായിരുന്നു. റോഹോല്ലാ ഹെഹാസി സംവിധാനം ചെയ്ത ഡാർക്ക് റൂം, മുസ്തഫ സെറിയുടെ ദ ഗ്രേവ്‌ലെസ്, ബെഹ്മാൻ ഫർമനാരയുടെ ടെയ്ൽ ഓഫ് ദ സീ എന്നിവയാണ് മേളയിൽ പ്രദർശിപ്പിച്ച മറ്റ് ഇറാനിയൻ ചിത്രങ്ങൾ.
ഇറാനു പുറമെ തുർക്കി,പാലസ്തീൻ, ഈജിപ്ത്, കിർഗിസ്ഥാൻ തുടങ്ങി മദ്ധ്യ,പൂർവ്വേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള സിനിമകളും പതിവു പോലെ പ്രേക്ഷകപ്രീതി നേടി. കിർഗിസ്ഥാൻ ചിത്രങ്ങളായ സുലൈമാൻ മൗണ്ടെൻ,നൈറ്റ് ആക്‌സിഡന്റ്, തുർക്കിയിൽ നിന്നുള്ള ഡെ്ര്രബ്, അനൗൺസ്‌മെന്റ്, പാലസ്തീൻ ചിത്രം സ്‌ക്രൂ ഡ്രൈവർ തുടങ്ങിയ മദ്ധ്യ,പൂർവ്വേഷ്യൻ ചിത്രങ്ങൾ സജീവ ചർച്ചയായി.
മനുഷ്യനിലെ മൃഗീയതയും അതിന്റെ ഭാവിയും വിഷയമാകുന്ന കിം കി ഡുക്ക് ചിത്രം 'ഹ്യൂമൻ, സ്‌പേസ്, ടൈം ആൻഡ് ഹ്യൂമൻ' ആണ് ആളെക്കൂട്ടിയ മറ്റൊരു സിനിമ. ലോകസിനിമാ വിഭാഗത്തിലാണ് ഡുക്ക് സംവിധാനം ചെയ്ത 23ാമത് ചിത്രമായ 'ഹ്യൂമൻ, സ്‌പേസ്, ടൈം ആന്റ് ഹ്യൂമൻ' പ്രദർശിപ്പിച്ചത്. മോബിയസ്, പിയാത്തെ തുടങ്ങിയ ഡുക് ചിത്രങ്ങളുടെ രൂപപരമായ തുടർച്ചയായ ചിത്രം സമ്മിശ്ര പ്രതികരണങ്ങളോടെയാണ് കാണികൾ സ്വീകരിച്ചത്.
2009ലെ മേളയിൽ ലൈംഗികതയുടെയും ഹിംസയുടെയും അതിഭീതിദമായ ആവിഷ്‌കാരം കൊണ്ട് ശ്രദ്ധയും വിമർശനവും നേടിയ 'ആന്റിക്രൈസ്റ്റ്' എന്ന ചിത്രത്തിനു ശേഷം ഡാനിഷ് സംവിധായകൻ ലാർസ് വോൺട്രയരുടെ പേര് ഈ മേളയിൽ വീണ്ടും സജീവചർച്ചയായതും ശ്രദ്ധേയമായി. വോൺട്രയറുടെ പുതിയ ചിത്രമായ 'ദി ഹൗസ് ദാറ്റ് ജാക്ക് ബ്വിൽറ്റ്' ഒരു ദശാബ്ദം മുമ്പ് ആന്റിക്രൈസ്റ്റ് ഉണ്ടാക്കിയ അതേ ഭീതിദാനുഭവമാണ് കാണികളിലുണ്ടാക്കിയത്. കാൻ മേളയിലും ഗോവയിലും അംഗീകാരങ്ങൾക്കൊപ്പം വിവാദവുമുണ്ടാക്കിയ ചിത്രം ഐ.എഫ്.എഫ്.കെയിലും അതേ അനുഭവമാണ് ഉണ്ടാക്കിയത്. ആഖ്യാനത്തിലെ മികവും പരീക്ഷണവും കൊണ്ട് കൈയടി നേടുമ്പോഴും അമിതമായ വയലൻസ് കാണികളെ പരീക്ഷിച്ചു. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലണ്ടനിൽ ജീവിച്ചിരുന്ന കുപ്രസിദ്ധ സീരിയൽ കില്ലറായ റിപ്പർ ജാക്കിന്റെ ജീവിതമാണ് 'ദി ഹൗസ് ദാറ്റ് ജാക്ക് ബ്വിൽറ്റി'ൽ വോൺട്രയർ ആവിഷ്‌കരിച്ചിരിക്കുന്നത്.
ലോകസിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ഡോഗ് മാൻ, ബ്ലാക്ക് ക്ലാസ്മാൻ, മിഡ്‌നൈറ്റ് റണ്ണർ, ജമ്പ്മാൻ, തുംബാദ്, വുമൺ അറ്റ് വാർ, എവരിബഡി നോസ്, ദി ഹൗസ് ഒഫ് മൈ ഫാദേഴ്‌സ്, മാന്ററേ, വുമൺ അറ്റ് വാർ, വൈൽഡ് പിയർ ട്രീ തുടങ്ങിയ സിനിമകളും പ്രേക്ഷകരെ ആകർഷിച്ചു.
മത്സരവിഭാഗത്തിൽ കിർഗിസ്ഥാൻ ചിത്രം നൈറ്റ് ആക്‌സിഡന്റ്, ഈജിപ്ഷ്യൻ ചിത്രം പോയ്‌സണസ് റോസസ്, അർജന്റീനിയൻ ചിത്രം ദി ബെഡ്, സ്പാനിഷ് ചിത്രം എൽ ഏഞ്ചൽ, ഇറാൻ ചിത്രം ദി ഡാർക്ക് റൂം, ഭൂട്ടാൻ ചിത്രം ദി റെഡ് ഫാലസ്, കൊളംബിയൻ ചിത്രം 'ദി സൈലൻസ്, ഇന്ത്യൻ ചിത്രം 'ടേക്കിംഗ് ദ ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ്' എന്നിവയാണ് കൈയടി നേടിയത്.
മത്സര വിഭാഗത്തിൽ ഉൾപ്പെടെ പ്രദർശിപ്പിച്ച മലയാള ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ഇക്കുറി മേളയിൽ ലഭിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, വിപിൻ രാധാകൃഷ്ണന്റെ ആവേ മരിയ, ബിനു ഭാസ്‌കറിന്റെ കോട്ടയം, ഉണ്ണിക്കൃഷ്ണൻ ആവളയുടെ ഉടലാഴം, ഗൗതം സൂര്യ,സുദീപ് ഇളമൺ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സ്ലീപ്ലെസ്ലി യുവേഴ്‌സ തുടങ്ങിയ ചിത്രങ്ങളാണ് മലയാളത്തിന്റെ അഭിമാനമായത്.
വെള്ളിത്തിരയിൽ കാലാതീതമായ യൗവനമുള്ള ബർഗ്മാന്റെ സിനിമകളായ സമ്മർ വിത്ത് മോണിക്ക, സമ്മർ ഇന്റർല്യൂഡ്, ഓട്ടം സൊനാറ്റ, ക്രൈസ് ആൻഡ് വിസ്‌പേഴ്‌സ്, 'റിമംബറിംഗ് ദി മാസ്റ്റർ' വിഭാഗത്തിൽ വിഖ്യാത ചെക്ക് അമേരിക്കൻ സംവിധായകൻ മിലോസ് ഫോർമാന്റെ ചിത്രങ്ങളായ ടാലന്റ് കോംപറ്റീഷൻ, ബ്ലാക്ക് പീറ്റർ, വൺ ഫ്‌ളൂ ഓവർ ദി കുക്കൂസ് നെസ്റ്റ് എന്നിവയ്ക്കും ഏറെ കാഴ്ചക്കാരുണ്ടായിരുന്നു.
