Sunday, 13 January 2019


അശാന്തിയുടെ ദ്വീപിൽനിന്ന് അശോകയും അഹല്യയും


ഇരുപത്തിയാറു വർഷത്തെ ആഭ്യന്തര സംഘർഷത്തിനൊടുവിൽ സൈന്യത്തിന്റെ കാടടച്ചുള്ള തെരച്ചിലിനൊടുവിൽ 2009ൽ തമിഴ് പുലികളുടെ തലവൻ വേലുപ്പിള്ള പ്രഭാകരനെ കണ്ടെത്തി വധിച്ചു. പതിറ്റാണ്ടിനു ശേഷവും ലങ്കയിലെ സ്ഥിതി ഇനിയും അത്രകണ്ട് മാറിയിട്ടില്ല. ന്യൂനപക്ഷം നേരിടുന്ന ആക്രമണങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും ദ്വീപിൽ ഇന്നും അശാന്തി പുകഞ്ഞുകൊണ്ടിരിക്കുന്നു. ലങ്കയിലെ വടക്കൻ പ്രവിശ്യയിലെ ഒഴിയാത്ത സംഘർഷങ്ങളിൽ പലതവണ പതിഞ്ഞ മോഷൻ കാമറാക്കണ്ണ് ഒരിക്കൽക്കൂടി തമിഴ്‌സിംഹള അതിർത്തി ഗ്രാമത്തിലേക്ക് കാണികളെ കൊണ്ടുപോകുകയാണ്. സുബ ശിവകുമാരൻ രചനയും സംവിധാനവുമൊരുക്കിയ ശ്രീലങ്കൻ ചിത്രം 'മൗനകാണ്ഡ'(ഹൗസ് ഒഫ് മൈ ഫാദേഴ്‌സ്)ത്തിന് പതിറ്റാണ്ടുകളായി യുദ്ധത്തിലുള്ള സിംഹള, തമിഴ് അതിർത്തി ഗ്രാമമാണ് പശ്ചാത്തലമാകുന്നത്. ശ്രീലങ്കൻ ആഭ്യന്തര കലാപവും പലായനവും നേരത്തേ ശ്രദ്ധേയമായി കൈകാര്യം ചെയ്തിട്ടുള്ള മണിരത്‌നത്തിന്റെ 'കന്നത്തിൽ മുത്തമിട്ടാൽ', ജാക്വിസ് ആഡിയാർഡിന്റെ 'ദീപൻ' അടക്കമുള്ള സിനിമകളിലേതുപോലെ തീവ്രമായ ആവിഷ്‌കാരമല്ല 'മൗനകാണ്ഡ'ത്തിൽ. റിയാലിറ്റിയും ഫാന്റസിയും ചേർന്നുള്ള അവതരണ ശൈലിയാണ് തമിഴും സിംഹളയും സംസാരിക്കുന്ന ഈ ചിത്രത്തെ വേറിട്ടു നിറുത്തുന്നത്.
    പരസ്പര ശത്രുതയിലുള്ള രണ്ടു ഗ്രാമങ്ങളിലും വന്ധ്യത ബാധിക്കുമ്പോൾ അവർക്ക് ദൈവത്തിൽ നിന്ന് ഒരു സന്ദേശം ലഭിക്കുന്നു. അത് പ്രകാരം സിംഹള ഗ്രാമത്തിൽ നിന്നുള്ള അശോകയെന്ന പുരുഷനെയും തമിഴ് ഗ്രാമത്തിൽ നിന്ന് അഹല്യയെന്ന സ്ത്രീയെയും ഒറ്റപ്പെട്ട സ്ഥലത്തേക്ക് പറഞ്ഞയയ്ക്കുന്നു. അവരിൽ ഒരാൾ മാത്രമേ അവശേഷിക്കുകയുള്ളൂ. മരണത്തിന്റെ കാടുകളിൽ അശോകയും അഹല്യയും അവരുടെ ഗ്രാമങ്ങളിലെ രഹസ്യങ്ങൾ സൂക്ഷിക്കാൻ ബാദ്ധ്യതയുള്ളവരായി ജീവിക്കുന്നതാണ് ചിത്രത്തിന്റെ കേന്ദ്രപ്രമേയം.
    ബോംബും തോക്കും നിരന്തരം അസ്വസ്ഥമാക്കുന്ന കലാപബാധിത ദേശത്തെ മനുഷ്യരുടെ ജീവിതവും പലായനവും കുടിയേറ്റവും സമാന്തരമായി കടന്നുവരുന്നു. കലാപം അവിടത്തെ മനുഷ്യരിൽ ആഴത്തിൽ ഏല്പിച്ച മുറിവുകൾ അവരുടെ ഉറക്കത്തിലും ഉണർച്ചയിലും ഒരുപോലെ കടന്നുവരുന്നുണ്ട്. ഗ്രാമത്തിലെ തലമുറകളും അശോകയ്ക്കും അഹല്യയ്ക്കും ജനിക്കുന്ന കുഞ്ഞു പോലും സംഘർഷത്തിന്റെ ഭാഗമാകുന്ന ചിന്തകൾ കാണികളിൽ അവശേഷിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്.

കേരളകൗമുദി, 2018 ഡിസംബർ 8

No comments:

Post a Comment