പരാതികളും സംഘർഷങ്ങളുമില്ല
പരാതികളും സംഘർഷങ്ങളും കുറഞ്ഞ് എല്ലാവർക്കും സിനിമ കാണാൻ അവസരം ലഭിച്ച മേളയായിരുന്നു ഇത്തവണത്തേത്. ഡെലിഗേറ്റ് പാസുകളുടെ എണ്ണം കുറഞ്ഞതോടെ എല്ലാവർക്കും സിനിമ കാണാൻ അവസരമുണ്ടായി. ഇതോടെ സീറ്റിനു വേണ്ടിയുള്ള ഇടിയും കുറഞ്ഞു. ശാന്തരായി ക്യൂ നിന്ന് തിയേറ്ററിനകത്തു കയറി സിനിമ കാണുന്ന ഡെലിഗേറ്റുകൾ എല്ലാ തിയേറ്ററിൽ നിന്നുമുള്ള കാഴ്ചയായിരുന്നു. കനകക്കുന്നിൽ മജീദ് മജീദിയുടെ മുഹമ്മദ് ദി മെസഞ്ചർ ഓഫ് ഗോഡ് എന്ന സിനിമയുടെ പ്രദർശനം കേന്ദ്ര സെൻസർ ബോർഡിന്റെ അനുമതി ലഭിക്കാത്തതതിനാൽ പ്രദർശിപ്പിക്കാൻ സാധിക്കില്ലെന്ന അറിയിപ്പ് വന്നതിനെ തുടർന്ന് ഡെലിഗേറ്റുകളെ തിയേറ്ററിൽ നിന്ന് ഒഴിപ്പിക്കുന്നതിനെച്ചൊല്ലിയുണ്ടായ ചെറിയ സംഘർഷവും ടാഗോറിൽ പ്രദർശനത്തിനിടെ പ്രൊജക്ടർ നിലച്ചതും മേളയ്ക്കിടയിലെ അപ്രതീക്ഷിത ഹർത്താലുമൊഴിച്ചാൽ മറ്റു വിഷയങ്ങൾ മേളയുടെ രസം കെടുത്തിയില്ല. ഏഴു ദിവസത്തെ മേളയ്ക്കിടയിലെ രണ്ടാംശനിയും ഞായറുമാണ് ഏറ്റവുമധികം ഡെലിഗേറ്റുകൾ സിനിമ കാണാനെത്തിയത്.
സൗഹൃദവും സംഗീതവും
സിനിമയ്‌ക്കൊപ്പം സൗഹൃദത്തിന്റെ ഒത്തുചേരലിനും ഈടുവയ്പിനും സാക്ഷിയാണ് ഓരോ ചലച്ചിത്രമേളയും. ചലച്ചിത്ര മേളയിൽ ഉണ്ടായ പരിചയങ്ങൾ, ഓരോ വർഷവും മേളയിൽ മാത്രം കണ്ടു സംസാരിച്ച് പിരിയുന്ന സൗഹൃദങ്ങൾ, മേളയിൽ പുതുക്കുന്ന പരിചയങ്ങൾ തുടങ്ങി തിയേറ്ററിനു പുറത്തെ മേളക്കാഴ്ചയ്ക്ക് പറയാൻ ഏറെ സൗഹൃദങ്ങളുടെ കഥയുണ്ട്. 23 വർഷമായി മേളയിൽ വരുന്നവരുണ്ട്. പത്തും പതിനഞ്ചും കൊല്ലമായി വരുന്നവർ, അടുത്ത കാലത്ത് വന്നുതുടങ്ങിയവർ, ആദ്യമായി വരുന്നവർ, സെലിബ്രിറ്റികൾ, പതിവായി എത്തുന്ന വിദേശ പ്രതിനിധികൾ അങ്ങനെ മേളപ്പറമ്പിലെ കാഴ്ചകൾ പല വിധമാണ്.
മുമ്പ് കൈരളി തിയേറ്ററിലാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ സൗഹൃദക്കൂട്ടങ്ങൾ സജീവമായിരുന്നതെങ്കിൽ ഇപ്പോഴത് ടാഗോർ മുറ്റത്താണ്. ടാഗോർ മുറ്റത്തെ പ്രധാന കാഴ്ചയും ഈ സൗഹൃദ കൂട്ടായ്മകൾ തന്നെയായിരുന്നു. പ്രതിനിധികളുടെ തിരക്കിനുപുറമെ മേളയുടെ ഓപ്പൺ ഫോറം, ഡെലിഗേറ്റ് സെൽ, ഫെസ്റ്റിവൽ ഓഫീസ്, മീഡിയ സെൽ, വിവിധ പവലിയനുകൾ തുടങ്ങിയവയെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത് ടാഗോറിലാണ്.
മേളയുടെ ഭാഗമായി ടാഗോർ തിയേറ്റർ അങ്കണത്തിൽ എല്ലാ ദിവസവും വൈകിട്ട് സായാഹ്നങ്ങളെ സംഗീത സാന്ദ്രമാക്കി വിവിധ ബാൻഡുകളുടെ പ്രകടനവും അരങ്ങേറി. അകാലത്തിൽ പൊലിഞ്ഞ വയലിൻ മാന്ത്രികൻ ബാലഭാസ്‌കറിന്റെ ദ ബിഗ് ബാൻഡ് ഉൾപ്പെടെ അഞ്ചു ബാൻഡുകളാണ് സംഗീതനിശയിൽ പങ്കുചേർന്നത്.
സുവർണചകോരം ഡാർക്ക് റൂമിന്
കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണചകോരം ഇത്തവണ റൗഹള്ള ഹെജാസിയുടെ ഇറാനിയൻ സിനിമ 'ദി ഡാർക്ക് റൂം' കരസ്ഥമാക്കി. 15 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മലയാളം ചിത്രം ഈ.മ.യൗവിലൂടെ മികച്ച സംവിധായകനുള്ള രജതചകോരത്തിന് ലിജോ ജോസ് പെല്ലിശ്ശേരി അർഹനായി. അഞ്ച് ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും ഈ.മ.യൗ നേടി.
കന്നി സംവിധാനത്തിനുള്ള രജതചകോരം ടേക്കിംഗ് ദി ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ് എന്ന ചിത്രത്തിലൂടെ ഹിന്ദി സംവിധായിക അനാമിക ഹസ്‌കർ നേടി. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സൗമ്യാനന്ദ് സാഹി ജൂറിയുടെ പ്രത്യേക പരാമർശം നേടി. ബിയാട്രിസ് സഗ്‌നറുടെ ദി സൈലൻസ് എന്ന ചിത്രവും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.
ഇന്ത്യയിലെ മികച്ച നവാഗത ചിത്രത്തിനുള്ള ആദ്യ കെ.ആർ.മോഹനൻ എൻഡോവ്‌മെന്റ് അമിതാഭ് ചാറ്റർജി സംവിധാനം ചെയ്ത മനോഹർ ആൻഡ് ഐ കരസ്ഥമാക്കി. വിനു കോലിച്ചാൽ സംവിധാനം ചെയ്ത 'ബിലാത്തിക്കുഴൽ' ഈ വിഭാഗത്തിൽ പ്രത്യേക പരാമർശത്തിന് അർഹമായി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സക്കറിയ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ'ക്കായിരുന്നു. വിവിധ വിഭാഗങ്ങളിലെ പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ. ബാലൻ, വി.എസ് സുനിൽകുമാർ എന്നിവർ സമ്മാനിച്ചു.
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് ചലച്ചിത്രമേളയിലെ കൂട്ടായ്മ പ്രചോദനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.പ്രളയകാലത്തെപ്പോലെ ചലച്ചിത്രമേളയുടെ നടത്തിപ്പിന്റെ വിവിധ മേഖലകളിൽ സജീവമായ സന്നദ്ധപ്രവർത്തനം നടത്താൻ യുവാക്കൾ തയ്യാറായി. ഹർത്താൽ ദിനത്തിൽ സൗജന്യഭക്ഷണം നൽകാനും യുവാക്കളുടെ കൂട്ടായ്മയ്ക്ക് സാധിച്ചു. ഈ യുവതലമുറയിലാണ് പ്രളയാനന്തര കേരളത്തിന്റെ പ്രതീക്ഷ. നമ്മെ ചൂഴ്ന്നുകൊണ്ടിരിക്കുന്ന ഇരുട്ടിൽനിന്നും വെളിച്ചത്തിലേക്ക് കടക്കാൻ കരുത്തുപകരുന്നതാണ് ഈ കാഴ്ചകൾ. അതുകൊണ്ടുതന്നെ ഇത്തരം മേളകൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നവകേരള സൃഷ്ടിക്ക് കരുത്തുപകരുന്നതായിരുന്നു ഇത്തവണത്തെ രാജ്യാന്തര ചലച്ചിത്ര മേളയെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ആഘോഷങ്ങൾ സംഘടിപ്പിച്ച് ആശ്വാസം പകരുകയും അതിലൂടെ അതിജീവനത്തിന്റെ സന്ദേശം നൽകുകയുമാണ് ദുരന്തങ്ങൾ ഉണ്ടായ രാജ്യങ്ങൾ ചെയ്തത്. ആ മാതൃകയാണ് കേരളം പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മേളയുടെ നടത്തിപ്പ് ലളിതമായിട്ടായിരുന്നെങ്കിലും സിനിമകളുടെയോ തിയേറ്ററുകളുടെയോ ഗുണനിലവാരത്തിൽ യാതൊരും വിട്ടുവീഴ്ചയും വരുത്തിയില്ലെന്നും ഇതായിരുന്നു മേളയുടെ വിജയത്തിന് കാരണമായതെന്നും ചലച്ചിത്ര അക്കാഡമി ചെയർമാൻ കമലിന്റെ വാക്കുകൾ.
വാർത്താവീക്ഷണം, ആകാശവാണി, 2018 ഡിസംബർ 19
No comments:
Post a Comment